ശ്രീ എമ്മിന്‍റെ ആശംസകള്‍.
അതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നാലു വട്ടം വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനുള്ള ഭാഗ്യം എനിക്കു കിട്ടി. എന്നാല്‍ അതിലേയ്ക്ക് കടക്കും മുന്‍പേ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍. രാഷ്ട്രത്തിന്‍റെ വിശാല സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് രാജ്യത്തെ അങ്ങ് നയിക്കട്ടെ. ഒടുവില്‍, താഴ്ന്ന നിലയില്‍ നിന്ന് ഉയര്‍ന്നുവന്ന വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കാത്ത, സാധാരണക്കാരന്‍റെ മനസ്സറിയുന്ന, ഒപ്പം കഠിനാധ്വാന ചെയ്യുന്ന ഒരു പ്രധാനമന്ത്രി നമുക്ക് ഉണ്ടായിരിക്കുന്നു. അദ്ദേഹത്തിനോട് അടുപ്പമുള്ള ഒരു ക്യാബിനറ്റ് മന്ത്രി കഴിഞ്ഞ ദിവസം അദ്ദേഹത്തെ വിശേഷിപ്പിച്ചത് “സ്വയം കഠിനാധ്വാനം ചെയ്യുക മാത്രമല്ല മറ്റുള്ളവരെയും അതിനു തനിക്കൊപ്പം കൂട്ടുന്ന വ്യത്യസ്ഥനായ കര്‍മ യോഗിയെന്നാണ്”. അതിന്‍റെ ഫലം കാണാനുണ്ട്. നമ്മുടെ അയല്‍ക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കി കൊണ്ട് സമ്പദ്ഘടന മുകളിലേയ്ക്ക് നോക്കുന്നു, പരമ്പരാഗതമായി ലഭിച്ച അലങ്കോല സ്ഥിതിയില്‍ ക്രമമുണ്ടാക്കിയെന്നത് അനായാസ വിജയമാണ്. തീര്‍ച്ചയായും പ്രശ്നങ്ങളുണ്ട്. വര്‍ഷങ്ങളായി ഉപരിതലത്തിന് കീഴെ തിളച്ചുകൊണ്ടിരുന്ന പലതും ഇപ്പോള്‍ സ്‌ഫോടനാത്മകമായി പൊട്ടിത്തെറിക്കുന്നു. ഉദാഹരണത്തിന് കാശ്മീരിലെ അക്രമം, അസഹിഷ്ണുത വിവാദം, ഗോരക്ഷയുടെ വൃത്തികെട്ട വശങ്ങള്‍ മുതലായവ. മുമ്പ് ചായക്കച്ചവടക്കാരനായിരുന്ന പയ്യന്‍ പ്രധാനമന്ത്രിയായത് ഇത്രകാലവും അധികാരം ആസ്വദിച്ചിരുന്ന അഭിജാതരില്‍ ചിലര്‍ക്ക് ദഹിക്കുന്നില്ല. ഞാന്‍ ഒരു കാര്യം നിങ്ങളെ ഓര്‍മിപ്പിക്കട്ടെ, അമൃതിനു വേണ്ടി എപ്പോള്‍ മഥനം നടന്നാലും അമൃതിന് മുമ്പായി ആദ്യം കുറച്ചു വിഷം ദൃശ്യമാവുക തന്നെ ചെയ്യും. അമൃതിനായി നമുക്ക് കാത്തിരിക്കാം, അത് പ്രത്യക്ഷപ്പെടുമെന്ന് നമുക്കുറപ്പുണ്ട്.
ഇനി പ്രധാനമന്ത്രിയുമായുള്ള എന്‍റെ വ്യക്തിപരമായ കൂടിക്കാഴ്ചകളെ ക്കുറിച്ച്. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അഹമ്മദാബാദില്‍ വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. ഒരു ഹിമാലയന്‍ ഗുരുവിന്‍റെ ശിഷ്യത്വം എന്ന എന്‍റെ ആത്മകഥയുടെ ഗുജറാത്തി പരിഭാഷയുടെ പ്രകാശനമായിരുന്നു. ശ്രീ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്യാനിരിക്കെ അതിനായി അദ്ദേഹത്തിന് വൈകുന്നേരം ഡല്‍ഹിക്കു പോകേണ്ടിയിരുന്നു. അതിനാല്‍ രാവിലെ ഗാന്ധിനഗറിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചു. സത്യത്തില്‍ ഒന്നുമല്ലാത്ത എന്നെ അദ്ദേഹം നേരിട്ട് വന്ന് എന്നെ സൗഹാര്‍ദ്ദത്തോടെ സ്വാഗതം ചെയ്തു. അദ്ദേഹത്തിന്‍റെ ഉപചാരത്തിലും മര്യാദയിലും ഞാന്‍ അമ്പരന്നുപോയി. പ്രധാനമന്ത്രിയാകാന്‍ പോകുന്ന ആളായിട്ടുകൂടി തികച്ചും ശാന്തനായിരുന്നു അദ്ദേഹം. മത സൗഹാര്‍ദത്തിനു വേണ്ടി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഞാനൊരു മാരത്തോണ്‍ നടത്തം തുടങ്ങാന്‍ പോകുന്നതായി ഞാന്‍ അറിയിച്ചപ്പോള്‍ അദ്ദേഹം എന്നെ പ്രോല്‍സാഹിപ്പിക്കുകയും ഗുജറാത്തില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു. ആ സമയത്ത് അദ്ദേഹം ഡല്‍ഹിയിലായിരിക്കും എന്ന് ഞാന്‍ ഓര്‍മിപ്പിച്ചപ്പോള്‍ പുഞ്ചിരിച്ചതല്ലാതെ അഭിപ്രായമൊന്നും പറഞ്ഞില്ല.
അദ്ദേഹം പ്രധാനമന്ത്രിയായ ശേഷം, ഒരു മാസം കഴിഞ്ഞായിരുന്നു അടുത്ത കൂടിക്കാഴ്ച. എന്‍റെ യുഎസ് സന്ദര്‍ശനത്തിനു മുമ്പ് ഒന്നു കാണാന്‍ അവസരം ചോദിച്ചു. ഞാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. 7 റേസ് കോഴ്‌സ് റോഡിലെ വസതിയിലെ ആ കൂടിക്കാഴ്ചയിലും തികഞ്ഞ സൗഹാര്‍ദ്ദം. ഞങ്ങള്‍ രണ്ടുപേരും മാത്രം, സഹായികളോ സെക്രട്ടറിമാരോ ഇല്ല. ഞങ്ങള്‍ സംസാരിച്ചു. തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ അദ്ദേഹത്തിന് ആകാംക്ഷയുണ്ടായിരുന്നു. ബാംഗളൂരുവില്‍ ബിജെപി ദേശീയ നിര്‍വാഹസ സമിതി നടക്കുമ്പോഴായിരുന്നു മൂന്നാമത്തെ കൂടിക്കാഴ്ച. പദയാത്ര ബംഗളൂരുവിലൂടെ കടന്നുപോവുകയായിരുന്നു. അദ്ദേഹവും ഞാനുമായി രാജ്ഭവനില്‍ വച്ച് കണ്ടു. ഇത്തവണ അദ്ദേഹം എന്‍റെ ആരോഗ്യത്തെക്കുറിച്ച് താല്‍പര്യത്തോടെയും ദയാവായ്‌പോടെയും അന്വേഷിക്കുകയും ആരോഗ്യസംബന്ധമായ ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കാതെയുള്ള നടത്തയെക്കുറിച്ച് അമ്പരപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. വീണ്ടും 7 റേസ് കോഴ്‌സ് റോഡിലെ വീട്ടില്‍ വച്ചായിരുന്നു നാലാമത്തെ കൂടിക്കാഴ്ച. പദയാത്ര ഡല്‍ഹിയോട് അടുക്കുകയായിരുന്നു. അസഹിഷ്ണുതാ വിവാദം മാധ്യമങ്ങളില്‍ എല്ലാ ദിവസവും വന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അദ്ദേഹം ഗൗരവതരമായ ഉത്കണ്ഠ പ്രകടിപ്പിക്കുകയും സാമുദായിക സൗഹാര്‍ദത്തിനു വേണ്ടിയുള്ള ശ്രമങ്ങളില്‍ എനിക്ക് ഒരിക്കല്‍ കൂടി ശുഭാശംസകള്‍ നേരുകയും ചെയ്തു. എങ്കിലും, സംഭവിച്ച വലിയ ഒരു കാര്യം എന്താണെന്നു വച്ചാല്‍, പദയാത്ര ഗുജറാത്തിലേക്ക് പ്രവേശിച്ച പുലര്‍ച്ചെ 6.30ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിളിയേക്കുറിച്ച് എന്‍റെ അസിസ്റ്റന്‍റ് അറിയിച്ചു. പ്രധാനമന്ത്രി തന്നെ നേരിട്ടു ഫോണില്‍ വന്നപ്പോഴത്തെ എന്‍റെ അമ്പരപ്പിനേക്കുറിച്ച് ആലോചിച്ചു നോക്കൂ. '' ആപ് കോ ഗുജറാത്ത് മേം സ്വാഗത് ഹേ. സബ് ഠീക് ഹേ? ആപ്കാ സെഹത്ത് കൈസാ ഹെ?'' (താങ്കള്‍ക്ക് ഗുജറാത്തിലേയ്ക്ക് സ്വാഗതം ..... സുഖമാണല്ലോ അല്ലേ ? അങ്ങയുടെ ആരോഗ്യം എങ്ങനെയുണ്ട്. നമ്മുടേതു പോലെ വിശാലമായ ഒരു രാജ്യത്തിന്‍റെ അസംഖ്യം ഉത്തരവാദിത്തങ്ങളുള്ള പ്രധാനമന്ത്രി ആ പദയാത്രയേക്കുറിച്ച് അന്വേഷിക്കുന്നതും സ്വന്തം ഉത്തരവാദിത്തത്തിന്‍റെ ഭാഗമാക്കി മാറ്റി. പദയാത്ര ഗുജറാത്തിലേക്ക് പ്രവേശിച്ചപ്പോള്‍ എന്നെപ്പോലെ രാഷ്ട്രീയമായി പ്രാധാന്യമില്ലാത്ത ഒരു വ്യക്തിയെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറായി. ചിലര്‍ രാക്ഷസീയമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയിലെ മനുഷ്യത്വത്തിന്‍റെ ഗുണമായി ഞാനതിനെ കാണുന്നു. ഇപ്പോള്‍, അദ്ദേഹത്തിന്‍റെ അറുപത്തിയാറാം ജന്മ ദിനത്തിന്‍റെയും ഗവണ്‍മെന്‍റിന്‍റെ മൂന്നാം വാര്‍ഷികത്തിന്‍റെയും വേളയില്‍ ഞാന്‍ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. പക്ഷേ, ഒരു അപേക്ഷയുണ്ട്: അങ്ങയുടെ ജന്മദിനത്തിന്‍റെ യശസ്സ് സൂചിപ്പിക്കുന്നതിനായി എന്‍റെ ജന്മനാടായ കേരളത്തിന്‍റെ വടക്കന്‍ പ്രദേശങ്ങളില്‍ ഇടതു വലതും നടത്തുന്ന കഠോരമായ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള സംഭാഷണങ്ങള്‍ക്ക് സര്‍, അങ്ങ് വ്യക്തിപരമായ താല്‍പര്യമെടുക്കുമോ, കശ്മീരിന്‍റെ കാര്യത്തില്‍ ചെയ്തതു പോലെ. കേരളത്തിന്‍റെ കാര്യത്തില്‍ സംഭാഷണത്തിന് ഇരു പക്ഷവും തയ്യാറാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ സ്തംഭനാവസ്ഥ അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. പ്രധാനമന്ത്രിയായ താങ്കള്‍ക്കു മാത്രമേ കെ മുതല്‍ കെ വരെ ( കേരളം മുതല്‍ കശ്മീര്‍ വരെ) ഇത് അവസാനിപ്പിക്കാന്‍ കഴിയുകയുള്ളു, സര്‍. ഒരിക്കല്‍ക്കൂടി ആഹ്‌ളാദകരമായ ജന്മദിനം നേരുന്നു.