പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഒക്ടോബർ 25ന് ഉത്തർപ്രദേശും ഒഡിഷയും സന്ദർശിക്കും. രാവിലെ 11 മണിയോടെ വാരാണസിയിൽ പുതിയ വസ്ത്രനിർമാണശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണിയോടെ വാരാണസിയിലെ നമോ ഘാട്ടിൽ നടക്കുന്ന വ്യോമസേനാദിന വ്യോമപ്രദർശനം–2026ൽ അദ്ദേഹം മുഖ്യാതിഥിയാകും.
തുടർന്ന് ഒഡിഷയിലേക്ക് പോകുന്ന പ്രധാനമന്ത്രി വൈകുന്നേരം 4.45 മണിയോടെ ഭുവനേശ്വറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡേറ്റാ സെന്ററും സൈബർ സുരക്ഷാ പരിശീലന സ്ഥാപനവും ഉദ്ഘാടനം ചെയ്യും. ഈ അവസരത്തിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി വാരാണസിയിൽ
ഉത്തർപ്രദേശിലെ വാരാണസിയിൽ അരവിന്ദ് ലിമിറ്റഡിന്റെ പുതിയ വസ്ത്രനിർമാണശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ തുണിത്തര-വസ്ത്രനിർമാണ മേഖലയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.
ആധുനിക നിർമാണരീതികൾക്ക് പ്രാധാന്യം നൽകുന്ന ഈ സ്ഥാപനം, പ്രത്യേകിച്ച് സ്ത്രീകൾക്ക്, അർത്ഥവത്തായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രദേശത്തിന്റെ സാമ്പത്തിക പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യും. വ്യാവസായിക നിക്ഷേപത്തിന്റെയും നിർമാണമേഖലയെ അടിസ്ഥാനമാക്കിയുള്ള വളർച്ചയുടെയും കേന്ദ്രമെന്ന നിലയിൽ ഉത്തർപ്രദേശിന്റെ വർധിച്ചുവരുന്ന പ്രാധാന്യവും ഈ ഉദ്ഘാടനം എടുത്തുകാട്ടുന്നു. ആഗോള ഉപഭോക്തൃശൃംഖലയുള്ള ഈ സംരംഭം വാരാണസിയിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുമെന്നതിന്റെ തെളിവാണ്. സ്ത്രീകൾക്ക് നേതൃത്വപരമായ പങ്കാളിത്തമുള്ള ഈ സംരംഭം വനിതാ നേതൃത്വത്തിലുള്ള വികസനത്തിന്റെ ശക്തമായ പ്രതീകം കൂടിയാണ്.
വാരാണസിയിലെ നമോ ഘാട്ടിൽ നടക്കുന്ന വ്യോമസേനാ ദിന വ്യോമപ്രദർശനം–2026 പ്രധാനമന്ത്രി വീക്ഷിക്കും. ഇന്ത്യൻ വ്യോമസേനയുടെ 94-ാം വാർഷികത്തോടനുബന്ധിച്ച് ‘ഗംഗയ്ക്ക് മുകളിൽ ചിറകുകൾ’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തേജസ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (LCH) പ്രചണ്ഡ്, SU-30MKI, റാഫേൽ എന്നിവയ്ക്കൊപ്പം ഗതാഗത വിമാനങ്ങളും വ്യോമപ്രദർശനത്തിൽ പങ്കെടുക്കും. ഇന്ത്യൻ നാവികസേനയുടെയും കരസേനയുടെയും വിമാനങ്ങളും പരിപാടിയിൽ പങ്കെടുക്കും. ഇതിലൂടെ സേനകൾ തമ്മിലുള്ള സംയുക്ത പ്രവർത്തനശേഷി പ്രകടമാക്കും. ഇന്ത്യൻ വ്യോമസേനയുടെ പ്രമുഖ പ്രദർശന സംഘങ്ങളായ സൂര്യ കിരൺ എയ്റോബാറ്റിക് ടീമും സാരംഗ് ഹെലികോപ്റ്റർ പ്രദർശന സംഘവും പരിപാടിയിൽ പങ്കെടുക്കും. കൃത്യതയാർന്ന പറക്കൽ, ഏകോപനം, പ്രവർത്തന മികവ് എന്നിവ വ്യോമപ്രദർശനത്തിലൂടെ അവതരിപ്പിക്കും.
പ്രധാനമന്ത്രി ഭുവനേശ്വറിൽ
ഇന്ത്യയുടെ സാമ്പത്തിക സംവിധാനത്തിന്റെ സാങ്കേതിക അടിത്തറ ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന നാഴികക്കല്ലായി, ഭുവനേശ്വറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതുതായി സ്ഥാപിച്ച ഡേറ്റാ സെന്ററും സൈബർ സുരക്ഷാ പരിശീലന സ്ഥാപനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. റിസർവ് ബാങ്കിന്റെ കമ്പ്യൂട്ടിങ് ആവശ്യങ്ങൾ നിറവേറ്റുന്നതിനും ബാങ്കിനും വിശാലമായ സാമ്പത്തിക മേഖലയ്ക്കും സുരക്ഷിതവും പ്രതിരോധശേഷിയുള്ളതും ആവശ്യാനുസരണം വികസിപ്പിക്കാവുന്നതും ഭാവിയിലെ ആവശ്യങ്ങൾക്കനുസൃതവുമായ കമ്പ്യൂട്ടിങ് സംവിധാനം ഒരുക്കുന്നതിനുമായാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നാല് അത്യാധുനിക ഡേറ്റാ സെന്ററുകളിൽ നിർണായകമായ പേയ്മെന്റ്, സെറ്റിൽമെന്റ് സംവിധാനങ്ങൾക്കും മറ്റ് പ്രധാന പദ്ധതികൾക്കുമുള്ള സൗകര്യങ്ങൾ ഒരുക്കും. ഡേറ്റാ സെന്റർ അടിസ്ഥാനസൗകര്യങ്ങളുടെ ആഗോള നിലവാരമാനദണ്ഡമായ അപ്ടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ടയർ IV അംഗീകാരം ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. പ്രവർത്തനപരമായ പ്രതിരോധശേഷിയുടെ ഏറ്റവും ഉയർന്ന നിലവാരമാണിത്. ബാങ്കിങ്, ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ് (BFSI) മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ ടയർ IV സർട്ടിഫൈഡ് സ്ഥാപനങ്ങളിൽ ഒന്നാണിത്. ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളുടെ വ്യാപ്തി, കാര്യക്ഷമത, വിശ്വാസ്യത എന്നിവ വർധിപ്പിക്കാൻ ഈ സംവിധാനം സഹായിക്കും. സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് സുരക്ഷിതമായ ഡിജിറ്റൽ അടിത്തറയായും ഇത് പ്രവർത്തിക്കും. കേന്ദ്ര ബാങ്കുകളുടെ സമൂഹത്തിൽ ഡിജിറ്റൽ അടിസ്ഥാനസൗകര്യ രംഗത്തെ മുൻനിരക്കാരെന്ന നിലയിൽ റിസർവ് ബാങ്കിന്റെ സവിശേഷമായ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും.
സൈബർ സുരക്ഷാ പരിശീലന സ്ഥാപനം ശേഷിവർധനയ്ക്ക് വലിയ പിന്തുണ നൽകും. സൈബർ സുരക്ഷ, എന്റർപ്രൈസ് സാങ്കേതികവിദ്യ എന്നിവയിലെ പരിശീലനം, ഗവേഷണം, സാമ്പത്തിക മേഖലയിലാകെയുള്ള ശേഷിവികസനം എന്നിവയ്ക്കായി പ്രത്യേക സ്ഥാപനാടിസ്ഥാനത്തിലുള്ള സൗകര്യം ഇത് ഒരുക്കും. ക്വാണ്ടം കമ്പ്യൂട്ടിങ്, നിർമിതബുദ്ധി, മറ്റ് അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ ബാങ്കിങ്, ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ് (BFSI) മേഖലയ്ക്ക് പ്രസക്തമായ നൂതന സാങ്കേതികവിദ്യകളിൽ ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കും.
****