എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം.
‘മൻ കി ബാത്തി’ലേക്ക് ഒരിക്കൽക്കൂടി നിങ്ങൾക്കെല്ലാവർക്കും സ്വാഗതം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേയും നേട്ടങ്ങൾ ജനങ്ങളുടെ മുന്നിലെത്തിക്കുന്ന ഒരു വേദിയാണ് ‘മൻ കി ബാത്ത്’. അതോടൊപ്പം, സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നമ്മൾ ഇവിടെ സംസാരിക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നു. ഇന്ന് ‘മൻ കി ബാത്തി’ൽ ആദ്യം ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നത് അത്തരമൊരു വിഷയത്തെക്കുറിച്ചാണ്. അതാണ് ഡ്രഗ്സ് അഥവാ ലഹരിക്ക് അടിമപ്പെടുന്ന പ്രവണത. സുഹൃത്തുക്കളേ, ഇന്ന് ലോകമെമ്പാടും ഭാരതത്തിലെ യുവാക്കളുടെ കഴിവുകളെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. നമ്മുടെ യുവാക്കൾ വലിയ സ്വപ്നങ്ങൾ കാണുന്നു. ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ യുവാക്കളുടെ ഈ സ്വപ്നങ്ങൾക്കു മുന്നിൽ ലഹരി ഒരു വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. രാജ്യത്ത് ലഹരിക്കെതിരെയുള്ള സാമൂഹിക ഇടപെടലുകൾ വർധിച്ചുവരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നശാമുക്ത് യുവ കാമ്പയിനും’ വളരെ സജീവമായി മുന്നോട്ടുപോകുകയാണ്. സ്വന്തം ഇച്ഛാശക്തിയിലൂടെ ലഹരിയുടെ പിടിയിൽനിന്ന് മോചനം നേടിയ നിരവധി പ്രചോദനാത്മകമായ അനുഭവങ്ങൾ നമുക്കു മുന്നിലുണ്ട്. ഏറ്റവും കഠിനമായ സാഹചര്യങ്ങളോട് പോരാടി അതിൽനിന്ന് പുറത്തുവന്ന യുവാക്കൾ നിരവധിയാണ്. അവർ തന്നോടുതന്നെ പോരാടി ജീവിതത്തിന് പുതിയൊരു ദിശാബോധം നൽകി. ഇന്ന് ‘മൻ കി ബാത്തി’ൽ അത്തരമൊരു യുവസുഹൃത്തിനെ ഞാൻ ഫോണിൽ വിളിച്ചിട്ടുണ്ട്. ലഹരിക്കെതിരെയുള്ള ഈ പോരാട്ടം അദ്ദേഹം എങ്ങനെയാണ് അതിജീവിച്ചതെന്ന് നമുക്കു കേൾക്കാം. എന്തെല്ലാം പ്രതിസന്ധികളിലൂടെയാണ് അദ്ദേഹം കടന്നുപോയത്? നമുക്ക് അദ്ദേഹത്തെ കേൾക്കാം.
യുവസുഹൃത്ത് : നമസ്കാരം സർ. സുഖമാണോ?
പ്രധാനമന്ത്രി : നമസ്കാരം. ഇന്ന് എനിക്ക് ഒരു പുതിയ സുഹൃത്തിനെ ലഭിക്കുകയാണ്. ഞാൻ ഇതുവരെ നിങ്ങളെ നേരിൽ കണ്ടിട്ടില്ല. എന്നാൽ നിങ്ങളെക്കുറിച്ച് കേട്ടപ്പോൾ…
യുവസുഹൃത്ത് : അതെ, സർ.
പ്രധാനമന്ത്രി : നിങ്ങളോട് സംസാരിക്കണമെന്ന് എനിക്ക് തോന്നി.
യുവസുഹൃത്ത് : തീർച്ചയായും സർ.
പ്രധാനമന്ത്രി : സുഹൃത്തേ, എങ്ങനെയാണ് നിങ്ങൾ ലഹരിയുടെ പിടിയിൽ അകപ്പെട്ടത്? പറയൂ.
യുവസുഹൃത്ത് : സർ, ഞാൻ ഡൽഹിയിലെ സദർ ബസാറിലായിരുന്നു താമസിച്ചിരുന്നത്. അവിടെ എന്റെ അമ്മൂമ്മയുടെ വീടുണ്ടായിരുന്നു. അവിടുത്തെ സാഹചര്യം അൽപ്പം വ്യത്യസ്തമായിരുന്നു. ചെറിയ കുട്ടികൾ പോലും ലഹരി ഉപയോഗിക്കുന്നത് ഞാൻ കണ്ടിരുന്നു. അവരുടെ കണ്ണുകൾ എപ്പോഴും മങ്ങിയിരിക്കുന്നതുപോലെ തോന്നും. അവർ എന്തോ ഉപയോഗിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. പിന്നീട് സ്കൂളിൽ പഠിക്കുമ്പോൾ എന്നേക്കാൾ മുതിർന്ന ക്ലാസ്സിലെ കുട്ടികളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അവരുടേത് ഒരു പ്രത്യേക ജീവിതശൈലിയായിരുന്നു. അത്തരം കാര്യങ്ങളിലേക്കാണ് ഞാൻ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ ചെറിയ തോതിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങി. പതുക്കെപ്പതുക്കെ അതിന്റെ അളവും വർദ്ധിച്ചുവന്നു. വെറുമൊരു കൗതുകത്തിനും വിനോദത്തിനുമായി തുടങ്ങിയ കാര്യങ്ങൾ എപ്പോഴാണ് എന്റെ ശീലമായി മാറിയതെന്ന് എനിക്കുതന്നെ മനസ്സിലായില്ല. പിന്നീട് ലഹരി എനിക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. അത് കിട്ടിയേ തീരൂ എന്ന അവസ്ഥയിലായി. അതില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയായി. ആദ്യം അതിൽനിന്ന് വലിയ സന്തോഷം ലഭിച്ചിരുന്നു. ആ സന്തോഷത്തിനു വേണ്ടിയാണ് ഞാൻ അതെല്ലാം തുടങ്ങിയത്. അതൊരു പ്രത്യേക അനുഭവമായിരുന്നു. എല്ലാം വളരെ നന്നായി പോകുന്നതുപോലെ തോന്നും. യാതൊരു ചിന്തയുമില്ലാതെ ജീവിതം ആസ്വദിക്കുന്നതുപോലെ. എന്നാൽ അതിന്റെ ഭാവിയിലെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു.
പ്രധാനമന്ത്രി: അതിനായി ധാരാളം പണം ചെലവഴിക്കേണ്ടിവന്നിട്ടുണ്ടാകും, അല്ലേ? മറ്റു ദുശ്ശീലങ്ങളും ഉണ്ടായിട്ടുണ്ടാകുമല്ലോ?
യുവസുഹൃത്ത്: അതെ സർ. വീട്ടിൽനിന്ന് പണം വാങ്ങുമ്പോൾ പുസ്തകം വാങ്ങാനാണെന്നും ഫീസ് അടയ്ക്കാനാണെന്നും ചിലപ്പോൾ പിക്നിക്കിന് പോകാനാണെന്നുമൊക്കെയാണ് ഞാൻ പറയാറുണ്ടായിരുന്നത്. എന്നാൽ ആ പണമെല്ലാം ഞാൻ ലഹരി ഉപയോഗിക്കാനാണ് ചെലവഴിച്ചിരുന്നത്.
പ്രധാനമന്ത്രി: ശരി. നിങ്ങളുടെ ജീവിതത്തിൽ ലഹരിയിൽനിന്ന് പുറത്തുകടന്ന് ജീവിതത്തിന് പുതിയൊരു ദിശ നൽകണമെന്ന് നിങ്ങൾ തീരുമാനിച്ച ആ നിർണായക നിമിഷം ഏതാണ്?
യുവസുഹൃത്ത്: സർ, ചെറുപ്പം മുതൽ ഞാൻ എന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയാണ് താമസിച്ചിരുന്നത്. എന്റെ അച്ഛൻ ഞാൻ ചെറുപ്പമായിരിക്കുമ്പോൾ തന്നെ മരിച്ചുപോയി. അതിനുശേഷം അമ്മൂമ്മ എന്റെ അമ്മയെയും എന്നെയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇനി നിങ്ങൾ രണ്ടുപേരും എന്റെ കൂടെ താമസിച്ചാൽ മതിയെന്ന് അമ്മൂമ്മ പറഞ്ഞു. അങ്ങനെ ഞാൻ പതുക്കെ വളർന്നുവന്നു. എന്നിൽ ഒരുപാട് പ്രതീക്ഷകളായിരുന്നു അവർ വെച്ചിരുന്നത്. നമ്മുടെ കുട്ടി നല്ല നിലയിലെത്തണം, നല്ലൊരു മനുഷ്യനാകണം എന്നൊക്കെയായിരുന്നു അവരുടെ സ്വപ്നം. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. ആദ്യം എന്റെ അമ്മ മരിച്ചു. അതുകഴിഞ്ഞ് അധികം താമസിയാതെ അമ്മൂമ്മയും മരിച്ചു. അത് എന്നെ വല്ലാതെ തളർത്തി. കാരണം, ആ സമയത്ത് എന്നെ നോക്കാനും സംരക്ഷിക്കാനും മറ്റാരുമുണ്ടായിരുന്നില്ല. ഞാൻ തീർത്തും അനാഥനായി. തെരുവിലേക്കിറങ്ങേണ്ടിവന്നു. എന്റെ ജീവിതത്തിലെ കുറേ നാളുകൾ തെരുവുകളിലായിരുന്നു. തണുപ്പ്കാലത്ത് ഉരുളക്കിഴങ്ങ് നിറച്ചുവരുന്ന ചാക്കുകളിൽ കിടന്നുറങ്ങിയിട്ടുണ്ട്. സന്നദ്ധസംഘടനകൾ നൽകുന്ന ഭക്ഷണം കഴിച്ചും ഗുരുദ്വാരകളിലെ ലംഗറിൽനിന്ന് ഭക്ഷണം കഴിച്ചുമാണ് പല ദിവസങ്ങളും കഴിഞ്ഞത്. ലഹരി കാരണം ഞാൻ അത്രയേറെ മോശമായ അവസ്ഥയിലേക്കാണ് എത്തിയത്. ഒരു ഘട്ടത്തിൽ മരണം എന്റെ മുന്നിൽത്തന്നെ നിൽക്കുന്നതുപോലെയായിരുന്നു. എന്റെ കൈപിടിച്ച് എന്നെ പൂർണമായും അതിന്റെ പിടിയിലാക്കാൻ മരണം കാത്തുനിൽക്കുന്നതുപോലെ. എന്നാൽ അതിന് എന്റെ വിരൽത്തുമ്പിൽപ്പോലും പിടിക്കാൻ ഞാൻ അവസരം നൽകിയില്ല. ഇതെല്ലാം കണ്ടും അനുഭവിച്ചും ഞാൻ മാനസികമായി പൂർണമായും തകർന്നുപോയിരുന്നു. ഇനി എന്തുചെയ്യും എന്നുപോലും അറിയാത്ത അവസ്ഥയായിരുന്നു. വീട്ടുകാർ എന്നെ പൂർണമായും ഉപേക്ഷിച്ചു. എല്ലാവരും എന്നെ മാറ്റിനിർത്തി. എന്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചതാണ്. അമ്മ എന്നെ അമ്മൂമ്മയുടെ അടുത്തേക്ക് കൊണ്ടുവന്നതായിരുന്നു. അച്ഛന്റെ വീട്ടുകാരുമായി എനിക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അമ്മാവനും അമ്മായിയും പോലും എന്നെ ഉപേക്ഷിച്ചു. എന്റെ സ്വാധീനം അവരുടെ കുട്ടികളിലും ഉണ്ടാകുമോ എന്ന ഭയമായിരുന്നു അവർക്കുണ്ടായിരുന്നത്. അതുകൊണ്ട് എന്നെ മാറ്റിനിർത്തുകയായിരുന്നു. ബന്ധുക്കൾ ആരും എന്നെ അന്വേഷിക്കാൻ ഉണ്ടായിരുന്നില്ല, സർ. ആരും എന്നെ തിരിഞ്ഞുനോക്കിയില്ല. ഞാൻ പൂർണമായും വഴിതെറ്റിപ്പോയിരുന്നു. എന്റെ സുഹൃത്തുക്കളെല്ലാം ലഹരിക്ക് അടിമപ്പെട്ടവരായിരുന്നു. തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരായിരുന്നു അവർ. ലഹരി ഉപയോഗിക്കുക, അത് എങ്ങനെ സംഘടിപ്പിക്കാം, അതിനായി എന്തെല്ലാം ജോലികൾ ചെയ്യണം, എങ്ങനെ തെറ്റായ കാര്യങ്ങളിൽ ഏർപ്പെടണം എന്നിങ്ങനെയുള്ള കാര്യങ്ങളിലായിരുന്നു ഞങ്ങൾ മുഴുകിയിരുന്നത്.
പ്രധാനമന്ത്രി: അല്ല, ഇതിൽനിന്നെല്ലാം പുറത്തുകടക്കണമെന്ന് നിങ്ങൾ തീരുമാനിച്ച ആ നിമിഷം ഏതാണ്? ഈ ദുശ്ശീലങ്ങളിൽനിന്നും നരകതുല്യമായ ഈ ജീവിതത്തിൽനിന്നും മോചനം നേടണമെന്ന് നിങ്ങൾക്ക് തോന്നിയ ആ നിമിഷം ഏതായിരുന്നു?
യുവസുഹൃത്ത്: സർ, എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹം എന്നെ കുറച്ചൊക്കെ പിന്തുണയ്ക്കാറുണ്ടായിരുന്നു. ഒരിക്കൽ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, എനിക്ക് ലഹരി ഉപേക്ഷിക്കണം, അതിന് നിങ്ങൾ എന്നെ സഹായിക്കണം എന്ന്. അദ്ദേഹത്തിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ അദ്ദേഹവും എന്നെ കൈവിട്ടു. എനിക്കൊപ്പം നിൽക്കാൻ അദ്ദേഹത്തിനും കഴിയില്ലെന്ന് പറഞ്ഞു. അത് എന്നെ വീണ്ടും തകർത്തുകളഞ്ഞു. കാരണം, എന്റെ അവസാനത്തെ ആശ്രയം അതായിരുന്നു. ലഹരി കാരണം എനിക്ക് അമ്മയെ നഷ്ടപ്പെട്ടു, അമ്മൂമ്മയെ നഷ്ടപ്പെട്ടു, കുടുംബത്തെ നഷ്ടപ്പെട്ടു. ഇനി ആകെയുണ്ടായിരുന്ന ഈ സുഹൃത്തും എനിക്ക് നഷ്ടമായി. അപ്പോൾ ഞാൻ തീരുമാനിച്ചു. ഇനി എങ്കിലും ജീവിതം നന്നാക്കണം. അതിനുശേഷമാണ് ഡൽഹിയിലെ SPYM (സൊസൈറ്റി ഫോർ ദി പ്രൊമോഷൻ ഓഫ് യൂത്ത് ആൻഡ് മാസ്സസ്സ്) എന്ന പുനരധിവാസ കേന്ദ്രത്തെക്കുറിച്ച് അറിയുന്നത്. അതിന്റെ ഹെഡ് ഓഫീസ് ഡൽഹിയിലെ വസന്ത് കുഞ്ചിലാണ്. ഞാൻ അവിടെ പോയി ചികിത്സ തേടി. ചികിത്സ കഴിഞ്ഞ് പുറത്തുവന്നു. പക്ഷേ സർ, ഞാൻ തനിച്ചായിരുന്നു. പുറത്തുവന്നതിനുശേഷം വീണ്ടും ലഹരിയിലേക്ക് തിരിച്ചുപോയി. വീണ്ടും തെറ്റുപറ്റി. അപ്പോൾ അവിടെയുള്ളവർ എന്നെ വീണ്ടും വിളിച്ചു. തിരിച്ചുവരാൻ പറഞ്ഞു. ഇങ്ങനെ മൂന്നുതവണ സംഭവിച്ചു. ഒടുവിൽ അവർ എന്നോട് വീണ്ടും വീണ്ടും ചോദിച്ചു, എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ ലഹരിയിലേക്ക് തിരിച്ചുപോകുന്നത് എന്ന്. അപ്പോൾ ഞാൻ എന്റെ എല്ലാ പ്രശ്നങ്ങളും അവരോട് തുറന്നുപറഞ്ഞു. ഞാൻ തനിച്ചാണെന്ന കാര്യം അവരോട് പറഞ്ഞു. അവിടെനിന്ന് ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയാൽ എവിടേക്കാണ് പോകേണ്ടത്, എന്റെ വീടെവിടെയാണ്, എവിടെയാണ് താമസിക്കേണ്ടത് എന്നൊന്നും എനിക്കറിയില്ലായിരുന്നു. എനിക്ക് സ്വന്തമായി പോകാൻ ഒരിടവും ഉണ്ടായിരുന്നില്ല, സർ. അതുകൊണ്ടുതന്നെ ഞാൻ വീണ്ടും പഴയ സുഹൃത്തുക്കളുടെ അടുത്തേക്ക് എത്തിച്ചേരുകയായിരുന്നു. കാരണം താമസിക്കാൻ മറ്റൊരിടവും എനിക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പ്രധാനമന്ത്രി: നിങ്ങൾ വളരെ മോശപ്പെട്ട ദിവസങ്ങളിലൂടെയാണ് കടന്നുപോയത്. ലഹരിയിൽനിന്ന് പുറത്തുകടക്കാനുള്ള നിങ്ങളുടെ ശ്രമത്തിലും പല തടസ്സങ്ങളുണ്ടായി. അതായത്, വളരെ വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു അത്. ലഹരി ഉപേക്ഷിക്കണമെന്ന ആഗ്രഹം പോലും നടപ്പാക്കാൻ പ്രയാസമായിരുന്നിരിക്കുമല്ലോ?
യുവസുഹൃത്ത്: സർ, എന്റെ മനസ്സിന്റെ ഒരു ഭാഗം ലഹരി ഉപേക്ഷിക്കണമെന്ന് പറയുമായിരുന്നു. എന്നാൽ മറ്റൊരു ഭാഗം, ജീവിതം ഇനി അധികമൊന്നുമില്ലല്ലോ, കുറച്ചുകാലം കൂടി ലഹരി ഉപയോഗിച്ച് ജീവിച്ച് ജീവിതം അവസാനിപ്പിക്കാം എന്നായിരുന്നു ചിന്തിച്ചിരുന്നത്. എന്നാൽ ഞാൻ ആ ചിന്തയ്ക്ക് വഴങ്ങിയില്ല. പകരം, എന്റെ മനസ്സിന്റെ മറ്റൊരു ശബ്ദമാണ് ഞാൻ കേട്ടത്. ഇല്ല, എനിക്ക് എന്റെ ജീവിതം മെച്ചപ്പെടുത്തണം. എനിക്കുവേണ്ടി എന്തെങ്കിലും ചെയ്യണം. എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് എല്ലാവരും പറഞ്ഞിരുന്നു. വീട്ടുകാരും എന്നെ എന്റെ വഴിക്ക് വിട്ടു. എല്ലാവരും എന്നെ ഉപേക്ഷിച്ചു. എന്നാൽ എനിക്ക് ജീവിതം തിരിച്ചുപിടിക്കണമെന്നായിരുന്നു ആഗ്രഹം.
പ്രധാനമന്ത്രി: സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ലഹരിക്ക് ഇപ്പോഴും അടിമപ്പെട്ടുകഴിയുന്ന രാജ്യത്തെ യുവാക്കളോട് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? അത്തരം കുട്ടികളോട് നിങ്ങൾ എന്തുപറയും?
യുവസുഹൃത്ത്: സർ, തുടക്കത്തിൽ ഇത്തരം കാര്യങ്ങളിൽനിന്ന് വലിയ സന്തോഷം ലഭിക്കുമെന്ന് തോന്നും. എന്നാൽ പിന്നീട് അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത് നമ്മൾ മാത്രമല്ല, നമ്മുടെ കുടുംബം കൂടിയാണ്. ഇതിൽ യാതൊരു പ്രയോജനവുമില്ല. നഷ്ടം മാത്രമാണ് ഉണ്ടാകുന്നത്. നഷ്ടം, നഷ്ടം, നഷ്ടം. അതല്ലാതെ മറ്റൊന്നുമില്ല. ലഹരിക്ക് അടിമപ്പെട്ടിരിക്കുന്ന എല്ലാവരോടും എനിക്ക് ഒരു ചെറിയ സന്ദേശം പറയാനുണ്ട്. നമ്മുടെ ജീവിതം വളരെ വിലപ്പെട്ടതാണ്. വളരെ മനോഹരമാണ്. ആ ജീവിതം ശരിയായ രീതിയിൽ നയിക്കാൻ നമുക്ക് കഴിഞ്ഞാൽ എല്ലാ സന്തോഷങ്ങളും ആസ്വദിക്കാൻ നമുക്ക് കഴിയും.
പ്രധാനമന്ത്രി: വളരെ നല്ലത്. നിങ്ങളോട് സംസാരിക്കാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. നിങ്ങൾ വിജയിച്ച ഈ പോരാട്ടത്തിൽ ഇനിയും വിജയിയായി തുടരാൻ കഴിയട്ടെയെന്ന് ഞാൻ ആശംസിക്കുന്നു. ഇനി ഒരിക്കലും ഈ ദുശ്ശീലത്തിലേക്ക് തിരിച്ചുപോകില്ലെന്ന ഉറച്ച തീരുമാനത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകണം. നിങ്ങൾ കണ്ടുമുട്ടുന്ന എല്ലാവരോടും ഈ വഴി തെറ്റായ വഴിയാണെന്ന് പറഞ്ഞ് അവരെ ബോധവത്കരിക്കുകയും വേണം.
യുവസുഹൃത്ത്: തീർച്ചയായും സർ. നന്ദി സർ.
പ്രധാനമന്ത്രി: ആശംസകൾ സുഹൃത്തേ. ഹൃദയം നിറഞ്ഞ ആശംസകൾ.
യുവസുഹൃത്ത്: നന്ദി സർ.
സുഹൃത്തേ, ലഹരിയുടെ ഭയാനകമായ ആസക്തിയിൽനിന്ന് പുറത്തുകടന്നതിന് ഒരിക്കൽക്കൂടി നിങ്ങളെ അഭിനന്ദിക്കുന്നു. ഇച്ഛാശക്തിയുണ്ടെങ്കിൽ ഏത് ലക്ഷ്യവും നേടിയെടുക്കാൻ കഴിയുമെന്ന് നിങ്ങൾ തെളിയിച്ചിരിക്കുകയാണ്. നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ ലഹരിയുടെ പിടിയിൽനിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്ന നിരവധി യുവാക്കൾക്ക് അതൊരു വലിയ പ്രചോദനമാകും. കുടുംബത്തിനും രാജ്യത്തിനും ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ യുവതലമുറ ലഹരിയിൽനിന്ന് അകന്നുനിൽക്കുക എന്നതാണ്. നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ജീവിതത്തിൽ പുതിയതായി എന്തെങ്കിലും പഠിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന സന്തോഷം ഒന്നു വേറെത്തന്നെയാണ്. പഠനത്തിന് പ്രായപരിധിയുമില്ലല്ലോ. ഇന്ന് രാജ്യത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെക്കുറിച്ചാണ് നിങ്ങളോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. അവരിൽ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള വലിയ ആവേശമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഇവരിൽ പലരും 20-25 വർഷങ്ങളായി സർക്കാർ സേവനത്തിലുള്ളവരാണ്. ഇത്രയും നീണ്ട അനുഭവസമ്പത്തുണ്ടായിട്ടും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനൊപ്പം പുതിയ കാര്യങ്ങൾ പഠിക്കാനും അവർ സമയം കണ്ടെത്തുന്നു. ഇതിനായി അവർ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ സഹായം തേടുന്നുണ്ട്. അതിന്റെ പേരാണ് ‘iGOT കർമ്മയോഗി’. ഈ പ്ലാറ്റ്ഫോമിൽ സർക്കാർ ജീവനക്കാർക്കായി 17 ഭാരതീയ ഭാഷകളിലായി 7,000-ത്തിലധികം കോഴ്സുകൾ ലഭ്യമാണ്. ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർ ഇതിനോടകം നിരവധി കോഴ്സുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. ചിലർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് പഠിക്കുമ്പോൾ മറ്റു ചിലർ ഇന്ത്യൻ സൈൻ ലാംഗ്വേജ് പഠിക്കുന്നു. AI-യും പുതിയ സാങ്കേതികവിദ്യകളും പഠിക്കുന്ന കാര്യത്തിൽ നമ്മുടെ കർമ്മയോഗികളിൽ പ്രത്യേകമായ ആവേശമാണ് ഞാൻ കാണുന്നത്. ഇതുമായി ബന്ധപ്പെട്ട 200-ലധികം കോഴ്സുകളിലായി മൂന്നേകാൽ കോടിയിലധികം കോഴ്സ് കംപ്ലീഷനുകൾ ഇതിനോടകം നടന്നു കഴിഞ്ഞു. സുഹൃത്തുക്കളേ, കേന്ദ്രസർക്കാരിലെ ജീവനക്കാർ മാത്രമല്ല, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജീവനക്കാരും ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുമായി ദിവസവും നേരിട്ട് ബന്ധപ്പെടുന്ന നമ്മുടെ ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരെല്ലാം സർക്കാർ സംവിധാനത്തിന്റെ ഭാഗമായ അത്തരം സഹപ്രവർത്തകരാണ്. ഈ സഹപ്രവർത്തകർ പുതിയ കാര്യങ്ങൾ പഠിക്കുമ്പോൾ, ‘iGOT കർമ്മയോഗി’യുടെ കോഴ്സുകൾ പൂർത്തിയാക്കി യഥാർത്ഥ കർമ്മയോഗികളായി മാറുമ്പോൾ, അതിന്റെ പ്രയോജനം അവർ പ്രവർത്തിക്കുന്ന മേഖലയിലെ ജനങ്ങൾക്കും ലഭിക്കുന്നു. സുഹൃത്തുക്കളേ, ‘നാഗരിക് ദേവോ ഭവ’ അഥവാ പൗരന്മാരെ ദൈവതുല്യരായി കാണുക എന്നതാണ് മിഷൻ കർമ്മയോഗിയുടെ അടിസ്ഥാനമന്ത്രം. രാജ്യത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരിൽ വളർന്നുവരുന്ന ഈ പഠനതാൽപര്യം വികസിത ഭാരതത്തിലേക്കുള്ള നമ്മുടെ യാത്രയിലെ വലിയൊരു ശക്തിയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങളുടെ മൊബൈൽ ഫോൺ എവിടെയെങ്കിലും നഷ്ടപ്പെട്ടുപോയാൽ എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുമെന്ന് ഒന്ന് ചിന്തിച്ചുനോക്കൂ. മൊബൈലിൽ നിങ്ങളുടെ കോൺടാക്ടുകൾ, ഫോട്ടോകൾ, പ്രധാനപ്പെട്ട രേഖകൾ, അതുപോലെ എത്രയോ വിലപ്പെട്ട വിവരങ്ങൾ ഉണ്ടാകും. ഒരിക്കൽ ഫോൺ നഷ്ടപ്പെട്ടാൽ അത് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയും പതുക്കെ ഇല്ലാതാകാൻ തുടങ്ങും. എന്നാൽ ഇനി അങ്ങനെയല്ല. നഷ്ടപ്പെട്ട നിങ്ങളുടെ മൊബൈൽ ഫോൺ തിരികെ ലഭിക്കാൻ വഴിയുണ്ട്. ഇതിനായി ഭാരത സർക്കാരിന്റെ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം നിങ്ങൾക്ക് വലിയ സഹായമാകും. ആ പ്ലാറ്റ്ഫോമിന്റെ പേരാണ് ‘സഞ്ചാർ സാഥി’. ഇതുവരെ ‘സഞ്ചാർ സാഥി’യുടെ പോർട്ടൽ 30 കോടിയിലധികം തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം മൂന്ന് കോടി തവണ അതിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്.
സുഹൃത്തുക്കളേ, ‘സഞ്ചാർ സാഥി’ എങ്ങനെയാണ് ഈ പ്രവർത്തനം നടത്തുന്നതെന്ന് നിങ്ങൾക്ക് സംശയമുണ്ടാകാം. വാസ്തവത്തിൽ ഓരോ മൊബൈൽ ഫോണിനും അതിന്റേതായ ഒരു പ്രത്യേക തിരിച്ചറിയൽ നമ്പറുണ്ട്. അതിനെയാണ് IMEI നമ്പർ എന്ന് പറയുന്നത്. ഈ തിരിച്ചറിയൽ നമ്പറിന്റെ സഹായത്തോടെയാണ് ‘സഞ്ചാർ സാഥി’ നിങ്ങളുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്താൻ സഹായിക്കുന്നത്. പോലീസിൽ പരാതി നൽകുന്നതിനൊപ്പം ‘സഞ്ചാർ സാഥി’യിൽ നിങ്ങളുടെ മൊബൈലിന്റെ IMEI നമ്പറും ആവശ്യമായ മറ്റു വിവരങ്ങളും നൽകി ഫോൺ ബ്ലോക്ക് ചെയ്യാൻ കഴിയും. അതിനുശേഷം മറ്റൊരാൾ അതിൽ പുതിയ സിം കാർഡ് ഇട്ടാലും ആ ഫോൺ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ഇതുകൊണ്ടുമാത്രം ഈ സംവിധാനത്തിന്റെ പ്രത്യേകത അവസാനിക്കുന്നില്ല. ആ മൊബൈലിൽ പുതിയ സിം കാർഡ് ഇട്ട് നെറ്റ്വർക്കുമായി ബന്ധിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പോലീസിന് ആ ഫോൺ കണ്ടെത്തുന്നത് കൂടുതൽ എളുപ്പമാകും. ഈ സംവിധാനത്തിന്റെ സഹായത്തോടെ രാജ്യത്തുടനീളം 14 ലക്ഷത്തിലധികം നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ഇതിനോടകം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അവയുടെ ഉടമകൾക്ക് ഫോണുകൾ തിരികെ നൽകുകയും ചെയ്തു. അതായത്, ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരിച്ചുകിട്ടില്ലെന്ന് കരുതിയിരുന്ന മൊബൈൽ ഫോണുകൾ ഇന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയാണ് നൽകുന്നത്.
സുഹൃത്തുക്കളേ, പരസ്പരം സഹായിക്കാനുള്ള അവസരവും ‘സഞ്ചാർ സാഥി’ നമുക്ക് നൽകുന്നുണ്ട്. ഉദാഹരണത്തിന്, ഒരിക്കൽ നിങ്ങൾക്ക് ഒരു ഫോൺ കോൾ ലഭിച്ചു എന്ന് കരുതുക. ആരോ നിങ്ങളെ കബളിപ്പിക്കാൻ വേണ്ടി OTP ആവശ്യപ്പെടുന്നു. അത് ഒരു തട്ടിപ്പുകാരനാണെന്ന് നിങ്ങൾക്ക് മനസ്സിലായി. നിങ്ങൾ ഉടൻ ഫോൺ കട്ട് ചെയ്തു. നിങ്ങൾ രക്ഷപ്പെട്ടു, എന്നാൽ ആ തട്ടിപ്പുകാരന്റെ അടുത്ത കോൾ മറ്റേതെങ്കിലും പ്രായമായ വ്യക്തിക്കായിരിക്കാം. അദ്ദേഹം ആ തട്ടിപ്പുകാരന്റെ വലയിൽ വീഴാനും സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ ആ സംശയാസ്പദമായ ഫോൺ കോളിന്റെ വിവരം തീർച്ചയായും ‘സഞ്ചാർ സാഥി’യിൽ റിപ്പോർട്ട് ചെയ്യണം. പുണെയിൽ താമസിക്കുന്ന ഹിമാൻഷു സിംഗ് ഇത്തരത്തിൽ 300-ലധികം നമ്പറുകൾ ‘സഞ്ചാർ സാഥി’യിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിശ്രമഫലമായി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏകദേശം 18,000 മൊബൈൽ കണക്ഷനുകൾ റദ്ദാക്കാൻ സഹായകമായി. ഇതുപോലെ ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ താമസിക്കുന്ന വിവേക് അൽഹരിയുമുണ്ട്. ജാഗ്രതയുള്ള ഒരു പൗരന്റെ ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ട് അദ്ദേഹം 900-ലധികം വ്യാജ നമ്പറുകൾ ‘സഞ്ചാർ സാഥി’യിൽ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി ഏകദേശം 17,000 മൊബൈൽ കണക്ഷനുകൾ വിച്ഛേദിക്കാൻ കഴിഞ്ഞു. നിങ്ങളും ഇവരുടെ മാതൃക തീർച്ചയായും ഉൾക്കൊള്ളണം. നിങ്ങളുടെ ഈ ചെറിയൊരു ശ്രമം രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തുള്ള ഒരു കുടുംബത്തിന്റെ ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യം സംരക്ഷിക്കാൻ സഹായിച്ചേക്കാം.
സുഹൃത്തുക്കളേ, നമ്മുടെ ബാങ്കുകൾ, പേയ്മെന്റ് ആപ്പുകൾ, ടെലികോം കമ്പനികൾ, പോലീസ് തുടങ്ങി 1,600-ലധികം സ്ഥാപനങ്ങൾ ‘സഞ്ചാർ സാഥി’യുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിലൂടെ സൈബർ തട്ടിപ്പിനുള്ള നിരവധി ശ്രമങ്ങൾ സമയബന്ധിതമായി തടയാൻ സാധിക്കുന്നുണ്ട്. ഈ സംവിധാനത്തിന്റെ സഹായത്തോടെ ഇതുവരെ 5,000 കോടി രൂപയിലധികം വരുന്ന സാമ്പത്തിക നഷ്ടം സംഭവിക്കാനുള്ള സാധ്യത തടയാൻ കഴിഞ്ഞിട്ടുണ്ട്. ഈ ആപ്പ് 23 ഭാഷകളിൽ ലഭ്യമാണ്. ഉപയോഗിക്കാനും വളരെ എളുപ്പമാണ്. ‘സഞ്ചാർ സാഥി’യെക്കുറിച്ച് കൂടുതൽ കൂടുതൽ ആളുകളെ നിങ്ങൾ പരിചയപ്പെടുത്തണം. നമ്മുടെ ചെറിയ ചെറിയ ജാഗ്രതകൾക്ക് ഡിജിറ്റൽ ലോകത്തെ നമുക്കെല്ലാവർക്കും വേണ്ടി കൂടുതൽ സുരക്ഷിതമാക്കാൻ കഴിയും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മൾ പുതിയൊരു സ്ഥലത്തേക്ക് യാത്ര പോകുമ്പോൾ അവിടുത്തെ പ്രശസ്തമായ സ്ഥലങ്ങൾ കാണാനും അവിടുത്തെ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനുമൊക്കെയാണ് ആഗ്രഹിക്കാറുള്ളത്. എന്നാൽ എനിക്ക് നിങ്ങളോട് ഒരു അഭ്യർത്ഥനയുണ്ട്. നിങ്ങൾ എവിടേക്ക് യാത്ര പോയാലും അവിടെയുള്ള മ്യൂസിയങ്ങളെക്കുറിച്ചും തീർച്ചയായും അന്വേഷിക്കണം. അടുത്തിടെ ഭാരതത്തിലെ മ്യൂസിയങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചില വാർത്തകൾ വലിയ ആവേശം പകരുന്നതാണ്. സുഹൃത്തുക്കളേ, പട്നയിൽ സ്ഥിതി ചെയ്യുന്ന ബിഹാർ മ്യൂസിയത്തിന് ലോകത്തിലെ ഏറ്റവും മികച്ച 100 മ്യൂസിയങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനം ലഭിച്ചിരിക്കുകയാണ്. ഈ പട്ടികയിൽ ഏഷ്യയിലെ തന്നെ ഒന്നാം സ്ഥാനത്താണ് ബിഹാർ മ്യൂസിയം. പാരീസിലെ ‘ലൂവ്ര് മ്യൂസിയ’ത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ. ന്യൂയോർക്കിലെ ‘ദ മെറ്റ്’ മ്യൂസിയവും ലോകപ്രശസ്തമാണ്. ഈ രണ്ട് മ്യൂസിയങ്ങളെയും പിന്തള്ളിയാണ് ബിഹാർ മ്യൂസിയം ഈ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സുഹൃത്തുക്കളേ, ഗുജറാത്തിലെ വഡ്നഗറിലും വളരെ സവിശേഷമായ ഒരു മ്യൂസിയമുണ്ട്. അതിന്റെ പേരാണ് ‘അനന്ത് അനാദി വഡ്നഗർ ആർക്കിയോളജിക്കൽ എക്സ്പീരിയൻഷ്യൽ മ്യൂസിയം’. വഡ്നഗറിൽ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഖനനത്തിനിടെ ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ ഖനനം നടന്ന അതേ സ്ഥലത്തുതന്നെയാണ് ഇപ്പോൾ മ്യൂസിയം വികസിപ്പിച്ചിരിക്കുന്നത്. ഭൂമിക്കടിയിൽ നിരവധി മീറ്റർ ആഴത്തിൽ നടത്തിയ ഖനനപ്രവർത്തനങ്ങൾ സന്ദർശകർക്ക് നേരിട്ട് കാണാൻ കഴിയുന്ന തരത്തിലുള്ള ഒരു പ്രത്യേക പാതയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വഡ്നഗർ മ്യൂസിയത്തിൽ അയ്യായിരത്തിലധികം പുരാതന കലാവസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ മാസം ബെർലിനിൽ നടന്ന ചടങ്ങിൽ വഡ്നഗർ മ്യൂസിയത്തിന് ഡിസൈൻ രംഗത്തെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായ ‘റെഡ് ഡോട്ട്: ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് അവാർഡ്’ ലഭിച്ചു. ഈ പുരസ്കാരം നേടുന്ന ഭാരതത്തിലെ ആദ്യത്തെ മ്യൂസിയമാണിത്. സുഹൃത്തുക്കളേ, ആയിരക്കണക്കിന് വർഷങ്ങളായി സജീവമായി നിലനിൽക്കുന്ന നഗരമാണ് വഡ്നഗർ. കാശിയെപ്പോലെതന്നെ. അതിലും ഒരു പ്രത്യേകതയുണ്ട്. ഞാൻ ജനിച്ചത് വഡ്നഗറിലാണ്. കാശിയുടെ പാർലമെന്റ് അംഗവുമാണ് ഞാൻ. കുറച്ചുദിവസങ്ങൾക്കു മുമ്പ് കാഞ്ചി കാമകോടി പീഠത്തിലെ പൂജനീയനായ ശങ്കരാചാര്യരും വഡ്നഗർ സന്ദർശിച്ചിരുന്നു. അദ്ദേഹം വഡ്നഗറിനെ ‘ഗുജറാത്തിന്റെ കാശി’ എന്നാണ് വിശേഷിപ്പിച്ചത്.
സുഹൃത്തുക്കളേ, കലാരംഗത്തും ഭാരതം വലിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇറ്റലിയിലെ വെനീസിൽ വളരെ പ്രശസ്തമായ ഒരു കലാപ്രദർശനം നടക്കാറുണ്ട്. അതാണ് ‘വെനീസ് ആർട്ട് ബിനാലെ’. കലാലോകത്തെ ഒളിമ്പിക്സ് എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഇത്തവണ അവിടെ ഏകദേശം നാലരലക്ഷം ആളുകളാണ് ഭാരതത്തിന്റെ പവലിയൻ സന്ദർശിച്ചത്. അതിലും വലിയ പ്രത്യേകത, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ സന്ദർശകർ വോട്ടെടുപ്പിലൂടെ ഭാരതത്തിന്റെ പവലിയനെ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തു എന്നതാണ്. ഭാരതത്തിന്റെ പരമ്പരാഗത കലാരൂപങ്ങളെ പുതിയ രീതിയിൽ അവതരിപ്പിച്ചാൽ അത് ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ്സ് കീഴടക്കുമെന്ന് നമ്മുടെ കലാകാരന്മാർ തെളിയിച്ചിരിക്കുകയാണ്. സുഹൃത്തുക്കളേ, ഇപ്പോൾ ഭാരതത്തിലും കല, വാസ്തുവിദ്യ, ഡിസൈൻ എന്നിവയുടെ വലിയൊരു ഉത്സവം നടക്കാൻ പോകുകയാണ്. ഡിസംബർ മാസത്തിലെ ആദ്യവാരത്തിൽ തന്നെ ഡൽഹിയിൽ ‘ഇന്ത്യ ബിനാലെ’യ്ക്ക് തുടക്കമാകും. ഇത്തവണ 108 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിന്റെ ഭാഗമാകുന്നത് രാജ്യത്തെ ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും ആർട്ട് ഗാലറികളുമാണ്. എന്റെ എല്ലാ പ്രിയപ്പെട്ട നാട്ടുകാരോടും എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്. നിങ്ങൾ സമയം കണ്ടെത്തി ഈ പരിപാടി സന്ദർശിക്കണം. നിങ്ങളുടെ കുട്ടികളെയും തീർച്ചയായും ഒപ്പം കൂട്ടണം. നമ്മുടെ പൈതൃകത്തെക്കുറിച്ച് എത്രത്തോളം കൂടുതൽ അറിയുന്നുവോ, അത്രത്തോളം സമ്പന്നമായിരിക്കും ഭാരതത്തെ അറിയാനുള്ള നമ്മുടെ യാത്ര.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ശൈത്യകാലത്തെക്കുറിച്ച് പറയുമ്പോൾ ശർക്കരയുടെ മധുരത്തെക്കുറിച്ച് പറയാതിരിക്കാൻ കഴിയുമോ! നൂറ്റാണ്ടുകളായി നമ്മുടെ വീടുകളിൽ രുചിയുടെയും ആരോഗ്യത്തിന്റെയും കലവറയായ ശർക്കര ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്തുകയാണ്. തമിഴ്നാട്ടിലെ ഈറോഡിൽനിന്നുള്ള പനഞ്ചക്കര ആദ്യമായി യൂറോപ്പിലെത്തിയിരിക്കുകയാണ്. തനതായ രുചിക്കൊപ്പം മികച്ച ഗുണനിലവാരവും ഇതിനുണ്ട്. ‘മൻ കി ബാത്തി’ൽ നമ്മൾ മുമ്പും തേൻമധുരത്തെക്കുറിച്ചും സ്വീറ്റ് റെവല്യൂഷനെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ നമ്മുടെ പനഞ്ചക്കരയുടെ മധുരവും പുതിയ പുതിയ വിപണികളിലേക്ക് എത്തുകയാണ്.
സുഹൃത്തുക്കളേ, ഇന്ത്യൻ ചോക്ലേറ്റുകളും ലോകത്ത് സ്വന്തമായൊരു ഇടം നേടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ചോക്ലേറ്റിന്റെയും കൊക്കോ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുടെയും കയറ്റുമതിയിൽ ഏകദേശം 25 ശതമാനം വർധനവുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചോക്ലേറ്റ് നിർമാണരംഗത്തുള്ള സംരംഭകരും പുതിയ ആശയങ്ങളുമായി മുന്നോട്ടുവരുന്നുണ്ട്. ഇന്ന് ഈ മേഖലയിൽ നമ്മുടെ നിരവധി സ്റ്റാർട്ടപ്പുകൾ പുതിയ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും നടത്തുകയാണ്. പ്രാദേശികമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് പല സ്റ്റാർട്ടപ്പുകളും പുതിയ രുചിയിലുള്ള ചോക്ലേറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ നമ്മുടെ കർഷകർക്കും അമ്മമാർക്കും സഹോദരിമാർക്കും യുവസംരംഭകർക്കുമെല്ലാം പുതിയ അവസരങ്ങൾ ലഭിക്കുകയാണ്. സുഹൃത്തുക്കളേ, ചോക്ലേറ്റും ഗുജറാത്തിലെ കച്ചും തമ്മിൽ അത്ഭുതകരമായ ഒരു ബന്ധമുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഒട്ടകപ്പാലിൽനിന്നാണ് ആ ചോക്ലേറ്റ് തയ്യാറാക്കുന്നത്. ഇവിടെ ഒട്ടകം വളർത്തുന്നവർ നൽകുന്ന പാൽ ഉപയോഗിച്ച് അമുൽ ചോക്ലേറ്റ്, കുങ്കുമപ്പൂവിന്റെ രുചിയുള്ള പാൽ, രാജ്ഭോഗ് ഐസ്ക്രീം തുടങ്ങിയവയും നിർമിക്കുന്നുണ്ട്. ഒട്ടകപ്പാലുമായി ബന്ധപ്പെട്ട കണക്കുകൾ ഏറെ ആവേശം പകരുന്നതാണ്. സർഹദ് ഡയറിയിൽ ഒട്ടകപ്പാലിന്റെ പ്രതിദിന ശേഖരണം 1,300 ലിറ്ററിൽനിന്ന് 5,500 ലിറ്ററായി വർധിച്ചിരിക്കുകയാണ്. 2017-18 കാലയളവിനെ അപേക്ഷിച്ച് ഇത് നാലിരട്ടിയിലധികമാണ്. ഇപ്പോൾ ഒട്ടകപ്പാൽ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന പാക്കറ്റുകളിലും ലഭ്യമാണ്. ഇതിന്റെ പൊടിയും തയ്യാറാക്കുന്നുണ്ട്. ഇതിലൂടെ കച്ചിൽനിന്ന് അകലെയുള്ള ഉപഭോക്താക്കളിലേക്കും ഒട്ടകപ്പാൽ എത്തിക്കാൻ കഴിയുന്നു. സുഹൃത്തുക്കളേ, ഒട്ടകപ്പാലിന് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. പ്രമേഹമുള്ളവർക്ക് ഇത് നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു. ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്കും ഇത് മികച്ചൊരു ബദലാകാം. ഇതിൽ കൊഴുപ്പിന്റെയും കൊളസ്ട്രോളിന്റെയും അളവും കുറവാണ്. സുഹൃത്തുക്കളേ, സൂറത്തിലെ ഷ്മിറ്റൻ (Schmitten) ചോക്ലേറ്റും ഇന്ന് ‘മെയ്ഡ് ഇൻ ഇന്ത്യ ഫൈൻ ചോക്ലേറ്റ്’ എന്ന നിലയിൽ ലോകമെമ്പാടും പ്രത്യേകമായൊരു ഇടം നേടിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് ഇന്ന് സ്റ്റൈലിഷായ ചോക്ലേറ്റ് ബൊട്ടിക്കുകളുടെ പുതിയൊരു പ്രവണതയും കാണാൻ കഴിയുന്നുണ്ട്. ഇവിടെ ചോക്ലേറ്റിനൊപ്പം ആഡംബരപൂർണമായ ഒരു അനുഭവവും ലഭിക്കുന്നു. അതിൽ ഭാരത പാരമ്പര്യത്തിന്റെ മനോഹരമായൊരു സ്പർശവുമുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ മധുരത്തിന്റെ പാരമ്പര്യം ഇന്ന് പുതിയ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ മുന്നേറുകയാണ്. അതിന്റെ മധുരം നമ്മുടെ കർഷകരുടെയും യുവസംരംഭകരുടെയും ജീവിതത്തിലും നിറയുകയാണ്.
സുഹൃത്തുക്കളേ, ചോക്ലേറ്റിനെക്കുറിച്ച് ഒരുപാട് സംസാരിച്ചു. ഇനി വ്യായാമത്തെക്കുറിച്ചും അൽപ്പം സംസാരിക്കേണ്ടേ! സൈക്ലിംഗ് അതിനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ്. ഫിറ്റ് ഭാരതത്തിന്റെ ‘സൺഡേസ് ഓൺ സൈക്കിൾ’ പരിപാടി 100 എഡിഷനുകൾ പൂർത്തിയാക്കിയതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. 2024 ഡിസംബറിൽ ആരംഭിച്ചതുമുതൽ ഇന്നുവരെ ഒരു ഞായറാഴ്ച പോലും ഈ പരിപാടി മുടങ്ങിയിട്ടില്ല. 30,000-ത്തിലധികം സ്ഥലങ്ങളിലായി ഏകദേശം 37 ലക്ഷം ആളുകൾ ഇതിനോടകം ഇതിന്റെ ഭാഗമായിക്കഴിഞ്ഞു. പുണെയിൽനിന്നും മറ്റൊരു സന്തോഷവാർത്തയുണ്ട്. 2032-ലെ UCI റോഡ് വേൾഡ് ചാമ്പ്യൻഷിപ്പ് ഇവിടെ നടക്കാൻ പോകുകയാണ്. കായികരംഗത്ത് ഭാരതം തുടർച്ചയായി പുതിയ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഫുട്ബോൾ ടീം പത്താം തവണയും സാഫ് ചാമ്പ്യൻഷിപ്പ് നേടി റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ബാഡ്മിന്റണിൽ ലക്ഷ്യ സെൻ ജർമനിയിലും ജപ്പാനിലും തുടർച്ചയായി രണ്ട് സൂപ്പർ 500 കിരീടങ്ങൾ നേടി. കുമാമോട്ടോ മാസ്റ്റേഴ്സ് കിരീടം നേടുന്ന ആദ്യ ഭാരതീയനായി അദ്ദേഹം മാറി. അതേസമയം പി.വി. സിന്ധു ഹൈലോ ഓപ്പൺ വിജയിച്ച് മറ്റൊരു കിരീടം കൂടി ഭാരതത്തിന്റെ പേരിൽ കുറിച്ചു. നമ്മുടെ യുവ ചാമ്പ്യന്മാർക്ക് മറ്റൊരു വലിയ അവസരം കൂടി വരാനിരിക്കുകയാണ്. തെലങ്കാനയിലെ ആറ് നഗരങ്ങളിലായി ഡിസംബർ 11 മുതൽ 22 വരെ എട്ടാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് സംഘടിപ്പിക്കും. എല്ലാ കായികതാരങ്ങൾക്കും ഞാൻ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. കളിക്കൂ, ശോഭിക്കൂ!
സുഹൃത്തുക്കളേ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശൈത്യകാലം ആരംഭിച്ചുകഴിഞ്ഞു. കാലാവസ്ഥ മാറുന്ന ഈ സമയത്ത് നമ്മുടെ ആരോഗ്യത്തിലും ശാരീരികക്ഷമതയിലും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഫിറ്റ് ഇന്ത്യ മൂവ്മെന്റിനെ നമുക്ക് പൂർണ ആവേശത്തോടെ മുന്നോട്ടുകൊണ്ടുപോകാം. ഭക്ഷണത്തിൽ എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കണമെന്ന് ഞാൻ നിങ്ങളോട് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. ആ കാര്യം കൂടി ഓർമയിലുണ്ടാകണം. അമിതവണ്ണം നമ്മുടെ രാജ്യത്തിന് മുന്നിലുള്ള വലിയൊരു വെല്ലുവിളിയാണ്. ഒരിക്കലും നാം അതിനെ നിസ്സാരമായി കാണരുത്. വർധിച്ചുവരുന്ന അമിതവണ്ണം പലതരത്തിലുള്ള രോഗങ്ങൾക്കും കാരണമാകുന്നു. അതുകൊണ്ട് നമ്മുടെ ഭക്ഷണശീലങ്ങളിലും വ്യായാമത്തിലും എപ്പോഴും ജാഗ്രത പുലർത്തണം.
സുഹൃത്തുക്കളേ, നമ്മുടെ ഭാരതഭൂമിയിൽനിന്ന് ഒഴുകിയെത്തുന്ന സേവനമനോഭാവം ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ കഴിയുന്ന നമ്മുടെ പ്രവാസി ഭാരതീയരും ഇത്തരം നിരവധി സേവനപ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങി സംഭാവനകൾ നൽകിവരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഇത്തരം സേവനപ്രവർത്തനങ്ങളെക്കുറിച്ച് ഇടയ്ക്കിടെ ഞാൻ ‘മൻ കി ബാത്തി’ലൂടെ നിങ്ങളോട് പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കാനഡയിൽ നടക്കുന്ന അത്തരത്തിലുള്ള ചില പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ എനിക്ക് അവസരം ലഭിച്ചു. അതിലൊന്നാണ് ‘സായി ധാം ഫുഡ് ബാങ്ക്’. ആരും വിശന്നുറങ്ങരുത് എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഈ പദ്ധതിയിലൂടെ ഇന്ന് ഗ്രേറ്റർ ടൊറന്റോയിലും ഹാമിൽട്ടണിലുമായി ഓരോ മാസവും ഏകദേശം 60,000 ആളുകൾക്ക് സഹായം ലഭിക്കുന്നുണ്ട്. പ്രായമായവരിലേക്കും ഭിന്നശേഷിക്കാരിലേക്കും ഈ ഫുഡ് ബാങ്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. കാനഡയിൽ റെഡ് എഫ്.എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കുൽവീന്ദർ സംഘേരയും ഇത്തരമൊരു പ്രശംസനീയമായ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും സേവനപ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള ഒരു മാധ്യമമായി അദ്ദേഹം കമ്മ്യൂണിറ്റി റേഡിയോയെ മാറ്റിയിരിക്കുകയാണ്. ഗുരുനാനാക് ദേവിന്റെ ഉപദേശങ്ങളും സിഖ് മതത്തിന്റെ സേവനമനോഭാവവുമാണ് അദ്ദേഹത്തിന്റെ ഈ പ്രവർത്തനങ്ങൾക്ക് പ്രചോദനമായിരിക്കുന്നത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ചുദിവസങ്ങൾക്കു മുമ്പാണ് നമ്മൾ ‘പ്രകാശ് പർവ്’ ആഘോഷിച്ചത്. ഡൽഹിയിൽ നടന്ന ശബ്ദ്കീർത്തനത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു. ആ പുണ്യാനുഭവം എന്നും എന്റെ മനസ്സിൽ നിലനിൽക്കും. സുഹൃത്തുക്കളേ, നമ്മുടെ സിഖ് ഗുരുക്കന്മാരുടെ ചിത്രങ്ങൾ കാണുമ്പോൾ മനസ്സ് ഭക്തിയും ആദരവുംകൊണ്ട് നിറയും. ഈ മനോഹരമായ പുണ്യചിത്രങ്ങൾ ആരാണ് വരച്ചതെന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. സിഖ് ഗുരുക്കന്മാരുടെ ഇത്തരം മനോഹരമായ ചിത്രങ്ങൾ വരച്ച മഹാനായ കലാകാരനായിരുന്നു ഷോഭാ സിംഗ്. ഇന്ന്, നവംബർ 29-ന് അദ്ദേഹത്തിന്റെ 125-ാം ജന്മവാർഷികമാണ്. കുറച്ചുകാലം അദ്ദേഹം സൈന്യത്തിൽ ഡ്രാഫ്റ്റ്സ്മാനായും ജോലി ചെയ്തിരുന്നു. ആ സമയത്ത് ബാഗ്ദാദിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഷോഭാ സിംഗിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നാണയം പുറത്തിറക്കുന്നത് സിഖ് സമൂഹത്തിലും വലിയ സന്തോഷം സൃഷ്ടിച്ചിട്ടുണ്ട്. സുഹൃത്തുക്കളേ, മറ്റൊരു മഹത് വ്യക്തിയെക്കുറിച്ചും ‘മൻ കി ബാത്തി’ന്റെ ശ്രോതാക്കളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ബി.എൻ. റാവുവാണ്. നമ്മുടെ ഭരണഘടനയുടെ രൂപീകരണത്തിൽ ബി.എൻ. റാവുവിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ടായിരുന്നു. രണ്ടുദിവസം മുമ്പാണ് നമ്മൾ ഭരണഘടനാ ദിനം ആഘോഷിച്ചത്. നാളെ, അതായത് നവംബർ 30-ന് ബി.എൻ.റാവുവിന്റെ ചരമവാർഷികമാണ്. ഇന്ത്യൻ ഭരണഘടനയുടെ രൂപരേഖ തയ്യാറാക്കുന്നതിൽ അദ്ദേഹം നൽകിയ ചരിത്രപരമായ സംഭാവനകൾ രാജ്യം എന്നും ഓർമിക്കും. അദ്ദേഹത്തിനും ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഓരോ മാസവും ‘മൻ കി ബാത്തി’നുവേണ്ടി നിങ്ങൾ അയച്ചുതരുന്ന സന്ദേശങ്ങളിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അത്ഭുതകരമായ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ എനിക്ക് അവസരം ലഭിക്കുന്നു. നിരവധി ആളുകളുടെ നല്ല പ്രവർത്തനങ്ങൾ നിങ്ങളുടെ സഹായത്തോടെയാണ് രാജ്യത്തിന് മുന്നിലെത്തുന്നത്. ഇതുപോലെതന്നെ നിങ്ങളുടെ അനുഭവങ്ങളും ചിന്തകളും നിർദേശങ്ങളും തുടർന്നും എന്നോട് പങ്കുവയ്ക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അടുത്ത മാസം നമ്മൾ വീണ്ടും ഒത്തുചേരുമ്പോൾ ദേശവാസികളുടെ ഇത്തരം ചില പ്രചോദനാത്മകമായ അനുഭവങ്ങൾ വീണ്ടും ചർച്ച ചെയ്യാം. നിങ്ങളും നിങ്ങളുടെ കുടുംബവും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടെ. പിന്നെ, ഫിറ്റ് ഇന്ത്യ മറക്കരുത്. കാലാവസ്ഥ വളരെ മനോഹരമാണ്. തീർച്ചയായും അൽപ്പസമയം വ്യായാമത്തിനായി മാറ്റിവയ്ക്കണം. എല്ലാവർക്കും വളരെ നന്ദി, നമസ്ക്കാരം.
-SK-
****
Today's #MannKiBaat brings inspiring efforts of people making a difference across India. Do hear! https://t.co/XVWNJaKgQm
— PMO India (@PMOIndia) November 29, 2026
Many young people are inspiring others by overcoming drug addiction through determination and willpower. #MannKiBaat https://t.co/uxMg72vidv
— PMO India (@PMOIndia) November 29, 2026
In today's #MannKiBaat, PM @narendramodi spoke to a young man who overcame drug addiction and shared his journey and struggles. https://t.co/3a9wHo1Aid
— PMO India (@PMOIndia) November 29, 2026
Learning has no age limit! #MannKiBaat https://t.co/yHz86xSsiB
— PMO India (@PMOIndia) November 29, 2026
Lost your mobile phone? Here's what you MUST DO! The Sanchar Saathi app helps users track lost or stolen mobile phones, report suspected fraud calls and make the digital space safer. #MannKiBaat https://t.co/CHF6Jf5cgg
— PMO India (@PMOIndia) November 29, 2026
India's museums are making headlines globally! #MannKiBaat https://t.co/M4ZAeRSVb6
— PMO India (@PMOIndia) November 29, 2026
India's traditional art is winning hearts across the world! After recognition at the Venice Art Biennale, India is now set to host its own India Biennale. Beginning in Delhi this December, the celebration will showcase India's rich art, architecture and heritage. #MannKiBaat https://t.co/OWvTKbFOAi
— PMO India (@PMOIndia) November 29, 2026
A sweet blend of tradition and innovation is putting Indian chocolate on the world map! #MannKiBaat https://t.co/kPhTeGmQeN
— PMO India (@PMOIndia) November 29, 2026
The spirit of Seva! The Indian diaspora is contributing to community service around the world. Here is an inspiring effort from Canada. #MannKiBaat https://t.co/MOTH2fHi0Y
— PMO India (@PMOIndia) November 29, 2026
The iconic portraits of the Sikh Gurus were created by renowned artist Sobha Singh Ji, whose 125th birth anniversary is being celebrated today. #MannKiBaat https://t.co/hSF8dOD3zu
— PMO India (@PMOIndia) November 29, 2026