Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൊഴിൽ മേളയിലൂടെ പുതുതായി നിയമിതരായ 51,000-ത്തിലധികം യുവാക്കൾക്ക് നിയമന പത്രങ്ങൾ വിതരണംചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൊഴിൽ മേളയിലൂടെ പുതുതായി നിയമിതരായ 51,000-ത്തിലധികം യുവാക്കൾക്ക് നിയമന പത്രങ്ങൾ വിതരണംചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 11 മണിക്ക്  നടന്ന 19-ാമത് തൊഴിൽ മേളയിൽ വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ 51,000-ത്തിലധികം നിയമന പത്രങ്ങൾ വിതരണം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത അദ്ദേഹം, രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യുവാക്കൾക്ക് ഇന്ന് സവിശേഷവും സുപ്രധാനവുമായ ദിനമാണെന്ന് വിശേഷിപ്പിച്ചു. ഗവണ്മെന്റ് സർവീസിലേക്ക് പുതുതായി പ്രവേശിച്ചവരെ സ്വാഗതം ചെയ്ത അദ്ദേഹം റെയിൽവേ, ബാങ്കിംഗ്, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇന്ത്യയുടെ വികസനത്തിന് അവർക്ക് നൽകാൻ കഴിയുന്ന സംഭാവനകളെ എടുത്തുപറഞ്ഞു. “വരുംവർഷങ്ങളിൽ, വികസിത ഇന്ത്യ എന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ നിങ്ങളെല്ലാവരും നിർണായക പങ്ക് വഹിക്കും” – ശ്രീ മോദി  പറഞ്ഞു.
ഈ നാഴികക്കല്ല് നേട്ടം കൈവരിച്ച, നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അവരുടെ കഠിനാധ്വാനത്തെയും തീവ്രമായ തയ്യാറെടുപ്പുകളെയും അദ്ദേഹം പ്രശംസിച്ചു.  ഏവർക്കും അദ്ദേഹം  ഹൃദയം നിറഞ്ഞ ആശംസകൾ അറിയിച്ചു. ഒരു വ്യക്തിയുടെയും നേട്ടം ഒറ്റയ്ക്കുള്ളതല്ലെന്ന് പറഞ്ഞ അദ്ദേഹം, ഈ യാത്രയിലുടനീളം അവിഭാജ്യ പിന്തുണ നൽകിയ അവരുടെ കുടുംബങ്ങൾക്കും മാതാപിതാക്കൾക്കും  ആശംസകൾ നേർന്നു.

അടുത്തിടെ നടന്ന ബഹുരാഷ്ട്ര  നയതന്ത്ര പര്യടനത്തിലെ അനുഭവങ്ങൾ പങ്കുവച്ച പ്രധാനമന്ത്രി, വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ആഗോള കോർപ്പറേഷനുകളുടെ തലവന്മാർ, ഇന്ത്യയിലെ യുവാക്കളെക്കുറിച്ചും ഇന്ത്യയുടെ സാങ്കേതിക പുരോഗതിയെക്കുറിച്ചും  വലിയ ആവേശം പ്രകടിപ്പിച്ചതായി വ്യക്തമാക്കി. ഇന്ത്യയുടെ വളർച്ചയിൽ പങ്കാളികളാകാൻ ലോകം കാതോർത്തിരിക്കുകയാണെന്ന് അദ്ദേഹം വിവരിച്ചു. “ഇന്ത്യയുടെ വികസന യാത്രയുടെ ഭാഗമാകാൻ ലോകം ആഗ്രഹിക്കുന്നു” – ശ്രീ മോദി അഭിപ്രായപ്പെട്ടു.

അടുത്തിടെ നടത്തിയ പഞ്ചരാഷ്ട്ര വിദേശ പര്യടനത്തിന്റെ നയതന്ത്ര-സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. സന്ദർശിച്ച ഓരോ രാജ്യവുമായും ഒപ്പുവച്ച വിവിധ മേഖലകളിലെ കരാറുകളെക്കുറിച്ചും, നടത്തിയ ചർച്ചകളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.  സെമികണ്ടക്ടർ, ജലം, കൃഷി, അത്യാധുനിക നിർമ്മാണ രീതി എന്നിവയെക്കുറിച്ച് നെതർലാൻഡ്‌സുമായുള്ള ചർച്ചകൾ;  നിർമിതബുദ്ധി, ഡിജിറ്റൽ നൂതനാവിഷ്കാരങ്ങൾ എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ച് സ്വീഡനുമായുള്ള ചർച്ചകൾ;  ഹരിത സാങ്കേതികവിദ്യ, സമുദ്ര സഹകരണം എന്നിവയെക്കുറിച്ച് നോർവേയുമായി നടന്ന ചർച്ചകൾ; യു.എ.ഇ.യുമായി തന്ത്രപ്രധാനമായ ഊർജ്ജ, സാങ്കേതിക പങ്കാളിത്തത്തെക്കുറിച്ചുള്ള ധാരണാപത്രങ്ങൾ;  പ്രതിരോധം, നിർണായക ധാതുക്കൾ, ശാസ്ത്ര-സാങ്കേതിക വിദ്യ എന്നിവയിൽ ഇറ്റലിയുമായുള്ള കരാറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ യുവാക്കളെ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. “ഇന്ത്യയിലെ യുവാക്കൾക്ക് തൊഴിലും ആഗോളതലത്തിലുള്ള അവസരങ്ങളും  ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം” – ശ്രീ മോദി പറഞ്ഞു.

ഓരോ കരാർ വഴിയും നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ച് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഓരോ പുതിയ നിക്ഷേപവും, സാങ്കേതിക പങ്കാളിത്തവും, വ്യവസായ സഹകരണവും ആത്യന്തികമായി ഇന്ത്യയിലെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ നൽകുമെന്ന് ഊന്നിപ്പറഞ്ഞു. ഈ സഹകരണങ്ങളുടെ ദീർഘകാല പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. “അടുത്ത 25 വർഷത്തെ ആഗോള വളർച്ചയെ നിർണ്ണയിക്കുന്ന വ്യവസായങ്ങൾക്ക് രൂപം നൽകുന്നത് ഈ മേഖലകളായിരിക്കും” – ശ്രീ മോദി വ്യക്തമാക്കി.
വിശ്വസനീയമായ ആഗോള വിതരണശൃംഖല പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ വളരുന്ന പദവിക്ക് ഉദാഹരണമായി ASML-ടാറ്റാ ഇലക്ട്രോണിക്‌സ് കരാർ ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി,  സെമികണ്ടക്ടർ മേഖലയിലെ വൻകിട ഡച്ച് കമ്പനി  കരാർ ഒപ്പിട്ട ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് ഓർമ്മിപ്പിച്ചു. എഐ മേഖലയിൽ സ്വീഡനുമായുള്ള പങ്കാളിത്തവും സൂപ്പർകമ്പ്യൂട്ടിങിൽ യു.എ.ഇ-യുമായുള്ള സഹകരണവും ഇന്ത്യയുടെ സാങ്കേതികശേഷിക്ക് സമാനമായ രീതിയിൽ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ASML-ടാറ്റാ ഇലക്ട്രോണിക്സ് കരാർ കൊണ്ടുമാത്രം ഇന്ത്യയിൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും” – ശ്രീ മോദി പറഞ്ഞു.

സംശുദ്ധ ഊർജ്ജം, പ്രധാന ധാതുക്കൾ , ഹരിത ഹൈഡ്രജൻ, സുസ്ഥിര നിർമ്മാണം എന്നിവ ഗണ്യമായ അവസരങ്ങളുള്ള മേഖലകളായി അതിവേഗം ഉയർന്നുവരുന്നതിനെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഹരിത പരിവർത്തനത്തിലും സുസ്ഥിര സാങ്കേതികവിദ്യയിലും സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളുമായി വളർന്നുവരുന്ന സഹകരണം ഭാവിയിലെ സംശുദ്ധ ഉൽപാദന വ്യവസായങ്ങളിൽ ഇന്ത്യയെ ശക്തമായ സ്ഥാനത്ത് എത്തിക്കുമെന്ന് ചൂണ്ടിക്കാട്ടി. “ഈ പങ്കാളിത്തങ്ങൾ  പുതിയ സമ്പദ്‌വ്യവസ്ഥയുടെയും പുതിയ അവസരങ്ങളുടെയും കവാടമാണ് തുറക്കുന്നത്” – ശ്രീ മോദി  പറഞ്ഞു.

തുറമുഖങ്ങൾ, ഷിപ്പിംഗ്, സമുദ്ര അടിസ്ഥാനസൗകര്യ വികസന കരാറുകൾ എന്നിവയിലെ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളെക്കുറിച്ച് സൂചിപ്പിച്ച പ്രധാനമന്ത്രി, യു.എ.ഇ, നോർവേ എന്നിവയുമായുള്ള പങ്കാളിത്തം ഇന്ത്യയുടെ കപ്പൽ നിർമ്മാണ മേഖലയെ  ശക്തിപ്പെടുത്തുമെന്നും ഇത് രാജ്യത്തെ എഞ്ചിനീയർമാർക്കും സാങ്കേതിക വിദഗ്ധർക്കും വിദഗ്ധ തൊഴിലാളികൾക്കും നേരിട്ട് അവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും നിരീക്ഷിച്ചു. “ഇന്ത്യയിലെ എഞ്ചിനീയർമാർക്കും സാങ്കേതിക വിദഗ്ധർക്കും വിദഗ്ധ തൊഴിലാളികൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും” – ശ്രീ മോദി പറഞ്ഞു.

ഓരോ പുതിയ പങ്കാളിത്തവും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും യുവ പ്രൊഫഷണലുകൾക്കും  ആഗോള സമ്പർക്കം വിപുലമാക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഗണ്യമായ തോതിൽ നൂതനാശയങ്ങൾ മുന്നോട്ട് വയ്ക്കുകയും നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളെയാണ് ഇന്ന് ലോകം ബഹുമാനിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു. ഈ മൂന്ന് മേഖലകളിലും ഇന്ത്യ മുന്നേറുന്നതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. “ഈ മാറ്റത്തിന് പിന്നിലെ ഏറ്റവും വലിയ ശക്തി ഇന്ത്യയിലെ യുവാക്കളായ നിങ്ങൾ ഏവരുമാണ്” – ശ്രീ മോദി വ്യക്തമാക്കി.

2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള കൂട്ടായ ദൃഢനിശ്ചയത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഈ ലക്ഷ്യത്തിന്റെ നേരിട്ടുള്ള ഫലമായി  വിവിധ മേഖലകളിലെ ഗവണ്മെന്റ് നിക്ഷേപം ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അറിയിച്ചു. “ഈ നിക്ഷേപം രാജ്യത്തെ യുവാക്കൾക്കായി ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്” – ശ്രീ മോദി പറഞ്ഞു.

ഇന്ത്യയിൽ ഉയർന്നുവരുന്ന സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ വ്യാപ്തി പരാമർശിച്ച പ്രധാനമന്ത്രി, സെമികണ്ടക്ടർ നിർമ്മാണത്തിനായി സമ്പൂർണ്ണ ആഭ്യന്തര വിതരണ ശൃംഖല സ്ഥാപിച്ചുവരികയാണെന്നും പത്ത് വലിയ സെമികണ്ടക്ടർ യൂണിറ്റുകൾ ഉടൻ തന്നെ ആഗോളതലത്തിൽ മുദ്രപതിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനകം ധാരാളം യുവാക്കൾക്ക് ഈ യൂണിറ്റുകളിൽ തൊഴിൽ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യയുടെ സെമികണ്ടക്ടർ യൂണിറ്റുകൾ ലോകത്ത് തനത് മുദ്ര പതിപ്പിക്കും” – ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.

ഏകദേശം 75,000 കോടി രൂപയുടെ നിക്ഷേപത്തിന്റെ പിന്തുണയോടെ ഇന്ത്യയിൽ വികസിച്ചുകൊണ്ടിരിക്കുന്ന കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണി, ഓവർഹോളിംഗ് ആവാസവ്യവസ്ഥകൾ എന്നിവയിലേക്ക് ശ്രദ്ധ ക്ഷണിച്ച പ്രധാനമന്ത്രി, വ്യോമയാന മേഖലയെ മാറ്റിമറിക്കുമെന്ന് ഉറപ്പുനൽകുന്ന മെയിന്റനൻസ്, ഓവർഹോൾ, റിപ്പയർ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ എംആർഒ (MRO) ആവാസവ്യവസ്ഥയുടെ വികസനവും എടുത്തുപറഞ്ഞു. “ഇന്ത്യയിലെ യുവാക്കൾക്കായി പുതിയ തൊഴിൽ മേഖല തുറക്കാൻ പോകുകയാണ്,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

പ്രമുഖ ഇലക്ട്രോണിക്സ് നിർമ്മാതാവെന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഉല്പാദന ബന്ധിത പ്രോത്സാഹന (PLI) പദ്ധതിയാണ് റെക്കോർഡ് ഇലക്ട്രോണിക്സ് ഉത്പാദനത്തിന് കരുത്തുപകരുന്നതെന്നും ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇതിലൂടെ സമ്പൂർണ്ണ ഇലക്ട്രോണിക്സ് മൂല്യശൃംഖലയും ആഭ്യന്തരമായി നിർമ്മിക്കപ്പെടുന്നു. “പിഎൽഐ പദ്ധതി രാജ്യത്ത് റെക്കോർഡ് ഇലക്ട്രോണിക്സ് ഉത്പാദനത്തിന് വഴിതെളിയ്ക്കുന്നു ,” ശ്രീ മോദി പറഞ്ഞു.

പൊതു-സ്വകാര്യ മേഖലകൾ സംയുക്തമായി ഈ ഒന്നിലധികം സംരംഭങ്ങളിലേക്ക് വൻതോതിലുള്ള നിക്ഷേപം നടത്തുന്നുണ്ടെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പുതുതായി നിയമിതരായ ഗവണ്മെന്റ് ജീവനക്കാരോട് ബിസിനസ്സും സംരംഭങ്ങളും സുഗമമാക്കുന്നതിൽ തങ്ങൾക്കുള്ള പങ്ക് എപ്പോഴും ഓർമ്മിക്കണമെന്നും ആഹ്വാനം ചെയ്തു. “ബിസിനസ്സ് എളുപ്പമാക്കൽ രാജ്യത്തിന് വലിയൊരു മുൻഗണനയാണ്,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയെ നയിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പ്രധാന പങ്ക് അടിവരയിട്ടുകൊണ്ട്, ഗ്രാമങ്ങളും ചെറുകിട നഗരങ്ങളും വിദൂര പ്രദേശങ്ങളും വികസനത്തിന്റെ ഭാഗമാകുമ്പോൾ മാത്രമേ ദേശീയ പുരോഗതിയുടെ യഥാർത്ഥ നേട്ടം അതിന്റെ പൂർണ്ണ ശേഷിയിൽ എത്തിച്ചേരുകയുള്ളൂ എന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. “ഗ്രാമങ്ങളും വിദൂര പ്രദേശങ്ങളും വികസനവുമായി ബന്ധപ്പെടുമ്പോൾ, രാജ്യത്തിന്റെ പുരോഗതിയുടെ പ്രയോജനം കൂടുതൽ ആളുകളിലേക്ക് എത്തുന്നു,” ശ്രീ മോദി വ്യക്തമാക്കി.

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ റെയിൽവേ, ഹൈവേകൾ, വിമാനത്താവളങ്ങൾ, ലോജിസ്റ്റിക്സ്, തുറമുഖങ്ങൾ, ഡിജിറ്റൽ ശൃംഖലകൾ എന്നിവയിലുടനീളം നിർമ്മിച്ച അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപ്തി പട്ടികപ്പെടുത്തിക്കൊണ്ട്, കണക്റ്റിവിറ്റി കർഷകർക്കും ചെറുകിട വ്യാപാരികൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പുതിയ വഴികൾ തുറന്നുനൽകിയിട്ടുണ്ടെന്നും ഈ മാറ്റം ഇപ്പോൾ ഇന്ത്യയിലെ ഗ്രാമങ്ങളെപ്പോലും പരിവർത്തനം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. “ഗ്രാമങ്ങളിൽ പോലും മാറ്റം അതിവേഗം ദൃശ്യമാകുന്നുണ്ട്,” ശ്രീ മോദി അഭിപ്രായപ്പെട്ടു.

കോടിക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾക്ക് ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളായ സ്ഥിരം വീടുകൾ, വീടുകളിലെ ശുചിമുറികൾ, വൈദ്യുതി, ജൽ ജീവൻ മിഷന് കീഴിലുള്ള പൈപ്പ് വെള്ളം എന്നിവ സമൂഹത്തിലുണ്ടാക്കുന്ന വലിയ സ്വാധീനത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, ഈ അടിസ്ഥാന മാറ്റങ്ങൾ കേവലം സൗകര്യങ്ങൾക്കപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു . “ഈ മാറ്റങ്ങളുടെ സ്വാധീനം കേവലം സൗകര്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല,” ശ്രീ മോദി പറഞ്ഞു.

ഗ്രാമീണ റോഡുകൾ, മെച്ചപ്പെട്ട വൈദ്യുതി, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവ എങ്ങനെയാണ് സാമ്പത്തിക പ്രവർത്തനങ്ങളെ പലമടങ്ങ് വർദ്ധിപ്പിച്ചതെന്നും, വിപണികളിലേക്കുള്ള പ്രവേശം എളുപ്പമാക്കിയെന്നും, ചെറുകിട സംരംഭങ്ങളെ അഭിവൃദ്ധിപ്പെടാൻ പ്രാപ്തമാക്കിയെന്നും, ഗ്രാമങ്ങളെ പുതിയ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് കൊണ്ടുവന്നതെന്നും വിശദീകരിച്ചുകൊണ്ട്, പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഈ പുരോഗതികൾ ഒരുമിച്ച് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്തുകയും ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. “ഇവയെല്ലാം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഗുണപരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്,” ശ്രീ മോദി കൂട്ടിച്ചേർത്തു.

നിർമ്മാണം, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ സേവനങ്ങൾ, റെയിൽവേ, പ്രതിരോധം, ബഹിരാകാശം എന്നിവയിലുടനീളം ഇന്ത്യയിലെ യുവാക്കൾക്ക് ഇന്ന് ലഭ്യമായിട്ടുള്ള അവസരങ്ങൾ രാജ്യത്തിന്റെ ചരിത്രത്തിൽ അഭൂതപൂർവ്വമാണെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി, പരമാവധി യുവാക്കൾക്ക് ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താനും അവരുടെ കഴിവുകൾ പൂർണ്ണമായി പ്രകടിപ്പിക്കാനും കഴിയുമെന്ന് ഉറപ്പാക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. “തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇന്ത്യയിലെ യുവാക്കൾക്ക് ഇന്ന് ലഭിച്ചിരിക്കുന്ന അവസരങ്ങൾ ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

ഐടിഐകളുടെ നവീകരണം, നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ശക്തിപ്പെടുത്തൽ, പിഎം സേതു പദ്ധതിയുടെ സമാരംഭം എന്നിവയുൾപ്പെടെയുള്ള നൈപുണ്യ വികസനം, വ്യവസായബന്ധിത വിദ്യാഭ്യാസം, ഭാവി സാങ്കേതികവിദ്യ എന്നിവയിൽ ഗവണ്മെന്റിന്റെ  തുടർച്ചയായ നിക്ഷേപത്തെക്കുറിച്ച് വ്യക്തമാക്കിയ പ്രധാനമന്ത്രി, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ വേഗതയ്‌ക്കൊപ്പം മുന്നേറുന്നതിന് നിരന്തരമായ തയ്യാറെടുപ്പിനുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞു. “നൈപുണ്യ വികസനം, വ്യവസായബന്ധിത വിദ്യാഭ്യാസം, ഭാവി സാങ്കേതികവിദ്യ എന്നിവയ്ക്ക് തുടർച്ചയായ ഊന്നൽ നൽകുന്നുണ്ട്,” ശ്രീ മോദി വ്യക്തമാക്കി.

രാജ്യത്തുടനീളം സ്വയം തൊഴിലിന്റെയും സംരംഭകത്വത്തിന്റെയും പുതിയ സംസ്കാരം ഉയർന്നുവരുന്നതിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, 2.3 ലക്ഷത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകളുമായി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറിയെന്നും ഈ മാറ്റം ഇനി മെട്രോപൊളിറ്റൻ നഗരങ്ങളിൽ മാത്രം പരിമിതപ്പെടുന്നതല്ലെന്നും ചൂണ്ടിക്കാട്ടി. “ഈ മാറ്റം വലിയ നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല,” ശ്രീ മോദി നിരീക്ഷിച്ചു.

ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നുള്ള യുവാക്കൾ വലിയ തോതിൽ സ്റ്റാർട്ടപ്പുകളുടെയും നൂതനാശയത്തിന്റെയും ലോകത്തേക്ക് പ്രവേശിക്കുന്നുണ്ടെന്നും ഈ മുന്നേറ്റം ദേശീയ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകമായി മാറിയിട്ടുണ്ടെന്നും അഭിമാനത്തോടെ പറഞ്ഞ പ്രധാനമന്ത്രി, ഈ സംരംഭകത്വ കുതിപ്പിൽ ഇന്ത്യയിലെ സ്ത്രീകളുടെ വർദ്ധിച്ചുവരുന്നതും നിർണ്ണായകവുമായ പങ്ക് എടുത്തുപറഞ്ഞു. മുദ്രാ യോജനയിലൂടെ കോടിക്കണക്കിന് വനിതകൾക്ക് കൈവന്ന സാമ്പത്തിക ശാക്തീകരണവും പിഎം സ്വാനിധി പോലുള്ള പദ്ധതികൾ വഴി സാധ്യമായ സ്വാശ്രയത്വവും അംഗീകരിച്ചുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു, “ഇന്ന്, ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും ഉള്ള എണ്ണമറ്റ സ്ത്രീകൾ മുമ്പെന്നത്തേക്കാളും സ്വന്തമായി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നുണ്ട്.”

പുതുതായി നിയമിതരായവരെ അഭിസംബോധന ചെയ്തുകൊണ്ട്, ഏതൊരു സ്ഥാപനത്തിന്റെയും യഥാർത്ഥ ശക്തി അതിലെ ജനങ്ങളിലാണ്, അവർ ചേരുന്ന ഈ സംവിധാനം കോടിക്കണക്കിന് പൗരന്മാരുടെ ജീവിതവുമായി നേരിട്ടും ആഴത്തിലും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി  ഓർമ്മിപ്പിച്ചു. ഗവണ്മെന്റ് ജോലി എന്നത് എല്ലാറ്റിനുമുപരിയായി ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള മാർഗ്ഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “നിങ്ങൾ ഏത് വകുപ്പിൽ സേവനമനുഷ്ഠിച്ചാലും, നിങ്ങളുടെ പെരുമാറ്റം, അനുകമ്പ, പ്രവർത്തന ശൈലി എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ടാകും,” ശ്രീ മോദി ചൂണ്ടിക്കാട്ടി.

പുതിയ ഉദ്യോഗസ്ഥരിലുള്ള രാജ്യത്തിന്റെ വിശ്വാസം ഉറപ്പിച്ചുപറഞ്ഞ പ്രധാനമന്ത്രി, ഓരോ യുവ കർമ്മയോഗിയോടും തങ്ങളുടെ പദവിയെ ഒരു സജീവമായ ഉത്തരവാദിത്തമായി കാണാനും ഇന്ത്യയിലെ ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ആഗ്രഹങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് തങ്ങളുടെ പ്രവർത്തനങ്ങളെ ക്രമീകരിക്കാനും ആഹ്വാനം ചെയ്തു. “ഇനി നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആ വിശ്വാസം കൂടുതൽ ശക്തമാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

ആജീവനാന്ത പഠനത്തിനും പുതിയ സാങ്കേതികവിദ്യകൾ, സംവിധാനങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ എന്നിവയുമായി നിരന്തരം പൊരുത്തപ്പെടുന്നതിനും സ്വയം സമർപ്പിക്കാൻ പുതുതായി നിയമനം ലഭിച്ച ഗവണ്മെന്റ് ജീവനക്കാരോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി, ഐജിഒടി  കർമ്മയോഗി പ്ലാറ്റ്‌ഫോമിനെയും (iGOT Karmayogi Platform) കർമ്മയോഗി പ്രാരംഭ് (Karmayogi Prarambh) മോഡ്യൂളിനെയും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ആത്മവിശ്വാസത്തോടെ മനസ്സിലാക്കാനും നിർവഹിക്കാനും സഹായിക്കുന്ന ശക്തമായ ഉപകരണങ്ങളായി ഉയർത്തിക്കാട്ടി. “ഇത് പരമാവധി പ്രയോജനപ്പെടുത്താൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” ശ്രീ മോദി വ്യക്തമാക്കി.

പ്രചോദനാത്മകമായ ആഹ്വാനത്തോടെ പ്രസംഗം അവസാനിപ്പിച്ച പ്രധാനമന്ത്രി, ഇന്ന് നിയമന ഉത്തരവുകൾ കൈപ്പറ്റുന്നവർ ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലും ഇന്ത്യയിലെ യുവജനങ്ങൾ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്ന അതേ വീര്യവും ഊർജ്ജവുമാണ് ഉൾക്കൊള്ളുന്നതെന്നും ഈ വീര്യം അവരുടെ പൊതുസേവനത്തിന് ജീവൻ പകരണമെന്നും പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചു. “തങ്ങളുടെ ജോലിയെ രാജ്യത്തെ സേവിക്കാനുള്ള മാർഗ്ഗമായി കാണുന്ന യുവാക്കളുടെ പരിശ്രമത്തിലൂടെയാകും വികസിത് ഭാരതം നിർമ്മിക്കപ്പെടുക,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി, പുതിയ ഉദ്യോഗസ്ഥർ ഇന്ത്യയുടെ വികസന യാത്രയ്ക്ക് പുതിയ ആക്കം നൽകുമെന്നും അവരുടെ പ്രവർത്തനങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും വികസിത് ഭാരതത്തിന്റെ ലക്ഷ്യം പൂർത്തീകരിക്കപ്പെടുമെന്നും ഉള്ള തന്റെ പൂർണ്ണ വിശ്വാസം ആവർത്തിച്ചു. നിയമന ഉത്തരവുകൾ ലഭിക്കുന്ന എല്ലാ യുവാക്കൾക്കും അവരുടെ മുന്നോട്ടുള്ള യാത്രയിൽ അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു.

-SK-