Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും : ഇന്ത്യ, യു.എന്‍. ധാരണാപത്രം


ഇന്ത്യയും, വനിതാ ശാക്തീകരണത്തിനും ലിംഗസമത്വത്തിനുമായുള്ള ഐക്യരാഷ്ട്ര സംഘടനയായ യു.എന്‍. വിമനുമായി ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

നിയമ നിര്‍മ്മാണം, നയരൂപീകരണം, പരിപാടികള്‍ എന്നിവയിലൂടെ ലിംഗ സമത്വത്തിനായുള്ള അവസരങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ വിനിയോഗിക്കുന്നതിന് പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന് സാങ്കേതിക സഹായം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ധാരണാപത്രം.

പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വനിത പ്രതിനിധികളുടെ ശാക്തീകരിക്കുന്നതിലും, പഞ്ചായത്തീരാജ് സ്ഥാപനങ്ങളില്‍ വനിതകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയവും, യു.എന്‍. വിമനും നേരത്തെ തന്നെ സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിലൂടെ ആര്‍ജ്ജിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ലിംഗ നീതിയോട് പ്രതികരിക്കുന്ന തരത്തിലുള്ള പങ്കാളിത്ത ഭരണ മാതൃക വികസിപ്പിച്ചെടുക്കുന്നതിനും നിയമങ്ങള്‍, നയ പരിപാടികള്‍, പദ്ധതികള്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കുന്നതിനും ഇരുകൂട്ടരും യോജിച്ച് പ്രവര്‍ത്തിക്കും. വനിതാ ശാക്തീകരണം, ലിംഗസമത്വം, സദ്ഭരണം തുടങ്ങിയ യോജിപ്പുള്ള മേഖലയില്‍ അന്യോന്യം ഗുണകരമാകുന്ന സംരംഭങ്ങളെ തുണയ്ക്കാനും ഇരുകക്ഷികളും യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഗ്രാമീണ വനിതകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഈ സഹകരണം ഉതകും. കൂടാതെ സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവിചനങ്ങളും ഇല്ലായ്മ ചെയ്യുമെന്ന് ബീജിംഗ് കണ്‍വെന്‍ഷന് ഇന്ത്യ നല്‍കിയ ഉറപ്പ് പാലിക്കാനും ഇത് സഹായകരമാകും.

ഐക്യരാഷ്ട്ര വികസന സഹായ ചട്ടക്കൂടിന് (യു.എന്‍.ഡി.എ.എഫ്) കീഴില്‍ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയവും സംയുക്തമായി നിര്‍ണ്ണയിക്കുന്ന നിശ്ചിത പ്രവൃത്തികളുടെ സമയബന്ധിതമായ നടപ്പാക്കലിനും നിര്‍ദ്ധിഷ്ട ധാരണാപത്രം സഹായകരമാകും.

ആന്ധ്രാ പ്രദേശ്, തെലുങ്കാന, ഒഡിഷ, കര്‍ണ്ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലെ ജില്ല, ഉപജില്ലാ തലങ്ങളിലായിരിക്കും ധാരണാപത്രം പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.