പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ഹോംഗ്‌കോംഗും തമ്മിലുള്ള ഇരട്ടനികുതി ഒഴിവാക്കുന്നതിനുള്ള കരാര്‍ ഒപ്പുവയ്ക്കുന്നതിന് അംഗീകാരം

ഇരട്ട നികുതി ഒഴിവാക്കാനും വരുമാനത്തിലുള്ള നികുതി വെട്ടിപ്പ് ഇല്ലാതാക്കാനും ഇന്ത്യയും ചൈനയുടെ പ്രത്യേക ഭരണമേഖലയായ ഹോംഗ് കോംഗും തമ്മില്‍ ഒരു കരാറില്‍ ഏര്‍പ്പെടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഈ കരാര്‍ നിക്ഷേപങ്ങള്‍, സാങ്കേതികവിദ്യ, വ്യക്തികള്‍ എന്നിവയുടെ ഒഴുക്ക് ഇന്ത്യയില്‍ നിന്ന് ചൈനയുടെ പ്രത്യേക ഭരണമേഖലയായ ഹോംഗ്‌കോംഗിലേക്കും മറിച്ചും ഉണ്ടാക്കും. ഇത് ഇരട്ടനികുതി തടയുകയും ബന്ധപ്പെടുന്ന രണ്ടു കക്ഷികളും തമ്മിലുള്ള വിവരങ്ങള്‍ പങ്കുവയ്പ്പ് സാദ്ധ്യമാക്കുകയും ചെയ്യും. ഇത് നികുതി കാര്യങ്ങളിലെ സുതാര്യത വര്‍ദ്ധിപ്പിക്കും നികുതിവെട്ടിപ്പും ഒഴിവാക്കലും നിയന്ത്രിക്കുകയും ചെയ്യും.

പശ്ചാത്തലം

ആദായനികുതി നിയമം 90-ാം വകുപ്പ് വരുമാനത്തിലെ ഇരട്ടനികുതി ഒഴിവാക്കുന്നതിനായി ഒരു വിദേശരാജ്യവുമായോ,ഒരു പ്രത്യേക മേഖലയുമായോ കരാറില്‍ ഏര്‍പ്പെടാന്‍ കേന്ദ്ര ഗവണ്‍മെന്റിനെ അധികാരപ്പെടുത്തുന്നുണ്ട്. അതുപോലെ 1961ലെ ആദായനികുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചുമത്താവുന്ന ആദായ നികുതിയില്‍ വെട്ടിപ്പോ ഒഴിവാക്കലോ നടത്തുന്നതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും അധികാരമുണ്ട്.. ഈ രീതിയില്‍ ഇന്ത്യ മറ്റു രാജ്യങ്ങളുമായി ഏര്‍പ്പെട്ട കരാറിന്റെ അതേരീതിയിലുള്ളതാണ് ഈ കരാറും.