Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വാതന്ത്ര്യസമര സേനാനി പെന്‍ഷന്‍ ഉയര്‍ത്തുന്നതിനു മുന്‍കാല പ്രാബല്യത്തോടെ മന്ത്രിസഭാനുമതി


സ്വതന്ത്രത സൈനിക് സമ്മാന്‍ പെന്‍ഷന്‍ സ്‌കീം (എസ്.എസ്.എസ്.പി.എസ്.) 1980 പ്രകാരം സ്വാതന്ത്ര്യസമര സേനാനികള്‍ക്കും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിത പങ്കാളികള്‍, അര്‍ഹരായ പെണ്‍മക്കള്‍, ആശ്രിതരായ രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ക്കുമുള്ള പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിനു മുന്‍കാല പ്രാബല്യത്തോടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

കേന്ദ്ര സ്വാതന്ത്ര്യസമര പെന്‍ഷന്‍ പദ്ധതി താഴെ പറയുംപ്രകാരം പരിഷ്‌കരിച്ചു.

ആന്‍ഡമാനില്‍ രാഷ്ട്രീയ തടവുകാരായി കഴിയേണ്ടിവന്നവരുടെയും ജീവിത പങ്കാളികളുടെയും പെന്‍ഷന്‍ 24,775 രൂപയില്‍നിന്ന് 30,000 രൂപയായി ഉയര്‍ത്തി. ബ്രിട്ടീഷ് ഇന്ത്യക്കു പുറത്തു ദുരിതം അനുഭവിക്കേണ്ടിവന്ന സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ജീവിതപങ്കാളികള്‍ക്കും ലഭിച്ചുവരുന്ന പെന്‍ഷന്‍ 23,085 രൂപയില്‍നിന്ന് 28,000 രൂപ ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഐ.എന്‍.എ. അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ജീവിതപങ്കാളികള്‍ക്കും നിലവില്‍ ലഭിക്കുന്ന പെന്‍ഷന്‍ 21,395 രൂപയാണെങ്കില്‍ ഇനി മുതല്‍ 26,000 രൂപ ലഭിക്കും.

ആശ്രിതരായ രക്ഷകര്‍ത്താക്കള്‍ക്കും അര്‍ഹരായ പെണ്‍മക്കള്‍ക്കും (ഒരു സമയം പരമാവധി മൂന്നു പെണ്‍മക്കള്‍ക്കു മാത്രം) നിലവിലുള്ള 3,380 രൂപ പെന്‍ഷന്‍, സ്വാതന്ത്യസമര സേനാനിക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്‍ തുകയുടെ 50 ശതമാനമായി ഉയര്‍ത്തി. ഇതോടെ പെന്‍ഷന്‍ 13,000 രൂപ മുതല്‍ 15,000 രൂപ വരെയായി ഉയരും.

പുതുക്കിയ പെന്‍ഷന്‍ 2016 ഓഗസ്റ്റ് 15 മുതല്‍ ബാധകമായിരിക്കും. വ്യാവസായിക തൊഴിലാളികള്‍ക്കുള്ള ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി ഡിയര്‍നെസ് റിലീഫ് കണക്കാക്കുന്ന രീതിക്കു പകരം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കു ഡിയര്‍നെസ് അലവന്‍സ് കണക്കാക്കുന്ന രീതിയായിരിക്കും ഇനി പിന്‍തുടരുക.

പെന്‍ഷന്‍ പരിഷ്‌കാരം സ്വാതന്ത്ര്യ സമര പെന്‍ഷന്‍ കിട്ടുന്ന എല്ലാവര്‍ക്കും നേട്ടമാകും.