പിഎം ഇന്ത്യ
2026 സെപ്റ്റംബർ 12-ന് ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തി.
2025 ഓഗസ്റ്റിൽ ടിയാൻജിനിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിലുണ്ടായ സ്ഥായിയായ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധത്തെ തന്ത്രപരവും ദീർഘകാല കാഴ്ചപ്പാടോടെയും കാണണമെന്ന കാര്യം അവർ ആവർത്തിച്ചുറപ്പിച്ചു. അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത്. പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താൽപ്പര്യം എന്നീ മൂന്ന് തത്ത്വങ്ങളായിരിക്കണം ഇരുവിഭാഗത്തിനും വഴികാട്ടിയാകേണ്ടതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
അതിർത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തിയുമാണ് ഉഭയകക്ഷി ബന്ധത്തിന്റെ തുടർച്ചയായ വികസനത്തിനുള്ള പ്രധാന അടിസ്ഥാനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അതിർത്തി സംബന്ധമായ വിഷയങ്ങളിൽ നിലവിലുള്ള കരാറുകളും ധാരണകളും പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. സമഗ്രമായ ഉഭയകക്ഷി ബന്ധങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടിൽ നിന്നും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ദീർഘകാല താൽപ്പര്യങ്ങളിൽ നിന്നും തുടങ്ങി, അതിർത്തി തർക്കത്തിന് ന്യായവും യുക്തിസഹവും പരസ്പരം സ്വീകാര്യവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും പ്രകടിപ്പിച്ചു.
ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലുണ്ടായ പുരോഗതിയിൽ ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കുകയും സാംസ്കാരിക കൈമാറ്റങ്ങൾ, വാണിജ്യ ബന്ധങ്ങൾ, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സഞ്ചാര സ്വാതന്ത്ര്യം എന്നിവ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുകയും ചെയ്തു. സാമ്പത്തിക-വാണിജ്യ ബന്ധങ്ങളുടെ കാര്യത്തിൽ, ഘടനാപരമായ വ്യാപാര അസന്തുലിതാവസ്ഥയും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉൾപ്പെടെ പരസ്പര ആശങ്കകൾ പരിഹരിക്കേണ്ടതിന്റെയും, അർത്ഥവത്തായതും പ്രവചനീയവുമായ വിപണി പ്രവേശനം ഉറപ്പാക്കുന്നതിന്റെയും ആവശ്യകത അവർ എടുത്തുപറഞ്ഞു.
പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും വെല്ലുവിളികളെ നേരിടുന്നതിലും ഇരുവിഭാഗവും പൊതുവായ നിലപാടുകൾ വികസിപ്പിക്കുന്നത് തുടരണമെന്ന് ഇരു നേതാക്കളും ധാരണയിലെത്തി.
ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയ്ക്ക് ചൈന നൽകിയ പിന്തുണയെയും ബ്രിക്സ് ഉച്ചകോടി-2026 ന്റെ വിജയത്തിനായി നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു.
-SK-