പിഎം ഇന്ത്യ

കെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു.
കിഴക്കന്‍ ആഫ്രിക്കയുടെ വികസനത്തിനായി കച്ചി ലെവ പട്ടേല്‍ സമുദായം നടത്തിവരുന്ന സംഭാവനകളെ തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. കെനിയയുടെ സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യന്‍ സമുദായം വഹിച്ച പങ്ക് അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു.
സര്‍വതോമുഖമായ വികസനത്തില്‍, വിശേഷിച്ച് 2001ല്‍ ഉണ്ടായ ഭൂകമ്പത്തിനുശേഷം കച്ചില്‍ നടന്ന നിര്‍മാണപ്രവര്‍ത്തനത്തിലും പുനരധിവാസത്തിലും, പങ്കു വഹിക്കാന്‍ തയ്യാറായതിനു കച്ചി സമാജത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഒരു കാലത്തു മരുപ്രദേശമായിരുന്ന കച്ച് ഇപ്പോള്‍ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറ്റപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ മുഖ്യമന്ത്രിയായിരിക്കെ കച്ചിലെ വിദൂര സ്ഥലങ്ങളിലേക്കു നര്‍മദയിലെ ജലമെത്തിക്കാന്‍ നടത്തിയ തുടര്‍ച്ചയായ ശ്രമങ്ങള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രസ്തുത മേഖലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇരട്ടയന്ത്രത്തിന്റെ കരുത്തോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രസക്തി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.
‘ഈ മേഖലയ്ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആയിരക്കണക്കിനു കോടി രൂപയുടെ നിക്ഷേപം ലഭിച്ചിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു. ഗുജറാത്തിലും കച്ചിനും ജാംനഗറിനുമിടയില്‍ റോ-റോ സര്‍വീസ് ഏര്‍പ്പെടുത്താന്‍ പദ്ധതിയുള്ളതായി പ്രധാനമന്ത്രി ജനക്കൂട്ടത്തെ അറിയിച്ചു.
ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെട്ടുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയും ആഫ്രിക്കന്‍ വികസന ബാങ്കിന്റെ യോഗവും അടുത്തിടെ ഇന്ത്യയില്‍വെച്ചു നടത്തിയിരുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
ഈ ഗവണ്‍മെന്റിന്റെ കാലത്തു രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയെന്ന നിലയില്‍ താനും 20 പ്രാവശ്യത്തിലേറെ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സാംസ്‌കാരിക, ആത്മീയ പാരമ്പര്യത്തെക്കുറിച്ച് അറിയാന്‍ 2019 ജനുവരിയില്‍ ഇന്ത്യയിലെത്തി കുംഭമേളയില്‍ പങ്കെടുക്കാന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ലാത്തവരെ ഉള്‍പ്പെടെ പ്രധാനമന്ത്രി ക്ഷണിച്ചു.
ശ്രീ കച്ചി ലെവ പട്ടേല്‍ സമാജത്തിന്റെ നയ്‌റോബി വെസ്റ്റ് കോംപ്ലക്‌സിന്റെ രജതജൂബിലി ആഘോഷങ്ങളുടെ വേളയില്‍ സംഗമിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
Happy to have addressed the Silver Jubilee Celebrations of the Shree Cutchi Leva Patel Samaj, Nairobi, via video conferencing. Spoke about the accomplishments of the Indian diaspora and the bond between India and Kenya. https://t.co/7QEawRyS1K
— Narendra Modi (@narendramodi) March 30, 2018