പിഎം ഇന്ത്യ
കൃഷി, അനുബന്ധ മേഖലകളില്‍ ഇന്ത്യയും ഇറാനും തമ്മില്‍ ഏര്‍പ്പെട്ട ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല്യപ്രാബല്യത്തോടെ അംഗീകാരം നല്‍കി. ഇറാന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ 2018 ഫെബ്രുവരി 17നാണ് ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.
കാര്‍ഷിക വിളകള്‍, കാര്‍ഷിക വിപുലീകരണം, ഹോര്‍ട്ടികള്‍ച്ചര്‍, യന്ത്രങ്ങള്‍, വിളവെടുപ്പിനുശേഷമുള്ള സാങ്കേതികവിദ്യ, കീടങ്ങള്‍ പടരുന്നത് തടയുന്നതിനുള്ള നിയമപരമായ നടപടികള്‍ (പ്ലാന്റ് ക്വാറന്റെയിന്‍ മെഷേഴ്‌സ്) വായ്പകള്‍ സഹകരണം എന്നീ മേഖലകളിലെ സഹകരണമാണ് ധാരണാപത്രത്തിലൂടെ യാഥാര്‍ഥ്യമാകുന്നത്. ഒപ്പം മണ്ണ് സംരക്ഷണം, ജലപരിപാലനം, സംയോജിത പോഷക പരിപാലനം, വിത്തു സാങ്കേതികവിദ്യ, കാര്‍ഷിക വിപണം എന്നീ മേഖലകളിലും സഹകരണം സാധ്യമാകും. കന്നുകാലി വികസനം, പാലുല്‍പ്പാദന വികസനം, മൃഗങ്ങളുടെ ആരോഗ്യം തുടങ്ങി പരസ്പരം അംഗീകരിക്കാവുന്ന മറ്റ് മേഖലകളും ധാരണാപത്രത്തിന്റെ പരിപ്രേക്ഷ്യത്തില്‍ വരും. വിദഗ്ധരുടെ, വസ്തുക്കളുടെ, വിവരങ്ങളുടെ കൈമാറ്റം, പഠനയാത്രകള്‍ക്കും പരിശീലനപരിപാടികള്‍ക്കുമായി ട്രെയിനികളുടെയും ശാസ്ത്രജ്ഞരുടെയും കൈമാറ്റം, പ്രസക്തമായ സമ്മേളനങ്ങള്‍ക്കും ശില്‍പശാലകള്‍ക്കും സാഹചര്യമൊരുക്കല്‍ എന്നിവയ്ക്കും പരസ്പരം സമ്മതിച്ചിട്ടുള്ള മറ്റ് ഏത് കാര്യത്തിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സഹകരണം സഹായകമാകും.
ധാരണാപത്രം നടപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന നടപടികള്‍ നിരീക്ഷിക്കുന്നതിനായി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംയുക്ത കര്‍മ്മ സമിതി രൂപീകരിക്കും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഈ സംയുക്ത കര്‍മ സമിതിയുടെ യോഗം ഇന്ത്യയിലും ഇറാനിലുമായി മാറിമാറി ചേരും. പ്രാരംഭഘട്ടത്തില്‍ ധാരണാപത്രത്തിന്റെ കാലാവധി അഞ്ചുവര്‍ഷമായിരിക്കും. ഏതെങ്കിലും ഒരു കക്ഷി ധാരണാപത്രത്തില്‍ നിന്നും പിന്മാറുന്നുവെന്ന് മറ്റേ കക്ഷിയെ അറിയിക്കാത്ത സാഹചര്യത്തില്‍ തുടര്‍ന്ന് അഞ്ചുവര്‍ഷം കൂടി ധാരണാപത്രം സാധുവായിരിക്കും.