പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദിനതന്തിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയില്‍ ചെന്നൈയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ദിനതന്തിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയില്‍ ചെന്നൈയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ദിനതന്തിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയില്‍ ചെന്നൈയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ദിനതന്തിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയില്‍ ചെന്നൈയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ചെന്നൈയിലും തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിലും അടുത്തിടെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തങ്ങളുടെ സ്‌നേഹഭാജനങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങളോടും കടുത്ത ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നവരോടുമുള്ള എന്റെ ആദരാജ്ഞലികള്‍ ഞാന്‍ തുടക്കത്തില്‍ തന്നെ അര്‍പ്പിക്കട്ടെ. കഴിയുന്ന എല്ലാ സഹായങ്ങളും ഞാന്‍ സംസ്ഥാന ഗവണ്‍മെന്റിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അമതാടൊപ്പം മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ശ്രീ ആര്‍. മോഹനന്റെ ദേഹവിയോഗത്തിലുള്ള ദുഃഖവും രേഖപ്പെടുത്തുന്നു.

ദിനതന്തി മഹത്തരമായ എഴുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ ജൈത്രയാത്രയില്‍ ശ്രീ എസ്.പി. ആദിത്തനാര്‍, ശ്രീ എസ്.ടി. ആദിത്തനാര്‍, ശ്രീ ബാലസുബ്രഹ്മണ്യന്‍ജി എന്നിവരുടെ പങ്കിനെ പ്രശംസിക്കാനും ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. കഴിഞ്ഞ എഴുപത്തിയഞ്ചുവര്‍ഷമായി അവര്‍ നടത്തിവരുന്ന നക്ഷത്രത്തെപ്പോലെ മിന്നിത്തിളങ്ങുന്ന ശ്രമഫലങ്ങള്‍ തന്തിയെ വലിയ ഒരു മാധ്യമ വാണിജ്യമുദ്ര(ബ്രാന്‍ഡ്) ആക്കി മാറ്റി. തമിഴ്‌നാട്ടില്‍ മാത്രമല്ല, രാജ്യത്താകമാനം തന്നെ അങ്ങനെയാണ്. ഈ വിജയത്തിന് തന്തിഗ്രൂപ്പിന്റെ മാനേജ്‌മെന്റിനെയും തൊഴിലാളികളേയും ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു.

ഇന്ന് 24 മണിക്കൂര്‍ വാര്‍ത്താചാനലുകള്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇന്നും ബഹുഭൂരിപക്ഷത്തിനും ദിവസം തുടങ്ങുന്നത് ഒരു കൈയില്‍ ചായയോ, കാപ്പിയോ മറുകൈയില്‍ പത്രവുമായിട്ടാണ്. ദിനതന്തി ഇന്ന് ഈ തെരഞ്ഞെടുക്കലിനുള്ള സൗകര്യം തമിഴ്‌നാട്ടില്‍ മാത്രമല്ല, ബംഗളൂരു, മുംബൈ, എന്തിന് ഡല്‍ഹിയില്‍ പോലുമുളള പതിനേഴ് എഡിഷനുകളിലൂടെ നല്‍കുന്നുണ്ട്. കഴിഞ്ഞ എഴുപത്തിയഞ്ച് വര്‍ഷമായിയുണ്ടായിട്ടുള്ള ഈ മഹത്തരമായ വികസനം 1942ല്‍ ഈ വര്‍ത്തമാനപത്രം സ്ഥാപിച്ച എസ്.പി അദിത്തനാറിന്റെ ദീര്‍ഘവീക്ഷണത്തിനുള്ള ശ്രദ്ധാജ്ഞലിയാണ്. ന്യൂസ്പ്രിന്റ് വളരെ അപൂര്‍വ്വമായി ലഭിച്ചിരുന്ന ആ കാലത്ത് അദ്ദേഹം വൈക്കോല്‍ ഉപയോഗിച്ച് കൈകൊണ്ട് നിര്‍മ്മിച്ചിരുന്ന പേപ്പറിലാണ് പത്രം അച്ചടിച്ചുതുടങ്ങിയത്.

അക്ഷരത്തിന്റെ വലിപ്പം, ലളിതമായ ഭാഷ, വളരെ വേഗത്തില്‍ മനസിലാക്കാന്‍ കഴിയുന്ന വിശദീകരണങ്ങളെല്ലാം ചേര്‍ന്നപ്പോള്‍ ദിനതന്തി ജനപ്രിയമായി മാറി. അക്കാലത്ത് ഇത് അവര്‍ക്ക് രാഷ്ട്രീയ അവബോധവും അറിവുകളും പകര്‍ന്ന് നല്‍കിയിരുന്നു.

ചായക്കടകളില്‍ ജനങ്ങള്‍ ഈ പത്രം വായിക്കാനായി തടിച്ചുകൂടിയിരുന്നു. അങ്ങനെ തുടങ്ങിയ യാത്ര, ഇന്നും തുടരുന്നു. സന്തുലിതമായ വാര്‍ത്താവതരണം ദിനതന്തിയെ ദിവസക്കൂലിക്കാര്‍ മുതല്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയ അധികാരികള്‍ വരെയുള്ളവരുടെ പ്രിയ പത്രമാക്കി മാറ്റിയിട്ടുണ്ട്.

തന്തി എന്നാല്‍ ടെലിഗ്രാം എന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. ദിന തന്തിയെന്നാല്‍ ”ദിവസ ടെലിഗ്രാം”. കഴിഞ്ഞ എഴുപത്തിയഞ്ച് വര്‍ഷം കൊണ്ട് പോസ്റ്റ്മാന്‍ കൊണ്ടുവരുന്ന ടെലിഗ്രാം കാലഹരണപ്പെട്ടു നിലവിലില്ലാതായി. എന്നാല്‍ ഈ ടെലിഗ്രാം ദിനംപ്രതി വളരുകയാണ്. അതാണ് മഹത്തരമായ ഒരു ആശയത്തിന്റെയും കഠിനപ്രയത്‌നത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ശക്തി.

തമിഴ് സാഹിത്യത്തെ പ്രോത്സാഹിപ്പിക്കാനായി തന്തിഗ്രൂപ്പ് സ്ഥാപകനായ ശ്രീ അദിത്തനാറിന്റെ പേരില്‍ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പുരസ്‌ക്കാര ജേതാക്കളായ ശ്രീ തമിഴന്‍പന്‍, ഡോ: ഇരൈ അന്‍പ്, ശ്രീ വി.ജി. സന്തോഷം എന്നിവരെ ഹൃദയംഗമമായി ഞാന്‍ അഭിനന്ദിക്കുന്നു.

എഴുത്തിനെ ഒരു ശ്രേഷ്ഠ തൊഴിലായി സ്വീകരിച്ചിട്ടുള്ളവര്‍ക്ക് ഈ അംഗീകാരം പ്രചോദമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സഹോദരീ, സഹോദരന്മാരെ,

അറിവിനുള്ള മാനവകുലത്തിന്റെ അഭിവാഞ്ചയ്ക്ക് നമ്മുടെ ചരിത്രത്തോളം പഴക്കമുണ്ട്. ആ ദാഹം തീര്‍ക്കാനായി മാധ്യമപ്രവര്‍ത്തകര്‍ സഹായിക്കുന്നു. ഇന്ന് പത്രങ്ങള്‍ വാര്‍ത്ത നല്‍കുക മാത്രമല്ല. അവര്‍ക്ക് നമ്മുടെ ചിന്തകള്‍ക്ക് രൂപം നല്‍കാനും ലോകത്തേക്കുള്ള വാതായനങ്ങള്‍ തുറന്നിടാനും കഴിയുന്നു. വിശാലമായ അര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ സമൂഹത്തിന്റെ പരിവര്‍ത്തന മാര്‍ഗ്ഗമാണ് മാധ്യമങ്ങള്‍. അതുകൊണ്ടാണ് മാധ്യമങ്ങളെ നാം ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് വിശേഷിപ്പിക്കുന്നത്. തൂലികയുടെ ശക്തിപ്രകടിപ്പിക്കുന്നവരും അതിന് എങ്ങനെ ജീവിതത്തിലെ നിര്‍ണ്ണായക ശക്തിയും ബോധവുമാകാന്‍ കഴിയുമെന്നും വ്യക്തമാക്കുന്നവരുമായി ഇന്ന് ഒത്തുചേരാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്.

കോളനിവാഴ്ചയുടെ ഇരുണ്ടയുഗത്തില്‍ രാജാറാം മോഹന്‍ റായിയുടെ സംബദ് കൗമുദി, ലോകമാന്യ തിലകന്റെ കേസരി, മഹാത്മാഗാന്ധിയുടെ നവജീവന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ദീപസ്തംഭമായി ജ്വലിച്ച് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ പ്രചോദിപ്പിച്ചു. രാജ്യത്താകമാനം സുഖസൗകര്യങ്ങളുള്ള ജീവിതം വേണ്ടെന്ന് വച്ച നിരവധി പത്രപ്രവര്‍ത്തക അഗ്രഗാമികളുണ്ട്. തങ്ങളുടെ പത്രങ്ങളിലൂടെ അവര്‍ ബഹുജനബോധവും ഉണര്‍വും സൃഷ്ടിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഒരുപക്ഷേ അത്തരത്തിലുള്ള സ്ഥാപക അഗ്രഗാമികളുടെ ഉയര്‍ന്ന ആശയബോധം കൊണ്ടാകാം ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച നിരവധി വര്‍ത്തമാന പത്രങ്ങള്‍ പുഷ്ടിയോടെ ഇന്നും നിലകൊള്ളുന്നത്.

സുഹൃത്തുക്കളെ,

തുടര്‍ച്ചയായ തലമുറകള്‍ അവരില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ രാജ്യത്തിനും സമൂഹത്തിനും വേണ്ടി നിര്‍വഹിച്ചത് നാം ഒരിക്കലും മറക്കാന്‍ പാടില്ല. അങ്ങനെയാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. സ്വാതന്ത്ര്യത്തിന്‌ശേഷം പൊതുരംഗത്ത് പൗരന്മാരുടെ അവകാശത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചു. നിര്‍ഭാഗ്യവശാല്‍, നമ്മുടെ വ്യക്തിപരവും കൂട്ടായതുമായ കര്‍ത്തവ്യബോധത്തെ കാലങ്ങളായി എങ്ങനെ അവഗണിക്കുന്നുവെന്നും നാം കാണുന്നുണ്ട്.

നമ്മുടെ സമൂഹത്തെ ഇന്ന് പിടികൂടിയിരിക്കുന്ന നിരവധി തിന്‍മകള്‍ക്ക് ഇത് ഒരു തരത്തില്‍ കാരണമാണ്. പൗരന്‍മാരെ ഉത്തരവാദിത്തമുള്ളവരും ചുമതലാബോധമുള്ളവരും ആക്കി മാറ്റാനുള്ള ഒരു ബഹുജന ഉണര്‍വാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം. അതോടൊപ്പം അധികാരാവകാശം എന്ന പൗരബോധവും ചുമതലപ്പെട്ട ഉത്തരവാദിത്വം എന്ന പൗരബോധവും സന്തുലിതമായിരിക്കണമെന്ന ബോധവും ഉണ്ടാക്കണം. ഇത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയും രാഷ്ട്രീയനേതാക്കളുടെ പെരുമാറ്റത്തിലൂടെയും മാത്രമേ സാധിക്കുകയുള്ളു. എന്നാല്‍ മാധ്യമങ്ങള്‍ക്കും ഇതില്‍ ഒരു പ്രധാനപങ്കുവഹിക്കാനുണ്ട്.

സഹോദരീ, സഹോദരന്മാരെ,

സ്വാതന്ത്ര്യത്തിനുവേണ്ടി രൂപംകൊണ്ട മിക്കവാറും എല്ലാ വര്‍ത്തമാനപത്രങ്ങളും പ്രാദേശികഭാഷയിലുള്ളവയായിരുന്നു. സത്യത്തില്‍ ഇന്ത്യന്‍ പ്രാദേശികഭാഷാ മാധ്യമങ്ങളെ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഭയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ നാട്ടുഭാഷാപത്രങ്ങളുടെ വായമൂടിക്കെട്ടുവാനായാണ് 1878ല്‍ വെര്‍ണാക്കുലാര്‍ പ്രസ് ആക്ട് കൊണ്ടുവന്നത്.

വൈവിദ്ധ്യപൂര്‍ണ്ണമായ നമ്മുടെ ഈ നാട്ടില്‍ നാട്ടുഭാഷാ പത്രങ്ങള്‍-പ്രാദേശികഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ക്ക് അന്നുണ്ടായിരുന്ന പ്രാധാന്യം ഇന്നുമുണ്ട്. ജനങ്ങള്‍ക്ക് വളരെ വേഗം മനസിലാക്കാന്‍ കഴിയുന്ന ഒരു ഭാഷയിലാണ് അവര്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നത്. ദുര്‍ബല-പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ അവരില്‍ എത്തിക്കുന്നത് മിക്കവാറും ഈ പ്രാദേശിക മാധ്യമങ്ങളുമാണ്. അവരുടെ ശക്തി, അവര്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം അവരുടെ ഉത്തരവാദിത്തം എന്നിവയൊന്നും ഒരിക്കലും അവഗണിക്കാന്‍ കഴിയില്ല.

ഗവണ്‍മെന്റിന്റെ നയങ്ങളും ഉദ്ദേശങ്ങളും വളരെ വിശാലമായ വിസ്തൃതിയില്‍ എത്തിക്കുന്ന സന്ദേശവാഹകരാണവര്‍. അതോടൊപ്പം ജനങ്ങളുടെ വികാരങ്ങളുടെയും ചിന്തികളുടെയും സംവേദനക്ഷതയുടെയും ദീപശിഖാവാഹകരുമാണ്.

നമ്മുടെ വളരെ ഊര്‍ജ്ജസ്വലമായ അച്ചടിമാധ്യമമേഖലയില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വര്‍ത്തമാനപത്രങ്ങള്‍ പ്രാദേശികഭാഷകളിലാണെന്നത് സന്തോഷം നല്‍കുന്നതാണ്. തീര്‍ച്ചയായും അതിലൊന്നാണ് ദിനതന്തി.

സുഹൃത്തുക്കളെ,

ലോകത്ത് ഒരുദിവസം ഉണ്ടാകുന്ന ഇത്രയൂം വാര്‍ത്തകള്‍ എങ്ങനെയാണ് ഒരു വര്‍ത്തമാനപത്രത്തില്‍ രേഖപ്പെടുത്തുന്നതെന്ന് പലരും അതിശയിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
വളരെ ഗൗരവമായി പറഞ്ഞാല്‍ ലോകത്ത് ഓരോ ദിവസവും വളരെയധികം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് നമുക്കൊക്കെ ബോധ്യമുണ്ട്. എഡിറ്ററാണ് ഏതാണ് പ്രധാനപ്പെട്ടതെന്ന്് തീരുമാനിക്കുന്നതും തെരഞ്ഞെടുക്കുന്നതും. മുന്‍പേജില്‍ ഏതിന് സ്ഥലം നല്‍കണം, ഏതിനാണ് ഏറ്റവും കൂടുതല്‍ സ്ഥലം നല്‍കേണ്ടത്, ഏതാണ് അവഗണിക്കേണ്ടത് എന്നതൊക്കെ അവര്‍ തീരുമാനിക്കും. തീര്‍ച്ചയായും ഇത് വലിയൊരു ഉത്തരവാദിത്തമാണ് അവരില്‍ അര്‍പ്പിച്ചിരിക്കുന്നത്. എഡിറ്റര്‍ക്ക് ലഭിച്ചിരിക്കുന്ന ഈ സ്വാതന്ത്ര്യം പൊതുജനതാല്‍പര്യത്തിനനുസൃതമായി ബുദ്ധിപൂര്‍വ്വം ഉപയോഗിക്കണം. അതുപോലെ എഴുതുന്നതിനുള്ള സ്വാതന്ത്ര്യത്തില്‍, എന്താണ് എഴുതേണ്ടതെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ കൃത്യതയില്‍ നിന്നും വ്യതിചലിച്ചുള്ളതും വസ്തുതാവിരുദ്ധമായവയും ഉള്‍പ്പെടില്ല. ” മാധ്യമങ്ങളെ ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന് വിളിക്കുന്നു. അത് തീര്‍ച്ചയായും ശക്തിയാണ്, എന്നാല്‍ ആ ശക്തിയുടെ തെറ്റായ ഉപയോഗം ക്രിമിനല്‍കുറ്റമാണ്” എന്ന് മഹാത്മാഗാന്ധിതന്നെ പറഞ്ഞിട്ടുണ്ട്.

മാധ്യമങ്ങള്‍ സ്വകാര്യവ്യക്തികളുടെ സ്വന്തമാണെങ്കില്‍ കൂടിയും അത് പൊതുതാല്‍പര്യമാണ് നിറവേറ്റുന്നത്. വിദഗ്ധര്‍ പറയുന്നതുപോലെ ഇത് സമ്മര്‍ദ്ദത്തിന് പകരം സമാധാനത്തിലൂടെ പരിവര്‍ത്തനം നടത്താനുള്ള ഒരു ഉപകരണമാണ്് . അതുകൊണ്ടുതന്നെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റിനും നീതിപീഠത്തിനുമുള്ളത്ര സാമൂഹിക ഉത്തരവാദിത്വം ഇതിനുമുണ്ട്. ഇതിന്റെ പെരുമാറ്റം തുല്യതയ്ക്കും മുകളില്‍ വിശാലതയിലായിരിക്കണം.

മഹാനായ സന്ന്യാസിവര്യന്‍ തിരുവള്ളുവരുടെ വചനം ഓര്‍ത്താല്‍ ” ഉത്തരവാദിത്തവും സമ്പത്തും ഒന്നിച്ചുകൊണ്ടുവരാന്‍ ധാര്‍മ്മികതയ്ക്കല്ലാതെ മറ്റൊന്നിനും ഈ ലോകത്ത് കഴിയില്ല”.

സുഹൃത്തുക്കളെ,

സാങ്കേതികവിദ്യ മാധ്യമമേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഗ്രാമങ്ങളിലെ കറുത്ത ബോര്‍ഡുകളില്‍ അന്നത്തെ ദിവസത്തെ തലക്കെട്ടുകള്‍ എഴുതുകയും അതിന് വലിയ വിശ്വാസ്യതയും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് നമ്മുടെ മാധ്യമങ്ങള്‍ ഗ്രാമങ്ങളിലെ ബ്ലാക്ക് ബോര്‍ഡ് മുതല്‍ ഓണ്‍ലൈന്‍ ബുളളറ്റിന്‍ ബോര്‍ഡ് വരെ മുഴുവന്‍ മേഖലയിലും പടര്‍ന്നുകിടക്കുകയാണ്.

അനന്തരഫലത്തില്‍ നമ്മുടെ വിദ്യാഭ്യാസം കൂടുതല്‍ കേന്ദ്രീകരിക്കുന്നതുപോലെ, ഉള്ളടക്കത്തിന്റെ ഉപയോഗത്തിനുള്ള നമ്മുടെ മനോഭാവത്തിലൂം മാറ്റം വന്നിട്ടുണ്ട്. ഇന്ന് ഒരാള്‍ മുന്നില്‍ വരുന്ന വാര്‍ത്തയെ വിശലകനം ചെയ്യുകയും ചര്‍ച്ച നടത്തുകയും വിവിധ സ്രോതസുകളില്‍ പരിശോധിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസ്യത നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ കൂടുതല്‍ പ്രയത്‌നിക്കണം. വിശ്വാസ്യതയുള്ള മാധ്യമങ്ങളുടെ വേദിയില്‍ നടക്കുന്ന ആരോഗ്യകരമായ മത്സരം നമ്മുടെ ജനാധിപത്യത്തിന്റെ ആരോഗ്യത്തിനും ഗുണകരമാണ്.

വിശ്വാസ്യതയിലുള്ള പുതുക്കിയ ഊന്നല്‍ നമ്മെ ആത്മപരിശോധന യിലേക്കാണ് നയിക്കുന്നത്. മാധ്യമങ്ങളിലെ പരിവര്‍ത്തനം എപ്പോഴാണോ ആവശ്യമുള്ളത് അപ്പോഴൊക്കെ അതിനുള്ളില്‍ നിന്നും ആത്മപരിശോധനയിലൂടെയും മാത്രമേ ഉണ്ടാകുകയുള്ളുവെന്നാണ് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നത്. ഇത്തരത്തിലുള്ള ആത്മപരിശോധന ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായതായി നമുക്ക് കാണാന്‍ കഴിയും. പ്രത്യേകിച്ചും 26/11ല്‍ മുംബൈയിലുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ റിപ്പോര്‍ട്ടിംഗില്‍. എന്നാല്‍ അത് നിരന്തരം ഉണ്ടാകണം.

നമ്മുടെ ബഹുമാന്യനായ മുന്‍ രാഷ്ട്രപതി ഡോ: എ.പി.ജെ. അബ്ദുള്‍കലാമിന്റെ വാക്കുകള്‍ ഞാന്‍ ഇവിടെ ഉദ്ധരിക്കുകയാണ് ” നമ്മുടേത് ഇത്ര മഹത്തരമായ ഒരു രാജ്യമാണ്. നമുക്ക് അതിശയകരമായ പല വിജയഗാഥകളുമുണ്ട്, എന്നാല്‍ അവയെ അംഗീകരിക്കാന്‍ നാം തയാറാകുന്നില്ല, എന്തുകൊണ്ട്?”

ഇന്ന് മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ ബഹുഭൂരിപക്ഷവും രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിഞ്ഞുള്ളതാണെന്നാണ് എന്റെ അഭിപ്രായം. ജനാധിപത്യത്തില്‍ രാഷ്ട്രീയത്തെക്കുറിച്ച് ഇത്രയൂം വിശദമായി ചര്‍ച്ചചെയ്യുന്നത് നല്ലതാണ്. എന്നാല്‍ ഇന്ത്യ എന്നത് ഞങ്ങള് രാഷ്ട്രീയക്കാരെക്കാളൂം വലുതാണ്. 125 കോടി ജനങ്ങളാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്.

മാധ്യമങ്ങള്‍ അവരുടെ വാര്‍ത്തകളിലും അവരുടെ നേട്ടങ്ങളിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് സന്തോഷകരം.

ഈ പരിശ്രമത്തില്‍ മൊബൈല്‍ ഫോണ്‍ കൈയിലുള്ള എല്ലാ പൗരന്മാരും നിങ്ങളുടെ സഖ്യകക്ഷികളാണ്. വ്യക്തികളുടെ വിജയങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളും അറിവുകളും പങ്കുവയ്ക്കുന്നതിന് സിറ്റിസണ്‍ റിപ്പോര്‍ട്ടിംഗ് ഒരു പ്രധാനപ്പെട്ട ഉപകരണമാണ്.

പ്രതിസന്ധിഘട്ടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും ആശ്വാസങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും സഹായം എത്തിക്കുന്നതിന് ഇത് വലിയ സഹായകമായിരിക്കും.

്രപകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ അതിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ മാധ്യമങ്ങള്‍ പരമാവധി ശ്രമിക്കാറുണ്ടെന്ന് ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു. ലോകത്താകമാനം പ്രകൃതിദുരന്തങ്ങള്‍ വര്‍ദ്ധിച്ച പ്രവേഗത്തിലും ആഘാതത്തിലും സംഭവിക്കുകയാണ്. കാലാവസ്ഥവ്യതിയാനം നമ്മുടെ ഓരോരുത്തരുടെയും മുന്നിലെ വലിയ വെല്ലുവിളിയാണ്. ഇതിനെതിരായ യുദ്ധത്തില്‍ മാധ്യമങ്ങള്‍ക്ക് നേതൃത്വപങ്ക് വഹിക്കാനാകുമോ? കുറച്ച് സ്ഥലവും നിശ്ചയിതസമയവും ഇവയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും ചര്‍ച്ചചെയ്യുന്നതിനും കാലാവസ്ഥവ്യതിയാനത്തെ എങ്ങനെ നേരിടാം എന്ന അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും അര്‍പ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമോ?
സ്വച്ച് ഭാരത് മിഷന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ കാട്ടിയ ഉത്തരവാദിത്തത്തെ അഭിനന്ദിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. 2019ല്‍ മഹാത്മാഗാന്ധിയുടെ 150-ാംജന്മവാര്‍ഷികത്തില്‍ സ്വച്ച് ഭാരതം നേടുന്നതിനായി നാം പരിശ്രമിക്കുമ്പോള്‍, ശുചിത്വത്തിന് വേണ്ട അറിവും ബഹുജന അവബോധവും സൃഷ്ടിക്കുന്നതിന് മാധ്യമങ്ങള്‍ വഹിച്ച സൃഷ്ടിപരമായ പങ്ക് എന്നെ സ്പര്‍ശിച്ചു. നമുക്ക് നമ്മുടെ ലക്ഷ്യം നേടിയെടുക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തികളെക്കുറിച്ചും അവര്‍ ചൂണ്ടിക്കാട്ടിതന്നിട്ടുണ്ട്.

സഹോദരി, സഹോദരന്മാരെ,

മാധ്യമങ്ങള്‍ക്ക് സുപ്രധാനപങ്കുവഹിക്കാന്‍ കഴിയുന്ന മറ്റൊരുമേഖലയുണ്ട്. ‘ ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന സംരംഭമാണത്. ഒരു ഉദാഹരണത്തിലൂടെ ഞാന്‍ ഇത് വിശദീകരിക്കാം.

ഒരു വര്‍ത്തമാനപത്രത്തിന് ദിവസവും കുറച്ച് കോളം ഇഞ്ചുകള്‍ ഒരു വര്‍ഷത്തേക്ക് ഇതിനായി മാറ്റിവയ്ക്കാന്‍ കഴിയുമോ? എല്ലാദിവസവും അവരുടെ ഭാഷയില്‍ ഒരു സാധാരണ വാചകം എഴുതുകയും അതോടൊപ്പം അതിന്റെ തര്‍ജ്ജിമയും പ്രധാനപ്പെട്ട എല്ലാ ഇന്ത്യന്‍ ഭാഷയിലും അതിന്റെ ലിപ്യന്തരണവും നല്‍കണം.

ഒരുവര്‍ഷം അവസാനിക്കുമ്പോള്‍ ആ വര്‍ത്തമാനപത്രത്തിന്റെ എല്ലാ വായനക്കാരും ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട ഭാഷയിലുമുള്ള 365 വാചകങ്ങളുമായി പരിചിതരാകും. ഈ ലളിതമായ പടവുകള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന സകാരാത്മകതയെക്കുറിച്ച് ചിന്തിച്ചുനോക്കൂ. അതോടൊപ്പം സ്‌കൂളുകളില്‍ കുറച്ചുനിമിഷം ഇതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത് പ്രോത്സാഹിപ്പിക്കാം. അതിലൂടെ നമ്മുടെ കുട്ടികള്‍ക്കും നമ്മുടെ വൈവിദ്ധ്യത്തിന്റെ സമ്പന്നതയെക്കുറിച്ച്‌ബോധമുണ്ടാകും. ഈ നടപടികള്‍ ഒരു മഹത്തായ ലക്ഷ്യം നിറവേറ്റുക മാത്രമല്ല, ആ പ്രസിദ്ധീകരണത്തിന്റെ കരുത്തും വര്‍ദ്ധിപ്പിക്കും.

സഹോദരി, സഹോദരന്മാരെ,

മനുഷ്യന്റെ ജീവിതകാലയളവില്‍ 75 വര്‍ഷം എന്നത് വളരെ വലിയ സമയമാണ്. എന്നാല്‍ ഒരു രാജ്യത്തേയോ ഒരു സ്ഥാപനത്തേയോ സംബന്ധിച്ചിടത്തോളം അത് ഒരു സുപ്രധാന നാഴികകല്ല് മാത്രമാണ്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നമ്മള്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു. ഒരുതരത്തില്‍ പറഞ്ഞാല്‍ ദിനതന്തിയുടെ പ്രയാണം ഇന്ത്യ ഒരു യുവ, ഉര്‍ജ്ജസ്വല രാജ്യമായി ഉയര്‍ന്നതിന്റെ പ്രതിഫലനവും കൂടിയാണ്.

ആ അവസരത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ 2022ല്‍ഒരു നവ ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള ആഹ്വാനം ഞാന്‍ നടത്തിയിരുന്നു. അഴിമതി, ജാതീയത, സാമുദായികത, ദാരിദ്ര്യം, അസുഖങ്ങള്‍ എന്നീ പൈശാചികതയില്‍ നിന്നും മോചിതമായ ഒരു ഇന്ത്യ. അടുത്ത അഞ്ചുവര്‍ഷം ‘സങ്കല്‍പ്പ് സേ സിദ്ധി’ നിശ്ചയദാര്‍ഡ്യത്തിലൂടെ വിജയം. അപ്പോഴേ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌നത്തിലുണ്ടായിരുന്ന ഒരു ഇന്ത്യ നമുക്ക് സൃഷ്ടിക്കാന്‍ കഴിയുകയുള്ളു. രാജ്യം ക്വിറ്റ് ഇന്ത്യാ സമരത്തെ വരിച്ചപ്പോള്‍ ജനിച്ച ഒരു വര്‍ത്തമാനപത്രം എന്ന നിലയില്‍ ദിനതന്തിക്ക് ഇക്കാര്യത്തില്‍ ഒരു പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് ഞാന്‍ നിര്‍ദ്ദേശിക്കട്ടെ. അടുത്ത അഞ്ചുവര്‍ഷം നിങ്ങളുടെ വായനക്കാര്‍ക്ക്, അല്ലെങ്കില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യാനാകുമെന്ന് പ്രതിഫലിപ്പിക്കാന്‍ ഈ അവസരം നിങ്ങള്‍ ഉപയോഗിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സമീപത്തുള്ള അഞ്ചുവര്‍ഷത്തിന് പുറമെ ഈ പ്ലാറ്റിനും ജൂബില ആഘോഷവേളയില്‍ അടുത്ത എഴുപത്തിയഞ്ചുവര്‍ഷം എങ്ങനെയായിരിക്കണമെന്ന് ദിനതന്തി ചിന്തിക്കണം.

വാര്‍ത്തകള്‍ വിരല്‍ത്തുമ്പില്‍ അപ്പപ്പോള്‍ ലഭിക്കുന്ന ഈ കാലത്ത് പ്രസക്തമായി നിലകൊള്ളുന്നതും ജനങ്ങളെയും രാഷ്ട്രത്തേയും സേവിക്കുന്നതും തുടരാന്‍ എന്താണ് മികച്ച മാര്‍ഗ്ഗം എന്നതിനെക്കുറിച്ച് ചിന്തിക്കണം. അതിനായി ഏറ്റവും ഉന്നതനിലവാരത്തിലുള്ള പ്രൊഫഷണലിസം, ധാര്‍മ്മികത, വസ്തുതാപരം എന്നിവ തുടര്‍ന്നും നിലനിര്‍ത്തണം.

അവസാനമായി തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിന് ഒരിക്കല്‍ കൂടി ഞാന്‍ ദിനതന്തിയുടെ പ്രസാധകരെ അഭിനന്ദിക്കുന്നു. നമ്മുടെ ഈ മഹത്തായ രാജ്യത്തിന്റെ വിധി രൂപകല്‍പ്പന ചെയ്യുന്നതിന് അവര്‍ സൃഷ്ടിപരമായ പങ്കുവഹിക്കുമെന്ന് എനിക്കുറപ്പുണ്ട്.

നന്ദി.