പിഎം ഇന്ത്യ
തമിഴ്നാടിന്റെ അടിസ്ഥാന സൗകര്യങ്ങളും സമ്പദ്വ്യവസ്ഥയും ശക്തിപ്പെടുത്തുന്ന ലക്ഷ്യത്തോടെയുള്ള വിപ്ലവാത്മക വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചരിത്ര നഗരമായ ട്രിച്ചി സന്ദർശിച്ചു. അയ്യായിരത്തി അറുന്നൂറ് കോടി രൂപയുടെ നിക്ഷേപമുള്ള ഈ പദ്ധതികളിൽ ശുദ്ധ ഊർജ്ജം, പെട്രോളിയം അനുബന്ധ ഉൽപ്പാദനം, ഹൈവേകൾ, റെയിൽവേകൾ, ഗ്രാമീണ റോഡുകൾ എന്നിവയിലൂടെയുള്ള മൾട്ടി-മോഡൽ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടുന്നു. “ഈ പദ്ധതികൾ ഊർജ്ജ ലഭ്യതയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുകയും തമിഴ്നാട്ടിലെ യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.”സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
സുസ്ഥിര ഊർജ്ജത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഭാരത് പെട്രോളിയത്തിന്റെ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) ശൃംഖലയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. 3,700 കോടി രൂപയുടെ ഈ പദ്ധതി നീലഗിരി, ഈറോഡ് ജില്ലകളിലെ ഒൻപത് ലക്ഷത്തോളം കുടുംബങ്ങൾക്കും നിരവധി വാണിജ്യ സ്ഥാപനങ്ങൾക്കും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) ലഭ്യമാക്കി ആ പ്രദേശങ്ങളെ പരിവർത്തനം ചെയ്യാൻ ലക്ഷ്യമിടുന്നു. “വെറും എട്ട് വർഷത്തിനുള്ളിൽ ഈ പദ്ധതിയിലൂടെ നാല് കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ പരിസ്ഥിതി അനുകൂല സ്വാധീനം സാധ്യമാക്കാനാകും” പരിസ്ഥിതി നേട്ടങ്ങൾ എടുത്തുകാട്ടി ശ്രീ മോദി പറഞ്ഞു.
ചെന്നൈയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ലൂബ് ബ്ലെൻഡിംഗ് പ്ലാന്റ് രാഷ്ട്രത്തിന് സമർപ്പിക്കുന്നത് ‘മേക്കപ്പ് ഇൻ ഇന്ത്യ’ സംരംഭത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംവിധാനങ്ങളിൽ ഒന്നായ ഈ പ്ലാന്റ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ വ്യവസായങ്ങളുടെ വർധിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. “ലൂബ്രിക്കന്റുകളുടെ പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത് ഇറക്കുമതി കുറയ്ക്കുകയും രാജ്യത്തിന് ലാഭമുണ്ടാക്കുകയും ചെയ്യുന്നു,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് കീഴിൽ നിർമ്മിച്ച 370 കിലോമീറ്റർ ഗ്രാമീണ റോഡുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമീണ കണക്റ്റിവിറ്റിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി അടിവരയിട്ടു. ഇവ ഗ്രാമവാസികൾക്ക് ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, വിപണികൾ എന്നിവയിലേക്ക് മികച്ച പ്രവേശനം ലഭ്യമാക്കുമെന്നും അതുവഴി ഗ്രാമീണ സമ്പദ്വ്യവസ്ഥയെ മുഖ്യധാരയുമായി സംയോജിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. “ഓരോ റോഡും ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ഉയർത്തുകയും ജീവിതസൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യും.” ഈ വികസന പദ്ധതികളെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ഗംഗൈകൊണ്ട ചോളപുരത്ത് പുതിയ ഹൈവേ ബൈപാസ് പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജേന്ദ്ര ചോള ചക്രവർത്തി നിർമ്മിച്ച യുനെസ്കോ അംഗീകൃത മഹാക്ഷേത്രത്തെ സംരക്ഷിക്കുന്നതിനായി സ്മാരകത്തിന്റെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് കനത്ത രീതിയിലുള്ള ഗതാഗതം വഴിതിരിച്ചുവിടുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. “ഇതിനർത്ഥം എല്ലാവർക്കും മികച്ച സുരക്ഷ എന്നതാണ്.”പുതിയ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ശ്രീ മോദി പറഞ്ഞു.
അമൃത് ഭാരത് പരിപാടിക്ക് കീഴിൽ അടുത്തിടെ എട്ട് റെയിൽവേ സ്റ്റേഷനുകൾ ആധുനികവൽക്കരിക്കുകയും പുനർവികസിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള സംസ്ഥാനത്തെ ഗതാഗത മേഖലയുടെ ദ്രുതഗതിയിലുള്ള ആധുനികവൽക്കരണത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചു. വിനോദസഞ്ചാരവും പ്രാദേശിക വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനായി നാഗർകോവിൽ, കോയമ്പത്തൂർ, രാമേശ്വരം, തിരുനെൽവേലി, മയിലാടുതുറൈ, കാരൈക്കുടി തുടങ്ങിയ പ്രധാന സ്ഥലങ്ങളെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ട്രെയിൻ സർവീസുകൾ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു. “തമിഴ്നാടിന്റെ പുരോഗതിക്കായി ഞങ്ങൾ രാപ്പകൽ പ്രവർത്തിക്കുന്നു, അത് തുടരുകയും ചെയ്യും.”സംസ്ഥാനത്തിന്റെ ഭാവി സംബന്ധിച്ച തന്റെ കാഴ്ചപ്പാട് ആവർത്തിച്ചുറപ്പിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു.
Speaking at the launch of various development initiatives in Tiruchirappalli. These will add momentum to Tamil Nadu’s progress. https://t.co/TCVfIoAxmi
— Narendra Modi (@narendramodi) March 11, 2026
-SK-