പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിജയദശമി നാളില്‍ പുതിയ ഏഴ് പ്രതിരോധ കമ്പനികള്‍ രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി വീഡിയോകോണ്‍ഫറന്‍സിലൂടെ നാടിനെ അഭിസംബോധന ചെയ്തു

വിജയദശമി നാളില്‍ പുതിയ ഏഴ് പ്രതിരോധ കമ്പനികള്‍ രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി വീഡിയോകോണ്‍ഫറന്‍സിലൂടെ നാടിനെ അഭിസംബോധന ചെയ്തു

പുതിയ ഏഴ് പ്രതിരോധ കമ്പനികള്‍ രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു. പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രിയെ കൂടാതെ രക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിംഗ്, രക്ഷാരാജ്യമന്ത്രി ശ്രീ അജയ് ഭട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

മഹത്തായ വിജയദശമി ദിനമായ ഇന്ന് ആയുധങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്ന പരമ്പരാഗത ചടങ്ങ് നിലവിലുള്ളതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ശക്തി എന്നത് സൃഷ്ടി നടത്താനുള്ള മാധ്യമമാണെന്ന് നമുക്ക് കാണാന്‍ കഴിയും. അതേ ഊര്‍ജത്തോടെ രാജ്യം കരുത്താര്‍ജ്ജിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. എ പി ജെ അബ്ദുള്‍ കലാമിനെ അനുസ്മരിച്ച പ്രധാനമന്ത്രി അദ്ദേഹം കരുത്തുറ്റ ഒരു രാജ്യത്തിനായി തന്റെ ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിത്വമായിരുന്നുവെന്ന് പറഞ്ഞു. ഓര്‍ഡനന്‍സ് ഫാക്ടറികള്‍ പുനഃക്രമീകരിച്ചതും ഏഴ് കമ്പനികള്‍ നിര്‍മിച്ചതും കരുത്തുറ്റ ഇന്ത്യ എന്ന അദ്ദേഹത്തിന്റെ സ്വപ്നത്തിന് ശക്തി പകരും. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തില്‍ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനായുള്ള രാജ്യത്തിന്റെ വിവിധ ശ്രമങ്ങള്‍ക്ക് പുതിയ പ്രതിരോധ കമ്പനികള്‍ക്ക് സംഭാവന നല്‍കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ കമ്പനികള്‍ നിര്‍മിക്കാനുള്ള നടപടികള്‍ കാലങ്ങളോളം മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി അവ ഭാവിയിലെ ഇന്ത്യന്‍ സൈനിക രംഗത്ത് കരുത്തുറ്റ അടിത്തറ പാകുമെന്ന വിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തെ ഓര്‍ഡനന്‍സ് ഫാക്ടറികളുടെ സമ്പന്നമായിരുന്ന ഭൂതകാലത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി ഈ കമ്പനികളെ അപ്ഗ്രേഡ് ചെയ്യുന്നതില്‍ സ്വാതന്ത്ര്യാനന്തര ഭരണാധികാരികള്‍ അലംഭാവം കാണിച്ചതായും പറഞ്ഞു. ഇത് ഇന്ത്യക്ക് തങ്ങളുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാക്കി. ''ഈ ഏഴ് പ്രതിരോധ കമ്പനികള്‍ ഈ സാഹചര്യം മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും'' അദ്ദേഹം പറഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായുള്ള ഇറക്കുമതി ഇല്ലാതാക്കലില്‍ പുതിയ കമ്പനികള്‍ നിര്‍ണായക പങ്ക് വഹിക്കും. 65,000 കോടിയിലധികം രൂപയ്ക്കുള്ള ഓര്‍ഡറുകള്‍ ഇതിനകം ലഭിച്ചത് ഈ കമ്പനികളില്‍ രാജ്യത്തിനുളള വര്‍ദ്ധിച്ച ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടായ പരിഷ്‌കാരങ്ങള്‍ കൊണ്ടും നടപടികള്‍ കൊണ്ടും പ്രതിരോധ മേഖലയില്‍ മുമ്പുണ്ടാകാത്ത വിധത്തിലുള്ള വിശ്വാസ്യതയും സുതാര്യതയും സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായുള്ള സമീപനവും സൃഷ്ടിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. രാജ്യ സുരക്ഷയ്ക്കായി ഇന്ന് പൊതു-സ്വകാര്യ മേഖലകള്‍ കൈ കോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ്. പുതിയ സമീപനത്തിനുള്ള ഉദാഹരണമായി ഉത്തര്‍പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രതിരോധ ഇടനാഴികള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുവാക്കള്‍ക്കും എംഎസ്എംഇകള്‍ക്കുമായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനാല്‍ രാജ്യം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടപ്പിലാക്കിയ നയങ്ങളിലെ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. ''നമ്മുടെ പ്രതിരോധ കയറ്റുമതി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 325 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി'' അദ്ദേഹം പറഞ്ഞു.

നമ്മുടെ കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ഏറ്റവും മികവ് പുലര്‍ത്തുക മാത്രമല്ല നമ്മുടെ ലക്ഷ്യം, മറിച്ച് അവ ആഗോള ബ്രാന്‍ഡുകളായി മാറാനാണ് നാം ലക്ഷ്യമിടുന്നത്. മത്സരാധിഷ്ഠിത വിലയാണ് നമ്മുടെ കരുത്തെങ്കില്‍ ഗുണനിലവാരവും വിശ്വസ്തതയുമായിരിക്കണം നമ്മുടെ വ്യക്തിത്വമെന്ന് അദ്ദേഹം പറഞ്ഞു. ലോകം 21ാം നൂറ്റാണ്ടിലേക്ക് കടന്ന ഈ കാലഘട്ടത്തില്‍ രാജ്യങ്ങളെ സംബന്ധിച്ച് വളര്‍ച്ചയും ബ്രാന്‍ഡ് മൂല്യവും കമ്പനികളെ സംബന്ധിച്ച് അതിന്റെ ഗവേഷണവും വികസനവും നിര്‍ണയിക്കുന്ന മൂല്യവുമാണ് പ്രധാനം. ഭാവി സാങ്കേതിക വിദ്യകളുടെ ഭാഗമാകാന്‍ കഴിയുന്നതിനാല്‍ പുതിയ കമ്പനികളോട് ഗവേഷണവും ആധുനികതയും തങ്ങളുടെ തൊഴിലിന്റെ ഭാഗമാക്കി മാറ്റാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആധുനികതയും വൈദഗ്ധ്യവും വളര്‍ത്തിയെടുക്കാനും അവ പരിപോഷിപ്പിക്കാനുമായി ഈ പുനഃക്രമീകരണം കമ്പനികള്‍ക്കു കൂടുതല്‍ സ്വയംഭരണാധികാരം നല്‍കും. ഗവേഷണത്തിന്റെയും വൈദഗ്ധ്യത്തിന്റെയും ഗുണഫലങ്ങള്‍ പരസ്പരം പങ്കിടുന്നതിന് സ്റ്റാര്‍ട്ടപ്പുകളോട് ഈ പുതിയ യാത്രയുടെ ഭാഗമാകാന്‍ അഭ്യര്‍ത്ഥിച്ചു.

ഗവണ്‍മെന്റ് പുതിയ കമ്പനികള്‍ക്ക് മികച്ച പ്രവര്‍ത്തന അന്തരീക്ഷം നല്‍കുക മാത്രമല്ല, മറിച്ച് പ്രവര്‍ത്തന സ്വയംഭരണാവകാശം നല്‍കുക കൂടി ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെട്ടതായി ഉറപ്പാക്കിയതായി അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.

പ്രവര്‍ത്തനപരമായ പരമാധികാരവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനൊപ്പം പുതിയ വളര്‍ച്ചാ സാധ്യതകളും ആധുനികതയും കൊണ്ടുവരികയും ചെയ്യുന്നതിന് ഗവണ്‍മെന്റ് ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനെ 100 ശതമാനവും ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായി മാറ്റുകയാണ് ചെയ്തത്. പ്രതിരോധ മേഖലയിലെ തയ്യാറെടുപ്പുകള്‍ക്ക് സ്വയംപര്യാപ്തത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച ഏഴു കമ്പനികള്‍ മ്യുണീഷന്‍സ് ഇന്ത്യ ലിമിറ്റഡ് (എംഐഎല്‍), ആംഡ് വെഹിക്കിള്‍സ് നിഗം ലിമിറ്റഡ് (എ വി എ എന്‍ ഐ – ആവനി), അഡ്വാന്‍സ്ഡ് വെപ്പണ്‍സ് ആന്റ് എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡ് (എ ഡബ്ല്യു ഇ -ആവേ ഇന്ത്യ), ട്രൂപ്പ് കംഫര്‍ട്ട്സ് ലിമിറ്റഡ് (ടിസിഎല്‍) (ട്രൂപ്പ് കംഫര്‍ട്ട് ഇനങ്ങള്‍), യന്ത്ര ഇന്ത്യ ലിമിറ്റഡ് (വൈഐഎല്‍), ഇന്ത്യ ഒപ്റ്റല്‍ ലിമിറ്റഡ് (ഐഒല്‍), ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡ് (ജിഐഎല്‍) എന്നിവയാണ്.

*****