പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ചോട്ടിലയില്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചു; രാജ്‌കോട്ടില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനു തറക്കല്ലിട്ടു

ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലുള്ള ചോട്ടിലയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്തു. രാജ്‌കോട്ടിനായുള്ള ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനും അഹമ്മദാബാദ്-രാജ്‌കോട്ട് പാത ആറു വരിയാക്കുന്നതിനും രാജ്‌കോട്ട്-മോര്‍ബി സ്‌റ്റേറ്റ് ഹൈവേ നാലുവരിയാക്കുന്നതിനും ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തറക്കല്ലിട്ടു. ക്ഷീര സംസ്‌കരണത്തിനും പാക്കിങ്ങിനുമുള്ള സമ്പൂര്‍ണ ഓട്ടോമാറ്റിക് പ്ലാന്റ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. സുരേന്ദ്ര നഗറിലെ ജോരവര്‍നഗര്‍, രത്തന്‍പൂര്‍ മേഖലകളിലേക്കുള്ള ജലവിതരണ പൈപ്പ്‌ലൈനിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

സുരേന്ദ്ര നഗര്‍ ജില്ലയില്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കുക എന്നതു ബുദ്ധിമുട്ടുള്ള കാര്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. അത്തരം വികസനപ്രവര്‍ത്തനങ്ങള്‍ പൗരന്മാരെ ശാക്തീകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യോമയാത്ര ധനികരുടേതു മാത്രമാകരുതെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. വ്യോമയാത്ര സാധാരണക്കാര്‍ക്കും പ്രാപ്യമാകുംവിധം ചെലവു കുറഞ്ഞതാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.

വികസനമെന്തെന്ന നിര്‍വചനം മാറിക്കഴിഞ്ഞുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന പമ്പുകളുടെ ഇന്നലെകളില്‍നിന്ന് പൗരന്മാരുടെ ആവശ്യത്തിനായി നര്‍മദയിലെ ജലം എത്തിക്കുന്നതിലേക്കു കാര്യങ്ങള്‍ മാറിയിരിക്കുന്നു. നര്‍മദയിലെ ജലം സുരേന്ദ്ര നഗര്‍ ജില്ലയ്ക്ക് ഏറെ ഗുണപ്രദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളം ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്തണമെന്നും ഓരോ തുള്ളിയും സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സുരസാഗര്‍ ക്ഷീരകേന്ദ്രം ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ മേന്മയേറിയതും സുരക്ഷിതവുമായ റോഡുകള്‍ നിര്‍മിക്കുന്നതിനു നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പ്രധാനമന്ത്രി അനുസ്മരിച്ചു.

***