Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേരളത്തിലെ എറണാകുളത്ത് വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

കേരളത്തിലെ എറണാകുളത്ത് വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം


കേരളം  ഗവർണർ രാജേന്ദ്ര അർലേക്കർ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ  സുരേഷ് ഗോപി ജി, ജോർജ്ജ് കുര്യൻ ജി, പാർലമെന്റ്, നിയമസഭാ അംഗങ്ങളെ , മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ജി, മഹതികളെ മാന്യരേ!

കൊച്ചിയിലേക്ക് വരുന്നത് എപ്പോഴും ഒരു അത്ഭുതകരമായ അനുഭവമാണ്. ഇന്ന്, ഈ ഊർജ്ജസ്വലമായ തീരദേശ നഗരത്തിൽ നിന്ന്, കേരളത്തിന്റെ വികസനം കൂടുതൽ ത്വരിതപ്പെടുത്താൻ എനിക്ക് അവസരം ലഭിച്ചു. കുറച്ചു മുൻപ് , കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഏകദേശം പതിനൊന്നായിരം കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. ഈ പദ്ധതികൾക്ക് കേരളത്തിലെ ജനങ്ങളെ ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

 എന്റെ പ്രിയ സുഹൃത്തുക്കളെ,

ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കുന്നതിനും മെയ്ക്ക് ഇൻ ഇന്ത്യയ്ക്കും പെട്രോളിയം മേഖലയുടെ വികാസം വളരെ അത്യാവശ്യമാണ്. കൊച്ചി റിഫൈനറിയിലെ പോളിപ്രൊപലീൻ യൂണിറ്റിന് തറക്കല്ലിട്ടത് ഈ ലക്ഷ്യം മുൻനിർത്തിയാണ്. ഈ യൂണിറ്റ് എല്ലാ വർഷവും ഏകദേശം നാല് ലക്ഷം ടൺ പോളിപ്രൊപലീൻ ഉത്പാദിപ്പിക്കും. വരും കാലങ്ങളിൽ, പാക്കേജിംഗ്, തുണിത്തരങ്ങൾ, ഓട്ടോമൊബൈലുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങി നിരവധി വ്യവസായങ്ങളെ ഈ പ്ലാന്റ് പിന്തുണയ്ക്കും.

എന്റെ പ്രിയ സുഹൃത്തുക്കളെ, 

ഇന്ത്യ ഇന്ന് നിർമ്മാണത്തിന്റെ ഒരു പ്രധാന കേന്ദ്രമായി മാറുകയാണ്. AI, സെമികണ്ടക്ടറുകൾ എന്നീ മേഖലകളിലും രാജ്യം അതിവേഗം പുരോഗമിക്കുകയാണ്. അത്തരം എല്ലാ ജോലികൾക്കും കൂടുതൽ ഊർജ്ജം ആവശ്യമാണ്, പ്രത്യേകിച്ച് കൂടുതൽ ഹരിതവും ശുദ്ധവുമായ ഊർജ്ജം. സൗരോർജ്ജത്തിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നായി ഇന്ത്യ ഇതിനകം മാറിയിരിക്കുന്നു. സൗരോർജ്ജ ഉൽപാദനത്തിലും കേരളം കൂടുതൽ മുന്നേറുക എന്നതാണ് ഞങ്ങളുടെ ശ്രമം. ഈ ലക്ഷ്യത്തോടെ, ഇന്ന് വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതിയ്ക്ക്  തറക്കല്ലിട്ടു. കേരളത്തിൽ ധാരാളം ജലാശയങ്ങളുണ്ട്, അതിനാൽ, ഫ്ലോട്ടിംഗ് സോളാർ പവർ മേഖലയിൽ ഇവിടെ വളരെയധികം സാധ്യതകളുണ്ട്.

എന്റെ പ്രിയ സുഹൃത്തുക്കളെ, 

ഇന്ന് ലോകം ഇന്ത്യയെ ആധുനിക അടിസ്ഥാന സൗകര്യങ്ങളിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് വളരെയധികം പ്രശംസിക്കുന്നു. ഈ വർഷത്തെ കേന്ദ്ര ബജറ്റിലും അടിസ്ഥാന സൗകര്യങ്ങൾക്കായി റെക്കോർഡ് തുക  വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളിലെ ഈ നിക്ഷേപത്തിൽ നിന്ന് കേരളം വളരെയധികം പ്രയോജനം നേടുന്നു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം, ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾ ആധുനികവൽക്കരിച്ചു. ഇതോടൊപ്പം, ഷൊർണൂർ-നിലമ്പൂർ റെയിൽ പാതയുടെ ഒരു പ്രധാന ഭാഗത്തിന്റെ വൈദ്യുതീകരണവും പൂർത്തിയായി. ഇന്ന്, പാലക്കാട്-പൊള്ളാച്ചി ട്രെയിൻ സർവീസും ഉദ്ഘാടനം ചെയ്തു. ഇത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങൾക്ക് കൂടുതൽ സൗകര്യം നൽകും.

എന്റെ പ്രിയ സുഹൃത്തുക്കളെ, 

ഇന്ന്, കേരളത്തിലെ നിരവധി പ്രധാന റോഡ് പദ്ധതികൾക്ക് തുടക്കം കുറിച്ചു. ആറ് വരി പാതയുടെ നിർമ്മാണം അഴീക്കൽ തുറമുഖവുമായുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തും. ആറ് വരി കോഴിക്കോട് ബൈപാസ് ഗതാഗതക്കുരുക്ക് കുറയ്ക്കുകയും യാത്രാ സമയം ലാഭിക്കുകയും ചെയ്യും. ഈ പദ്ധതികളെല്ലാം കേരളത്തിലെ കർഷകർക്ക് ഗുണം ചെയ്യും, കൂടാതെ ഇവിടുത്തെ ടൂറിസത്തിനും മറ്റ് വ്യവസായങ്ങൾക്കും ഉത്തേജനം നൽകും.

 എന്റെ പ്രിയ സുഹൃത്തുക്കളെ,

 അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ രൂപയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഈ പദ്ധതികളെല്ലാം കേരളത്തിലെ ആയിരക്കണക്കിന് യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ നൽകും. വികസിത കേരളം എന്ന നമ്മുടെ ദൃഢനിശ്ചയം നിറവേറ്റുന്നതിൽ ഈ പദ്ധതികൾ നിർണായക പങ്ക് വഹിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ. 

നന്ദി!

 

-SK-