പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വച്ഛ് ഭാരത് ദിനാചരണം: സ്വച്ഛ് ഭൗരത് ദൗത്യത്തിന്റെ മൂന്നാം വാര്‍ഷികവും സ്വച്ഛതാ ഹി സേവാ ദ്വിവാരം സമാപനവും ചടങ്ങുകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

സ്വച്ഛ് ഭാരത് ദിനാചരണം: സ്വച്ഛ് ഭൗരത് ദൗത്യത്തിന്റെ മൂന്നാം വാര്‍ഷികവും സ്വച്ഛതാ ഹി സേവാ ദ്വിവാരാചരണ സമാപനവും ചടങ്ങുകളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

ഒക്ടോബര്‍ രണ്ടിനാണു മഹാത്മാ ഗാന്ധിയുടെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ജന്മദിനമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സ്വച്ഛ് ഭാരത് എന്ന ലക്ഷ്യത്തിലേക്ക് എത്രമാത്രം മുന്നേറാന്‍ നമുക്കു സാധിച്ചു എന്നു തിരിച്ചറിയാന്‍ സാധിക്കേണ്ട അവസരവുമാണ് ഇതെന്നു പ്രധാനമന്ത്രി പറഞ്ഞു.

മൂന്നു വര്‍ഷം മുമ്പ് കടുത്ത വിമര്‍ശനങ്ങള്‍ക്കു നടുവില്‍, എങ്ങനെയാണു സ്വച്ഛ് ഭാരത് പ്രസ്ഥാനത്തിനു തുടക്കമിട്ടതെന്ന് അദ്ദേഹം അനുസ്മരിച്ചു. മഹാത്മാ ഗാന്ധി കാട്ടിത്തന്ന പാത തെറ്റാവില്ലെന്നു തനിക്ക് ഉറപ്പുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. വെല്ലുവിളികള്‍ മുന്നിലുണ്ടെങ്കിലും തോറ്റു പിന്‍മാറരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ശുചിത്വത്തിന്റെ ആവശ്യകതയെക്കുറിച്ചു ജനങ്ങള്‍ ഒരേ സ്വരത്തില്‍ സംസാരിക്കുന്ന സാഹചര്യം ഇപ്പോഴുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നേതാക്കളുടെയോ ഗവണ്‍മെന്റുകളുടെയോ മാത്രം ശ്രമംകൊണ്ടു ശുചിത്വം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കില്ലെന്നും സമൂഹത്തിന്റെ ശ്രമങ്ങളിലൂടെ മാത്രമേ അതു സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ജന്‍ ഭാഗിദാരിയെ പ്രശംസിക്കേണ്ടതാണെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇന്നു സ്വച്ഛത അഭിയാന്‍ ഒരു സാമൂഹിക മുന്നേറ്റമായിത്തീര്‍ന്നുവെന്നു കൂട്ടിച്ചേര്‍ത്തു. ഇതുവരെ ഇക്കാര്യത്തില്‍ എന്തു നേട്ടമുണ്ടാക്കാന്‍ സാധിച്ചുവോ അതു സ്വച്ഛഗ്രഹികളുടെ കൂടി നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

സത്യഗ്രഹികളാണു സ്വരാജ്യം നേടിയെടുത്തതെങ്കില്‍ സ്വച്ഛഗ്രഹികള്‍ ശ്രേഷ്ഠ ഭാരതം സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

‘സ്വച്ഛതാ ഹി സേവ’ ദ്വിവാരാചരണത്തില്‍ പങ്കാളികളായവരെ അഭിനന്ദിച്ച അദ്ദേഹം, കുറേക്കൂടി കാര്യങ്ങള്‍ ചെയ്യാനുണ്ടന്നു കൂട്ടിച്ചേര്‍ത്തു.

ദേശീയ തലത്തിലുള്ള ഉപന്യാസം, ചായമിടല്‍, ചലച്ചിത്ര മത്സരങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്ത പ്രധാനമന്ത്രി, ഡിജിറ്റല്‍ പ്രദര്‍ശനം നടക്കുന്ന ഒരു ഗ്യാലറി സന്ദര്‍ശിക്കുകയും ചെയ്തു.