Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലക്‌നോവില്‍ ഉത്തര്‍പ്രദേശ് നിക്ഷേപക ഉച്ചകോടി-2018 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീ രാം നായിക് ജി, മുഖ്യമന്ത്രി ശ്രീ യോഗി ജി, എന്റെ സഹപ്രവര്‍ത്തകരേ, മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളേ, ലക്‌നോ നഗരത്തിലെ ജനപ്രതിനിധികളേ, ആഭ്യന്തര മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, മൗറീഷ്യസ് മുന്‍ പ്രധാനമന്ത്രി ശ്രീ അനെറൂദ് ജുഗ്‌നൗത് ജി, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരേ, നിക്ഷേപകരേ, സംരംഭകരേ, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് വിശിഷ്ഠാതിഥികളേ,

മാറ്റം എന്നു പറയുന്നത് സുവ്യക്തമായ കാര്യമാണ്. ഈ നിക്ഷേപക മഹാസംഗമം വളരെ വിപുലമായ രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇവിടെ തടിച്ചു കൂടിയിരിക്കുന്ന  നിക്ഷേപകരുടെ  സാന്നിധ്യം തന്നെ വലിയ മാറ്റമാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ സംസ്ഥാനത്തെ പുരോഗതിയുടെയും വികസനത്തിന്റെയും പാതയിലേയ്ക്കു വിജയകരമായി നയിച്ച ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ജിയെയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളെയും, ഉദ്യോഗസ്ഥരെയും, സംസ്ഥാനത്തെ  പോലീസ് വകുപ്പിനെയും ഉത്തര്‍ പ്രദേശിലെ മുഴുവന്‍ പൗരന്മാരെയും  ഞാന്‍ അഭിനന്ദിക്കുന്നു.

ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ക്ക് കഴിഞ്ഞ കാലങ്ങളിലെ അവസ്ഥയെക്കുറിച്ചും അതിനുള്ള കാരണങ്ങളെക്കുറിച്ചും നന്നായി അറിയാം.

 മറന്നിട്ടില്ല. ഇവിടെ സാധാരണക്കാര്‍ ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും സാഹചര്യത്തിലാണ് ജീവിതം തള്ളി നീക്കിയിരുന്നത്. അപ്പോള്‍ വ്യവസായികളെ നമുക്ക് എങ്ങനെ പ്രതീക്ഷിക്കാനാവും. വികസനത്തെക്കുറിച്ചോ, ചെറുപ്പക്കാര്‍ക്കുള്ള തൊഴില്‍ അവസരങ്ങളെക്കുറിച്ചോ, ഇടത്തരക്കാരുടെ ആഗ്രഹങ്ങളെക്കുറിച്ചോ ആ സാഹചര്യത്തില്‍ സംസാരിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. യോഗി ജിയുടെ ഗവണ്‍മെന്റ് സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന്, നിരാശയില്‍ നിന്ന്, അസ്വസ്ഥതകളില്‍ നിന്ന് പ്രതീക്ഷയുടെ പ്രകാശ കിരണത്തിലേക്ക് നയിച്ചു. അതിന്റെ പേരില്‍ ഞാന്‍ അദ്ദേഹത്തെ അഭിനനന്ദിക്കുന്നു. പുതിയ ഉത്തര്‍ പ്രദേശിന്റെ അടിത്തറ തയാറായിക്കഴിഞ്ഞു. ഈ വിശുദ്ധ യജ്ഞത്തിനു നിങ്ങള്‍ ഓരോരുത്തരും നല്‍കിയ സംഭവനകളുടെ പേരില്‍ ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങളെ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

 

ഒരു പഴഞ്ചൊല്ലുണ്ട് –

കോസ് കോസ് പര്‍ ബദ്‌ലെ പാനി, ചാര്‍കോസ് പര്‍ വാണി

 

ഉത്തര്‍ പ്രദേശിന് വേണ്ടത്ര വിഭവങ്ങളുണ്ട്.  നൂറ്റാണ്ടുകളായി, ഓരോ പ്രദേശത്തിനും അതിന്റേതായ തനതു വ്യക്തിത്വവും ഉണ്ട്. തുണികളിലെ ചികന്‍ എംബ്രോയിഡറികള്‍ക്ക് പ്രശസ്തമാണ് ലക്‌നോ. മലിഹാബാദിലെ മാമ്പഴങ്ങള്‍്  ലോകവിപണിയില്‍ സുപ്രസിദ്ധമാണ്. ബദോഹിയിലെ കമ്പളങ്ങള്‍, ബനാറസിലെ സര്‍ദോസി, മൊറാദാബാദിലെ വെങ്കല പാത്രങ്ങള്‍ തുടങ്ങിയവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു. ഫിറോസാബാദിലെ സ്ഫടികം ഏറെ തിളങ്ങുന്നു. അതുപോലെ തന്നെ ആഗ്ര പേഠയും,  കന്നൗജിലെ പരിമളങ്ങളും ലോക പ്രശസ്തമാണ്.  ബനാറസില്‍ നമുക്കു സുന്ദരമായ സുപ്രഭാതങ്ങളും അവഥില്‍ സായാഹ്നങ്ങളും ഉണ്ട്. കൂടാതെ നമുക്ക് താജ്മഹലും, സാര്‍നാഥും, അയോധ്യയും, മഥുരയും കാശിയുമുണ്ട്.  രാമലീലയുടെയും  കൃഷ്ണലീലകളുടെയും നാടാണ് ഇത്. മഹാ നദികളായ ഗംഗയും യമുനയും സരയൂവും  ഈ നാടിനെ അനുഗ്രഹിച്ചിരിക്കുന്നു. കാണ്‍പൂര്‍ ഐഐടി, ഐഐഎം ലക്‌നോ, ബനാറസ് ഹിന്ദു സര്‍വകലാശാല തുടങ്ങി മഹത്തായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഉത്തര്‍ പ്രദേശിന് മഹത്വപൂര്‍ണമായ  ഒരു പൂര്‍വ്വകാലമുണ്ട്, അതുപോലെ സമ്പന്നമായ ഒരു വര്‍ത്തമാന കാലവും. സംസ്ഥാനത്തിന്റെ തുണി വ്യവസായം,  വിനോദസഞ്ചാരം ,സംസ്‌കാരം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നിന്ന് ഇത് കൃത്യമായി ഗ്രഹിക്കാം. ഇന്ത്യയുടെ കിഴക്കന്‍ മേഖലയ്ക്കു മാത്രമല്ല ഈ രാജ്യത്തിനു മുഴുവനും വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള ഉത്തോലകമായി മാറാന്‍ ഈ സംസ്ഥാനത്തിനു സാധിക്കും.

സഹോദരീ സഹോദരന്മാരേ,

ഭക്ഷ്യധാന്യങ്ങള്‍, ഗോതമ്പ്, കരിമ്പ്, പാല്‍, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ  ഉത്പാദനത്തില്‍ ഇന്ന് ഒന്നാം സ്ഥാനത്തു നില്ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ രാജ്യത്ത് യഥാക്രമം രണ്ടും മൂന്നും സ്ഥാനമാണ് അതിനുള്ളത്. ചെറുകിട വ്യവസായങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനവും ഉത്തര്‍ പ്രദേശിനാണ്.

കടന്നു പോയ വര്‍ഷങ്ങളിലെ പ്രയാസമേറിയ ചുറ്റുപാടുകള്‍ക്കിടയിലും ഈ സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേയ്ക്കു തിരികെ എത്തിച്ചതിന് യുപിയിലെ എന്റെ സഹോദരി സഹോദരന്മാരെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള ഈ മത്സരത്തില്‍ ചില വിഷയങ്ങള്‍ വളരെ അടിയന്തിരമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ചോദ്യം ഇതാണ്, ഭാവിയില്‍ എന്തു സംഭവിക്കും. ഉത്തര്‍ പ്രദേശിന്റെ ശേഷി ഇതില്‍ നിയന്ത്രിക്കപ്പെട്ടു കഴിഞ്ഞോ?. ഉത്തര്‍ പ്രദേശ് അതിന്റെ സാധ്യതകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തിക്കഴിഞ്ഞോ.

 

 

സുഹൃത്തുക്കളേ,

ഉത്തര്‍ പ്രദേശിന് അതിന്റേതായ മൂല്യങ്ങളും ഗുണങ്ങളും ഉണ്ട്. പക്ഷെ, അതിന് ഒരു മൂല്യവര്‍ധനവിന്റെ ആവശ്യവും ഉണ്ട്. ആ മൂല്യ വര്‍ധനവ് തൊഴില്‍ സംസ്‌കാരത്തിലും കച്ചവട സംസ്‌കാരത്തിലും മാത്രമല്ല, യുപിയുടെ മറ്റ് എല്ലാ മേഖലകളിലും  അതു വേണം. ഈ ഒരു കാഴ്ചപ്പാടോടെയാണ് യോഗി ജിയുടെ ഗവണ്‍മെന്റ് തീരുമാനങ്ങള്‍ സ്വീകരിക്കുകയും  പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നത് എന്നതില്‍ എനിക്ക് ആഹ്ലാദമുണ്ട്.  വ്യാവസായിക മൂലധന നിക്ഷേപത്തെയും തൊഴില്‍ മേഖലയെയും ബന്ധിപ്പിച്ചുകൊണ്ടാണ് നയങ്ങള്‍ രൂപീകരിക്കപ്പെടുന്നത്. നെയ്ത്ത്, ഇലക്ട്രോണിക്‌സ്, ഉത്പാദനം, ഐടി, വിനോദസഞ്ചാരം, പാരമ്പര്യേതര ഊര്‍ജ്ജം, സ്വയം തൊഴില്‍ തുടങ്ങി വിവിധ മേഖലകള്‍ക്കായി വിവിധ പദ്ധതികളാണ് യോഗിജിയുടെ ഗവണ്‍മെന്റ് നടപ്പാക്കുന്നത്. ഇപ്പോള്‍ യുപിയില്‍ വ്യവസായികള്‍ക്ക് ചുവപ്പു നാടയ്ക്കു പകരം ചുവപ്പു പരവതാനിയാണ്. അതിന് ഒരുദാഹരണമാണ് വ്യവസായികള്‍ക്കു വേണ്ടിയുള്ള ഡിജിറ്റല്‍ ക്ലിയറന്‍സ് സിസ്റ്റം.  വ്യവസായം തുടങ്ങുന്നതിന്  നിശ്ചിത സമയത്തിനുള്ളില്‍ ഓണ്‍ലൈനായി ലൈസന്‍സ് ലഭിക്കുന്ന ഏകജാലക സംവിധാനമാണിത്. ഇവിടെ മനുഷ്യര്‍ തമ്മിലുള്ള ഇടപെടല്‍ വളരെ കുറവാണ്. യുപിയില്‍ ബിസിനസ് ആരംഭിക്കുന്നത് എളുപ്പമാക്കുന്നതിനുള്ള  വളരെ പ്രധാനപ്പെട്ട ഒരു നടപടിയാണ് ഇത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും നല്‍കിയ വാഗ്ദാനങ്ങള്‍ യോഗി ഗവണ്‍മെന്റ് വളരെ ഗൗരവത്തോടെ നിറവേറ്റുകയാണ്. നെല്ലു സംഭരണം നാലിരട്ടിയായും കരിമ്പിന്റെ പണം നല്കല്‍ 40 ശതമാനവും വര്‍ധിച്ചിട്ടുണ്ട് എന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. എല്ലാവര്‍ക്കും വൈദ്യുതി പ്രചാരണ പരിപാടിയുമായി യുപി ഗവണ്‍മെന്റ് സഹകരിക്കുന്നുണ്ട്. പ്രാദേശിക വ്യവസായ സമൂഹത്തിന് ഇതിന്റെ പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളേ,

ഫലഭൂയിഷ്ഠമായ ഗംഗാതടങ്ങള്‍ കൊണ്ട് അനുഗൃഹീതമാണ് യുപി. സംസ്ഥാനത്തെ 60 ശതമാനം ജനങ്ങളും തൊഴില്‍ എടുക്കുന്നതിന് ശേഷിയുള്ള പ്രായ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. എല്ലാവര്‍ക്കും വൈദ്യുതി എന്ന പദ്ധിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് യുപി ഗവണ്‍മെന്റും പ്രവര്‍ത്തിക്കുന്നു. പ്രാദേശിക വ്യവസായങ്ങള്‍ക്ക് ഇതിന്റെ പ്രയോജനങ്ങള്‍ വേണ്ടത്ര ലഭിക്കും.

യുപിയ്ക്ക് അനന്തമായ സാധ്യതകള്‍ ഉണ്ട് എന്ന് ആവര്‍ത്തിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സാധ്യതകളും നയങ്ങളും ആസൂത്രണവും പ്രകടനവും ഒന്നിക്കുമ്പോഴാണ് പുരോഗതി കൈവരുന്നത്. ഒരു സൂപ്പര്‍ ഹിറ്റ് പ്രകടനത്തിനാണ് യോഗി ഗവണ്‍മെന്റും യുപിയിലെ ജനങ്ങളും തയാറായിരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ നൂറ്റാണ്ടില്‍  4.0 സാങ്കേതിക വിദ്യകള്‍  മൊത്തം മൂല്യ ശൃംഖലയെ കൂടുതല്‍ ഇണങ്ങുന്നതും കാര്യക്ഷമവും മികച്ച ഗുണനിലവാരവും ഉള്ളതാക്കുന്നു. പ്രദര്‍ശനത്തില്‍ ചില പ്രത്യേക സാങ്കേതിക വിദ്യകള്‍ ഞാന്‍ കാണുകയുണ്ടായി.  വിവര സാങ്കേതിക വിദ്യയുടെ മേഖലയില്‍, ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക്‌സ് സേവനം, ഇലക്ട്രോണിക്‌സ് ഉത്പ്പന്ന നിര്‍മ്മണം തുടങ്ങിയവയ്ക്ക് വലിയ സാധ്യതകള്‍ കാണുന്നുണ്ട്. രാജ്യത്ത് എറ്റവും കൂടുതല്‍ സ്മാര്‍ട്ട് നഗരങ്ങളും അമൃത് നഗരങ്ങളും ഉള്ളത് ഉത്തര്‍ പ്രദേശിലാണ്.

സഹോദരീ സഹോദരന്മാരെ,

ഏതാനും വര്‍ഷം മുമ്പ് മഹാരാഷ്ട്രയില്‍ ഇതുപോലൊരു നിക്ഷേപ സംഗമത്തില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ ലക്ഷ്യം ഒരു ട്രില്യണ്‍ ഡോളര്‍ ഇക്കോണമിയായി മാറുക എന്നതായിരുന്നു. ഇന്ന് നിങ്ങളുമായി മറ്റൊരാശയം പങ്കുവയ്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍  പറഞ്ഞ ട്രില്യണ്‍ ഡോളര്‍ നേട്ടത്തിനായി മഹാരാഷ്ട്രയ്‌ക്കൊപ്പം ഉത്തര്‍ പ്രദേശിനും  മത്സരിച്ചുകൂട?െ വിവിധ സംസ്ഥാനങ്ങളുമായി വിവിധ തലങ്ങളില്‍,  വിവിധ മേഖലകളില്‍, യുപി ഗവണ്‍മെന്റിനു മത്സരിച്ചു കൂട?െ ഇത് സംസ്ഥാനത്തിന്റെ വികസനത്തിനും പുതിയ തൊഴില്‍ മേഖലകള്‍ തുറക്കുന്നതിനും സഹായകമാകും. ആരോഗ്യകരമായ ഈ മത്സരം ഫെഡറലിസത്തെ ശാക്തീകരിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

എംഎസ്എംഇ  എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ ഉത്തര്‍ പ്രദേശിന്റെ സമ്പദ് വ്യവസ്ഥയില്‍ വളരെ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. അതൊരു ബൃഹത്  ശൃംഖലയാണ്.  കൃഷി കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ നല്കുന്ന മേഖല എംഎസ്എംഇ  തന്നെ. ഉത്തര്‍ പ്രദേശില്‍ 50 ലക്ഷം എംഎസ്എംഇ യൂണിറ്റുകള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജനങ്ങളുടെ കഠിനാധ്വാനമാണ് ഉത്തര്‍ പ്രദേശിനെ കരകൗശല വസ്തുക്കള്‍, സംസ്‌കരിച്ച ഭക്ഷ്യ ഉത്പ്പന്നങ്ങള്‍, കമ്പളങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, തുകല്‍ ഉത്പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഇന്ത്യയിലെ പ്രധാന കയറ്റുമതി സംസ്ഥാനമാക്കി മാറ്റിയിരിക്കുന്നത്.  എല്ലാ സംസ്ഥാനത്തും ഈ എംഎസ്എംഇ മേഖലയെ സജീവമാക്കി നിര്‍ത്തുന്ന  പ്രത്യേക ഉത്പ്പന്നങ്ങള്‍ ഉണ്ട്. പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും നിലവിലുള്ള മേഖലകളിലെ വരുമാനം എങ്ങനെ വര്‍ധിപ്പിക്കാം എന്നകിനെക്കുറിച്ചും നാം വീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഈ വസ്തുത മുന്‍ നിര്‍ത്തി ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റ് ഒരു ജില്ല, ഒരു ഉത്പ്പന്നം എന്ന പദ്ധതി ആരംഭിച്ചതില്‍ എനിക്ക സന്തോഷമുണ്ട്. ഇതിലൂടെയാണ് മാറ്റം സംഭവിക്കുക എന്നു ഞാന്‍ വിശ്വസിക്കുന്നു.  ക്ലസ്റ്റര്‍ സമീപനം നമുക്ക് സുപരിചിതമാണ്. പക്ഷെ ഒരു ജില്ല, ഒരു ഉത്പ്പന്നം പദ്ധതി സമഗ്രമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കും. ഈ പദ്ധതി വഴി പ്രാദേശിക തലത്തില്‍ നൈപുണ്യ വികസനം, ഉത്പന്ന വിപണനം, പായ്ക്കിംഗ,് ബ്രാന്‍ഡിങ് തുടങ്ങിയവ വളരെ അനായാസം ചെയ്യാന്‍ സാധിക്കും.

 

സഹോദരീ സഹോദരന്മാരേ,

ഒരു സംസ്ഥാനത്തിന് ഇരട്ട എന്‍ജിന്റെ ശക്തി ലഭിക്കുമ്പോള്‍ അത്  അതിവേഗം പുരോഗമിക്കും എന്ന് ഉത്തര്‍പ്രദേശ്  തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഞാന്‍ സാധാരണ പറയുമായിരുന്നു. ഒരു ജില്ല, ഒരു ഉല്‍പ്പന്നത്തിന് തീര്‍ച്ചയായും കേന്ദ്ര ഗവണ്‍മെന്റിന്റെ പിന്തുണ ഉണ്ടാവും. അതായത്  സ്‌കില്‍ ഇന്ത്യ മിഷന്‍, സ്റ്റാന്‍ഡ് അപ് ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, മുദ്രാ യോജന എന്നീ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വഴി കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഈ പദ്ധതിക്ക് ലഭിക്കും.

ഈ പദ്ധതിക്കു കീഴില്‍ കേന്ദ്ര ഗവണ്‍മെന്റ് 10 ലക്ഷം കോടി രൂപയ്ക്കു മേല്‍  വായ്പ അനുവദിച്ചിട്ടുണ്ട്. സ്വയം തൊഴിലുകള്‍ക്കായി ജാമ്യമില്ലാതെ നാലു ലക്ഷം കോടി രൂപയിലധികം ബാങ്ക് വായ്പ  അനുവദിച്ചു. മൂന്നു ലക്ഷം രൂപ മുദ്രാ വായ്പയായി നല്‍കാന്‍ ഈ ബജറ്റില്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഒരു ജില്ല, ഒരു ഉത്പ്പന്നം പദ്ധതിയും മൂദ്രാ വായ്പയും ചേര്‍ന്ന് എംഎസ്എംഇ മേഖലയുടെ പുനരുജ്ജീവനത്തെ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ, വൈദഗ്ധ്യത്തെയും കാര്യക്ഷമതയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനെ കുറിച്ചും നാം ചിന്തിക്കണം.  മീററ്റില്‍ ആരെങ്കിലും ലോകോത്തര നിലവാരത്തിലുള്ള ഒരു പാത്രം നിര്‍മ്മിക്കുന്നുവെങ്കില്‍ അതിന്റെ ലോക നിലവാരത്തിലുള്ള ബ്രാന്‍ഡിംഗും വിപണനവും നിര്‍വഹിക്കുന്ന ഒരു സ്ഥാപനം കൂടി ആരംഭിക്കുന്നതിനെ കുറിച്ച് ഉടന്‍ തന്നെ നാം ചിന്തിക്കണം.അന്താരാഷ്ട്ര നിലവാരമുള്ള വിതരണ സേവന സംവിധാനം ഉണ്ടെങ്കില്‍ സ്വാഭാവികമായി തന്നെ ലോകോത്തര പ്രതിഭകള്‍ അതിലേയ്ക്ക് ആകര്‍ഷിക്കപ്പെടും.

സുഹൃത്തുക്കളേ,

കാര്‍ഷിക മേഖലയില്‍ നാം ഒരു കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. കൃഷിയിടങ്ങളില്‍ നിന്ന് വിപണിയിലേയ്ക്കുള്ള മാര്‍ഗ്ഗമധ്യേ പഴങ്ങളും പച്ചക്കറികളും പോലുള്ള കാര്‍ഷികേത്പ്പന്നങ്ങള്‍ വന്‍ തോതില്‍ ഉപയോഗ ശൂന്യമായി പോകുന്നു. ഓരോ വര്‍ഷവും നമ്മുടെ  രാജ്യത്തെ കൃഷിക്കാര്‍ക്ക് ഈ ഇനത്തില്‍ നഷ്ടമാകുന്നത് 90 000 കോടി  മുതല്‍ ഒരു ലക്ഷം  കോടി വരെ രൂപയാണ്.

ഉദാഹരണത്തിനു ഉരുളക്കിഴങ്ങ്. ഉത്തര്‍ പ്രദേശാണ് നമ്മുടെ രാജ്യത്ത് ഏറ്റവും അധികം ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നത്. മുമ്പ് വീടുകളില്‍ ഉരുളക്കിഴങ്ങ് ചിപ്‌സ് നിര്‍മ്മിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. കാരണം ഇപ്പോള്‍  ഉരുളക്കിഴങ്ങു ചിപ്‌സ് നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍ ഗ്രാമങ്ങളില്‍ പോലും പ്രവര്‍ത്തിക്കുന്നു. കൃഷിക്കാര്‍ക്ക് അവിടെ ചരക്ക് നേരിട്ട് എത്തിക്കാം. രാജ്യത്തെ ആയിരം കോടി വിപണികളില്‍ കൃഷിക്കാര്‍ക്ക് നേരിട്ട് ചരക്ക് എത്തിക്കാനുള്ള സൗകര്യമുണ്ട്. ദശേരി മാമ്പഴങ്ങള്‍ പ്രശസ്തമാണ്. പക്ഷെ ഇത് ശരിയായി ശേഖരിച്ചു വയ്ക്കാനും വിറ്റഴിക്കാനും സൗകര്യം ഉല്ലാത്തതു മൂലം മാമ്പഴങ്ങള്‍ ഉപയോഗ ശൂന്യമായി പോകുന്നു. അന്താരാഷ്ട്ര നിലവാരമുള്ള സംഭരണ വിപണന ശൃംഖല സ്ഥാപിച്ച്  ഈ മാമ്പഴങ്ങള്‍ സംഭരിക്കാനും ദേശീയ അന്തര്‍ ദേശീയ വിപണിയില്‍ വില്‍കാനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. മാമ്പഴ പള്‍പ്പില്‍ നിന്ന് പോഷക ഗുണമുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. നാം, കര്‍ഷകരെയും വ്യവസായത്തെയും തമ്മില്‍ ബന്ധിപ്പിച്ചാല്‍ മാത്രം മതി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍ പ്രദേശ്. പക്ഷേ എങ്ങനെ അതിന്റെ പരമാവധി മൂല്യവര്‍ധനവ് സാധിക്കാം? കൃഷിയിടത്തില്‍ നിന്നു ഫോര്‍ക്കിലേക്കുള്ള മൊത്തം അടിസ്ഥാന സൗകര്യത്തെ എങ്ങിനെ ആധുനികവത്ക്കരിക്കാം? ആ ദിശയിലും നാം ചുവടുകള്‍ വയ്ക്കണം.

പഴം, പച്ചക്കറികള്‍, ധാന്യങ്ങള്‍, മറ്റു ഭക്ഷ്യവിളകള്‍ എന്നിവ  പാഴായി പോകുന്നതു തടയുക, ഉത്പാദകരായ കൃഷിക്കാരും വ്യവസായികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ  ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രധാന്‍ മന്ത്രി കിസാന്‍ സമ്പാദ യോജന നടപ്പാക്കിയിരിക്കുന്നത്. കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും നഷ്ടം കുറയ്ക്കുന്നതിനും ഈ ദിശയില്‍ ഗവണ്‍മെന്റു സ്വീകരിച്ചിരിക്കുന്ന സുപ്രധാന നടപടികളില്‍ ഒന്നാണ് ഈ പദ്ധതി. ഉല്‍പ്പന്നങ്ങള്‍ അഴുകി പാഴാകുന്നത് തടയുക,  കൃഷിക്കാരെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്  ഭക്ഷ്യ സംസ്‌കരണ വ്യവസായത്തില്‍ 100 ശതമാനം വിദേശ മൂലധന നിക്ഷേപം ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത്.

സുഹൃത്തുക്കളേ,

കൃഷിയിട മാലിന്യങ്ങളെയും ഉപോല്‍പ്പന്നങ്ങളെയും ധനമാക്കി മാറ്റാനുള്ള അനന്തസാധ്യകള്‍ ഉത്തര്‍ പ്രദേശിന് ഉണ്ട്. ഏറ്റവും കൂടുതല്‍ കരിമ്പ് കൃഷി ചെയ്യുന്ന സംസ്ഥാനം എന്ന നിലയില്‍ വന്‍ തോതില്‍ എഥനോള്‍ ഉത്പാദിപ്പിക്കാന്‍ യുപിയ്ക്ക് വലിയ സാധ്യതയാണുള്ളത്.  യുപിയുടെ ജൈവ ഇന്ധന മേഖലയുടെ  വികസനം ദേശീയ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ പോലും അനുഭവപ്പെടുന്നു. ശുദ്ധമായ ഊര്‍ജ്ജത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ദിശയിലെ സുപ്രധാന കാല്‍വയ്പായിരിക്കും അത്. സംസ്ഥാനം ഒരു ജൈവ ഇന്ധന നയം തന്നെ തയാറാക്കിയിരിക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതു മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കാണ്  ഈ നയം സഹായകമാകുന്നത്.  ഈ നടപടികളുടെയെല്ലാം മൊത്തം നേട്ടം 2022 ല്‍ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുക എന്ന നമ്മുടെ ലക്ഷ്യസാക്ഷാത്ക്കാരമാണ്.

സുഹൃത്തുക്കളേ,

ഇന്ന്, ഈ സവിശേഷ സന്ദര്‍ഭത്തില്‍ ഒരു സുപ്രധാന പ്രഖ്യാപനം കൂടി നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പ്രഖ്യാപനം യുപിക്കു മാത്രമല്ല, ഈ രാജ്യത്തിനാകമാനം പ്രധാനപ്പെട്ടതാണ്. ഈ ബജറ്റില്‍ നാം രാജ്യത്ത് രണ്ടു പ്രതിരോധ വ്യവസായ ഇടനാഴികള്‍ സ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനം നടത്തിയിരുന്നു. അതില്‍ ഒന്ന് ഉത്തര്‍ പ്രദേശിലാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഈ വ്യവസായ ഇടനാഴി ബുന്ധേല്‍ഖണ്ഡ് മേഖലയുടെ വികസനം ലക്ഷ്യമാക്കി ആഗ്ര, അലിഗഡ്, ലക്‌നോ, കാണ്‍പൂര്‍, ത്സാന്‍സി, ചിത്രകൂടം എന്നീ പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തി വികസിപ്പിക്കും. ഇതിന്  20,000 കോടി രൂപയുടെ നിക്ഷേപ സാധ്യതയാണ് കാണുന്നത്. ഏകദേശം രണ്ടര ലക്ഷം ആളുകള്‍ക്ക് ഇതില്‍ നേരിട്ട് തൊഴിലവസരങ്ങള്‍ ഉണ്ടാകും.  പൂര്‍വാഞ്ചല്‍, ബുന്ധേല്‍ഖണ്ഡ്  എന്നീ എക്‌സ്പ്രസ് പാതകളുടെ നിര്‍മ്മാണത്തിലൂടെ യോഗിജിയുടെ ഗവണ്‍മെന്റ് ഈ രണ്ടു മേഖലകളെയും വ്യവസായവത്ക്കരിക്കാന്‍ പോവുകയാണ്.

സഹോദരീ സഹോദരന്മാരേ,

മുമ്പ് യുപിയ്ക്ക് മൂന്നു വിമാനത്താവളങ്ങളാണ് ഉണ്ടായിരുന്നത് –  ലക്‌നോ, വരാണാസി, ഗോരഖ്പൂര്‍. ഇപ്പോള്‍ കുശിനഗറിലും ജെവാറിലും ഓരോ വിമാനതാവളങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. ഇതു കൂടാതെ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആഗ്ര, കാണ്‍പൂര്‍, അലഹബാദ്, ബറേലി, ത്സാന്‍സി, ചിത്രകൂടം, മുറാദാബാദ്, അലിഗഡ്, അസംഗ്ര തുടങ്ങി  സംസ്ഥാനത്തെ 11 നഗരങ്ങളില്‍ കൂടി വിമാനതാവളങ്ങള്‍ നിര്‍മ്മിക്കും. ഈ നഗരങ്ങളിലും ഇനി ഫ്‌ളൈറ്റ് സൗകര്യങ്ങള്‍ ലഭിക്കും. നമ്മുടെ രാജ്യത്തെ സാധാരണക്കാരനും വിമാനത്തില്‍ സഞ്ചരിക്കണം എന്നതാണ് എന്റെ സ്വപ്‌നം.

ഉത്തര്‍ പ്രദേശില്‍ ഇപ്പോള്‍ വിമാനതാവളങ്ങള്‍ അധികമില്ല. എന്നിട്ടും വ്യോമയാത്രികരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവുണ്ടു താനും. ഇത് രാജ്യ ശരാശരിയെക്കാല്‍ കൂടുതലാണ്. അപ്പോള്‍ പുതിയ വിമാന താവളങ്ങള്‍ കൂടി പ്രവര്‍ത്തന ക്ഷമമാകുന്നതോടെ സംസ്ഥാനത്ത് ഉണ്ടാകാന്‍ പോകുന്ന മാറ്റത്തെ നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കും.

രാജ്യത്തെ ഏറ്റവും വലിയ റെയില്‍ ശൃംഖല ഉത്തര്‍ പ്രദേശിലാണ്. അതിന്റെ ദൈര്‍ഘ്യം 9000 കിലോമീറ്ററാണ്. ദേശീയ പാതകളുടെ കാര്യത്തിലും സുപ്രധാന സ്ഥാനം ഉത്തര്‍പ്രദേശിനുുണ്ട്. പശ്ചിമ – പൂര്‍വ ചരക്കുഗതാഗത ഇടനാഴികളുടെ പൂര്‍ത്തീകരണത്തോടെ ഉത്തര്‍ പ്രദേശിന്റെ സമ്പദ് വ്യവസ്ഥ പുത്തന്‍ ഉയരങ്ങള്‍ താണ്ടും. ഈ രണ്ട് ഇടനാഴികളും യുപിയിലെ ദാദ്രിയിലാണ് സംഗമിക്കുന്നത്. ഇവയ്‌ക്കൊപ്പം ഡല്‍ഹി – മുംബൈ വ്യവസായ ഇടനാഴിയും അമൃത്‌സര്‍- ഡല്‍ഹി – കൊല്‍ക്കൊത്ത വ്യവസായ ഇടനാഴിയും യുപിയുടെ വികസനത്തിനു കുതിപ്പേകും.

വാരണാസിക്കും ഹാല്‍ദിയയ്ക്കും മധ്യേയുള്ള ദേശീയ പാതകളും ഉത്തര്‍ പ്രദേശിന്റെ വ്യവസായ വികസനത്തിന് സഹായകമാകും.  കൂടാതെ ലക്‌നോ, ഗാസിയാബാദ്, നോയിഡ എന്നീ മെട്രോകളുടെ വിപുലീകരണവും മീററ്റ്, കാണ്‍പൂര്‍, വാരണാസി എന്നീ പുതിയ മെട്രോകളുടെ നിര്‍മ്മാണവും യുപിയിലെ യാത്ര സൗകര്യങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് എത്തിക്കും. ഭാരത് നെറ്റ് പരിയോജനയുടെ കീഴില്‍ യുപിയിലെ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഗ്രാമങ്ങളെ ലോക രാഷ്ട്രങ്ങളുമായി കൂട്ടിയോജിപ്പിക്കും.ആധുനിക രാജവീഥികള്‍, റെയില്‍, സബ് വേ, മെട്രോ, ജലപാതകള്‍, ഇന്‍ഫര്‍മേഷന്‍ വേയ്‌സ് എന്നിവയെല്ലാം ചേര്‍ന്നുള്ള അടിസ്ഥാന സൗകര്യങ്ങള്‍ യുപിയെ 21-ാം നൂറ്റാണ്ടില്‍ പുത്തന്‍ ഉയരങ്ങളില്‍ എത്തിക്കും.

മികച്ച സമ്പര്‍ക്ക സൗകര്യങ്ങള്‍, വ്യവസായങ്ങള്‍, ഉല്‍പ്പാദന യൂണിറ്റുകള്‍, തുടങ്ങിയവ ഗതാഗത മേഖലയില്‍ ഒരു സമ്പ്രദായത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്കുള്ള മാറ്റത്തെ വളരെ സഹായിക്കും.  ഗതാഗത മേഖലയില്‍ പ്രതിബന്ധങ്ങള്‍ കുറയുന്നത് വ്യവസായത്തെ വേഗത്തില്‍ വളര്‍ത്തും. അതോടൊപ്പം വിനോദസഞ്ചാര മേഖല പുഷ്ടി പ്രാപിക്കും. തത്ഫലമായി തൊഴിലവസരങ്ങളും വളരും.

സുഹൃത്തുക്കളേ,

വിനോദസഞ്ചാര മേഖല എപ്പോഴും വളര്‍ച്ചയ്ക്കുള്ള ത്വരകമാണ്. ഉത്തര്‍ പ്രദേശിന് ചരിത്രപരവും സാംസ്‌കാരികവുമായ ഒരു പൈതൃകമുണ്ട്. വൈവിധ്യമാര്‍ന്ന കലകള്‍ക്ക് പ്രശസ്തമാണ് യുപി. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ശാക്തീകരണം ആവശ്യമാണ്. പൈതൃക വിനോദ സഞ്ചാരം, കരകൗശല വിനോദസഞ്ചാരം, പരിസ്ഥിതി വിനോദസഞ്ചാരം, വന്യജീവി വിനോദ സഞ്ചാരം ഗ്രാമീണ വിനോദസഞ്ചാരം എന്നീ മേഖലകളില്‍ ഉത്ര്‍ പ്രദേശിന് നിരവധി സാധ്യതകളുണ്ട്. 

ആഭ്യന്തര, അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ ധാരാളമായി സന്ദര്‍ശിക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍ നിരയിലാണ് യുപി. ഈ നിരയില്‍ ഒരു യുപിയ്ക്ക് ഒന്നാമത് എത്താന്‍ സാധിക്കുന്നതേയുള്ളു. ഈ സമ്മേളനത്തില്‍ ഞാന്‍ പ്രഖ്യാപിക്കാന്‍ പോകുന്ന വിനോദ സഞ്ചാര നയം ഈ ലക്ഷ്യം നേടാന്‍ യുപിയെ സഹായിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. യുപിയില്‍ വിനോദ സഞ്ചാരവും ഒരു വ്യവസായമായാണ് വര്‍ഗീകരിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം അതായത്, 2019 ല്‍ പ്രയാഗില്‍ മഹാകുംഭ മേള നടക്കും. ഇത്തരത്തില്‍  ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഭവമായിരിക്കും അത്. കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭ മനുഷ്യരാശിയുടെ പകരം വയ്ക്കാനാവാത്ത സാംസ്‌കാരിക പൈതൃകമായി കുംഭമേളയെ അംഗീകരിച്ചിരുന്നു. ഇതു നമുക്ക്, പ്രത്യേകിച്ച് ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റിന് വലിയ അവസരമാണ്. അതിനാല്‍ 2019 ലെ കുംഭമേള കല്പവാസികള്‍ക്കും,  രാജ്യത്തെയും വിദേശങ്ങളിലെയും സന്ദര്‍ശകര്‍ക്കും അവിസ്മരണീയവും അത്ഭുതകരവുമായ അനുഭവമാകണം. നമ്മുടെ ലക്ഷ്യം യുപിയിലെ യുവതീയുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്നതായിരിക്കണം. ഒിവിധ രാജ്യങ്ങളിലും നിന്ന് ഇവിടെ എത്തുന്ന എല്ലാ  വിനോദസഞ്ചാരികളും കുംഭമേള സന്ദര്‍ശിച്ചു എന്നു നാം ഉറപ്പാക്കണം.  അതിനാല്‍ ആഗോള നിലവാരത്തില്‍ വേണം അതു സംഘടിപ്പിക്കുവാന്‍. ലോകം ഉത്തര്‍ പ്രദേശിനെയും ഇന്ത്യയെയും  അതിലൂടെ തിരിച്ചറിയണം.

സുഹൃത്തുക്കളേ,

ഇത്തരം ഒരു നിക്ഷേപക സംഗമം ആദ്യം സംഘടിപ്പിച്ചത് ഗുജറാത്തിലാണ്. പിന്നീട് മധ്യപ്രദേശ്, ഛത്തിസ്ഗഡ്, മഹാരാഷ്ട്ര, ജാര്‍ഖണ്ട്, അസം, തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതു നടന്നു. അവസാനം ഇതാ യുപിയിലും എത്തിയിരിക്കുന്നു. ഈ നിക്ഷേപ സംഗമത്തിലെ ധാരണാപത്രം എത്രയും വേഗം പ്രാവര്‍ത്തികമാക്കുക എന്നതാണ് പ്രധാനം. എങ്കില്‍ മാത്രമെ ജനങ്ങള്‍ക്ക്  െതാഴില്‍ ലഭിക്കുകയുള്ളു. ധാരണാ പത്രങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും പ്രത്യേകം നിരീക്ഷിക്കുമെന്ന് യോഗിജി പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ തയാറാവുക, കാരണം യുപി കുതിക്കുവാന്‍ ഒരുങ്ങുകയാണ്.

നമ്മുടെ ഗവണ്‍മെന്റ് അത് സംസ്ഥാനമായാലും കേന്ദ്രമായാലും തൊഴില്‍ കേന്ദ്രീകൃതവും ജന കേന്ദ്രീകൃതവുമായ വളര്‍ച്ചയ്ക്കാണ് എപ്പോഴും ഊന്നല്‍ നല്കുന്നത്. സുഗമമായി വ്യവസായങ്ങള്‍ ആരംഭിച്ചുകൊണ്ട,്  സുഗമമായി ജീവിക്കാനുള്ള അവസരമൊരുക്കി പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരെ സാമ്പത്തികമായി ഉള്‍ക്കൊള്ളുന്ന സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിനാണ് നാം മുന്‍ഗണന നല്‍കുന്നത്. ഈ ഗവണ്‍മെന്റ്  ആവിഷ്‌കരിച്ച  നയങ്ങളും പദ്ധതികളും മൂലമാണ് രാജ്യത്തെ 31 കോടി പാവപ്പെട്ടവര്‍ ജന്‍ ധന്‍ യോജനയ്ക്കു കീഴില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നത്. ദിവസം 90 പൈസയും മാസം 1 രുപയും പ്രീമിയം അടയ്ക്കുന്ന പദ്ധതി വഴി രാജ്യത്തെ 18 കോടിയിലധികം  പാവങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കി കഴിഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇവിടുത്തെ  പാവപ്പെട്ടവരും ഇടത്തരക്കാരുമായ പൗരന്മാര്‍ക്ക് ഈ ഗവണ്‍മെന്റ് ഒരു കോടിയിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്കി. സ്വഛ് ഭാരത് മിഷന്റെ കീഴില്‍ ആറു കോടിയിലധികം ശുചിമുറികളാണ് രാജ്യത്താകമാനം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.  ഉജ്ജ്വലയോജന പദ്ധതിയില്‍ മൂന്നു കോടി മുപ്പതു ലക്ഷം വീട്ടമ്മമാര്‍ക്ക് സൗജന്യമായി പാചക വാതക കണക്ഷനും ലഭ്യമാക്കി.

ഈ ബജറ്റില്‍  ഉജ്ജജ്വലയോജനയുടെ ലക്ഷ്യം എട്ടു കോടിയാക്കി വര്‍ധിപ്പിച്ചു. രാജ്യത്തെ പാവപ്പെട്ട പൗരന്മാര്‍ക്ക് വീടുകളില്‍ വെളിച്ചം എത്തിക്കുന്നതിനായി പ്രധാന്‍ മന്ത്രി സൗഭാഗ്യ പദ്ധതി നാം ആരംഭിച്ചു. ഈ പദ്ധതിയുടെ കീഴില്‍ ഏകദേശം നാലു കോടി വീടുകള്‍ക്ക് ഇതിനോടകം വൈദ്യുതി കണക്ഷന്‍ നല്‍കിക്കഴിഞ്ഞു.

ഈ ബജറ്റില്‍ നാം പ്രഖ്യാപിച്ച മറ്റൊരു പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് യോജന. ഈ പദ്ധതിയുടെ കീഴില്‍ 10 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കും. ഏതെങ്കിലും ഒരംഗം രോഗിയായാല്‍ ഒരു വര്‍ഷത്തേയ്ക്ക് അയാളുടെ ചികിത്സയ്ക്കും മരുന്നിനും മറ്റുമായി ഇന്‍ഷുറന്‍സ് കമ്പനി വഴിയായി ഗവണ്‍മെന്റ് അഞ്ചു ലക്ഷം  രൂപ വരെ ലഭ്യമാക്കും.

ഇത്തരം ക്ഷേമ പദ്ധതികള്‍ വഴി രാജ്യത്തെ പാവപ്പെട്ട ആളുകളുടെ ജീവിതങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഈ ഗവണ്‍മെന്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഘടനാപരമായ ഈ മാറ്റങ്ങളുടെയും നയ ഇടപെടലുകളുടെയും  ആനുകൂല്യങ്ങള്‍  രാജ്യത്തെ കൃഷിക്കാര്‍ക്കും,പാവങ്ങള്‍ക്കും, സാധാരണക്കാര്‍ക്കും, ദളിതര്‍ക്കും, പിന്നോക്ക -അവശ വിഭാഗങ്ങള്‍ക്കും ലഭിക്കുന്നു എന്ന് ഗവണ്‍മെന്റ് ഉറപ്പാക്കുന്നു.

സുഹൃത്തുക്കളേ,

പുതിയ ഒരു ഉത്തര്‍ പ്രദേശും, പുതിയ ഒരിന്ത്യയും കെട്ടിപ്പടുക്കുന്നതിനായി പുത്തന്‍ പ്രതീക്ഷയും ഉത്സാഹവും നിക്ഷേപവും ആവശ്യമാണ്. ഉത്തര്‍ പ്രദേശില്‍ ഇപ്പോള്‍ നടക്കുന്ന ഈ നിക്ഷേപക സംഗമം  നിക്ഷേപമേഖലയില്‍ പുതിയവീഥികള്‍ തുറക്കുന്നതില്‍ വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷയോടെ ഞാന്‍ എന്റെ പ്രസംഗം ഉപസംഹരിക്കുകയാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുന്നു. ഒരിക്കല്‍ കൂടി  ശ്രീ അനെറോദ് ജുഗ്‌നൗത് ജിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുയരുന്ന കൃതജ്ഞത ഞാന്‍ അര്‍പ്പിക്കുന്നു. യോഗിജിയുടെ പരിശ്രമങ്ങള്‍ യുപി യെ വികസനത്തിന്റെ പുതിയ ഉയരങ്ങളില്‍ എത്തിക്കുമെന്ന് ഞന്‍ വിശ്വസിക്കുന്നു.  യുപിയുടെ വളര്‍ച്ചയും പിന്തുണയും അനുഗ്രഹങ്ങളും നവ ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ സുപ്രധാന പങ്കു വഹിക്കും. നാം ഒന്നിച്ച് ഈ സ്വപ്‌നം സാക്ഷാത്ക്കരിക്കും.ഈ പ്രതീക്ഷയോടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.

വളരെ നന്ദി. നമസ്‌തെ.