പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം, സൂക്ഷ്മ സംരംഭങ്ങൾക്കായുള്ള വായ്പാ ഗ്യാരണ്ടി ഫണ്ട് (CGFMU) 2031 മാർച്ച് 31 വരെ അഞ്ച് വർഷത്തേക്ക് കൂടി തുടരുന്നതിന് അംഗീകാരം നൽകി.
വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ചയുണ്ടാകുന്ന സാഹചര്യത്തിലെ അപകടസാധ്യതയിൽ നിന്ന് വായ്പാ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകുന്നതിനായി നാഷണൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി ലിമിറ്റഡ് (NCGTC) മുഖേനയാണ് ഈ പദ്ധതി വായ്പ ഗ്യാരണ്ടി പരിരക്ഷ ഉറപ്പാക്കുന്നത്.
2026 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച്, പ്രധാനമന്ത്രി മുദ്രാ യോജന ആരംഭിച്ചതിനുശേഷം വായ്പാ സ്ഥാപനങ്ങൾ 60.36 കോടിയിലധികം വായ്പകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ ആകെ തുക 43.34 ലക്ഷം കോടി രൂപയാണ്. 2016 ജനുവരിയിൽ ആരംഭിച്ച CGFMU പദ്ധതി രാജ്യത്ത് PMMY വായ്പകളുടെ വളർച്ചയ്ക്ക് നിർണായകമായ പ്രചോദനമായി പ്രവർത്തിച്ചിട്ടുണ്ട്.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
താഴെപ്പറയുന്ന വായ്പകൾക്ക് വായ്പാ സ്ഥാപനങ്ങൾക്ക് ഗ്യാരണ്ടി നൽകുകയാണ് ഫണ്ടിന്റെ ലക്ഷ്യം:
– പ്രധാനമന്ത്രി മുദ്രാ യോജന (PMMY) പ്രകാരം അർഹരായ സൂക്ഷ്മ സംരംഭങ്ങൾക്ക് അനുവദിക്കുന്ന 20 ലക്ഷം രൂപ വരെയുള്ള വായ്പകൾ.
– പ്രധാനമന്ത്രി ജൻധൻ യോജന (PMJDY) അക്കൗണ്ടുകൾക്ക് കീഴിൽ ബാങ്കുകൾ നൽകുന്ന 10,000 രൂപ വരെയുള്ള ഓവർഡ്രാഫ്റ്റ് സൗകര്യം.
– 10 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ വായ്പാ പോർട്ട്ഫോളിയോ ഉള്ള സ്വയംസഹായ സംഘങ്ങൾക്ക് (SHG) അനുവദിക്കുന്ന വായ്പകൾ.
ഗ്യാരണ്ടി പരിരക്ഷ: പ്രവർത്തന മൂലധന വായ്പകളുടെ കാര്യത്തിൽ അനുവദിച്ച തുകയുമായും കാലാവധി നിശ്ചയിച്ച വായ്പകളുടെ കാര്യത്തിൽ തിരിച്ചടയ്ക്കാനുള്ള ശേഷിക്കുന്ന തുകയുമായും ബന്ധിപ്പിച്ചായിരിക്കും ഗ്യാരണ്ടി പരിരക്ഷ. വായ്പാ സ്ഥാപനങ്ങളുടെ യഥാർഥ നഷ്ടസാധ്യത പ്രതിഫലിപ്പിക്കുന്നതിനാണ് ഈ രീതി.
ഗ്യാരണ്ടി ഫീസ്: ഗ്യാരണ്ടി ഫീസ് പ്രതിവർഷം ഒരു ശതമാനത്തിൽ നിന്ന് 0.75 ശതമാനമായി കുറയ്ക്കും. സ്വയംസഹായ സംഘങ്ങളുടെ കാര്യത്തിൽ നിലവിലെ നിരക്കിൽ മാറ്റമില്ല. ആദ്യ വർഷം 0.25 ശതമാനവും തുടർന്നുള്ള വർഷങ്ങളിൽ 0.50 ശതമാനവും ഗ്യാരണ്ടി ഫീസായി തുടരും.
പദ്ധതിയുടെ കാലാവധി: പതിനാറാം ധനകാര്യ കമ്മീഷൻ കാലയളവിൽ, അതായത് 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ PMMY പ്രകാരം അനുവദിക്കുന്ന എല്ലാ വായ്പകൾക്കും ഈ പദ്ധതി ബാധകമായിരിക്കും.
പദ്ധതിയുടെ പ്രയോജനം
പ്രധാനമന്ത്രി മുദ്രാ യോജനയ്ക്ക് കീഴിലുള്ള ഈടില്ലാത്ത വായ്പകൾ, ഔപചാരിക ബാങ്കിങ് സംവിധാനത്തിലൂടെ മുമ്പ് വായ്പ ലഭിക്കാതിരുന്ന പുതിയ തലമുറ സംരംഭകരെ സൃഷ്ടിക്കാൻ സഹായിച്ചിട്ടുണ്ട്.
CGFMU പദ്ധതി നീട്ടുന്നതിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 12.6 ലക്ഷം കോടി രൂപയുടെ വായ്പകൾ ലഭ്യമാക്കാൻ സാധിക്കും.
യുവാക്കളായ സംരംഭകർക്ക് സ്വന്തം സംരംഭങ്ങൾ ആരംഭിക്കാനും അവ വളർത്തിയെടുക്കാനും പ്രചോദനവും പിന്തുണയും നൽകുന്ന ഉത്തേജകമായി ഈ പദ്ധതി പ്രവർത്തിക്കും.
***
NK