പിഎം ഇന്ത്യ
2015-16 ലെ പൊതു ബജറ്റില്‍ പ്രഖ്യാപിച്ച ഗോള്‍ഡ് മോണറ്റൈസേഷന്‍ പദ്ധതിയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിലവിലുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയെന്നതും, സ്വര്‍ണ്ണം സമാഹരിക്കുക മാത്രം ചെയ്യുന്നതിലുപരി, കുടുംബങ്ങളിലും, സ്ഥാപനങ്ങളിലും സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയെന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ആഭ്യന്തര ആവശ്യം നേരിടുന്നതിനായി സ്വര്‍ണ്ണം ഇറക്കുമതി ചെയ്യേണ്ടിവരുന്നത് കുറയ്ക്കുകയെന്നതും പദ്ധതിയുടെ ദീര്‍ഘകാല ലക്ഷ്യമാണ്.
കയറ്റുമതി രംഗത്ത് ഇന്ത്യയ്ക്ക് പ്രധാന സംഭാവനകള്‍ നല്‍കുന്ന രത്‌ന, ആഭരണ വ്യാപാര രംഗത്തിന് ഗോള്‍ഡ് മോണറ്റൈസേഷന്‍ പദ്ധതി ഗുണകരമാകും. 2014-15 കാലയളവിലെ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 12 ശതമാനം സംഭാവന ചെയ്തത് രത്‌ന, ആഭരണ വ്യാപാര രംഗമാണ്. ഇതില്‍ സ്വര്‍ണ്ണാഭരണങ്ങളുടെ മൂല്യം മാത്രം ഏകദേശം 13 ബില്യണ്‍ ഡോളര്‍ വരും. ഗോള്‍ഡ് മോണറ്റൈസേഷന്‍ പദ്ധതിയിലൂടെ സമാഹരിക്കുന്ന സ്വര്‍ണ്ണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ്ണ ശേഖരത്തില്‍ സൂക്ഷിക്കുന്നതിലൂടെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് തുകയില്‍ കുറവ് വരുത്താനാകും.