പിഎം ഇന്ത്യ
റെയില്‍വേയുടെ വിവിധ മേഖലകളില്‍ ദീര്‍ഘകാല സഹകരണത്തിനും പങ്കാളിത്തത്തിനുമായി ഇന്ത്യയും മൊറോക്കന്‍ നാഷണല്‍ റെയില്‍വേയ്സ് ഓഫീസും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കി. 2017 ഡിസംബര്‍ 14 നാണ് ധാരണാപത്രം ഒപ്പുവെച്ചത്.
താഴെപ്പറയുന്ന മേഖലകളില്‍ സാങ്കേതിക സഹകരണത്തിന് ഈ സഹകരണ കരാര്‍ സഹായിക്കും:
1) പരിശീലനവും ജീവനക്കാരുടെ വികസനവും
2) വിദഗ്ധ ദൗത്യങ്ങള്‍, പരിചയ സമ്പത്തും ജീവനക്കാരെയും കൈമാറ്റം ചെയ്യല്‍
3) വിദഗ്ധരുടെ കൈമാറ്റമടക്കമുള്ള പരസ്പര സാങ്കേതിക സഹായം
പശ്ചാത്തലം;
റെയില്‍വേ മേഖലയില്‍ സാങ്കേതിക സഹകരണത്തിനായി വിവിധ വിദേശ ഗവണ്മെന്റുകളുമായും ദേശീയ റെയില്‍വേകളുമായും കേന്ദ്ര റെയില്‍വേ മന്ത്രാലയം ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. അതിവേഗ റെയില്‍വേ ഇടനാഴികള്‍, നിലവിലുള്ള റൂട്ടുകളില്‍ വേഗത വര്‍ദ്ധിപ്പിക്കല്‍, ലോക നിലവാരത്തിലുള്ള സ്റ്റേഷനുകള്‍ വികസിപ്പിക്കല്‍, ഹെവി ഹോള്‍ ഓപറേഷന്‍സ്, റെയില്‍വേ അടിസ്ഥാനസൗകര്യങ്ങളുടെ ആധുനികവത്കരണം എന്നിവ പരസ്പരം സഹകരിക്കുന്ന മേഖലകളില്‍ ഉള്‍പ്പെടുന്നു. റെയില്‍വേ സാങ്കേതിക വിദ്യയും പ്രവര്‍ത്തനവും, വിജഞാനം പങ്കുവെക്കല്‍, സാങ്കേതിക സന്ദര്‍ശനങ്ങള്‍, ഇരു രാജ്യങ്ങള്‍ക്കും പരസ്പരം താല്പര്യമുള്ള മേഖലകളില്‍ പരിശീലനം, സെമിനാറുകള്‍, ശില്‍പ്പശാലകള്‍ എന്നിവ സംഘടിപ്പിക്കല്‍ എന്നിവ വഴിയാണ് സഹകരണം നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്.
റെയില്‍വേ രംഗത്തെ ഏറ്റവും പുതിയ വികാസങ്ങളും അറിവും മനസ്സിലാക്കുന്നതിനും പങ്കുവെക്കുന്നതിനും ഈ ധാരണാപത്രം സഹായിക്കും. സാങ്കേതിക വിദഗ്ധര്‍, റിപ്പോര്‍ട്ടുകള്‍, സാങ്കേതിക രേഖകള്‍, പ്രത്യേക സാങ്കേതിക മേഖലകള്‍ക്ക് ഊന്നല്‍ നല്കി പരിശീലന പരിപാടികള്‍/സെമിനാറുകള്‍/ ശില്‍പ്പശാലകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും ധാരണപത്രം സഹായിക്കും.