പിഎം ഇന്ത്യ
ഭരണത്തലവനെന്ന നിലയിൽ തുടർച്ചയായ നേതൃത്വത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര മന്ത്രിസഭ ഇന്ന് പ്രമേയം പാസാക്കി. ഒരു പതിവ് ആദരവിനേക്കാളുപരിയായി രാഷ്ട്രം ആദ്യം, പൗരൻ ആദ്യം എന്ന തത്ത്വത്താൽ നയിക്കപ്പെടുന്ന പ്രധാനമന്ത്രി മോദിയുടെ അസാധാരണ യാത്രയെ ഇത് കൊണ്ടാടുന്നു. ഗുജറാത്തിലെ മൂന്ന് വലിയ ജനവിധികളും തുടർച്ചയായ മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ പൊതുജനങ്ങൾ അർപ്പിച്ചിരിക്കുന്ന ദീർഘകാല വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.
ഗുജറാത്തിലെ അദ്ദേഹത്തിന്റെ നേതൃത്വത്തെ ഇന്ത്യയുടെ നേതൃത്വവുമായി ബന്ധിപ്പിക്കുന്ന അഭേദ്യമായ നൂലിനെ ഈ പത്ത് പ്രധാന സവിശേഷതകൾ പ്രതിഫലിപ്പിക്കുന്നു.
1. ഗുജറാത്തിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു വികസന ദർശനം വളരുന്നു
ഗുജറാത്തിന്റെ വിജയകരമായ സംരംഭങ്ങളെ പ്രധാനമന്ത്രി മോദി എങ്ങനെ ദേശീയ തലത്തിലേക്ക് എത്തിച്ചുവെന്ന് പ്രമേയം അടയാളപ്പെടുത്തുന്നു. പൗരന്മാരുടെ പരാതികൾ അദ്ദേഹം നേരിട്ട് കേട്ടിരുന്ന സ്വാഗത് (SWAGAT) 2010-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസേവന പുരസ്കാരം നേടി. മുടങ്ങിക്കിടന്ന പദ്ധതികൾ അവലോകനം ചെയ്യാനും തടസ്സങ്ങൾ പരിഹരിക്കാനും പൂർത്തീകരണം വേഗത്തിലാക്കാനും ഗവൺമെന്റുകളെ ഒന്നിച്ചുകൊണ്ടുവന്ന പ്രഗതിക്ക് (PRAGATI) ഇത് പിന്നീട് പ്രചോദനമായി. ജ്യോതിഗ്രാമിന്റെ പ്രത്യേക കാർഷിക വൈദ്യുതി ഫീഡറുകൾ സമാനമായി ഒരു ദേശീയ സമീപനമായി മാറുകയും ഗുജറാത്തിന്റെ അനുഭവം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുകയും ചെയ്തു.
2. ദരിദ്രരോടുള്ള അനുകമ്പ സമൂഹത്തിൻ്റെ ആത്മാഭിമാനമായി മാറുന്നു
തന്റെ അമ്മ ദൈനംദിന ബുദ്ധിമുട്ടുകളോട് പോരാടുന്നത് കണ്ടതിലൂടെയും യാത്രകൾക്കിടയിലെ ദാരിദ്ര്യാനുഭവങ്ങളിലൂടെയുമാണ് ദാരിദ്ര്യത്തോടുള്ള പ്രധാനമന്ത്രി മോദിയുടെ സംവേദനക്ഷമത വളർന്നത്. ഈ അനുഭവങ്ങളെ വീടുകൾ, കുടിവെള്ളം, ബാങ്കിംഗ്, ആരോഗ്യ സംരക്ഷണം എന്നിവ പ്രദാനം ചെയ്യുന്ന പദ്ധതികളുമായി പ്രമേയം ബന്ധിപ്പിക്കുന്നു. ഏതാണ്ട് 60 കോടി ജൻ ധൻ അക്കൗണ്ടുകൾ, 4 കോടിയിലധികം വീടുകൾ, 25 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടിയത് എന്നിവ വ്യക്തിപരമായ തിരിച്ചറിവ് എങ്ങനെ പൊതുപ്രവർത്തനമായി മാറിയെന്നും കുടുംബങ്ങൾക്ക് ആത്മാഭിമാനം നൽകിയെന്നും കാണിക്കുന്നു.
3. ശാക്തീകരണം സമൂഹത്തിലുടനീളം വാതിലുകൾ തുറക്കുന്നു
ജനങ്ങളുടെ ഭാവി രൂപപ്പെടുത്താൻ സഹായിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ നിശ്ചയദാർഢ്യം പ്രമേയത്തിലുടനീളം കാണാം. ഏകദേശം 3.5 കോടി സ്ത്രീകൾ ലഖ്പതി ദീദിമാരായി മാറി. അതേസമയം നാരീശക്തി വന്ദൻ അധിനിയം സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കി. സ്റ്റാർട്ടപ്പുകൾ, നൈപുണ്യങ്ങൾ, വിദ്യാഭ്യാസ പരിഷ്കരണം എന്നിവ യുവാക്കളുടെ അവസരങ്ങൾ വിപുലീകരിച്ചു. പി.എം-കിസാൻ ധനസഹായം 4 ലക്ഷം കോടി രൂപയിലധികമായി. അതേസമയം പി.എം-ജൻമൻ ഏറ്റവും ദുർബലരായ ഗോത്രവർഗ്ഗ വിഭാഗങ്ങൾക്ക് കൃത്യമായ പിന്തുണ എത്തിക്കുകയും ചരിത്രപരമായി പാർശ്വവത്കരിക്കപ്പെട്ടവരിലേക്ക് വികസനം എത്തിക്കുകയും ചെയ്തു.
4. പരിഷ്കാരങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധത
രാഷ്ട്രീയ അപകടസാധ്യതകൾ അവഗണിച്ചും പരിഷ്കാരങ്ങൾ നടപ്പിലാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ സന്നദ്ധതയ്ക്ക് പ്രമേയം പ്രത്യേക ഊന്നൽ നൽകുന്നു. ജി.എസ്.ടി, ക്ഷേമപദ്ധതികളുടെ വിതരണത്തിലെ പരിഷ്കാരങ്ങൾ, കൊളോണിയൽ നിയമങ്ങൾ മാറ്റിസ്ഥാപിക്കൽ എന്നിവ ദീർഘകാല വെല്ലുവിളികൾ പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെ പ്രകടമാക്കുന്നു. ശുചിത്വം, ഡിജിറ്റൽ ഇടപാടുകൾ, പ്രാദേശിക ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥനകൾ മാറ്റത്തിലേക്ക് ജനങ്ങളെ ആകർഷിച്ചു. ഉറച്ച വിശ്വാസം, ജനപങ്കാളിത്തം, ദേശീയ ലക്ഷ്യം എന്നിവയാൽ ശക്തി പ്രാപിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ സുസ്ഥിര പ്രതിബദ്ധതയായി പരിഷ്കാരം ഉയർന്നുവരുന്നു.
5. സ്വയംപര്യാപ്തമായ ഒരു ഇന്ത്യയുടെ അടിത്തറ കെട്ടിപ്പടുക്കൽ
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ പൊതു മൂലധനച്ചെലവ് 2 ലക്ഷം കോടി രൂപയിൽ നിന്ന് 12 ലക്ഷം കോടി രൂപയിലധികമായി വർധിച്ചു; ഒപ്പം ഹൈവേ വികസനവും റെയിൽവേ വൈദ്യുതീകരണവും നടന്നു. ഇലക്ട്രോണിക്സ് ഉത്പാദനം ഏകദേശം 2 ലക്ഷം കോടി രൂപയിൽ നിന്ന് 13 ലക്ഷം കോടി രൂപയിലധികമായി വർധിച്ചു. പ്രതിരോധ ഉത്പാദനവും സെമികണ്ടക്ടർ നിർമ്മാണവും സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനുള്ള ഇന്ത്യയുടെ ശേഷി ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെ കൂടുതൽ പ്രതിഫലിപ്പിക്കുന്നു.
6. സാങ്കേതികവിദ്യ പൗരന്മാരെ സേവിക്കുകയും ദേശീയ ലക്ഷ്യങ്ങളെ വിപുലീകരിക്കുകയും ചെയ്യുന്നു
ദൈനംദിന സേവനങ്ങളിലും ശാസ്ത്ര മേഖലകളിലും വ്യാപിച്ചുകിടക്കുന്ന നേട്ടങ്ങളിലൂടെ സാങ്കേതികവിദ്യയിലുള്ള പ്രധാനമന്ത്രി മോദിയുടെ വിശ്വാസം വ്യക്തമാകുന്നു. ജൻ ധൻ, ആധാർ, മൊബൈൽ കണക്റ്റിവിറ്റി എന്നിവ ക്ഷേമപദ്ധതികളുടെ വിതരണം മെച്ചപ്പെടുത്തി. അതേസമയം യു.പി.ഐ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ചു. ഇന്ത്യയുടെ സ്വന്തം കോവിഡ് വാക്സിനുകൾ വികസിപ്പിച്ചതും ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം ഇറക്കിയതും ശാസ്ത്രീയ ശേഷിയുള്ള, സ്വയംപര്യാപ്തമായ ഒരു ‘ആത്മനിർഭർ ഭാരത്’ എന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിനെ പ്രകടമാക്കി. ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തവും നിർമിത ബുദ്ധി, ക്വാണ്ടം ടെക്നോളജി, ബയോടെക്നോളജി എന്നിവയിലെ പ്രവർത്തനങ്ങളും പ്രമേയത്തിൽ ആഘോഷിക്കപ്പെടുന്ന ദർശനത്തെ മുന്നോട്ട് കൊണ്ടുപോകുന്നു. സാങ്കേതികവിദ്യ ദേശീയ സാധ്യതകൾ വിപുലീകരിക്കുന്നതോടൊപ്പം ജീവിതങ്ങളെ മെച്ചപ്പെടുത്തുന്നു.
7. പ്രക്ഷുബ്ധമായ സമയങ്ങളിലെ ഉറച്ച നേതൃത്വം
ആഗോള പ്രതിസന്ധികളിലൂടെ ഇന്ത്യയ്ക്ക് ദിശാബോധം നൽകാനുള്ള പ്രധാനമന്ത്രി മോദിയുടെ കഴിവിനെ പ്രമേയം ഉയർത്തിക്കാട്ടുന്നു. കോവിഡ് സമയത്ത് അദ്ദേഹം രാജ്യത്തെ ഒന്നിപ്പിക്കുകയും തദ്ദേശീയ വാക്സിൻ വികസനത്തിന് പിന്തുണ നൽകുകയും വേഗത്തിലുള്ള വാക്സിനേഷൻ സാധ്യമാക്കുകയും ചെയ്തു. പശ്ചിമേഷ്യൻ പ്രതിസന്ധി ഘട്ടത്തിൽ കൃത്യസമയത്തെ തീരുമാനങ്ങളും ഊർജ്ജ സുരക്ഷാ നടപടികളും പ്രതിസന്ധികളെ ചെറുത്തുതോൽപ്പിക്കാൻ ഇന്ത്യയെ സഹായിച്ചു. അദ്ദേഹത്തിന്റെ നേതൃത്വം അടിയന്തര പ്രതികരണങ്ങളെ വർഷങ്ങളിലൂടെ കെട്ടിപ്പടുത്ത ശേഷികളുമായി സംയോജിപ്പിച്ചു. ഇത് പ്രയാസകരമായ സമയങ്ങളിൽ രാജ്യത്തിന് പ്രതിരോധശേഷിയും ആത്മവിശ്വാസവും നൽകി.
8. നിർണ്ണായക നേതൃത്വം സമാധാനവും ആത്മവിശ്വാസവും ഉറപ്പാക്കുന്നു
2016-ലെ സർജിക്കൽ സ്ട്രൈക്കുകൾ, 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണം, 2025-ലെ ഓപ്പറേഷൻ സിന്ദൂർ എന്നിവ പ്രധാനമന്ത്രി മോദിയുടെ കീഴിൽ സ്ഥാപിതമായ ദേശീയ സുരക്ഷാ അതിരുകളെ വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കൽ, വൺ റാങ്ക് വൺ പെൻഷൻ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് തസ്തികയുടെ രൂപീകരണം എന്നിവയ്ക്കൊപ്പം പ്രമേയം ഇവയെ പ്രതിനിധാനം ചെയ്യുന്നു. മാവോയിസ്റ്റ് ഭീകരതയ്ക്കെതിരായ നടപടികളും വടക്കുകിഴക്കൻ മേഖലയിലെ സമാധാന ശ്രമങ്ങളും ദേശീയ നിശ്ചയദാർഢ്യത്തെ വികസനം, സ്ഥിരത, പൊതുജനവിശ്വാസം എന്നിവയുമായി സംയോജിപ്പിക്കുന്ന നേതൃത്വത്തെ വെളിപ്പെടുത്തുന്നു.
9. ലോകവേദിയിൽ ഇന്ത്യയുടെ ശബ്ദം കൂടുതൽ ശക്തമാകുന്നു
വിഭജനങ്ങൾക്കതീതമായി സഹകരണം കെട്ടിപ്പടുക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ കഴിവിനെയും ഇന്ത്യയുടെ ഉയർന്നുവരുന്ന നിലവാരത്തെയും പ്രമേയം ബന്ധിപ്പിക്കുന്നു. ജി20, ബ്രിക്സ് ഉച്ചകോടികളിലെ പൊതുസമ്മതി, ഗ്ലോബൽ സൗത്തിനായുള്ള വാദങ്ങൾ, ആഫ്രിക്കൻ യൂണിയനെ ജി20-യിൽ ഉൾപ്പെടുത്തിയത് എന്നിവ അദ്ദേഹത്തിന്റെ നയതന്ത്ര നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ ശേഷികൾ മറ്റ് രാജ്യങ്ങളെ എങ്ങനെ സേവിക്കുമെന്നത് വാക്സിൻ മൈത്രി തെളിയിച്ചു. പ്രധാനമന്ത്രി മോദിയോടുള്ള അന്താരാഷ്ട്ര ആദരവും പങ്കിട്ട പരിഹാരങ്ങളിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനവും സംഭാവനയും 36 രാജ്യങ്ങളിൽ നിന്നുള്ള ബഹുമതികൾ അടിവരയിടുന്നു.
10. പാരമ്പര്യത്തിൽ നിന്നും ഉത്തരവാദിത്തത്തിൽ നിന്നും പുരോഗതി കരുത്ത് പ്രാപിക്കുന്നു
വികസനം, സാംസ്കാരിക ആത്മവിശ്വാസം, പാരിസ്ഥിതിക ഉത്തരവാദിത്തം എന്നിവയെ പ്രധാനമന്ത്രി മോദിയുടെ ദർശനം ഒന്നിപ്പിക്കുന്നു. ഗുജറാത്തിന്റെ പ്രത്യേക വകുപ്പിൽ നിന്ന് പുനരുപയോഗ ഊർജ്ജ വിപുലീകരണത്തിലേക്കും അന്താരാഷ്ട്ര പങ്കാളിത്തത്തിലേക്കും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ വികസിച്ചു. യോഗ, ചെറുധാന്യങ്ങൾ, കാശി വിശ്വനാഥ് ധാം, രാംലല്ലയുടെ പ്രാണപ്രതിഷ്ഠ എന്നിവ ഇന്ത്യയുടെ പാരമ്പര്യവുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്തി. 2047 ഓടെ സമൃദ്ധവും സ്വയംപര്യാപ്തവും വികസിതവുമായ ഒരു ഇന്ത്യയ്ക്കായുള്ള കൂട്ടായ ശ്രമത്തിന്റെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടോടുള്ള പുതുക്കിയ പ്രതിബദ്ധതയിൽ പ്രമേയം ഉപസംഹരിക്കുന്നു.
Please Click here to see the Union Cabinet Resolution in Hindi
***
NK