പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സൗഭാഗ്യ യോജന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ദീനദയാല്‍ ഊര്‍ജഭവന്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചു

പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹര്‍ ഘര്‍ യോജന അഥവാ സൗഭാഗ്യ ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്നതിനുള്ളതാണു പദ്ധതി.

പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പുതിയ ഒ.എന്‍.ജി.സി. കെട്ടിടമായ ദീനദയാല്‍ ഊര്‍ജ ഭവന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ബസ്സെയ്ന്‍ വാതകപ്പാടത്തിലെ ബൂസ്റ്റര്‍ കംപ്രസ്സര്‍ സൗകര്യവും അദ്ദേഹം രാഷ്ട്രത്തിനായി സമര്‍പ്പിച്ചു.

ചടങ്ങില്‍ പ്രസംഗിക്കവേ, ദരിദ്രരില്‍ ദരിദ്രരായവര്‍ക്കു ഗുണകരമാകുന്ന പദ്ധതികള്‍ ഏതു വിധത്തിലാണു ഗവണ്‍മെന്റ് നടപ്പാക്കിവരുന്നത് എന്നത് ഉയര്‍ത്തിക്കാട്ടാനായി ജന്‍ ധന്‍ യോജന, ഇന്‍ഷുറന്‍സ് പദ്ധതികള്‍, മുദ്ര യോജന, ഉജ്വല യോജന, ഉഡാന്‍ തുടങ്ങിയ പദ്ധതികളുടെ വിജയം ഉദാഹരണങ്ങളായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നിലവില്‍ വൈദ്യുതിയില്ലാത്ത നാലു കോടിയോളം വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹര്‍ ഘര്‍ യോജനയെക്കുറിച്ചും തദവസരത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു. 16,000 കോടി രൂപയുടേതാണു പദ്ധതി. സൗജന്യമായാണു വൈദ്യുതി കണക്ഷനുകള്‍ നല്‍കുകയെന്നു പ്രധാനമന്ത്രി അറിയിച്ചു.

ഒരു അവതരണത്തിന്റെ സഹായത്തോടെ പ്രസംഗിക്കവേ, വൈദ്യുതി എത്തിയിട്ടില്ലാത്ത 18,000 ഗ്രാമങ്ങള്‍ ആയിരം ദിവസംകൊണ്ടു വൈദ്യുതീകരിക്കുക എന്ന പദ്ധതിക്ക് എങ്ങനെ രൂപംനല്‍കിയെന്ന് അദ്ദേഹം വിശദീകരിച്ചു. മൂവായിരത്തില്‍ താഴെ ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കാന്‍ ബാക്കിയുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തു.

കല്‍ക്കരിക്ഷാമം പ്രസക്തമല്ലാതായിത്തീര്‍ന്നതെങ്ങനെ എന്നും ഊര്‍ജോല്‍പാദന ശേഷി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനം ലക്ഷ്യം മറികടന്നതെങ്ങനെ എന്നും അദ്ദേഹം വിശദീകരിച്ചു.

2022 ആകുമ്പോഴേക്കും പുനരുപയോഗിക്കാവുന്ന ഊര്‍ജം 175 ജിഗാവാട്‌സ് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ കാര്യത്തില്‍ നിരക്കു ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചതെങ്ങനെയെന്നു വ്യക്തമാക്കുകയും ചെയ്തു. വിതരണ ലൈനുകള്‍ ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

ഉദയ് പദ്ധതി ഊര്‍ജവിതരണ കമ്പനികളുടെ നഷ്ടം കുറച്ചുകൊണ്ടുവരാന്‍ എങ്ങനെ സഹായകമായി എന്നു വെളിപ്പെടുത്തിയ പ്രധാനമന്ത്രി, അതിനെ സഹകരണാടിസ്ഥാനത്തിലുള്ള മത്സരക്ഷമതയാര്‍ന്ന ഫെഡറലിസത്തിന്റെ ഉദാഹരണമായി എടുത്തുകാട്ടി.

ഉജാല പദ്ധതികൊണ്ടുള്ള നേട്ടങ്ങള്‍ വിശദീകരിക്കവേ, എല്‍.ഇ.ഡി. ബള്‍ബുകളുടെ വില ഗണ്യമായി താഴ്ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ഇന്ത്യക്ക് സമത്വം, പ്രവര്‍ത്തനമികവ്, അതിജീവനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഊര്‍ജ ചട്ടക്കൂട് ആവശ്യമാണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ തൊഴില്‍സംസ്‌കാരം ഊര്‍ജമേഖലയെ ശക്തിപ്പെടുത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു രാജ്യത്തിന്റെതന്നെ തൊഴില്‍സംസ്‌കാരത്തില്‍ ഗുണകരമായ മാറ്റം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.