Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2026-27 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് 3.15 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വിഹിതത്തോടെ പിഎം-കിസാൻ പദ്ധതി തുടരുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം, പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതി 2026–27 മുതൽ 2030–31 വരെയുള്ള കാലയളവിലേക്കു തുടരുന്നതിന് അംഗീകാരം നൽകി. ഈ കാലയളവിൽ പദ്ധതിക്കായി മൊത്തം 3.15 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വിഹിതത്തിനാണ് അംഗീകാരം നൽകിയത്.

കർഷകരുടെ ക്ഷേമമാണു രാജ്യത്തിന്റെ സമൃദ്ധിയുടെ അടിത്തറയെന്ന ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയെയാണ് ഈ അംഗീകാരം എടുത്തുകാട്ടുന്നത്. പിഎം-കിസാൻ പദ്ധതിയിലൂടെ, അർഹരായ കർഷക കുടുംബങ്ങൾക്കു നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം (DBT) വഴി കൃത്യസമയത്തും സുതാര്യമായും സാമ്പത്തിക സഹായം എത്തിക്കുന്നു. ഇതു കാർഷിക നിക്ഷേപം വർധിപ്പിക്കുന്നതിനും കർഷകരുടെ ഉപജീവനമാർഗം കൂടുതൽ ശക്തമാക്കുന്നതിനും സഹായിക്കുന്നു.

പിഎം-കിസാൻ: സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ കർഷകക്ഷേമത്തിന്റെ മാതൃകാപരമായ വിജയം

2019 ഫെബ്രുവരിയിലാണു പിഎം-കിസാൻ പദ്ധതിക്കു തുടക്കമിട്ടത്. ഈ പദ്ധതിക്കു കീഴിൽ, അർഹരായ ഭൂവുടമകളായ കർഷക കുടുംബങ്ങൾക്കു പ്രതിവർഷം 6,000 രൂപ മൂന്നു തുല്യഗഡുക്കളായി നേരിട്ടു ബാങ്ക് അക്കൗണ്ടുകളിലേക്കു ലഭ്യമാക്കുന്നു. ആധാർ അധിഷ്ഠിത സാക്ഷ്യപ്പെടുത്തൽ, ഡിജിറ്റൽ പരിശോധന, ശക്തമായ DBT സംവിധാനം എന്നിവയിലൂടെ സുതാര്യത, കാര്യക്ഷമത, ഉത്തരവാദിത്വം എന്നിവയിൽ മാതൃകാപരമായ ഉദാഹരണം സൃഷ്ടിക്കാൻ ഈ പദ്ധതിക്കു സാധിച്ചിട്ടുണ്ട്.

പിഎം-കിസാൻ പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ:
•    ഈ പദ്ധതിയിലൂടെ ഇതുവരെ 23 ഗഡുക്കളായി 4.47 ലക്ഷം കോടിയിലധികം രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു കൈമാറി.
•    23-ാം ഗഡു, 9.49 കോടിയിലധികം കർഷകർക്കു പ്രയോജനപ്പെട്ടു. അതിലൂടെ 18,984 കോടിയിലധികം രൂപ വിതരണംചെയ്തു.
•    കോവിഡ്-19 മഹാമാരിയുടെ സമയത്ത് കർഷകർക്കു സാമ്പത്തിക സഹായം നൽകുന്നതിനായി 1.71 ലക്ഷം കോടിയിലധികം രൂപ വിതരണംചെയ്തു.
•    പിഎം-കിസാൻ പദ്ധതിക്കു കീഴിൽ വനിതാ കർഷകർക്ക് 1.06 ലക്ഷം കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ട്. നാലിൽ ഒരു ഗുണഭോക്താവ് വനിതയാണ്.

കാർഷിക നിക്ഷേപവും കർഷകരുടെ വരുമാനവും വർധിപ്പിക്കുന്നതിൽ നിർണായക പങ്ക്:
പിഎം-കിസാൻ പദ്ധതിയിലൂടെ ലഭിക്കുന്ന സഹായം വിത്തുകൾ, വളങ്ങൾ, ജലസേചനം, കാർഷിക യന്ത്രങ്ങൾ, മറ്റു കാർഷിക ആവശ്യങ്ങൾ എന്നിവയ്ക്കായി കൃത്യസമയത്തു നിക്ഷേപം നടത്താൻ കർഷകരെ പ്രാപ്തരാക്കി. ഇതു കർഷകരുടെ ഉൽപ്പാദനശേഷി വർധിപ്പിക്കുകയും, അനൗദ്യോഗിക വായ്പകളെ ആശ്രയിക്കുന്നതു കുറയ്ക്കുകയും, ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയും ചെയ്തു.

സ്വതന്ത്ര മൂല്യനിർണയങ്ങളിലൂടെ സ്ഥിരീകരിച്ച ഗുണപരമായ സ്വാധീനം:
പിഎം-കിസാൻ പദ്ധതിയുടെ സ്വാധീനം വിവിധ സ്വതന്ത്ര സ്ഥാപനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. നിതി ആയോഗിന്റെ ഡെവലപ്‌മെന്റ് മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ ഓഫീസ് (DMEO) നടത്തിയ മൂല്യനിർണയം അനുസരിച്ച്:
•    92 ശതമാനത്തിലധികം ഗുണഭോക്താക്കളും അവർക്കു ലഭിച്ച സാമ്പത്തിക സഹായം കാർഷിക ആവശ്യങ്ങൾക്കും കാർഷിക നിക്ഷേപങ്ങൾക്കുമായി ഉപയോഗിച്ചതായി വ്യക്തമാക്കി.
•    ഏകദേശം 85% ഗുണഭോക്താക്കളും കാർഷിക വരുമാനത്തിൽ വർധനയുണ്ടായതായും അനൗദ്യോഗിക വായ്പകളെ ആശ്രയിക്കുന്നതു കുറഞ്ഞതായും സ്ഥിരീകരിച്ചു.
•    2020–21 മുതൽ 2025–26 വരെയുള്ള കാലയളവിൽ ധാന്യോൽപ്പാദനത്തിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തി. ഈ കാലയളവിൽ കൃഷിഭൂമിയുടെ വിസ്തൃതി ഏകദേശം 9.65 ശതമാനവും, ഉൽപ്പാദനക്ഷമത ഏകദേശം 10.53 ശതമാനവും, മൊത്തം ധാന്യോൽപ്പാദനം ഏകദേശം 21.18 ശതമാനവും വർധിച്ചു. ഇതു പിഎം-കിസാൻ പദ്ധതിയിലൂടെ കർഷകർക്കു ലഭിക്കുന്ന സമഗ്രമായ പിന്തുണയെയും കാർഷിക മേഖലയുടെ വളരുന്ന ശേഷിയെയും പ്രതിഫലിപ്പിക്കുന്നു.

ഡിജിറ്റൽ ഇന്ത്യയിലൂടെ കർഷകർക്കു നേരിട്ടുള്ള ആനുകൂല്യങ്ങൾ

ഡിജിറ്റൽ ഇന്ത്യയുടെ ഫലപ്രദമായ ഉപയോഗത്തിനു മികച്ച ഉദാഹരണമാണു പിഎം-കിസാൻ പദ്ധതി. ആധാർ അധിഷ്ഠിത സാക്ഷ്യപ്പെടുത്തൽ, ഡിജിറ്റൽ ഗുണഭോക്തൃ പരിശോധന, DBT സംവിധാനം എന്നിവയിലൂടെ സാമ്പത്തിക സഹായം കർഷകരിലേക്കു നേരിട്ടു കൈമാറുന്നു. ഈ പദ്ധതി സാമ്പത്തിക സഹായം നൽകുന്നതിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല; മറിച്ച്, കർഷകരിൽ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും കാർഷിക മേഖലയിൽ നിക്ഷേപം നടത്താനുള്ള ശേഷിയും വളർത്തുകയും ചെയ്യുന്നു.

സ്വയംപര്യാപ്ത ഇന്ത്യയിലേക്കും സമൃദ്ധിയുള്ള കർഷകരിലേക്കുമുള്ള പ്രധാന ചുവടുവയ്പ്പ്:

പിഎം-കിസാൻ പദ്ധതിയുടെ തുടർച്ചയായ വികാസം കർഷകർക്കു കാർഷിക മേഖലയിൽ നിക്ഷേപം നടത്താനുള്ള ശേഷി വർധിപ്പിക്കുകയും, ഉൽപ്പാദനക്ഷമത കൂട്ടുകയും, കാർഷിക മേഖലയിലെ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുകയും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കുകയും ചെയ്യും.

ഗവണ്മെന്റിന്റെ കർഷക കേന്ദ്രീകൃത നയങ്ങളുടെ പ്രധാനപ്പെട്ട സ്തംഭമാണു പിഎം-കിസാൻ പദ്ധതി. രാജ്യത്തെ കോടിക്കണക്കിനു വരുന്ന ഭക്ഷ്യോൽപ്പാദകരെ ശാക്തീകരിക്കാനും, അതിലൂടെ ‘വികസിത ഇന്ത്യ’യിലേക്കുള്ള രാജ്യത്തിന്റെ യാത്രയിൽ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

***

NK