പിഎം ഇന്ത്യ

ശ്രീ പി.വി.നരസിംഹ റാവു

ജൂണ്‍ 21, 1991 - മെയ് 16, 1996 | കോണ്‍ഗ്രസ് (ഐ)

ശ്രീ പി.വി.നരസിംഹ റാവു

ശ്രീ പി.രംഗറാവുവിന്റെ മകനായ ശ്രീ പി.വി.നരസിംഹറാവു 1921 ജൂണ്‍ എട്ടിനു കരിംനഗറില്‍ ജനിച്ചു. ഹൈദരാബാദിലെ ഓസ്മാനിയ സര്‍വകലാശാലയിലും ബോംബെ സര്‍വകലാശാലയിലും നാഗ്പൂര്‍ സര്‍വകലാശാലയിലുമായി വിദ്യാഭ്യാസം നേടി. താരതമ്യേന ചെറിയ പ്രായത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. മൂന്ന് ആണ്‍മക്കളും അഞ്ചു പെണ്‍മക്കളുമാണ് ഇവര്‍ക്കുള്ളത്.

കര്‍ഷകനും അഭിഭാഷകനുമായിരുന്ന ശ്രീ റാവു രാഷ്ട്രീയത്തില്‍ ചേരുകയും പല പ്രധാനപ്പെട്ട പദവികളും വഹിക്കുകയും ചെയ്തു. 1962-64ല്‍ ആന്ധ്രാപ്രദേശിലെ നിയമ, വാര്‍ത്താവിതരണ മന്ത്രിയായി പ്രവര്‍ത്തിച്ചു. 1964 മുതല്‍ 67 വരെ നിയമം, എന്‍ഡോവ്‌മെന്റ് വകുപ്പുകളുടെയും 1967ല്‍ ആരോഗ്യ, മരുന്നു വകുപ്പുകളുടെയും 1967ല്‍ വിദ്യാഭ്യാസ വകുപ്പിന്റെയും മന്ത്രിയായി സംസ്ഥാനത്തു പ്രവര്‍ത്തിച്ചു. 1971 മുതല്‍ 73 വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിപദം അലങ്കരിച്ചു. 1975-76ല്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. 1968-74 കാലത്ത് ആന്ധ്രാപ്രദേശിലെ തെലുങ്ക് അക്കാദമിയുടെ ചെയര്‍മാനായും 1972 മുതല്‍ മദ്രാസിലെ ദക്ഷിണ്‍ ഭാരത് ഹിന്ദി പ്രചാര്‍ സഭയുടെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1957 മുതല്‍ 1977 വരെ ആന്ധ്രാപ്രദേശ് നിയമസഭാംഗമായിരുന്നു. 1977 മുതല്‍ 1984 വരെ ലോക്‌സഭാംഗവുമായിരുന്നു. 1984 ഡിസംബറില്‍ രാംടെക്കില്‍നിന്നാണ് എട്ടാമത്തെ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. പബ്ലിക് അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ 1978-79ല്‍ ലണ്ടന്‍ സര്‍വകലാശാലയിലെ ദ് സ്‌കൂള്‍ ഓഫ് ഏഷ്യന്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ് സംഘടിപ്പിച്ച കോണ്‍ഫറന്‍സ് ഓണ്‍ സൗത്ത് ഏഷ്യയില്‍ പങ്കെടുത്തു. ഭാരതീയ വിദ്യാഭവന്റെ ആന്ധ്ര സെന്ററിന്റെ ചെയര്‍മാനായിരുന്നു. 1980 ജനുവരി 14 മുതല്‍ 1984 ജുലൈ 18 വരെ വിദേശകാര്യമന്ത്രിയായി സേവനം അനുഷ്ഠിച്ചു. 1984 ജൂലൈ 19 മുതല്‍ ഡിസംബര്‍ 31 വരെ ആഭ്യന്തരമന്ത്രിയായും 1984 ഡിസംബര്‍ 31 മുതല്‍ 1985 സെപ്റ്റംബര്‍ 25 വരെ പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു. 1986 സെപ്റ്റംബര്‍ 25ന് മനുഷ്യവിഭവശേഷി മന്ത്രിയായി ചുമതലയേറ്റു.

പലതിനോടും പ്രതിപത്തി പുലര്‍ത്തിയിരുന്ന ശ്രീ റാവു സംഗീതവും സിനിമയും നാടകവും ഏറെ ഇഷ്ടപ്പെട്ടിരുന്നു. സാഹിത്യത്തോടു പൊതുവേയുള്ള താല്‍പര്യത്തിനപ്പുറം ഹിന്ദിയിലും തെലുങ്കിലും കവിതകള്‍ രചിച്ചു. രാഷ്ട്രീയ അപഗ്രഥനങ്ങളും എഴുതിയിരുന്നു. പുതിയ ഭാഷകള്‍ പഠിക്കാന്‍ എന്നും താല്‍പര്യം പുലര്‍ത്തി. ഇന്ത്യന്‍ തത്വചിന്തകളും സംസ്‌കാരവുമായിരുന്നു മറ്റൊരു ഇഷ്ടവിഷയം. ശ്രീ വിശ്വനാഥ സത്യനാരായണന്‍ രചിച്ച തെലുങ്കു നോവലായ ‘വേയി പാടഗലു’ ഹിന്ദിയിലേക്ക് ‘സഹസ്രഫണ്‍’ എന്ന പേരില്‍ തര്‍ജമ ചെയ്തു പ്രസിദ്ധീകരിച്ചു. ശ്രീ ഹരിനാരായണ്‍ ആപ്‌തേ രചിച്ചു കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പ്രമുഖ മറാഠി നോവലായ ‘പാന്‍ ലക്ഷത് കോന്‍ ഖെറ്റോ’ തെലുങ്കിലേക്ക് ‘അബലജീവിതം’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. പല പ്രമുഖ മറാഠി പുസ്തകങ്ങളും തെലുങ്കിലേക്കും ഏതാനും തെലുങ്കു കൃതികള്‍ ഹിന്ദിയിലേക്കും തര്‍ജമ ചെയ്തിട്ടുണ്ട്. തൂലികാനാമത്തില്‍ പല മാസികകളിലും ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്നു. രാഷ്ട്രീയ കാര്യങ്ങള്‍ സംബന്ധിച്ചും അനുബന്ധവിഷയങ്ങള്‍ സംബന്ധിച്ചും അമേരിക്കയിലും പടിഞ്ഞാറന്‍ ജര്‍മനിയിലുമുള്ള സര്‍വകലാശാലകളില്‍ ക്ലാസുകള്‍ എടുത്തിട്ടുണ്ട്. വിദേശകാര്യമന്ത്രിയായിരിക്കെ, 1974ല്‍ ബ്രിട്ടന്‍, പടിഞ്ഞാറന്‍ ജര്‍മനി, സ്വിറ്റസര്‍ലന്റ്, ഇറ്റലി, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കു വ്യാപകമായി യാത്രകള്‍ നടത്തിയിരുന്നു.

വിദേശകാര്യമന്ത്രിയായിരിക്കെ, തന്റെ അറിവും രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ അനുഭവജ്ഞാനവും രാജ്യാന്തര നയതന്ത്രത്തില്‍ ഗുണകരമായി ഉപയോഗപ്പെടുത്താന്‍ ശ്രീ റാവുവിനു സാധിച്ചു. ഡല്‍ഹിയില്‍ 1980 ജനുവരിയില്‍ നടന്ന യു.എന്‍.ഐ.ഡി.ഒയുടെ മൂന്നാമതു സമ്മേളനത്തില്‍ അദ്ദേഹമായിരുന്നു അധ്യക്ഷന്‍. 1980ല്‍ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഗ്രൂപ്പ് ഓഫ് 77ലും അധ്യക്ഷപദം അലങ്കരിച്ചു. 1981 ഫെബ്രുവരിയില്‍ നടന്ന ചേരിചേരാ രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലെ സജീവ പങ്കാളിത്തം അദ്ദേഹത്തിന് ഏറെ അനുമോദനങ്ങള്‍ നേടിക്കൊടുത്തു.

അന്തര്‍ദേശീയ സാമ്പത്തിക പ്രശ്‌നങ്ങളില്‍ സജീവ താല്‍പര്യം കാണിച്ചിരുന്ന അദ്ദേഹമാണ് കാരക്കാസില്‍ 1981 മേയില്‍ നടന്ന ഗ്രൂപ്പ് 77ന്റെ ഇ.സി.ഡി.സി. സമ്മേളനത്തിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിച്ചത്.

1982, 83 വര്‍ഷങ്ങള്‍ ഇന്ത്യക്കും ഇന്ത്യയുടെ വിദേശനയത്തിനും സംഭവബഹുലമായ കാലമായിരുന്നു. ഗള്‍ഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചേരിചേരാ പ്രസ്ഥാനത്തിന്റെ ഏഴാമത് ഉച്ചകോടിക്ക് ആതിഥ്യമരുളണമെന്ന് അതിന്റ നേതൃത്വം ഇന്ത്യയോട് അഭ്യര്‍ഥിച്ചു. ഇതു നല്‍കുന്ന സൂചന പ്രസ്ഥാനത്തിന്റെ തലപ്പത്തേക്ക് ഇന്ത്യ എത്തുമെന്നും ശ്രീമതി ഇന്ദിരാഗാന്ധി ചെയര്‍പേഴ്‌സണ്‍ ആയി അവരോധിക്കപ്പെടുമെന്നും ആയിരുന്നു. 1982ല്‍ യു.എന്നിലും ന്യൂഡെല്‍ഹി ഉച്ചകോടിക്കു മുന്നോടിയായും ചേര്‍ന്ന ചേരിചേരാ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനങ്ങളില്‍ ശ്രീ റാവുവാണ് അധ്യക്ഷത വഹിച്ചത്. അടുത്ത വര്‍ഷം ചേരിചേരാ പ്രസ്ഥാനം മുന്‍കയ്യെടുത്തു ന്യൂയോര്‍ക്കില്‍ നടത്തിയ വിവിധ രാഷ്ട്രങ്ങളുടെ തലവന്‍മാര്‍ തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചയിലും അധ്യക്ഷസ്ഥാനത്ത് അദ്ദേഹം തന്നെയായിരുന്നു.

പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചേരിചേരാപ്രസ്ഥാനം നിയോഗിച്ച ദൗത്യസംഘത്തിന്റെ തലവനായി ശ്രീ റാവുവിനെയാണ് തെരഞ്ഞെടുത്തത്. പടിഞ്ഞാറന്‍ ഏഷ്യയിലെ വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചു ചര്‍ച്ചകള്‍ നടത്താനാണ് 1983 നവംബറില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിന്റെ നടത്തിപ്പില്‍ ശ്രീ റാവു ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. സൈപ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച ആക്ഷന്‍ ഗ്രൂപ്പിലും സജീവമായി പങ്കെടുത്തു.

വിദേശകാര്യമന്ത്രിയെന്ന നിലയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് യു.എസ്.എ., യു.എസ്.എസ്.ആര്‍., പാക്കിസ്ഥാന്‍, ബംഗഌദേശ്, ഇറാന്‍, വിയറ്റ്‌നാം, ടാന്‍സാനിയ, ഗയാന തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നുള്ള പല സംയുക്ത കമ്മീഷനുകളുടെയും തലവനായും പ്രവര്‍ത്തിച്ചിട്ടു്.

1984 ജൂലൈ 19ന് ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു. 1984 നവംബര്‍ അഞ്ചിന് ആസൂത്രണ മന്ത്രാലയത്തിന്റെ അധികച്ചുമതലയോടെ വീണ്ടും ആഭ്യന്തര മന്ത്രിയായി നിയമിതനായി. 1984 ഡിസംബര്‍ 31 മുതല്‍ 1985 സെപ്റ്റംബര്‍ 25 വരെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചശേഷം 1985 സെപ്റ്റംബര്‍ 25നു മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റ ചുമതല ലഭിച്ചു.