പിഎം ഇന്ത്യ
മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, സംസ്ഥാന മുഖ്യ മന്ത്രി ശിവരാജ് സിംഗ്, കേന്ദ്ര മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാര്‍, ശ്രീ പുരുഷോത്തം രുപാല, സഹമന്ത്രി ഗോപാല്‍ജി, ശ്രീ ഓംപ്രകാശ്, ശ്രീ സഞ്ജയ്, പാര്‍ലമെന്റിലെ എന്റെ സുഹൃത്ത് ശ്രീ ഫഗന്‍ സിംഗ് കുലസ്തെ, ശ്രീമതി സംപത്യ ഉയിക്കേ, ബിജെപി നേതാവും ജബല്‍പൂര്‍ എംപിയുമായ ശ്രീ രാകേഷ് സിംഗ്ജി, മാണ്ഡ്ലയിലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ശ്രീമതി സരസ്വതി മാരാവിജി. എല്ലാവര്ക്കും നമസ്കാരം.
ഇവിടെ സന്നിഹിതനായിരിക്കുന്ന ത്രിപുരയുടെ ബഹുമാന്യനായ ഉപമുഖ്യമന്ത്രിയുടെ പേരുകൂടി അഭിമാനപൂര്‍വം ഞാന്‍ എടുത്തു പറയുന്നു. ത്രിപുര തെരഞ്ഞെടുപ്പില്‍ വളരെ അഭിനന്ദനാര്‍ഹമായ ജോലിയാണ് അദ്ദേഹം ചെയ്തത്. അവിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടി. അത് ത്രിപുരയിലെ ജനങ്ങള്‍ എടുത്ത ചരിത്രപരമായ തീരുമാനമായിരുന്നു.
ത്രിപുരയിലെ ബഹുഭൂരിഭാഗം ജനങ്ങളും ഗോത്രവര്‍ഗ്ഗക്കാരാണ്. നിങ്ങളുടെ സംസ്ഥാനത്തെ ഗോണ്ടുകളുടെ വലിയ ചരിത്രമുള്ളതുപോലെ ത്രിപുര ദീര്‍ഘനാള്‍ ഗോത്ര സമൂഹങ്ങളുടെ ഭരണത്തിലായിരുന്നു. ത്രിപുരയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഉപമുഖ്യമന്ത്രി ശ്രീ ജിഷ്ണു ദേബ് ബര്മ്മന് ഇപ്പോള്‍ നമുക്കൊപ്പം ഉണ്ട്. അദ്ദേഹം ഗോത്രസമുദായ അംഗമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുത്ത് പോരാടിയ രാജ കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. മധ്യപ്രദേശിന്റെ ഈ മണ്ണിലേയ്ക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ എനിക്ക് അഭിമാനമുണ്ട്.
സഹോദരി സഹോദരന്മാരെ,
നര്‍മ്മദ മാതാവിന്റെ തീരത്താണ് നാം ഇപ്പോള്‍ സമ്മേളിച്ചിരിക്കുന്നത്. ഏകദേശം 1300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ മഹാനദിയുടെ ഉത്ഭവം ഇവിടെ നിന്നാണ്. ഇവിടെ നിന്ന് ഇത് അങ്ങു ഗുജറാത്തിന്റെ തീരങ്ങളിലോളം ഒഴുകുന്നു, കോടാനുകോടി ജനങ്ങളെ സംരക്ഷിച്ചുകൊണ്ട്, കൃഷിക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ആവശ്യമായ ജലം നല്കി, ഗ്രാമ ജീവിതത്തിനാവശ്യമായ മറ്റ് ഉപാധികള്‍ ലഭ്യമാക്കി, നൂറ്റാണ്ടുകളായി നമ്മടെ ജനങ്ങളെ ,സേവിക്കുകയാണ്. നര്‍മദാ മാതാവിനെ ഞാന്‍ നമിക്കുന്നു. മുമ്പും ഇവിടെ വരാന്‍ അവസരം ലഭിച്ചിട്ടുണ്ട് എന്നത് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. റാണി ദുര്‍ഗാവതിയുടെ ധീരതയുടെയും ത്യാഗത്തിന്റെയും കഥകള്‍ നമുക്ക് എന്നും പ്രചോദനമാണ്. ഇതൊക്കെയാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷതകള്‍. സമൂഹത്തിനു വേണ്ടി നാം അധ്വാനിക്കണമെന്നും വിദേശ ഭരണാധികാരികള്‍ക്കു മുന്നില്‍ ഒരിക്കലും പരാജയം സമ്മതിക്കരുതെന്നുമാണ് റാണി ദുര്ഗാവതിയുടെയും, റാണി അവന്തി ബായിയുടെയും കഥകള്‍ നമ്മെ പഠിപ്പിക്കുന്നത്. നാം അഭിമാനത്തോടെ ജീവിക്കുക മാത്രമല്ല അതെ അഭിമാനത്തോടെ മരിക്കുകയും ചെയ്യണം. ഈ മഹത്തായ പാരമ്പര്യം അനുസ്മരിച്ചു കൊണ്ട് നാം ഈ രാജ്യത്തെ ഗോത്ര വിഭാഗങ്ങളുടെ ഉന്നതപദവി ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുകയാണ്.
രാജ്യം ഇന്നു പഞ്ചായത്ത് ദിനം ആഘോഷിക്കുകയാണ്. ആദരണീയനായ ബാപ്പുജിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള സുപ്രധാന അവസരം കൂടിയാണ് ഈ ദിനം. കാരണം, മഹാത്മ ഗാന്ധി ഇന്ത്യയെ കണ്ടത് തന്നെ ഗ്രാമങ്ങളായിട്ടാണ്. ഗ്രാമോദ്യോഗിലൂടെ രാഷ്ട്രോദ്യോഗ് എന്ന സ്വ്പനം യാഥാര്‍ത്ഥ്യമാക്കാനാണ് മഹാത്മജി നമ്മെ ആഹ്വാനം ചെയ്തത്. ഇന്ന് ഈ പഞ്ചായത്ത് രാജ് ദിനത്തില്‍ രാജ്യത്തെ 2.5 ലക്ഷം പഞ്ചായത്തുകളെ, അവിടെ അധിവസിക്കുന്ന കോടിക്കണക്കിന് ജനങ്ങളെ, അവരുടെ നേതൃത്വം വഹിക്കുന്ന 30 ലക്ഷം വരുന്ന നമ്മുടെ അമ്മമാരും സഹോദരിമാരുമായ ജനപ്രതിനിധികളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
നിങ്ങളുടെ ഗ്രാമങ്ങളുടെ വികസനത്തിനായി, ഗ്രാമങ്ങളിലെ ജനങ്ങളുടെ ശാക്തീകരണത്തിനായി, നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിച്ചുകൊണ്ട് ഗ്രാമങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഉറപ്പു നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സ്വപ്നങ്ങള്‍ നിങ്ങളുടെ സ്വപ്നങ്ങളുമായി ഒന്നിക്കും. അപ്പോള്‍ നാം ഒരുമിച്ച് 125 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കും. ഈ ചൈതന്യത്തില്‍ ഗ്രാമങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
മുമ്പ് നാം ഇവിടെ വരുന്നതും മാണ്ഡ്ല സന്ദര്‍ശിക്കുന്നതും ഗോണ്ട് രാജാക്കന്മാര് നിര്‍മ്മിച്ച കോട്ട കാണുന്നതിനായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഗോണ്ഡ് രാജാക്കന്മാര് ഇത്ര മഹത്തായ സംവിധാനം സ്ഥാപിച്ചിരുന്നു എന്ന് നാം വളരെ അഭിമാനത്തോടെ പറയുകയും ചെയ്യുന്നു. രാജഭരണം നിലനിന്നിരുന്ന അക്കാലത്ത് രാജാക്കന്മാരും ഭരണാധികരികളും ജനങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. അതെക്കുറിച്ച് ഭാവി തലമുറകളോട് നമുക്ക് അഭിമാനത്തോടെ ഇന്നും പറയാന്‍ സാധിക്കുന്നു. കാരണം അത്തരം ഭരണസംവിധാനം ആ നൂറ്റാണ്ടില്‍ അവിടെ ഉണ്ടായിരുന്നു. നമുക്ക് ഇന്ന് അതിനു പകരം ജനാധിപത്യമാണ്. ഗ്രാമത്തിലെ ജനങ്ങള്‍ നിശ്ചിത കാലത്തേയ്ക്ക് നമ്മെ ഒരു ചുമതല ഏല്‍പ്പിച്ചിരിക്കുന്നു. അവര്‍ നമ്മെ വിശ്വസിച്ചിരിക്കുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഓരോ പഞ്ചായത്തിലും അഞ്ച് അല്ലെങ്കില്‍ പത്ത് അല്ലെങ്കില്‍ പതിനഞ്ച് ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കാത്ത തെരഞ്ഞെടുക്കപ്പെട്ട ഏതു ജനപ്രതിനിധിയാണ് ഉണ്ടാവുക. വാര്‍ധക്യത്തില്‍ 20, 25 അല്ലെങ്കില്‍ 30 വര്‍ഷം കഴിയുമ്പോള്‍ പണ്ട് നിങ്ങള്‍ പഞ്ചായത്തു നേതൃസ്ഥാനത്തിരുന്നു പൂര്‍ത്തിയാക്കിയ പ്രവൃത്തികളെ കുറിച്ച് നിങ്ങളുടെ കൊച്ചു മക്കളോട് പറയാന്‍ നിങ്ങള്‍ക്കു സാധിക്കണം. അതാ ആ കാണുന്ന കുളം, ആ കിണര്‍, എന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചതാണ്. സ്കൂളിന്റെ മുന്നില്‍ കാണുന്ന ആ തണല്‍മരങ്ങള്‍ ഞാന്‍ നട്ടു പിടിപ്പിച്ചതാണ്. മുപ്പതു വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കിയ പദ്ധതികളെ കുറിച്ച് സംതൃപ്തിയോടെ നിങ്ങള്‍ക്കു നിങ്ങളുടെ കൊച്ചു മക്കളോടു പറയാന്‍ സാധിക്കണം. ഏതു പഞ്ചായത്തു പ്രസിഡന്റിനാണ് ഇത്തരം ആഗ്രഹം ഇല്ലാത്തത്.
നിങ്ങളുടെ മനസിലേയ്ക്ക് അത്തരം ശക്തമായ ആഗ്രഹങ്ങള്‍ പകരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അഞ്ചു വര്‍ഷത്തെ പരിമിതമായ സമയം കൊണ്ട് പൊതു സമൂഹത്തിനായി എന്തെങ്കിലും ചെയ്യാന്‍ നാം ആഗ്രഹിക്കുന്നെങ്കില്‍ ആ ആഗ്രഹം അതിശക്തമാണെങ്കില് അതിനു തടസമായി നില്ക്കുന്ന എതു വെല്ലുവിളിയും മറികടക്കാന്‍ നിങ്ങള്‍ക്കു തീര്‍ച്ചയായും സാധിക്കും.
ഗ്രാമവികസനത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ജനങ്ങള്‍ ബജറ്റിനെ കുറിച്ച് പറയും. ബജറ്റ് പ്രശ്നമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതു വലിയ സംഗതിയല്ല. ഇന്നത്തെ വിഷയം യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക്, സമയബന്ധിതമായി, പണം ശരിയായ വിനിയോഗിക്കുക എന്നതാണ്. ഗ്രാമങ്ങളില്‍ നടക്കുന്ന ജോലികള്‍ സത്യസന്ധവും സുതാര്യവും ആയിരിക്കണം. ഓരോ പദ്ധതിക്കും ചെലവാക്കുന്ന പണവും അതിന്റെ പ്രയോജനവും എല്ലാവരും അറിയണം. ഇന്ന് തുകയുടെ അപര്യാപ്തതയല്ല പ്രശ്നം മറിച്ച് മുന്‍ഗണനകളാണ്.
ഇനി നിങ്ങള്‍ പറയൂ, ഒരു ഗ്രാമത്തില്‍ നല്ല സ്കൂള്‍ കെട്ടിടവും അവിടെ യോഗ്യതയുള്ള അധ്യാപകനും ഉണ്ട്. അധ്യാപകന് കൃത്യമായി ശമ്പളം ലഭിക്കുന്നു. കൃത്യമായി സ്കൂളിന്റെ പ്രവര്‍ത്തനം നടക്കുന്നുമുണ്ട്. എന്നാല്‍ ആ ഗ്രാമത്തിലെ 20 -25 കുട്ടികള്‍ സ്കൂളില്‍ പോകാതെ പതിവായി കൃഷിസ്ഥലങ്ങളില്‍ ഒളിച്ചിരിക്കുകയും, കളിച്ചു നടക്കുകയും ചെയ്താല്‍ അവര്‍ക്കു വിദ്യാഭ്യാസം ലഭിക്കില്ല. ഇതിനു നാം ആരെയാണ് കുറ്റപ്പെടുത്തുക. പണം ഇല്ലാത്തുകൊണ്ടാണോ, അധ്യാപകരുടെ പ്രശ്നമാണോ, അല്ല. ഗ്രാമത്തില്‍ ഒരു വിദ്യാലയം ഉണ്ടെന്നും അവിടെ അധ്യാപകരുണ്ടെന്നും, ഗവണ്മെന്റ് ഫീസ് നല്‍കുന്നുണ്ടെന്നും അവര്‍ക്കു യൂണിഫോമും ഉച്ചഭക്ഷണവും നല്‍കുന്നുണ്ടെന്നും ആ ഗ്രാമത്തിലെ ജനങ്ങള്‍ അറിയണം, മനസിലാക്കണം. നിങ്ങളുടെ ഗ്രാമത്തിലെ ഒറ്റ കുട്ടി പോലും സ്കൂളില്‍ പോകാത്തവരായി ഉണ്ടാകരുത്. നിങ്ങളുടെ ഗ്രാമത്തിലെ ഒരു കുട്ടി പോലും വിദ്യാഭ്യാസം ലഭിക്കാത്തതായി ഉണ്ടാകരുത്. ഈ ഒരു പ്രതിജ്ഞ നമുക്ക് എടുത്തു കൂടെ.
നമ്മുടെ മാതാപിതാക്കള്‍ക്ക് ഒരു പക്ഷെ വിദ്യാഭ്യാസം ലഭിക്കാതെ പോയത്, അവര്‍ക്ക് അതിനുള്ള അവസരങ്ങളും സൗകര്യങ്ങളും ഇല്ലാതിരുന്നതിനാലാണ്. അവര്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കാതെ പോയതിനു കാരണം അക്കാലത്തെ ഗവണ്മെന്റാണ്. എന്തായാലും പഞ്ചായത്തിലേയക്കും സംസ്ഥാനത്തേയ്ക്കും കേന്ദ്രത്തിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടതോടെ നമ്മള് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് ജനപ്രതിനിധി എന്ന നിലയില്‍ തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ നമ്മുടെ ഉത്തരവാദിത്വമല്ലേ നമ്മുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നത്. ഒറ്റ കുട്ടി പോലും നിരക്ഷരനായി ഇനി അവശേഷിക്കരുത്. ചിന്തിച്ചു നോക്കൂ, ഒരു കുഞ്ഞിന് നല്ല വിദ്യാഭ്യാസം ലഭിച്ചാല്‍, വളര്‍ന്നു കഴിയുമ്പോള്‍ അവന് പറയും, ഒരു പാവം അമ്മയുടെ മകനായിരുന്നു ഞാന്‍. കൃഷിയിടങ്ങളിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. പക്ഷെ ഞങ്ങളുടെ ഗ്രാമ മുഖ്യന് എന്നെ കൃഷിയിടത്തില്‍ നിന്നു പിടിച്ചു കൊണ്ടു വന്നു സ്കൂളില്‍ ചേര്‍ത്തിട്ടു പറഞ്ഞു. കൃഷിപ്പണിയെടുത്തു നടക്കേണ്ട പ്രായമല്ല ഇപ്പോള്‍ നിന്റെത്. പകരം നീ ഇവിടെ ഇരുന്ന പഠിക്കുക. അവന് പറയും – നല്ലവനായ ആ ഗ്രാമ മുഖ്യനു നന്ദി. അദ്ദേഹം അല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നു ഡോക്ടര്‍ ആകുമായിരുന്നില്ല, എന്‍ജിനിയര്‍ ആകുമായിരുന്നില്ല, ഐഎഎസ് ഓഫീസര്‍ ആകുമായിരുന്നില്ല. എന്റെ കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങള്‍ പോലും മാറിയിരിക്കുന്നു. ഗ്രാമത്തലവന് കാരണം ഒരു ജീവിതം മാറിയാല്‍ രാജ്യം മുഴുവന്‍ ആ ദിശയില്‍ മാറിക്കൊള്ളും.
അതിനാല്‍ പ്രിയപ്പെട്ട ജനപ്രതിനിധികളെ, നാം പ്രതിജ്ഞകള്‍ സ്വീകരിക്കേണ്ട ദിവസമാണ് പഞ്ചായത്ത് ദിനം. നോക്കൂ, ഇന്ന്, ആരോഗ്യ മേഖലയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കൃത്യ സമയത്ത് പോളിയോയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ് ലഭിച്ചാല്‍ അവരെ ആ രോഗത്തിന്റെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ സാധിക്കും. നിങ്ങള്‍ കാണുന്നില്ലേ, 40 ഉം 50 ഉം വയസുള്ള ആളുകള്‍ പോളിയോ മൂലം ശാരീരികമായി ക്ലേശിക്കുന്നത്. അവരെ കാണുമ്പോള്‍ നമുക്ക് ഒരു വേദന തോന്നുന്നില്ലേ. അവരുടെ ആ അവസ്ഥയില്‍ നമുക്ക് അനുകമ്പ ഇല്ലേ. തീര്ച്ചായായും ഉണ്ടാവും.
പ്രിയ സഹോദരി സഹോദരന്മാരെ,
ഒരു പക്ഷെ 40 -50 വയസ് പ്രായമായ ആളിന് അന്നു ആ രോഗത്തില്‍ നിന്നു യഥാസമയം പരിരക്ഷ കിട്ടിക്കാണില്ല. എന്നാല്‍ ഇന്ന് അങ്ങിനെയല്ല. നിങ്ങളുടെ ഗ്രാമത്തിലെ എല്ലാ കുഞ്ഞുങ്ങളെയും ഈ മാരക രോഗത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ പോളിയോ പ്രതിരോധ കുത്തിവയ്പിനു സാധിക്കുന്നു. ഒറ്റ കുട്ടിക്കു പോലും ഇന്നു പോളിയോ ബാധിക്കുന്നില്ല. പോളിയോയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പിനായി എല്ലാ ഗവണ്മെന്റുകളും വാര്‍ത്താ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നു. പോളിയോ പ്രതിരോധ തുള്ളി മരുന്നു വിതരണം നടത്തുന്ന തിയതി മുന്‍ കൂട്ടി അറിയിക്കുന്നു, അതും തുടര്‍ച്ചയായി. ഗ്രാമ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയ്ക്ക് പോളിയോയ്ക്ക് എതിരെയുള്ള പ്രതിരോധ തുള്ളി മരുന്നു വിതരണം കൃത്യമായി നടക്കുന്നു എന്നു നാം ഉറപ്പു വരുത്തണം. എന്നാല്‍ ചിലപ്പോള്‍ ജന പ്രതിനിധികള്‍ കരുതും ഈ ജോലി സര്‍ക്കാരുദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ് എന്ന്. അല്ല സഹോദരീ സഹോദരന്മാരെ. ഗവണ്മെന്റിന്റെയല്ല, പൊതുജനത്തിന്റെ സേവകരാണ് നാം. ജനത്തെ സേവിക്കാന്‍ ഒരു ഗവണ്മെന്റു രൂപീകരിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടവരാണ് നാം. അതിനാല്‍ നാം നമ്മുടെ ചുമതല കൃത്യമായി നിര്‍വഹിച്ചാല്‍ നമ്മുടെ ഗ്രാമങ്ങളുടെ മുഖഛായ മാറ്റാന്‍ സാധിക്കും.
ഞാന്‍ ഈ ചെറിയ കാര്യങ്ങളെ കുറിച്ച് ഊന്നി പറയുന്നത് , സാധാരണ ആളുകള്‍ വലിയ കാര്യങ്ങളാണ് സംസാരിക്കുക. പക്ഷെ യഥാര്‍ത്ഥ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നത് ഗ്രാമങ്ങളെ മാറ്റാന്‍ പോരുന്ന ഇത്തരം ചെറിയ കാര്യങ്ങള്‍ വഴിയാണ്. കൃഷി ചെയ്യുന്ന കൃഷിക്കാരന്റെയും സമൂഹത്തിന്റെയും വിശപ്പ് അകറ്റാന്‍ സഹായിക്കുന്ന വയലിലെ മണ്ണിന്റെ ആരോഗ്യം വളരെ മോശമാണെങ്കില്‍ തീര്‍ച്ചയായും ഭൂമി മാതാവ് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അസന്തുഷ്ഠയായിരിക്കും. സ്ഥിരം നല്കുന്ന വിളവ് ഭൂമിയില്‍ നിന്നു ലഭിക്കില്ല. നാമെല്ലാം പട്ടിണി കിടന്നു മരിക്കും. നമ്മുടെ ഭാവി തലമുറകളും ദാരിദ്ര്യത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാവും. യൂറിയ തോന്നും പടി മണ്ണില്‍ വാരിയിട്ടാല്‍ അതു മണ്ണിന്റെ ഗുണനിലവാരം ക്ഷയിപ്പിക്കും എന്ന് കൃഷിക്കാരോട് പറയുന്നതിനെ കുറിച്ച് നാം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഒരാള്‍ ചെയ്യുന്നതു കണ്ടാണ് മറ്റുള്ളവരും ചെയ്യുന്നത്. ഒരു കൃഷിക്കാരന് കുറച്ച് വളം അധികം ഇടുന്നതു കണ്ടാല്‍ മറ്റു കൃഷിക്കാരും അതുപോലെ ചെയ്യും.
ഒരു ഗ്രാമത്തിലേയ്ക്ക് 50 ചാക്ക് യൂറിയ ലഭിച്ചാല്‍ 40 ചാക്കേ ഉപയോഗിക്കുകയുള്ളു എന്ന് ഗ്രാമത്തിലെ കൃഷിക്കാര്‍ക്കു തീരുമാനിച്ചു കൂടെ. അപ്രകാരം ചെയ്താല്‍ 10 ചാക്കിന്റെ പണവും നിങ്ങള്‍ ലാഭിക്കും. ഇപ്രകാരം മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും യൂറിയ മൂലം ക്ഷയിച്ചു പോയ മണ്ണിന്റെ ഫലപുഷ്ടി തിരികെ കൊണ്ടുവരാനും എന്തുകൊണ്ട് ഒരു സുപ്രധാന പങ്ക് നമുക്ക് വഹിച്ചു കൂടാ. ആവശ്യത്തിലധികം യൂറിയ നിക്ഷേപിച്ച് എന്നെ നശിപ്പിക്കാന്‍ ശ്രമിച്ച എന്റെ മകന് അവന്റെ തെറ്റ് തിരിച്ചറിഞ്ഞല്ലോ എന്ന് ഭൂമി മാതാവ് സന്തോഷിക്കും. അനന്തരം ഭൂമി മാതാവ് കൂടുതല്‍ വിളവ് നല്കി നമ്മെ അനുഗ്രഹിക്കും. അവന്റെ വയര്‍ നിറയ്ക്കാന്‍ കൂടുതല്‍ ധാന്യം ഞാന്‍ ഉത്പാദിപ്പിക്കും എന്ന് ഭൂമി പറയും. ഇനി പറയൂ നമുക്ക് ഇതു സാധിക്കുമോ ഇല്ലയോ.
എന്റെ ആദിവാസി സഹോദരന്മാരോടും ചോദിക്കട്ടെ, ഇതു സാധിക്കുമോ ഇല്ലയോ
ഇപ്പോള്‍ ഗവണ്മെന്റ് ഒരു നിയമം പാസാക്കിയിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് മാണ്ഡ്ല വനത്തിലാണ്. ഇവിടെ മുള കൃഷി ചെയ്തിട്ടുണ്ട്. മുളയെ വൃക്ഷമായി പരിഗണിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഫയലുകള്‍ പരിശോധിച്ചപ്പോള്‍ ഞാന്‍ കുഴങ്ങി പോയി. എന്തുകൊണ്ട് ഇത്ര ദീര്‍ഘകാലം മുളയെ വൃക്ഷമായി കണക്കാക്കി വന്നു. അതു മൂലം കാട്ടില്‍ താമസിക്കുന്ന എന്റെ ആദിവാസി സുഹൃത്തുക്കള്‍ക്ക് മുള വെട്ടുന്നതിനോ വില്‍ക്കുന്നതിനോ സാധിച്ചിരുന്നില്ല. മുള കൊണ്ടുപോകുന്നത് കണ്ടാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിക്കും. പിന്നെ വഴക്കായി ഏറ്റുമുട്ടലായി. അതുകൊണ്ടാണ് ഗവണ്മെന്റ് വളരെ നിര്‍ണായകമായ ഒരു തീരുമാനമെടുത്ത് മുളയെ വൃക്ഷങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കി പുല്ലിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. കൃഷിക്കാരന് തന്റെ പുരയിടത്തിനു ചുറ്റും ഇനി മുളയും കൃഷി ചെയ്യാം, വെട്ടാം, വില്‍ക്കാം, മുള ഉപയോഗിച്ച് വിവിധ സാധനങ്ങള്‍ നിര്‍മ്മിക്കാം വിപണിയില്‍ കൊണ്ടുപോയി വില്‍ക്കാം. ഗ്രാമങ്ങളില്‍ ഇത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരിക്കും.
നമ്മുടെ വനങ്ങളില്‍ ഇത്ര വലിയ മുളയുടെ ശേഖരം ഉണ്ടായിരിക്കെ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി നാം പന്ത്രണ്ടായിരം മുതല്‍ പതിനയ്യായിരം കോടി രൂപയുടെ മുള ഇറക്കുമതി ചെയ്യുകയായിരുന്നു. സാമ്പ്രാണി തിരികള്‍, തീപ്പെട്ടി കോല്, പട്ടം തുടങ്ങിയവയുടെ നിര്‍മ്മാണത്തിനാണ് നാം മുള ഇറക്കുമതി ചെയ്തിരുന്നത്. വീടു നിര്‍മ്മിക്കാന്‍ പോലും മുള വെട്ടാന്‍ അനുമതി ഇല്ലായിരുന്നു. ഇത്തരത്തില്‍ കോടികളാണ് രാജ്യത്തിനു പുറത്തേയ്ക്ക് ഒഴുകിയിരുന്നത്.
അതിനാല്‍ ഞാന്‍ എന്റെ ആദിവാസി സഹോദരന്മാരോടും കര്‍ഷക സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുകയാണ്, നിങ്ങള്‍ കൃഷിയിടത്തിനു ചുറ്റും നല്ല ഇനം മുള കൃഷി ചെയ്യൂ. വയലില്‍ സാധാരണ വിളകളും, അതിരുകളില്‍ മുളയും കൃഷി ചെയ്യൂ. അടുത്ത രണ്ടു മൂന്നു വര്‍ഷം കൊണ്ട് അവ വളരും. അപ്പോള്‍ അത് നിങ്ങള്‍ക്ക് അധിക ആദായമാവും. കൃഷിക്കാരുടെ വരുമാനം ഉയരേണ്ടതുണ്ട്. പുരയിടത്തിന്റെ അതിരുകളില്‍ ഇത്തരം കൃഷികള്‍ നടത്തി അവര്‍ക്ക് അധിക ആദായം ഉണ്ടാക്കാം. എല്ലാ പഞ്ചായത്ത് പ്രതിനിധികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നമുക്ക് നമ്മുടെ കാര്‍ഷിക മേഖലയെ സ്വയം പര്യാപ്തമാക്കി കൂടെ. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ദേവ് വ്രത്ജി കൃഷിക്കാരെ സീറോ ബജറ്റ് കൃഷി പരിശീലിപ്പിക്കുകയാണ്. നിങ്ങള്‍ക്കും ഇക്കാര്യങ്ങള്‍ പഠിച്ച്, ഗ്രാമങ്ങളില്‍ കൃഷിക്കാരെ കൊണ്ട് ചെയ്യിച്ചു കൂടെ.
തേനീച്ച വളര്‍ത്തലും തേന്‍ ഉത്പാദനവും വര്‍ധിപ്പിക്കാനുള്ള ഒരു വലിയ പ്രചാരണം നാം ഇപ്പോള്‍ നടത്തി വരികയാണ്. ഒരു ചെറിയ കൃഷിക്കാരന് അയാളുടെ കൃഷിയിടത്തില്‍ 50 തേനീച്ച പെട്ടിയെങ്കിലും വച്ചാല്‍ അയാള്‍ക്ക് പ്രതിവര്‍ഷം 1.5 – 2 ലക്ഷം രൂപയുടെ തേന്‍ വില്ക്കാന് സാധിക്കും. ഇനി അതു മുഴുവന്‍ വിറ്റില്ലെങ്കിലും അത് അയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉപയോഗിക്കാം. ആരോഗ്യം വര്‍ധിക്കും. നിങ്ങള്‍ പറയൂ, കൃഷിക്കാരന്റെ വരുമാനം വര്‍ധിക്കില്ലേ. ഈ തൊഴില്‍ ബജറ്റില്‍ ചേര്ക്കേണ്ടതേയില്ല. അതൊക്കെ സ്വാഭാവികമായി നടന്നുകൊള്ളും. നാം തീരുമാനിച്ചാല്‍ മാത്രം മതി.
തൊഴിലുറപ്പു പദ്ധതിയില്‍ തൊഴിലാളികള്‍ക്കു കൂലി കൊടുക്കുന്നതു ഗവണ്മെന്റാണ്. രണ്ടു മൂന്നു മാസത്തെ തൊഴിലുരപ്പു ജോലി പൂര്‍ത്തിയാക്കുന്നതിന് അതായത് ഏപ്രില്‍ മെയ് ജൂണ്‍ എന്തൊക്കെ ചെയ്യണം എന്നു മുന്‍കൂട്ടി തീരുമാനിക്കാം. കുളങ്ങള്‍ വൃത്തിയാക്കാം, മഴവെള്ള കുഴികള്‍ നിര്‍മ്മിക്കാം, ചെക്കു ഡാമുകള്‍ അറ്റകുറ്റ പണി നടത്താം എന്നിങ്ങനെ. ഇതിനായി തൊഴിലുറപ്പു പണം ചെലവഴിക്കാം.
ഗ്രാമത്തിലെ ജലം സംഭരിച്ചാല്‍ ഭൂഗര്‍ഭജല നിരപ്പ് ഉയരും. അപ്പോള്‍ ജലം പമ്പുചെയ്യുന്ന ചെലവു കുറയ്ക്കാം. ഭാവിയില്‍ മഴയുടെ അളവ് അല്പം കുറഞ്ഞാലും കൃഷിക്ക് അത്യാവശ്യം വെള്ളം ലഭിക്കും. ഗ്രാമത്തിനു പട്ടിണി കിടക്കേണ്ടി വരില്ല.
പ്രശ്നം പദ്ധതികളോ പണമോ അല്ല. നിങ്ങളോട് ഞാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുന്നു, വിദ്യാഭ്യാസം, ആരോഗ്യം, ജലസംരക്ഷണം, കൃഷി നവീകരണം തുടങ്ങിയ മേഖലകളില്‍ ശക്തമായ തീരുമാനം എടുക്കണം. ഈ വിഷയങ്ങളില്‍ ഒന്നും പുതിയ ബജറ്റിന്റെ ആവശ്യമില്ല. പുതിയ ബജറ്റ് കൂടാതെ തന്നെ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് മുന്നോട്ടു നീങ്ങാനും മാറ്റങ്ങള്‍ വരുത്താനും സാധിക്കും.
ഒരു കാര്യം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ജന്‍ ധന് യോജന എന്ന പേരില്‍ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുന്ന ഒരു പദ്ധതി നാം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടാമത്തെ കാര്യം 90 പൈസ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. തീരെ പാവപ്പെട്ടവര്‍ക്കു പോലും ഇന്‍ഷുറന്‍സിനായി 90 പൈസ ചെലവാക്കാന്‍ സാധിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം പലരും ഒരു ദിവസത്തെ ബീഡി വാങ്ങാന്‍ കുറഞ്ഞത് 2 രൂപ ചെലവാക്കുന്നവരാണ്.
ഒരു ആദിവാസി സമൂഹത്തിലെ അമ്മയ്ക്ക് ഞാന്‍ രണ്ടു ലക്ഷം രൂപ നല്കുന്നതു നിങ്ങള്‍ കണ്ടു കാണുമല്ലോ. എന്തിനാണ് ഈ 2 ലക്ഷം രൂപ. സ്വന്തം കുടുംബം എതിര്‍ത്തിട്ടു പോലും അവര്‍ 90 പൈസ അടച്ച് ഇന്‍ഷുറന്‍സില്‍ അംഗമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവരുടെ കുടുംബനാഥന് അകാലത്തില്‍ മരിച്ചു. അങ്ങനെയാണ് അവര്‍ക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിച്ചത്. പാവം അമ്മ. ഇത്തരം കഷ്ട സ്ഥിതിയില്‍ ഈ സംരംഭം വ്യക്തികള്‍ക്കു സഹായമാവില്ലേ, നിങ്ങള്‍ പറയൂ.
എന്റെ ജനപ്രതിനിധികളെ പഞ്ചായത്ത് പ്രസിഡന്റുമാരെ, ജന്‍ ധന് ബാങ്ക് അക്കൗണ്ടും, 90 പൈസ പ്രീമിയം അടയ്ക്കുന്ന ഇന്‍ഷുറന്‍സും ഇല്ലാത്ത ഒറ്റ കുടുംബം പോലും നിങ്ങളുടെ ഗ്രാമത്തില്‍ ഉണ്ടാകരുത്. കാരണം കുടുംബത്തില്‍ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അവര്‍ക്ക് 2 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭിക്കാതെ പോകരുത്. ആ കുടുംബം ഗ്രാമത്തിന് ഭാരമാകരുത്. ഇതു നിങ്ങള്‍ക്കു ചെയ്തു കൂടെ.
സഹോദരി സഹോദരന്മാരെ,
മൂന്നു കാര്യങ്ങളിലേയ്ക്കു കൂടി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെഒന്ന് ജന്‍ ധന്, രണ്ട്, വന്ധന്, മൂന്ന് ഗോബര്ധന്. ഈ മൂന്നു കാര്യങ്ങള്‍ വഴി ഗ്രാമങ്ങളുടെ സാമ്പത്തിക മേഖലയില്‍ വന്‍ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ നമുക്കു സാധിക്കും. ജന്‍ധന്‍ യോജന വഴി ഗ്രാമത്തിലെ സാധാരണക്കാരെയും സമ്പദ് വ്യവസ്ഥയുടെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരാന്‍ നമുക്കു സാധിക്കും. വന്‍ ധന് – നമുക്ക് വന്‍ തോതില്‍ പ്രകൃതി വന വിഭവങ്ങള്‍ ഉണ്ട്. ഗ്രാമത്തില്‍ ഒരു വേപ്പു മരം ഉണ്ടെന്നിരിക്കട്ടെ. ഗ്രാമത്തിലെ സ്ത്രീകള്‍ അതിന്റെ മൂല്യം മനസിലാക്കി, അതില്‍ നിന്നു വീഴുന്ന കുരു ശേഖരിച്ച് ഉണങ്ങി ആട്ടി എണ്ണ എടുത്താല്‍ അത് യൂറിയായില്‍ പുരട്ടുന്നതിന് ഉപയോഗിക്കാം. ആ സ്ത്രീകള്‍ക്ക് അതു ഒരു പുതിയ വരുമാനമാര്‍ഗ്ഗവും ആകും. മണ്ണില്‍ വീണ് അഴുകി പോകുമായിരുന്ന വേപ്പിന് കുരു അങ്ങിനെ ഒരു വിഭവമായി മാറി. ഒരു വന്‍ ധന്. ഇത്തരം മാറ്റങ്ങള്‍ നമുക്ക് ഉണ്ടാക്കി കൂടെ. വനത്തില്‍ ജീവിക്കുന്ന എന്റെ എല്ലാ സഹോദരങ്ങളോടും ഗവണ്മെന്റിനോടും ഞാന്‍ പറയുന്നു, മധ്യപ്രദേശ് ഗവണ്മെന്റ് ആദിവാസി സമൂഹത്തിനായി വന്ധന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വളരെ പ്രധാനപ്പെട്ട ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
മൂന്ന് ഗോബര്ധന് യോജന – ഗ്രാമങ്ങളില്‍ വന്‍ കാലി സമ്പത്തുണ്ട്. അവയുടെ ചാണകം നാം ഇനിയും ശാസ്ത്രീയമായി ഉപയോഗിക്കുന്നില്ല. ഗ്രാമങ്ങളിലെ മാലിന്യങ്ങളും മറ്റു പാഴ് വസ്തുക്കളും ഒരു ആസ്തിയാണ്. നമുക്ക് അതില്‍ നിന്നു ഗ്യാസ് നിര്‍മ്മിക്കാം, വൈദ്യുതി ഉത്പാദിപ്പിക്കാം, വളം ഉണ്ടാക്കാം. യൂറിയ ഇല്ലാതെ തന്നെ ഗ്രാമത്തില്‍ സ്വന്തമായി നല്ല നിലവാരമുള്ള വളം തയാറാക്കാം. അതിനുപരി ഗ്രാമത്തെ രോഗത്തില്‍ നിന്നു രക്ഷിക്കുവാന്‍ ഈ മാലിന്യ സംസ്കരണം ഉപകരിക്കുകയും ചെയ്യും. ഇതിനു പ്രത്യേകം പണ ചെലവില്ല താനും. ഗവണ്മെന്റിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതെല്ലാം നടത്താം.
അതിനാല്‍ സഹോദരി സഹോദരന്മാരെ,
രാജ്യത്തെ മുഴുവന്‍ പഞ്ചായത്തുകളോടും നര്‍മ്മദാ മാതാവിന്റെ നാട്ടിലെ 2.4 ലക്ഷം ഗ്രാമങ്ങളോടും, ദുര്‍ഗാവതി മാതാവിന്റെ അനുഗ്രഹമുള്ള മാണ്ഡലയോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, വരു, തീരുമാനം എടുക്കൂ. അങ്ങനെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം അടയാളപ്പെടുത്തുന്ന 2022 ല്‍ മഹാത്മഗാന്ധിയുടെ സ്വ്പനങ്ങള്‍ സാക്ഷാത്ക്കരിക്കൂ. ഈ വര്‍ഷം ഒക്ടോബര്‍ 2 മഹാത്മാവിന്റെ 150-ാം ജനന വാര്‍ഷികമാണ്. ഗ്രാമങ്ങളെ കുറിച്ചുള്ള ഗാന്ധിജിയുടെ സ്വ്പനങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള അസുലഭ സന്ദര്‍ഭമാണിത്. ഗ്രാമങ്ങളെ മാറ്റി രാജ്യത്ത് മാറ്റം വരുത്താന്‍ എല്ലാവരും പരിശ്രമിക്കണം. ഗ്രാമങ്ങള്‍ക്കായുള്ള തുക കൃത്യമായി വിനിയോഗിക്കണം.
പൗരന്മാര്ക്കു നേരിട്ടു ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യ ഞാന്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഇതു ലളിതമാണ്. മൊബൈല്‍ ഫോണിലൂടെ ഇതു സാധിക്കും. പണം എന്തിനു ചെലവാക്കി, എത്ര ചെലവാക്കി, എത്ര തൊഴില്‍ ലഭ്യമാക്കി എന്നു തുടങ്ങി എന്തും ഇതിലൂടെ അറിയാം. ഉദാഹരണത്തിന് ഗ്രാമത്തില്‍ നിര്‍മ്മിച്ച കിണര്‍. അതിനു വക കൊള്ളിച്ചിരുന്ന പണം ചെലവാക്കിയില്ലെങ്കില്‍ നിങ്ങള്‍ക്കു ഗവണ്മെന്റിനോട് ചോദിക്കാം. ഒരു മാസത്തിനുള്ളില്‍ അതു ചെയ്തിരിക്കും. ഇത്തരത്തില്‍ കാര്യങ്ങള്‍ സുതാര്യമാക്കി വരികയാണ്. ഗ്രാമങ്ങളില്‍ സുതാര്യതയുടെ സാഹചര്യം സംജാതമാകും. ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വം ഉണ്ടാകും.
അതിനാല്‍ എന്റെ പ്രിയ സഹോദരി സഹോദരന്മാരെ,
നാം ശരിയായ കാര്യങ്ങള്‍ ശരിയായ സമയത്തു ചെയ്യണം. നിങ്ങളുടെ ഈ അഞ്ചു വര്‍ഷത്തെ ഭരണം ഒരു സുവര്‍ണ കാലഘട്ടമാക്കി മാറ്റണം. ഗ്രാമത്തിന്റെ മുഖഛായ മാറ്റിയ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഗ്രാമം മുഴുവന്‍ ഓര്‍മ്മിക്കണം. ഈ നിശ്ചയവുമായി നാം മുന്നേറണം. ഇന്ന് ഇവിടെ ഒരു എല്‍പിജി പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നതിന് എനിക്ക് അവസരം ലഭിച്ചു. നിങ്ങള്‍ക്ക് അറിയാമായിരിക്കും നമ്മള് പാവപ്പെട്ട ആളുകള്‍ക്ക് സൗജന്യമായിട്ടാണ് എല്‍ പി ജി നല്‍കുന്നത്. ഇപ്പോള്‍ നാം ഗ്യാസ് സിലണ്ടറുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. 120 കോടിയാണ് ഈ ഫാക്ടറിയുടെ മൂലധനം. സത്ന, റേവ, സിന്‍ഗ്രൗളി, ഷാഡോള്‍, ഉമറിയ, ഡിണ്ടോരി, അനുപൂര്‍, മണ്ട്ല, ബലാഘട്ട്, ജബല്‍പൂര്‍,കാന്തി, ദമോ തുടങ്ങി സമീപത്തുള്ള ജില്ലകളിലേയ്ക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വിതരണം ഇതോടെ എളുപ്പമാകും. ഇവിടെയുള്ള ആളുകള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും.
സഹോദരി സഹോദരന്മാരെ,
നമുക്ക് പല വിഷയങ്ങളെ കുറിച്ച് സംസാരിക്കാന്‍ സാധിക്കും. പക്ഷെ നാമെല്ലാവരും ഗ്രാമങ്ങളില്‍ എത്തേണ്ടത് ജയ് ജവാന്, ജയ് കിസാന്‍, ജയ് വിജ്ഞാന് എന്ന മുദ്രാവാക്യവുമായിട്ടാവണം.
പെണ്മക്കളെ ഉപദ്രവിക്കുന്ന അധമ പുരുഷന്മാര്ക്ക് കനത്ത ശിക്ഷ നല്‍കാനുള്ള നിയമങ്ങള്‍ കേന്ദ്ര ഗവണ്മെന്റ് പ്രാബല്യത്തിലാക്കി എന്ന് ശിവരാജ് ജി പറയുന്നതു ഞാന്‍ കേട്ടു. മുഖ്യമന്ത്രി അതു പറഞ്ഞപ്പോള്‍ സദസ് ഒന്നടങ്കം അതിനെ കയ്യടിച്ചാണ് സ്വാഗതം ചെയ്തത്. ഈ കരഘോഷം മാഞ്ഞു പോവില്ല. ഡല്‍ഹിയില്‍ ഇപ്പോഴുള്ള ഗവണ്മെന്റ് നിങ്ങളുടെ ഹൃദയത്തെ കേള്‍ക്കുകയും അതനുസരിച്ച് തീരുമാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. കുടുംബത്തിലെ പുത്രിമാരെ ബഹുമാനിക്കാന്‍ നാം പഠിക്കണം. വീട്ടില്‍ പെണ്മക്കള്ക്കു എല്ലാ കാര്യങ്ങളിലും മുന്‍ഗണനയും പ്രാധാന്യവും നല്‍കണം. പുത്രന്മാരെ ഉത്തരവാദിത്വമുള്ളവരാക്കി വളര്‍ത്തണം. അവരെ ഉത്തരവാദിത്വമുള്ളവരാകാന്‍ പഠിപ്പിച്ചു തുടങ്ങിയാല്‍ പിന്നെ നമ്മുടെ പെണ്മക്കള് സുരക്ഷിതരായി. ആരെങ്കിലും ഇതിനെതിരെ കുറ്റം ചെയ്താല്‍ അവനെ തൂക്കി കൊല്ലണം. വീട്ടില്‍ പെണ്മക്കളുടെ സുരക്ഷിതത്വം നാം ഉറപ്പാക്കണം. അതിനായി ബഹുജന മുന്നേറ്റം നമുക്ക് ആരംഭിക്കേണ്ടിയിരിക്കുന്നു. രാജ്യത്തു നിന്ന് ഇത്തരം പ്രശ്നങ്ങളെ പുറത്താക്കാന്‍ നമുക്ക് എല്ലാവര്ക്കും സാധിക്കണം. ഇക്കാര്യങ്ങള്‍ നിങ്ങള്‍ ഏറ്റെടുക്കണം.
സഹോദരി സഹോദരന്മാരെ,
വളരെ പ്രധാനപ്പെട്ട ഒരു ഉദ്യമത്തിനു ഗവണ്മെന്റ് തയാറാവുകയാണ്. നിര്‍ഭാഗ്യവശാല്‍ രാജ്യത്തെ ഏതാനും ആളുകള്‍ക്കും കുടംബങ്ങള്‍ക്കും മാത്രമെ സ്വാതന്ത്ര സമരത്തില്‍ നേരിട്ടു പങ്കടുക്കാന്‍ സാധിച്ചുള്ളു. യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ആത്മാര്‍പ്പണം നടത്തിയ മറ്റു പലരുടെയും കഥകള്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം പിടിക്കാത്തത് എന്തുകൊണ്ടണ് എന്ന് എനിക്ക് അറിയില്ല.1857 നും, മുമ്പ് കോളനി വാഴ്ച്ച കാലത്ത് നമ്മുടെ എത്രയോ മുന്‍ഗാമികള്‍ ഈ രാജ്യത്തിന്റെ ആത്മാഭിമാനത്തിനു വേണ്ടി, സംസ്കാരത്തിനു വേണ്ടി, സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം നടത്തിയിട്ടുണ്ട്. 1857 കഴിഞ്ഞ് ഇതെക്കുറിച്ച് വളരെ കുറച്ച് ആളുകള്‍ക്കു മാത്രമെ അവബോധം ഉണ്ടായിരുന്നുള്ളു. കാരണം അപ്പോഴേയ്ക്കും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വയം ബലിയര്‍പ്പിച്ച എന്റെ ഗോത്രസഹോദരന്മാരെയും സഹോദരിമാരെയും കുറിച്ചുള്ള ഓര്‍മ്മകള്‍ ജനത്തിന്റെ മനസില്‍ നിന്നു തുടച്ചു മാറ്റപ്പെട്ടിരുന്നു. ഇന്ത്യയ്ക്കു വേണ്ടി എത്രമഹായുദ്ധങ്ങള് അവര്‍ നടത്തി. ദുര്‍ഗാവതി, അവന്തിബായി, ബിര്‍സ മുണ്ട തുടങ്ങിയ മഹാത്മാക്കള്‍ രാജ്യത്തിനു വേണ്ടി ജീവിതം ഹോമിച്ചവരാണ്.
ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ നമ്മുടെ ഗോത്രസമൂഹത്തിലെ പൂര്‍വികരെ ഓര്‍മ്മിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും ഓരോ മ്യൂസിയം സ്ഥാപിക്കപ്പെടണം എന്നത് എന്റെ ഒരു സ്വപ്നമാണ്. സ്കൂള്‍ വിദ്യാര്‍ഥികളെ ഈ മ്യൂസിയത്തില്‍ കൊണ്ടുപോകണം, നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സംസ്കാരത്തിനും ചരിത്രത്തിനും വേണ്ടി ആത്മാര്‍പ്പണം നടത്തിയ ഗോത്രസമൂഹത്തിലെ ഈ ധീര സഹോദരങ്ങളെ കുറിച്ച് വരും തലമുറ അറിയട്ടെ. വൈകാതെ മധ്യപ്രദേശില്‍ തന്നെ ഈ ജോലി ആരംഭിക്കും.
അതിനാല്‍ എന്റെ സഹോദരീ സഹോദരന്മാരെ,
മാണ്ഡലയുടെ ഈ മണ്ണില്‍ ദുര്‍ഗാവതി മാതാവിനെ അനുസ്മരിക്കുമ്പോള്‍ ഇവിടെ പഞ്ചായത്തി രാജിന്റെയും അതുവഴി നമ്മുടെ ജനാധിപത്യത്തിന്റെയും ഭൂമി മാതാവിന്റെയും ഗ്രാമങ്ങളുടെയും ശാക്തീകരണം ലക്ഷ്യമാക്കി ഗോത്ര കലോത്സവം തന്നെ സംഘടിപ്പിച്ചവരെ ഞാന്‍ അഭിനന്ദിക്കുന്നു. രാജ്യമെമ്പാടും ഗ്രാമസ്വരാജ് അഭിയാന് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടതിന് തോമര്ജിയെയും, രൂപാലാജിയെയും അദ്ദേഹത്തിന്റെ വകുപ്പിലെ ഉദ്യോഗസ്ഥരെയും ഞാന്‍ അഭിനന്ദിക്കുന്നു.
ഏപ്രില്‍ 30 ന് ആയൂഷ്മാന്‍ ഭാരതിന്റെ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. മെയ് 2 മുതല്‍ കൃഷിക്കാര്‍ക്കായി ശില്പശാലകള് നടക്കും. ഗ്രാമങ്ങളിലെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അവിടെ ചര്‍ച്ച ചെയ്യപ്പെടും. ആവേശപൂര്‍വം, പ്രതീക്ഷയോടെ ഈ പരിപാടികളില്‍ പങ്കെടുക്കണം എന്നു ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
ഈ പ്രതീക്ഷയോടെ, നിങ്ങള്‍ക്ക് നല്ല ആശംസകള്‍ നേരുന്നു.
എല്ലാവര്ക്കും വളരെ നന്ദി.
I am delighted to be in Madhya Pradesh on National Panchayati Raj Day. Bapu always highlighted the importance of villages and spoke about 'Gram Swaraj' : PM @narendramodi https://t.co/wF0M74Yg5n pic.twitter.com/wJma6E7qh7
— PMO India (@PMOIndia) April 24, 2018
Let us reaffirm our commitment to serving our villages: PM @narendramodi https://t.co/wF0M74Yg5n
— PMO India (@PMOIndia) April 24, 2018
While talking about rural development, Budgets are important. But, there is a shift in the discourse in the last few years. People are now talking about the need to ensure that money allocated for a project is utilised and it is done in a timely as well as transparent manner: PM pic.twitter.com/QYn8OmIPzJ
— PMO India (@PMOIndia) April 24, 2018
I urge people to focus on the education of their children. This is essential for the child's future: PM @narendramodi pic.twitter.com/4DyGZ7skzz
— PMO India (@PMOIndia) April 24, 2018
Our efforts are towards self-reliance in the agriculture sector: PM @narendramodi
— PMO India (@PMOIndia) April 24, 2018
Think about what you can do for water conservation in the villages. Every drop of water should be conserved: PM @narendramodi
— PMO India (@PMOIndia) April 24, 2018
As public representatives working across the villages, I appeal to you to focus on Jan Dhan, Van Dhan, Gobar Dhan.
— PMO India (@PMOIndia) April 24, 2018
Ensure that people have Jan Dhan accounts and insurance coverage under the Government schemes: PM @narendramodi pic.twitter.com/fBLtUGgT6U
When our villages are transformed, India will be transformed: PM @narendramodi pic.twitter.com/MABEBrcc5Q
— PMO India (@PMOIndia) April 24, 2018
The recent steps taken by the Government will be beneficial in furthering the safety of women: PM @narendramodi in Madhya Pradesh
— PMO India (@PMOIndia) April 24, 2018