പിഎം ഇന്ത്യ
ഇറ്റാലിയൻ മന്ത്രിമാരുടെ സമിതി അധ്യക്ഷ (പ്രധാനമന്ത്രി) ജോർജിയ മെലോനിയുടെ ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മേയ് 19, 20 തീയതികളിൽ ഇറ്റലിയിൽ ഔദ്യോഗിക സന്ദർശനം നടത്തി. G7 ഉച്ചകോടിക്കായി 2024 ജൂണിൽ പ്രധാനമന്ത്രി മോദി ഇറ്റലി സന്ദർശിച്ചതിനും, 2023-ൽ G20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മെലോനി ഇന്ത്യ സന്ദർശിച്ചതിനുംശേഷമുള്ള ഈ സന്ദർശനം ഉഭയകക്ഷിബന്ധങ്ങൾക്കു പുതിയ ഗതിവേഗം പകർന്നു. ഇന്ത്യ-ഇറ്റലി ബന്ധത്തെ ‘പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം’ എന്ന നിലയിലേക്ക് ഉയർത്താൻ ഇരുനേതാക്കളും തീരുമാനിച്ചു.
രാഷ്ട്രീയ ചർച്ചകൾ
ഉന്നതതല കൈമാറ്റങ്ങളുടെ കരുത്തുറ്റ മുന്നേറ്റത്തെ ഇരുപ്രധാനമന്ത്രിമാരും സ്വാഗതംചെയ്തു. ബഹുരാഷ്ട്ര പരിപാടികളോട് അനുബന്ധിച്ചുള്ളവ ഉൾപ്പെടെ, നേതാക്കളുടെ വാർഷിക യോഗങ്ങളും കൃത്യമായ ഇടവേളകളിൽ മന്ത്രിതല-സ്ഥാപനതല യോഗങ്ങളും ചേരാൻ അവർ ധാരണയായി.
2024 നവംബറിൽ റിയോ ഡി ജനീറോയിൽ നടന്ന G20 ഉച്ചകോടിക്കിടെ ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയിൽ അംഗീകരിച്ച ‘സംയുക്ത തന്ത്രപ്രധാന കർമപദ്ധതി 2025-2029’-ന്റെ വിവിധ മേഖലകളിൽ കൈവരിച്ച കൃത്യമായ പുരോഗതിയെ അവർ അഭിനന്ദിച്ചു. ‘ഇന്ത്യ-ഇറ്റലി സംയുക്ത തന്ത്രപ്രധാന കർമപദ്ധതി 2025-29’ വിലയിരുത്തുന്നതിനും ‘ഇന്ത്യ-ഇറ്റലി പ്രത്യേക തന്ത്രപ്രധാന പങ്കാളിത്ത’ത്തിനു തന്ത്രപരമായ മാർഗനിർദേശം നൽകുന്നതിനുമായി വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംവിധാനം രൂപീകരിക്കാൻ ധാരണയായി.
സാമ്പത്തിക സഹകരണവും നിക്ഷേപങ്ങളും
കഴിഞ്ഞ വർഷംമുതൽ മൂന്ന് ഉന്നതതല വ്യാവസായിക ചർച്ചാവേദികൾ സംഘടിപ്പിച്ചതിലൂടെ ഉഭയകക്ഷി സാമ്പത്തിക-വ്യവസായ സഹകരണത്തിലുണ്ടായ വർധിച്ചുവരുന്ന ചലനാത്മകതയിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യയുടെ വേഗതയേറിയതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ചയിൽനിന്നും, EU-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ വിജയകരമായി പൂർത്തിയായതിൽനിന്നും ഉണ്ടാകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി, 2029-ഓടെ ഇരുപക്ഷത്തുനിന്നുമുള്ള ഉഭയകക്ഷിവ്യാപാരം 20 ശതകോടി യൂറോയിൽ എത്തിക്കുകയെന്ന പൊതുവായ ലക്ഷ്യം അവർ ആവർത്തിച്ചു.
പ്രധാന മേഖലകളിലെ ഉഭയകക്ഷിനിക്ഷേപങ്ങളിലെ വർധനയ അവർ സ്വാഗതംചെയ്തു. അതിജീവനശേഷിയുള്ള വിതരണശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനായി വ്യാവസായിക-സാങ്കേതിക പങ്കാളിത്തം രൂപീകരിക്കാൻ അതതു വ്യവസായ മേഖലകളെ നേതാക്കൾ പ്രോത്സാഹിപ്പിച്ചു. വസ്ത്രവ്യാപാരം, ഹരിത സാങ്കേതികവിദ്യകൾ, സെമികണ്ടക്ടർ, വാഹനനിർമാണം, ഊർജം, വിനോദസഞ്ചാരം, ഔഷധനിർമാണവും മെഡിക്കൽ സാങ്കേതികവിദ്യകളും, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നിർണായക അസംസ്കൃത വസ്തുക്കൾ, ഉരുക്ക്, തുറമുഖങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽ കൂടുതൽ നിക്ഷേപങ്ങൾക്കുള്ള സാധ്യതയെ അവർ സ്വാഗതംചെയ്തു. വ്യാവസായിക ബന്ധങ്ങളും ഉൽപ്പാദനസൗകര്യങ്ങളും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളിലും നിലവിലുള്ള നയപരമായ പ്രോത്സാഹനങ്ങളും പദ്ധതികളും പ്രയോജനപ്പെടുത്താൻ അവർ വ്യവസായമേഖലകളോട് ആവശ്യപ്പെട്ടു.
ഓഹരിവിപണി, നിക്ഷേപനിധികൾ, വെഞ്ച്വർ ക്യാപ്പിറ്റൽ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിൽ ചർച്ചകളും സഹകരണവും പ്രോത്സാഹിപ്പിക്കാൻ ഇരുപ്രധാനമന്ത്രിമാരും ധാരണയായി.
വിതരണശൃംഖലകളുടെ ആഴത്തിലുള്ള സംയോജനം പ്രോത്സാഹിപ്പിക്കുന്നതിനായി സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ളവ തമ്മിലുള്ള വ്യവസായ പങ്കാളിത്തം സുഗമമാക്കാൻ ധാരണയായി. പരസ്പരതാൽപ്പര്യമുള്ള മുൻഗണനാമേഖലകളിൽ വരുംമാസങ്ങളിൽ പുതിയ മേഖലാതല ദൗത്യങ്ങൾ ആരംഭിക്കുന്നതിനും അവർ പ്രോത്സാഹനമേകി.
നിർണായക ധാതുക്കളിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെ ഇരുപ്രധാനമന്ത്രിമാരും സ്വാഗതംചെയ്തു. സുസ്ഥിരതയ്ക്കും അതിജീവനശേഷിയുള്ള വിതരണശൃംഖലകൾക്കും പ്രത്യേക ഊന്നൽ നൽകി, സഹകരണത്തിനായി വ്യവസ്ഥാപിത ചട്ടക്കൂടു രൂപീകരിച്ച് നിർണായക ധാതുക്കളുടെ മേഖലയിലെ ഉഭയകക്ഷിസഹകരണം കൂടുതൽ ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനും ധാരണയായി. ചാക്രിക സമ്പദ്‌വ്യവസ്ഥാ സംരംഭങ്ങളുടെ അവിഭാജ്യഘടകമെന്ന നിലയിൽ, ഇലക്ട്രോണിക് അവശിഷ്ടങ്ങളും ഖനന അവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള പരമ്പരാഗതമല്ലാത്ത സ്രോതസ്സുകളിൽനിന്നു നിർണായക ധാതുക്കൾ വീണ്ടെടുക്കുന്നതിലെ സംയുക്തശ്രമങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവർ അടിവരയിട്ടു പറഞ്ഞു. അതതു മന്ത്രാലയങ്ങളും സ്ഥാപനങ്ങളും തമ്മിൽ കൃഷി, കാർഷിക ഗവേഷണം എന്നീ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചതിലും അവർ സംതൃപ്തി രേഖപ്പെടുത്തി.
കണക്റ്റിവിറ്റി
ഇന്ത്യ-മധ്യപൂർവദേശ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുമായി (IMEC) സഹകരിച്ചു പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുപ്രധാനമന്ത്രിമാരും ആവർത്തിച്ചു. ആഗോള വ്യാപാരം, കണക്റ്റിവിറ്റി, സമൃദ്ധി എന്നിവയ്ക്കു പുതിയ രൂപം നൽകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതിക്കുള്ള പരിവർത്തനസാധ്യതകളെ അവർ അംഗീകരിച്ചു. പദ്ധതിയെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകളെ അഭിനന്ദിച്ച അവർ, 2026-ൽ ഈ ദൗത്യം മുന്നോട്ടുകൊണ്ടുപോകുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കാൻ ഒന്നാമത് IMEC മന്ത്രിതല യോഗത്തെ പ്രോത്സാഹിപ്പിച്ചു.
തുറമുഖ-സമുദ്രഗതാഗത മേഖലകളിലെ ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെ അവർ സ്വാഗതംചെയ്യുകയും, ധാരണാപത്രം എത്രയും വേഗം നടപ്പാക്കാൻ സംയുക്ത കർമസംഘത്തിനു രൂപംനൽകാൻ അതതു മന്ത്രാലയങ്ങൾക്ക്/വകുപ്പുകൾക്ക് നിർദേശം നൽകുകയും ചെയ്തു.
ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം, സ്റ്റാർട്ടപ്പുകൾ, നിർമിതബുദ്ധി
ഇന്ത്യ-ഇറ്റലി പങ്കാളിത്തത്തിന്റെ പ്രധാന ചാലകശക്തികൾ നവീകരണവും ശാസ്ത്ര-സാങ്കേതികവിദ്യയുമാണെന്ന് ഇരുപ്രധാനമന്ത്രിമാരും ആവർത്തിച്ചു.
അതതു നൂതനാശയ ആവാസവ്യവസ്ഥകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ; സ്റ്റാർട്ടപ്പ് ആക്സിലറേഷൻ പ്രോഗ്രാമുകൾ, വിപണിപ്രവേശം, ബിസിനസ് മാച്ചിങ്, സംയുക്തഗവേഷണം, സർവകലാശാലാ സഹകരണം എന്നിവയെ പിന്തുണയ്ക്കൽ; കൂടാതെ ഫിൻടെക്, ആരോഗ്യപരിപാലനം, സെമികണ്ടക്ടർ, ലോജിസ്റ്റിക്സും വിതരണശൃംഖലയും, അഗ്രിടെക്, ഊർജം, ക്വാണ്ടം കമ്പ്യൂട്ടിങ്, നിർമിതബുദ്ധി ഉൾപ്പെടെയുള്ള മേഖലകളിൽ പ്രതിഭാസഞ്ചാരം ഉറപ്പാക്കൽ എന്നിവ ലക്ഷ്യമിട്ട് ഇന്ത്യയിൽ ‘ഇന്നോവിറ്റ് ഇന്ത്യ’ (INNOVIT India) എന്ന നൂതനാശയ ഹബ് രൂപീകരിക്കുന്നതായി അവർ പ്രഖ്യാപിച്ചു. 2025 ഏപ്രിലിൽ ഡൽഹിയിൽ, ഇന്ത്യൻ-ഇറ്റാലിയൻ സർവകലാശാലകളും ഗവേഷണകേന്ദ്രങ്ങളും തമ്മിൽ നടന്ന പ്രഥമ ശാസ്ത്ര-നൂതനാശയ സംവാദത്തെ ഇരുനേതാക്കളും സ്വാഗതംചെയ്തു. ഈ വർഷം അവസാനം ഇറ്റലിയിൽ ഇതിന്റെ അടുത്ത പതിപ്പ് നടത്തുന്നതിനായി കാത്തിരിക്കുകയാണെന്നു നേതാക്കൾ വ്യക്തമാക്കി.
നവീകരണത്തിനും സാമ്പത്തിക വളർച്ചയ്ക്കും സഹായകമാകുന്ന, തുറന്നതും സ്വതന്ത്രവും സുരക്ഷിതവും സുസ്ഥിരവും പ്രാപ്യവും സമാധാനപരവുമായ ICT അന്തരീക്ഷത്തിന്റെ പ്രാധാന്യം ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. 2026 ഫെബ്രുവരി 19-നു ന്യൂഡൽഹിയിൽ നടന്ന ‘എഐ ഇംപാക്റ്റ് സമ്മിറ്റി’ൽ ഇറ്റലി ക്രിയാത്മകമായി പങ്കെടുത്തതിനു പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി മെലോനിക്കു നന്ദി അറിയിച്ചു. മനുഷ്യകേന്ദ്രീകൃതവും സുരക്ഷിതവും വിശ്വസനീയവും കരുത്തുറ്റതുമായ നിർമിതബുദ്ധിയോടുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു. മൂന്നാം രാജ്യങ്ങളിൽ ഉൾപ്പെടെ ഈ മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കാൻ അവർ ധാരണയായി.
സൂപ്പർകമ്പ്യൂട്ടിങ് രംഗത്തെ സഹകരണത്തിനുള്ള അവസരങ്ങൾക്ക് ഇരുപ്രധാനമന്ത്രിമാരും പ്രത്യേക ഊന്നൽ നൽകി.
2025–2027 ശാസ്ത്രസഹകരണത്തിനായുള്ള എക്സിക്യൂട്ടീവ് പ്രോഗ്രാമിന്റെ തുടർച്ചയായി, ക്വാണ്ടം സാങ്കേതികവിദ്യകൾ, പുനരുൽപ്പാദക ഊർജം, ഗ്രീൻ ഹൈഡ്രജൻ, സുസ്ഥിര നീല സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിൽ സംയുക്തപദ്ധതികൾ നടപ്പാക്കുന്നതിനെയും ഗവേഷകരുടെ സഞ്ചാരം സുഗമമാക്കുന്നതിനെയും അവർ പിന്തുണച്ചു. ശാസ്ത്ര ഗവേഷണ മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിന്റെ നിലവിലുള്ള നടത്തിപ്പിനെയും ഗവേഷണ പദ്ധതികൾക്കു ധനസഹായം നൽകുന്നതിനായുള്ള സംയുക്തനിർദേശങ്ങൾ ക്ഷണിച്ചതിനെയും അവർ സ്വാഗതംചെയ്തു.
ഇന്ത്യൻ അക്കാദമിക സമൂഹവും ഇറ്റലിയിലെ ട്രീസ്റ്റിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ തിയറിറ്റിക്കൽ ഫിസിക്സും (ICTP) തമ്മിലുള്ള ദീർഘകാല ശാസ്ത്രസഹകരണത്തെ ഇരുപ്രധാനമന്ത്രിമാരും അംഗീകരിച്ചു. കൂടാതെ, ഇന്ത്യൻ ഗവേഷകർക്ക് എലട്രയിലെ സിൻക്രോട്രോൺ റേഡിയേഷൻ സൗകര്യം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു പിന്തുണ നൽകി, ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതികവിദ്യ വകുപ്പും ഇറ്റലിയിലെ ട്രീസ്റ്റിലുള്ള എലട്ര സിൻക്രോട്രോൺ കേന്ദ്രവും തമ്മിൽ താൽപ്പര്യപത്രത്തിൽ ഒപ്പുവച്ചതിനെ അവർ സ്വാഗതംചെയ്തു.
ബഹിരാകാശം
ഇറ്റാലിയൻ സ്പേസ് ഏജൻസിയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടനയും (ISRO) തമ്മിൽ നിലവിലുള്ള സഹകരണത്തെ അഭിനന്ദിച്ച ഇരുനേതാക്കളും, ഭൗമനിരീക്ഷണം, ഹീലിയോഫിസിക്സ്, ബഹിരാകാശ പര്യവേക്ഷണം എന്നിവയിൽ പ്രത്യേക ഊന്നൽ നൽകിയുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ബഹിരാകാശ പ്രവേശം, ബഹിരാകാശ അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷണം എന്നിവയിലെ സഹകരണസാധ്യതകൾ ആരായുന്നതിനും ധാരണയായി. ഇരുരാജ്യങ്ങളിലെയും ബഹിരാകാശ വ്യവസായ പ്രതിനിധിസംഘങ്ങളുടെ സമീപകാല പരസ്പര സന്ദർശനങ്ങളിൽ അവർ തൃപ്തി രേഖപ്പെടുത്തുകയും, വിദഗ്ധരുടെ കൈമാറ്റത്തിലൂടെയും മൂന്നാം രാജ്യങ്ങളിൽ ഉൾപ്പെടെയുള്ള സംയുക്തസംരംഭങ്ങളിലൂടെയും വാണിജ്യസഹകരണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി കാത്തിരിക്കുകയാണെന്നു വ്യക്തമാക്കുകയും ചെയ്തു.
പ്രതിരോധം
മന്ത്രിതല കൈമാറ്റങ്ങൾ, സേനകൾ തമ്മിലുള്ള ബന്ധം, തുറമുഖ സന്ദർശനങ്ങൾ എന്നിവയിലൂടെ പ്രതിരോധ സഹകരണം ആഴത്തിലാകുന്നതിൽ ഇരുപ്രധാനമന്ത്രിമാരും തൃപ്തി രേഖപ്പെടുത്തി. കൂടാതെ, ഹെലികോപ്റ്ററുകൾ, നാവിക പ്ലാറ്റ്‌ഫോമുകൾ, സമുദ്ര യുദ്ധോപകരണങ്ങൾ, ഇലക്ട്രോണിക് യുദ്ധമുറകൾ എന്നിവ ഉൾപ്പെടെയുള്ള സാങ്കേതിക സഹകരണം; സംയുക്തോൽപ്പാദനം, സംയുക്ത വികസന പദ്ധതികൾ എന്നിവയ്ക്കായുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന സംയുക്ത താൽപ്പര്യപ്രഖ്യാപനം; പ്രതിരോധ വ്യാവസായിക മാർഗരേഖ എന്നിവ അംഗീകരിച്ചതിനെ അവർ സ്വാഗതംചെയ്തു. വ്യവസായ പുനരുജ്ജീവന ശേഷി ശക്തിപ്പെടുത്തുന്നതിലൂടെ നിർണായക അടിസ്ഥാനസൗകര്യങ്ങളും അവയുമായി ബന്ധപ്പെട്ട വിതരണശൃംഖലകളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അവർ അംഗീകരിച്ചു.
സംയുക്ത പ്രതിരോധസമിതിയുടെയും സൈനിക സഹകരണ വിഭാഗത്തിന്റെയും പ്രവർത്തനങ്ങൾക്ക് അനുപൂരകമായി, വർഷംതോറും ഘടനാപരമായ ഉന്നതതല സൈനികസംവാദം സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനും, സംയുക്ത അഭ്യാസങ്ങളും സേനകൾക്കിടയിലുള്ള കോഴ്സുകളും പ്രോത്സാഹിപ്പിക്കുന്നതിനും ഇരുപക്ഷവും ധാരണയായി.
സമുദ്രസുരക്ഷാസഹകരണം, ഏകോപനം എന്നിവ വർധിപ്പിക്കുന്നതിനും, സമുദ്രമേഖലയിലെ വിവരങ്ങളും മികച്ച പ്രയോഗങ്ങളും കൈമാറുന്നതിനുമായി സമുദ്രസുരക്ഷാസംവാദം ആരംഭിക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു.
സുരക്ഷ
അതിർത്തികടന്നുള്ള ഭീകരവാദം ഉൾപ്പെടെ, എല്ലാ രൂപങ്ങളിലുമുള്ള ഭീകരവാദത്തെയും അക്രമാസക്തമായ തീവ്രവാദത്തെയും ഇരുനേതാക്കളും ശക്തമായി അപലപിച്ചു. 2025 ഏപ്രിലിലുണ്ടായ പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ഇരുനേതാക്കളും, UN രക്ഷാസമിതിയുടെ 1267 ഉപരോധപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവയടക്കമുള്ള ഭീകരർക്കും ഭീകരസംഘടനകൾക്കും അവരുടെ അനുബന്ധ സ്ഥാപനങ്ങൾക്കും എതിരായ പോരാട്ടത്തിൽ സഹകരിക്കുമെന്ന പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. ധനകാര്യ പ്രവർത്തക ദൗത്യസംഘത്തിന്റെ (FATF) മാർഗനിർദേശങ്ങൾക്ക് അനുസൃതമായി, ഭീകരരുടെ സുരക്ഷിത താവളങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതാക്കുന്നതിനും ഭീകരശൃംഖലകൾ തകർക്കുന്നതിനും ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനും നിരന്തരം പ്രവർത്തിക്കാൻ അവർ എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. UN, FATF, മറ്റു ബഹുരാഷ്ട്രവേദികൾ എന്നിവയിൽ ഒന്നിച്ചു പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു.
ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനായി, ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സ്ഥിരം ദൗത്യസേനയുടെ പ്രഥമ യോഗത്തെയും, ഭീകരവാദ വിരുദ്ധ സംയുക്ത കർമസമിതിയുടെ വരാനിരിക്കുന്ന യോഗത്തെയും ഇരുനേതാക്കളും സ്വാഗതംചെയ്തു.
ഇറ്റാലിയൻ ഗ്വാർഡിയ ഡി ഫിനാൻസയും ഇന്ത്യയുടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെ ഇരുനേതാക്കളും സ്വാഗതംചെയ്തു. രഹസ്യവിവരങ്ങളുടെ കൈമാറ്റവും പരസ്പരസംരക്ഷണവും സംബന്ധിച്ച കരാറും പൊലീസ് സഹകരണം ശക്തമാക്കുന്നതിനുള്ള കരാറും എത്രയും വേഗം അന്തിമമാക്കുന്നതിനായി കാത്തിരിക്കുകയാണെന്നു നേതാക്കൾ വ്യക്തമാക്കി. കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടിയും പരസ്പര നിയമസഹായ ഉടമ്പടിയും ഉൾപ്പെടെയുള്ള മറ്റു കരാറുകളിൽ നടന്നുവരുന്ന ചർച്ചകളെയും അവർ സ്വാഗതംചെയ്തു.
കുടിയേറ്റവും ചലനാത്മകതയും
STEM മേഖലകളിൽ പ്രത്യേകിച്ചും, വിദ്യാർഥികൾ, ഗവേഷകർ, വിദഗ്ധ തൊഴിലാളികൾ എന്നിവരുടെ ചലനാത്മകത വർധിപ്പിക്കുന്നതിനും തൊഴിൽവിപണിയുടെ ആവശ്യങ്ങൾക്ക് അനുസൃതമായി നൈപുണ്യവികസനത്തിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതിനും ഇരുനേതാക്കളും ധാരണയായി. ഇന്ത്യയിൽനിന്നുള്ള നഴ്സുമാരുടെ സഞ്ചാരം സുഗമമാക്കുന്നതിനുള്ള പ്രത്യേക സംയുക്ത താൽപ്പര്യപ്രഖ്യാപനം ഇതിൽ ഉൾപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ, സാമൂഹ്യസുരക്ഷാ കരാർ (SSA) സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾക്കിടയിൽ നടന്നുവരുന്ന ചർച്ചകളെ അവർ സ്വാഗതംചെയ്തു.
ഇറ്റാലിയൻ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനായി, അവർക്കു കൃത്യമായ മാർഗനിർദേശങ്ങൾ, മാച്ചിങ്, ഇറ്റാലിയൻ സംരംഭങ്ങളിൽ യോഗ്യതയ്ക്കനുസരിച്ചുള്ള സംയോജനം എന്നിവയ്ക്കുള്ള അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച “ICI-ഇറ്റലി ഇന്ത്യയെ വിളിക്കുന്നു: സർവകലാശാല-സംരംഭ പ്രതിഭാ സഹകരണവേദി (ICI – Italy Calls India: a University-Enterprise talent bridge) എന്ന പദ്ധതിയെ അവർ സ്വാഗതംചെയ്തു.
സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഉറപ്പാക്കുന്നതിനായി അനധികൃത കുടിയേറ്റം, തൊഴിൽ ചൂഷണം, മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ സഹകരണം ശക്തമാക്കുന്നതിനുള്ള സാധ്യതകളും അവർ ചർച്ചചെയ്തു.
സാംസ്കാരിക-വിദ്യാഭ്യാസ വിനിമയങ്ങൾ
സാംസ്കാരിക മേഖല ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിചർച്ചകളുടെ പ്രധാന സ്തംഭമാണെന്ന് ഇരുനേതാക്കളും എടുത്തുപറഞ്ഞു. ലോഥലിലെ ദേശീയ സമുദ്ര പൈതൃക സമുച്ചയത്തിന്റെ വികസനത്തിൽ ഇറ്റലി പങ്കാളിയാകുന്നതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെ അവർ സ്വാഗതംചെയ്തു. 2026-ലെ വെനീസ് ആർട്ട് ബിനാലെയിലെ ഇന്ത്യൻ നാഷണൽ പവലിയനെ അവർ അംഗീകരിച്ചു. 2027 “ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക-വിനോദസഞ്ചാര വർഷ”മായി ആഘോഷിക്കാനുള്ള താൽപ്പര്യം അവർ പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുകയും, ഇരു സാംസ്കാരിക മന്ത്രാലയങ്ങളും സംയുക്തമായി ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള പുരാതന സാംസ്കാരിക ബന്ധങ്ങളെക്കുറിച്ചു ബൃഹത്തായ പ്രദർശനം ഒരുക്കുന്നതിനു വഴിയൊരുക്കുകയും ചെയ്യും.
സർഗാത്മക വ്യവസായങ്ങളിലെ പ്രതിനിധികൾ, വിദഗ്ധർ, സ്ഥാപനങ്ങൾ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുന്നതിനായി ഇറ്റലി-ഇന്ത്യ സാംസ്കാരിക ചർച്ചാവേദി സംഘടിപ്പിക്കുന്നതിനെ ഇരുനേതാക്കളും പ്രോത്സാഹിപ്പിച്ചു. സാംസ്കാരിക പൈതൃകത്തിന്റെ സംരക്ഷണം, വികസനം, പരിപാലനം എന്നിവയിലെ സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ, UNESCO-യുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യൻ-ഇറ്റാലിയൻ പ്രദേശങ്ങൾ തമ്മിൽ ‘ട്വിന്നിങ് പ്രോഗ്രാം’ ആരംഭിച്ചതിനെ ഇരുനേതാക്കളും അഭിനന്ദിച്ചു.
വ്യവസായങ്ങളുടെ കരുത്തും നൂതനമായ ശേഷികളും, ഒപ്പം ഉഭയകക്ഷി സംയുക്തനിർമാണ കരാർ നൽകുന്ന നിയമപരമായ ചട്ടക്കൂടും പ്രയോജനപ്പെടുത്തി, ഇരുരാജ്യങ്ങളും തമ്മിലുള്ള സിനിമ, ഓഡിയോ-വിഷ്വൽ മേഖലകളിലെ സഹകരണം കൂടുതൽ വികസിപ്പിക്കാൻ ഇരുനേതാക്കളും ധാരണയായി.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ സഹകരണം ശക്തമാക്കാനുള്ള താൽപ്പര്യം ഇരുപ്രധാനമന്ത്രിമാരും ആവർത്തിച്ചു. ഉന്നതവിദ്യാഭ്യാസ-ഗവേഷണ രംഗത്തെ ഇൻഡോ-ഇറ്റാലിയൻ മാർഗരേഖ അംഗീകരിച്ചതിനെ അവർ സ്വാഗതംചെയ്തു. ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസനയത്തിനു കീഴിൽ ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കുന്നതിനായി ഇറ്റാലിയൻ സർവകലാശാലകളെയും മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളെയും പ്രധാനമന്ത്രി മോദി ക്ഷണിച്ചു.
ഇന്ത്യ-EU ബന്ധങ്ങൾ
2026 ജനുവരി 27-നു നടന്ന ഇന്ത്യ-EU ഉച്ചകോടിയിൽ അംഗീകരിച്ച പുതിയ സംയുക്ത ഇന്ത്യ-EU സമഗ്ര തന്ത്രപ്രധാന കാര്യപരിപാടിയെയും ഇന്ത്യ-EU സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പൂർത്തിയായതിനെയും നേതാക്കൾ സ്വാഗതംചെയ്തു. വിപണിപ്രവേശം വർധിപ്പിക്കുന്നതിലൂടെയും വ്യാപാരതടസ്സങ്ങൾ കുറയ്ക്കുന്നതിലൂടെയും, വൈവിധ്യവൽക്കരിക്കപ്പെട്ട മൂല്യശൃംഖലകളും പുതിയ വിപണി അവസരങ്ങളുംവഴി സാമ്പത്തിക സുരക്ഷിതത്വവും പുനരുജ്ജീവന ശേഷിയും ശക്തിപ്പെടുത്തുന്നതിലൂടെയും ഈ കരാർ ഇരുപക്ഷവും തമ്മിലുള്ള ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയർത്തും.
വ്യാപാരം, നിർണായക സാങ്കേതികവിദ്യകൾ, സാമ്പത്തിക സുരക്ഷ എന്നിവയിലെ സഹകരണത്തിനായുള്ള പ്രധാന വേദിയെന്ന നിലയിൽ ഇന്ത്യ-EU വാണിജ്യ-സാങ്കേതികവിദ്യ സമിതി ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണയും അവർ ആവർത്തിച്ചു. ഇന്ത്യ-EU സുരക്ഷാ-പ്രതിരോധ പങ്കാളിത്തത്തെ സ്വാഗതംചെയ്ത നേതാക്കൾ, ചലനാത്മകതയ്ക്കായുള്ള സമഗ്ര ചട്ടക്കൂടു സംബന്ധിച്ച ധാരണാപത്രം ഉൾപ്പെടെ, സഞ്ചാരസഹകരണത്തിലെ പുരോഗതിയെ അഭിനന്ദിക്കുകയും ചെയ്തു.
ബഹുരാഷ്ട്ര സഹകരണം
ഐക്യരാഷ്ട്രസഭയെ കൂടുതൽ പ്രാതിനിധ്യമുള്ളതും ഇന്നിന്റെ യാഥാർഥ്യങ്ങൾക്ക് അനുയോജ്യവുമാക്കുന്നതിനായി അതിൽ പരിഷ്കാരങ്ങൾ വരുത്തേണ്ടതിന്റെ അടിയന്തിര ആവശ്യകതയ്ക്ക് ഇരുനേതാക്കളും ഊന്നൽ നൽകി.
ബഹുരാഷ്ട്രവാദത്തെ സംരക്ഷിക്കുന്നതിനും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം ഉയർത്തിപ്പിടിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയിലും G20 ഉൾപ്പെടെയുള്ള മറ്റ് ആഗോള വേദികളിലും ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ഉയർത്തിക്കാട്ടി.
ആഫ്രിക്കയ്ക്ക് ഇരുരാജ്യങ്ങളും നൽകുന്ന തന്ത്രപ്രധാന മുൻഗണന അംഗീകരിച്ച്, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ (DPI), കൃഷി, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, നിർമിതബുദ്ധി, കണക്റ്റിവിറ്റി, അടിസ്ഥാനസൗകര്യം, പുനരുൽപ്പാദക ഊർജം എന്നീ മേഖലകളിൽ ആഫ്രിക്കൻ പങ്കാളികളുമായി ചേർന്നു ത്രികക്ഷിസംരംഭങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ ഇരുപ്രധാനമന്ത്രിമാരും ധാരണയായി. ആഫ്രിക്കയിലെ ഇന്ത്യയുടെ വികസന പങ്കാളിത്തത്തിനും ഇറ്റലിയുടെ മാറ്റെ പദ്ധതിക്കും (Mattei Plan) അനുസൃതമായാകും ഇതു നടപ്പാക്കുക.
അന്താരാഷ്ട്ര നിയമങ്ങൾക്ക്, പ്രത്യേകിച്ച് UNCLOS-ന് അനുസൃതമായി, സ്വതന്ത്രവും തുറന്നതും സമാധാനപരവും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖലയ്ക്കായുള്ള പൊതുവായ പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു. ഇൻഡോ-പസഫിക് സമുദ്ര സംരംഭത്തിന്റെ (IPOI) ശാസ്ത്ര-സാങ്കേതികവിദ്യ, അക്കാദമിക സഹകരണ മേഖലകളിൽ തുടർച്ചയായ പങ്കാളിത്തത്തിനായി കാത്തിരിക്കുന്നതായും നേതാക്കൾ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ/മധ്യപൂർവമേഖലയിലെ സാഹചര്യങ്ങളിലും ഇത് ആ മേഖലയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളിലും ഇരുനേതാക്കളും അഗാധമായ ആശങ്ക രേഖപ്പെടുത്തി. 2026 ഏപ്രിൽ 8-നു പ്രഖ്യാപിച്ച വെടിനിർത്തലിനെ സ്വാഗതംചെയ്ത നേതാക്കൾ, പശ്ചിമേഷ്യയിൽ/മധ്യപൂർവമേഖലയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിൽ, സംഘർഷ ലഘൂകരണത്തിന്റെയും ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടി. ഹോർമുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത കപ്പൽഗതാഗത സ്വാതന്ത്ര്യത്തിനും ആഗോള വ്യാപാരപ്രവാഹം പുനരാരംഭിക്കുന്നതിനും അവർ ആഹ്വാനംചെയ്തു.
വലിയതോതിലുള്ള മനുഷ്യദുരിതങ്ങൾക്കും ആഗോളതലത്തിൽ ദോഷകരമായ പ്രത്യാഘാതങ്ങൾക്കും കാരണമായി തുടരുന്ന യുക്രെയ്നിലെ യുദ്ധത്തിൽ ഇരുനേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്കും യുഎൻ ചാർട്ടറിന്റെ തത്വങ്ങൾക്കും അനുസൃതമായി, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും യുക്രെയ്നിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ തുടർന്നും പിന്തുണയ്ക്കാൻ അവർ ധാരണയായി.
ഉപസംഹാരം
ഇന്ത്യ-ഇറ്റലി പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ശ്രദ്ധേയമായ വളർച്ചയും ആഴവും വിലയിരുത്തി, എല്ലാ മേഖലകളിലും സഹകരണം കൂടുതൽ വ്യാപിപ്പിക്കുന്നതിനും പ്രധാനപ്പെട്ട ആഗോള-പ്രാദേശിക സംഭവവികാസങ്ങളിൽ അടുത്ത ഉന്നതതല കൂടിയാലോചനകൾ തുടരുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു.
ഗവണ്മെന്റും ഇറ്റലിയിലെ ജനങ്ങളും നൽകിയ ഊഷ്മളമായ സ്വീകരണത്തിനു പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി മെലോണിക്കു നന്ദി അറിയിക്കുകയും, ഇരുപക്ഷത്തിനും സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മെലോണിയെ ക്ഷണിക്കുകയും ചെയ്തു.
***
SK
Una partnership strategica speciale che non solo andrà a beneficio delle nostre nazioni ma anche dell’intera umanità!
— Narendra Modi (@narendramodi) May 20, 2026
I risultati della mia visita in Italia garantiranno maggiori collegamenti per gli investimenti, migliori opportunità commerciali, legami culturali più stretti e… https://t.co/lDV5F0xN1Y
Una partnership strategica speciale che non solo andrà a beneficio delle nostre nazioni ma anche dell’intera umanità!
— Narendra Modi (@narendramodi) May 20, 2026
I risultati della mia visita in Italia garantiranno maggiori collegamenti per gli investimenti, migliori opportunità commerciali, legami culturali più stretti e… https://t.co/lDV5F0xN1Y