പിഎം ഇന്ത്യ
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം ഇന്ത്യയുടെ ഉയര്‍ച്ചയ്ക്കായുള്ള പിഎം ശ്രീ സ്‌കൂള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് അംഗീകാരം നല്‍കി. കേന്ദ്ര ഗവണ്‍മെന്റ്/ സംസ്ഥാന/ കേന്ദ്രഭരണ പ്രാദേശിക ഗവണ്‍മെന്റ്/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളെ ശാക്തീകരിച്ച് രാജ്യത്തുടനീളമുള്ള 14500 ലധികം സ്‌കൂളുകളെ പി.എം.എസ്.ആര്‍.ഐ സ്‌കൂളുകളായി വികസിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതിയാണിത്. ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ എല്ലാ സവിശേഷതകളും അടങ്ങിയതാകും പിഎം ശ്രീ സ്‌കൂളുകള്‍. ഇവ മാതൃകാപരമായ സ്‌കൂളുകളായി പ്രവര്‍ത്തിക്കും. കൂടാതെ ഇവയുടെ സമീപത്തുള്ള മറ്റ് സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനിക വികസനത്തിനായി പ്രധാനമന്ത്രി ശ്രീ സ്‌കൂളുകള്‍ ഗുണനിലവാരമുള്ള അധ്യാപനം നല്‍കുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ സമഗ്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ പാഠ്യപദ്ധതി നടപ്പിലാക്കുകയും ചെയ്യും.
2022-23 മുതല്‍ 2026-27 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് 18128 കോടി രൂപയുടെ കേന്ദ്ര വിഹിതം ഉള്‍പ്പെടെ 27360 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് പിഎം ശ്രീ സ്‌കൂളുകളുടെ (ഇന്ത്യയുടെ ഉയര്‍ച്ചക്കായി പിഎം സ്‌കൂളുകള്‍) പദ്ധതി നടപ്പാക്കുന്നത്.
പ്രധാന സവിശേഷതകള്‍
കുട്ടികളുടെ വൈവിധ്യമാര്‍ന്ന പശ്ചാത്തലം, ബഹുഭാഷാ ആവശ്യങ്ങള്‍, വ്യത്യസ്ത അക്കാദമിക് കഴിവുകള്‍ എന്നിവ മനസിലാക്കുകയും പരിപോഷിപ്പിക്കുകയും എന്‍ഇപി 2020ന്റെ വീഷണത്തിനനുസരിച്ച് സ്വന്തം പഠന പ്രക്രിയയില്‍ അവരെ സജീവ പങ്കാളികളാക്കുകയും ചെയ്യുന്ന തുല്യവും സമഗ്രവും ആഹ്ലാദകരവുമായ സ്‌കൂള്‍ അന്തരീക്ഷത്തില്‍ പിഎം ശ്രീ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കും. അതാത് പ്രദേശങ്ങളിലെ മറ്റ് സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുക വഴിയും പ്രധാനമന്ത്രി ശ്രീ സ്‌കൂളുകള്‍ സംഭാവന നല്‍കും.
സൗരോര്‍ജ പാനലുകള്‍, എല്‍ഇഡി ലൈറ്റുകള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍, ജൈവ കൃഷി, മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക്ക് രഹിത ഭൂമി, ജലസംരക്ഷണം, വിളവെടുപ്പ്, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങള്‍ / സമ്പ്രദായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, സുസ്ഥിര ജീവിതശൈലി സ്വീകരിക്കുന്നതിനുള്ള ബോധവല്‍ക്കരണം എന്നിവ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി ശ്രീ സ്‌കൂളുകള്‍ ഹരിത സ്‌കൂളുകളായി വികസിപ്പിക്കും.
നടപ്പാക്കല്‍ രീതി
(a.) സമഗ്ര പഠന പദ്ധതി, കെവിഎസ്, എന്‍വിഎസ് എന്നിവയ്ക്ക് ലഭ്യമായ നിലവിലുള്ള ഭരണ ഘടനയിലൂടെ പിഎം ശ്രീ സ്‌കൂളുകള്‍ നടപ്പാക്കും. മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യാനുസരണം നിര്‍ദ്ദിഷ്ട പദ്ധതികളുടെ അടിസ്ഥാനത്തില്‍ ഇടപെടല്‍ നടത്തും.
(b.) പുരോഗതി വിലയിരുത്തുന്നതിനും ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുന്നതിനും ഈ സ്‌കൂളുകള്‍ കൃത്യമായി നിരീക്ഷിക്കും.
തിരഞ്ഞെടുപ്പ് രീതി:
മാതൃകാപരമായ സ്‌കൂളുകളായി മാറുന്നതിനുള്ള പിന്തുണയ്ക്കായി സ്‌കൂളുകള്‍ മത്സരിക്കുന്ന ചലഞ്ച് മോഡിലൂടെയാണ് പിഎം എസ്ആര്‍ഐ സ്‌കൂളുകളുടെ തിരഞ്ഞെടുപ്പ് നടത്തുക. സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സ്വയം അപേക്ഷിക്കേണ്ടതുണ്ട്. പദ്ധതിയുടെ ആദ്യ രണ്ട് വര്‍ഷത്തേക്ക് വര്‍ഷത്തില് നാല് തവണ, ഓരോ പാദത്തിലും ഒരു തവണ ഇതിനായി പോര്‍ട്ടല്‍ തുറക്കും.
പ്രൈമറി സ്‌കൂളുകള്‍ (ക്ലാസ് 1-5/18), സെക്കന്‍ഡറി/ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ (ക്ലാസ് 1-10/1112/610/612) എന്നിവ യു.ഡി.ഐ.എസ്.ഇ+ കോഡ് ഉള്ള കേന്ദ്ര/സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങള്‍/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഈ സ്‌കീമിന് കീഴില്‍ തിരഞ്ഞെടുക്കുന്നതിന് പരിഗണിക്കും. നിശ്ചിത സമയരേഖകളുള്ള ഒരു മൂന്ന് ഘട്ട പ്രക്രിയയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുക, ഇത് ഇനിപ്പറയുന്നു:-
ഘട്ടം -1: പിഎം ശ്രീ സ്‌കൂളുകളായി നിര്‍ദ്ദിഷ്ട ഗുണനിലവാര ഉറപ്പ് കൈവരിക്കുന്നതിന് ഈ സ്‌കൂളുകളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത കേന്ദ്രം പ്രഖ്യാപിച്ചുകൊണ്ട് എന്‍ഇപി പൂര്‍ണ്ണമായും നടപ്പാക്കാന്‍ അനുവദിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെക്കും.
ഘട്ടം -2: ഈ ഘട്ടത്തില്‍, പിഎം ശ്രീ സ്‌കൂളുകളായി തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുള്ള സ്‌കൂളുകളുടെ ഒരു പൂള്‍ യുഡിഇഇ + ഡാറ്റ വഴി നിര്‍ദ്ദിഷ്ട മിനിമം ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കി തിരിച്ചറിയും.
ഘട്ടം -3: ഈ ഘട്ടം ചില മാനദണ്ഡങ്ങള്‍ നിറവേറ്റുന്നതിനുള്ള മത്സരാധിഷ്ഠിത രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. മേല്‍പ്പറഞ്ഞ യോഗ്യതയുള്ള സ്‌കൂളുകളുടെ പൂളില്‍ നിന്നുള്ള സ്‌കൂളുകള്‍ മാത്രമേ നിബന്ധനകള്‍ നിറവേറ്റാന്‍ മത്സരിക്കൂ. നിബന്ധനകളുടെ പൂര്‍ത്തീകരണം യോഗ്യതാ പരിശോധനയിലൂടെ സംസ്ഥാനങ്ങള്‍ / കെവിഎസ്/ ജെഎന്‍വി സാക്ഷ്യപ്പെടുത്തും.
സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങള്‍ / കെവിഎസ് / ജെഎന്‍വി സ്‌കൂളുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവകാശവാദങ്ങള്‍ പരിശോധിക്കുകയും സ്‌കൂളുകളുടെ പട്ടിക മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്യുകയും വേണം.
ഇന്ത്യയിലുടനീളമുള്ള മൊത്തം സ്‌കൂളുകളുടെ എണ്ണത്തിന്റെ ഉയര്‍ന്ന പരിധിയുള്ള ഒരു ബ്ലോക്കിന് / യുഎല്‍ബിക്ക് പരമാവധി രണ്ട് സ്‌കൂളുകള്‍ (ഒരു എലിമെന്ററി & ഒരു സെക്കന്‍ഡറി / സീനിയര്‍ സെക്കന്‍ഡറി) തിരഞ്ഞെടുക്കും. ഭാസ്‌കരാചാര്യ നാഷണല്‍ ഇന്സ്റ്റിറ്റിയൂട്ട് ഫോര്‍ സ്പേസ് ആപ്ലിക്കേഷന്‍സ് ആന്‍ഡ് ജിയോ ഇന്‍ഫര്‍മാറ്റിക്സിന്റെ (ബി.ഐ.എസ്.എ.ജി-എന്‍) സേവനം ജിയോ ടാഗിംഗിനും മറ്റ് അനുബന്ധ ജോലികള്‍ക്കുമായി സ്വീകരിക്കും. സ്‌കൂളുകളുടെ അന്തിമ തിരഞ്ഞെടുപ്പിന് വിദഗ്ധ സമിതി രൂപീകരിക്കും.
കുട്ടികളുടെ സര്‍വതോമുഖമായ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ഊര്‍ജ്ജസ്വലമായ സ്‌കൂളുകളായി ഈ സ്‌കൂളുകളെ വികസിപ്പിക്കും.
ഗുണഭോക്താക്കള്‍
18 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി.എം. എസ്.ആര്‍ .ഐ സ്‌കൂളുകള്‍ സമീപത്തുള്ള സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുന്നതിലൂടെയും ഗുണമുണ്ടാകും.