Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുദ്രാ യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി.


രാജ്യത്തെമ്പാടുമുള്ള മുദ്രാ യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജിലൂടെ ആശയ വിനിമയം നടത്തി. ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ ബ്രിഡ്ജ് പരമ്പരയിലെ രണ്ടാമത്തെ വീഡിയോ കോണ്‍ഫറന്‍സാണിത്.

ഗുണഭോക്താക്കളുമായി സംവദിക്കാന്‍ സാധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, മുദ്രാ യോജന ഒരു തൊഴില്‍ വര്‍ദ്ധക പദ്ധതിയായി മാറിയിട്ടുണ്ടെന്ന് പറഞ്ഞു. പണമിടപാട്കാരുടെയും ഇടത്തട്ട്കാരുടെയും ദൂഷിത വലയത്തില്‍ നിന്ന് സംരംഭകരെ മോചിപ്പിക്കുന്നതിന് ഈ സംരംഭം സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസ്സ് തുടങ്ങാനോ, വ്യാപിപ്പിക്കാനോ താല്‍പ്പര്യമുള്ള യുവജനങ്ങള്‍, വനിതകള്‍ തുടങ്ങിവര്‍ക്ക് അത് പുതിയ അവസരങ്ങള്‍ തുറന്ന് കൊടുത്തു.

പ്രധാനമന്ത്രി മുദ്രാ യോജനയ്ക്ക് കീഴില്‍ ഗവണ്‍മെന്റ് ഇതുവരെ 5.75 ലക്ഷം കോടി രൂപയുടെ 12 കോടി വായ്പകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 28 ശതമാനം വരുന്ന 3.25 ലക്ഷം കോടി രൂപയുടെ വായ്പകള്‍ ആദ്യമായി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കാണ് നല്‍കിയത്. മൊത്തം വിതരണം ചെയ്ത വായ്പകളുടെ 74 ശതമാനം ഗുണഭോക്താക്കള്‍ വനിതകളും, 55 ശതമാനം പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, മറ്റ് പിന്നോക്ക വിഭാഗക്കാരുമാണ്.

മുദ്രായോജന ഗുണഭോക്താക്കളെ അഭിസംബോധന ചെയ്യവേ, ഈ പദ്ധതി പാവപ്പെട്ടവരുടെ ജീവിതം പരിവര്‍ത്തനം ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. സൂക്ഷ്മ, ചെറുകിട ബിസിനസ്സുകളെ സഹായിക്കുക വഴി ജനങ്ങളെ സാമ്പത്തികമായും, സാമൂഹികമായും ശക്തിപ്പെടുത്താന്‍ സഹായിച്ച ഈ പദ്ധതി അവര്‍ക്ക് വിജയം കൈവരിക്കാനുള്ള ഒരു വേദി കൂടിയായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വയം തൊഴില്‍ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞ് കൊണ്ട്, സ്വയം തൊഴില്‍ എന്നത് ഇന്ന് അഭിമാനത്തിന്റെ കൂടി കാര്യമായി മാറിയിട്ടുണ്ടെന്നും, മുമ്പ് തങ്ങള്‍ക്ക് അസാധ്യമെന്ന് തോന്നിയിരുന്ന കാര്യങ്ങള്‍ നേടുന്നതിന് അത് ജനങ്ങളെ സഹായിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുദ്രാ യോജന ഏതാനും വര്‍ഷം മുമ്പ് തുടങ്ങിയിരുന്നുവെങ്കില്‍ അത് ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് സ്വന്തമായി ബിസിനസ്സുകള്‍ തുടങ്ങാന്‍ സഹായകമാകുമായിരുവെന്നും, കുടിയേറ്റം വലിയൊരളവ് വരെ തടയാനും അതുവഴി കഴിയുമായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തങ്ങള്‍ക്ക് സ്വന്തമായി ബിസിനസ്സ് തുടങ്ങാനും അതുവഴി മറ്റുള്ളവര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനും മുദ്രാ യോജന എപ്രകാരം സഹായിച്ചുവെന്ന് പ്രധാനമന്ത്രിയുമായുള്ള ആശയ വിനിമയത്തില്‍ ഗുണഭോക്താക്കള്‍ വിവരിച്ചു.

കോര്‍പ്പറേറ്റ് ഇതര, കാര്‍ഷിക ഇതര, ചെറുകിട സുക്ഷ്മ സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പ്രധാനമന്ത്രി മുദ്രാ യോജനയ്ക്ക് (പി.എം.എം.വൈ) 2015 ഏപ്രില്‍ 8 നാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. പി.എം.എം.വൈ.യ്ക്ക് കീഴിലുള്ള മുദ്രാ വായ്പകളായിട്ടാണ് ഈ വായ്പകളെ കണക്കാക്കുന്നത്. വാണിജ്യ ബാങ്കുകള്‍, മേഖലാ ഗ്രാമീണ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ എന്നിവ മുഖേനയാണ് ഈ വായ്പകള്‍ നല്‍കുന്നത്.