Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ പത്താം പതിപ്പ് ഒക്ടോബർ 8-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഒക്ടോബർ 8-ന് രാവിലെ 10 മണിയോടെ ന്യൂഡൽഹിയിലെ യശോഭൂമിയിൽ, ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ (IMC) പത്താം പതിപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും (DoT) സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (COAI) സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പരിപാടി ഒക്ടോബർ 7 മുതൽ 10 വരെയാണ് നടക്കുന്നത്. ഡിജിറ്റൽ നവീകരണം, അടുത്ത തലമുറ കണക്റ്റിവിറ്റി, സാങ്കേതികവിദ്യാധിഷ്ഠിത വളർച്ച എന്നിവയിലെ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ശേഷിയെ പ്രതിഫലിപ്പിക്കുന്ന “അതിരുകളില്ലാത്ത വികസനം” എന്നതാണ് ഐഎംസി 2026-ന്റെ പ്രമേയം.

ഐഎംസി 2026-ന്റെ പ്രധാന നാല് സ്തംഭങ്ങൾ ഇവയായിരിക്കും – സൃഷ്ടി: ഭാവി നിർമ്മിതി; സംവർദ്ധൻ: വളർച്ചയ്ക്ക് ഇന്ധനം നൽകൽ; സശക്ത്: അവസരങ്ങൾ വിപുലീകരിക്കൽ; സുരക്ഷ: വിശ്വാസം ശക്തിപ്പെടുത്തൽ. സാങ്കേതിക നവീകരണം, അടുത്ത തലമുറ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികവിദ്യാധിഷ്ഠിത സാമ്പത്തിക വളർച്ച, എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ ലഭ്യത, സുരക്ഷിതവും ശക്തവുമായ ഡിജിറ്റൽ സംവിധാനങ്ങളുടെ വികസനം എന്നിവയിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കും. ഡിജിറ്റൽ മേഖലയിലെ പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനായി ആഗോള സാങ്കേതിക വിദഗ്ദ്ധർ, നയരൂപീകരണ വക്താക്കൾ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, നവീനാശയക്കാർ എന്നിവരെ ഐഎംസി 2026 ഒരുമിച്ച് അണിനിരത്തും.

2026-ലെ പതിപ്പ് 5G, 6G, അടുത്ത തലമുറ AI നെറ്റ്‌വർക്കുകൾ, സെമികണ്ടക്ടറുകൾ, നോൺ-ടെറസ്ട്രിയൽ നെറ്റ്‌വർക്കുകൾ, സൈബർ സുരക്ഷ, ക്വാണ്ടം കമ്മ്യൂണിക്കേഷൻ, എന്റർപ്രൈസ് മാറ്റങ്ങൾ, സർക്കുലർ ഇക്കോണമി ആൻഡ് ESG, ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് എന്നിവയുൾപ്പെടെ ഒമ്പത് പ്രധാന മേഖലകളെ ഉൾക്കൊള്ളും. കൂടാതെ, സ്മാർട്ട് മൊബിലിറ്റി, സ്റ്റേഡിയം എക്സ്പീരിയൻസസ്, ഇൻഡസ്ട്രിയൽ റോബോട്ടിക്സ്, ട്രാൻസ്പോർട്ട് ടെക്നോളജി എന്നീ നാല് പുതിയ മേഖലകളിലേക്ക് കൂടി ഈ പരിപാടി വിപുലീകരിക്കും.

100-ലധികം രാജ്യങ്ങളിൽ നിന്നായി 1.5 ലക്ഷത്തിലധികം ആളുകൾ ഐഎംസി 2026-ൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 500-ലധികം പങ്കാളികളും പ്രദർശകരും, 600-ലധികം സ്റ്റാർട്ടപ്പുകളും, 900-ലധികം ചിന്തകരും ഇതിന്റെ ഭാഗമാകും. 2,000-ത്തിലധികം സാങ്കേതിക വിദ്യകളുടെ തത്സമയ പ്രദർശനങ്ങളും 120-ലധികം സെഷനുകളും ഈ പരിപാടിയിലുണ്ടാകും.

****

SK