പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാവിക സാഗര പരിക്രമണ സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ഐ.എന്‍.എസ്.വി. തരിണി കപ്പലില്‍ ലോകം ചുറ്റാനിറങ്ങുന്ന ഇന്ത്യന്‍ നാവികസേനയിലെ ആറു വനിതാ ഓഫീസര്‍മാര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

വനിതാ നാവികര്‍ മാത്രമായി ലോകം ചുറ്റാനിറങ്ങുന്ന ആദ്യ ഇന്ത്യന്‍ സംഘമാണിത്. ഈ മാസം അവസാനത്തോടെ ഗോവയില്‍നിന്നു യാത്രതിരിക്കുന്ന സംഘം ലോകംചുറ്റി 2018 മാര്‍ച്ചോടെ ഗോവയില്‍ തിരിച്ചെത്തും. അഞ്ചു ഘട്ടങ്ങളിലായി നടത്തുന്ന പരിക്രമണത്തിനിടെ നാലിടങ്ങളില്‍ കപ്പല്‍ നിര്‍ത്തും. ഓസ്‌ട്രേലിയയിലെ ഫ്രിമാന്റിലിലും ന്യൂസിലാന്‍ഡിലെ ലൈട്ടില്‍ടണിലും ഫോക്‌ലാന്‍ഡ്‌സിലെ പോര്‍ട്ട് സ്റ്റാന്‍ലിയിലും ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലുമാണു നിര്‍ത്തുക.

യാത്രയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സംഘാംഗങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിച്ചു. യാത്രാസംഘത്തിന് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, യാത്രയുടെ പുരോഗതി നിരീക്ഷിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയുടെ കഴിവുകളും ശക്തികളും ലോകത്തിനു മുന്നില്‍ വെളിപ്പെടുത്താന്‍ ശ്രമിക്കണമെന്ന് അവരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയശേഷം യാത്രാനുഭവങ്ങള്‍ പങ്കുവെക്കുകയും അവയെക്കുറിച്ച് എഴുതുകയും വേണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ലെഫ്. കമ്മാന്‍ഡര്‍ വര്‍തിക ജോഷിയാണു കപ്പിത്താന്‍. ലഫ്. കമാന്‍ഡര്‍മാരായ പ്രതിഭ ജാംവെല്‍, പി.സ്വാതി, ലഫ്റ്റനന്റുമാരായ എസ്. വിജയദേവി, ബി.ഐശ്വര്യ, പായല്‍ ഗുപ്ത എന്നിവരാണു മറ്റു സംഘാംഗങ്ങള്‍.