പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫിലിപ്പീന്‍സിലേക്കു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന

ഫിലിപ്പീന്‍സിലേക്കു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കിയ പ്രസ്താവന:

‘നവംബര്‍ 12 മുതല്‍ ത്രിദിന സന്ദര്‍ശനത്തിനായി ഞാന്‍ മനിലയിലായിരിക്കും. ഉഭയകക്ഷി സന്ദര്‍ശനാര്‍ഥം ആദ്യമായി ഫിലിപ്പീന്‍സിലെത്തുന്ന ഞാന്‍ ആസിയാന്‍-ഇന്ത്യ, കിഴക്കനേഷ്യ ഉച്ചകോടികളിലും സംബന്ധിക്കും. എന്റെ ഗവണ്‍മെന്റിന്റെ ആക്റ്റ് ഈസ്റ്റ് നയമനുസരിച്ച് ഇന്‍ഡോ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായി, വിശേഷിച്ച് ആസിയാന്‍ അംഗങ്ങളായ രാജ്യങ്ങളുമായി, ഉള്ള ആഴത്തിലുള്ള ബന്ധം നിലനിര്‍ത്തുന്നതിന് ഇന്ത്യക്കുള്ള പ്രതിജ്ഞാബദ്ധതയെ അടയാളപ്പെടുത്തുന്നതായിരിക്കും ഈ സന്ദര്‍ശനം.

ഈ ഉച്ചകോടികള്‍ക്കു പുറമേ, ആസിയാന്റെ അമ്പതാമതു വാര്‍ഷികാഘോഷത്തിലും മേഖലാതകല സമഗ്ര സാമ്പത്തിക പങ്കാളിത്ത(ആര്‍.സി.ഇ.പി.) നേതാക്കളുടെ യോഗത്തിലും ആസിയാന്‍ കച്ചവട, നിക്ഷേപ ഉച്ചകോടിയിലും ഞാന്‍ സംബന്ധിക്കും.

ആസിയാന്‍ അംഗരാഷ്ട്രങ്ങളുമായാണ് നമ്മുടെ ആകെയുള്ള വ്യാപാരത്തിന്റെ 10.85 ശതമാനം. ഇവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ആസിയാന്‍ കച്ചവട, നിക്ഷേപ ഉച്ചകോടി സഹായകമാകും.

എന്റെ ആദ്യ സന്ദര്‍ശനവേളയില്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് ബഹുമാനപ്പെട്ട റോഡ്രിഗോ ദ്യൂറ്റെര്‍തെയുമായി കൂടിക്കാഴ്ച നടത്താന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. മറ്റു ആസിയാന്‍, ദക്ഷിണേഷ്യന്‍ ഉച്ചകോടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ വംശജരുമായി ബന്ധപ്പെടാന്‍ ഞാന്‍ പ്രത്യാശാപൂര്‍വം കാത്തിരിക്കുന്നു. രാജ്യാന്തര അരി ഗവേഷണ കേന്ദ്ര(ഐ.ആര്‍.ആര്‍.ഐ)വും മഹാവീര്‍ ഫിലിപ്പീന്‍സ് ഫൗണ്ടേഷന്‍ ഇന്‍കോര്‍പറേറ്റഡും (എം.പി.എഫ്.ഐ.)യും സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്.

മേത്തരം നെല്‍വിത്തു വികസിപ്പിച്ചെടുക്കുകവഴി ഭക്ഷ്യക്ഷാമം നേരിടുന്നതിന് ആഗോളസമൂഹത്തിനു സഹായം നല്‍കിയ സ്ഥാപനമാണ് ഐ.ആര്‍.ആര്‍.ഐ. ഒട്ടേറെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ആ സ്ഥാപനത്തില്‍ ജോലി ചെയ്യുകയും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സംഭാവനകള്‍ നല്‍കിവരികയും ചെയ്യുന്നുണ്ട്. വാരണാസിയില്‍ ദക്ഷിണേഷ്യന്‍ മേഖലാ കേന്ദ്രം തുടങ്ങാനുള്ള ഐ.ആര്‍.ആര്‍.ഐയുടെ നിര്‍ദേശത്തിന് തന്റെ മന്ത്രിസഭ 2017 ജൂലൈ 12ന് അംഗീകാരം നല്‍കിയിരുന്നു. ഫിലിപ്പീന്‍സിലെ ഏക കേന്ദ്രത്തിനു പുറമെ ഐ.ആര്‍.ആര്‍.ഐ.

ആരംഭിക്കുന്ന രണ്ടാമതു കേന്ദ്രമായിരിക്കും ഇത്. അരി ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനു സഹായം നല്‍കുകയും ഉല്‍പാദനച്ചെലവു കുറച്ചുകൊണ്ടുവരികയും മൂല്യവര്‍ധനയും വൈവിധ്യവല്‍ക്കരണവും കര്‍ഷകരുടെ നൈപുണ്യ വികസനവും സാധ്യമാക്കുകയും ചെയ്യുന്നതിനു വാരണാസി കേന്ദ്രം സഹായകമാകും.

എം.പി.എഫ്.ഐയില്‍ ഞാന്‍ നടത്തുന്ന സന്ദര്‍ശനം, ആവശ്യക്കാര്‍ക്ക് ‘ജയ്പൂര്‍ കാലുകള്‍’ സൗജന്യമായി നല്‍കുന്ന അവരുടെ പ്രവര്‍ത്തനത്തിനുള്ള ഇന്ത്യയുടെ പിന്‍തുണ വെളിപ്പെടുത്തുല്‍ കൂടിയായിരിക്കും. 1989ല്‍ സ്ഥാപിതമായതുമുതല്‍ ഈ കേന്ദ്രം 15,000 പേര്‍ക്ക് ജയ്പൂര്‍ കാലുകള്‍ വെച്ചുകൊടുത്തിട്ടുണ്ട്. മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയെന്ന നിലയില്‍ ഇന്ത്യാ ഗവണ്‍മെന്റെ ഫൗണ്ടേഷനു ചെറിയ തുക സംഭാവനയായി നല്‍കും.

എന്റെ മനില സന്ദര്‍ശനം ഫിലിപ്പീന്‍സുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷിബന്ധത്തിന് ഉണര്‍വു പകരുമെന്നും ആസിയാനുമായുള്ള രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, സാമൂഹ്യ-സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുമെന്നുമുള്ള ആത്മവിശ്വാസമുണ്ട്.’