പിഎം ഇന്ത്യ

അടിസ്ഥാന സൗകര്യമാകട്ടെ, ജീവിത നിലവാരമാകട്ടെ, അല്ലെങ്കില്‍ ഭരണമോ, സാമ്പത്തിക ശക്തിയോ, അതുമല്ലെങ്കില്‍ സ്വയം പര്യാപ്തമായ കുടുംബങ്ങളോ ആകട്ടെ, ഇവയുടെയെല്ലാം അതീവ സുന്ദരമായ മാതൃക, അതായത് ഈ ഘടകങ്ങളെ എല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ട് എങ്ങിനെ വികസനം പ്രാവര്‍ത്തികമാക്കാം എന്നു ഞാന്‍ കണ്ടു. വൈകിയാണ് വന്നതെങ്കിലും അവയിലെല്ലാം വളരെ ആഴത്തില്‍ ഞാന്‍ പങ്കാളിയായി.
ഈ രാജ്യം സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ഞാന്‍. ഇത്ര വിപുലമായ ഒരു വ്യവസായ പ്രതിനിധി സംഘം ഇവിടേയ്ക്ക് എന്നെ അനുഗമിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അതിവേഗം വളരുന്ന ഇന്ത്യ തെളിവാണെങ്കിലും പക്ഷെ, സബ്കാ സാത്, സബ്കാ വികാസ് ( എല്ലാവര്ക്കും വികസനം, എല്ലാവര്ക്കും ഒപ്പം) എന്നതാണ് നമ്മുടെ സൂത്രവാക്യം. അതുകൊണ്ട് നമുക്ക് മാത്രം വളര്‍ന്നാല്‍ പോര, നമുക്കൊപ്പം നടക്കുന്നവരുടെ വളര്‍ച്ചയെ നാം സഹായിക്കുക കൂടി വേണം. അങ്ങനെ നാം ഒന്നിച്ചു മുന്നേറും. ഇതാണ് നമ്മുടെ അടിസ്ഥാന ആശയം.
ഇവിടെ സന്നിഹിതരായിരിക്കുന്ന ഇന്ത്യന്‍ വ്യവസായ ഫോറത്തിന്റെ അംഗങ്ങളെ പ്രത്യേകമായി ഓര്‍മ്മിപ്പിക്കുകയാണ്, നിങ്ങള്‍ റുവാണ്ടായിലേയ്ക്കു വെറുതെ വന്നതാണ് എന്നു ദയവായി കരുതരുത്. റുവാണ്ടായിലേയ്ക്കു വരിക എന്നു പറഞ്ഞാല്‍, മുഴുവന്‍ ആഫ്രിക്കയുടെയും വാതില്‍ നിങ്ങള്‍ക്കു മുന്നില്‍ തുറക്കുന്നു എന്നാണ് അര്‍ത്ഥം. കാരണം അതിന്റെ താക്കോല്‍ ഇവിടെയാണ്. റുവാണ്ടാ മാതൃകയും അതിന്റെ വികസനവും ഇന്ന് ആഫ്രിക്ക മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ആഫ്രിക്കയിലുടനീളം ഒരു പുതിയ പ്രവണത ദൃശ്യമാണ്, അതിനെ നയിക്കുന്നത് ഇവിടുത്തെ പ്രസിഡന്റാണ്. അതായത് നിങ്ങളുടെ ഈ സന്ദര്‍ശനം അര്‍ത്ഥമാക്കുക ഈ രാജ്യത്തിന്റെ അതിര്ത്തിയ്ക്കുള്ളില് മാത്രമായി അത് ഒതുങ്ങുന്നില്ല എന്നാണ്. ഇക്കാര്യം നിങ്ങള്‍ പരിഗണിച്ചാല്‍ നിങ്ങള്‍ക്ക് അനേകം സാധ്യതകള്‍ വേറെയും കാണാന്‍ സാധിക്കും. അനേകം വെല്ലുവിളികളും അവസരങ്ങളും നിങ്ങള്‍ക്കു മുന്നില്‍ വരും. ഈ അവസരങ്ങള്‍ നിങ്ങള്‍ പാഴാക്കില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഞാന്‍ ഈ കാര്യങ്ങള്‍ ഇന്നലെ മുതല്‍ നിരീക്ഷിക്കുകയാണ്. പ്രസിഡന്റ് വളരെ ഉത്സാഹമുള്ളയാളാണ്. സദ് ഭരണം, ജനങ്ങളുടെ വികസനം വളര്‍ച്ച, പുരോഗതി , സമൂഹത്തില്‍ സമാധാനം ഇതെല്ലാമാണ് അദ്ദേഹത്തിന്റെ ചിന്തകളുടെ കേന്ദ്ര വിഷയങ്ങള്‍. ഇതെല്ലാം നാം ഇന്ത്യക്കാര്‍ക്കും വളരെ താല്പര്യമുള്ള കാര്യങ്ങളാണ് . ഇതെല്ലാം നമ്മുടെ രീതിക്കും വളരെ ഇണങ്ങുന്നവയുമാണ്.
ഈ രാജ്യം ഇങ്ങനെയാണ്. ലോകം ആഫ്രിക്കയെ ശ്രദ്ധിക്കുന്നതിനും മുമ്പേ, ആര്‍ക്കും ഇവിടേയ്ക്കു വരാന്‍ താല്പര്യം ഇല്ലാതിരുന്ന കാലത്ത് ഇന്ത്യ ആഫ്രിക്കയില്‍ എത്തിയതാണ്.
നോക്കൂ. ഗുജറാത്തിലെ ജോഥ്പൂരില്‍ നിന്നുള്ള ഒരു കുടുംബം ഇവിടെയുണ്ട്. അവര്‍ 19-ാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളിലായിരിക്കും ഇവിടേയ്ക്ക് എത്തിയത് എന്നു ഞാന്‍ കരുതുന്നു. അതുകഴിഞ്ഞ് എത്രയോ ഇന്ത്യക്കാര്‍ ഇവിടെ എത്തി. അവര്‍ ഈ പ്രദേശത്തുള്ളവരുടെ ജീവിതങ്ങളുമായി ഇഴുകി ചേര്‍ന്നു. ഈ രാജ്യത്തിന്റെ വികസന യാത്രയില്‍ അവരും പങ്കാളികളായി മാറി. ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ ഈ രാജ്യത്തേയ്ക്കു തിരിഞ്ഞിരിക്കുന്നു എന്നതു സത്യമാണ്. ലോകം മുഴുവന്‍ ഇവിടേയ്ക്കു വരാന്‍ ഇഷ്ടപ്പെടുന്നു. പക്ഷെ നാം ഇവിടേയ്ക്കു വന്നത് ഈ രാജ്യത്തിന് യഥാര്‍ത്ഥത്തില്‍ നമ്മെ ആവശ്യം ഉണ്ടായിരുന്നപ്പോഴാണ്. ഇന്ന് അവരെ സഹായിക്കാന്‍ നാം ആഗ്രഹിക്കുന്നു. അങ്ങനെ നമുക്ക് ഇരുവര്‍ക്കും കൂടി ലോകത്തെ സഹായിക്കാം. അതായത് ഇപ്പോഴും പിന്നില്‍ നില്‍ക്കുന്നവര്‍ക്കായി, അവസരങ്ങള്‍ ലഭിക്കാത്തവര്‍ക്കായി നമുക്ക് എന്തെങ്കിലും ചെയ്യാം. ഈ ഉദ്ദേശ്യവുമായിട്ടാണ് നാം ലോകത്തിലേയ്ക്കു പോകുന്നത്. ലോകത്തിലെ ഏതെല്ലാം രാജ്യങ്ങളുമായി ഒരുമിച്ച് നാം പ്രവര്‍ത്തിക്കുന്നുവോ ആ രാജ്യങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിനായി എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ നാം ആഗ്രഹിക്കുന്നു.
ഇവിടുത്തെ പ്രസിഡന്റ് ഗുജറാത്ത് സന്ദര്‍ശിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നിന്ന് അദ്ദേഹം പല കാര്യങ്ങളും കണ്ടു മനസിലാക്കി. അദ്ദേഹം ഇന്ത്യ സന്ദര്ശിച്ചപ്പോഴൊക്കെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ താല്പര്യം. അദ്ദേഹം സ്വയം അത് കണ്ട്, മനസിലാക്കി, ജനങ്ങളെ ക്ഷണിച്ചു. വികസനത്തോട് അത്രമാത്രം പ്രതിബദ്ധതയും, പുതിയ കാര്യങ്ങള്‍ മനസിലാക്കുന്ന, അംഗീകരിക്കുന്ന സ്വഭാവവുമുള്ള രാഷ്ട്രനേതാവ് ഭരിക്കുന്ന രാജ്യത്ത് ഏതു പ്രവര്‍ത്തനം നടത്തുന്നതിനും ഒരു തടസവും ഉണ്ടാകില്ല എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
അനന്തമായ സാധ്യതകളാണുള്ളത്. നിങ്ങള്‍ ഒരു ജാലകം തുറക്കുമ്പോള്‍ പുതിയ ഒരു അവസരത്തിനു മുന്നിലേയ്ക്കാണ് നിങ്ങള്‍ എത്തുക. രണ്ടാമത്തെ ജാലകം തുറക്കുമ്പോള്‍ അതിലും വലിയ അവസരത്തിനു മുന്നിലേയ്ക്കാണ് വരുന്നത്. നിങ്ങള്‍ മുന്നേറുകയാണെങ്കില്‍ , നിങ്ങള്‍ മുന്നോട്ടുള്ള പ്രയാണം തുടരും. വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. ഇവിടെയുള്ള ഈ സാധ്യതകള്‍ എനിക്ക് വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. ഇതുപോലെ തുല്യമായ സാധ്യതകള്‍ ഇന്ത്യയിലും ഉണ്ട്. റുവാണ്ടയില്‍ ധാരാളം വ്യവസായികള്‍ ഉണ്ട്. നിങ്ങള്‍ ഇന്ത്യയില്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാന്‍ ഇന്ത്യ തയാറാണ്. ഞാന്‍ അവരെ ഇന്ത്യയിലേയ്ക്കു ക്ഷണിക്കുന്നു.
എന്നാല്‍ ഇന്ത്യയിലെ ജനങ്ങളെ ഒരു കാര്യം ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് റുവാണ്ടയുടെ ആധുനികതയിലേയ്ക്കുള്ള മുന്നേറ്റമാണ്. അത് അടിസ്ഥാന സൗകര്യമാകട്ടെ, ഗ്രാമ വികസനമാകട്ടെ, സാമ്പത്തിക പ്രവര്‍ത്തനങ്ങളാകട്ടെ, ചെറുകിട വ്യവസായ ശൃംഖലയാകട്ടെ, ഉത്പ്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്താനുള്ള അവരുടെ ആഗ്രഹമാകട്ടെ, ഈ വിഷയങ്ങളിലെല്ലാം ഇന്ത്യന്‍ വ്യവസായ വ്യാപാരി സമൂഹത്തിനും അനേകം കാര്യങ്ങള്‍ കൂട്ടായി ചെയ്യാന്‍ സാധിക്കും.
ഇന്ത്യയില്‍ നാം മേയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം തുടങ്ങിയിരിക്കുകയാണ്. നമുക്ക് റുവാണ്ടയെ മേയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തില്‍ പങ്കാളികളാക്കാം. അവരുമായി അതിനെ ബന്ധിപ്പിക്കാം. അന്താരാഷ്ട്ര സൗര സഖ്യത്തിലൂടെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാം പരിശ്രമിച്ചുവരികയാണ്. ജനങ്ങളുടെ ജീവിതചെലവു ലഘൂകരിക്കുന്നതിനും ഇതിനായി സൗരോര്‍ജ്ജത്തെ എങ്ങിനെ ഉപകാരപ്പെടുത്താമെന്നു മനസിലാക്കുന്നതിനും ഒരു വലിയ മുന്നേറ്റം ആരംഭിച്ചിട്ടുണ്ട്. ഇതിനായി റുവാണ്ടയിലെ ജനങ്ങളും മുന്നോട്ടു വരും എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഇന്ന് പ്രസിഡന്റിനോടൊപ്പം യാത്ര ചെയ്തപ്പോള്‍ എല്‍ഇഡി ബള്‍ബുകളുടെ ഉപയോഗം സംബന്ധിച്ച് അദ്ദേഹവുമായി സംസാരിച്ചു. ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങള്‍ക്ക് ഏറ്റവും പ്രയോജനം ചെയ്തത് എല്‍ഇഡി ബള്‍ബുകളാണ്. അതുവഴി അവരുടെ വൈദ്യുതി ചെലവ് മൂന്നില്‍ ഒന്നായി കുറഞ്ഞു. റുവാണ്ടയില്‍ എല്‍ഇഡി ബള്‍ബ് ഉപയോഗം സംബന്ധിച്ച് ഒരു ബോധവത്ക്കരണം നടത്തിയാല്‍ അത് വഴി ഊര്‍ജ്ജം വളരെയധികം ലാഭിക്കാന്‍ സാധിക്കും. മാത്രവുമല്ല രാജ്യത്തെ പാവപ്പട്ടവരും ഇടത്തരക്കാരുമായ ജനങ്ങള്‍ക്ക് അത് വളരെ പ്രയോജന പ്രദവുമായിരിക്കും.
ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുന്നതിലൂടെ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ ചെലവ് കുറയ്ക്കാം. ഇപ്രകാരം ഗാര്‍ഹിക മേഖലയില്‍ നിന്നു ലാഭിക്കുന്ന ഊര്‍ജ്ജം വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാം. അപ്പോള്‍ ഒരു ചെറിയ കാര്യത്തിലൂടെ എത്ര വലിയ മാറ്റമാണ് കൊണ്ടുവരാന്‍ സാധിക്കുക. ഈ ദിശയില്‍ നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം. ക്ഷീര വ്യവസായ മേഖലയിലും വലിയ സാധ്യതകളാണുള്ളത്. ധവള വിപ്ലവത്തിന് വലിയ സാധ്യതകള്‍ ഉണ്ട്. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ നല്ല വൈദഗ്ധ്യമാണ്. അവരുമായി കൈകോര്‍ത്ത് നമുക്ക് പ്രവര്‍ത്തിക്കാം. ഒരു തരത്തില്‍ ഇന്ത്യയുടെ ഗ്രാമ തലം മുതല്‍ ദേശീയ തലം വരെയുള്ള കഴിവുകളെയും ഇന്ത്യന്‍ വ്യാപാര സമൂഹത്തിന്റെയും നമ്മുടെ വ്യവസായത്തിന്റെയും ശക്തിയെയും പൂര്‍ണമായി റുവാണ്ടയുടെ വികസനത്തിന് ഉപയോഗിക്കാം. റുവാണ്ട നമ്മുടെ സുഹൃദ് രാജ്യമാണ്. രാജ്യത്തെ കുറച്ചുകൂടി അടുത്തു നിന്ന് പരിശോധിച്ചാല്‍ അവരുടെ സംസ്കാരവും ഇന്ത്യയുടെ സംസ്കാരവും തമ്മില്‍ പല സാധര്‍മ്യങ്ങളും കാണാം. എല്ലാറ്റിലും നിങ്ങള്‍ക്കു സാമ്യം കാണാം. ഇത്തരത്തില്‍ ഒരു സാമ്യവും ജനാധിപത്യവും സുതാര്യമായ ഭരണവും കാര്യക്ഷമതയും സമര്‍പ്പിത നേതൃത്വവും ഉള്ള രാജ്യത്ത് ഇത് വളരെ എളുപ്പത്തില്‍ നിര്‍വഹിക്കാവുന്നതാണ് എന്നു നമുക്ക് മനസിലാക്കാനാവും.
ഞാന്‍ ഇന്നലെ ഇവിടെ വിമാനം ഇറങ്ങിയ നിമിഷം മുതല്‍ ഇതുവരെ പ്രസിഡന്റ് അദ്ദേഹത്തിന്റെ സമയും മുഴുവനായി നമുക്കൊപ്പം ചെലവഴിച്ചു. ഇതൊരു അപൂര്‍വ അനുഭവമാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ ഭരണസംവിധാനവും എന്നോടൊപ്പമാണ്. നമ്മള് എത്രയോ ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നു. പക്ഷെ ഓരോ നിമിഷവും ശരിയായി എപ്രകാരം വിനിയോഗിക്കണം എന്ന് നാം ഇദ്ദേഹത്തില്‍ നിന്നു പഠിക്കണം. എനിക്ക് സന്തോഷമായി. ഒരിക്കല്‍ കൂടി ഞാന്‍ അദ്ദേഹത്തിനു നന്ദി പറയുന്നു. ഒപ്പം നിങ്ങള്‍ക്ക് എല്ലാവര്ക്കും ശുഭാശംസകള്‍ നേരുകയും ചെയ്യുന്നു.
We want to boost economic ties between India and Rwanda. Our nations can do a lot together. There are several opportunities in rural development and small scale industries: PM @narendramodi tells CEOs from India and Rwanda
— PMO India (@PMOIndia) July 24, 2018
Furthering ties of trade and commerce...President @PaulKagame and I addressed leading CEOs from India and Rwanda. pic.twitter.com/DGVcmPixIN
— Narendra Modi (@narendramodi) July 24, 2018