പിഎം ഇന്ത്യ
ആർബിഐ ഗവർണർ ശ്രീ സഞ്ജയ് മൽഹോത്ര ജി, ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ ജി, ഫിൻടെക് ലോകത്തെ എല്ലാ നൂതനാശയ വക്താക്കളേ, നേതാക്കളേ നിക്ഷേപകരേ, മഹതികളേ, മാന്യരേ.
ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലേക്ക് എത്തിയ എല്ലാ അതിഥികളെയും പ്രതിനിധികളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്ന് മറ്റൊരു ഹാട്രിക് നേടിയതിൽ ഞാൻ സന്തോഷിക്കുന്നു. 2024 ൽ മൂന്നാം തവണയും ഗവൺമെൻ്റ് രൂപീകരിച്ചതാണ് ഒരു ഹാട്രിക്, മറ്റൊരു ഹാട്രിക് നിങ്ങൾക്കിടയിൽ എന്റെ സാന്നിധ്യമാണ്. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ഇത് എന്റെ തുടർച്ചയായ മൂന്നാം വർഷമാണ്. വികസിത ഇന്ത്യയ്ക്ക് നിങ്ങൾ എത്രത്തോളം പ്രധാനമാണെന്നും നിങ്ങളുടെ ജോലി എത്ര പ്രധാനമാണെന്നും ഈ ഹാട്രിക് കാണിക്കുന്നു.
സുഹൃത്തുക്കളേ,
ഞാൻ ഇവിടെ വരുമ്പോഴെല്ലാം കൂടുതൽ യുവജനങ്ങളെ കാണുമ്പോൾ എനിക്ക് കൂടുതൽ ഊർജ്ജം തോന്നുന്നു. സാധ്യതകളുടെ വ്യാപ്തി വികസിക്കുന്നത് ഞാൻ കാണുന്നു. വെല്ലുവിളി എടുക്കാനുള്ള ശേഷി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സ്വപ്നങ്ങൾ കൂടുതൽ ധൈര്യമുള്ളതാണെന്നും വ്യക്തമാണ്. അതിനാൽ, വികസിത ഇന്ത്യയുടെ ഭാവിയിലുള്ള എന്റെ ആത്മവിശ്വാസം കൂടുതൽ ശക്തമാവുകയാണ്.
സുഹൃത്തുക്കളേ,
ഫിൻടെക്കിന്റെ ഈ ഊർജ്ജത്തിനിടയിൽ, മുംബൈയും സാംസ്കാരിക ഊർജ്ജം അതിന്റെ ഉച്ചസ്ഥായിയിൽ അനുഭവിക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ, മഹാരാഷ്ട്രയിലും രാജ്യത്തുടനീളവും ഗണേശോത്സവം ആരംഭിക്കും. നമ്മുടെ പാരമ്പര്യത്തിൽ, എല്ലാ ശുഭകാര്യങ്ങൾക്കും മുമ്പായി ഗണേശനെ സ്മരിക്കുന്നു. ഗണപതി ബാപ്പയെ വണങ്ങി, 2026 ലെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു.
സുഹൃത്തുക്കളേ,
ആഗോള സ്ഥിതി എന്താണെന്ന് നിങ്ങൾക്കെല്ലാവർക്കും നന്നായി അറിയാം. ലോകം സംഘർഷങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഊർജ്ജ, ചരക്ക് വിതരണ ശൃംഖലകൾ സമ്മർദ്ദത്തിലാണ്, വ്യാപാരത്തിൽ പിരിമുറുക്കങ്ങളുണ്ട്. ഈ സാഹചര്യങ്ങൾ നിരവധി മാസങ്ങളായി നിലനിൽക്കുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദം ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ പോലും, ഇന്ത്യ 7.8 ശതമാനത്തിൽ വളരുമ്പോൾ, ലോകം പുതിയ ആത്മവിശ്വാസം നേടുന്നു. ഈ വിശ്വാസം, നിങ്ങളുടെ മുഖത്ത് എനിക്ക് വ്യക്തമായി കാണാൻ കഴിയും.
സുഹൃത്തുക്കളേ,
ഇന്ത്യയിലുള്ള ഈ വർദ്ധിച്ചുവരുന്ന വിശ്വാസത്തിന്റെ മറ്റൊരു ഉദാഹരണം നമ്മുടെ സോവറിൻ റേറ്റിംഗുകളാണ്. അടുത്തിടെ, ഒരു ജാപ്പനീസ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഇന്ത്യയുടെ സോവറിൻ റേറ്റിംഗുകൾ എ വിഭാഗത്തിലേക്ക് ഉയർത്തി. ഈ പുതുക്കൽ സന്തോഷകരമായ കാര്യമാണ്, എന്നാൽ മുപ്പത് വർഷങ്ങൾക്ക് ശേഷം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ ഭാഗ്യം ലഭിച്ചതെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. ഇന്ത്യയുടെ വളർച്ചാ വേഗത, നമ്മുടെ സ്ഥൂല-സാമ്പത്തിക സ്ഥിരത, സമീപ വർഷങ്ങളിൽ നടപ്പിലാക്കിയ ഘടനാപരമായ പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ച് ലോകം എത്രത്തോളം ഉറപ്പുള്ളതാണെന്ന് ഇത് കാണിക്കുന്നു. ഞാൻ ആവർത്തിക്കുന്നു, ഇന്ത്യയുടെ പരിഷ്കരണ എക്സ്പ്രസ് കൂടുതൽ വേഗത്തിൽ മുന്നോട്ട് പോകും.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ ഫിൻടെക് കഥ അസാധാരണമാണ്. അതിന്റെ ഏറ്റവും വലിയ ചാമ്പ്യന്മാരിൽ ഒരാൾ നമ്മുടെ യുപിഐ ആണ്. കഴിഞ്ഞ വർഷവും ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചു. എന്നാൽ ഈ പരിവർത്തനം വളരെ വലുതാണ്, യുപിഐ ഇല്ലാതെ ഫിൻടെക് ചർച്ച ചെയ്യുന്നത് എല്ലായ്പ്പോഴും അപൂർണ്ണമായിരിക്കും.
സുഹൃത്തുക്കളേ,
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഓഗസ്റ്റ് 25 ന്, യുപിഐ 10 വർഷം പൂർത്തിയാക്കി. പത്ത് വർഷം മുമ്പ്, നിങ്ങളുടെ ബാങ്ക് നിങ്ങളുടെ വിരൽത്തുമ്പിൽ എത്തുമെന്ന് ഞാൻ പറഞ്ഞപ്പോൾ, ചിലർ അത് അസാധ്യമാണെന്ന് കരുതി – ഞാൻ സംസാരിക്കുന്നത് നല്ല വിവരമുള്ള ആളുകളെക്കുറിച്ചാണ്, അവരുടെ മുഖങ്ങൾ ഓർക്കുക. അന്ന് പുതുതായി ബാങ്ക് അക്കൗണ്ടുകൾ തുറന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. അവരുടെ തലമുറകൾ ഒരിക്കലും ഒരു ബാങ്കിന്റെ വാതിൽപ്പടി പോലും കണ്ടിട്ടില്ല. എന്നാൽ ഇന്ന്, പത്ത് വർഷത്തിന് ശേഷം, നോക്കൂ – തലമുറകളായി ബാങ്കിംഗ് സംവിധാനത്തിന് പുറത്തായിരുന്ന അതേ ദശലക്ഷക്കണക്കിന് ആളുകൾ ഇന്ത്യയിലെ ഫിൻടെക് വളർച്ചയുടെ വലിയ ചാലകങ്ങളായി മാറിയിരിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന്, ഓഗസ്റ്റ് മാസത്തിൽ മാത്രം, 2,400 കോടിയിലധികം ഇടപാടുകൾ UPI വഴി നടന്നു. അതായത്, നമ്മൾ ഇവിടെ ഇരിക്കുന്ന സമയത്തിനുള്ളിൽ, 10 മിനിറ്റിനുള്ളിൽ, രാജ്യത്തുടനീളം ശരാശരി 5 ദശലക്ഷത്തിലധികം UPI ഇടപാടുകൾ നടന്നിട്ടുണ്ട്. ഈ സ്വാധീനത്തെ കുറിച്ചാണ് ഫ്രാൻസ് പ്രസിഡന്റ് മാക്രോൺ പറഞ്ഞത് – UPI വെറുമൊരു സാങ്കേതിക കഥയല്ല, അതൊരു നാഗരികതയുടെ കഥയാണെന്ന് അദ്ദേഹം പറഞ്ഞു.
സുഹൃത്തുക്കളേ,
UPI ഇനി ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുന്നില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് വിദേശത്ത് പണമടയ്ക്കാമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ, ആരും അത് വിശ്വസിക്കുമായിരുന്നില്ല. എന്നാൽ ഇന്ന് അത് ഒരു യാഥാർത്ഥ്യമാണ്. ഇന്ത്യയുടെ UPI ഇപ്പോൾ 11 രാജ്യങ്ങളിൽ സജീവമാണ്. നമ്മൾ എത്ര ദൂരം സഞ്ചരിച്ചു എന്ന് കാണിക്കുന്ന അസാധാരണമായ കണക്കുകളാണിത്. എന്നാൽ ഇപ്പോഴത്തെ ചോദ്യമിതാണ് – ഈ യാത്രയിൽ നമ്മൾ സംതൃപ്തരാകണോ? ഇന്ത്യയിലെ ഫിൻടെക്കിന്റെ വിജയം അന്തിമമായി കണക്കാക്കണോ?
സുഹൃത്തുക്കളേ,
നയത്തിന്റെയും ഭരണത്തിന്റെയും ആവാസവ്യവസ്ഥയിൽ ഞാൻ 25 വർഷം പൂർത്തിയാക്കുകയാണ്. ഈ വർഷങ്ങളിൽ എന്നെ കണ്ടവർക്ക് അറിയാം – മോദി ഒരു നാഴികക്കല്ലിൽ നിർത്താനും ആഘോഷിക്കാനും സംതൃപ്തനാകാനും തയ്യാറല്ല. ഒരു ലക്ഷ്യം കൈവരിക്കുമ്പോൾ, ഞാൻ ഉടൻ തന്നെ അതിലും വലിയ ഒരു ലക്ഷ്യത്തിനായി തയ്യാറെടുക്കാൻ തുടങ്ങുന്നു.
സുഹൃത്തുക്കളേ,
ഇന്ന് നമ്മുടെ യുപിഐ പല രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. എന്നാൽ ഇത് ആദ്യപടി മാത്രമാണ്. നമ്മുടെ അടുത്ത ലക്ഷ്യം ആ രാജ്യങ്ങളുടെ പേയ്‌മെന്റ് സംവിധാനങ്ങളുമായി ബന്ധപ്പെടുക എന്നതായിരിക്കണം. സിംഗപ്പൂരുമായി ഞങ്ങൾ ഇതിനകം ഇത് ചെയ്തിട്ടുണ്ട്. ഇക്കാരണത്താൽ, ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഇടപാടുകൾ ഒരേ നഗരത്തിലെ രണ്ട് അയൽപക്കങ്ങൾക്കിടയിലുള്ളതുപോലെയാണ് സംഭവിക്കുന്നത്. മറ്റ് രാജ്യങ്ങളുമായും മറ്റ് വിപണികളുമായും ഇതേ ബന്ധം നാം കെട്ടിപ്പടുക്കണം. ഈ ലക്ഷ്യത്തോടെ നാം മുന്നോട്ട് പോകണം. ഇന്ത്യക്കാർ വലിയ തോതിൽ താമസിക്കുന്നിടത്തെല്ലാം, ഇന്ത്യ വലിയ തോതിൽ വ്യാപാരം നടത്തുന്നിടത്തെല്ലാം, ഏത് രാജ്യം നമ്മോടൊപ്പം നടക്കാൻ തയ്യാറാണോ, അവരെയെല്ലാം ബന്ധിപ്പിക്കാൻ നാം പ്രവർത്തിക്കണം.
സുഹൃത്തുക്കളേ,
വിദേശങ്ങളിൽ ധാരാളം ഇന്ത്യക്കാർ ജോലി ചെയ്യുന്നതിനാലും ഇത് ആവശ്യമാണ്. ലോകത്തിൽ തന്നെ നാട്ടിലേക്ക് പണം അയയ്ക്കുന്നതിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. എന്നാൽ ഇന്ന്, ആ പണത്തിന്റെ ഒരു ഭാഗം ഇടപാട് ചെലവുകളിൽ നഷ്ടപ്പെടുന്നു. ഇതിൽ പോലും ഇന്ത്യക്കാരെ രക്ഷിക്കാൻ UPI-ക്ക് കഴിയും, കൂടാതെ പണം ഇന്ത്യൻ കുടുംബങ്ങളിൽ കൂടുതൽ വേഗത്തിൽ എത്തിച്ചേരാനും കഴിയും.
സുഹൃത്തുക്കളേ,
ഇന്ന്, ഇന്ത്യയിൽ കാർഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് എങ്ങനെ പണമടയ്ക്കാം? മറ്റെവിടെയെങ്കിലും രൂപകൽപ്പന ചെയ്ത മാനദണ്ഡങ്ങളിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. മറ്റുള്ളവർ സൃഷ്ടിച്ച ആ മാനദണ്ഡങ്ങളും നിയമങ്ങളും ഞങ്ങൾ സ്വീകരിച്ചു. ആ സമയത്ത്, ഞങ്ങൾക്ക് സ്വന്തമായി ഒരു ഓപ്ഷൻ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് സ്വന്തമായി ഒരു ഓപ്ഷൻ ഉണ്ട്. ഇപ്പോൾ നമുക്ക് സ്വന്തമായി ഒരു നിയമങ്ങളും മാനദണ്ഡങ്ങളും സൃഷ്ടിക്കാനും അവയെ ലോകവുമായി ബന്ധിപ്പിക്കാനും കഴിയും. നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.
സുഹൃത്തുക്കളേ,
ഉൾപ്പെടുത്തലിന്റെ ഏറ്റവും ഫലപ്രദമായ ഉപകരണം സാങ്കേതികവിദ്യയാണ്. യുപിഐ ഇത് തെളിയിച്ചിട്ടുണ്ട്. ഫിൻടെക്കിന്റെ കാര്യത്തിൽ, പരമ്പരാഗത മാതൃകകൾക്ക് എത്താൻ കഴിയാത്തിടത്ത് എത്തിച്ചേരുക എന്നതായിരിക്കണം അതിന്റെ പ്രധാന സവിശേഷത. പരമ്പരാഗത ബാങ്കുകൾക്ക് എത്താൻ കഴിയാത്തിടത്ത്, ബാങ്ക് ശാഖകൾക്ക് എത്താൻ കഴിയാത്തിടത്ത്, യുപിഐ ബാങ്കിംഗ് സംവിധാനത്തെ ആ സ്ഥലത്തേക്ക്, ആ വ്യക്തിയിലേക്ക് എത്തിച്ചു.
സുഹൃത്തുക്കളേ,
ഇന്ന്, ഫിൻടെക് വിപണിയുടെ വലിയൊരു ഭാഗം പേയ്‌മെന്റുകൾ മാത്രമാണ്. എന്നാൽ ഇപ്പോൾ നമ്മൾ അടുത്ത ഘട്ടത്തിലേക്ക് നീങ്ങണം, വേഗത്തിൽ നീങ്ങണം. ഫിൻടെക് വിപണിയിൽ, പേയ്‌മെന്റുകൾക്കൊപ്പം, ക്രെഡിറ്റ് ഇടപാടുകളുടെ വിഹിതവും വർദ്ധിക്കണം, ഇൻഷുറൻസിന്റെ വിഹിതവും വർദ്ധിക്കണം, സമ്പാദ്യം, നിക്ഷേപങ്ങൾ, പെൻഷനുകൾ എന്നിവയുടെ വിഹിതവും വർദ്ധിക്കണം.
സുഹൃത്തുക്കളേ,
പരമ്പരാഗത സാമ്പത്തിക മാതൃകകളുടെ പരിധിക്ക് പുറത്തുള്ളതോ അല്ലെങ്കിൽ ശരിയായി അഭിസംബോധന ചെയ്യപ്പെടാത്തതോ ആയ രാജ്യത്തിന്റെ ശക്തി പുറത്തെടുക്കാൻ ഫിൻടെക്കിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു വികസിത ഇന്ത്യയ്ക്ക്, ഈ ശക്തി പുറത്തെടുക്കുന്നത് വളരെ അത്യാവശ്യമാണ്.
സുഹൃത്തുക്കളേ,
പിഎം സ്വനിധിയുടെ വിജയത്തിൽ ഇതിന്റെ സ്വാധീനം നമുക്ക് ഇതിനകം കാണാൻ കഴിയും. നമ്മുടെ വഴിയോര കച്ചവടക്കാരാണ് നഗരങ്ങളുടെ നട്ടെല്ല്. എന്നാൽ അവർ രാജ്യത്തിന്റെ ബാങ്കിംഗ് സംവിധാനത്തിന് പുറത്തായിരുന്നു, ഔപചാരിക ക്രെഡിറ്റ് സംവിധാനത്തിന് പുറത്തായിരുന്നു. ദശലക്ഷക്കണക്കിന് വഴിയോര കച്ചവടക്കാരെ ഔപചാരിക സംവിധാനവുമായി പിഎം സ്വനിധി ബന്ധിപ്പിച്ചു. ഇപ്പോൾ ഈ കൂട്ടാളികൾക്ക് സ്വനിധി ക്രെഡിറ്റ് കാർഡും ഉണ്ട് – അതായത് അവർക്ക് ഔപചാരിക വായ്പ പ്രാപ്യമാക്കാൻ ഒരു ഉപകരണമുണ്ട്. ഈ ഗുണഭോക്താക്കളുടെ ശരാശരി വാർഷിക വരുമാനം 20 ശതമാനത്തിലധികം വർദ്ധിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. ഇത് മാത്രമല്ല, അവരുടെ കുടുംബങ്ങൾ ഭവന നിർമ്മാണം, പോഷകാഹാരം, ആരോഗ്യ സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയിൽ പുരോഗതി കൈവരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ പദ്ധതി 2030 വരെ നീട്ടാൻ ഗവൺമെൻ്റ് തീരുമാനിച്ചത്.
സുഹൃത്തുക്കളേ,
UPI ഇല്ലായിരുന്നെങ്കിൽ പ്രധാനമന്ത്രി സ്വനിധി ഈ വിജയം കൈവരിക്കുമായിരുന്നില്ല. ഈ പദ്ധതിയുടെ വിജയത്തിൽ UPI വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഈ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട്, സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുന്നതിന് നാം ഫിൻടെക്കിന്റെ ശക്തി ഉപയോഗിക്കണം. മൂലധനത്തിന്റെയും ക്രെഡിറ്റിന്റെയും ലോകത്ത് നിന്ന് ഞാൻ നിങ്ങൾക്ക് ഒരു ഉദാഹരണം നൽകട്ടെ. ഒരു ചെറിയ കട നടത്തുന്ന ഒരു സഹോദരിയുണ്ട്. അവർക്ക് എല്ലാ ദിവസവും ഡിജിറ്റൽ പേയ്‌മെന്റുകൾ ലഭിക്കുന്നു. ഇപ്പോൾ അവരുടെ വരുമാനവും ചെലവും വ്യക്തമായ ഒരു പാറ്റേൺ കാണിക്കുന്നു. അവരുടെ ബിസിനസ്സ് നന്നായി പ്രവർത്തിക്കുന്നു. ചെറിയ മൂലധനം മതിയായിരുന്നു എന്ന തലത്തിനപ്പുറത്തേക്ക് അവർ മാറിയിരിക്കുന്നു. ഇപ്പോൾ അവരുടെ ബിസിനസ്സ് വികസിപ്പിക്കാൻ സാധനങ്ങളും ഉപകരണങ്ങളും ആവശ്യമാണ്, ഇതിനായി അവർക്ക് കുറച്ചുകൂടി പണം ആവശ്യമാണ്. ഇത് വളരെ വലിയ വായ്പ അല്ല. പരമ്പരാഗത വായ്പാ മാതൃകകൾക്ക് അവരെ കാര്യക്ഷമമായി സേവിക്കാൻ കഴിയാത്തത്ര ചെറുതാണ് അവരുടെ ബിസിനസ്സ് ഇപ്പോഴും. ഫിൻടെക്കിന് അവരുടെ ആവശ്യങ്ങൾ വിശകലനം ചെയ്യാനും മുൻകൂട്ടി കാണാനും പരിഹരിക്കാനും കഴിയും. അത്തരം ബിസിനസുകളുടെ എണ്ണം വളരെ വലുതാണ്.
സുഹൃത്തുക്കളേ,
ഇത്തരം ബിസിനസുകളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ പഠിക്കാനും അവയ്ക്കായി പ്രത്യേക മാതൃകകൾ രൂപകൽപ്പന ചെയ്യാനും സാങ്കേതികവിദ്യ നമ്മെ സഹായിക്കും. ഫിൻടെക്കിന്റെ അടുത്ത അധ്യായം ഇവിടെ എഴുതപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. പണമിടപാടിൽ വേഗതയും വ്യാപ്തിയും ഞങ്ങൾ കാണിച്ചുതന്നു. ഇപ്പോൾ നമ്മൾ പണമടയ്ക്കാത്ത ഇടപാടുകളുടെ പങ്ക് വർദ്ധിപ്പിക്കാൻ സഹായിക്കണം. ഉദാഹരണത്തിന്, ഒരു ഡെലിവറി പങ്കാളി, അല്ലെങ്കിൽ ചെറിയ ജോലി ചെയ്യുന്ന ഒരു വ്യക്തി – അയാൾ എല്ലാ മാസവും സമ്പാദിക്കുന്നു, പക്ഷേ അയാൾക്ക് സമ്പാദ്യം, പെൻഷൻ ഉൽപ്പന്നങ്ങൾ പോലുള്ള സേവനങ്ങളിലേക്ക് പ്രവേശനം ആവശ്യമാണ്. അത്തരം ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഫിൻടെക്കിന് കഴിയും. അതുപോലെ, ഇൻഷുറൻസ് ഉൽപ്പന്നങ്ങളിലേക്കും മറ്റ് സാമ്പത്തിക സേവനങ്ങളിലേക്കും പ്രവേശനം എളുപ്പമാക്കാൻ ഫിൻടെക്കിന് കഴിയും. ഇന്ന് ഒരു QR കോഡ് ഉപയോഗിച്ച് പണമടയ്ക്കുന്നത് പോലെ തന്നെ ഇവയെല്ലാം ലളിതവും എളുപ്പവും പ്രാപ്യവുമാക്കി മാറ്റാൻ കഴിയും.
സുഹൃത്തുക്കളേ,
21-ാം നൂറ്റാണ്ടിന്റെ ആദ്യ പാദം അവസാനിച്ചു. ഇപ്പോൾ നമ്മൾ 2026-ലാണ്. രണ്ടാം പാദം നമുക്ക് കൂടുതൽ പുതിയ സാധ്യതകൾ കൊണ്ടുവന്നു. ഏജന്റിക് എഐ, ടോക്കണൈസേഷൻ, ക്വാണ്ടം – അത്തരം സാങ്കേതികവിദ്യകൾ സാമ്പത്തിക മേഖലയിൽ സാധ്യതകളുടെ പുതിയ വാതിലുകൾ തുറക്കുന്നു. ഇപ്പോൾ നമ്മുടെ മുന്നിലുള്ള വെല്ലുവിളി ഈ സാധ്യതകളെ യഥാർത്ഥ സ്വാധീനമാക്കി മാറ്റുന്നതെങ്ങനെ എന്നതാണ്. ഇതിനായി, നമ്മുടെ ഫിൻടെക് കമ്പനികൾ സ്വയം ചില ജോലികൾ ഏറ്റെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ മുന്നിൽ ചില നിർദ്ദേശങ്ങൾ വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യം – ഇന്ത്യയിലെ സൈബർ സുരക്ഷയെ നമ്മൾ ഉന്നത നിലവാരത്തിലാക്കണം. രണ്ടാമത് – നമ്മുടെ വ്യവസായത്തിന് അതിന്റേതായ നൈതിക ഡാറ്റ സംരക്ഷണ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം. മൂന്നാമത് – ശക്തമായ ഒരു ഫിൻടെക് റെഗുലേറ്റർ – വ്യവസായ നവീകരണ ആവാസവ്യവസ്ഥ നമുക്ക് നിർമ്മിക്കണം. നാലാമത് – ഓരോ കമ്പനിക്കും സുതാര്യമായ റേറ്റിംഗ് ലഭിക്കാൻ കഴിയുന്ന ഒരു ഫിൻടെക് ഉപഭോക്തൃ സംരക്ഷണ സൂചിക നമുക്ക് ഉണ്ടായിരിക്കണം. ഈ മാനദണ്ഡങ്ങൾ നമ്മൾ സ്വയം പരീക്ഷിച്ചാൽ, ഇന്ത്യയുടെ ഫിൻടെക് മേഖലയ്ക്ക് എണ്ണമറ്റ സാധ്യതകളുടെ കവാടമായി മാറാൻ കഴിയും. നമുക്ക് അനുഭവമുണ്ട്, അത് താഴെത്തട്ടിൽ നടപ്പിലാക്കാനുള്ള വഴിയും നമുക്കുണ്ട്. അതിനാൽ, നമ്മൾ വേഗത്തിൽ പ്രവർത്തിക്കണം.
സുഹൃത്തുക്കളേ,
ഡിജിറ്റൽ ഇന്ത്യയുടെ വിജയഗാഥ ഇപ്പോൾ ഒരു പുതിയ അധ്യായത്തിന് തയ്യാറാണ്. ഇതുവരെയുള്ള നമ്മുടെ ഫിൻടെക് കഥയുടെ വിജയം വ്യാപ്തി, അവസരം, സുരക്ഷിത സംവിധാനങ്ങൾ, സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണം, പൊതുജന വിശ്വാസം എന്നിവയിലായിരുന്നു. ഈ പ്രധാന മൂല്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട്, ഫിൻടെക് മേഖല അടുത്ത തലമുറയിലെ നവീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ അഭ്യർത്ഥനയോടെ, നിങ്ങൾക്കെല്ലാവർക്കും ഞാൻ വീണ്ടും എന്റെ ആശംസകൾ നേരുന്നു. വളരെ നന്ദി.
***
SK
India is taking its fintech journey to new heights, with innovation and inclusion at its core. Addressing the Global Fintech Fest 2026 in Mumbai. https://t.co/pMhokoCBjG
— Narendra Modi (@narendramodi) September 8, 2026
India's growth gives the world renewed confidence. pic.twitter.com/lPYEwHMPzW
— PMO India (@PMOIndia) September 8, 2026
UPI is a major champion of India's FinTech story. pic.twitter.com/2ppzcyb7ZF
— PMO India (@PMOIndia) September 8, 2026
Technologies like Agentic AI, tokenisation and quantum are opening new possibilities in the financial sector. pic.twitter.com/BDIKrCivZK
— PMO India (@PMOIndia) September 8, 2026
FinTech companies should work together on a few key goals... pic.twitter.com/0iifCfffdS
— PMO India (@PMOIndia) September 8, 2026