പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട എം. വെങ്കയ്യാനായിഡുവിനെ സ്വാഗതം ചെയ്തുകൊണ്ട് രാജ്യസഭയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ബഹുമാനപ്പെട്ട അദ്ധ്യക്ഷന്‍, ഈ സഭയുടെയും രാജ്യത്തെ ജനങ്ങളുടെയും ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

ഇന്ന് ഓഗസ്റ്റ് 11 ഈ ദിനം ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. 18 വയസുമാത്രമുള്ള യുവാവായ ഖുദിറാം ബോസിനെ തൂക്കുമേടയിലേക്ക് അയച്ചത് ഈ ദിവസമാണ്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളെും അതിന് അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങള്‍ക്കുമൊപ്പം രാജ്യത്തോടുള്ള നമ്മുടെ ഉത്തരവാദിത്വങ്ങളേയും കുറിച്ച് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ നമ്മുടെ ഉപരാഷ്ട്രപതിയാണ് ബഹുമാന്യനായ വെങ്കയ്യാ നായിഡു. ഈ അന്തരീക്ഷവുമായി ഏറെക്കാലം ബന്ധപ്പെട്ടിട്ടുള്ളതും ഈ സഭയുടെ ശീലങ്ങള്‍ കൃത്യമായി അറിയാവുന്നതുമായ ഏക ഉപരാഷ്ട്രപതി അദ്ദേഹമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഈ സഭയുടെ നടപടികളെക്കുറിച്ചും ഇവിടുത്തെ അംഗങ്ങളുമായും കമ്മിറ്റികളുമുള്‍പ്പെടെ സര്‍വതുമായും നല്ലതുപോലെ പരിചിതനായ ഒരു ഉപരാഷ്ട്രപതിയെയാണ് രാജ്യത്തിന് ലഭിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ പൊതുജീവിതം ആരംഭിക്കുന്നത് ജെ.പി പ്രസ്ഥാനത്തിലൂടെയാണ്. ഇദ്ദേഹം വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തിലായിരുന്നു സത്ഭരണത്തിനായി ജയപ്രകാശ് നാരായണ്‍ന്റെ നേതൃത്വത്തില്‍ ദേശവ്യാപകമായ പ്രക്ഷോഭം നടന്നത്. അന്ന് ആന്ധ്രാപ്രദേശിലെ ഒരു വിദ്യാര്‍ത്ഥി നേതാവെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനശേഷി അദ്ദേഹം തെളിയിച്ചതാണ്. ലോക്‌സഭയിലായിക്കോട്ടെ, രാജ്യസഭയിലായിക്കോട്ടെ അല്ലെങ്കില്‍ തന്റെ വിശാലമായ മറ്റ് പ്രവര്‍ത്തനമേഖലകളിലായിക്കോട്ടെ അന്നുമുതല്‍ അദ്ദേഹം തന്റെ വ്യക്തിത്വം വികസിപ്പിച്ചുതുടങ്ങി. ഇന്ന് നാമെല്ലാം ചേര്‍ന്ന് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും ഈ സ്ഥാനം കൈമാറുകയും ചെയ്തു.

ഒരു കര്‍ഷകന്റെ മകനാണ് വെങ്കയ്യാജി. അദ്ദേഹത്തോടൊപ്പം വര്‍ഷങ്ങളോളം ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഗ്രാമങ്ങളുടേയോ പാവപ്പെട്ടവരുടെയോ കര്‍ഷകരുടെയോ പ്രശ്‌നങ്ങള്‍ വ്യക്തമായി പഠിച്ച് അദ്ദേഹം തന്റേതായ സംഭാവനകള്‍ എല്ലായ്‌പ്പോഴും അദ്ദേഹം നല്‍കാറുണ്ട്. ഈ മന്ത്രിസഭയിലെ നഗരവികസനകാര്യ മന്ത്രികൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ മന്ത്രിസഭായോഗത്തിലെ ചര്‍ച്ചകളില്‍ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് എപ്പോഴും കര്‍ഷകരെയും ഗ്രാമീണമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചിരുന്നതെന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. തന്റെ കുട്ടിക്കാലവും കുടുംബപശ്ചാത്തലവും ഗ്രാമങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ടാകാം ഈ വിഷയങ്ങള്‍ അദ്ദേഹത്തിന് ഏറ്റവും ഹൃദ്യമായി മാറിയത്.

ഉപരാഷ്ട്രപതി പദവി ഏറ്റെടുത്ത വെങ്കയ്യാജിയെ ലോകമാകമാനം പരിചയപ്പെടുത്തുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണ്. രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുന്ന മറ്റ് നിരവധി കര്‍ത്തവ്യങ്ങളും നമുക്ക് മുന്നിലുണ്ട്. ഇന്ത്യയുടെ ജനാധിപത്യം വളരെ പാകമായതാണ്. നമ്മുടെ ഭരണഘടന വളരെ ശക്തവുമാണ്. ഇന്ന് നമ്മുടെ രാജ്യത്ത് ഭരണഘടനാ പദവികള്‍ വഹിക്കുന്നവരെല്ലാം വലിയ സമ്പന്നകുടുംബങ്ങളില്‍ വന്നവരല്ല, ഗ്രാമങ്ങളില്‍ ജനിച്ച് ദാരിദ്ര്യമനുഭവിക്കുന്ന കുടുംബ പശ്ചാത്തലത്തില്‍ നിന്നും വന്നവരാണ് അവരെല്ലാം. അതിന് സാധിച്ചത് മഹാന്മാരായ നമ്മുടെ നേതാക്കള്‍ നമ്മുക്ക് ദാനം ചെയ്ത ഭരണഘടനയുടെ പ്രത്യേകത കൊണ്ടുകൂടിയാണ്. താണ പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ ആദ്യമായി ഉയര്‍ന്ന പദവികളിലേക്ക് എത്തുന്നത് നമ്മുടെ ഭരണഘടനയുടെ കുലിനതയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പക്വതയും അിഭമാനവുമാണ് പ്രകടമാക്കുന്നത്. ഇത് രാജ്യത്തെ 125 കോടി ജനങ്ങളുടേയും അഭിമാനമാണ്. ഇതിലൂടെ നമ്മുടെ പൂര്‍വപിതാക്കള്‍ നമുക്ക് നല്‍കിയ പാരമ്പര്യത്തെ എനിക്ക് വ്യക്തമായി കാണാന്‍ കഴിയും. ഒരിക്കല്‍ കൂടി ആ ഭരണഘടനാ കര്‍ത്താക്കള്‍ക്ക് മുന്നില്‍ ഞാന്‍ ശിരസ് നമിക്കുന്നു.

കഠിനനിഷ്ടയും മികച്ച പ്രസംഗപാടവവുമുള്ള വ്യക്തിയാണ് വെങ്കയ്യാജി. തന്റെ വ്യക്തിത്വത്തില്‍ ഈ സമ്പന്നമായ വരപ്രസാദം അദ്ദേഹം പ്രകടിപ്പിക്കാറുണ്ടെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ വാദപ്രതിവാദത്തിനുള്ള കഴിവുകളെല്ലാം നമുക്ക് ബോദ്ധ്യമുള്ളതുമാണ്. ചിലപ്പോള്‍ തെലുങ്കില്‍ പ്രസംഗിക്കേണ്ടിവരുമ്പോള്‍ അദ്ദേഹം അതിവേഗത്തിലാണ് അത് നടത്തുന്നത്. ചിന്തകളില്‍ വ്യക്തതയും അത് കേള്‍വിക്കാരുമായി ബന്ധപ്പിക്കാനുള്ള ശേഷിയുമുണ്ടെങ്കിലേ അത്തരത്തില്‍ പ്രസംഗിക്കാന്‍ കഴിയുകയുള്ളു. അത് വെറും വാക്കുകള്‍ കൊണ്ടുള്ള കളിയല്ല. വാക്കുകള്‍ കൊണ്ടുള്ള കളിമൂലം ആരുടെയും ഹൃദയത്തെ തൊടാനാവില്ലെന്ന് പ്രസംഗകലയുടെ ലോകത്തുള്ളവര്‍ക്കെല്ലാം വളരെ വ്യക്തമായി അറിയാം. തന്റെ ആശയങ്ങള്‍ വ്യക്തമായ വീക്ഷണത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലും ദൃഢനിശ്ചയത്തോടെയും ആരാണോ പ്രകടിപ്പിക്കുന്നത് അവര്‍ക്ക് ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കാനാകും. ഇക്കാര്യത്തില്‍ വെങ്കയ്യാജി എപ്പോഴും വിജയിയുമാണ്.

എന്റേതായിക്കോട്ടെ അല്ലെങ്കില്‍ മന്‍മോഹന്‍സിംഗ്ജിയുടേതായിക്കോട്ടെ, ഏത് ഗവണ്‍മെന്റിന്റെ കാലത്തായാലും ഗ്രാമവികസനത്തെക്കുറിച്ച് അദ്ദേഹത്തെപ്പോലെ ഒരുദിവസം പോലും വിടാതെ പറഞ്ഞുകൊണ്ടിരിക്കുന്ന മറ്റൊരു എം.പിയില്ലെന്നത് സത്യമാണ്. അദ്ദേഹത്തിന്റെ മേഖലയില്‍ പ്രധാനമന്ത്രി ഗ്രാമ സടക്യോജന അത്തരമൊരാവശ്യമായിരുന്നു. പ്രധാനമന്ത്രി ഗ്രാമ സടക് യോജന എന്ന ആ പദ്ധതിയുടെ ആശയ ആവിഷ്‌ക്കാരം നടത്തിയത് നമ്മുടെ ഉപരാഷ്ട്രപതിയായ അഭിവന്ദ്യനായ വെങ്കയ്യാജിയാണെന്നതില്‍ എല്ലാ എം.പിമാര്‍ക്കും അഭിമാനിക്കാവുന്നതാണ്. പാവപ്പെട്ടവരോടും കര്‍ഷകരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും സഹാനുഭൂമിയുള്ളവര്‍ക്കും അവരെ അവരുടെ പ്രതിസന്ധികളില്‍ നിന്നും രക്ഷപ്പെടുത്തണമെന്ന് നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും മാത്രമേ ഇത് സാധിക്കൂ.

ഇന്ന് നമ്മുടെ ഇടയില്‍ നിന്നും വെങ്കയ്യാജി ഉപരാഷ്ട്രപതിയായി മാറുമ്പോള്‍ ഈ സഭ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മറികടക്കാന്‍ നമുക്ക് കുറച്ച് സമയം വേണ്ടിവരും. ഒരു ബാറിലെ വക്കീലിന് പെട്ടെന്ന് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുമ്പോള്‍ കോടതിക്കുണ്ടാകുന്ന ഒരു അപരിചിതവികാരം പോലൊന്ന് നമ്മുടെ ഉള്ളിലും ഉടലെടുക്കാം. അടുത്തിടെവരെ നമ്മോടൊപ്പം ഈ സഭയിലിലരുന്ന് വാദിക്കുകയും വാദപ്രതിവാദം നടത്തുകയും ചെയ്ത വ്യക്തി ഇന്ന് ഉപരാഷ്ട്രപതിയാകുന്നു! അതുകൊണ്ട് നമ്മില്‍ ചിലര്‍ക്ക് പ്രത്യേകിച്ചും ഈ സഭയില്‍ അദ്ദേഹവുമായി ദീര്‍ഘകാലം ഒന്നിച്ചു പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരു അസധാരണത്വം അനുഭവപ്പെട്ടേയ്ക്കാം. എന്നാല്‍ അത് നമ്മുടെ ജനാധിപത്യത്തില്‍ നാം സ്വീകരിച്ച പ്രവര്‍ത്തനരീതിയുടെ പ്രത്യേകതയാണ്.

ഈ സംവിധാനത്തിനുള്ളില്‍ നിന്നും വന്ന വ്യക്തിയെന്ന നിലയിലും വളരെക്കാലം രാജ്യസഭാംഗമായിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലും ഈ സഭയുടെ അദ്ധ്യക്ഷന്‍ എന്ന നിയില്‍ നമുക്ക് വഴികാട്ടിയും മാര്‍ഗ്ഗദര്‍ശിയുമാകാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട് മാത്രമല്ല, ഒരു സകാരാത്മക മാറ്റം വരുമെന്നും ഞാന്‍ കരുതുന്നു. ഇന്ന് വെങ്കയ്യാജി ഈ മഹത്തായപദവി ഏറ്റെടുക്കുമ്പോള്‍ എന്റെ മനസില്‍ ചില കാവ്യശകലങ്ങളാണ് ഓര്‍മ്മവരുന്നത്. അവ ഞാന്‍ ചൊല്ലാം:-
’अमलकरोऐसाअमनमें,

अमलकरोऐसाअमनमें,

जहांसेगुजरेतुम्हारीनज़रें,

उधरसेतुम्हेंसलामआए।’’

ഇതോടൊപ്പം ഞാന്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു

‘‘अमलकरोऐसासदनमें,

जहांसेगुजरेतुम्हारीनज़रें,

उधरसेतुम्हेंसलामआए।’’

എന്റെ ഹൃദയംഗമമായ അഭിനന്ദങ്ങളും നന്ദിയും!