പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തോടായി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ

എന്റെ പ്രിയപ്പെട്ട പൗരന്മാരേ,

ആഹ്ലാദത്തോടെയും പുതിയ പ്രതീക്ഷകളോടെയുമാണു നിങ്ങളുടെ ദീപാവലി ഉല്‍സവകാലം കഴിഞ്ഞതെന്നു ഞാന്‍ കരുതുന്നു. ചില നിര്‍ണായക വിഷയങ്ങളെയും സുപ്രധാന തീരുമാനങ്ങളെയും കുറിച്ചാണ് ഇന്ന് എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ളത്. നിങ്ങളെല്ലാവരോടും ഒരു പ്രത്യേക അഭ്യര്‍ത്ഥന ഇന്ന് എനിക്ക് നടത്താനുണ്ട്. ഭാരമേറിയ ഒരു ഉത്തരവാദിത്തം നിങ്ങള്‍ ഞങ്ങളെ ഏല്‍പ്പിച്ച 2014 മേയിലെ സാമ്പത്തിക സാഹചര്യം നിങ്ങള്‍ ഓര്‍ക്കണം. ‘ബ്രിക്‌സി’ന്റെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ ബ്രിക്‌സിലെ ‘ഐ’ കുലുങ്ങുകയായിരുന്നു. അന്നു മുതല്‍ നാം കഠിന വരള്‍ച്ചയുടെ രണ്ടു വര്‍ഷമാണ് പിന്നിട്ടത്. എങ്കിലും, ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ പിന്തുണയോടെ ആഗോള സമ്പദ്ഘടനയില്‍ ഇന്ത്യ ഒരു ‘തിളങ്ങുന്ന ഇടം’ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് നാം വെറുതേ പറയുന്നതല്ല. മറിച്ച്, അന്താരാഷ്ട്ര നാണയ നിധിയും ലോകബാങ്കും പറയുന്നതാണ്.

വികസനത്തിനായുള്ള ഈ പരിശ്രമത്തില്‍,’എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം ‘ എന്നതായിരിക്കുന്നു നമ്മുടെ മുദ്രാവാക്യം. നമ്മള്‍ എല്ലാ പൗരന്മാരുടെയും കൂടെയാണ്,എല്ലാ പൗരന്മാരുടെയും വികസനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതും. ഈ സര്‍ക്കാര്‍ പാവപ്പെട്ടവരോട് പ്രതിജ്ഞാബദ്ധരാണ്. തുടര്‍ന്നും അവരോടുള്ള പ്രതിബദ്ധത നിലനിര്‍ത്തുകയും ചെയ്യും. ദാരിദ്ര്യത്തിന് എതിരേയുള്ള നമ്മുടെ പോരാട്ടത്തില്‍ നമ്മുടെ പ്രധാന ഉന്നം പാവപ്പെട്ടവരുടെ ശാക്തീകരണവും അവരെ സാമ്പത്തിക പുരോഗതിയുടെ നേട്ടത്തില്‍ സജീവ പങ്കാളികളാക്കുക എന്നതുമാണ്.

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന,

ജനസുരക്ഷാ യോജന,

ചെറുകിട സംരംഭകര്‍ക്കുള്ള പ്രധാനമന്ത്രി മുദ്രാ യോജന,

ദലിതുകള്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള സ്റ്റാന്‍ഡപ്പ് ഇന്ത്യാ പദ്ധതി,

പാവപ്പെട്ടവരുടെ വീടുകളില്‍ പാചകവാതക കണക്ഷന്‍ എത്തിക്കാനുള്ള പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി,

കര്‍ഷകരുടെ വരുമാനം സംരക്ഷിക്കാനുള്ള പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയും പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയും,
കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് സാധ്യമായത്ര മികച്ച വിളവ് ഉറപ്പാക്കാനുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി,

കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ശരിയായ വില ഉറപ്പാക്കുന്നതിനുള്ള ഇ-നാം നാഷണല്‍ മാര്‍ക്കറ്റ് പ്ലേസ് പദ്ധതി എന്നിവയെല്ലാം ഈ സമീപനമാണ് പ്രതിഫലിപ്പിക്കുന്നത്.

കഴിഞ്ഞ പതിറ്റാണ്ടുകളില്‍ അഴിമതിയുടെയും കള്ളപ്പണത്തിന്റെയും ഭൂതം പെരുകി. ദാരിദ്ര്യ നിര്‍മാര്‍ജ്ജന ശ്രമങ്ങളെ അത് ദുര്‍ബലപ്പെടുത്തി. മറുവശത്ത് സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ നാം ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. പക്ഷേ, രണ്ടുവര്‍ഷം മുമ്പ് ലോകത്തിലെ അഴിമതിയുടെ കാര്യത്തില്‍ നാം നൂറാം സ്ഥാനത്തോട് വളരെ അടുത്തായിരുന്നുവെന്നത് മറ്റൊരു കാര്യം. പല നടപടികളുടെ ഫലമായി അത് ഇപ്പോള്‍ എഴുപത്തിയാറാം സ്ഥാനമാക്കാന്‍ സാധിച്ചു. നിശ്ചയമായും അക്കാര്യത്തില്‍ പുരോഗതിയുണ്ട്. അഴിമതിയും കള്ളപ്പണവും അതിന്റെ വ്യാപ്തി എത്രത്തോളം വര്‍ധിപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണിത്.

അഴിമതിയുടെ തിന്മ സമൂഹത്തിലെ ചില വിഭാഗങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിനുവേണ്ടി അവര്‍ വ്യാപകമാക്കി. പാവങ്ങളെ അവഗണിച്ച അവര്‍ പാവപ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു. ചിലര്‍ സ്വന്തം സ്ഥാനങ്ങള്‍ തങ്ങളുടെ വ്യക്തിപരമായ നേട്ടത്തിനായി വിനിയോഗിച്ചു. മറുവശത്ത് സത്യസന്ധരായ ആളുകള്‍ ഈ തിന്മക്കെതിരേ പൊരുതി. കോടിക്കണക്കിന് പുരുഷന്മാരും സ്ത്രീകളും ജീവിതം ജീവിച്ചുതീര്‍ക്കുന്നത് സത്യസന്ധരായാണ്. ഓട്ടോറിക്ഷയില്‍ സ്വര്‍ണം മറന്നുവച്ചുപോകുന്ന യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തി തിരിച്ചുനല്‍കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെക്കുറിച്ചു നാം കേള്‍ക്കാറുണ്ട്. ടാക്‌സി കാറില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കാന്‍ നെട്ടോട്ടമോടുന്ന ഡ്രൈവര്‍മാരെക്കുറിച്ചും നാം കേള്‍ക്കുന്നു. പച്ചക്കറി വാങ്ങുന്നയാള്‍ നല്‍കുന്ന അധികം തുക തിരിച്ചുനല്‍കുന്ന കടക്കാരേക്കുറിച്ചും നമ്മള്‍ കേള്‍ക്കുന്നു.

രാജ്യത്തിന്റെ വികസന ചരിത്രത്തില്‍ ശക്തവും നിര്‍ണായകമായ ചുവടുവയ്പ് ആവശ്യമായ സമയമുണ്ടാകും. അഴിമതിയും കള്ളപ്പണവും ഭീകരതയും വര്‍ഷങ്ങളായി ഈ രാജ്യത്തിന്റെ വികസനക്കുതിപ്പിനെ പിന്നോട്ട് വലിക്കുന്ന, വേദനിപ്പിക്കുന്ന വ്രണങ്ങളാണ്.

ഭീകരപ്രവര്‍ത്തനം പേടിപ്പിക്കുന്ന ഒരു ഭീഷണിയാണ്. അതുമൂലം നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. പക്ഷേ, ഈ ഭീകരര്‍ക്ക് എവിടെ നിന്നാണ് ഈ പണം കിട്ടുന്നതെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ശത്രുക്കള്‍ കള്ള നോട്ടുകള്‍ ഉപയോഗിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഇത് വര്‍ഷങ്ങളായി തുടരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കള്ളനോട്ടുകളുമായി പലരും പലവട്ടം പിടിയിലായിട്ടുണ്ട്. അത്തരം നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

സഹോദരീ സഹോദരന്മാരേ,

ഒരു വശത്ത് ഭീകരതയുടെ പ്രശ്‌നം. മറുവശത്ത് അഴിമതിയും കള്ളപ്പണവും ഉയര്‍ത്തുന്ന വെല്ലുവിളി. നമ്മുടെ പ്രശ്‌നം. ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ഉടന്‍തന്നെ ഒരു മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുകൊണ്ട് അഴിമതിക്കെതിരായ യുദ്ധത്തിന് നാം തുടക്കമിട്ടു. അതെതുടര്‍ന്ന്,

– വിദേശത്തുള്ള കള്ളപ്പണം വെളിപ്പെടുത്താന്‍ 2015ല്‍ ഒരു നിയമം പാസ്സാക്കി.

– ബാങ്കിംഗ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന കരാറുകള്‍ അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി ഉണ്ടാക്കി.

– അഴിമതിയിലൂടെ സമ്പാദിക്കുന്ന കള്ളപ്പണം വിന്യസിക്കാന്‍ ഉപയോഗിക്കുന്ന ബിനാമികളെ നിരോധിക്കാന്‍ 2016 ആഗസ്റ്റ് മുതല്‍ ശക്തമായ നിയമം നടപ്പാക്കി.

– കനത്ത പിഴയോടുകൂടി കള്ളപ്പണം വെളിപ്പെടുത്താന്‍ ഒരു പദ്ധതി പ്രഖ്യാപിച്ചു.

എന്റെ പ്രിയപ്പെട്ട രാജ്യനിവാസികളേ,

ഈ ശ്രമങ്ങളിലെല്ലാംകൂടി, കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ അഴിമതിയുടെ ഭാഗമായ ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരം കോടി രൂപയോളം കള്ളപ്പണം നാം പുറത്തു കൊണ്ടു വന്നു. കള്ളപ്പണം, ബിനാമി സ്വത്ത്, ഭീകരപ്രവര്‍ത്തനം എന്നിവയ്‌ക്കെതിരായ ഈ പോരാട്ടവും തിരിച്ചടിയും തുടരണമെന്ന് സത്യസന്ധരായ ജനങ്ങള്‍ ആഗ്രഹിക്കുന്നു. കോടിക്കണക്കിനു രൂപയുടെ കറന്‍സി നോട്ടുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ കിടക്കക്കടിയില്‍ സൂക്ഷിക്കുന്നതില്‍ സത്യസന്ധനായ ഏത് പൗരനാണ് വേദനിക്കാതിരിക്കുക?അല്ലെങ്കില്‍ അത്തരം പണം ചാക്കുകണക്കിന് കണ്ടെടുക്കുന്നതില്‍ വേദനിക്കാതിരിക്കുക?

പണ വിതരണത്തിന്റെ വ്യാപ്തി അഴിമതിയുടെ തലവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നു. അഴിമതിയിലൂടെ സമ്പാദിക്കുന്ന പണത്തിന്റെ വിന്യാസം പണപ്പെരുപ്പം കുറകൂടി വഷളാക്കി. പാവപ്പെട്ടവരാണ് ഇതിന്റെ ദുരിതഫലം അനുഭവിക്കേണ്ടത്. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വാങ്ങല്‍ ശേഷിക്ക് മേല്‍ ഇതിന് നേരിട്ടു ബന്ധമുണ്ട്. സ്ഥലമോ വീടോ വാങ്ങാന്‍ ചെക്ക് കൊടുത്താല്‍ അതിന് പുറമേ വലിയൊരു തുക പണമായിത്തന്നെ വേണമെന്ന് ആവശ്യപ്പെടുന്നതിന് നിങ്ങള്‍ക്കു തന്നെ സ്വന്തം നിലയില്‍ അനുഭവമുണ്ടായിരിക്കും. സത്യസന്ധനായ ഒരാള്‍ സ്ഥലം വാങ്ങുമ്പോള്‍ ഇത് പ്രശ്‌നം സൃഷ്ടിക്കും. പണത്തിന്റെ ദുരുപയോഗം മൂലം വീടുകള്‍,സ്ഥലം, ഉന്നത വിദ്യാഭ്യാസം,ആരോഗ്യപരിപാലനം തുടങ്ങിയ ചരക്കുകളെയും സേവനങ്ങളെയും കൃത്രിമമായി ചെലവേറിയതാക്കിത്തീര്‍ക്കും.

കള്ളപ്പണവുമായും നിയമവിരുദ്ധമായ ആയുധക്കച്ചവടവുമായും നേരിട്ട് ബന്ധമുള്ള ഹവാല ഇടപാടിനെയും പണത്തിന്റെ വന്‍തോതിലുള്ള കറക്കം ശക്തിപ്പെടുത്തും. തെരഞ്ഞെടുപ്പുകളില്‍ കള്ളപ്പണത്തിന്റെ പങ്കിനെക്കുറിച്ചുള്ള ചര്‍ച്ച വര്‍ഷങ്ങളായി നടക്കുകയാണ്.

സഹോദരീ സഹോദരന്മാരേ,

അഴിമതിയുടെയു കള്ളപ്പണത്തിന്റെയും പിടിത്തത്തിന് അറുതിവരുത്താന്‍ 500 രൂപയുടെയും 1000 രൂപയുടെയും നിലവിലുള്ള കറന്‍സി നോട്ടുകള്‍ 2016 നവംബര്‍ എട്ടാം തീയതി അര്‍ധരാത്രിക്കുശേഷം നിയമപരമായി അസാധുവാക്കാന്‍ നാം തീരുമാനിച്ചിരിക്കുന്നു. അതായത്, അര്‍ധരാത്രി മുതല്‍ ഈ നോട്ടുകള്‍ ഇടപാടുകള്‍ക്ക് സ്വീകരിക്കില്ല. ദേശവിരുദ്ധ, സാമുഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പൂഴ്ത്തിവച്ചിരിക്കുന്ന 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ക്ക് വെറും കടലാസ് കഷ്ണങ്ങളുടെ വിലയേ ഇനി ഉണ്ടാവുകയുള്ളു. സത്യസന്ധരും കഠിനാധ്വാനികളുമായ ജനങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളും പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടും. നൂറ്, അമ്പത്, ഇരുപത്, പത്ത്, അഞ്ച്, രണ്ട് രൂപ നോട്ടുകളും എല്ലാ നാണയങ്ങളും നിയമവിധേയമായിത്തന്നെ തുടരുമെന്നും അവയെ ഇപ്പോഴത്തെ നടപടി ബാധിക്കില്ലെന്നും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു.

അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരേ പൊരുതുന്ന സാധാരണക്കാരന്റെ കൈകളെ ഈ നടപടി ശക്തിപ്പെടുത്തും. വരും ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പലവിധ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

1. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് അവ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30ന് ബാങ്കിന്റെ പ്രവൃത്തി സമയം കഴിയുന്നതുവരെ തങ്ങളുടെ ബാങ്കിലോ പോസ്‌റ്റോഫീസ് അക്കൗണ്ടിലോ യാതൊരു പരിധിയുമില്ലാതെ നിക്ഷേപിക്കാം.

2. ഇതുപ്രകാരം നിങ്ങള്‍ക്ക് നിങ്ങളുടെ നോട്ടുകള്‍ നിക്ഷേപിക്കാന്‍ 50 ദിവസങ്ങള്‍ വരെ കിട്ടും; പരിഭ്രാന്തിയുടെ യാതൊരു ആവശ്യമില്ല.

3. നിങ്ങളുടെ പണം നിങ്ങളുടേതായിത്തന്നെ തുടരും. അക്കാര്യത്തില്‍ നിങ്ങള്‍ക്ക് വേവലാതി വേണ്ട.

4. നിങ്ങളുടെ പണം നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ പിന്‍വലിക്കാം.

5. പുതിയ നോട്ടുകള്‍ വിതരണം ചെയ്യേണ്ടതിനാല്‍ ആദ്യത്തെ കുറച്ചുദിവസങ്ങളില്‍ പ്രതിദിനം പതിനായിരം രൂപ വരെയും ആഴ്ചയില്‍ ഇരുപതിനായിരം രൂപ വരെയും പരിധി വച്ച് മാത്രമേ പണം പിന്‍വലിക്കാനാകൂ. വരുംദിവസങ്ങളില്‍ ഈ പരിധി വര്‍ധിപ്പിക്കും.

6. നിങ്ങളുടെ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് പുറമേ മറ്റൊരു സൗകര്യം കൂടി ഉണ്ടാകും.

7. നിങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്ക് ഏതെങ്കിലും ബാങ്കിലോ ഹെഡ് പോസ്‌റ്റോഫീസിലോ സബ് പോസ്‌റ്റോഫീസിലോ പോയി ആധാര്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമോ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയോ കാണിച്ച് പഴയ അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ വാങ്ങാവുന്നതാണ്.

8. നവംബര്‍ 10 മുതല്‍ 24 വരെ അത്തരം കൈമാറ്റം നാലായിരം രൂപ വരെയായിരിക്കും. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 30 വരെ പരിധി വര്‍ധിപ്പിക്കും.

9. ചിലര്‍ക്ക് എന്തെങ്കിലും കാരണങ്ങളാല്‍ 2016 ഡിസംബര്‍ 30നുള്ളില്‍ അവരുടെ പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിക്ഷേപിക്കാന്‍ സാധിച്ചില്ലെന്നു വരാം.

10. അവര്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദിഷ്ട ഓഫീസുകളില്‍ പോയി ഒരു സത്യവാങ്മൂലം സമര്‍പ്പിച്ച് 2017 മാര്‍ച്ച് 31 വരെ നോട്ടുകള്‍ നിക്ഷേപിക്കാം.

11. നവംബര്‍ 9 നും, ചിലയിടങ്ങളില്‍ നവംബര്‍ 10 നും എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല. ആദ്യത്തെ കുറച്ചുദിവസത്തേക്ക് കാര്‍ഡൊന്നിന് പ്രതിദിനം രണ്ടായിരം രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ എന്ന പരിധിയുണ്ടായിരിക്കും.

12. ഇത് പിന്നീട് നാലായിരം രൂപയായി ഉയര്‍ത്തും.

13. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിയമവിധേയമായിരിക്കില്ല. മാനുഷിക കാരണങ്ങളാലും ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും നവംബര്‍ 11 ന് അര്‍ധരാത്രി വരെയുള്ള ആദ്യത്തെ 72 മണിക്കൂര്‍ ചില പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

14. ഈ കാലയളവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പണം അടയ്ക്കാന്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സ്വീകരിക്കുന്നതു തുടരും.

15. രോഗികളുള്ള കുടുംബങ്ങള്‍ക്കു വേണ്ടിയാണിത്.

16. സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികളില്‍ ഡോക്ടറുടെ കുറിപ്പടിയോട് കൂടി മരുന്നുവാങ്ങുന്നതിനും ഈ നോട്ടുകള്‍ സ്വീകരിക്കും.

17. നവംബര്‍ 11 അര്‍ദ്ധരാത്രി വരെയുള്ള 72 മണിക്കൂറില്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകള്‍, സര്‍ക്കാര്‍ ബസുകളുടെ ടിക്കറ്റ് കൗണ്ടറുകള്‍, എയര്‍ലൈന്‍ ടിക്കറ്റ് കൗണ്ടറുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ടിക്കറ്റെടുക്കാന്‍ പഴയ നോട്ടുകള്‍ സ്വീകരിക്കും.ഈ കാലയളവില്‍ യാത്ര ചെയ്യുന്നവര്‍ക്കു വേണ്ടിയാണിത്.

18. 72 മണിക്കൂറില്‍, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ താഴെപ്പറയുന്ന സ്ഥലങ്ങളിലും സ്വീകരിക്കും.

– പൊതുമേഖലാ സ്ഥാപനങ്ങള്‍ അംഗീകരിച്ച പെട്രോള്‍, ഡീസല്‍, സിഎന്‍ജി ഗ്യാസ് പമ്പുകള്‍.

– കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അംഗീകരിച്ച ഉപഭോക്തൃ സഹകരണ സൊസൈറ്റികള്‍.

– സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച പാല്‍ ബൂത്തുകള്‍.

– സെമിത്തേരികളിലും ശവമടക്കുന്ന സ്ഥലങ്ങളിലും.

ഈ സ്ഥാപനങ്ങള്‍ തങ്ങളുടെ കൈവശമുള്ളതും ശേഖരിക്കുന്നതുമായ നോട്ടുകള്‍ സംബന്ധിച്ച കൃത്യമായ രേഖകള്‍ സൂക്ഷിക്കണം.
19. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വരികയും പോവുകയും ചെയ്യുന്ന യാത്രക്കാരുടെ പക്കല്‍ അയ്യായിരം രൂപയില്‍ താഴെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാത്രമേ ഉള്ളുവെങ്കില്‍ നിയമവിധേയമായ മറ്റു കാര്യങ്ങള്‍ക്കുവേണ്ടി പുതിയ നോട്ടുകള്‍ മാറി നല്‍കും.

20. വിദേശ വിനോദസഞ്ചാരികള്‍ക്ക് നിയമവിധേയ ഇടപാടുകള്‍ക്ക് 5000 രൂപയില്‍ കൂടാത്ത തുകയ്ക്ക് വിദേശ കറന്‍സി മാറ്റാനോ പഴയ നോട്ടുകള്‍ മാറ്റി വാങ്ങാനോ സാധിക്കും.

21. ഒരുകാര്യം കൂടി എനിക്ക് ഊന്നിപ്പറയാനുള്ളത്,നേരിട്ട് പണം കൊടുക്കാത്ത ചെക്കുകള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഇലേ്രക്ട്രാണിക് ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയ്ക്ക് യാതൊരു നിയന്ത്രണവുമുണ്ടായിരിക്കുന്നതല്ല എന്നാണ്.

സഹോദരീ സഹോദരന്മാരേ,

ഈ ശ്രമങ്ങള്‍ക്കിടയില്‍ സത്യസന്ധരായ പൗരന്മര്‍ക്ക് താല്‍ക്കാലികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. രാഷ്ട്രത്തിന്റെ നന്മയ്ക്ക് വേണ്ടി ത്യാഗങ്ങള്‍ സഹിക്കാനും ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കാനും സാധാരണ പൗരന്മാര്‍ എപ്പോഴും തയ്യാറാണ് എന്നാണ് അനുഭവങ്ങള്‍ നമ്മോട് പറയുന്നത്. ഒരു പാവപ്പെട്ട വിധവ എല്‍പിജി സബ്‌സിഡി വേണ്ടെന്നുവച്ചപ്പോഴും, വിരമിച്ച ഒരു സ്‌കൂള്‍ അധ്യാപകന്‍ അദ്ദേഹത്തിന്റെ പെന്‍ഷന്‍ സ്വഛ് ഭാരത് മിഷനു സംഭാവന ചെയ്തപ്പോഴും, ഒരു പാവപ്പെട്ട ആദിവാസി അമ്മ ശൗചാലയം നിര്‍മിക്കാന്‍ അവരുടെ ആടുകളെ വിറ്റപ്പോഴും, ഒരു സൈനികന്‍ അദ്ദേഹത്തിന്റെ ഗ്രാമം വൃത്തിയാക്കാന്‍ 57000 രൂപ സംഭാവന ചെയതപ്പോഴും ആ ഉല്‍സാഹം ഞാന്‍ കണ്ടു. രാജ്യത്തിന്റെ പുരോഗതിക്ക് ഇടയാക്കുമെങ്കില്‍ എന്തു ചെയ്യാനുമുള്ള ഇഛാശക്തി സാധാരണ പൗരനുണ്ടെന്നു ഞാന്‍ കണ്ടിട്ടുണ്ട്.

അതുകൊണ്ട് അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും എതിരായ ഈ പോരാട്ടത്തില്‍, നമ്മുടെ രാജ്യത്തെ ശുദ്ധീകരിക്കാനുള്ള ഈ മുന്നേറ്റത്തില്‍, കുറച്ചുദിവസത്തേക്ക് ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ നമ്മുടെ ജനങ്ങള്‍ തയ്യാറാവുകയില്ലേ? ഈ ‘മഹായജ്ഞ’ത്തില്‍ മുഴുവനാളുകളും ഒപ്പംനിന്ന് പങ്കാളികളാകുമെന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്. എന്റെ പ്രിയ രാജ്യവാസികളേ, ദീപാവലി ഉല്‍സവത്തിനുശേഷം ഇപ്പോള്‍ ഈ ധര്‍മനീതിയുടെ ആഘോഷത്തിലും വിശ്വാസ്യതയുടെ ഉല്‍സവത്തിലുംകൈകോര്‍ക്കുക.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാ സര്‍ക്കാരുകളും സാമൂഹ്യസേവന സംഘടനകളും മാധ്യമങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇത് ആവേശത്തോടെ ഏറ്റെടുത്ത് വിജയിപ്പിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

എന്റെ പ്രിയ രാജ്യവാസികളേ,

ഈ നടപടിയില്‍ രഹസ്യാത്മകത ഒഴിവാക്കാനാകാത്തതാണ്. ഇപ്പോള്‍ ഞാന്‍ നിങ്ങളോടു സംസാരിക്കുമ്പോള്‍ മാത്രമാണ് ബാങ്കുകളും പോസ്‌റ്റോഫീസുകളും റെയില്‍വേയും ആശുപത്രികളും പോലുള്ള വിവിധ ഏജന്‍സികളും ഇക്കാര്യം അറിയുന്നത്. റിസര്‍വ് ബാങ്കും ബാങ്കുകളും പോസ്‌റ്റോഫീസുകളും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പല സജ്ജീകരകണങ്ങളും ഉണ്ടാക്കേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും, സമയം ആവശ്യമാണ്. നവംബര്‍ 9ന് ബാങ്കുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. ഇത് നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. ദേശീയപ്രാധാന്യമുള്ള ഈ മഹത്തായ ദൗത്യം ബാങ്കുകളും പോസ്‌റ്റോഫീസുകളും വിജയകരമായി പൂര്‍ത്തിയാക്കുമെന്ന് എനിക്ക് പൂര്‍ണവിശ്വാസമുണ്ട്. തുല്യമായ ഇഛാശക്തിയോടെ ബാങ്കുകളെയും പോസ്‌റ്റോഫീസുകളെയും ഈ വെല്ലുവിളി നേരിടുന്നതിന് സഹായിക്കണമെന്ന് നിങ്ങളെല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എന്റെ പ്രിയ പൗരന്മാരേ,

കറന്‍സിയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച്, ഓരോ സമയത്തും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ റിസര്‍വ് ബാങ്ക് ഉയര്‍ന്ന മൂല്യമുള്ള പുതിയ നോട്ടുകള്‍ പുറത്തിറക്കാറുണ്ട്. അയ്യായിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകള്‍ ഇറക്കണമെന്ന് 2014 ല്‍ റിസര്‍വ് ബാങ്ക് ഒരു ശുപാര്‍ശ അയച്ചിരുന്നു. ജാഗ്രതാപൂര്‍ണമായ പരിഗണനക്കുശേഷം അത് സ്വീകരിച്ചില്ല. ഇപ്പോഴത്തെ നടപടികളുടെ ഭാഗമായി രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഇറക്കണമെന്ന ആര്‍ബിഐ ശുപാര്‍ശ സ്വീകരിച്ചിരിക്കുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പുതിയ നോട്ടുകള്‍ പൂര്‍ണമായും പുതിയ ഡിസൈനില്‍ ഇറക്കുന്നതാണ്. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മൊത്തം കറന്‍സി വിതരണത്തില്‍ വലിയ തുകകളുടെ നോട്ടുകളുടെ എണ്ണം കുറച്ചുമാത്രമാക്കി പരിമിതപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് മേലില്‍ സജ്ജീകരണങ്ങള്‍ ചെയ്യുന്നതാണ്.

ഒരു രാജ്യത്തിന്റെ ചരിത്രത്തില്‍, തനിക്കും പങ്കാളിയാകണം എന്നും, രാജ്യത്തിന്റെ പുരോഗതിയില്‍ തന്റെ പങ്കും നിര്‍വഹിക്കണം എന്നും എല്ലാവരും ആഗ്രഹിക്കുന്ന മുഹൂര്‍ത്തങ്ങളുണ്ടാകും. പക്ഷേ, അത്തരം മുഹൂര്‍ത്തങ്ങള്‍ അപൂര്‍വമായി മാത്രമേ ഉണ്ടാകാറുള്ളു. അഴിമതി എന്ന വ്യധിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായ മഹായജ്ഞത്തില്‍ അണിചേരാന്‍ എല്ലാ പൗരന്മാര്‍ക്കും ഒരിക്കല്‍ക്കൂടി അവസരം കൈവന്നിരിക്കുകയാണ്. നിങ്ങള്‍ എത്രത്തോളം ഇതിനെ സഹായിക്കുന്നുവോ എത്രത്തോളം വിജയം ഇതിനുണ്ടാകും.

അഴിമതിയും കള്ളപ്പണവും ജീവിതത്തിന്റെ ഭാഗമായി അംഗീകരിക്കുന്നത് നമുക്ക് ഏവര്‍ക്കും ഉല്‍കണ്ഠ ഉളവാക്കിയിരുന്ന ഒന്നാണ്. ഇത്തരം ചിന്താഗതി നമ്മുടെ രാഷ്ട്രീയത്തെയും നമ്മുടെ ഭരണസംവിധാനത്തെയും നമ്മുടെ സമൂഹത്തെയും ചിതലിനെപ്പോലെ ബാധിച്ചിരിക്കുന്നു. നമ്മുടെ പൊതുസ്ഥാപനങ്ങളൊന്നും ഈ ചിതലില്‍ നിന്ന് മുക്തമല്ല.

ഒരു ശരാശരി പൗരന് കള്ളത്തരത്തേയും അസൗകര്യങ്ങളെയും തമ്മില്‍ തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ പലപ്പോഴും അവര്‍ അസൗകര്യങ്ങള്‍ ഏറ്റ് വാങ്ങുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത് അവര്‍ സത്യവിരുദ്ധമായതിനെ പിന്തുണയ്ക്കില്ല.

നിങ്ങള്‍ ദീപാവലിക്ക് നിങ്ങളുടെ ചുറ്റുപാടുകള്‍ വൃത്തിയാക്കിയതുപോലെതന്നെ നമ്മുടെ രാജ്യത്തെ വൃത്തിയാക്കാന്‍ ഈ വലിയ ത്യാഗത്തില്‍ നിങ്ങളുടെ പങ്കും നിര്‍വഹിക്കാന്‍ ഒരിക്കല്‍ക്കൂടി ഞാന്‍ ക്ഷണിക്കുകയാണ്.

നമുക്ക് താല്‍ക്കാലിക ബുദ്ധിമുട്ടുകളെ അവഗണിക്കാം.

സത്യസന്ധതയുടെയും വിശ്വാസത്തിന്റെയും ഈ ഉത്സവത്തില്‍ നമുക്ക് പങ്ക് ചേരാം.

വരുംതലമുറകളെ അന്തസോടെ അവരുടെ ജീവിതം നയിക്കാന്‍ നമുക്ക് പ്രാപ്തരാക്കാം.

നമുക്ക് അഴിമതിക്കും കള്ളപ്പണത്തിനും എതിരേ പോരാടാം.

രാജ്യത്തിന്റെ സമ്പത്ത് പാവപ്പെട്ടവര്‍ക്ക് ഗുണകരമാകുമെന്ന് നമുക്ക് ഉറപ്പാക്കാം.

നിയമവിധേയമായി ജീവിക്കുന്ന പൗരന്മാര്‍ക്ക് അര്‍ഹമായ വിഹിതം നമുക്ക് സാധ്യമാക്കാം.

125 കോടി ജനങ്ങളില്‍ എനിക്ക് വിശ്വസമുണ്ട്, രാജ്യം വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

വളരെ നന്ദി…ഒരുപാട് നന്ദി.

നമസ്‌കാരം.

ഭാരത് മാതാ കീ ജയ