Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രാഷ്ട്രത്തിനു സമര്‍പ്പിക്കും, ഗുജറാത്തില്‍ രണ്ടു പൊതുയോഗങ്ങളില്‍ പ്രസംഗിക്കും


ഗുജറാത്തിലെ കെവാദിയയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് 2017 സെപ്റ്റംബര്‍ 17നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിക്കും.
അടുത്തിടെ അണക്കെട്ടിന്റെ ഉയരം 138.68 മീറ്ററായി ഉയര്‍ത്തുകയും ഉപയോഗയോഗ്യമായ സംഭരണശേഷി 4.73 മില്യണ്‍ ഏക്കര്‍ ഫീറ്റാ(എം.എ.എഫ്.)യി ഉയര്‍ത്തുകയും ചെയ്തിരുന്നു. പങ്കാളിത്തമുള്ള സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇതു ഗുണം ചെയ്യും.
ഗുജറാത്തില്‍ ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലേക്ക് വലിയ കനാലുകള്‍ വഴിയും പൈപ്പ്‌ലൈന്‍ ശൃംഖല വഴിയും നര്‍മദയിലെ വെള്ളമെത്തിക്കാന്‍ ഈ പദ്ധതി സഹായകമായിട്ടുണ്ട്. പദ്ധതിയില്‍നിന്നു പത്തു ലക്ഷത്തോളം കര്‍ഷകര്‍ക്കു കൃഷിക്കാവശ്യമായ വെള്ളവും വിവിധ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി നാലു കോടി പേര്‍ക്കു കുടിവെള്ളവും ലഭ്യമാക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ. ജലമെത്തിക്കാന്‍ മനുഷ്യന്‍ നടത്തിയ ഏറ്റവും വലിയ ശ്രമങ്ങളിലൊന്നാണ് ഈ പദ്ധതി. നൂറു കോടി യൂണിറ്റ് ജലവൈദ്യുതി പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കാന്‍ സാധിക്കും.
ഇവിടെനിന്ന് സര്‍ദാര്‍ പട്ടേലിന്റെ സ്മാരകമായി സ്റ്റാച്യു ഓഫ് യൂണിറ്റിയും സ്മാരക കെട്ടിടവും നിര്‍മിച്ചുവരുന്ന സാധു ബെറ്റിലേക്കാണു പ്രധാനമന്ത്രി പോകുക. പദ്ധതിപ്രവര്‍ത്തനത്തിന്റെ പുരോഗതി സംബന്ധിച്ചു പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിക്കപ്പെടും. 182 മീറ്റര്‍ ഉയരമുള്ള പ്രതിമയും പ്രദര്‍ശന ഹാളും സ്മാരകപ്പൂന്തോപ്പും സന്ദര്‍ശക കേന്ദ്രവും ഉള്‍പ്പെടുന്നതാണു പദ്ധതി.
നര്‍മദ മഹോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ സംബന്ധിക്കുന്ന പ്രധാനമന്ത്രി ധാബോയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യും. ദേശീയ ഗോത്രവര്‍ഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയത്തിന്റെ തറക്കല്ലിടല്‍ കര്‍മവും അദ്ദേഹം നിര്‍വഹിക്കും.
അംറേലിയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. എ.പി.എം.സിയുടെ പുതിയ മാര്‍ക്കറ്റ് യാഡിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് അമര്‍ ഡയറിയുടെ പുതിയ പ്ലാന്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും തേല്‍ ഉല്‍പാദന കേന്ദ്രത്തിനു തറക്കല്ലിടുകയും ചെയ്യും. സഹകാര്‍ സമ്മേളനത്തില്‍ പ്രസംഗിക്കുകയും ചെയ്യും.