പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മധ്യപ്രദേശിൽ സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കളുമായുള്ള സംവാദത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

മധ്യപ്രദേശിൽ സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കളുമായുള്ള സംവാദത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

സ്വാമിത്വ പദ്ധതി സൃഷ്ടിച്ച ആത്മവിശ്വാസവും ഉറപ്പും  ഗ്രാമങ്ങളിലെ ഗുണഭോക്താക്കളുമായുള്ള സംഭാഷണത്തിൽ വ്യക്തമായിരുന്നു,അത് ഇവിടെയും ഞാൻ കാണുന്നു. നിങ്ങൾ നിങ്ങളുടെ മുള കസേരകൾ കാണിച്ചു, പക്ഷേ നിങ്ങളുടെ  ഉത്സാഹത്തിലാണ് എന്റെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്. ജനങ്ങളുടെ സ്നേഹത്തിൽ നിന്നും ആശീർവാദത്തിൽ നിന്നും ഈ പദ്ധതി വഴി അവർക്ക് ലഭിച്ച ക്ഷേമ ആനുകൂല്യങ്ങൾ എനിക്ക് വ്യക്തമായി മനസിലാക്കൻ കഴിയും. എനിക്ക് സംവദിക്കാൻ അവസരം ലഭിച്ച സഹപ്രവർത്തകർ പങ്കുവെച്ച അനുഭവങ്ങൾ ഈ പദ്ധതി ഒരു ശക്തിയായി ഉയർന്നുവരുന്നുവെന്ന് കാണിക്കുന്നു. സ്വാമിത്വ പദ്ധതി ആരംഭിച്ചതിനുശേഷം ആളുകൾക്ക് ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നത് എളുപ്പമായി.

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ നരേന്ദ്ര സിംഗ് തോമർ ജി, വീരേന്ദ്ര കുമാർ ജി, ധർമേന്ദ്ര പ്രധാൻ ജി, ജ്യോതിരാദിത്യ സിന്ധ്യ ജി, പ്രഹ്ലാദ് സിംഗ് പട്ടേൽ ജി, ഫഗ്ഗൻ സിംഗ് കുലസ്തേ ജി, കപിൽ മോരേശ്വർ പാട്ടീൽ ജി, എൽ. മുരുകൻ ജി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ജി, മധ്യപ്രദേശിലെ സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് പ്രമുഖർ,ഹദ്ര ഉൾപ്പെടെ മധ്യപ്രദേശിലെ വിവിധ മേഖലകളിലുള്ള ആയിരക്കണക്കിന് ഗ്രാമങ്ങളിൽ നിന്നുള്ള സഹോദരി സഹോദരങ്ങളെ,

തുടക്കത്തിൽ, കമൽജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എന്റെ ആശംസകൾ. നമ്മൾ ടിവി പരസ്യത്തിൽ കാണുന്നതുപോലെ മധ്യപ്രദേശ് വളരെ വിസ്മയകരമാണ്. മാത്രമല്ല, രാജ്യത്തിന്റെ അഭിമാനവുമാണ്. മധ്യ പ്രദേശിന് വികസിക്കാനുള്ള ആഗ്രഹവും വേഗതയും ഉണ്ട്. ജനങ്ങളുടെ താൽപ്പര്യാർത്ഥം ഒരു പദ്ധതി ആവിഷ്‌കരിച്ച ഉടൻ, മധ്യപ്രദേശ് അതിന്റെ എത്രയും വേഗത്തിൽ ഉള്ള നടപ്പാക്കലിനായി കഠിനമായി പരിശ്രമിക്കുന്നു. അത് കേൾക്കുകയും കാണുകയും ചെയ്യുമ്പോഴെല്ലാം എനിക്ക് വളരെ സന്തോഷം തോന്നുന്നു, എന്റെ സഹപ്രവർത്തകർ ഇത്രയും മികച്ച ജോലി ചെയ്യുന്നത് എനിക്ക് സംതൃപ്തി നൽകുന്നു.

 സുഹൃത്തുക്കളെ,
പ്രാരംഭ ഘട്ടങ്ങളിൽ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചില ഗ്രാമങ്ങളിൽ പ്രധാനമന്ത്രി സ്വാമിത്വ പദ്ധതി നടപ്പാക്കി. ഈ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന ഏകദേശം 22 ലക്ഷം കുടുംബങ്ങൾക്ക് ഭൂ ഉടമസ്ഥാവകാശ കാർഡുകൾ തയ്യാറാണ്. ഇപ്പോൾ ഇത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. ഒരു തരത്തിൽ പറഞ്ഞാൽ,അത് പൈലറ്റ് പദ്ധതി ആയിരുന്നതിനാൽ, ഭാവിയിൽ പോരായ്മകൾ ഉണ്ടാകില്ല. ഇപ്പോൾ ഇത് രാജ്യമെമ്പാടും വ്യാപിപ്പിച്ചിട്ടുണ്ട്. പതിവുപോലെ, മധ്യപ്രദേശ് അതിവേഗം അത് നടപ്പിലാക്കുകയും അഭിനന്ദനങ്ങൾ അർഹിക്കുകയും ചെയ്തിരിക്കുന്നു . ഇന്ന് മധ്യപ്രദേശിൽ ഉള്ള 3,000 ഗ്രാമങ്ങളിലെ 1.70 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഭൂമി ഉടമസ്ഥാവകാശ രേഖ  ലഭിച്ചു,അത് അവർക്ക് അഭിവൃദ്ധിയുടെ ചിഹ്നമായി മാറും. ഈ ആളുകൾക്ക് അവരുടെ ഉടമസ്ഥാവകാശ രേഖകൾ ഡിജി ലോക്കറിൽ നിന്നും മൊബൈലിൽ ഡൗൺലോഡ് ചെയ്യാം . ഇതിനായി പരിശ്രമിക്കുകയും പൂർണ്ണഹൃദയത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാ ആളുകളെയും ഞാൻ അഭിനന്ദിക്കുന്നു. എല്ലാ ഗുണഭോക്താക്കളെയും ഞാൻ അഭിനന്ദിക്കുകയും എന്റെ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു. ഈ വേഗതയിൽ, സംസ്ഥാനത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും സ്വത്ത് അവകാശ രേഖകൾ ഉടൻ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

 സഹോദരീ സഹോദരന്മാരെ,

 ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് വസിക്കുന്നതെന്ന് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്ത്യൻ ഗ്രാമങ്ങളുടെ വലിയ സാധ്യതകൾ കെട്ടിയിട്ടിരിക്കുന്നു . ഗ്രാമീണർക്ക് അവരുടെ ഗ്രാമങ്ങളുടെയും ഭൂമിയുടെയും വീടുകളുടെയും ശേഷി അവരുടെ വികസനത്തിന് വേണ്ടി പൂർണ്ണമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല. നേരെമറിച്ച്, ഭൂമിയുടെയും വീടുകളുടെയും തർക്കങ്ങൾ സംബന്ധിച്ചും, നിയമവിരുദ്ധമായ ഭൂമി കൈവശപ്പെടുത്തലിനെതിരായ പോരാട്ടങ്ങളായും, കോടതി കേസുകൾ ആയും നിരവധി പ്രശ്‌നങ്ങൾ അവർക്ക് നേരിടേണ്ടിവന്നു. ഇത് സമയവും പണവും പാഴാക്കുന്നതായിരുന്നു. ഇത് ഇന്നത്തെ മാത്രം ആശങ്കയല്ല. ഈ ആശങ്ക ഗാന്ധിജി അദ്ദേഹത്തിന്റെ കാലത്ത് പ്രകടിപ്പിച്ചിരുന്നു. ഈ അവസ്ഥ മാറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരിക്കുന്നു . ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ ഈ ദിശയിലാണ് പ്രവർത്തിക്കുന്നത്.
ഈ പ്രശ്നം പരിഹരിക്കുന്നതിന് ഞങ്ങൾ ഗുജറാത്തിൽ 'സമരസ് ഗ്രാമപഞ്ചായത്ത്' പ്രചാരണം ആരംഭിച്ചു. ശരിയായ ശ്രമം നടത്തുകയാണെങ്കിൽ, ഗ്രാമം മുഴുവൻ അത് ഏറ്റെടുക്കുമെന്ന് ഞാൻ കണ്ടു. ഭരണനിർവഹണ ഉത്തരവാദിത്തത്തിന്റെ 20 വർഷം ഞാൻ ഇന്ന് പൂർത്തിയാക്കുകയാണെന്ന് അൽപസമയം മുമ്പ് ശിവരാജ് ജി അറിയിച്ചു. ഞാൻ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ, എന്റെ ആദ്യത്തെ വലിയ പരിപാടി ഗരീബ് കല്യാൺ മേള ആയിരുന്നു. 20 -ആം വർഷത്തിന്റെ അവസാന ദിവസം പാവങ്ങളും ആയി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. . എന്റെ രാജ്യത്തെ ദരിദ്രരെ സേവിക്കുന്നതിനുള്ള പദവി എനിക്ക് തുടർന്നും ലഭിക്കുന്നു എന്നതിന്റെ ഒരു ദിവ്യ അടയാളമാണിത്.നിങ്ങളുടെ പങ്കാളിത്തത്തോടെ സ്വാമിത്വ പദ്ധതി ഗ്രാമ സ്വരാജിന്റെ ഒരു ഉദാഹരണമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. സമീപകാലത്ത് ഇന്ത്യയിലെ ഗ്രാമങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും ഈ കൊറോണ മഹാമാരിക്കെതിരെ വളരെ ജാഗ്രതയോടെ പോരാടുകയും ചെയ്തത് ഞങ്ങൾ കണ്ടു. ഗ്രാമവാസികൾ ഒരു മാതൃക സൃഷ്ടിച്ചു. പുറത്തുനിന്നുള്ള ആളുകൾക്കായി പ്രത്യേക ജീവിത ക്രമീകരണങ്ങൾ, ഭക്ഷണം, ജോലി എന്നിവയ്ക്കായുള്ള ക്രമീകരണങ്ങൾ അല്ലെങ്കിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട ജോലികൾ എന്നിവയിലെല്ലാം ഇന്ത്യയിലെ ഗ്രാമങ്ങൾ മുന്നിലാണ്. ഗ്രാമീണരുടെ വിവേകം  ഒരു പരിധിവരെ ഇന്ത്യയിലെ ഗ്രാമങ്ങളെ കൊറോണയിൽ നിന്ന് രക്ഷിച്ചു, അതിനാലാണ് എന്റെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും ആളുകൾ അഭിനന്ദനം അർഹിക്കുന്നത്. അവർ എല്ലാ നിയമങ്ങളും അവരുടേതായ രീതിയിൽ രൂപപ്പെടുത്തുകയും നിയമങ്ങൾ പാലിക്കുകയും അവബോധം സൃഷ്ടിക്കുകയും സർക്കാരിനെ വലിയ ആവേശത്തോടെ പിന്തുണയ്ക്കുകയും ചെയ്തു. ഈ രാജ്യത്തെ രക്ഷിക്കാൻ സഹായിച്ച ഗ്രാമങ്ങളെ ഞാൻ ഒരിക്കലും മറക്കില്ല.

 സുഹൃത്തുക്കളെ,
 ഒരു രാജ്യത്തെ പൗരന്മാർക്ക് ഭൂ ഉടമസ്ഥാവകാശ രേഖകൾ ഇല്ലെങ്കിൽ അവരുടെ സാമ്പത്തിക ശേഷി കുറയുകയും ദുർബലമാവുകയും ചെയ്യുമെന്നാണ്ലോകത്തിലെ പല വലിയ സംഘടനകളും പറയുന്നത്. സ്വത്ത് രേഖകളുടെ അഭാവം ഒരു ലോകവ്യാപക പ്രശ്നമാണ്. ഇത് അധികം ചർച്ച ചെയ്യപ്പെടുന്നില്ലെങ്കിലും വികസിത രാജ്യങ്ങൾക്കും ഇത് വലിയ വെല്ലുവിളിയാണ്.

സുഹൃത്തുക്കളെ,

 സ്കൂളുകൾ, ആശുപത്രികൾ, സംഭരണ  സൗകര്യങ്ങൾ, റോഡുകൾ, കനാലുകൾ, ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ ഏതിന്റെയും  നിർമ്മാണമാകട്ടെ, അത്തരം ഓരോ സംവിധാനത്തിനും ഭൂമി ആവശ്യമാണ്. എന്നാൽ രേഖ തന്നെ വ്യക്തമല്ലാത്തപ്പോൾ, അത്തരം വികസന പ്രവർത്തനങ്ങൾക്ക് വർഷങ്ങൾ വേണ്ടിവരും . ഈ അപാകത ഇന്ത്യയിലെ ഗ്രാമങ്ങളുടെ വികസനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഗ്രാമത്തിന്റെ സ്വത്ത്, ഭൂമി, ഗൃഹ രേഖകൾ എന്നിവയെ സംബന്ധിച്ചിടത്തോളം ഈ അനിശ്ചിതത്വവും അവിശ്വാസവും അവസാനിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ടാണ് പിഎം സ്വാമിത്വ യോജന, ഗ്രാമങ്ങളിലെ നമ്മുടെ സഹോദരീസഹോദരന്മാർക്ക് ഒരു വലിയ ശക്തി സ്തംഭം ആകാൻ പോകുന്നത്. നിങ്ങൾക്ക് എന്തെങ്കിലും അവകാശ രേഖയുണ്ടെങ്കിൽ എത്രമാത്രം സമാധാനമുണ്ടെന്ന് ഞങ്ങൾക്കറിയാം. ചില സമയങ്ങളിൽ  ട്രെയിനിൽ യാത്ര ചെയ്യുമ്പോോൾ  ടിക്കറ്റുണ്ടെങ്കിലും റിസർവേഷൻ ഇല്ലെങ്കിൽ, എപ്പോൾ വേണമെങ്കിലും അവിടെ നിന്ന് മാറേണ്ടി വരുമെന്നും മറ്റൊരു കമ്പാർട്ട്മെന്റ് ലേക്ക് പോകേണ്ടി വരുമെന്നും നിങ്ങൾ നിരന്തരം ആശങ്കപ്പെടാറുണ്ട്എന്നാൽ നിങ്ങൾക്ക് റിസർവേഷൻ ഉണ്ടെങ്കിൽ, നിങ്ങൾക്ക് സുഖമായി ഇരിക്കാം. ഏതെങ്കിലും ജന്മിയോ പണക്കാരനോ വന്നാലും പ്രശ്നമില്ല, നിങ്ങൾ സീറ്റ്‌ സംവരണം ഉണ്ടെന്നും നിങ്ങൾ ഇവിടെ ഇരിക്കുമെന്നും അവകാശത്തോടെ പറയാൻ കഴിയും. ഇത് നിങ്ങളുടെ അവകാശത്തിന്റെ ശക്തിയാണ്. ഗ്രാമങ്ങളിലെ ജനങ്ങളുടെ കൈകളിലെത്തിയ അധികാരം ഇന്ന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ശിവരാജ് ജിയുടെ നേതൃത്വത്തിൽ ഭൂമി ഡിജിറ്റലൈസേഷനിൽ മുൻനിരയിലുള്ള ഒരു സംസ്ഥാനമായി മധ്യപ്രദേശ് ഉയർന്നുവന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഡിജിറ്റൽ റെക്കോർഡുകളുടെ വ്യാപ്തി വിപുലമാക്കുകയോ റെക്കോർഡുകളുടെ ഗുണനിലവാരം ഉയർത്തുകയോ, അങ്ങനെ എല്ലാ കാര്യങ്ങളിലും മധ്യപ്രദേശ് പ്രശംസനീയമായ പ്രവർത്തനങ്ങൾ ചെയ്യുന്നു.

 സുഹൃത്തുക്കളെ ,

 സ്വാമിത്വ യോജന എന്നത് നിയമപരമായ രേഖകൾ നൽകുന്നതിനുള്ള ഒരു പദ്ധതി മാത്രമല്ല, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തെ ഗ്രാമങ്ങളിൽ വികസനത്തിനും ആത്മവിശ്വാസത്തിനും വേണ്ടിയുള്ള ഒരു പുതിയ മന്ത്രമാണ്. ചില ആളുകൾ ചെറിയ ഹെലികോപ്റ്റർ എന്ന് വിളിക്കുന്ന, ഗ്രാമങ്ങളിൽ ഇപ്പോൾ പറക്കുന്ന ഡ്രോണുകൾ ഇന്ത്യയിലെ ഗ്രാമങ്ങൾക്ക് ഒരു പുതിയ ഉയരം നൽകാൻ പോകുന്നു. ഡ്രോണുകൾ ശാസ്ത്രീയമായി വീടുകളുടെ ഭൂപടങ്ങൾ എടുക്കുന്നു, യാതൊരു വിവേചനവുമില്ലാതെ സ്വത്ത് അടയാളപ്പെടുത്തുന്നു. ഇതുവരെ, രാജ്യത്തെ 60 ജില്ലകളിൽ ഡ്രോണുകൾ ഈ ജോലി പൂർത്തിയാക്കി. കൃത്യമായ ഭൂമി രേഖകളും ജിഐഎസ് മാപ്പുകളും കാരണം വികസന പദ്ധതി മെച്ചപ്പെടുത്താൻ ഇത് ഗ്രാമപഞ്ചായത്തുകളെ സഹായിക്കും.

സഹോദരീ സഹോദരന്മാരെ,

 ഗ്രാമങ്ങളെയും ദരിദ്രരെയും സ്വാശ്രയരും സാമ്പത്തികമായി ശക്തരുമാക്കുക എന്ന വലിയ പ്രചാരണത്തിന്റെ ഭാഗമാണ് ഇന്ന് കാണുന്ന സ്വാമിത്വ യോജനയുടെ നേട്ടങ്ങൾ. മൂന്ന് മാസത്തിനുള്ളിൽ എത്രമാത്രം ധൈര്യം കൈവന്നു എന്ന് പവൻ ജി പറഞ്ഞത് ഇപ്പോൾ നാം കേട്ടു.അദ്ദേഹത്തിന് സ്വന്തമായി ഒരു വീടുണ്ടായിരുന്നു, പക്ഷേ രേഖകൾ ഇല്ലായിരുന്നു. ഇപ്പോൾ രേഖകൾ ഉള്ളതിനാൽ അദ്ദേഹത്തിന്റെ ജീവിതം മാറി. നമ്മുടെ ഗ്രാമീണ മേഖലയിൽ അപാരമായ സാധ്യതകൾ ഉണ്ടായിരുന്നിട്ടും, പ്രാരംഭ വിഭവങ്ങൾ നേടാൻ അവർ ബുദ്ധിമുട്ടുന്നു! അവർക്ക് ഒരു വീട് പണിയേണ്ടിവന്നാൽ, ഭവനവായ്പയുടെ ഒരു പ്രശ്നമുണ്ടായിരുന്നു. അവർക്ക് ഒരു ബിസിനസ്സ് ആരംഭിക്കണമെങ്കിൽ മൂലധനത്തിന്റെ പ്രശ്നമുണ്ടായിരുന്നു. അവർക്ക് കൃഷി വ്യാപിപ്പിക്കണമെങ്കിൽ, ഒരു പുതിയ വിള പരീക്ഷിക്കുക, ഒരു ട്രാക്ടർ അല്ലെങ്കിൽ മറ്റേതെങ്കിലും ഉപകരണങ്ങൾ വാങ്ങുക, അതും ആരംഭിക്കാൻ പണത്തിന്റെ പ്രശ്നം ഉണ്ടായിരുന്നു. ഭൂ അവകാശ രേഖകളുടെ അഭാവത്തിൽ, അവർക്ക് ബാങ്കുകളിൽ നിന്ന് എളുപ്പത്തിൽ വായ്പ ലഭിക്കില്ല. ഇന്ത്യയിലെ ഗ്രാമീണർ ബാങ്കിംഗ് സംവിധാനത്തിന് പുറത്തുള്ള ആളുകളിൽ നിന്ന് വായ്പ എടുക്കാൻ നിർബന്ധിതരായി.ഒരു പാവപ്പെട്ട വ്യക്തി നിസ്സാരമായ ജോലിക്ക് പോലും ആരോടെങ്കിലും യാചിക്കേണ്ടിവന്നപ്പോൾ എനിക്ക് ദുഃഖം അനുഭവപ്പെട്ടു. വർദ്ധിച്ചുവരുന്ന പലിശ അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മർദ്ദം ആയി മാറും. മൂന്നാമത്തെയാളിൽ നിന്ന് വായ്പ ചോദിക്കുകയല്ലാതെ മറ്റ് മാർഗമില്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രശ്നം. പാവപ്പെട്ടവന് അത്യാവശ്യമായതിനാൽ അവനെ അത്രത്തോളം കൊള്ളയടിക്കാൻ കഴിയും. രാജ്യത്തെ ഗ്രാമങ്ങളിലെ പാവപ്പെട്ടവരെയും യുവാക്കളെയും ഈ ദുഷിച്ച സമ്പ്രദായത്തിൽ നിന്ന് പുറത്തുകൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിന് വളരെ പ്രധാനപ്പെട്ട ഒരു അടിത്തറയാണ് സ്വാമിത്വ പദ്ധതി. ഗ്രാമീണർക്ക് ആ ഉടമസ്ഥാവകാശ രേഖ ലഭിച്ചുകഴിഞ്ഞാൽ, അവർക്ക് ബാങ്കുകളിൽ നിന്ന് എളുപ്പത്തിൽ വായ്പ ലഭിക്കും. ഇപ്പോൾ ഗുണഭോക്താക്കളുമായുള്ള ഞങ്ങളുടെ സംഭാഷണത്തിൽ, ബാങ്കിൽ നിന്ന് വായ്പ ലഭിക്കുന്നതിന് ഉടമസ്ഥാവകാശ രേഖ അവരെ എങ്ങനെ സഹായിച്ചെന്ന് ഞങ്ങൾ കേട്ടു.

 സുഹൃത്തുക്കളെ,

 കഴിഞ്ഞ 6-7 വർഷങ്ങളായി നമ്മുടെ ഗവൺമെന്റിന്റെ പരിശ്രമങ്ങളും പദ്ധതികളും നോക്കൂ, പാവപ്പെട്ടവർ മൂന്നാമതൊരാളിൽ നിന്നും യാചിക്കേണ്ടതില്ലെന്നും ലജ്ജയോടെ തല കുനിക്കേണ്ടി വരരുതെന്നും ഞങ്ങൾ ശ്രമിച്ചു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് കീഴിലുള്ള കർഷകരുടെ ചെറുകിട കാർഷിക ആവശ്യങ്ങൾക്കായി ഇന്ന് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം അയയ്ക്കപ്പെടുന്നു. ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം, അവരുടെ അനുഗ്രഹങ്ങൾ എപ്പോഴും എന്നോടൊപ്പമുണ്ട്, അവരുടെ അവകാശങ്ങൾക്കായി  ഞങ്ങളുടെ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. 100 കർഷകരിൽ 80 പേർ ചെറുകിട കർഷകരാണെന്നും അവർക്ക് വേണ്ടവിധം ശ്രദ്ധ ലഭിക്കുന്നില്ലെന്നും ഞാൻ വിശ്വസിക്കുന്നു. വിരലിലെണ്ണാവുന്ന കർഷകർക്ക് മാത്രമാണ് ആശങ്കയുണ്ടായിരുന്നത്. എന്റെ ചെറുകിട കർഷകർ ശക്തരാകുമ്പോൾ, ആർക്കും എന്റെ രാജ്യത്തെ വീണ്ടും ദുർബലപ്പെടുത്താനാവില്ല. കൊറോണ കാലഘട്ടം ഉണ്ടായിരുന്നിട്ടും, ഞങ്ങൾ ഒരു ദൗത്യത്തിലൂടെ രണ്ട് കോടിയിലധികം കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡുകളും നൽകിയിട്ടുണ്ട്. മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആവശ്യമുള്ളപ്പോൾ അവർക്ക് ബാങ്കുകളിൽനിന്ന് പണം ലഭിക്കണമെന്നും അവർക്ക് മറ്റാരുടെയും അടുത്തേക്ക് പോകേണ്ടി വരരുത് എന്നതുമാണ് ലക്ഷ്യം. യാതൊരു ഈടും നൽകാതെ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് ആളുകൾക്ക് അവരുടെ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മികച്ച അവസരവും മുദ്ര യോജന നൽകിയിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴിൽ, കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഏകദേശം 29 കോടി വായ്പകൾ നൽകിയിട്ടുണ്ട്. മുദ്ര പദ്ധതി പ്രകാരം ഏകദേശം 15 ലക്ഷം കോടി രൂപ ജനങ്ങളിൽ എത്തി. 15 ലക്ഷം കോടി രൂപ എന്നത് ഒരു ചെറിയ തുകയല്ല! നേരത്തെ, അതേ തുകയ്ക്ക് അവർക്ക് മൂന്നാമതൊരാളുടെ അടുത്തേക്ക് പോകേണ്ടിവരികയും ഉയർന്ന പലിശയുടെ ദുരിതമനുഭവിക്കേണ്ടി വരികയും ചെയ്തിരുന്നു.

സുഹൃത്തുക്കളെ,

 നമ്മുടെ അമ്മമാരും സഹോദരിമാരുമടങ്ങുന്ന ,നമ്മുടെ സ്ത്രീ ശക്തിക്കും ഇന്ത്യയിലെ ഗ്രാമങ്ങളുടെ സാമ്പത്തിക ശേഷി വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കുണ്ട്. ഇന്ന് രാജ്യത്തുടനീളം 70 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങളുണ്ട്, അതിൽ എട്ട് കോടി സഹോദരിമാർ അംഗങ്ങളായുണ്ട്. അവർ കൂടുതലും ഗ്രാമങ്ങളിൽ ജോലി ചെയ്യുന്നു. ഈ സഹോദരിമാരെ ജൻധൻ അക്കൗണ്ടുകളിലൂടെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുക മാത്രമല്ല, ഈട് നൽകേണ്ടാത്ത അവരുടെ വായ്പ തുക വർദ്ധിപ്പിക്കുകയും ചെയ്തു. അടുത്തിടെ, സർക്കാർ മറ്റൊരു സുപ്രധാന തീരുമാനം എടുത്തു. മുമ്പ് എല്ലാ സ്വയംസഹായ സംഘങ്ങൾക്കും 10 ലക്ഷം രൂപ വരെ  ഇല്ലാ തെ വായ്പ ലഭിച്ചിരുന്നിടത്ത്, ഇപ്പോൾ ഈ പരിധി ഇരട്ടിയായി , അതായത്, 20 ലക്ഷം രൂപ ആയി വർദ്ധിപ്പിച്ചു.

സഹോദരീ സഹോദരന്മാരെ,

 ഞങ്ങളുടെ ഗ്രാമങ്ങളിലെ നിരവധി സുഹൃത്തുക്കൾ അടുത്തുള്ള നഗരങ്ങളിലേക്ക് പോകുകയും തെരുവ് കച്ചവടക്കാരായി പ്രവർത്തിക്കുകയും ചെയ്യുന്നു. പിഎം സ്വനിധി യോജന വഴി ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നതിനുള്ള സൗകര്യങ്ങൾ അവർക്ക് നൽകിയിട്ടുണ്ട്. ഇന്ന് 25 ലക്ഷത്തിലധികം സുഹൃത്തുക്കൾക്ക് ബാങ്കുകളിൽ നിന്ന് വായ്പ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അവർക്കും അവരുടെ ജോലി തുടരാൻ മറ്റാരുടെയും അടുത്തേക്ക് സഹായം തേടി പോകേണ്ട ആവശ്യമില്ല.

 സുഹൃത്തുക്കളെ,

 നിങ്ങൾ ഈ പദ്ധതികളെല്ലാം നോക്കുകയാണെങ്കിൽ, പണം നൽകാൻ ഒരു ഗവൺമെന്റും ബാങ്കുകളും ഉള്ളപ്പോൾ പാവപ്പെട്ടവർ മറ്റൊരു മൂന്നാം കക്ഷിയിലേക്ക് പോകേണ്ടതില്ല എന്നതാണ് ലക്ഷ്യം. പാവപ്പെട്ടവർക്ക് ഓരോ ചില്ലിക്കാശിനും അല്ലെങ്കിൽ ഓരോ കാര്യത്തിനും പലതവണ ഗവൺമെന്റ് ഓഫീസുകൾ കയറിയിറങ്ങേണ്ട ആ യുഗം അവസാനിച്ചു. ഇപ്പോൾ ഗവൺമെന്റ് തന്നെ  പാവപ്പെട്ടവരുടെശാക്തീകരണത്തിനായി  അവരുടെ അടുത്തേക്ക് വരുന്നു. നിങ്ങൾ നോക്കൂ, കൊറോണ കാലത്ത്, പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ, ഗവൺമെന്റ് തന്നെ മുന്നോട്ടുവന്ന് 80 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യം ഉറപ്പുവരുത്തി.
വീട്ടിൽ അടുപ്പ് കത്താത്ത പാവപ്പെട്ട ഒരാൾ പോലും ഉണ്ടാകരുത്. മധ്യപ്രദേശിലെ കർഷകരുടെ സംഭാവനയും കഠിനാധ്വാനവും ഇക്കാര്യത്തിൽ ഉണ്ട്. പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകാൻ ഗവൺമെന്റ് രണ്ട് ലക്ഷം കോടി രൂപ ചെലവഴിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം പാവപ്പെട്ടവർക്ക് നൽകുന്ന സൗജന്യ ചികിത്സാ സൗകര്യം പാവപ്പെട്ടവരുടെ 40,000 മുതൽ 50,000 കോടി രൂപ വരെ ലാഭിച്ചു. മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമായ 8,000 -ൽ അധികം ജൻ ഔഷധി കേന്ദ്രങ്ങൾ വഴി പാവപ്പെട്ടവരുടെ നൂറുകണക്കിന് കോടി രൂപ ലാഭിച്ചിട്ടുണ്ട്. മിഷൻ ഇന്ദ്രധനുഷിൽ പുതിയ പ്രതിരോധ കുത്തിവയ്പ്പുകൾ ചേർത്ത് പരമാവധി പാവപ്പെട്ടവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും, കോടിക്കണക്കിന് ഗർഭിണികളെയും കുട്ടികളെയും പല രോഗങ്ങളിൽ നിന്നും രക്ഷിക്കുകയും ചെയ്യുന്നു . ഈ ശ്രമങ്ങളെല്ലാം ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ പണം ലാഭിക്കുകയും പ്രതിസന്ധികളിൽ നിന്നും അവരെ അകറ്റുകയും സാധ്യതകളുടെ ആകാശവുമായി അവരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. സ്വാമിത്വ പദ്ധതിയിലൂടെ ഗ്രാമീണർ ശാക്തീകരിക്കപ്പെടുമ്പോൾ ഇന്ത്യയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ വികസനത്തിന്റെ പുതിയ അധ്യായം രചിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്.

[സുഹൃത്തുക്കളെ,

 ആധുനിക സാങ്കേതികവിദ്യ ആദ്യം നഗരങ്ങളിൽ എത്തുകയും പിന്നീട് അത് ഗ്രാമങ്ങളിൽ എത്തുകയും ചെയ്യുന്നത് ഇന്ത്യയിലെ ഒരു ശീലമാണ് . എന്നാൽ ഇന്ന് ഈ പാരമ്പര്യം മാറ്റാൻ രാജ്യം പ്രവർത്തിച്ചു. ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഓൺലൈനാക്കാൻ ഒരു തുടക്കം കുറിച്ചു. ഗ്രാമങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ ഗവൺമെന്റ്മായി ബന്ധപ്പെടുന്നതിന് ഇ-ഗ്രാം സേവനം ആരംഭിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗുജറാത്ത് ഗവൺമെന്റ് ആരംഭിച്ച സ്വാഗത് എന്നൊരു സംരംഭം ഇന്നും പരാമർശിക്കപ്പെടുന്നുണ്ട്. അതേ മന്ത്രം പിന്തുടർന്ന്, ഇന്ത്യയിലെ ഗ്രാമങ്ങൾ സ്വാമിത്വ യോജനയിലൂടെയും ഡ്രോൺ സാങ്കേതികവിദ്യയിലൂടെയും സമ്പന്നമാകുമെന്ന് രാജ്യം ഉറപ്പാക്കുന്നു. ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികൾ പോലും ചുരുങ്ങിയ സമയത്തിനുള്ളിൽ കൃത്യമായി ചെയ്യാൻ ഡ്രോൺ സാങ്കേതികവിദ്യയ്ക്ക് കഴിയും. മനുഷ്യർക്ക് പോകാൻ കഴിയാത്തിടത്ത് ഡ്രോണുകൾക്ക് എളുപ്പത്തിൽ നീങ്ങാൻ കഴിയും. വീടുകൾ മാപ്പ് ചെയ്യുന്നതിനുപുറമെ, രാജ്യമെമ്പാടുമുള്ള ഭൂമി രേഖകൾ, സർവേ, അതിർത്തി നിർണയം എന്നിവ കൂടുതൽ ഫലപ്രദവും സുതാര്യവുമാക്കുന്നതിന് ഡ്രോണുകൾ വളരെ ഉപയോഗപ്രദമാകും. ഡ്രോണുകളുടെ ഉപയോഗം ഇപ്പോൾ മാപ്പിംഗ് മുതൽ ദുരന്തനിവാരണവും കാർഷിക ജോലിയും സേവന വിതരണവും വരെ വ്യാപകമായിരിക്കുന്നു . മനുഷ്യർക്ക് എത്തിച്ചേരാൻ ഏറെ സമയമെടുക്കുന്ന മണിപ്പൂരിലെ പ്രദേശങ്ങളിലേക്ക് ഡ്രോണുകൾ വഴി കൊറോണ വാക്‌സിനുകൾ അതിവേഗം എത്തിച്ചതായി നിങ്ങൾ രണ്ട് ദിവസം മുമ്പ് ടിവിയിൽ കാണുകയും പത്രങ്ങളിൽ വായിക്കുകയും ചെയ്തിരിക്കണം. അതുപോലെ, ഗുജറാത്തിലെ വയലുകളിൽ യൂറിയ തളിക്കാൻ ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ട്.

 സഹോദരീ സഹോദരന്മാരെ,

 അടുത്തിടെ, കർഷകർക്കും രോഗികൾക്കും വിദൂര പ്രദേശങ്ങളിലുള്ളവർക്കും ഡ്രോൺ സാങ്കേതികവിദ്യയിൽ നിന്ന് പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിരവധി നയപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. രാജ്യത്ത് ധാരാളം ആധുനിക ഡ്രോണുകൾ നിർമ്മിക്കാനും ആ മേഖലയിൽ സ്വാശ്രയത്വം നേടാനുമായി ഉൽപാദന അധിഷ്ഠിത കിഴിവ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ഡ്രോണുകൾ നിർമ്മിക്കാൻ കഠിനാധ്വാനികളായ ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, സ്റ്റാർട്ട്-അപ്പുകൾ എന്നിവരോട് ഇന്ന് ഈ അവസരത്തിൽ മുന്നോട്ട് വരാൻ ഞാൻ ആഹ്വാനം ചെയ്യുന്നു. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള കഴിവ് ഈ ഡ്രോണുകൾക്കുണ്ട് . ഡ്രോണുകളും അനുബന്ധ സേവനങ്ങളും ഇന്ത്യൻ കമ്പനികളിൽ നിന്ന് വാങ്ങാനും ഗവൺമെന്റ് തീരുമാനിച്ചു. ഇത് സ്വദേശത്തും വിദേശത്തുമുള്ള ധാരാളം കമ്പനികളെ ഇന്ത്യയിൽ ഡ്രോണുകൾ നിർമ്മിക്കാൻ പ്രോത്സാഹിപ്പിക്കും, ഇത് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.

 സുഹൃത്തുക്കളെ,

  ഗ്രാമങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിലൂടെ ഇന്ത്യയുടെ വികസന യാത്ര ശക്തിപ്പെടുത്താനാണ് അടുത്ത 25 വർഷം കൊണ്ട് ഉദ്ദേശിക്കുന്നത്. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യം ഇതിൽ വലിയ പങ്ക് വഹിക്കാൻ പോകുന്നു. മൊബൈൽ ഫോണുകളും ഇന്റർനെറ്റും ഗ്രാമങ്ങളിലെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. പുതിയ കൃഷിരീതികൾ, പുതിയ വിളകൾ, പുതിയ വിപണികൾ എന്നിവയുമായി കർഷകരെ ബന്ധിപ്പിക്കുന്നതിന് മൊബൈൽ ഫോണുകൾ വളരെ ഉപയോഗപ്രദമായി. ഇന്ന് ഇന്ത്യയിലെ ഗ്രാമങ്ങളിൽ നഗരങ്ങളേക്കാൾ കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കൾ ഉണ്ട്. ഇപ്പോൾ രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധിപ്പിക്കുന്ന പദ്ധതിയും അതിവേഗം പുരോഗമിക്കുകയാണ്. കൃഷി, മികച്ച വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് പുറമെ, ഗ്രാമങ്ങളിലെ പാവപ്പെട്ടവർക്ക് മെച്ചപ്പെട്ട ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കണം, അത് സാധ്യമാകാൻ പോകുന്നു.

സുഹൃത്തുക്കളെ,

 സാങ്കേതികവിദ്യയിലൂടെ ഗ്രാമങ്ങളെ മാറ്റുന്നതിനുള്ള ഈ പ്രചാരണം വെറും ഐടിയിലോ ഡിജിറ്റൽ സാങ്കേതികവിദ്യയിലോ പരിമിതപ്പെടുന്നില്ല. ഗ്രാമങ്ങളുടെ വികസനത്തിന് മറ്റ് സാങ്കേതികവിദ്യകളും വ്യാപകമായി ഉപയോഗിക്കുന്നു. സൗരോർജ്ജത്തിൽ നിന്ന് സമ്പാദിക്കുന്നതിനും ജലസേചനത്തിനുമുള്ള പുതിയ അവസരങ്ങളും ഗ്രാമങ്ങളിലേക്ക് ലഭ്യമാക്കുന്നു. ആധുനിക ഗവേഷണത്തിന്റെ സഹായത്തോടെ, മാറുന്ന കാലാവസ്ഥയ്ക്കും മാറുന്ന ആവശ്യത്തിനും അനുസരിച്ച് പുതിയ വിത്തുകൾ കർഷകർക്ക് ലഭ്യമാക്കുന്നു. നൂതന വാക്സിനുകൾ ഉപയോഗിച്ച് മൃഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. അത്തരം അർഥവത്തായ ശ്രമങ്ങളിലൂടെ, ഗ്രാമങ്ങളുടെ സജീവ പങ്കാളിത്തത്തോടെ, എല്ലാവരുടെയും പരിശ്രമത്തിലൂടെ, ഗ്രാമങ്ങളുടെ മുഴുവൻ സാധ്യതകളും ഞങ്ങൾ ഇന്ത്യയുടെ വികസനത്തിന്റെ അടിസ്ഥാനമാക്കി മാറ്റും. ഗ്രാമങ്ങൾ ശാക്തീകരിക്കപ്പെട്ടാൽ, മധ്യപ്രദേശും ശക്തമാകും, അതുപോലെ ഇന്ത്യയും ശക്തമാകും. ഈ ആഗ്രഹത്തോടെ, വീണ്ടും എല്ലാ ആശംസകളും! നാളെ മുതൽ പുണ്യനവരാത്രി ഉത്സവം ആരംഭിക്കുന്നു. ഇത് എല്ലാവർക്കും അനുഗ്രഹമായി വരട്ടെ! രാജ്യം എത്രയും വേഗം കൊറോണയിൽ നിന്ന് മുക്തമാകട്ടെ! ഈ കൊറോണ കാലഘട്ടത്തിൽ നമുക്കും ശ്രദ്ധിക്കാം, ഒപ്പം നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയും ആസ്വാദ്യകരമായി  ജീവിക്കുകയും ചെയ്യാം. ഈ ആശംസകളോടെ, വളരെ നന്ദി!