പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സേവാതീർഥിൽ പ്രമുഖ സി.ഇ.ഒമാർക്കൊപ്പമുള്ള സെമികണ്ടക്ടർ റൗണ്ട് ടേബിൾ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ, ഇന്ത്യയുടെ സാങ്കേതിക ഭാവി രൂപപ്പെടുത്തുന്നതിൽ ഗവണ്മെന്റും സെമികണ്ടക്ടർ വ്യവസായവും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രതിഭാശേഷി, സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലെ മുന്നേറ്റം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽ ഇന്ത്യക്ക് ശക്തമായ അടിത്തറയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നൈപുണ്യവികസനം, നവീകരണം, AI, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള മേഖലകളിൽ വ്യവസായത്തിന്റെ കൂടുതൽ പങ്കാളിത്തത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. ഒരു കോടി പേർക്ക് AI പരിശീലനം നൽകുകയെന്ന ലക്ഷ്യം പരാമർശിച്ച്, ഇന്ത്യയുടെ പ്രതിഭാശേഷിയും ആഗോള വ്യവസായ പ്രമുഖരുടെ അനുഭവവും കഴിവുകളും ഒരുമിച്ചാൽ വലിയ അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിൽ പ്രമുഖ ആദ്യകാല രാജ്യങ്ങളിൽ ഒന്നാകാൻ ഇന്ത്യ ലക്ഷ്യമിടണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സെമികണ്ടക്ടർ മേഖലയിൽ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി. സെമികണ്ടക്ടർ ആവാസവ്യവസ്ഥ ഇപ്പോൾ അടിസ്ഥാനപരമായ പ്രവർത്തനങ്ങളുടെ ഘട്ടത്തിൽ നിന്ന് കൂടുതൽ വിപുലീകരണത്തിന്റെയും അവസരങ്ങളുടെയും ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവചനാത്മകവും പ്രതികരണശേഷിയുള്ളതുമായ നയപരിസ്ഥിതി ഉറപ്പാക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. അതേസമയം, സാങ്കേതികവിദ്യയിലെ പുരോഗതിക്കും വ്യവസായത്തിന്റെ ആവശ്യങ്ങൾക്കും അനുസൃതമായി നയങ്ങൾ കാലാനുസൃതമായി വികസിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നയപരവും ഭരണപരവുമായ നടപടികളെക്കുറിച്ചുള്ള നിർദേശങ്ങൾ പങ്കുവയ്ക്കാൻ വ്യവസായ പ്രമുഖരെ അദ്ദേഹം ക്ഷണിച്ചു. മേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ലഭിക്കുന്ന നിർദേശങ്ങൾ അർഹമായ പരിഗണനയ്ക്ക് വിധേയമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇന്ത്യയുടെ സെമികണ്ടക്ടർ വളർച്ചയുടെ അടുത്ത ഘട്ടത്തിൽ വ്യവസായ പ്രമുഖർ സജീവമായി പങ്കാളികളാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സെമികണ്ടക്ടർ ശേഷികൾ വികസിപ്പിക്കുന്നതിനായി ഗവണ്മെന്റ് തുടർച്ചയായി നടത്തുന്ന ശ്രമങ്ങളെ സി.ഇ.ഒമാർ അഭിനന്ദിച്ചു. ഉൽപ്പാദനം, രൂപകൽപ്പന, അടിസ്ഥാനസൗകര്യങ്ങൾ, പ്രതിഭാശേഷി വികസനം തുടങ്ങിയ മേഖലകളിൽ കൈവരിച്ച പുരോഗതിയും അവർ ചൂണ്ടിക്കാട്ടി. ISM 2.0-യുടെ ഭാഗമായി ഉയർന്നുവരുന്ന അവസരങ്ങളിലും, സെമികണ്ടക്ടർ മൂല്യശൃംഖലയിലുടനീളം (ഉൽപ്പാദനം, ഗവേഷണ-വികസനം, നൂതന സാങ്കേതികവിദ്യകൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവ ഉൾപ്പെടെ) ശേഷികൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ സാധ്യതകളിലും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തെയും പിന്തുണയെയും അഭിനന്ദിച്ച സി.ഇ.ഒമാർ, കഴിഞ്ഞ ഏതാനും വർഷങ്ങളിലെ പുരോഗതി വ്യവസായത്തിന്റെ കൂടുതൽ പങ്കാളിത്തത്തിന് ശക്തമായ അടിത്തറ ഒരുക്കിയതായി പറഞ്ഞു. ആഗോളതലത്തിൽ മത്സരക്ഷമമായ സെമികണ്ടക്ടർ, സാങ്കേതികവിദ്യാഹബ്ബായി ഇന്ത്യ ഉയർന്നുവരുന്നതിന് സംഭാവന നൽകാനുള്ള പ്രതിജ്ഞാബദ്ധതയും അവർ അറിയിച്ചു.
സെമി, മൈക്രോൺ, ഇൻഫിനിയോൺ, അപ്ലൈഡ് മെറ്റീരിയൽസ്, എഎസ്എംഎൽ, മെർക്ക്, ടോക്കിയോ ഇലക്ട്രോൺ ലിമിറ്റഡ്, ഫ്യൂജിഫിലിം, എഎംഡി, ഇന്റൽ, ടാറ്റ ഇലക്ട്രോണിക്സ്, ലാം റിസർച്ച്, റാപ്പിഡസ്, എൻഎക്സ്പി, ഫോക്സ്കോൺ, സെമി കണ്ടക്ടർ ഡിവൈസസ്, അഡ്വാന്റസ്റ്റ്, സെലെസ്റ്റ ക്യാപിറ്റൽ, സിജി പവർ, ഐബിഎം റിസർച്ച് തുടങ്ങിയ വിവിധ സംഘടനകളുടെ സി.ഇ.ഒമാർ, മേധാവികൾ, പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
*****
During this evening’s Semiconductor Roundtable with CEOs, I emphasised:
— Narendra Modi (@narendramodi) September 16, 2026
Unequivocal support to the semiconductor industry from the Centre.
Predictable and responsive policy environment.
Continued focus on skilling, innovation and infrastructure upgradation.
Furthering…