Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എഴുപതാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു

എഴുപതാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു


എഴുപതാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.

മഹാത്മാ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു, സ്വാരാജ്യം നേടിയെടുക്കുന്നതിനായി ജീവന്‍ ബലിയര്‍പ്പിച്ച എണ്ണമറ്റ ജനങ്ങള്‍ എന്നിവര്‍ക്കു ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു.

സ്വരാജ്യത്തില്‍നിന്നു ‘സുരാജി’ലേക്കുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ 125 കോടി ഇന്ത്യക്കാരും ദൃഢപ്രതിജ്ഞ എടുത്തുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സുരാജ് നേടിയെടുക്കുന്നതിനായി ത്യാഗവും കഠിനാധ്വാനവും അച്ചടക്കവും സമര്‍പ്പണവും ധൈര്യവും ആവശ്യമാണെന്നും പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള എല്ലാ സ്ഥാപനങ്ങളും ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗവണ്‍മെന്റിനെ ആരോപണങ്ങള്‍ വിഴുങ്ങിയിരുന്നു ഒരു കാലമുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, തന്റെ ഗവണ്‍മെന്റ് പ്രതീക്ഷകളാല്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ആശകള്‍ പ്രതീക്ഷകളായി മാറുമ്പോള്‍, അതു സുരാജിലേക്ക് അതിവേഗം കുതിക്കാന്‍ ഊര്‍ജം പകരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഗവണ്‍മെന്റ് ചെയ്തുതീര്‍ത്ത കാര്യങ്ങളിലല്ല, മറിച്ച് അതിന്റെ തൊഴില്‍ ചെയ്യല്‍ സംസ്‌കാരത്തില്‍ ശ്രദ്ധയൂന്നാനാണു തനിക്കു താല്‍പ്യമെന്നു ശ്രീ. നരേന്ദ്ര മോദി വെളിപ്പെടുത്തി.

സുരാജിന്റ ലക്ഷണങ്ങളായ അവബോധം, ഉത്തരവാദിത്തം, ചുമതല, സുതാര്യത, കാര്യപ്രാപ്തി, സദ്ഭരണം തുടങ്ങിയവ അദ്ദേഹം നിര്‍വചിച്ചു. പ്രമുഖ ആശുപത്രികളില്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍, ആദായനികുതി തിരിച്ചുനല്‍കുന്നതിലെ സമയകൃത്യത, പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതു വേഗത്തിലാക്കല്‍, കമ്പനി റജിസ്‌ട്രേഷന്‍ വേഗത്തിലാക്കല്‍, ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗം ഗവണ്‍മെന്റ് ജോലികളില്‍ നിയമന അഭിമുഖം ഒഴിവാക്കല്‍ എന്നീ ഉദാഹരണങ്ങളിലൂടെ സുരാജിന്റെ മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു.

ഭരണത്തിന്റെ സുപ്രധാന മേഖലകളില്‍ വേഗം എങ്ങനെ വര്‍ധിച്ചുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഗ്രാമീണ മേഖലയില്‍ റോഡ് നിര്‍മാണം, പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉല്‍പാദിപ്പിക്കാനുള്ള ശേഷി, വൈദ്യുതി വിതരണ ലൈനുകള്‍ സ്ഥാപിക്കല്‍, പാചകവാതക കണക്ഷനുകള്‍ നല്‍കല്‍ എന്നീ ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ജന്‍ധന്‍ യോജനയില്‍ 21 കോടി ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കല്‍, ഗ്രാമീണ മേഖലയില്‍ രണ്ടു കോടി ശൗചാലയങ്ങള്‍ സ്ഥാപിക്കല്‍, വൈദ്യുതിയെത്തിയിട്ടില്ലാത്ത പതിനായിരം ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കല്‍ എന്നീ കാര്യങ്ങള്‍ ചുരുങ്ങിയ കാലയളവിനകം ചെയ്തുതീര്‍ത്തത് ഉള്‍പ്പെടെ ചില മേഖലകളില്‍ വലിയ തോതില്‍ പ്രവര്‍ത്തനം നടക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.

സാധാരണക്കാരനു പ്രാപ്യമാക്കുന്നതിനായി എല്‍.ഇ.ഡി. ബള്‍ബുകളുടെ വില ഗണ്യമായി താഴ്ത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. എല്‍.ഇ.ഡി. ബള്‍ബുകള്‍ വ്യാപകമാകുന്നതോടെ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ച്ചയായി രണ്ടു വരള്‍ച്ചകളെ നേരിടേണ്ടിവന്നിട്ടും ആവശ്യമായത്ര ഭക്ഷ്യധാന്യം ഉല്‍പാദിപ്പിച്ചതിനു കര്‍ഷകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പയറുവര്‍ഗ കൃഷി ഈ വര്‍ഷം വളരെയധികം വര്‍ധിച്ചതായി ശ്രീ. മോദി ചൂണ്ടിക്കാട്ടി. സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളും ജലസേചനവും സൗരോര്‍ജ പമ്പുകളും വിത്തുകളും വളങ്ങളും വിള ഇന്‍ഷുറന്‍സും ഉള്‍പ്പെടെ കാര്‍ഷികമേഖലയോടു ഗവണ്‍മെന്റ് കൈക്കൊണ്ട സമഗ്രവീക്ഷണത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ദേശീയ ഏകത നേടിയെടുക്കാനാണു ഗവണ്‍മെന്റ് പ്രധാനമായും ശ്രമിച്ചതെന്നും പരിഷ്‌കാരങ്ങള്‍, പ്രകടനം, പരിവര്‍ത്തനം സാധ്യമാക്കല്‍ എന്നതാണു ഗവണ്‍മെന്റിന്റെ ലക്ഷ്യങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതീകാത്മകതയെക്കാള്‍ യാഥാര്‍ഥ്യത്തിനും ഒറ്റപ്പെട്ട വികസനത്തേക്കാള്‍ സമഗ്ര വികസനത്തിനും അര്‍ഹതയെക്കാള്‍ ശാക്തീകരണത്തിനുമാണ് ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്തംഭനാവസ്ഥയിലായതോ ഇഴഞ്ഞുനീങ്ങുന്നതോ ആയ പദ്ധതികള്‍ പൂര്‍ത്തിയാക്കാനും പ്രധാന മേഖലകളിലെ പദ്ധതികള്‍ക്കു വേഗത്തില്‍ അനുമതി നല്‍കാനും എങ്ങനെയാണു ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി വിശദമാക്കി.

കരിമ്പുമേഖലയിലെ കുടിശ്ശികവിതരണവും പാചകവാതക കണക്ഷനുകള്‍ നല്‍കുന്നതും എയര്‍ ഇന്ത്യ, ബി.എസ്.എന്‍.എല്‍. തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പ് ലാഭത്തിലായതും ഫലപ്രദമായ പ്രവര്‍ത്തനത്തിന്റെ ദൃഷ്ടാന്തങ്ങളായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി. സുതാര്യതയ്ക്ക് ഊന്നല്‍ നല്‍കി സംസാരിച്ച പ്രധാനമന്ത്രി, സബ്‌സിഡി അര്‍ഹരായവര്‍ക്കു ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നതായും വ്യക്തമാക്കി. പ്രമുഖ രംഗങ്ങളിലെല്ലാം ഭരണം മെച്ചപ്പെട്ടതായി രാജ്യാന്തര വിലയിരുത്തല്‍ ഏജന്‍സികള്‍ അംഗീകരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ ശാരീരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അഭിവൃദ്ധിക്കായി ബേഠി-ബച്ചാവോ, ബേഠി പഠാവോ, സുകന്യ സമൃദ്ധി യോജന, ഉജ്വല യോജന എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ വനിതാക്ഷേമത്തിനായി സമഗ്രവീക്ഷണമാണു ഗവണ്‍മെന്റ് വച്ചുപുലര്‍ത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു ഗവണ്‍മെന്റ് നടപ്പാക്കിയ മറ്റു പല പദ്ധതികളെക്കുറിച്ചു കൂടി അദ്ദേഹം സൂചിപ്പിച്ചു.
സാമൂഹികമായ ഏകതയ്ക്കായി രാമാനുജാചാര്യന്‍, മഹാത്മാ ഗാന്ധി, ബാബാ സാഹേബ് അംബേദ്കര്‍ തുടങ്ങി സന്ന്യാസിവര്യന്മാരും തത്ത്വജ്ഞാനികളും ചിന്തകരുമൊക്കെ പകര്‍ന്നുതന്ന സമാധാനത്തിന്റെയും യോജിപ്പിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉള്‍ക്കൊള്ളാന്‍ എല്ലാ ഇന്ത്യക്കാരും തയ്യാറാകണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഗവണ്‍മെന്റ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഉതകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാതൃകാ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് എല്ലാ ദിവസവും കടകള്‍ തുറക്കാവുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റിനു തെല്ലും സംശയമില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരേ റാങ്ക് ഒരേ പെന്‍ഷന്‍, നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്തല്‍, ബംഗ്ലാദേശുമായുള്ള അതിര്‍ത്തിക്കരാര്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.

തീവ്രവാദികളെ രക്തസാക്ഷികളായി പ്രകീര്‍ത്തിക്കാനുള്ള ചിലരുടെ ശ്രമത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. ഇന്ത്യയുടെ മാനവിക സമീപനത്തെയും എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ഒരേപോലെ അപലപിക്കുന്ന സമീപനത്തെയും ലോകം അഭിനന്ദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രത്തെ മുന്നോട്ടു നയിക്കാനായി പൊതുവായുള്ള ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളെ ആഹ്വാനം ചെയ്തു.

പുതിയ ചില പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ പെന്‍ഷന്‍ 25,000 രൂപയില്‍നിന്ന് 30,000 രൂപയായി വര്‍ധിപ്പിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്താകമാനമുള്ള ആദിവാസി സ്വാതന്ത്ര്യസമര ഭടന്മാര്‍ക്കായി സ്മാരകങ്ങളും മ്യൂസിയങ്ങളും സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗബാധിതരായ ദരിദ്രര്‍ക്ക് ആശുപത്രികളില്‍ ചികില്‍സ തേടേണ്ടിവന്നാല്‍ ഒരു ലക്ഷം രൂപ വരെ ഗവണ്‍മെന്റ് അനുവദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.