ഉത്തർപ്രദേശിന്റെ ഊർജ്ജസ്വലനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ മുതിർന്ന സഹപ്രവർത്തകനും ഈ പാർലമെന്റ് മണ്ഡലത്തിന്റെ ജനപ്രതിനിധിയുമായ ശ്രീ രാജ്നാഥ് സിംഗ് ജി, ശ്രീ ജയന്ത് ചൗധരി ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ പങ്കജ് ചൗധരി ജി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ ജി, ബ്രജേഷ് പഥക് ജി, മറ്റ് ജനപ്രതിനിധികളേ, എന്റെ യുവ സുഹൃത്തുക്കളേ,
ഇത്രയും വലിയൊരു നൈപുണ്യ വികസന പരിപാടിക്കായി നമ്മുടെ സുഹൃത്ത് ജയന്ത് ചൗധരി ജി ലഖ്നൗവിനെ തിരഞ്ഞെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങൾ ഇതിനകം തന്നെ കൈയടിച്ചു കഴിഞ്ഞു, എന്നാൽ എനിക്ക് എന്തുകൊണ്ടാണ് സന്തോഷമെന്ന് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗം എന്ന നിലയിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെ എത്തിച്ചേർന്ന എന്റെ യുവ സുഹൃത്തുക്കളെ സ്വാഗതം ചെയ്യാൻ ഇന്ന് എനിക്ക് അവസരം ലഭിച്ചത് അഭിമാനകരവും സൗഭാഗ്യകരവുമായ കാര്യമായതുകൊണ്ടാണ് എനിക്ക് സന്തോഷമുള്ളത്.
സുഹൃത്തുക്കളേ,
ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ല് നിങ്ങൾ പിന്നിട്ടിരിക്കുകയാണ്. രാഷ്ട്രനിർമ്മാണ പ്രക്രിയയുമായി നിങ്ങൾ ഇപ്പോൾ നേരിട്ട് ബന്ധപ്പെടാൻ പോവുകയാണ്. എന്നെ സംബന്ധിച്ചിടത്തോളവും ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഇന്ന് രാവിലെ ഞാൻ ഡൽഹിയിൽ നിന്ന് ബംഗാളിലേക്ക് പോയി, എന്റെ ഇന്നത്തെ ആദ്യ പരിപാടി ഒരു ഐ.ഐ.ടിയിലായിരുന്നു. രാജ്യത്തെ ആദ്യത്തെ ഐ.ഐ.ടി ഖരഗ്പൂരിലാണ് സ്ഥാപിതമായത്, അത് അതിന്റെ 75-ാം വാർഷികം ആഘോഷിക്കുകയായിരുന്നു. ഐ.ഐ.ടി വിദ്യാർത്ഥികളെ കാണാൻ ഞാൻ പോയ അതേ ഊർജ്ജത്തോടെയും, അതേ സ്വപ്നങ്ങളോടെയും, അതേ പ്രതീക്ഷകളോടും അഭിലാഷങ്ങളോടും കൂടി, തുല്യമായ ആവേശത്തോടും ഉത്സാഹത്തോടും കൂടിയാണ് ഞാൻ ഐ.ടി.ഐ വിദ്യാർത്ഥികളെ കാണാനും വന്നിരിക്കുന്നത്. അത് ഐ.ഐ.ടി ആയാലും ഐ.ടി.ഐ ആയാലും, എന്നെ സംബന്ധിച്ചിടത്തോളം അവ ഒരുപോലെ എന്റെ രാജ്യത്തിന്റെ നിധികളും, എന്റെ രാഷ്ട്രത്തിന്റെ ശക്തിയും, ഇന്ത്യയുടെ ഭാവിയുമാണ്. ഐ.ടി.ഐകളിൽ പഠിക്കുമ്പോൾ നിങ്ങൾ നേടിയെടുത്ത നൈപുണ്യവും വൈദഗ്ധ്യവും ഇപ്പോൾ ‘വികസിത ഭാരത’ത്തിനുള്ള വലിയൊരു ഊർജ്ജസ്രോതസ്സാണ്. നിങ്ങളുടെ കൈകളിലൂടെയും നിങ്ങളുടെ കഴിവുകളിലൂടെയുമായിരിക്കും ഈ വികസിത ഭാരതം കെട്ടിപ്പടുക്കുക. ഓരോ രാഷ്ട്രവും പുരോഗതി കൈവരിക്കുന്നത് അവിടുത്തെ യുവാക്കളുടെ നൈപുണ്യത്തിലൂടെയാണ്, നമ്മുടെ രാജ്യം എല്ലായ്പ്പോഴും നൈപുണ്യത്തെയും കരകൗശല വൈദഗ്ധ്യത്തെയും ബഹുമാനിച്ചിട്ടുണ്ട്. ലഖ്നൗവിലേക്ക് തന്നെ നോക്കൂ. ഇവിടെ എത്രമാത്രം ചിക്കൻ എംബ്രോയ്ഡറി (ചിക്കൻകാരി) ജോലികൾ നടക്കുന്നുണ്ട്. കാലങ്ങളോളം ഇത്തരം കഴിവുകളിലൂടെയാണ് ഇന്ത്യ ലോകമെമ്പാടും അറിയപ്പെട്ടിരുന്നത്. നേർത്ത മസ്ലിൻ തുണിത്തരങ്ങൾ, ബനാറസിലെയും കാഞ്ചീപുരത്തെയും പട്ട്, കശ്മീരിലെ പഷ്മിന, നമ്മുടെ കോട്ടൺ തുണിത്തരങ്ങൾ, കലംകാരി, ലോകത്തിലെ ഏറ്റവും മികച്ച വാളുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ഉരുക്ക്, വെങ്കലത്തിലും പഞ്ചലോഹത്തിലുമുള്ള ശിൽപങ്ങൾ, അങ്ങനെ എണ്ണമറ്റ നൂറുകണക്കിന് കരകൗശല വിദ്യകൾ. ഒരാൾക്ക് ഒറ്റയ്ക്ക് അവയെല്ലാം പട്ടികപ്പെടുത്താൻ പോലും കഴിഞ്ഞേക്കില്ല. ഇവയായിരുന്നു ഒരുകാലത്ത് നമ്മുടെ സമൂഹത്തിന്റെ നെടുംതൂണുകൾ.
സുഹൃത്തുക്കളേ,
മുൻകാലങ്ങളിൽ നമ്മുടെ സാമൂഹിക വ്യവസ്ഥ തന്നെ കെട്ടിപ്പടുത്തിരുന്നത് നൈപുണ്യത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഗുജറാത്തിലാണ് എന്റെ ജനനം, ഗുജറാത്തിൽ നിന്നുള്ള ഒരു അനുഭവം ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. ഗുജറാത്തിൽ ‘വസവായ’ (Vasvaya) എന്നൊരു പദമുണ്ട്. ഒരു ഗ്രാമം സ്ഥാപിക്കപ്പെടുന്നിടത്തെല്ലാം ഗ്രാമജീവിതത്തെ നിലനിർത്തുന്ന തൊഴിൽ വൈദഗ്ധ്യമുള്ള ആളുകളും അവിടെ താമസമാക്കും എന്നതായിരുന്നു ഈ പാരമ്പര്യം. എങ്കിൽ മാത്രമേ ഒരു ഗ്രാമത്തിന് യഥാർത്ഥത്തിൽ നിലനിൽക്കാൻ കഴിയുമായിരുന്നുള്ളൂ. അവരുടെ കഴിവുകൾ കൂടാതെ ഒരു ഗ്രാമജീവിതം സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര അനിവാര്യമായിരുന്നു ആ ആളുകൾ.
സുഹൃത്തുക്കളേ,
പുരാതന കാലം മുതൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സമാനമായ സംവിധാനങ്ങൾ നിലനിന്നിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, കാലക്രമേണ ഈ സംവിധാനത്തിന് അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരിക്കൽ എന്റെ മുന്നിൽ ഒരു ചോദ്യം ഉയർന്നുവന്നു: ഏതൊക്കെ തരത്തിലുള്ള തൊഴിൽ വൈദഗ്ധ്യങ്ങൾ ഇല്ലെങ്കിൽ നമ്മുടെ ജീവിതം വളരെ ദുഷ്കരമാകും? ഞാൻ ഈ ചുമതല എന്റെ ഉദ്യോഗസ്ഥർക്ക് നൽകി, അവർ 30-35 വിഭാഗങ്ങളുടെ പട്ടികയുമായി തിരികെ വന്നു. ആ രീതിയിലല്ല ഇതിനെ സമീപിക്കേണ്ടതെന്ന് ഞാൻ അവരോട് പറയുകയും മറ്റൊരു രീതി നിർദ്ദേശിക്കുകയും ചെയ്തു. ഒരാൾ രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെയും, ജനനം മുതൽ മരണം വരെയുമുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു. ഒരു വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഏതൊക്കെ തരത്തിലുള്ള സേവനങ്ങളാണ് ആവശ്യമായി വരുന്നത്? ഏതൊക്കെ സേവനങ്ങളാണ് അത്യന്താപേക്ഷിതമായിട്ടുള്ളത്? സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു പട്ടിക തയ്യാറാക്കാൻ ഞാൻ അവരോട് പറഞ്ഞു. നേരത്തെ 30-35 വിഭാഗങ്ങളുമായി മാത്രം വന്ന അവർ, ഒരാഴ്ചയ്ക്ക് ശേഷം ഇതിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ച ശേഷം ഏകദേശം ആയിരത്തോളം തൊഴിലുകളുടെ പട്ടികയുമായാണ് മടങ്ങിയെത്തിയത്. പൂച്ചെണ്ടുകൾ നിർമ്മിക്കുന്നവർ, കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്നവർ, മൈലാഞ്ചി ഇടുന്നവർ, അങ്ങനെ എണ്ണമറ്റ സേവനദാതാക്കളെ നമുക്ക് ആവശ്യമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. നമ്മുടെ സമൂഹത്തെ മുന്നോട്ട് നയിച്ചിരുന്നത് ഈ നൈപുണ്യങ്ങളും കരകൗശല വൈദഗ്ധ്യവുമായിരുന്നു. ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു, അത് ഒടുവിൽ ഗുജറാത്തിൽ ഒരു ആധുനിക നൈപുണ്യ വികസന ആവാസവ്യവസ്ഥ രൂപപ്പെടുന്നതിലേക്ക് നയിച്ചു.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ നൈപുണ്യ ആവാസവ്യവസ്ഥ തകർക്കപ്പെട്ടതിന് പിന്നിൽ മറ്റൊരു കാരണവുമുണ്ട്. അധിനിവേശക്കാർ നമ്മുടെ രാജ്യത്തേക്ക് വന്നപ്പോൾ, ഇന്ത്യ ലോകം ആരാധിക്കുന്നതും പലരും അസൂയപ്പെടുന്നതുമായ ഒരു സുവർണ്ണ നാഗരികതയായിരുന്നു. ആ അധിനിവേശക്കാർ എന്താണ് ചെയ്തത്? അവരുടെ ആദ്യത്തെ ആക്രമണം നൈപുണ്യത്തിനും കരകൗശല വൈദഗ്ധ്യത്തിനും നേരെയായിരുന്നു. അസാധാരണമായ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുമ്പോഴെല്ലാം നമ്മുടെ വിദഗ്ധരായ കരകൗശലത്തൊഴിലാളികളുടെ തള്ളവിരലുകൾ എങ്ങനെയാണ് മുറിച്ചുമാറ്റപ്പെട്ടതെന്ന് നിങ്ങളിൽ പലരും ചരിത്രത്തിൽ വായിച്ചിട്ടുണ്ടാകും. എന്തുകൊണ്ടാണത്? ഇന്ത്യയുടെ സമൃദ്ധിയും മഹത്വവും ഉണ്ടായത് ഇവിടുത്തെ ജനങ്ങളുടെ കൈകളിലെ നൈപുണ്യത്തിൽ നിന്നാണെന്ന് ആ അധിനിവേശക്കാർ മനസ്സിലാക്കിയിരുന്നു. ആ കഴിവുകൾ നശിപ്പിച്ചാൽ ഇന്ത്യയെ തന്നെ ദുർബലപ്പെടുത്താൻ കഴിയുമെന്ന് അവർക്കറിയാമായിരുന്നു. പിന്നീട് ബ്രിട്ടീഷുകാർ വന്നു. അവരുടെ രീതികൾ കൂടുതൽ പരിഷ്കൃതമായിരുന്നു. മെക്കാളെയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ, നമ്മുടെ നൈപുണ്യാധിഷ്ഠിത പാരമ്പര്യങ്ങളെ ഗുമസ്തന്മാരെ (ക്ലർക്കുമാരെ) സൃഷ്ടിക്കുന്നതിലേക്ക് ചുരുക്കുന്ന ഒരു മാതൃക അവർ അടിച്ചേൽപ്പിച്ചു. ഗുമസ്തന്മാരെ സൃഷ്ടിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വ്യവസ്ഥ തന്നെ ഉയർന്നുവന്നു. ബ്രിട്ടീഷുകാർ ഇന്ത്യയുടെ നൈപുണ്യം നശിപ്പിക്കുകയും അവരുടെ സ്വന്തം വ്യവസായങ്ങൾ വികസിപ്പിക്കുകയും ചെയ്തു. അവർ നമ്മുടെ വിഭവങ്ങൾ കൊണ്ടുപോയി അവരുടെ ഉൽപ്പാദനം വർദ്ധിപ്പിച്ചു. കാലക്രമേണ, കടലാസ് ജോലികൾ ചെയ്യുന്ന ഒരു ഗുമസ്തനാകുന്നത് അഭിമാനകരമായി കണക്കാക്കപ്പെടാൻ തുടങ്ങി. ഇന്നും ഒരു കുട്ടി ഐ.ടി.ഐയിൽ ചേർന്നാൽ, പല മാതാപിതാക്കളും സുഹൃത്തുക്കളോടും ബന്ധുക്കളോടും അത് അഭിമാനത്തോടെ പറയാറില്ല. അവർ അത് മറച്ചുവെക്കുന്നു. കുട്ടി യൂണിവേഴ്സിറ്റിയിലോ കോളേജിലോ പോകുന്നില്ല എന്നതിനാൽ അവർക്ക് നാണക്കേട് തോന്നുന്നു. കുട്ടി നീല യൂണിഫോം (ഓവറോൾസ്) ധരിച്ച് കൈകൾ കൊണ്ട് ജോലി ചെയ്യുന്നു എന്നതാണതിന് കാരണം. കാലക്രമേണ ഇത്തരമൊരു മാനസികാവസ്ഥ വളർന്നുവന്നു. അത് മാറ്റാൻ ഞാൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ഐ.ഐ.ടി ബിരുദധാരികൾക്ക് ലഭിക്കുന്ന അതേ ബഹുമാനം എന്റെ ഐ.ടി.ഐ വിദ്യാർത്ഥികൾക്കും ലഭിക്കണം. ഏറ്റവും വലിയ കമ്പനിയിൽ പോലും ബിരുദങ്ങളും സർട്ടിഫിക്കറ്റുകളുമായി നടക്കുന്ന രണ്ടോ മൂന്നോ ആളുകൾ മാത്രമേ ഉണ്ടാകൂ, എന്നാൽ ആ കമ്പനി പ്രവർത്തിക്കുന്നത് അതിനെ പിന്തുണയ്ക്കുന്ന 200 മുതൽ 300 വരെ ഐ.ടി.ഐ പരിശീലനം ലഭിച്ച തൊഴിലാളികൾ ഉള്ളതുകൊണ്ട് മാത്രമാണ്.
അതുകൊണ്ടുതന്നെ, സുഹൃത്തുക്കളേ,
നമ്മുടെ സാമൂഹിക ജീവിതത്തിൽ ഒരു മാനസിക പരിവർത്തനത്തിന്റെ വലിയ ആവശ്യമുണ്ട്. ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ച ജയന്ത് ചൗധരി ജിയെയും എല്ലാ ഉദ്യോഗസ്ഥരെയും ഞാൻ അഭിനന്ദിക്കുന്നു. ഇന്ന് തങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങാൻ എത്തിയ മക്കളെ ഞാൻ നിരീക്ഷിക്കുകയായിരുന്നു. അവരുടെ രീതികളും വസ്ത്രധാരണവും ഞാൻ കണ്ടു. എന്റെ ഐ.ടി.ഐ വിദ്യാർത്ഥികളിൽ ഞാൻ കാണുന്ന തരത്തിലുള്ള അഭിമാനവും അന്തസ്സും സർവ്വകലാശാലകളിലെ ബിരുദദാന ചടങ്ങുകളിൽ പോലും കാണാറില്ല. ഈ ആത്മവിശ്വാസം, ഈ അഭിമാനം, അത് തികച്ചും സവിശേഷമായ ഒന്നാണ്. ഐ.ടി.ഐ വിദ്യാർത്ഥികൾക്ക് അഭിമാനപൂർവ്വം സർട്ടിഫിക്കറ്റുകൾ സമ്മാനിക്കുന്നതിനായി ബംഗാളിലെ ഒരു പരിപാടി കഴിഞ്ഞ് ഓടിയെത്തിയാണ് ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ ലഖ്നൗവിൽ നിൽക്കുന്നത്.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യത്തിന് ശേഷവും രാജ്യത്തിന് പൂർണ്ണമായി പുറത്തുകടക്കാൻ കഴിയാതിരുന്ന ഒരു കൊളോണിയൽ മാനസികാവസ്ഥയായിരുന്നു ഇത്. സ്വാതന്ത്ര്യത്തിന് ശേഷവും ഗുമസ്ത ജോലികൾക്ക് തന്നെ മുൻഗണന ലഭിക്കുകയും നൈപുണ്യങ്ങൾ ക്രമേണ പിന്നോട്ട് പോവുകയും ചെയ്തു. ഒരിക്കൽ ഞാൻ ദാദാ ധർമ്മാധികാരി ജിയുടെ ഒരു പുസ്തകം വായിച്ചു. ബിരുദാനന്തര ബിരുദധാരിയായ ഒരു യുവാവ് ജോലി അന്വേഷിച്ച് അദ്ദേഹത്തിന്റെ അടുക്കൽ വരികയും ഒരു ജോലി കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദാദാ ധർമ്മാധികാരി അവനോട് ചോദിച്ചു, “നിനക്ക് എന്തൊക്കെ ചെയ്യാൻ അറിയാം?” ആ യുവാവ് മറുപടി പറഞ്ഞു, “ഞാൻ ഒരു ബിരുദാനന്തര ബിരുദധാരിയാണ്.” ദാദാ ജി വീണ്ടും ചോദിച്ചു, “പക്ഷേ നിനക്ക് യഥാർത്ഥത്തിൽ എന്താണ് ചെയ്യാൻ കഴിയുക?” യുവാവ് പറഞ്ഞു, “എനിക്ക് സ്വർണ്ണ മെഡലുണ്ട്. സർട്ടിഫിക്കറ്റുകളുണ്ട്. ഞാൻ ബിരുദാനന്തര ബിരുദധാരിയാണ്.” ദാദാ ജി വീണ്ടും ചോദിച്ചു, “നിനക്ക് വാഹനം ഓടിക്കാൻ അറിയാമോ?” “ഇല്ല.” “ഭക്ഷണം പാകം ചെയ്യാൻ അറിയാമോ?” “ഇല്ല.” പിന്നെ നിനക്ക് എന്താണ് ചെയ്യാൻ കഴിയുക? താൻ ഒരു ബിരുദാനന്തര ബിരുദധാരിയാണെന്ന് ആ യുവാവ് ആവർത്തിച്ചുകൊണ്ടേയിരുന്നു. കടലാസ് സർട്ടിഫിക്കറ്റുകൾക്ക് മാത്രം വില കൽപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ കാലം മാറുകയാണ്, ഇന്ന് എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. ഇന്ന് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നടക്കുന്ന ചർച്ചകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. 2023-ൽ ഞാൻ പാർലമെന്റിൽ വെച്ച് ഭാരത സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിൽ (PSUs) നിക്ഷേപിക്കാനും അഭിവൃദ്ധി പ്രാപിക്കാനും ജനങ്ങളോട് നിർദ്ദേശിച്ചിരുന്നു എന്ന് ആളുകൾ പറയുന്നു. അന്ന് ആളുകൾ എന്നെ പരിഹസിച്ചു. എന്നാൽ നിക്ഷേപിച്ചവർക്ക് വലിയ നേട്ടമുണ്ടായെന്ന് ചരിത്രം തെളിയിച്ചു. ഒരു വർഷം മുമ്പ് ഞാൻ മറ്റൊരു കാര്യം പറഞ്ഞു. അത്യാവശ്യമില്ലെങ്കിൽ ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുതെന്ന് ഞാൻ രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തിന് വേണ്ടി ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാനുള്ള ലാൽ ബഹദൂർ ശാസ്ത്രി ജിയുടെ അഭ്യർത്ഥന ജനങ്ങൾ അനുസരിച്ചതുപോലെ, നമ്മുടെ പൗരന്മാർ എന്റെ വാക്കും കേട്ടു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. അതാണ് ഈ രാഷ്ട്രത്തിന്റെ സ്വഭാവം. എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരൻ സ്വർണ്ണം വാങ്ങുന്നത് കുറയ്ക്കാൻ അഭ്യർത്ഥിച്ചു, ജനങ്ങൾ അത് ചെയ്തു. സ്വർണ്ണവില കുറഞ്ഞു. എന്റെ ഉപദേശം അനുസരിച്ചതുകൊണ്ട് പണം ലാഭിക്കാൻ കഴിഞ്ഞെന്ന് ഇന്ന് ആളുകൾ എന്നോട് പറയുന്നു. ഇന്ന് എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. നിങ്ങൾ അത് കുറിച്ചുവെച്ചോളൂ. കാലം മാറുകയാണ്. കടലാസ് സർട്ടിഫിക്കറ്റുകൾ മാത്രം കൈവശം വെച്ച് കോട്ടും പാന്റും ടൈയും ധരിച്ച് നടക്കുന്നവരേക്കാൾ കൂടുതൽ ആവശ്യകത നൈപുണ്യവും കരകൗശല വൈദഗ്ധ്യവും ഉള്ളവർക്ക് ഉണ്ടാകാൻ പോവുകയാണ്. യഥാർത്ഥ നൈപുണ്യമുള്ളവർക്കായിരിക്കും കൂടുതൽ ആവശ്യക്കാരുണ്ടാവുക. ഞാൻ സൗദി അറേബ്യ, ദുബായ്, അബുദാബി, ഖത്തർ, അല്ലെങ്കിൽ കുവൈറ്റ് എന്നിവിടങ്ങൾ സന്ദർശിക്കുമ്പോഴെല്ലാം അവിടുത്തെ രാജകുടുംബാംഗങ്ങൾ എന്നോട് ഒരു കാര്യം പറയാറുണ്ട്. അവിടെ കാണുന്ന മനോഹരമായ ആധുനിക നഗരങ്ങൾ നിർമ്മിച്ചത് അവരുടെ പണം കൊണ്ട് മാത്രമല്ല, മറിച്ച് ഇന്ത്യൻ തൊഴിലാളികളുടെ കഠിനാധ്വാനവും നൈപുണ്യവും കൊണ്ടാണെന്ന് അവർ പറയുന്നു. ദുബായുടെ പ്രൗഢിയും, അബുദാബിയുടെ തിളങ്ങുന്ന ആകാശക്കാഴ്ചകളും, സൗദി അറേബ്യയുടെ വികസനവുമെല്ലാം ഇന്ത്യൻ കരകൗശല വിദഗ്ധരുടെ നൈപുണ്യത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണ്. ഓരോ രാജകുടുംബവും ഇന്ത്യയുടെ മാനുഷിക പ്രതിഭയെ പ്രശംസിക്കുന്നു. ഇന്ന് നമ്മളുമായി കരാറുകളിൽ ഏർപ്പെടുന്ന ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ തങ്ങൾക്ക് ഓരോ വർഷവും 90,000 പേരെ, അല്ലെങ്കിൽ 1,50,000 പേരെ, അല്ലെങ്കിൽ 1,00,000 പേരെ ആവശ്യമുണ്ടെന്ന് ഞങ്ങളോട് ആവർത്തിച്ച് പറയുന്നു. ലോകം മുഴുവൻ ഇന്ത്യൻ പ്രതിഭകളെ തേടുകയാണ്. അവർ ആവശ്യപ്പെടുന്നത് സർവ്വകലാശാലകളിൽ നിന്ന് പുറത്തിറങ്ങുന്ന ബിരുദധാരികളെ മാത്രമല്ല; അവർ ആവശ്യപ്പെടുന്നത് ഐ.ടി.ഐകളിൽ നിന്ന് പുറത്തിറങ്ങുന്നവരെയാണ്. നൈപുണ്യവും വൈദഗ്ധ്യവും ഉള്ളവർക്ക് ലോകമെമ്പാടും ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഞാൻ പറയുന്നത് സുഹൃത്തുക്കളേ, അടുത്ത ഇരുപത് വർഷം… ഞാൻ സിനിമയെക്കുറിച്ചല്ല പറയുന്നത്… അടുത്ത ഇരുപത് വർഷം ഒരു വികസിത ഭാരതത്തിന്റേതാണ്.
സുഹൃത്തുക്കളേ,
നൈപുണ്യത്തെ ആദരിച്ചുകൊണ്ട് മാത്രമേ 21-ാം നൂറ്റാണ്ടിലെ ഇന്ത്യക്ക് മുന്നോട്ട് പോകാൻ സാധിക്കൂ. അതുകൊണ്ട് തന്നെ, സമീപ വർഷങ്ങളിൽ ‘ശ്രമേവ ജയതേ’ (അധ്വാനം വിജയിക്കട്ടെ) എന്ന ചൈതന്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഞങ്ങളുടെ ഗവൺമെൻറ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നൈപുണ്യ വികസനത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചുകൊണ്ടാണ് ഞങ്ങൾ ഇതിന് തുടക്കം കുറിച്ചത്. മുൻകാലങ്ങളിൽ കോളേജ്, യൂണിവേഴ്സിറ്റി ബിരുദധാരികൾക്ക് വേണ്ടി മാത്രമായിരുന്നു ബിരുദദാന ചടങ്ങുകൾ (കോൺവൊക്കേഷൻ) നടന്നിരുന്നത്. ആളുകൾ വലിയ തൊപ്പികളും ഗൗണുകളും ധരിക്കുമായിരുന്നു. എന്നാൽ ഞാൻ പറഞ്ഞു, വേണ്ട. പ്രൗഢഗംഭീരമായ ബിരുദദാന ചടങ്ങുകൾ നടക്കേണ്ടതുണ്ടെങ്കിൽ, അത് എന്റെ ഐ.ടി.ഐ വിദ്യാർത്ഥികൾക്കും വേണ്ടിയായിരിക്കണം. അവരുടെ വിരലുകളിലാണ് ഞാൻ ഇന്ത്യയുടെ ഭാവി കാണുന്നത്. അവരുടെ കഴിവുകളിലാണ് ഞാൻ ഇന്ത്യയുടെ ശക്തി കാണുന്നത്. ഞങ്ങൾ പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചപ്പോഴും നൈപുണ്യ വികസനത്തിന് പ്രത്യേക ഊന്നൽ നൽകി.
സുഹൃത്തുക്കളേ,
ഇന്നത്തെ ആധുനിക യുഗത്തിൽ എ.ഐ-യെ (നിർമ്മിത ബുദ്ധി) കുറിച്ച് ധാരാളം കാര്യങ്ങൾ പറയപ്പെടുന്നുണ്ട്. എ.ഐ അത് ചെയ്യും, എ.ഐ ഇത് ചെയ്യും എന്നൊക്കെ ആളുകൾ പറയുന്നു. എ.ഐ ഒരാളുടെ ജോലിയും മറ്റൊരാളുടെ ഉപജീവനമാർഗ്ഗവും തട്ടിയെടുക്കുമെന്ന് പറയുന്നു. എന്നാൽ ഇത് ശ്രദ്ധയോടെ മനസ്സിലാക്കുക. നൈപുണ്യമുള്ള ഒരാളുടെ ഉപജീവനമാർഗ്ഗം ആർക്കും തട്ടിയെടുക്കാൻ കഴിയില്ല. കോവിഡ് കാലത്ത് സാഹചര്യങ്ങൾ എത്രത്തോളം ദുഷ്കരമായിരുന്നുവെന്ന് നാം കണ്ടതാണ്. ആളുകൾ നിസ്സഹായരായിരുന്നു. സമൂഹം ആരുടെ സേവനങ്ങളെ ആശ്രയിച്ചിരുന്നുവോ, അവർ മരണഭയത്താൽ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങി. എത്ര സമ്പന്നരായിരുന്നാലും, വൈദഗ്ധ്യമുള്ള തൊഴിലാളികളില്ലാതെ തങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അപ്പോഴാണ് ആളുകൾ തിരിച്ചറിഞ്ഞത്. ആ കാലഘട്ടത്തിൽ ജീവിതത്തിന്റെ പല മേഖലകളെയും താങ്ങിനിർത്തിയത് നൈപുണ്യമുള്ള തൊഴിലാളികളായിരുന്നു.
സുഹൃത്തുക്കളേ,
നിങ്ങൾ ഒരു നൈപുണ്യം പഠിക്കുമ്പോൾ, നിങ്ങൾ യന്ത്രങ്ങളോടൊപ്പം പ്രവർത്തിക്കുക മാത്രമല്ല ചെയ്യുന്നത്. നിങ്ങൾ ജനങ്ങളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുകയാണ്. നിങ്ങൾ രാഷ്ട്രത്തിന്റെ ശക്തി വർദ്ധിപ്പിക്കുകയാണ്. ഇന്ത്യ മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്, ഭാരതത്തിന്റെ പുത്രന്മാരും പുത്രിമാരും(മക്കൾ) ആ ഫോണുകൾ നിർമ്മിക്കുകയും, ഇന്ത്യൻ നിർമ്മിത മൊബൈൽ ഫോണുകൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. നിങ്ങൾ കാരണമാണ് ഇന്ത്യയുടെ ഉൽപ്പാദന ശേഷി വർദ്ധിക്കുന്നത്. അതുകൊണ്ടാണ് ഇന്ന് ഐ.ടി.ഐകൾക്ക് ഇത്രയധികം പ്രാധാന്യം ലഭിക്കുന്നത്. 2014-ന് ശേഷം, ഒരു ദശാബ്ദത്തിനുള്ളിൽ ഞങ്ങളുടെ സർക്കാർ ഏകദേശം 5,000 പുതിയ ഐ.ടി.ഐകൾ സ്ഥാപിച്ചു. ഐ.ടി.ഐകളിൽ ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണം അഞ്ച് ലക്ഷത്തിലധികം വർദ്ധിച്ചു. അവരിൽ പെൺകുട്ടികളുടെ എണ്ണം രണ്ടര മടങ്ങിലധികം വർദ്ധിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഐ.ടി.ഐകളിലെ പരിശീലന നിലവാരം, അധ്യാപകർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട മുൻഗണനകളായിരുന്നു. മുൻകാലങ്ങളിൽ ഐ.ടി.ഐ ശൃംഖല പിന്നോട്ട് നിൽക്കുകയായിരുന്നു. നൈപുണ്യ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന പേരിൽ പഴയ ട്രേഡുകൾ തന്നെയാണ് പഠിപ്പിച്ചിരുന്നത്. ഇന്ന് ഐ.ടി.ഐകളിൽ 30-ലധികം നൂതന ട്രേഡുകൾ പഠിപ്പിക്കുന്നുണ്ട്. ജെൻ സി (Gen Z) പ്രതിനിധികൾ സൂചിപ്പിച്ചതുപോലെ, എയറോനോട്ടിക്കൽ സ്ട്രക്ചറുകൾ, എ.ഐ അസിസ്റ്റന്റുമാർ, സൈബർ സെക്യൂരിറ്റി അസിസ്റ്റന്റുമാർ, ഡ്രോൺ ടെക്നീഷ്യന്മാർ, ഗ്രീൻ ഹൈഡ്രജൻ ടെക്നീഷ്യന്മാർ, ഇൻഡസ്ട്രിയൽ റോബോട്ടിക്സ്, ഇലക്ട്രിക് വാഹനങ്ങൾ, അനിമേഷൻ ആൻഡ് സ്പെഷ്യൽ ഇഫക്ട്സ്, സെമികണ്ടക്ടർ ടെക്നീഷ്യന്മാർ തുടങ്ങി നിരവധി കോഴ്സുകൾ ഇപ്പോൾ ഇവിടെയുണ്ട്. വർത്തമാനകാലത്തെയും ഭാവിയിലെയും ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഈ കോഴ്സുകളെല്ലാം അവതരിപ്പിച്ചിരിക്കുന്നത്. എത്ര വലിയ ആശുപത്രിയായാലും, അവിടുത്തെ ഡോക്ടർമാർ എത്ര ഉന്നത വിദ്യാഭ്യാസമുള്ളവരായാലും, അവിടുത്തെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ ഐ.ടി.ഐ പരിശീലനം ലഭിച്ച ടെക്നീഷ്യന്മാർ ഇല്ലെങ്കിൽ ഒരു രോഗിയെ പോലും സുഖപ്പെടുത്താൻ കഴിയില്ല. അതാണ് നിങ്ങളുടെ കൈവശമുള്ള ശക്തി. നിങ്ങളുടെ ആ ശക്തി നിങ്ങളെത്തന്നെ ബോധ്യപ്പെടുത്താനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. നിങ്ങളുടെ കഴിവിനെ ആദരിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. കാരണം, ഭാവിയിൽ ഐ.ടി.ഐകൾ ഒരു സുവർണ്ണ അധ്യായം രചിക്കാൻ പോകുന്നുവെന്ന് എനിക്കറിയാം.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമല്ല, മറിച്ച് ലോകത്തിന്റെ മുഴുവൻ ആവശ്യങ്ങൾ കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ഇവയെല്ലാം ചെയ്യുന്നത്. ഇന്ത്യ ഓരോ ദിവസവും ഏതെങ്കിലും ഒരു രാജ്യവുമായി വ്യാപാര കരാറുകളിൽ ഒപ്പുവെക്കുന്നതായോ മറ്റൊരു രാജ്യവുമായി സ്വതന്ത്ര വ്യാപാര കരാറുകളെക്കുറിച്ച് (FTAs) ചർച്ച നടത്തുന്നതായോ നിങ്ങൾ കേൾക്കുന്നുണ്ടാകും. ഇവയെല്ലാം നിങ്ങളെപ്പോലുള്ള യുവാക്കൾക്ക് പുതിയ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്.
സുഹൃത്തുക്കളേ,
ഐ.ടി.ഐ പാഠ്യപദ്ധതികൾ പരിഷ്കരിക്കുക, യന്ത്രസാമഗ്രികൾ നവീകരിക്കുക, പരിശീലകർ പുതിയ സാങ്കേതികവിദ്യകൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പരിശീലനവും വ്യവസായ മേഖലയും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനാലാണ് ‘പി.എം സേതു’ പദ്ധതിയിലൂടെ 60,000 കോടി രൂപ നിക്ഷേപിക്കുന്നത്. ഇത് നിങ്ങളെപ്പോലുള്ള എല്ലാ യുവാക്കൾക്കും വലിയ രീതിയിൽ പ്രയോജനപ്പെടാൻ പോവുകയാണ്.
സുഹൃത്തുക്കളേ,
ഇന്ത്യ അതിവേഗം വളരുമ്പോൾ, നൈപുണ്യമുള്ള തൊഴിലാളികൾക്കായി പുതിയ അവസരങ്ങൾ ഉയർന്നുവരികയാണ്. കഴിഞ്ഞ 12-13 വർഷത്തിനിടെ 50 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായെന്ന് നിങ്ങൾ നേരത്തെ കേട്ടല്ലോ. ഇതൊരു ചരിത്രപരമായ നേട്ടമാണ്. എന്റെ കാഴ്ചപ്പാടിൽ, സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് കൃത്യമായി പറഞ്ഞാൽ ഈ 50 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതാണ്. വികസിത ഭാരതത്തിലേക്കുള്ള പാത കടന്നുപോകുന്നത് ഈ നേട്ടത്തിലൂടെയാണ്. ഗവൺമെൻറ് സൗകര്യങ്ങൾ ഒരുക്കി, പാവപ്പെട്ടവരെ ശാക്തീകരിച്ചു, ദാരിദ്ര്യത്തിന് മുകളിലേക്ക് ഉയരാൻ കഴിയുമെന്ന ആത്മവിശ്വാസം അവർക്ക് നൽകി. ഈ മഹത്തായ യജ്ഞത്തിൽ, നൈപുണ്യമുള്ള തൊഴിലാളികൾക്കായി ലക്ഷക്കണക്കിന് അവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. പാവപ്പെട്ട കുടുംബങ്ങൾക്കായി നാല് കോടി വീടുകൾ നിർമ്മിച്ചപ്പോൾ ഇലക്ട്രീഷ്യൻമാർക്കും ആശാരിമാർക്കും ജോലി ലഭിച്ചു. പൈപ്പ് ലൈനുകൾ സ്ഥാപിച്ചപ്പോഴും ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതി എത്തിയപ്പോഴും ആ സംരംഭങ്ങളെല്ലാം വിജയിപ്പിച്ചത് നിങ്ങളെപ്പോലുള്ള യുവാക്കളാണ്.
സുഹൃത്തുക്കളേ,
ഇന്ന് നിരവധി പുതിയ മേഖലകളിൽ വ്യത്യസ്തമായ നൈപുണ്യങ്ങൾക്കുള്ള ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ മറ്റൊരു ഉദാഹരണം പറയാം. ഏതാനും മാസങ്ങൾക്ക് മുമ്പ് പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചപ്പോൾ വാതക വിതരണം തടസ്സപ്പെട്ടു. എൽ.പി.ജി ലഭ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടി. പരിഭ്രാന്തി പരത്താൻ ഇഷ്ടപ്പെടുന്നവർ ആവേശഭരിതരായി. ഗ്യാസ് ഇല്ലാതാകുമെന്നും, അടുപ്പുകൾ പുകയുന്നത് നിൽക്കുമെന്നും, ജനങ്ങൾ പട്ടിണിയിലാകുമെന്നും, പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂ രൂപപ്പെടുമെന്നും അവർ പറയാൻ തുടങ്ങി. പഴയ പത്രവാർത്തകൾ എടുത്തു നോക്കിയാൽ എന്തൊക്കെയാണ് പ്രവചിച്ചിരുന്നതെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കും. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. അതേസമയം, ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി ഉടലെടുത്തപ്പോൾ നമുക്ക് വെറുതെ ഇരിക്കാനും കഴിയുമായിരുന്നില്ല. നമുക്ക് പ്രവർത്തിക്കേണ്ടിയിരുന്നു. നഗരപ്രദേശങ്ങളിൽ പ്രതിദിനം കുറഞ്ഞത് ഒരു ലക്ഷം പി.എൻ.ജി (PNG) ഗ്യാസ് കണക്ഷനുകളെങ്കിലും നൽകാൻ ഗവൺമെൻറ് തീരുമാനിച്ചു. ഭാവിയിലുണ്ടാകുന്ന ഏതൊരു തടസ്സത്തെയും അതിജീവിക്കാൻ കഴിയുന്ന തരത്തിൽ പൈപ്പ് ലൈനുകളിലൂടെ വീടുകളിലേക്ക് ഗ്യാസ് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. പ്രതിദിനം ഒരു ലക്ഷം കണക്ഷനുകൾ എന്നതായിരുന്നു എന്റെ ലക്ഷ്യം എന്നതുകൊണ്ട് ഞാൻ തന്നെ ഈ പദ്ധതി നേരിട്ട് അവലോകനം ചെയ്തു. എന്നാൽ ഞാൻ അവലോകന യോഗങ്ങൾ ചേരുമ്പോഴെല്ലാം എണ്ണം പതിനയ്യായിരം, ഇരുപതിനായിരം, ഇരുപത്തിരണ്ടായിരം, ഇരുപത്തിമൂവായിരം എന്നിങ്ങനെ മാത്രമായിരുന്നു. നമുക്ക് ഒരു ലക്ഷത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. പണം ചെലവഴിക്കാൻ ഗവൺമെൻറ് തയ്യാറായിരുന്നു. എനിക്ക് ലഭിച്ച മറുപടി എന്താണെന്ന് നിങ്ങൾക്കറിയാമോ? സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും എന്നാൽ ആവശ്യത്തിന് പ്ലംബർമാരെ കണ്ടെത്താൻ കഴിയുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞത്. പ്ലംബർമാരുടെ വലിയ ക്ഷാമമുണ്ടായിരുന്നു. നിങ്ങളുടെ ശക്തി ഒന്ന് നോക്കൂ. രാജ്യം പ്ലംബർമാർക്ക് വേണ്ടി തീവ്രമായി തിരയുകയായിരുന്നു. നിങ്ങൾക്ക് നൈപുണ്യമുണ്ടെങ്കിൽ തൊഴിലവസരങ്ങളുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ഇന്ന് സൗരോർജ്ജ മേഖലയിൽ നമുക്ക് വൻതോതിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമുണ്ട്. ഇന്ത്യയിൽ തികച്ചും പുതിയൊരു കായിക സമ്പദ്വ്യവസ്ഥ വളർന്നുവരികയാണ്. കായിക ഉപകരണങ്ങളും, കായിക-ഫിറ്റ്നസ് മേഖലകളുമായി ബന്ധപ്പെട്ട മറ്റ് നിരവധി ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നവരെ നമുക്ക് ആവശ്യമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾക്കുള്ള അവസരങ്ങൾ ആകാശത്തോളം വിശാലമായി വളരുകയാണ്. നമ്മുടെ യുവാക്കൾ ഈ അവസരങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്തണം.
സുഹൃത്തുക്കളേ,
ഇന്ന് ഇന്ത്യ ലോകത്തിന്റെ നൈപുണ്യ തലസ്ഥാനമായി മാറുന്നതിലേക്ക് മുന്നേറുകയാണ്, നിങ്ങളെല്ലാവരും ആ കാഴ്ചപ്പാടിന്റെ ഹൃദയഭാഗത്താണ് നിലകൊള്ളുന്നത്. ഞാൻ ഇന്ത്യയെക്കുറിച്ച് മാത്രമല്ല പറയുന്നത്; ലോകത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്, നിങ്ങൾ ഉള്ളതുകൊണ്ടാണ് ഞാൻ ഇത് ആത്മവിശ്വാസത്തോടെ പറയുന്നത്. എല്ലാ യുവാക്കൾക്കും ഉത്തർപ്രദേശിനും ഒരു സന്തോഷവാർത്ത നൽകാനുണ്ട്. അടുത്ത വർഷം, 2027-ൽ ഇന്ത്യ ‘വേൾഡ് സ്കിൽസ് ഏഷ്യ’ (World Skills Asia) മത്സരത്തിന് ആതിഥേയത്വം വഹിക്കും. ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ ഇവിടെയെത്തും. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് ഈ പരിപാടി നടക്കുക. നിരവധി രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് ഉത്തർപ്രദേശ് ആതിഥ്യമരുളും. ഇതിനായി ഉത്തർപ്രദേശിന് എന്റെ മുൻകൂർ ആശംസകൾ നേരുന്നു.
സുഹൃത്തുക്കളേ,
ഇന്ന് രാജ്യത്തിന്റെ വികസനത്തിന് നേതൃത്വം നൽകുന്നത് ഉത്തർപ്രദേശാണ്. ഇവിടുത്തെ യുവാക്കൾക്ക് അവസരങ്ങൾ വളരെ പരിമിതമായിരുന്ന ഒരു കാലമുണ്ടായിരുന്നു. യോഗി ജി, മൗര്യ ജി, ബ്രജേഷ് ജി, പങ്കജ് ചൗധരി ജി തുടങ്ങിയവരുടെ നേതൃത്വത്തിലും ഡബിൾ എഞ്ചിൻ ഗവൺമെന്റിലൂടെയും ഈ സാഹചര്യം പൂർണ്ണമായും മാറിയിരിക്കുന്നു. ഇന്ന് ഉത്തർപ്രദേശിലെ ജനങ്ങൾ അഭിമാനത്തോടെ പറയുന്നു, യു.പി ഒരു എക്സ്പ്രസ് വേ സംസ്ഥാനമാണെന്ന്. യു.പിയിൽ നിരവധി അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. വലിയ സർവ്വകലാശാലകൾ ഇവിടെ സ്ഥാപിക്കപ്പെടുന്നു. വിനോദസഞ്ചാരം അഭിവൃദ്ധി പ്രാപിക്കുന്നു. വമ്പൻ മൊബൈൽ നിർമ്മാണ ശാലകൾ ഇവിടെ പ്രവർത്തിക്കുന്നു. ഉത്തർപ്രദേശിൽ ഒരു സെമികണ്ടക്ടർ പ്ലാന്റ് നിർമ്മിക്കപ്പെടുകയാണ്. ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ വലിയ ശ്രദ്ധ നേടുകയും നമ്മുടെ ശത്രുക്കളുടെ ഉറക്കം കെടുത്തുകയും ചെയ്ത ബ്രഹ്മോസ് മിസൈലും ഉത്തർപ്രദേശിലാണ് നിർമ്മിക്കുന്നത്. ഈ വികസന പ്രവർത്തനങ്ങളെല്ലാം നിങ്ങളെപ്പോലുള്ള യുവാക്കൾക്ക് പുതിയ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്.
സുഹൃത്തുക്കളേ,
ഉത്തർപ്രദേശ് മുൻപ് എങ്ങനെയായിരുന്നുവെന്നും നാം ഓർക്കേണ്ടതുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഞാൻ എന്റെ പാർലമെന്റ് മണ്ഡലമായ കാശിയിലുണ്ടായിരുന്നു. അവിടെ ഒരു ഫാക്ടറിയുടെ ഉദ്ഘാടന വേളയിൽ ഒരു യുവതി എന്നോട് പറഞ്ഞു, താൻ ഇപ്പോൾ രാത്രി 11 മണി വരെ ജോലി ചെയ്യുകയും സുരക്ഷിതമായി തനിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നുവെന്ന്. ഇതൊരു സാധാരണ കാര്യമല്ല. സൂര്യാസ്തമയത്തിന് ശേഷം ഒരു മകൾ വീടിന് പുറത്തിറങ്ങുക എന്ന് വച്ചാൽ, മുൻപ് എന്തായിരുന്നുവെന്ന് ഉത്തർപ്രദേശിലെ ജനങ്ങൾക്ക് നന്നായി അറിയാം. രാത്രി 11 മണിക്ക് ഫാക്ടറിയിലെ ജോലി കഴിഞ്ഞ് താൻ തനിച്ചാണ് വീട്ടിലേക്ക് പോകുന്നതെന്ന് അവർ എന്നോട് പറഞ്ഞു. യോഗി ജിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാരാണ് ഈ സുരക്ഷിതത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചത്. ഈ സുരക്ഷിതത്വബോധവും സമൃദ്ധിയിലുള്ള ആത്മവിശ്വാസവുമാണ് ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുക. അതുകൊണ്ട്, രാജ്യത്തെ ഓരോ യുവാവിനോടും ഞാൻ പറയുന്നു, ആകാശം മുഴുവൻ നിങ്ങളുടെ മുന്നിലുണ്ട്. വലിയ സ്വപ്നങ്ങൾ കാണുക. നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കുക. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി നിങ്ങളുടെ മുഴുവൻ ഊർജ്ജവും വിനിയോഗിക്കുക. നിങ്ങൾ തനിച്ചാണെന്ന് ഒരിക്കലും തോന്നരുത്. നിങ്ങൾ തനിച്ചാണെന്ന് എപ്പോഴെങ്കിലും തോന്നുമ്പോൾ, ഞാൻ നിങ്ങളോടൊപ്പം ഉണ്ടെന്ന് ഓർക്കുക. ഈ ആത്മവിശ്വാസത്തോടെ, നിങ്ങളെല്ലാവരും ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ, നിങ്ങളുടെ മാതാപിതാക്കളുടെ എല്ലാ സ്വപ്നങ്ങളും സഫലമാക്കുക. നിങ്ങൾ നേടിയതെന്തും സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനായി സമർപ്പിക്കുക. നിങ്ങൾ പുരോഗമിക്കും, രാഷ്ട്രം പുരോഗമിക്കും, നിങ്ങളുടെ കുടുംബങ്ങൾ അഭിമാനം കൊണ്ട് നിറയും. ഈ ചൈതന്യത്തോടെ, ഈ സവിശേഷ അവസരത്തിൽ ഞാൻ നിങ്ങളെല്ലാവരെയും അഭിനന്ദിക്കുന്നു. രാജ്യത്തുടനീളമുള്ള ഐ.ടി.ഐകളിൽ ഒത്തുകൂടിയ നിരവധി യുവാക്കളെ ഞാൻ അല്പം മുമ്പ് ടെലിവിഷനിൽ കാണുകയായിരുന്നു. അവരെയെല്ലാം ഞാൻ അഭിനന്ദിക്കുകയും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുകയും ചെയ്യുന്നു.
എന്നോടൊപ്പം ഏറ്റുപറയൂ:
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വളരെയധികം നന്ദി!
നിരാകരണവ്യവസ്ഥ: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.
***
SK
Celebrating the hard work and achievements of India's skilled youth at the Kaushal Deekshant Samaroh in Lucknow. https://t.co/HJ8DAt1bpY
— Narendra Modi (@narendramodi) November 21, 2026
21वीं सदी का भारत कौशल को, स्किल को सम्मान देकर ही आगे बढ़ सकता है। इसलिए, बीते वर्षों में हमारी सरकार ने श्रमेव जयते की भावना से एक के बाद एक कई कदम उठाए हैं: PM @narendramodi
— PMO India (@PMOIndia) November 21, 2026
जब आप कोई हुनर सीखते हैं, तो आप केवल मशीनों पर काम नहीं करते। आप लोगों की जिंदगी को आसान बनाते हैं। आप देश का सामर्थ्य बढ़ाते हैं: PM @narendramodi during Kaushal Deekshant Samaroh in Lucknow
— PMO India (@PMOIndia) November 21, 2026
आज भारत, विश्व की स्किल कैपिटल बनने की तरफ आगे बढ़ रहा है: PM @narendramodi at Kaushal Deekshant Samaroh in Lucknow
— PMO India (@PMOIndia) November 21, 2026
मैं देश के हर युवा से कहता हूं कि आपके सामने इस समय पूरा आसमान है…बड़े सपने देखिए, अपने कौशल का विकास करिए और अपने सपनों को पूरा करने के लिए पूरी ताकत लगा दीजिए: PM @narendramodi at Kaushal Deekshant Samaroh in Lucknow
— PMO India (@PMOIndia) November 21, 2026