Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഒക്ടോബർ 11-ന് ചെന്നൈ സന്ദർശിക്കും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 11-ന് തമിഴ്‌നാട്ടിലെ ചെന്നൈ സന്ദർശിക്കും. രാവിലെ 11:30 ഓടെ അദ്ദേഹം പോരൂർ ബൈപാസ് സ്റ്റേഷനിൽ നിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചും ചെന്നൈ മെട്രോയിൽ യാത്ര ചെയ്യും. ഉച്ചയ്ക്ക് 12:15 ഓടെ ചെന്നൈയിലെ ജലകണ്ഠേശ്വരർ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. തുടർന്ന് ഐ.ഐ.ടി മദ്രാസിലെ ബ്രെയിൻ സെന്റർ അദ്ദേഹം സന്ദർശിക്കും.

ഉച്ചയ്ക്ക് 1:30 ഓടെ 13,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി നിർവ്വഹിക്കും. ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് ശേഷം 3 മണിയോടെ ചെന്നൈയിലെ ജയ്ഗോപാൽ ഗരോഡിയ ഹിന്ദു വിദ്യാലയ മെട്രിക്യുലേഷൻ ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ചടങ്ങിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ഏകദേശം 4,900 കോടി രൂപ ചെലവിൽ നിർമ്മിച്ച ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ടത്തിലെ പൂനമല്ലി-വടപളനി റീച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 3.7 കിലോമീറ്റർ ദൈർഘ്യമുള്ള സവിശേഷമായ ഇരുനില (ഡബിൾ ഡെക്കർ) പാത എന്നതാണ് ഈ ഇടനാഴിയുടെ പ്രത്യേകത. ഡ്രൈവറില്ലാതെ പ്രവർത്തിക്കാൻ സഹായിക്കുന്ന അത്യാധുനിക സിഗ്നലിംഗ് സംവിധാനവും ഇതിലുണ്ട്. യാത്രാസമയം കുറയ്ക്കാനും ചെന്നൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളും നഗരകേന്ദ്രവും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

3,700 കോടിയോളം രൂപ ചെലവ് വരുന്ന പ്രധാന ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. ഈ പദ്ധതികൾ റോഡ് ഗതാഗതം ശക്തിപ്പെടുത്തുകയും യാത്രാസമയവും ഗതാഗതക്കുരുക്കും കുറയ്ക്കുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുകയും ചെയ്യും.

ദേശീയപാത 744-ന്റെ ഭാഗമായ 36 കിലോമീറ്റർ ദൈഘ്യമുള്ള നാലുവരി വടുകപ്പട്ടി-തെർക്കുവെങ്കനല്ലൂർ പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മേഖലയിലെ പ്രധാന തീർത്ഥാടന, വ്യാവസായിക, വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ചരക്കുനീക്കവും സുഗമമാക്കാൻ ഇത് സഹായിക്കും. കൂടാതെ, ദേശീയപാത 744A-യുടെ ഭാഗമായ 30 കിലോമീറ്റർ നാലുവരി മധുര റിംഗ് റോഡും അദ്ദേഹം ഉദ്ഘാടനം ചെയ്യും. മധുര നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പദ്ധതി സഹായകരമാകും.

ദേശീയപാത 83-ന്റെ നാഗപട്ടണം-തഞ്ചാവൂർ ഭാഗത്തുള്ള നാലുവരി തിരുവാരൂർ ബൈപാസിന് പ്രധാനമന്ത്രി തറക്കല്ലിടും. ഈ പദ്ധതി തിരുവാരൂരിലെ റോഡ് ഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിനൊപ്പം, നഗരത്തെ ഒഴിവാക്കി കടന്നുപോകാവുന്ന ഒരു ബദൽ പാത ഒരുക്കി ഗതാഗതം സുഗമമാക്കുകയും ചെയ്യും.

750 കോടിയിലധികം രൂപയുടെ റെയിൽവേ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. കാരയ്ക്കൽ-പേരാളം റെയിൽവേ ലൈൻ അദ്ദേഹം നാടിന് സമർപ്പിക്കും. കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലുമുള്ള മൂന്ന് റെയിൽ ഫ്ലൈഓവറുകളും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കും. ലെവൽ ക്രോസിംഗുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രാസമയം കുറയ്ക്കാനും ഇവ സഹായിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം നവീകരിച്ച പളനി, വെല്ലൂർ കന്റോൺമെന്റ്, അംബാസമുദ്രം, പരമക്കുടി, നാമക്കൽ എന്നീ അഞ്ച് അമൃത് സ്റ്റേഷനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

സമുദ്ര ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ചരക്ക് കൈകാര്യം ചെയ്യൽ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി തമിഴ്‌നാട്ടിലെ വിവിധ തുറമുഖ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും.

ചെന്നൈ തുറമുഖത്ത് പൂർത്തിയായ നാല് അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: പേവ്ഡ് സ്റ്റോറേജ് യാർഡ്, നാല് എക്സിം (EXIM) ഗോഡൗണുകൾ, നവീകരിച്ച ക്രൂയിസ് ടെർമിനൽ, സീഫാറേഴ്‌സ് ക്ലബ് എന്നിവയാണവ. ഈ പദ്ധതികൾ ചരക്ക് സംഭരണവും കൈകാര്യം ചെയ്യലും മെച്ചപ്പെടുത്തുകയും, വെയർഹൗസ് ശേഷി വർദ്ധിപ്പിക്കുകയും, കൂടുതൽ ക്രൂയിസ് യാത്രക്കാർക്ക് ഒരേസമയം കപ്പലിൽ കയറാനും ഇറങ്ങാനും സൗകര്യമൊരുക്കുന്ന രീതിയിൽ യാത്രാസൗകര്യങ്ങൾ ആധുനികവത്കരിക്കുകയും ചെയ്യും. കൂടാതെ, ഇവിടെയെത്തുന്ന നാവികർക്കും സമുദ്രമേഖലയിലെ ജീവനക്കാർക്കും ആധുനിക ക്ഷേമ, വിനോദ, പിന്തുണാ സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്യും. വി. ഒ. ചിദംബരനാർ തുറമുഖത്തെ എട്ട് പ്രമുഖ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. ഈ പദ്ധതികൾ ചരക്ക്, കണ്ടെയ്നർ ശേഷി വർദ്ധിപ്പിക്കുകയും, കൂടുതൽ ശുദ്ധമായ സമുദ്ര ഊർജ്ജ സംവിധാനങ്ങളിലേക്കുള്ള മാറ്റത്തിനായുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയും, ചരക്ക് നീക്കത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും.

കാമരാജർ തുറമുഖത്തെ കോൾ ബെർത്ത്-3 പദ്ധതി ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി, കണ്ടെയ്നർ ടെർമിനൽ ഫേസ്-I, സ്റ്റേജ്-II എന്നിവയുടെ ക്യാപിറ്റൽ ഡ്രെഡ്ജിംഗ് പ്രവൃത്തികൾക്ക് തറക്കല്ലിടുകയും ചെയ്യും.

ചെന്നൈയിലെ, ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (CPCL) നിലവിലുള്ള മണലി റിഫൈനറിയിൽ ഗ്രൂപ്പ് II/III ലൂബ് ഓയിൽ ബേസ് സ്റ്റോക്സ് (LOBS) പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഏകദേശം 1,620 കോടി രൂപ ചെലവും പ്രതിവർഷം 270 ആയിരം മെട്രിക് ടൺ (TMTPA) ഉൽപ്പാദനശേഷിയുമുള്ള ഈ പദ്ധതി, ഇന്ത്യയിൽ ലോകോത്തര നിലവാരമുള്ളതും പ്രീമിയം ലൂബ്രിക്കന്റുകൾ നിർമ്മിക്കുന്നതിനായി ഗ്രൂപ്പ് II/III ലൂബ് ഓയിൽ ബേസ് സ്റ്റോക്കുകൾ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നു.

ഐ.ഐ.ടി മദ്രാസിലെ സുധാ ഗോപാലകൃഷ്ണൻ ബ്രെയിൻ സെന്റർ (SGBC) പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ഭ്രൂണാവസ്ഥ മുതൽ വാർദ്ധക്യം വരെ മനുഷ്യായുസ്സിലുടനീളമുള്ള 100-ലധികം മനുഷ്യ മസ്തിഷ്കങ്ങളെ സെല്ലുലാർ ലെവലിൽ ത്രിമാന (3D) അറ്റ്ലസുകളാക്കി മാപ്പ് ചെയ്യുന്നതിനുള്ള ആഗോള ശാസ്ത്ര സംരംഭത്തിനും അദ്ദേഹം തുടക്കം കുറിക്കും. കൂടാതെ, ഇത്തരത്തിലുള്ള ആദ്യത്തെ ഹ്യൂമൻ ഇസ്കെമിക് സ്ട്രോക്ക് അറ്റ്ലസായ ‘C-STROKE’ പ്രധാനമന്ത്രി പ്രകാശനം ചെയ്യും. സ്ട്രോക്ക് ബാധിച്ച മസ്തിഷ്കത്തിൽ നിന്നുള്ള 1,000-ലധികം മൈക്രോസ്കോപ്പിക് സെക്ഷനുകൾ അടങ്ങിയിട്ടുള്ള ഈ അറ്റ്ലസ്, ലോകമെമ്പാടുമുള്ള ഗവേഷകർക്ക് പുതിയ ചികിത്സാ മാർഗ്ഗങ്ങൾ കണ്ടെത്താൻ സഹായിക്കും.

ചെന്നൈയിലെ ജയ്ഗോപാൽ ഗരോഡിയ ഹിന്ദു വിദ്യാലയ മെട്രിക്യുലേഷൻ ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും. അക്കാദമിക മികവ്, അച്ചടക്കം, സാംസ്കാരിക മൂല്യങ്ങൾ, സമഗ്ര വിദ്യാഭ്യാസം എന്നിവയിലൂടെ തലമുറകളെ വളർത്തിയെടുക്കുന്നതിൽ ഈ സ്ഥാപനം നൽകിയ അഞ്ച് പതിറ്റാണ്ടുകളുടെ സംഭാവനയെയാണ് സുവർണ്ണ ജൂബിലി അടയാളപ്പെടുത്തുന്നത്. “സാ വിദ്യാ യാ വിമുക്തയേ” (മോചനം നൽകുന്നതാണ് വിദ്യാഭ്യാസം) എന്ന ആപ്തവാക്യത്താൽ നയിക്കപ്പെടുന്ന സ്കൂൾ, സമൂഹത്തിന് അർത്ഥവത്തായ സംഭാവനകൾ നൽകുന്ന വ്യക്തികളെ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു. വർഷങ്ങളായി, മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ആവശ്യങ്ങൾക്കനുസരിച്ച് വികസിക്കുമ്പോഴും സ്വഭാവരൂപീകരണം, അറിവ്, ഉത്തരവാദിത്തമുള്ള പൗരത്വം എന്നിവയ്ക്ക് ശക്തമായ ഊന്നൽ നൽകുന്നത് തുടരുകയാണ് ഈ സ്ഥാപനം.

****