പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബെംഗളുരുവില്‍ ദശമ സൗന്ദര്യലഹരി പാരായണോത്സവ മഹാസമര്‍പ്പണെയില്‍ പ്രധാനമന്ത്രി പങ്കെടുത്തു

ബെംഗളുരുവില്‍ ദശമ സൗന്ദര്യലഹരി പാരായണോത്സവ മഹാസമര്‍പ്പണെയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

ആദിശങ്കരാചാര്യര്‍ രചിച്ച ശ്ലോകസംഹിതയാണു സൗന്ദര്യലഹരി. ചടങ്ങില്‍ സൗന്ദര്യലഹരി സംഘമായി ആലപിക്കുകയും ചെയ്തു.

എല്ലാവരും ഒത്തുചേര്‍ന്നു ജപിക്കുന്ന ഈ അനുഭവം തനിക്കു സവിശേഷമായ ഊര്‍ജം പകരുന്നുവെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

ഏതാനും ദിവസം മുമ്പ് കേദാര്‍നാഥ് സന്ദര്‍ശിച്ചിരുന്നു എന്നു വ്യക്തമാക്കിയ അദ്ദേഹം, വിദൂരമായ ആ സ്ഥലത്തും ഇന്ത്യയിലെങ്ങുമുള്ള മറ്റു സ്ഥലങ്ങളിലും വളരെ ഹ്രസ്വമായ ജീവിതകാലത്തിനിടെ ആദിശങ്കരന്‍ വളരെയധികം കാര്യങ്ങള്‍ ചെയ്തുതീര്‍ത്തു എന്നതു തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.

വേദങ്ങളിലൂടെയും ഉപനിഷത്തുക്കളിലൂടെയും ആദിശങ്കരനാണ് ഇന്ത്യയെ ഒന്നിപ്പിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു.

ആദിശങ്കരന്‍ രചിച്ച സൗന്ദര്യലഹരിയുമായി സ്വയം ബന്ധപ്പെടുത്താന്‍ സാധാരണക്കാര്‍ക്കു സാധിക്കുമെന്ന് അദ്ദേഹം തുടര്‍ന്നു വ്യക്തമാക്കി.

സമൂഹത്തില്‍നിന്നു ദുരാചാരങ്ങളെ നീക്കുകവഴി ആദിശങ്കരാചാര്യര്‍ അവ വരുംതലമുറകളിലേക്കു വ്യാപിക്കുന്നതു തടഞ്ഞുവെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. വിവിധ ദര്‍ശനങ്ങളില്‍നിന്നും ചിന്തകളില്‍നിന്നും മികച്ചവയെ ആദി ശങ്കരന്‍ ഉള്‍ക്കൊണ്ടിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദി ശങ്കരാചാര്യരുടെ തപസ്സാണ് ഇന്നും നിലകൊള്ളുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുകയും ഒന്നിച്ചു മുന്നേറുകയും ചെയ്യുന്ന ഇന്ത്യന്‍ സംസ്‌കാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംസ്‌കാരമാണ് പുതിയ ഇന്ത്യയുടെ അടിത്തറ. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്ന മന്ത്രമാണ് ഇതില്‍ പിന്‍തുടരപ്പെടുന്നത്- പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ഒരര്‍ഥത്തില്‍ ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം എല്ലാ ആഗോളപ്രശ്‌നങ്ങള്‍ക്കും ഉത്തരം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുന്നതിനായിരുന്നു ഇന്ത്യയില്‍ എന്നും ഊന്നല്‍ നല്‍കിപ്പോന്നിരുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

നേരത്തേ 350 രൂപ വിലയുണ്ടായിരുന്ന എല്‍.ഇ.ഡി. ബള്‍ബുകള്‍ ഇപ്പോള്‍ ഉജാല പദ്ധതി പ്രകാരം നാല്‍പതോ നാല്‍പത്തഞ്ചോ രൂപയ്ക്കു ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 27 കോടിയിലധികം എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്തതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതു വൈദ്യുതിച്ചെലവ് കുറയാനും സഹായിക്കുന്നു.

ഉജ്വല യോജന വഴി മൂന്നു കോടിയിലധികം പാചകവാതക കണക്ഷനുകള്‍ വിതരണം ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. ഇതു ഗ്രാമീണ സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, പരിസര മലിനീകരണം കുറയ്ക്കുകയും ചെയ്തു.

നിരക്ഷരത, അജ്ഞത, പോഷകാഹാരക്കുറവ്, കള്ളപ്പണം, അഴിമതി തുടങ്ങിയ ശാപങ്ങളില്‍നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.