പിഎം ഇന്ത്യ

മേഖലാതലത്തിലും ലോകത്താകെയുമുള്ള ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ച് ബാങ്കോക്കില്‍വെച്ച് ആസിയാനുമായി ബന്ധപ്പെട്ട ഉച്ചകോടികള്‍ക്കു മുന്‍പായി പ്രധാനമന്ത്രി ബാങ്കോക്ക് പോസ്റ്റിനു നല്‍കിയ അഭിമുഖം

500x500

നാളെ നടക്കുന്ന 16ാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയും തിങ്കളാഴ്ച നടക്കുന്ന മൂന്നാമത് ആര്‍.സി.ഇ.പി. ഉച്ചകോടിയും ഉള്‍പ്പെടെയുള്ള 35ാമത് ആസിയാന്‍ ഉച്ചകോടിക്കും ബന്ധപ്പെട്ട ഉച്ചകോടികള്‍ക്കും മുന്നേ മേഖലയിലും ലോകത്താകെയും ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ ബാങ്കോക്ക് പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കുവെച്ചു.

അഭിമുഖത്തിന്റെ പകര്‍പ്പ്:

താങ്കളുടെ നേതൃത്വത്തില്‍ ഇന്ത്യ ആഗോളശക്തി ആയിത്തീര്‍ന്നതായി കരുതുന്നുണ്ടോ?
വലിയ അളവില്‍ സമ്പത്തും വൈവിധ്യവുമുള്ള പുരാതന സംസ്‌കാരമാണ് ഇന്ത്യയുടേതെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. ഏതാനും നൂറ്റാണ്ടുകള്‍ക്കു മുന്‍പു വരെ ആഗോള വളര്‍ച്ചയില്‍ നല്ല ശതമാനവും സംഭാവന ചെയ്തിരുന്നത് ഇന്ത്യയാണ്. ശാസ്ത്രം, സാഹിത്യം, തത്വശാസ്ത്രം, കല, കെട്ടിടനിര്‍മാണം എന്നീ മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ഇതൊക്കെ സാധിച്ചതു മറ്റുള്ളവരുടെ മീതെ മേല്‍ക്കൈ നേടിക്കൊണ്ടല്ല; മറിച്ചു കടല്‍ കടന്നുപോലും സ്ഥാപിച്ച നീണ്ട കാലത്തെ ബന്ധത്താലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമ്പത്തിക രംഗത്തായാലും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിലായാലും ബഹിരാകാശ രംഗത്തായാലും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിലായാലും ലോകത്തിനു നല്‍കിവരുന്ന സംഭാവന ഇന്ത്യ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ന് ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ഏറ്റവുമധികം സംഭാവന അര്‍പ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. തങ്ങളുടെ ശേഷി തിരിച്ചറിയാന്‍ സഹായിക്കുന്ന ശരിയായ പരിസ്ഥിതിനയം ലഭിക്കുകയാണെങ്കില്‍ തങ്ങള്‍ രണ്ടാം സ്ഥാനക്കാരാവില്ലെന്ന് ഇന്ത്യന്‍ ജനത വ്യക്തമായി തെളിയിച്ചിട്ടുള്ളതാണ്.

ഇന്ത്യന്‍ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ പ്രചരണ പദ്ധതിയായി ‘ജീവിതം സുഗമമാക്കല്‍’ പ്രചരണം ഇന്ത്യ നടത്തിവരികയാണ്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം, മെച്ചപ്പെട്ട സേവനങ്ങള്‍, മെച്ചപ്പെട്ട സാങ്കേതിക വിദ്യ എന്നിവയിലൂടെ ജനങ്ങളുടെ ഉല്‍പാദനശേഷി വര്‍ധിപ്പിക്കാനും ശ്രമം നടത്തിവരുന്നു.

എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുകയും 35 കോടിയോളം പൗരന്‍മാരെ ബാങ്കിങ് സംവിധാനത്തിലേക്കു കൊണ്ടുവരികയും സാമൂഹിക പദ്ധതികള്‍ക്കായുള്ള പണം ചോരുന്നതു കുറയ്ക്കുകയും ഗ്രാമ-നഗര പ്രദേശങ്ങൡലായി 15 കോടി ശൗചാലയങ്ങള്‍ നിര്‍മിക്കുകയും സേവനങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുകയും ഭരണം മെച്ചപ്പെടുത്തുകയും ഫിന്‍ടെക് ഉപകരണങ്ങളുടെ ഏറ്റവും വളര്‍ച്ചയുള്ള വിപണിയായി മാറാന്‍ അതിവേഗമുള്ള കുതിപ്പു നടത്തുകയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അതിവേഗം വളരുന്ന സഞ്ചാരപഥത്തിലേക്കു മാറ്റുകയും വഴിയാണ് ഇതു സാധിച്ചത്. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്റെ ലോകബാങ്ക് സൂചികയില്‍ 80 സ്ഥാനം മുകളിലേക്ക് ഉയരാന്‍ സാധിച്ചു. പാരമ്പര്യത്തെ പരമാവധി സംരക്ഷിച്ചുകൊണ്ടും ജനാധിപത്യ ചട്ടക്കൂടിനകത്തുനിന്നുകൊണ്ടും ആണ് ഇതു സാധിച്ചത്.

‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസം’ എന്നതാണു ഞങ്ങളുടെ മന്ത്രം. എല്ലാവരും എന്നതുകൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നതു കേവലം ഇന്ത്യന്‍ പൗരന്‍മാരല്ല, മറിച്ചു മാനവകുലം ഒന്നാകെയാണ്.

അതിനാല്‍, സൗഹാര്‍ദമുള്ള അയല്‍രാഷ്ട്രങ്ങളുമായെല്ലാം വികസന പങ്കാളിത്തങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ആഗോള തലത്തില്‍ ഉള്ളതും അതിര്‍ത്തി കടന്നുള്ളതുമായ വെല്ലുവിളികളെ നേരിടാന്‍ രാജ്യാന്തര പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചുവരികയും ചെയ്യുന്നു. രാജ്യാന്തര സൗരോര്‍ജ സഖ്യവും പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന അടിസ്ഥാന സൗകര്യം യാഥാര്‍ഥ്യമാക്കുന്നതിനുള്ള സഖ്യവും ഇവയില്‍ പെടും.

ആനുകാലിക യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ബഹുരാഷ്ട്ര സംവിധാനം ശക്തിപ്പെടുത്താനും പരിഷ്‌കരിക്കാനും ശക്തമായ നിലപാടുമായി ഇന്ത്യ രംഗത്തുണ്ട്. ആഗോള തലത്തില്‍ അനിശ്ചിതത്വങ്ങള്‍ ഉടലെടുക്കുമ്പോള്‍ തുടര്‍ച്ചയായി വളര്‍ച്ച രേഖപ്പെടുത്തുന്ന കരുത്തുറ്റ ജനാധിപത്യ ഇന്ത്യ സ്ഥിരതയുടെയും അഭിവൃദ്ധിയുടെയും സമാധാനത്തിന്റെയും ദീപസ്തംഭമായി നിലകൊള്ളുന്നു.

21ാം നൂറ്റാണ്ട് ഏഷ്യയുടേതായിരിക്കും എന്നാണു പറയുന്നത്. ഏഷ്യയുടെയും ലോകത്തിന്റെയും പരിവര്‍ത്തനത്തിനായി സംഭാവനകള്‍ അര്‍പ്പിക്കാന്‍ ഇന്ത്യ സജ്ജമാണ്.

ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയില്‍ ആസിയാനുള്ള പ്രാധാന്യം എന്താണ്?
ആക്റ്റ് ഈസ്റ്റ് പോളിസിയുടെ കേന്ദ്രബിന്ദു ആസിയാനാണ്. ഇതുവരെ 16 വര്‍ഷമായി തടസ്സമില്ലാതെ ഉച്ചകോടി തലത്തിലുള്ള സംഭാഷണങ്ങള്‍ നടത്തുന്ന സഹകരണ സ്വഭാവമുള്ള സംവിധാനമാണ് അത്.

ഇത് ആസിയാന്‍ മേഖല ഇന്ത്യന്‍ മഹാസമുദ്ര മേഖലയുടെ പ്രധാന കവാടമായതുകൊണ്ടോ സാംസ്‌കാരികമായി ഇന്ത്യയുമായി വളരെ ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ടോ മാത്രമല്ല. ആസിയാന്‍ ലോകത്തിലെ സാമ്പത്തികമായും രാഷ്ട്രീയമായും ഏറ്റവും സജീവമായ മേഖലകളിലൊന്നാണ് എന്നതുകൊണ്ടു കൂടിയാണ്. സജീവമായി മാറുന്ന ഇന്‍ഡോ-പസഫിക്കില്‍ കേന്ദ്രസ്ഥാനമുള്ള, കരുത്തുറ്റതും ഐക്യപൂര്‍ണവും അഭിവൃദ്ധി നിറഞ്ഞതുമായി ആസിയാനെ കാണാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. ഇത് ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമുള്ള പ്രത്യേക താല്‍പര്യംകൂടി മുന്‍നിര്‍ത്തിയാണ്.

ആസിയാനുമായുള്ള ബന്ധം ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയിലും തന്ത്രത്തിലും പ്രധാന ഘടകമായി തുടരും. അടുത്ത സാംസ്‌കാരിക ബന്ധം ഉറച്ചതും ആധുനികവും ബഹുമുഖവുമായ തന്ത്രപ്രധാന പങ്കാളിത്തത്തിന് അടിത്തറയേകി. ആസിയാനെ ശക്തിപ്പെടുത്തുക, കണക്റ്റിവിറ്റി വര്‍ധിപ്പിക്കുക, ഇന്ത്യന്‍-ഏഷ്യന്‍ സാമ്പത്തിക ഏകീകരണം മെച്ചപ്പെടുത്തുക എന്നിവയാണ് ആക്റ്റ് ഈസ്റ്റ് പോളിസിയില്‍ മുന്‍ഗണന കല്‍പിക്കപ്പെടുന്ന കാര്യങ്ങള്‍.

സംഘടനയ്ക്കു നേതൃത്വം നല്‍കുന്ന തായ്‌ലന്‍ഡ് ഇന്ത്യയും ആസിയാനും തമ്മിലുള്ള അടുത്ത ബന്ധം സാധ്യമാക്കുന്നതിനു നേതൃത്വം നല്‍കുന്നതില്‍ നന്ദിയുണ്ട്.

മേഖലാതല സുരക്ഷാ സംവിധാനത്തില്‍ എന്തു പങ്കാണ് ഇന്ത്യ വഹിക്കുക?
ഇന്‍ഡോ-പസഫിക്കിനെ സംബന്ധിച്ച വീക്ഷണം ഇന്ത്യ രേഖപ്പെടുത്തുകയും അതു മേഖലയിലെ രാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സമുദ്ര മേഖലയുടെ പ്രാധാന്യവും പരസ്പര ബന്ധിത സ്വഭാവവും തിരിച്ചറിഞ്ഞുകൊണ്ടുള്ളതാണ് ഇത്. ഇതു സംബന്ധിച്ച ഞങ്ങളുടെ വീക്ഷണം കഴിഞ്ഞ വര്‍ഷം സിംഗപ്പൂരില്‍ നടന്ന ഷാംഗ്രി-ല സംഭാഷണത്തില്‍ ഞാന്‍ വ്യക്തമായി വിശദീകരിച്ചിരുന്നു. ഇന്‍ഡോ-പസഫിക്കിനായുള്ള മേഖലാതല സുരക്ഷാ സംവിധാനം തുറന്നതും സുതാര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും നിയമാധിഷ്ഠിതവും രാജ്യാന്തര നിയമങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തിയതും ആയിരിക്കണമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. യു.എന്‍. കണ്‍വെന്‍ഷന്‍ ഓണ്‍ ദ് ലോ ഓഫ് ദ് സീ ഉള്‍പ്പെടെയുള്ള രാജ്യാന്തര നിയമത്തിനനുസൃതമായി, മേഖലയില്‍ കപ്പല്‍ഗതാഗതത്തിനും വ്യോമഗതാഗതത്തിനും വ്യാപാരത്തിനുമുള്ള സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള സുസ്ഥിരമായ നാവിക സുരക്ഷ മേഖലാതല സുരക്ഷാ സംവിധാനത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്.
സാഗര്‍ എന്ന ആശയം 2015ല്‍ പ്രഖ്യാപിച്ചതു ഞാനാണ്. മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷയും വളര്‍ച്ചയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാഗര്‍ എന്നാല്‍ ഹിന്ദിയില്‍ കടലാണ്. ഈ വീക്ഷണം പരസ്പര വിശ്വാസം വളര്‍ത്തുകയും സുരക്ഷാ സഹകരണം വികസിപ്പിക്കുകയും വഴി സാധ്യമാക്കാനാണു നാം ഉദ്ദേശിക്കുന്നത്. നിലവിലുള്ള ചട്ടക്കൂടുകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി മേഖലാതല സുരക്ഷാ സംവിധാനവും അതിന് അടിവരയിടുന്ന തത്വങ്ങളും സംബന്ധിച്ചു പൊതുധാരണ രൂപീകരിക്കുന്നതിനായും പൊതു സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനായി പ്രായോഗികമായ സ്ഥാപനവല്‍കൃതമായ ചട്ടക്കൂട് വികസിപ്പിക്കുന്നതിനായും ഇന്ത്യ പ്രവര്‍ത്തിക്കും.

ഇന്ത്യയുടെ ഇന്‍ഡോ-പസഫിക് വീക്ഷണം ഇന്‍ഡോ-പസഫിക്കിനെ സംബന്ധിച്ച ആസിയാന്റെ വീക്ഷണവുമായി എങ്ങനെയാണു യോജിച്ചുപോവുക?
ഇന്ത്യയുടെ ഇന്‍ഡോ-പസഫിക് വീക്ഷണവുമായി അങ്ങേയറ്റം സാമ്യമുള്ള, വിശേഷിച്ച് തത്വങ്ങളും സമീപനവും വെച്ചു നോക്കുമ്പോള്‍, വീക്ഷണം ഇന്‍ഡോ-പസഫിക്കിനെ സംബന്ധിച്ചു വെച്ചുപുലര്‍ത്തുന്നതിന് ആസിയാനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഇന്‍ഡോ-പസഫിക് വീക്ഷണം വികസിപ്പിക്കുന്നതില്‍ ആസിയാന്റെ ഐക്യവും കേന്ദ്രസ്ഥാനവും നിര്‍ണായകമാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ഇങ്ങനെ കരുതുന്നത് ആസിയാന്റെ ഭൂമിശാസ്ത്രപരമായ കേന്ദ്രസ്ഥാനം മാത്രം അംഗീകരിച്ചുകൊണ്ടല്ല. മറിച്ച് ആസിയാന്റെ നേതൃത്വത്തിലുള്ള മേഖലാതല പ്രവര്‍ത്തനങ്ങള്‍ മേഖലാതലത്തിലെ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു ലഭ്യമായ ഏറ്റവും പങ്കാളിത്തമുള്ള വേദി ആയതുകൊണ്ടുകൂടിയാണ്. നേതാക്കള്‍ നയിക്കുന്ന ഏക ഫോറമായ കിഴക്കന്‍ ഏഷ്യന്‍ ഉച്ചകോടി ഇതില്‍ പ്രത്യേകം എടുത്തുപറയേണ്ടതാണ്.

സമാധാനപൂര്‍ണവും പുരോഗമനപരവുമായ ഇന്‍ഡോ-പസഫിക് മേഖല സാധ്യമാക്കുന്നതിനുള്ള ഇന്ത്യയുടെയും ആസിയാന്റെയും മുന്‍ഗണനാക്രമത്തില്‍ നാവിക സുരക്ഷയും കണക്റ്റിവിറ്റിയും സാമ്പത്തിക വളര്‍ച്ചയും സുസ്ഥിര വികസനവും പൊതുവായി ഉള്ളതാണ്. ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ആസിയാന്‍ പങ്കാളികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്.

പല മേഖലാതല ശക്തികളും മല്‍സരിക്കുന്ന മെക്കോങ് ഉപമേഖലയിലെ സംഭവവികാസങ്ങള്‍ ആശങ്കപ്പെടുത്തുന്നുണ്ടോ?

മേഖലയിലെ രാജ്യങ്ങളുമായി ദീര്‍ഘകാലത്തെ നാവിക, വ്യാപാര, സാംസ്‌കാരിക, നാഗരിക ബന്ധമാണ് ഇന്ത്യക്കുള്ളത്. പുതിയ കാലത്ത് ഇന്ത്യ ഈ ബന്ധം പുതുക്കുകയും പുതിയ മേഖലാതല പങ്കാളിത്തങ്ങള്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്തിട്ടുണ്ട്. 19 വര്‍ഷത്തിനുശേഷം മെക്കോങ്-ഗംഗ സഹകരണം രൂപീകരിച്ചത് അത്തരത്തിലുള്ള ഒരു നടപടിയാണ്. തായ്‌ലന്‍ഡിന്റെ നേതൃത്വത്തിലുള്ള ആയെയാവാദി-ഛാവോ ഫ്രയ-മെക്കോങ് സാമ്പത്തിക സഹകരണ തന്ത്ര(എ.സി.എം.ഇ.സി.എസ്.)ത്തില്‍ ഇന്ത്യ അടുത്തിടെ ചേര്‍ന്നു. മെക്കോങ് രാജ്യങ്ങളിലെ പ്രധാന ബാഹ്യ പങ്കാളികളെ ഒരുമിപ്പിക്കുക വഴി ഏകോപനം സാധ്യമാക്കാനും സഹകരണത്തിനുള്ള ശ്രമങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കാനുമാണ് നാം ഇതിലൂടെ ഉദ്ദേശിക്കുന്നത്.

അതേസമയം, ഈ മേഖലാതല ചട്ടക്കൂടുകളുടെ വ്യത്യസ്തമായ നിലനില്‍പും ഊന്നലും സംബന്ധിച്ചുള്ള അവബോധം നമുക്കുണ്ട്. ഉദാഹരണത്തിന്, ആസിയാന്‍-ഇന്ത്യ ഡയലോഗ് റിലേഷന്‍സ്, മെക്കോങ്-ഗംഗ കോ-ഓപ്പറേഷന്‍, ബിംസ്റ്റെക് എന്നീ ചട്ടക്കൂടുകള്‍ സംബന്ധിച്ച് മെക്കോങ് രാജ്യങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ് ഇന്ത്യ. ഈ ചട്ടക്കൂടുകളില്‍ കൈകാര്യം ചെയ്യപ്പെടുന്ന കാര്യങ്ങള്‍ ഒന്നു തന്നെയാകാമെങ്കിലും പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുന്ന സംവിധാനങ്ങളും പിന്‍തുടരുന്ന നടപടിക്രമങ്ങളും സഹകരണത്തിന്റെ തീവ്രതയും വ്യത്യാസപ്പെട്ടിരിക്കുന്നു.

മെക്കോങ് ഉപമേഖലയിലുള്ള വിവിധ കൂട്ടായ്മകള്‍ക്കു സൗഹാര്‍ദപൂര്‍വം നിലനില്‍ക്കാനും മേഖലയുടെയും പങ്കാളികളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കുമായി ഒരുമിക്കാനും വളരെയധികം സാധ്യതകള്‍ ഉണ്ട്.

എങ്ങനെയാണ് ബിംസ്‌റ്റെക് വിശാലമായ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഭാഗമാവുക?
ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി-സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ-ഓപ്പറേഷ(ബിംസ്റ്റെക്)ന് ഇന്ത്യ വലിയ പ്രാധാന്യം കല്‍പിച്ചുവരുന്നു. ദക്ഷിണേഷ്യയില്‍നിന്ന് അഞ്ചംഗങ്ങളും (ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക) ദക്ഷിണപൂര്‍വേഷ്യയില്‍നിന്ന് രണ്ട് അംഗങ്ങളും (മ്യാന്‍മര്‍, തായ്‌ലന്‍ഡ്) ചേര്‍ന്ന, ദക്ഷിണേഷ്യയും ദക്ഷിണ പൂര്‍വ ഏഷ്യയും തമ്മിലുള്ള സവിശേഷമായ ബന്ധം സാധ്യമാക്കുന്ന കൂട്ടായ്മയാണ് ഇത്.

ബിംസ്റ്റെക് ചാര്‍ട്ടറിന്റെ കരടു തയ്യാറാക്കുക, ബിംസ്റ്റെക് വികസന ഫണ്ടിന്റെ സാധ്യതകള്‍ തേടുക തുടങ്ങി മേഖലാതല സഹകരണത്തിലും ബിംസ്റ്റെക്കിന്റെ സ്ഥാപനപരമായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും കാഠ്മണ്ഡുവില്‍ നടന്ന നാലാമതു ബിംസ്റ്റെക് ഉച്ചകോടി ശ്രദ്ധേയമായ ചുവടു വെച്ചു. ആ ഉച്ചകോടി അര്‍ഥവത്താക്കുന്നതില്‍ ഇന്ത്യ സജീവ പങ്കാളിത്തം വഹിച്ചിരുന്നു. സുരക്ഷ, പ്രകൃതിദുരന്ത പരിപാലനം, സമ്പദ്‌വ്യവസ്ഥയും കച്ചവടവും, കൃഷി, ആരോഗ്യവും ഡിജിറ്റല്‍ കണക്റ്റിവിറ്റിയും, സാംസ്‌കാരിക-യുവജന ബന്ധം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ബിംസ്റ്റെക് സഹകരണവും ശേഷിയും വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യ പല നടപടികളും കൈക്കൊള്ളുമെന്നു ഞങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ആക്റ്റ് ഈസ്റ്റ് പോളിസിയുടെ പ്രധാന ഘടകമാണ് ബിംസ്റ്റെക്കെന്ന് ഇന്ത്യ വിശ്വസിക്കുന്നു.

കഴിഞ്ഞ മേയ് അവസാനം എന്റെ നേതൃത്വത്തിലുള്ള രണ്ടാമതു ഗവണ്‍മെന്റിന്റെ സത്യപ്രതിജ്ഞാ വേളയില്‍ ബിംസ്റ്റെക് നേതാക്കള്‍ പങ്കെടുത്തിരുന്നുവെന്നു നേതാക്കള്‍ക്ക് അറിയാവുന്നതാണല്ലോ. നേതാക്കള്‍ പങ്കെടുക്കുക വഴി അടുത്ത ബന്ധത്തെ ഓര്‍മിപ്പിക്കുന്നതുകൂടിയാണു ഞങ്ങള്‍ക്കു ലഭിച്ച ആ വലിയ അംഗീകാരം.

ബിംസ്റ്റെക്കിലെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ തായ്‌ലന്‍ഡ് വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ടെന്നു പ്രത്യേകം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ആര്‍.സി.ഇ.പി. വ്യാപാര ഇടപാടില്‍ ചേരാന്‍ ഇന്ത്യ മടിക്കുന്നതായി നിരീക്ഷിക്കപ്പെടുന്നു. ഈ വര്‍ഷം ആര്‍.സി.ഇ.പി. ചര്‍ച്ചകള്‍ പൂര്‍ണമാക്കാന്‍ സാധിക്കുമെന്നു താങ്കള്‍ കരുതുന്നുണ്ടോ? ലക്ഷ്യപ്രാപ്തിക്കായി എന്തു ചെയ്യണമെന്നാണു കരുതുന്നത്?

ലോകത്തില്‍ ഇന്ന് ബിസിനസ് ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ തുറന്ന സ്ഥലമാണ് ഇന്ത്യ. ലോകബാങ്കിന്റെ ‘ബിസിനസ് ചെയ്യുന്നതു സുഗമമാക്കല്‍’ പട്ടികയില്‍ 142ാമതു സ്ഥാനത്തുനിന്ന് കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടെ 63ാം സ്ഥാനത്തേക്ക് ഉയരാന്‍ സാധിച്ചു എന്നതില്‍നിന്ന് ഇതു പ്രകടമാണ്.

സമ്പദ്‌വ്യവസ്ഥകളെ സമന്വയിപ്പിക്കുന്നതിലും ദരിദ്രരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും ആഗോള വ്യാപാരത്തിനുള്ള ശക്തിയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

നടന്നുകൊണ്ടിരിക്കുന്ന ആര്‍.സി.ഇ.പി. ചര്‍ച്ചകള്‍ക്കു സമഗ്രവും സമീകൃതവുമായ ഫലം ഉറപ്പുവരുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ചര്‍ച്ചകള്‍ വിജയിക്കേണ്ടത് ബന്ധപ്പെട്ട എല്ലാവരുടെയും ആവശ്യമാണ്. അതിനാല്‍ ഇന്ത്യ ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവ സംബന്ധിച്ച സന്തുലനം കാംക്ഷിക്കുന്നു.

ചരക്കുകള്‍ സംബന്ധിച്ചു പങ്കാളികള്‍ക്കുള്ള ഉയര്‍ന്ന പ്രതീക്ഷ ഞങ്ങള്‍ തിരിച്ചറിയുന്നു. വിജയകരമായ ഫലമാണു ഞങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതു സാധ്യമാക്കാന്‍ സുസ്ഥിരമല്ലാത്ത നമ്മുടെ വ്യാപാര കമ്മി പ്രശ്‌നത്തെ അഭിസംബോധന ചെയ്യേണ്ടതു പ്രധാനമാണെന്നു ഞങ്ങള്‍ കരുതുന്നു. വിശാലമായ ഇന്ത്യന്‍ വിപണിയും നമ്മുടെ ബിസിനസിനു നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന ചില മേഖലകളിലെ സാധ്യതകളും തിരിച്ചറിയപ്പെടണം.

നാം അര്‍ഥവത്തായ നിര്‍ദേശങ്ങള്‍ തെളിമയോടെ മുന്നോട്ടുവെച്ചിട്ടുണ്ടെന്നു മാത്രമല്ല, ആത്മാര്‍ഥമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുവരികയുമാണ്. അവരുടെ അതിവൈകാരികതയെ അഭിസംബോധന ചെയ്യാന്‍ തയ്യാറാണെങ്കിലും നമ്മുടെ പല പങ്കാളികളില്‍നിന്നും സേവനങ്ങളെക്കുറിച്ചു തുല്യനിലയിലുള്ള ലക്ഷ്യബോധം നാം പ്രതീക്ഷിക്കുന്നു.

എല്ലാറ്റിനും ഉപരി, പരസ്പരം ഗുണകരവും എല്ലാവര്‍ക്കും നേട്ടം പകരുന്നതുമായ ആര്‍.സി.ഇ.പി. ഇന്ത്യക്കും എല്ലാ പങ്കാളികള്‍ക്കും താല്‍പര്യമുള്ളതാണ്.

No More Interview

ലോഡിംഗ് ...