പിഎം ഇന്ത്യ
മനസ്സു പറയുന്നത്
എന്റെ പ്രിയ ദേശവാസികളേ…… നിങ്ങള്ക്ക് എല്ലാവര്ക്കും നമസ്ക്കാരം! ‘മന് കി ബാത്ത്’ പരിപാടിയുടെ 12-ാംമത് ഖണ്ഡമാണിത്. ഈ കണക്കുവച്ചു നോക്കിയാല് ഒരു വര്ഷം തികഞ്ഞു എന്നു പറയാം. കഴിഞ്ഞ വര്ഷം ഒക്ടോബര് 3-നാണ് ആദ്യമായി എനിക്ക് ‘മന് കി ബാത്ത്’ അവതരിപ്പിക്കുവാനുള്ള ഭാഗ്യം കൈവന്നത്. മന് കി ബാത്തിലൂടെ ഒരു വര്ഷം…… അനേകം അനേകം വിഷയങ്ങള്…… നിങ്ങള് അതില്നിന്ന് എന്തു നേടി എന്ന് എനിക്ക് അറിയില്ല. എന്നാല്, ഞാന് വളരെയധികം നേടിയെന്ന് തീര്ച്ചയായും പറയാന് കഴിയും.
ജനാധിപത്യത്തില് ജനങ്ങളുടെ അഭിപ്രായങ്ങള്ക്ക് പരമപ്രാധാന്യമാണുള്ളത്. ഇതാണ് എന്റെ ജീവിതത്തിലെ അടിസ്ഥാനപരമായ വിശ്വാസം. അതുകൊണ്ട്, ജനശക്തിയില് എനിക്ക് അപാരമായ വിശ്വാസമാണുള്ളത്. എന്നാല്, ‘മന് കി ബാത്ത്’ എന്നെ പഠിപ്പിച്ചത്, മനസ്സിലാക്കിച്ചത്, ഞാന് അറിഞ്ഞത്, ഞാന് അനുഭവിച്ചത് ഇതില്നിന്നൊക്കെ എനിക്ക് പറയാന് കഴിയും, നാം അനുമാനിക്കുന്നതില്നിന്നും എത്രയോ അധികമാണ് ജനശക്തി. നമ്മുടെ പൂര്വ്വികര് പറയുമായിരുന്നു, ‘ജനത ജനാര്ദ്ദന്’ അതായത് ഈശ്വരന്റെതന്നെ ശബ്ദമാണ് ജനതയുടെ ശബ്ദം.’മന് കി ബാത്ത്’ പരിപാടിയിലെ എന്റെ അനുഭവങ്ങളില്നിന്നും പറയാന് കഴിയും നമ്മുടെ പൂര്വ്വികരുടെ ഈ ചിന്തയില് വലിയ ശക്തിയും സത്യവുമുണ്ടെന്ന്. കാരണം ഞാന് അതനുഭവിച്ചതാണ്. ‘മന് കി ബാത്തി’ലേക്ക് ഞാന് ജനങ്ങളില്നിന്നും നിര്ദ്ദേശങ്ങള് ആവശ്യപ്പെടുമായിരുന്നു. ഓരോ തവണയും രണ്ടോ നാലോ നിര്ദ്ദേശങ്ങള് മാത്രമേ എനിക്ക് പരിഗണിക്കാന് കഴിഞ്ഞിരുന്നുള്ളൂ. എന്നാല്, ലക്ഷക്കണക്കിന് ജനങ്ങള് സജീവമായി എനിക്ക് നിര്ദ്ദേശങ്ങള് നല്കിക്കൊണ്ടേയിരുന്നു. ഈ പങ്കാളിത്തംതന്നെ ഒരു മഹാശക്തിയാണ്. മറിച്ച് പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചു, mygov.in ല് കുറിപ്പെഴുതി, കത്തയച്ചു. എന്നാല് ഒരു തവണ പോലും എനിക്കൊരവസരം ലഭിച്ചില്ല. ഇങ്ങനെയൊക്കെ ചിന്തിച്ചാല് ആരും നിരാശരായിപ്പോകില്ലേ? എന്നാല് എനിക്ക് അങ്ങനെ തോന്നിയതേയില്ല. അതേ, ശരിയാണ്. ഈ ലക്ഷക്കണക്കിന് കത്തുകള് എന്നെ ഒരു വലിയ പാഠവും പഠിപ്പിച്ചു. ഭരണത്തിന്റെ സൂക്ഷ്മമായ ഒട്ടനവധി നൂലാമാലകളെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചുകൊണ്ടിരുന്നു. ഈ നിര്ദ്ദേശങ്ങളെ വെറും കടലാസു കഷണങ്ങളായി കാണാതെ സാധാരണക്കാരന്റെ ആശയും അഭിലാഷവുമായി കണ്ടതിന് ഞാന് ആകാശവാണിയെയും അഭിനന്ദിക്കുന്നു. ആകാശവാണി ഈ കത്തുകളെ തുടര്ന്ന് ധാരാളം പരിപാടികള് തയ്യാറാക്കി. സര്ക്കാറിന്റെ വിവിധ വകുപ്പുകളെ ക്ഷണിച്ചുവരുത്തി. സാധാരണ ജനങ്ങള് പറഞ്ഞ കാര്യങ്ങള് അവരുടെ മുന്പില് അവതരിപ്പിച്ചു. കുറേയേറെ കാര്യങ്ങള് പരിഹരിക്കുവാന് ശ്രമിച്ചു. സര്ക്കാറിലെ തന്നെ വിവിധ വകുപ്പുകള് ജനങ്ങളുടെ കത്തുകള് വിശകലനം ചെയ്ത് ഇവയില് എന്തെല്ലാം കാര്യങ്ങളാണെന്നും ഏതെല്ലാം കാര്യങ്ങളാണ് വ്യക്തികള്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെന്നും ഏതെല്ലാം കാര്യങ്ങളാണ് സര്ക്കാറിന്റെതന്നെ ശ്രദ്ധയില് പെടാത്തവയെന്നും കണ്ടെത്തി. ധാരാളം വിഷയങ്ങള് താഴേത്തട്ടില്നിന്നും സര്ക്കാറിന്റെ അടുത്തെത്താന് തുടങ്ങി. പിന്നെ, വിവരങ്ങള് താഴെനിന്നും മുകളിലേക്കും മാര്ഗ്ഗനിര്ദ്ദേശങ്ങള് മുകളില്നിന്ന് താഴേക്കും വരണമെന്നുള്ളത് ഭരണത്തിന്റെ അടിസ്ഥാനതത്വമാണെന്നത് ശരിതന്നെയാണ്. ഇത്തരത്തില് ‘മന് കി ബാത്ത്’ അറിവുകളുടെ ഈ ഉറവിടമായി തീരുമെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിരുന്നുവോ? എന്നാല് അത് സംഭവിച്ചു. അങ്ങിനെ ‘മന് കി ബാത്ത്’ സാമൂഹത്തിന്റെ ശക്തി പ്രകടിപ്പിക്കുവാനുള്ള ഒരവസരം ഒരുക്കി. ഞാന് ഒരു ദിവസം selfie with daughter എന്ന് പറഞ്ഞതും ലോകം മുഴുവന് ആശ്ചര്യപ്പെട്ടുപോയി. ലോകത്തിലെ എല്ലാ കോണുകളില്നിന്നും ആരെങ്കിലുമൊക്കെ selfie with daughter എടുക്കുകതന്നെ ചെയ്തു. ലക്ഷക്കണക്കിന് ആളുകള് ഇങ്ങനെ പെണ്മക്കളോടൊപ്പം ഫോട്ടോയെടുത്തത് അവരുടെ ധൈര്യവും വിശ്വാസവുമാണ് വര്ദ്ധിപ്പിച്ചത്. പെണ്കുട്ടികള്ക്ക് സമൂഹത്തില് അര്ഹമായ ആദരവ് കിട്ടി. ഒപ്പംതന്നെ കുടുംബത്തില് പെണ്കുട്ടികളോടുള്ള പ്രതിബദ്ധത വര്ദ്ധിച്ചു. ഈ ചിത്രങ്ങള് കണ്ടവര്ക്കും പെണ്കുട്ടികളോടുള്ള വേര്തിരിവ് ഉപേക്ഷിക്കണമെന്ന് മനസ്സില് തോന്നി. ഇത് ഒരു നിശബ്ദ വിപ്ലവമായിരുന്നു.
ഇന്ത്യയുടെ ടൂറിസത്തെ ഉദ്ദേശിച്ചുകൊണ്ട് ഞാന് ഇതുപോലെ പറഞ്ഞിരുന്നു incredible India – സഹോദരന്മാരെ നിങ്ങളും യാത്ര ചെയ്യുന്നവരാണല്ലോ. നല്ല ചിത്രങ്ങള് ലഭിച്ചാല് ഞാന് നോക്കാം. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളാണ് പറഞ്ഞത്. എന്നാല്, പ്രതികരണങ്ങള് ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ഭാരതത്തിന്റെ ഓരോ മുക്കിലും മൂലയിലുംനിന്ന ജനങ്ങള് ലക്ഷക്കണക്കിന് ചിത്രങ്ങള് അയച്ചുതന്നു. നമ്മുടെ പക്കല് ഇത്രയധികം പൈതൃകസമ്പത്തുണ്ടെന്ന് ഒരുപക്ഷേ ഭാരത സര്ക്കാരിന്റെയോ സംസ്ഥാനസര്ക്കാരിന്റെയോ ടൂറിസം വകുപ്പുകള് ചിന്തിച്ചിട്ടുകൂടിയുണ്ടാകില്ല. ‘മന് കി ബാത്ത്’ അതിനൊരു വേദിയാകുകയും സര്ക്കാരിന് ഒരു രൂപപോലും ചിലവില്ലാതെ ജനങ്ങള് ജോലി ഏറ്റെടുത്തു മുന്നോട്ടുപോയി.
കഴിഞ്ഞ വര്ഷം ഒക്ടോബര് ആദ്യം എന്റെ ആദ്യ ‘മന് കി ബാത്ത്’ പരിപാടിയില് ഗാന്ധിജിയെക്കുറിച്ച് പരാമര്ശിക്കാന് കഴിഞ്ഞതില് എനിക്ക് സന്തോഷം തോന്നി. ഗാന്ധിജയന്തിയെക്കുറിച്ച് പരാമര്ശിച്ചപ്പോള് ഞാന് ജനങ്ങളോട് ഒക്ടോബര് 2 മഹാത്മാഗാന്ധിയുടെ ജന്മദിനം രാഷ്ട്രം മുഴുവന് ഖാദി ഉല്പന്നങ്ങള്ക്ക് പ്രോത്സാഹനം നല്കി ആഘോഷിക്കണമെന്ന് അഭ്യര്ത്ഥിച്ചിരുന്നു. രാഷ്ട്രത്തിനുവേണ്ടി ഖാദി എന്നു പറഞ്ഞ ഒരു കാലമുണ്ടായിരുന്നു. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഇപ്പോള് അത് ഫാഷനുവേണ്ടി ഖാദി എന്നാക്കിക്കൂടെ? ജനങ്ങളോട് ഞാന് നിങ്ങള് ഖാദി വാങ്ങണം, എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനുശേഷം ഖാദി വില്പന ഏകദേശം ഇരട്ടിയായി എന്ന് ഞാന് സന്തോഷത്തോടെ പറയട്ടെ. ഇത് സര്ക്കാര് പരസ്യംകൊണ്ട് സംഭവിച്ചതല്ല. ലക്ഷങ്ങളും കോടികളും ചെലവഴിച്ചുണ്ടായ നേട്ടമല്ലിത്. ജനശക്തിയുടെ ഒരനുഭവം; ഒരു വിജയമാണിത്.
ഒരു തവണ ‘മന് കി ബാത്തി’ല് ഞാന് പറഞ്ഞിരുന്നു, പാവപ്പെട്ടവന്റെ വീട്ടില് വിറകടുപ്പ് പുകയുന്നു, കുട്ടികള് കരയുന്നു, അമ്മമാര് കഷ്ടപ്പെടുന്നു. അവര്ക്ക് പാചകവാതകസിലിണ്ടര് ലഭിക്കേണ്ടതല്ലേ? ഞാന് സമ്പന്നരോട് നിങ്ങള്ക്ക് സബ്സിഡി ഉപേക്ഷിക്കാന് കഴിയില്ലേ എന്ന് ചോദിച്ചിരുന്നു. ഇന്ന് എനിക്ക് വളരെ സന്തോഷത്തോടെ പറയുവാന് കഴിയും, നമ്മുടെ രാജ്യത്തെ മുപ്പത് ലക്ഷം കുടുംബങ്ങള് പാചകവാതകത്തിന്റെ സബ്സിഡി ഉപേക്ഷിച്ചിരിക്കുന്നു. ഇവരാരും അതിസമ്പന്നരല്ല. ഒരു ടി.വി. ചാനലില് ഒരു റിട്ടയേര്ഡ് സ്ക്കൂള് ടീച്ചര്, വിധവയായ സ്ത്രീ സബ്സിഡി വേണ്ടെന്നുവയ്ക്കുവാന് ക്യൂവില് നില്ക്കുന്നതായി ഞാന് കണ്ടു. ഇടത്തരക്കാര്, താഴ്ന്നതട്ടിലുള്ളവര് ഇവര്ക്കൊക്കെ സബ്സിഡി ഉപേക്ഷിക്കുവാന് ബുദ്ധിമുട്ടാണ്. എന്നാല് ഇങ്ങനെയുള്ളവര് സബ്സിഡി ഉപേക്ഷിച്ചിട്ടുണ്ട്. ഇത് നിശബ്ദവിപ്ലവമല്ലേ? ഇതില് നമുക്ക് ജനശക്തി ദര്ശിക്കാന് കഴിയില്ലേ.
നമ്മുടെ സര്ക്കാര് ചട്ടക്കൂട്ടിനുള്ളില് എന്തെല്ലാം കാര്യങ്ങള് നടക്കുന്നുണ്ടോ ഈ ചട്ടക്കൂടിനു പുറത്ത് ഒരു വലിയ ജനശക്തി – കഴിവുറ്റതും ഊര്ജ്ജസ്വലവും ദൃഢനിശ്ചയത്തോടുകൂടിയതുമായ ഒരു സമൂഹം ഉണ്ടെന്ന പാഠം സര്ക്കാരുകള് ഉള്ക്കൊള്ളേണ്ടതായുണ്ട്. സര്ക്കാരുകള് എത്രമാത്രം സമൂഹത്തോട് ചേര്ന്ന് നിന്നു പ്രവര്ത്തിക്കുന്നുവോ അത്രയുമധികം സാമൂഹിക പരിവര്ത്തനത്തിനുള്ള ഒരു നല്ല ഉല്പ്രേരകമെന്ന നിലയില് പ്രവര്ത്തിക്കാന് കഴിയും. ‘മന് കി ബാത്ത്’ല് എനിക്ക് ഏതെല്ലാം കാര്യങ്ങളിലായിരുന്നുവോ പ്രതീക്ഷ ഉണ്ടായിരുന്നത് ഇന്ന് അതെല്ലാം വിശ്വാസമായി മാറിക്കഴിഞ്ഞു, ആദരവായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഞാന് ‘മന് കി ബാത്ത്’ എന്ന പരിപാടിയിലൂടെ ജനശക്തിയെ ഇതാ നൂറുവട്ടം നമസ്ക്കരിക്കുന്നു. ഞാന് ഓരോ ചെറിയ കാര്യത്തെയും സ്വായത്തമാക്കി നാടിന്റെ നന്മയ്ക്കായുള്ള പ്രവര്ത്തനങ്ങളില് പങ്കാളിയായി. ഇതില്പ്പരം സന്തോഷിക്കാന് മറ്റെന്തുണ്ട്?
‘മന് കി ബാത്തില്’ ഇത്തവണ ഒരു പുതിയ പരീക്ഷണം നടത്തുന്നതിനെക്കുറിച്ച് ഞാന് ആലോചിച്ചു. രാജ്യത്തെ ജനങ്ങളോട് നിങ്ങള് ടെലഫോണ് ചെയ്ത് ചോദ്യങ്ങള്, നിര്ദ്ദേശങ്ങള് എന്നിവ രേഖപ്പെടുത്തിയാല് ‘മന് കി ബാത്തി’ല് ഉള്പ്പെടുത്താമെന്ന് ഞാന് അറിയിച്ചു. ഞാന് സന്തോഷത്തോടെ പറയട്ടെ, ഏകദേശം അമ്പത്തയ്യായിരത്തിലധികം സന്ദേശങ്ങള് ഇങ്ങനെ ലഭിച്ചു. സിയാച്ചില് നിന്നായാലും ശരി, കച്ചില് നിന്നായാലാം ശരി കാംരൂപില് നിന്നായിക്കൊള്ളട്ടെ, കാഷ്മീരില് നിന്നോ കന്യാകുമാരിയില് നിന്നോ ആയിക്കൊള്ളട്ടെ. ജനങ്ങള് ഫോണ്കോളുകള് ചെയ്യാത്ത ഒരു പ്രദേശവും ഇന്ത്യയില് ഉണ്ടാവില്ല. ഇതുതന്നെ സുഖപ്രദമായ ഒരനുഭവമാണ്. എല്ലാ പ്രായത്തിലുള്ള ആളുകളും സന്ദേശം അയച്ചിട്ടുണ്ട്. ചില സന്ദേശങ്ങള് ഞാന് സ്വയം കേള്ക്കാന് ആഗ്രഹിച്ചു. അത് എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ബാക്കിയുള്ളവയുടെ കാര്യത്തില് എന്റെ ടീം നടപടികള് എടുത്തുകൊണ്ടിരിക്കുന്നു. നിങ്ങള് ഒന്നോ രണ്ടോ മിനിട്ടുമാത്രമായിരിക്കും ഇതിനുവേണ്ടി ചെലവഴിച്ചത്. എന്നാല് എന്നെ സംബന്ധിച്ച് നിങ്ങളുടെ ഫോണ്കോള്, നിങ്ങളുടെ സന്ദേശം വളരെ പ്രാധാന്യമേറിയതാണ്. സര്ക്കാരിന്റെ മുഴുവന് വകുപ്പുകളും തീര്ച്ചയായും നിങ്ങളുടെ നിര്ദ്ദേശങ്ങള് പരിഗണിക്കും.
എന്നാല്, ഒരു കാര്യം എന്നെ ആശ്ചര്യപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്തു. ചിലപ്പോള് തോന്നാം നമുക്കുചുറ്റും നിഷേധാത്മകത്വമാണെന്ന്. പക്ഷേ, എന്റെ അനുഭവം മറിച്ചാണ്. ഈ അമ്പത്തിയയ്യായിരംപേര് അവരവരുടെ രീതിയിലാണ് അവരുടെ കാര്യങ്ങള് പറഞ്ഞത്. ഒരു തടസ്സവുമില്ലായിരുന്നു. എന്തും പറയാമായിരുന്നു. എന്നാല് എനിക്ക് അത്ഭുതം തോന്നുന്നു. എല്ലാ കാര്യങ്ങളും ‘മന് കി ബാത്തി’ന്റെ ആശയങ്ങളെന്നപോലെ പൂര്ണ്ണമായും ഊര്ജ്ജദായകവും സൃഷ്ടിപരവുമായ നിര്ദ്ദേശങ്ങളായിരുന്നു. രാജ്യത്തെ സാധാരണജനങ്ങള് കൂടി എത്രമാത്രം സൃഷ്ടിപരമായാണ് ചിന്തിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇത് നാടിനെ സംബന്ധിച്ചിടത്തോളം എത്ര വലിയ സമ്പത്താണ്? ഒരുപക്ഷേ, ഒന്നോ രണ്ടോ ഫോണ്കോളുകള് മാത്രം കാണും ഗൗരവമേറിയ പരാതികളുടെ പശ്ചാത്തലത്തില്നിന്ന്. 90 ശതമാനത്തിലധികവും ഒരുതരത്തിലുള്ള ഊര്ജ്ജം പകര്ന്നുതരുന്ന സന്തോഷം നല്കുന്ന കാര്യങ്ങളായിരുന്നു.
എന്റെ ശ്രദ്ധയില്പ്പെട്ട മറ്റൊരുകാര്യം വിശേഷിച്ച് ഭിന്നശേഷിയുള്ളവര്, അതില്ത്തന്നെ കാഴ്ചയുടെ പരിമിതിയുള്ളവര്, അവരുടെ ബന്ധുജനങ്ങള് ഇവരുടെയെല്ലാം വളരെയധികം ഫോണ് വന്നിരുന്നു. അവര് തീര്ച്ചയായും റേഡിയോ കേള്ക്കുന്നുണ്ടാവും. അവരെ സംബന്ധിച്ചിടത്തോളം റേഡിയോ എത്ര പ്രാധാന്യം അര്ഹിക്കുന്നുവെന്ന് എനിക്ക് ഇതില്നിന്ന് ബോധ്യമായി. ഞാന് ഇതിന്റെ ഒരു പുതിയ വശം കാണുന്നു. ഇവര് വളരെ നല്ല കാര്യങ്ങളാണ് പറഞ്ഞത്. ഇത് സര്ക്കാരിന്റെ കാര്യക്ഷമത വര്ദ്ധിപ്പിക്കുന്നതിന് പര്യാപ്തമാണ്.
എനിക്ക് രാജസ്ഥാനിലെ അല്വാറില്നിന്ന് പവന് ആചാര്യ ഒരു സന്ദേശം അയച്ചുതന്നു. ഞാന് കരുതുന്നു, പവന് ആചാര്യ പറഞ്ഞ കാര്യങ്ങള് രാജ്യം മുഴുവന് കേള്ക്കേണ്ടതാണെന്ന്. നോക്കൂ, അദ്ദേഹം എന്താണ് പറയാന് ആഗ്രഹിക്കുന്നുവെന്ന് തീര്ച്ചയായും കേള്ക്കൂ. ”എന്റെ പേര് പവന് ആചാര്യ. ഞാന് രാജസ്ഥാനിലെ അല്വാര് സ്വദേശിയാണ്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അവര്കള്ക്കുള്ള എന്റെ സന്ദേശം ഇതാണ്, അങ്ങ് ദയവായി ഇത്തവണത്തെ ‘മന് കി ബാത്ത്’ പരിപാടിയിലൂടെ ഭാരതത്തിലെ ജനങ്ങളോട് ദീപാവലിക്ക് പരമാവധി മണ്ചെരാതുകള് ഉപയോഗിക്കാന് അഭ്യര്ത്ഥിക്കണം. ഇത് പരിസ്ഥിതിക്ക് ഗുണകരമാകുന്നതിനോടൊപ്പം ആയിരക്കണക്കിന് മണ്പാത്രനിര്മ്മാണ സഹോദരങ്ങള്ക്ക് തൊഴില് ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാക്കുകയും ചെയ്യും. നന്ദി.” പവന് ആചാര്യയെപ്പോലെ താങ്കളുടെ ഈ വികാരം ഭാരതത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചേരുകയും പ്രചരിക്കുകയും ചെയ്യുമെന്ന് ഞാന് വിശ്വസിക്കുന്നു. നല്ല നിര്ദ്ദേശമാണ് നല്കിയിരിക്കുന്നത്. മണ്ണിനാണെങ്കില് വിലയുമില്ല. അതുകൊണ്ടുതന്നെ മണ്വിളക്കുകളും അമൂല്യമാണ്. പാരിസ്ഥിതിക കാഴ്ചപ്പാടിലും അതിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. ഈ വിളക്കുകള് ഉണ്ടാക്കുന്നത് പാവപ്പെട്ടവന്റെ വീട്ടിലാണ്. സാധുക്കള് ഈ ജോലി ചെയ്ത് നിത്യവൃത്തികഴിക്കുന്നു. ഞാന് ദേശവാസികളോടായി പറയുന്നു, വരാനിരിക്കുന്ന ഉത്സവവേളകളില് പവന് ആചാര്യ പറഞ്ഞ കാര്യങ്ങള് നാം നടപ്പിലാക്കുകയാണെങ്കില് അതിന്റെ പൊരുള് ദീപം തങ്ങളുടെ വീടുകളില് തെളിയും എന്നാല് പ്രകാശം പരക്കുന്നത് പാവപ്പെട്ടവന്റെ വീടുകളിലുമായിരിക്കും.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഗണേശചതുര്ത്ഥിദിവസം എനിക്ക് സൈന്യത്തിലെ ജവാന്മാരോടൊപ്പം രണ്ടുമൂന്നു മണിക്കൂറുകള് ചെലവഴിക്കുന്നതിനുള്ള അവസരം ലഭിച്ചു; കടല്-കര-വ്യോമ സംരക്ഷണം നടത്തുന്ന നമ്മുടെ സേനയോടൊപ്പം. 1965-ല് പാക്കിസ്ഥാനുമായി നടന്ന യുദ്ധത്തിന് 50 വര്ഷം പൂര്ത്തിയായി. ഇതിന്റെപേരില് ദില്ലിയിലെ ഇന്ത്യാഗേറ്റില് ഒരു ‘ശൗര്യാഞ്ജലി’ പ്രദര്ശനം സംഘടിപ്പിക്കപ്പെട്ടു. ഞാന് അത് വളരെ താത്പര്യപൂര്വ്വം നോക്കിക്കണ്ടു. അവിടെ പോയത് അര മണിക്കൂര് നേരത്തേയ്ക്ക്. പക്ഷേ, മടങ്ങിയപ്പോള് രണ്ടര മണിക്കൂര് കടന്നുപോയതറിഞ്ഞില്ല. എന്നിട്ടും, ചിലതെല്ലാം വിട്ടുംപോയി. അവിടെ എന്താണ് ഇല്ലായിരുന്നത്? ചരിത്രം മുഴുവനും ജീവനോടെ വന്നിരിക്കുന്നു. സൗന്ദര്യാത്മകമായ കാഴ്ചപ്പാടിലൂടെ നോക്കിയാലും ശ്രേഷ്ഠതരമാണ്. ചരിത്രപരമായ വീക്ഷണത്തിലൂടെയായാലും വിജ്ഞാനപ്രദമാണ്. ജീവിതത്തിന് പ്രചോദനം നല്കുന്നതിലും മാതൃഭൂമിക്കുവേണ്ടി സേവനം അനുഷ്ഠിക്കുന്ന കാര്യത്തിലും ഇതില്പ്പരം പ്രേരണയേകുന്ന മറ്റൊന്നില്ല. യുദ്ധത്തിന്റെ അഭിമാനമുഹൂര്ത്തങ്ങളില് നമ്മുടെ സൈനികര് കാഴ്ചവച്ച അദമ്യമായ സാഹസത്തിന്റെയും ആത്മാര്പ്പണത്തിന്റെയും ത്യാഗത്തെക്കുറിച്ച് നാം കേട്ടിരുന്നു. അന്ന് ഇത്രയും ചിത്രങ്ങളും ലഭ്യമായിരുന്നില്ല. ഇത്രയും വീഡിയോഗ്രഫിയും ഉണ്ടയിരുന്നില്ല. ഈ പ്രദര്ശനത്തില്നിന്നും ഒരനൂഭൂതിതന്നെയുണ്ടായി.
യുദ്ധം ഹാജീപീറിലേതായാലും അസല്ഉത്തറിലേതായാലും ചാമിന്ദായിലേതായാലും ഹാജീപീര് പാസിലെ വിജയത്തിന്റെ ദൃശ്യങ്ങള് കണ്ടാല് രോമാഞ്ചമുണ്ടാവും. നമ്മുടെ സൈന്യത്തിലെ ജവാന്മാരെക്കുറിച്ച് അഭിമാനം തോന്നുന്നു. ആ ധീരന്മാരുടെ വീട്ടുകാരെ കാണാന് കഴിഞ്ഞു. രാജ്യത്തിന് സ്വയം സമര്പ്പിച്ച ആ കുടുംബങ്ങളെ കാണാന് കഴിഞ്ഞു. യുദ്ധത്തിന്റെ ഭാഗമാകാന് കഴിഞ്ഞ അവരൊക്കെ ജീവിതത്തിന്റെ സായാഹ്നഘട്ടത്തിലാണ്. അവരും വന്നിരുന്നു. അവര്ക്ക് ഹസ്തദാനം നല്കുമ്പോള് തോന്നുന്നുണ്ടായിരുന്നു. ഹായ്, എന്ത് ഊര്ജ്ജമാണ്. ഒരു പ്രചോദനം തരുന്നതുപോലെ. നിങ്ങള് ചരിത്രം ഉണ്ടാക്കാന് ആഗ്രഹിക്കുന്നുവെങ്കില് ചരിത്രത്തിന്റെ സൂക്ഷ്മതലങ്ങളെ അറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ചരിത്രം നമ്മെ നമ്മുടെ വേരുകളോട് ചേര്ക്കുന്നു. ചരിത്രവുമായി ബന്ധം നഷ്ടപ്പെടുകയാണെങ്കില് ചരിത്രനിര്മ്മാണത്തിന്റെ സാധ്യതകള്ക്കും പൂര്ണ്ണവിരാമം സംഭവിക്കുന്നു. ഈ പ്രദര്ശനത്തിലൂടെ ചരിത്രത്തിന്റെ അനുഭൂതിയാണ് ഉണ്ടാകുന്നത്. ചരിത്രത്തെക്കുറിച്ചുള്ള അറിവുണ്ടാകുന്നു. പുതിയ ചരിത്ര നിര്മ്മാണത്തിനുള്ള പ്രേരണയുടെ വിത്തുകളും വിതയ്ക്കപ്പെടുന്നു. ഞാന് നിങ്ങളേവര്ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്ക്കും – നിങ്ങള് ഡല്ഹിയുടെ ചുറ്റുവട്ടത്താണെങ്കില് – ഒരുപക്ഷേ, പ്രദര്ശനം ഇനിയും കുറച്ചു ദിവസംകൂടി നീളും. തീര്ച്ചയായും നിങ്ങള് പോയി കാണുമെന്ന് ഞാന് കരുതുന്നു. എന്നെപ്പോലെ തിടുക്കം കാണിക്കരുത്. ഞാന് രണ്ടുരണ്ടര മണിക്കൂറിനകം തിരികെപ്പോയി. എന്നാല്, നിങ്ങള് മൂന്നുനാലു മണിക്കൂര് തീര്ച്ചയായും അവിടെ ചെലവഴിക്കണം. തീര്ച്ചയായും കണ്ട് ആസ്വദിക്കണം.
ജനാധിപത്യത്തിന്റെ ശക്തി കണ്ടാലും. ഒരു ചെറിയ കുട്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നു; ആജ്ഞാസ്വരത്തില്. എന്നാല് വെപ്രാളത്തിനിടയില് ആ കുട്ടി തന്റെ പേരു പറയാന് മറന്നുപോയി. അതുകൊണ്ട് എനിക്ക് അവന്റെ പേര് അറിയില്ല. എന്നാല് അവന് പറഞ്ഞ കാര്യം പ്രധാനമന്ത്രി വേണ്ടത്ര ഗൗരവത്തില് എടുക്കേണ്ടതുതന്നെയാണ്. നമ്മള് എല്ലാം, ദേശവാസികളും ഗൗരവമായി കാണേണ്ടതാണ്. ആ കുട്ടി നമ്മോടെന്താണ് പറഞ്ഞതെന്ന് കേട്ടാലും. ”പ്രധാനമന്ത്രി മോദിജി ഞാന് താങ്കളോട് പറയാന് ആഗ്രഹിക്കുന്നത്; താങ്കള് നടപ്പിലാക്കിയ സ്വച്ഛതാ അഭിയാനുവേണ്ടി താങ്കള് എല്ലാ സ്ഥലത്തും ഓരോ തെരുവിലും ചവറ്റുകുട്ട ഏര്പ്പെടുത്തിയാലും. ആ കുട്ടി ശരിയാണ് പറഞ്ഞത്. നമുക്ക് ശുചിത്വമെന്നത് ഒരു സ്വഭാവം തന്നെയായിരിക്കണം. ശുചിത്വത്തിനുവേണ്ടി നിയമങ്ങളും വേണം, എനിക്ക് ആ കുട്ടിയുടെ സന്ദേശത്തില് വളരെ സന്തോഷം തോന്നി. കാരണം, ഒക്ടോബര് 2-ന് ശുചിത്വ ഭാരതത്തിനുവേണ്ടി ഒരു മുന്നേറ്റം സംഘടിപ്പിക്കുവാനായി ഞാന് പ്രഖ്യാപിച്ചിരുന്നു. ഒരുപക്ഷേ, സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായിട്ടായിരിക്കും പാര്ലമെന്റില് മണിക്കൂറുകളോളം ശുചിത്വത്തെക്കുറിച്ച് ഇത്രയും ചര്ച്ചകള് നടന്നിട്ടുണ്ടാവുകയെന്ന് എനിക്ക് പറയാന് കഴിയും. ശുചിത്വത്തെ സംബന്ധിച്ച് പ്രധാനമന്ത്രിയും സര്ക്കാരും വലിയ വലിയ കാര്യങ്ങള് പറയുന്നുണ്ട്. എന്നിട്ട് എന്ത് സംഭവിച്ചു എന്നിങ്ങനെ വിമര്ശനങ്ങള് എനിക്കും കേള്ക്കാന് കഴിഞ്ഞിട്ടുണ്ട്. അതൊന്നും ഒരു മോശമായി എനിക്ക് തോന്നിയിട്ടില്ല. ഞാന് അതില് കാണുന്ന നന്മ പാര്ലമെന്റില്പോലും ഭാരതത്തിന്റെ ശുചിത്വത്തെക്കുറിച്ച് ചര്ച്ചകള് നടക്കുന്നുവെന്നതാണ്.
മറ്റൊന്ന്, ഒരു വശത്ത് പാര്ലമെന്റ്, മറുവശത്ത് ഈ രാജ്യത്തെ ഒരു ബാലന്, ഇരുകൂട്ടരും ശുചിത്വത്തെക്കുറിച്ച് സംസാരിക്കുന്നു. ഇതിലും വലിയ ഒരു സൗഭാഗ്യം ഒരു രാജ്യത്തിന് മറ്റെന്താണ് ഉള്ളത്? ആശയങ്ങളുടെ ഈ വിപ്ലവം വൃത്തികേടുകളോടുള്ള വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ശുചിത്വത്തെക്കുറിച്ച് ജാഗ്രത ഉണ്ടായിട്ടുണ്ട്. ഇത് സര്ക്കാരുകളെ ജോലി ചെയ്യുന്നതിന് നിര്ബന്ധിതരാക്കും. പ്രാദേശികഭരണകൂടങ്ങളെ, അത് ഗ്രാമപഞ്ചായത്താകാം, ജില്ലാ പഞ്ചായത്താകാം, മുനിസിപ്പാലിറ്റിയാകാം, കോര്പ്പറേഷനാകാം, സംസ്ഥാനങ്ങളാകാം, അല്ലെങ്കില് രാജ്യം തന്നെയാകാം. ഓരോ വ്യക്തിയും ഇതിനായി പണിയെടുക്കേണ്ടിവരും. ഈയൊരു വിപ്ലവത്തെ നമുക്ക് മുന്നോട്ടു നയിക്കേണ്ടതുണ്ട്. കുറ്റങ്ങളും കുറവുകളോടുംകൂടിതന്നെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. 2019-ല് മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ആഘോഷിക്കുമ്പോള് മഹാത്മാഗാന്ധിയുടെ സ്വപ്നസാക്ഷാത്ക്കാരത്തിനുവേണ്ടി ഈ ജോലി നമ്മള് ഭാരതീയര് ഏറ്റെടുക്കണം.
മഹാത്മാഗാന്ധി എന്താണ് പറഞ്ഞിട്ടുള്ളതെന്ന് നിങ്ങള്ക്കറിയാമോ? ശുചിത്വവും സ്വാതന്ത്ര്യവും ഇതില് ഒന്ന് തിരഞ്ഞെടുക്കേണ്ട സന്ദര്ഭമുണ്ടായാല് ഞാന് ആദ്യം ശുചിത്വം തിരഞ്ഞെടുക്കും, പിന്നീട് സ്വാതന്ത്ര്യവും. ഗാന്ധിജി സ്വാതന്ത്ര്യത്തേക്കാളേറെ മഹത്വം ശുചിത്വത്തിന് നല്കിയിരുന്നു. വരൂ, നമുക്ക് ഒരുമിച്ച് മഹാത്മാഗാന്ധിയുടെ വാക്കുകളെ മാനിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആഗ്രഹസാഫല്യത്തിനുവേണ്ടി ഒരുമിച്ച മുന്നേറാം.
ഡല്ഹിയില്നിന്ന് ഗുല്ഷന് അറോറ ാ്യഴീ്.ശി ല് കുറിച്ചത് ദീന് ദയാല്ജിയുടെ ജന്മശതാബ്ദിയെക്കുറിച്ച് അറിയാന് ആഗ്രഹിക്കുന്നുവെന്നാണ്. എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, മഹാപുരുഷന്മാരുടെ ജീവിതം എല്ലായ്പ്പോഴും നമുക്ക് പ്രചോദനം നല്കുന്നതാണ്. നമ്മുടെ ജോലി, മഹാപുരുഷന്മാര് ഏത് ചിന്താസരണിയുടെ അനുയായികളായിരുന്നു എന്നതിന്റെ വിലയിരുത്തല് നടത്തലല്ല. രാജ്യത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയും നമുക്ക് പ്രചോദനമാണ്. ഈ ദിവസങ്ങളില് ഒരുപാട് മഹാപുരുഷന്മാരെ ഓര്ക്കാനുള്ള അവസരങ്ങള് വരുന്നുണ്ട്. സെപ്റ്റംബര് 25-ന് പണ്ഡിറ്റ് ദീന് ദയാല് ഉപാധ്യായ, ഒക്ടോബര് 2-ന് മഹാത്മാഗാന്ധി, ലാല്ബഹാദൂര് ശാസ്ത്രി ഒക്ടോബര് 11-ന് ജയപ്രകാശ് നാരായണ്, ഒക്ടോബര് 31-ന് സര്ദാര് വല്ലഭായ് പട്ടേല് ഇങ്ങനെ എത്രയോ പേരുകള്. വളരെ കുറച്ചേ ഞാന് പരാമര്ശിക്കുന്നുള്ളൂ. കാരണം, ഇത് വീരപുത്രന്മാരുടെ നാടാണ്.
നിങ്ങള് ഏത് ദിവസമെടുത്താലും ചരിത്രത്തിന്റെ കിളിവാതിലിലൂടെ ഏതെങ്കിലും ഒരു മഹാപുരുഷന്റെ പേര് വെളിച്ചത്തുവരും. വരുംനാളുകളില് എല്ലാ മഹാപുരുഷന്മാരെയും നമുക്ക് ഓര്ക്കാം, ആദരിക്കുകയും ചെയ്യാം. അവരുടെ ജീവിതസന്ദേശങ്ങള് വീടുവീടാന്തരം എത്തിക്കാന് ശ്രമിക്കാം. അവരില്നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാന് ശ്രമിക്കാം.
ഒക്ടോബര് 2-നെക്കുറിച്ച് പ്രത്യേകിച്ച് ഒരാഗ്രഹംകൂടി ഞാന് മുന്നോട്ട് വയ്ക്കുന്നു. ഒക്ടോബര് 2 ആദരണീയനായ ബാപ്പുവിന്റെ ജയന്തിയാണ്. കഴിഞ്ഞ വര്ഷവും ഞാന് പറഞ്ഞിരുന്നു. വിവിധതരത്തിലുള്ള ഫാഷന് വസ്ത്രങ്ങള് നിങ്ങളുടെ പക്കല് ഉണ്ടായിരിക്കാം. വിവിധ തുണിത്തരങ്ങളും ഉണ്ടായിരിക്കാം. എന്നാല് അതില് ഖാദിക്കും സ്ഥാനമുണ്ടായിരിക്കണം. ഞാന് ഒരിക്കല്ക്കൂടി പറയുന്നു. ഒക്ടോബര് 2 മുതല് ഒരു മാസം ഖാദിക്ക് റിബേറ്റുണ്ട്. അത് പ്രയോജനപ്പെടുത്തിയാലും, ഖാദിക്കൊപ്പം കൈത്തറിക്കും തുല്യ മഹത്വം നല്കിയാലും. നെയ്ത്തുകാരായ സഹോദരങ്ങള് വളരെയേറെ അദ്ധ്വാനിക്കുന്നുണ്ട്. നമ്മള് 125 കോടിവരുന്ന ദേശവാസികള് അഞ്ചോ പത്തോ അമ്പതോ രൂപ വിലമതിക്കുന്ന എന്തെങ്കിലും കൈത്തറി സാധനങ്ങളോ, ഖാദിയിനങ്ങളോ വാങ്ങുമ്പോള് മൊത്തത്തില് ആ തുക ആ ദരിദ്രരായ നെയ്ത്തുകാരുടെ വീടുകളില് എത്തിച്ചേരും. ഖാദി നിര്മ്മിക്കുന്ന പാവപ്പെട്ട വിധവയുടെ വീട്ടില് എത്തപ്പെടും. അതുകൊണ്ട് ഈ ദീപാവലിക്ക് തീര്ച്ചയായും ഖാദിക്കും നിങ്ങളില് ഓരോരുത്തരുടെ വീടുകളിലും ശരീരത്തിലും ഇടം നല്കിയാലും. നിങ്ങള് ഖാദി വസ്ത്രം ധരിക്കണമെന്ന് ഞാന് ഒരിക്കലും നിര്ബന്ധിക്കില്ല. കുറച്ച്, വളരെക്കുറച്ച് അത്രമാത്രം ആഗ്രഹമേ എനിക്കുള്ളൂ. നോക്കൂ, കഴിഞ്ഞ പ്രാവശ്യം വില്പന ഏകദേശം ഇരട്ടിയായി. എത്രയോ ദരിദ്രര്ക്ക് അതിന്റെ പ്രയോജനം കിട്ടി. ലക്ഷങ്ങളും കോടികളും മുടക്കി സര്ക്കാര് പരസ്യം ചെയ്താല്പോലും ലഭിക്കാത്തത്ര ഗുണമാണ് നിങ്ങളില് ഓരോരുത്തരുടെയും ചെറിയ ചെറിയ സഹായങ്ങളില്നിന്ന ലഭിച്ചത്. ഇതാണ് ജനശക്തി. അതുകൊണ്ട് ഒരിക്കല്ക്കൂടി ആ പ്രവര്ത്തി തുടരാന് ഞാന് നിങ്ങളോട് അഭ്യര്ത്ഥിക്കുകയാണ്.
പ്രിയമുള്ള ദേശവാസികളെ, എനിയ്ക്ക് ഒരു കാര്യത്തില് മനസ്സ് നിറഞ്ഞ സന്തോഷമുണ്ട്. അതു ഞാന് നിങ്ങളോട് പങ്കുവെയ്ക്കുന്നു. ഞാന് മെയ് മാസത്തില് കല്ക്കട്ടയ്ക്ക് പോയപ്പോള് സുഭാഷ്ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള് എന്നെ കാണാന് വന്നിരുന്നു. എല്ലാം ഏര്പ്പാട് ചെയ്തത് അദ്ദേഹത്തിന്റെ മരുമകനായിരുന്നു. ഏറെനേരം സുഭാഷ്ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള്ക്കൊപ്പം കളിയുംചിരിയുമായി ചിലവഴിക്കാനുള്ള അവസരം എനിയ്ക്ക് കിട്ടി. സുഭാഷ്ബാബുവിന്റെ ആ വലിയ കുടുംബം പ്രധാനമന്ത്രിയുടെ വസതി സന്ദര്ശിക്കുന്ന കാര്യത്തിലും ആ ദിവസം തീരുമാനമായി. ചന്ദ്രാബോസും അവരുടെ കുടുംബവും ആ തീരുമാനവുമായി മുന്നോട്ടുപോവുകയും ചെയ്തു. അമ്പതില് കൂടുതല് വരുന്ന സുഭാഷ്ബാബുവിന്റെ കുടുംബാംഗങ്ങള് പ്രധാനമന്ത്രിയുടെ വസതിയില് വരുന്നതായി കഴിഞ്ഞ ആഴ്ച എനിയ്ക്ക ഉറപ്പു ലഭിച്ചു. നിങ്ങള്ക്ക് സങ്കല്പിക്കാന് കഴിയും, ആ നിമിഷങ്ങള് എനിയ്ക്ക് എത്രമേല് സന്തോഷകരമായിരിക്കുമെന്ന്. നേതാജിയുടെ കുടുംബാംഗങ്ങള്, ഒരുപക്ഷേ, അവരുടെ ജീവിതത്തില് ആദ്യമായിട്ടായിരിക്കും എല്ലാവര്ക്കും ഒത്തുചേര്ന്ന്, ഒരുമിച്ച് പ്രധാനമന്ത്രിയുടെ വസതിയില് വരാനുള്ള ഒരവസരം കിട്ടിയിട്ടുണ്ടാവുക. എന്നാല് അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ വസതിയില് ഇത്തരത്തിലൊരു വിരുന്നു സല്ക്കാരസൗഭാഗ്യം ഇതിനു മുന്പ് ഒരിക്കലും ഉണ്ടായിട്ടില്ല എന്നതാണ്. അത് ഒക്ടോബറില് എനിയ്ക്ക് കിട്ടാന് പോകുകയാണ്. സുഭാഷചന്ദ്രബോസിന്റെ അമ്പതിലധികം വരുന്ന കുടുംബാംഗങ്ങള് വിവിധ രാജ്യങ്ങളില് താമസിക്കുന്നവരാണ്. എല്ലാവരും എത്തുന്നുണ്ട്. എത്രയോ സന്തോഷമുള്ള ഒരു നിമിഷമായിരിക്കും എനിയ്ക്കത്. അവരെ സ്വീകരിക്കുന്നതില് എനിയ്ക്ക് വളരെ സന്തോഷമുണ്ട്. വളരെയധികം ആനന്ദവും അനുഭവിക്കുന്നു ഞാന്.
എനിയ്ക്ക് ഭാര്ഗ്ഗവി കാനടെയില്നിന്ന് ഒരു സന്ദേശം കിട്ടി. അവരുടെ സംസാരരീതി, ശബ്ദം അതെല്ലാം കേട്ടപ്പോള് എനിയ്ക്ക് അവര് ഒരു നേതാവാണെന്നുതോന്നി. ഒരുപക്ഷേ, നേതാവാകാന് പോകുന്നവള്, അങ്ങനെയാണ് തോന്നിയത്. ”എന്റെ പേര് ഭാര്ഗ്ഗവി കാനടേ. യുവതലമുറയെ വോട്ടേഴ്സ് രജിസ്ട്രേഷനെക്കുറിച്ച് ബോധവാന്മാരാക്കണം എന്നാണ് എനിയ്ക്ക് അങ്ങയെ അറിയിക്കാനുള്ളത്. വരും നാളുകളില് അതുകൊണ്ട് യുവതലമുറയുടെ പങ്കാളിത്തം വര്ദ്ധിക്കുകയും ഭാവിയില് സര്ക്കാര് തിരഞ്ഞെടുപ്പിലും ഭരണനടത്തിപ്പിലും യുവതലമുറയുടെ പങ്കാളിത്തം കൂടുതല് ഉണ്ടാവുകയും ചെയ്യും. നന്ദി.”
വോട്ടേഴ്സ് ലിസ്റ്റില് പേരു ചേര്പ്പിക്കുന്ന കാര്യവും വോട്ട് ചെയ്യുന്നതിന്റെ സംഗതികളുമാണ് ഭാര്ഗ്ഗവി പറഞ്ഞത്. താങ്കള് പറഞ്ഞത് വളരെ ശരിയാണ്. ജനാധിപത്യത്തില് ഓരോ വോട്ടര്മാരുമാണ് രാജ്യത്തിന്റെ വിധികര്ത്താക്കള്. ഈ ഒരു ജാഗ്രത വര്ദ്ധിച്ചുവരുന്നുണ്ട്. വോട്ടു ചെയ്യുന്ന ശതമാനവും വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തിലെ തിരഞ്ഞെടുപ്പു കമ്മീഷനെ ഇക്കാര്യത്തില് പ്രത്യേകിച്ച് അഭിനന്ദിക്കാന് ഞാന് ആഗ്രഹിക്കുന്നു. കുറച്ച് വര്ഷങ്ങള്ക്കു മുമ്പ് നമ്മള് കണ്ടിരുന്നത് നമ്മുടെ ഇലക്ഷന് കമ്മീഷന് ഒരു റഗുലേറ്റര് മാത്രമായാണ് പ്രവര്ത്തിച്ചിരുന്നത്. എന്നാല് കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി അതിന് വലിയ മാറ്റം വന്നിട്ടുണ്ട്. ഇന്ന് നമ്മുടെ തിരഞ്ഞെടുപ്പു കമ്മീഷന് റഗുലേറ്റര് അല്ലാതായിട്ടുണ്ട്. ഒരുതരത്തില് ഫെസിലിറ്റേറ്റര് ആയി മാറിയിട്ടുണ്ട്. വോട്ടേഴ്സ് ഫ്രണ്ട്ലി ആയിട്ടുണ്ട്. അവരുടെ എല്ലാ ചിന്തകളിലും പദ്ധതികളിലും സമ്മതിദായകര് മുഖ്യബിന്ദുവായിത്തീര്ന്നിരിക്കുന്നു. ഇത് വളരെ നല്ല ഒരു മാറ്റമാണ്. എന്നാല് തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം പ്രവര്ത്തിച്ചുകൊണ്ടിരുന്നിട്ട് കാര്യമില്ല. നമ്മള്ക്കും സ്ക്കൂളിലും കോളേജുകളിലും തെരുവുകളിലും എല്ലാംതന്നെ ജാഗ്രത പുലര്ത്തേണ്ടുന്ന അന്തരീക്ഷം നിലനിര്ത്തേണ്ടതുണ്ട്. തിരഞ്ഞെടുപ്പു വരുമ്പോള്മാത്രം ജാഗരൂകരാകുന്ന അവസ്ഥ മാറണം. സമ്മതിദായകരുടെ പട്ടിക പുതുക്കിക്കൊണ്ടുതന്നെയിരിക്കണം. നമ്മളും അത് ശ്രദ്ധിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. എനിയ്ക്ക് അമൂല്യമായ ഏത് അധികാരമാണ് കിട്ടിയിട്ടുള്ളത് ആ അധികാരം സുരക്ഷിതമാണോ അല്ലയോ, നമ്മള് അധികാരം ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല മറിച്ച്, ശീലങ്ങള് നമ്മള് നിലനിര്ത്തേണ്ടതുണ്ട്. ഞാന് ആഗ്രഹിക്കുന്നത് രാജ്യത്തെ ചെറുപ്പക്കാര് വോട്ടര് പട്ടികയില് പേര് ചേര്ത്തിട്ടില്ലെങ്കില് അത് ചെയ്യുകയും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുകയും വേണം. പൊതുവായി ഞാന് പറയാന് ആഗ്രഹിക്കുന്നത് തിരഞ്ഞെടുപ്പു ദിവസം ആദ്യം വോട്ടുചെയ്യല് പിന്നെ ജലപാനം. അത്ര പവിത്രമായ ഒരു കാര്യമാണ്. അത് എല്ലാവരും ചെയ്യുകയും വേണം.
മിനിഞ്ഞാന്ന് ഞാന് കാശിയില് പോയിവന്നു. ഒരുപാട് ആളുകളെ കണ്ടു. വളരെയേറെ കാര്യപരിപാടികള് നടന്നു. ഇത്രയും ആളുകളെ കണ്ടതില് രണ്ടു കുട്ടികളുടെ കാര്യം മാത്രം ഞാന് നിങ്ങളുമായി പങ്കുവെയ്ക്കാന് ആഗ്രഹിക്കുന്നു. ഒന്ന്, ഒരു ഏഴു വയസ്സുകാരന് ക്ഷിതിജ് പാണ്ഡെ
ബനാറസ് ഹിന്ദു വിശ്വവിദ്യാലയത്തിലെ കേന്ദ്രീയ വിദ്യാലയത്തില് 7-ാം ക്ലാസ്സില് പഠിക്കുന്നു. വളരെ മിടുമിടുക്കന്. അതിശയിപ്പിക്കുന്നതായിരുന്നു അവന്റെ ആത്മവിശ്വാസം. ഇത്ര ചെറുപ്രായത്തില്ത്തന്നെ ഭൗതികശാസ്ത്രത്തിലുള്ള അവന്റെ അഭിരുചി ഞാന് കണ്ടറിഞ്ഞു. ഒരുപാട് അവന് വായിച്ചിട്ടുണ്ടാവണം. ഇന്റര്നെറ്റ് സര്ഫിംഗ് ചെയ്തിട്ടുണ്ടാവണം. പുതിയ പുതിയ പ്രയോഗങ്ങള് പരിചയിച്ചിട്ടുണ്ടാവണം. തീവണ്ടിയപകടങ്ങള് എങ്ങനെ തടയാം? എന്ത് സാങ്കേതികതകൊണ്ട് ഊര്ജ്ജച്ചിലവ് കുറയ്ക്കാം? യന്ത്രമനുഷ്യരെക്കൊണ്ട് വിവരങ്ങള് എങ്ങനെ ചോര്ത്താം ഇങ്ങനെ എന്തൊക്കെ കാര്യങ്ങളാണ് അവന് സംസാരിച്ചത്. അതിശയകരമായിരിക്കുന്നു. കൊള്ളാം അവന് പറഞ്ഞ കാര്യങ്ങള് എത്രമാത്രം സൂക്ഷ്മവും സത്യവുമായിരുന്നു. പക്ഷേ, ഞാന് നോക്കിക്കാണാന് ശ്രമിച്ചത് അവന്റെ ആത്മവിശ്വാസത്തിന്റെ നിലവാരത്തെയായിരുന്നു. അവന്റെ അഭിരുചിയെയായിരുന്നു. നമ്മുടെ രാജ്യത്തെ കുട്ടികളില് ശാസ്ത്രാഭിമുഖ്യവും താല്പര്യവും വര്ദ്ധിക്കേണ്ടതുണ്ട് എന്ന് ഞാന് ആഗ്രഹിക്കുന്നു. കുട്ടികളുടെ മനസ്സില് നിരന്തരം ചോദ്യങ്ങളുണ്ടാവണം. എന്തുകൊണ്ട്? എങ്ങനെ? എപ്പോള്? ഇങ്ങനെ കുട്ടികള് സ്വയം ചോദിച്ചുകൊണ്ടിരിക്കണം.
അതുപോലെതന്നെ സോനം പട്ടേലെന്ന വളരെ ചെറിയ ഒരു പെണ്കുട്ടിയേയും എനിയ്ക്ക് കാണാന് കഴിഞ്ഞു. 9 വയസ്സുമാത്രം പ്രായം. വാരാണസിയിലെ സുന്ദര്പൂര് എന്ന സ്ഥലത്ത് താമസിക്കുന്ന സദാവൃത പട്ടേലിന്റെ മകള്. വളരെ ദരിദ്രകുടുംബത്തിലെ അംഗം. ഞാന് ആശ്ചര്യപ്പെട്ടുപോയി. കുട്ടിയ്ക്ക് ഗീത മുഴുവന് കാണാപാഠമായിരുന്നു. എന്നാല്, അതിലേറെ വലിയ കാര്യം ഞാന് ശ്ലോകങ്ങളെക്കുറിച്ച് അവളോടു ചോദിച്ചതും ഇംഗ്ലീഷില് വ്യാഖ്യാനിച്ച് ഹിന്ദിയില് തര്ജ്ജിമ ചെയ്ത് പറഞ്ഞുതന്നു. അവളുടെ അച്ഛനോട് ചോദിച്ചപ്പോള് പറഞ്ഞു, 5 വയസ്സു മുതല് ഇതെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ്. ഞാന് ചോദിച്ചു, എവിടുന്നു പഠിച്ചു? അവര്ക്കുതന്നെ അറിയില്ല. അപ്പോള് ഞാന് ചോദിച്ചു, ഇതല്ലാതെ മറ്റെന്തൊക്കെയാണ് പഠിച്ചതെന്ന്? ഗീത മാത്രമാണോ പറയുന്നത്, അതല്ലാതെ മറ്റെന്തെങ്കിലും ഹൃദിസ്ഥമാക്കിയിട്ടുണ്ടോ? അപ്പോള് അവര് പറഞ്ഞു, കണക്ക് ഒരു പ്രാവശ്യം കയ്യിലെടുത്താല്മതി വൈകുന്നേരമാകുമ്പോള് എല്ലാം മന:പാഠമായിരിക്കും. ചരിത്രമാണെങ്കിലും വൈകുന്നേരം എല്ലാം കാണാപാഠമാക്കും. അവര്ക്കുപോലും അതിശയമാണെന്നാണ് അവര് പറഞ്ഞത്. അവള്ക്കുള്ളില് എന്താണെന്ന് വീട്ടിലുള്ളവര്ക്ക് അറിയില്ല. സത്യത്തില് അത് എന്നെ വല്ലാതെ സ്വാധീനിച്ചു. ചിലപ്പോള് ചില കുട്ടികളില് വല്ലാതെ സെലിബ്രിറ്റിയുടെ പരിവേഷമുണ്ടാവും. അങ്ങനത്തെ ഭാവമൊന്നും സോനമിന് ഉണ്ടായിരുന്നില്ല. ഈശ്വരന് അവള്ക്ക് സ്വയം എന്തോ ശക്തി കൊടുത്തിട്ടുണ്ടാവണം എന്ന് എനിയ്ക്ക് തോന്നി.
എന്റെ കാശി യാത്രയിലെ വളരെ പ്രധാനപ്പെട്ട രണ്ട് കൂടിക്കാഴ്ചകളായിരുന്നു ഈ രണ്ട് കുട്ടികളുടേതും. അപ്പോള് നിങ്ങളോടും പങ്കുവെയ്ക്കണമെന്ന് എനിയ്ക്ക് തോന്നി. ടിവിയില് നിങ്ങള് കാണുന്നതും പത്രങ്ങളിലൂടെ അറിയുന്നതുമല്ലാത്ത ഒരുപാടു കാര്യങ്ങള് ഞങ്ങള് ചെയ്യുന്നുണ്ട്. ചിലപ്പോഴൊക്കെ ഒരുതരത്തിലുള്ള ആനന്ദവും അതിലൂടെ എനിയ്ക്ക് ലഭിക്കുന്നു. ഈ കുട്ടികളോടുള്ള എന്റെ ഈ സംസാരം മനസ്സില് തങ്ങിനില്ക്കാറുണ്ട്. കുറേപ്പേര് ‘മന് കി ബാത്തി’ലൂടെ ഒരുപാടു കാര്യങ്ങള് ചെയ്യാന് എന്നെ ഏല്പിക്കാറുമുണ്ട്. നോക്കൂ, ഹരിയാനയിലെ സന്ദീപിന് പറയാനുള്ളത് ഇതാണ്, ”സര്, മാസത്തിലൊരിക്കല് പ്രക്ഷേപണം ചെയ്യുന്ന ഈ ‘മന് കി ബാത്ത്’ ആഴ്ചതോറും പ്രക്ഷേപണം ചെയ്തുകൂടെ? എന്തെന്നാല് അങ്ങയുടെ വാക്കുകള് ഞങ്ങള്ക്ക് ഏറെ പ്രചോദനമാണ് നല്കുന്നത്.” സന്ദീപ്ജി താങ്കള് ഇനി എന്തൊക്കെയാണ് എന്നെക്കൊണ്ട് ചെയ്യാനിരിക്കുന്നത്. മാസത്തില് ഒരു തവണ ചെയ്യാന്തന്നെ എന്തു ക്ലേശമാണെന്നോ? എന്റെ സമയം അതിനൊത്ത് ക്രമീകരിക്കേണ്ടി വരുന്നു. ആകാശവാണിയിലെ സുഹൃത്തുക്കള്ക്ക് അര മുക്കാല് മണിക്കൂറോളം എന്നെയും കാത്തിരിക്കേണ്ടി വരുന്നു. പക്ഷേ, ഞാന് നിങ്ങളുടെ വികാരത്തെ മാനിക്കുന്നു. ഈ നിര്ദ്ദേശത്തോട് കടപ്പെട്ടിരിക്കുന്നു. തല്ക്കാലം ഒരു മാസത്തെ ഈ പ്രക്ഷേപണം തന്നെയാണ് നല്ലത്.
ഒരുതരത്തില് നോക്കുകയാണെങ്കില് ‘മന് കി ബാത്തി’ന് ഒരു വര്ഷം തികഞ്ഞിരിക്കുന്നു. നിങ്ങള്ക്കറിയാമോ, സുഭാഷ്ബാബു റേഡിയോയെ എത്രമാത്രം ജനങ്ങളുമായി സമ്പര്ക്കംപുലര്ത്താന് ആശ്രയിച്ചിരുന്നുവെന്ന്. ജര്മ്മനിയില്നിന്നാണ് തുടക്കം. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെപ്പറ്റി ഹിന്ദുസ്ഥാനിലെ പൗരന്മാരെ റേഡിയോയിലൂടെയാണ് ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നത്. ആസാദ് ഹിന്ദ് റേഡിയോയുടെ തുടക്കം പ്രതിവാര വാര്ത്താബുള്ളറ്റിനിലൂടെയായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മറാഠി, പഞ്ചാബി, പഷ്തോ, ഉറുദു തുടങ്ങിയ ഭാഷകളിലെല്ലാം അദ്ദേഹം പ്രക്ഷേപണം നടത്തിയിരുന്നു.
ഞാനും ആകാശവാണിയിലൂടെ ‘മന് കി ബാത്ത്’ അവതരിപ്പിച്ച് ഒരു വര്ഷം പൂര്ത്തിയാക്കിയിരിക്കുന്നു. എന്റെ ഈ ‘മന് കി ബാത്ത്’ പരിപാടി ശരിയായ അര്ത്ഥത്തില് നിങ്ങള് കാരണം നിങ്ങളുടെ ‘മന് കി ബാത്ത്’ ആയി മാറിക്കഴിഞ്ഞു. നിങ്ങള്ക്ക് പറയാനുള്ളത് കേള്ക്കുമ്പോള് ഞാന് നിങ്ങളെപ്പറ്റി ചിന്തിക്കുന്നു. നിങ്ങളുടെ നിര്ദ്ദേശങ്ങളിലൂടെ കടന്നുപോകുമ്പോള് എന്റെ ചിന്തകള് അതിനെ പ്രദക്ഷിണം വയ്ക്കുന്നു. അതാണ് ആകാശവാണിയിലൂടെ നിങ്ങളുടെ കാതുകളിലെത്തുന്നത്. പറയുന്നത് ഞാനാണെങ്കിലും നിങ്ങളുടെ മനസ്സിലുള്ളതാണ് ഞാന് പറയുന്നത്. അതുതന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷവും. അടുത്ത മാസം ‘മന് കി ബാത്തി’ല് നമുക്ക് കണ്ടുമുട്ടാം. നിങ്ങളുടെ നിര്ദ്ദേശങ്ങള് വന്നുകൊണ്ടേയിരിക്കട്ടെ. നിങ്ങളുടെ നിര്ദ്ദേശങ്ങള്കൊണ്ട് പ്രയോജനം സര്ക്കാരിനാണ്. അതിലൂടെ നല്ലൊരു മാറ്റത്തിന് തുടക്കമാകുന്നു. നിങ്ങളുടെ പങ്കാളിത്തം വിലപ്പെട്ടതാണ്, അമൂല്യമാണ്. ഒരിക്കല്ക്കൂടി ഒരുപാട് ശുഭാശംസകള് നേരുന്നു. നന്ദി!