പിഎം ഇന്ത്യ

ശ്രീ വിശ്വനാഥ് പ്രതാപ് സിംങ്

ഡിസംബര്‍ 2, 1989 - നവംബര്‍ 10, 1990 | ജനതാദള്‍

ശ്രീ വിശ്വനാഥ് പ്രതാപ് സിംങ്

രാജാ ബഹദൂര്‍ രാം ഗോപാല്‍ സിങ്ങിന്റെ മകനായി 1931 ജൂണ്‍ 25ന് അലഹബാദിലാണു ശ്രീ വി.പി.സിംഗ് ജനിച്ചത്. അലഹബാദ്, പൂനെ സര്‍വകലാശാലകളിലായിരുന്നു പഠനം. 1955ല്‍ ശ്രീമതി സീതാ കുമാരിയെ വിവാഹം ചെയ്തു. രണ്ട് ആണ്‍മക്കളുണ്ട്‌.

പണ്ഡിതനായ അദ്ദേഹം അലഹബാദ് കോറോണിലെ ഇന്റര്‍മീഡിയിറ്റ് കോളജായ ഗോപാല്‍ വിദ്യാലയത്തിന്റെ സ്ഥാപകനാണ്. 1947-48ല്‍ വാരാണസി ഉദയ് പ്രതാപ് കോളജ് വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായും അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1957ല്‍ ഭൂദാന പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്ത ശ്രീ സിംങ് അലഹബാദിലെ പാസ്‌ന ഗ്രാമത്തിലുള്ള തന്റെ മികച്ച കൃഷിയിടം സംഭാവനയായി നല്‍കുകയും ചെയ്തു.

ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി അംഗം, 1969-71 കാലത്ത് അലഹബാദ് സര്‍വകലാശാല എക്‌സിക്യൂട്ടീവ് ബോഡി അംഗം, 1969-71 കാലത്ത് യു.പി. നിയമസഭാംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 1970-71ല്‍ കോണ്‍ഗ്രസ് ലെജിസ്‌ളേറ്റീവ് പാര്‍ട്ടി വിപ്പായിരുന്നു. 1971-74 കാലത്ത് ലോക്‌സഭാംഗമായും ഒക്ടോബര്‍ 1974 മുതല്‍ നവംബര്‍ 1976 വരെ കേന്ദ്ര വാണിജ്യ ഡെപ്യൂട്ടി മന്ത്രിയായും 1976 നവംബര്‍ മുതല്‍ 1977 മാര്‍ച്ച് വരെ വാണിജ്യകാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. 1980 ജനുവരി മൂന്നു മുതല്‍ ജൂലൈ 26 വരെ വീണ്ടും ലോക്‌സഭാംഗമായി. 1980 ജൂണ്‍ ഒന്‍പതു മുതല്‍ 1982 ജൂണ്‍ 28 വരെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 1980 നവംബര്‍ 21 മുതല്‍ 1981 ജൂണ്‍ 14 വരെ ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായും 1981 ജൂണ്‍ 15 മുതല്‍ 1983 ജൂലൈ 16 വരെ ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

1983 ജനുവരി 29ന് വാണിജ്യമന്ത്രിയായി നിയമിതനായ അദ്ദേഹത്തിന് ഫെബ്രുവരി 15ന് സപ്‌ളൈ വകുപ്പിന്റെ അധികച്ചുമതല ലഭിച്ചു. 1983 ജൂലൈ 16നു രാജ്യസഭാംഗമായി. 1984 സെപ്റ്റംബര്‍ ഒന്നിന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1984 ഡിസംബര്‍ 31ന് കേന്ദ്ര ധനകാര്യമന്ത്രിപദത്തിലുമെത്തി.