പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാളെയും മറ്റന്നാളും ഗുജറാത്ത് സന്ദര്‍ശിക്കും

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെയും മറ്റന്നാളും (2017 ഒക്‌ടോബര്‍ 7, 8) ഗുജറാത്ത് സന്ദര്‍ശിക്കും.

നാളെ രാവിലെ പ്രധാനമന്ത്രി ദ്വാരകാധീശ് ക്ഷേത്രം സന്ദര്‍ശിക്കും. ഓഖയ്ക്കും, ബെയ്ത് ദ്വാരകയ്ക്കും ഇടയിലുള്ള ഒരു പാലത്തിനും മറ്റ് റോഡ് വികസന പദ്ധതികള്‍ക്കും അദ്ദേഹം ദ്വാരകയില്‍ തറക്കല്ലിടും. ഒരു പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ദ്വാരകയില്‍ നിന്ന് പ്രധാനമന്ത്രി സുരേന്ദ്ര നഗര്‍ ജില്ലയിലെ ഛോട്ടിലയിലെത്തും. രാജ് കോട്ടിലെ ഒരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം, അഹമ്മദാബാദ് ദേശീയ പാത ആറ് വരിയാക്കല്‍, രാജ് കോട്ട് – മോര്‍ബി സംസ്ഥാന ഹൈവേ നാല് വരിയാക്കല്‍ എന്നീ പദ്ധതികള്‍ക്ക് അദ്ദേഹം അവിടെ തറക്കല്ലിടും. സുരേന്ദ്ര നഗര്‍ ജില്ലയിലെ ജോറാവര്‍ നഗര്‍, രത്തന്‍പൂര്‍ ഭാഗങ്ങളില്‍ കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് ലൈനും ഒരു സംപൂര്‍ണ്ണ ഓട്ടോമാറ്റിക് പാല്‍ സംസ്‌ക്കരണ പാക്കേജിംഗ് പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഒരു പൊതു സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി പിന്നീട് ഗാന്ധിനഗറിലേയ്ക്ക് പോകും അവിടെ അദ്ദേഹം ഐ.ഐ.റ്റി. ഗാന്ധിനഗറിന്റെ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ഗ്രാമീണ ജനങ്ങളെ ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരത അഭിയാന് (പി.എം.ജി.ഡി.ഐ.എസ്.എച്ച്.എ) തുടക്കം കുറിക്കുകയും ചെയ്യും. വിദ്യാഭ്യാസവും അറിവും ആരോഗ്യ രക്ഷയും പ്രദാനം ചെയ്യുന്നതാണ് ഈ പദ്ധതി. ഡിജിറ്റല്‍ പേയ്‌മെന്റിലൂടെ സാമ്പത്തിക ഉള്‍ച്ചേരല്‍ സാധ്യമാക്കുന്നതിലൂടെ ഉപജീവനത്തിനുള്ള വേദികളും ഒരുക്കും. പ്രധാനമന്ത്രി ഒരു പൊതു യോഗത്തെയും അഭിസംബോധന ചെയ്യും.

ഒക്‌ടോബര്‍ എട്ടാം തീയതി രാവിലെ പ്രധാനമന്ത്രി വട്‌നഗറില്‍ എത്തും. പ്രധാനമന്ത്രി ആയതിന് ശേഷം ശ്രീ. നരേന്ദ്ര മോദി ഈ പട്ടണത്തില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. ഹത്ത്‌കേശ്വര്‍ ക്ഷേത്രം അദ്ദേഹം സന്ദര്‍ശിക്കും.

സമ്പൂര്‍ണ്ണ രോഗപ്രതിരോധ ലക്ഷ്യത്തിലേയ്ക്കുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള തീവ്ര ഇന്ദ്രധനുഷ് ദൗത്യത്തിന് ഒരു പൊതുയോഗത്തില്‍ പ്രധാമന്ത്രി തുടക്കം കുറിക്കും. നഗര പ്രദേശങ്ങള്‍ക്കും, രോഗ പ്രതിരോധ യജ്ഞം ഇനിയും എത്തിച്ചേരാത്ത പ്രദേശങ്ങള്‍ക്കും ഈ പദ്ധതി ഊന്നല്‍ കൊടുക്കും. മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനായ ഇംടെക്കോയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇ-ടാബ്‌ലെറ്റുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും. രാജ്യത്ത് ദരിദ്ര സാഹചര്യങ്ങളില്‍ കഴിയുന്ന ഗര്‍ഭിണികള്‍, അമ്മമാര്‍, നവജാത ശിശുക്കള്‍ എന്നിവരുടെ ആരോഗ്യ പരിപാലനത്തിന് മികച്ച മേല്‍നോട്ടത്തില്‍ ആശാ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും അവരെ പിന്‍തുണയ്ക്കാനും ലക്ഷ്യമിടുന്ന നൂതന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇംടെക്കോ. ഇന്നവേറ്റീവ് മൊബൈല്‍ ഫോണ്‍ ടെക്‌നോളജി ഫോര്‍ കമ്മ്യൂണിറ്റി ഹെല്‍പ്പ് ഓപ്പറേഷന്‍സ് എന്നതിന്റെ ചുരുക്കപ്പേരാണ് ഇംടെക്കോ. ഗുജറാത്തിയില്‍ ടെക്കോ എന്നാല്‍ സഹായം എന്നാണ്. ഇംടെക്കോ എന്നാല്‍ ഞാനാണ് സഹായം. പ്രധാനമന്ത്രി വട്‌നഗറിലും ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യും.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി ഭാറൂച്ചിലെത്തും. നര്‍മ്മദാ നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന ഭത്ഭുത്ത് ബരാജിന് അദ്ദേഹം തറക്കല്ലിടും. ഗുജറാത്തിലെ സൂറത്തിലുള്ള ഉധ്‌നയ്ക്കും, ബീഹാറിലെ ജയ്‌നഗറിനും ഇടയില്‍ സര്‍വ്വീസ് നടത്തുന്ന അന്ത്യോദയ പദ്ധതിക്ക് അദ്ദേഹം ഫ്‌ളാഗ്ഓഫ് ചെയ്യും. ഗുജറാത്ത്, നര്‍മ്മദാ ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്റെ വിവിധ പ്ലാന്റുകളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിച്ചു കൊണ്ടുള്ള ഫലകങ്ങളും അദ്ദേഹം അനാച്ഛാദനം ചെയ്യും. ഭാറൂച്ചില്‍ ഒരു പൊതുയോഗത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ഒക്‌ടോബര്‍ എട്ടാം തീയതി വൈകിട്ട് പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും.

Your Comment

Your email address will not be published. Required fields are marked *

CAPTCHA Image

*