Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആരോഗ്യ സുരക്ഷാ അനുബന്ധ പ്രൊഫഷണലുകളുടെ വിദ്യാഭ്യാസവും സേവനവും ക്രമീകരിക്കുന്നതിനായി 2018 ലെ ആരോഗ്യ സുരക്ഷ അനുബന്ധ പ്രൊഫഷന്‍ (അലൈഡ് ആന്റ് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷന്‍സ്) ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം


ആരോഗ്യ സുരക്ഷാ അനുബന്ധ പ്രൊഫഷണലുകളുടെ സേവനവും വിദ്യാഭ്യാസവും ക്രമവല്‍ക്കരിക്കുന്നതിനായി ആരോഗ്യ സുരക്ഷ അനുബന്ധ പ്രൊഫഷണലുകള്‍ ബില്‍ 2018ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആരോഗ്യ സുരക്ഷാ അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണുകളുടെ നിലവാരം നിശ്ചയിക്കുന്നതിനും സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നതിനുമായി ദേശീയതലത്തില്‍ അലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സംസ്ഥാനങ്ങളില്‍ അതിന് യോജിച്ച സംവിധാനങ്ങളും ഒരുക്കുന്നതിന് ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

വിശദാംശങ്ങള്‍:
1. ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും അലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ കൗണ്‍സിലുകളുടെ രൂപീകരണം. ആരോഗ്യ സുരക്ഷ അനുബന്ധമേഖലകളില്‍ 53 പ്രൊഫഷനുകള്‍ ഉള്‍പ്പെടെ 15 പ്രധാനപ്പെട്ട പ്രൊഫഷണല്‍ വിഭാഗങ്ങളാണുള്ളത്.
2. കേന്ദ്ര-സംസ്ഥാന കൗണ്‍സിലുകളുടെ രൂപീകരണം, ഘടന, പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ബില്‍ ലഭ്യമാക്കുന്നുണ്ട്. ഉദാഹരണത്തിന് നയ-നിലവാര രൂപീകരണം, പ്രൊഫഷണലുകളുടെ ഇടപെടലുകളുടെ നിയന്ത്രണം,  ലൈവ് രജിസ്റ്ററുകള്‍ തയ്യാറാക്കുകയും പരിപാലിക്കുകയും ചെയ്യുക, പൊതു പ്രവേശന പരീക്ഷകള്‍ക്കുമുള്ള വ്യവസ്ഥകള്‍ മുതലായവ.
3) കേന്ദ്ര കൗണ്‍സിലില്‍ 47 അംഗങ്ങളുണ്ടായിരിക്കും. ഇതില്‍ 14 അംഗങ്ങള്‍ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള എക്‌സ് ഒഫിഷ്യോ പ്രതിനിധികളായിരിക്കും. ബാക്കി 33 പേര്‍ പ്രധാനപ്പെട്ട 15 പ്രൊഫഷണല്‍ വിഭാഗത്തില്‍പ്പെടുന്ന നോണ്‍ എക്‌സ്-ഒഫിഷ്യോ അംഗങ്ങളായിരിക്കും.
4) സംസ്ഥാന കൗണ്‍സിലുകളും കേന്ദ്ര കൗണ്‍സിലിന്റെ അതേ രൂപത്തിലായിരിക്കും അതില്‍ 7 എക്‌സ് ഒഫിഷ്യോ അംഗങ്ങളും 21 നോണ്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളും  ഉണ്ടാകും. നോണ്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരു ചെയര്‍പേഴ്‌സണും ഉണ്ടാകും.
5. കേന്ദ്ര-സംസ്ഥാന കൗണ്‍സിലുകള്‍ക്ക് കീഴിലുള്ള പ്രൊഫഷണല്‍ ഉപദേശകസമിതി പ്രശ്‌നങ്ങള്‍ സ്വതന്ത്രമായി പരിശോധിക്കുകയും  ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്യും.
6. ഇതിനുള്ളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതൊരു പ്രൊഫഷനുമായി ബന്ധപ്പെട്ട നിയമങ്ങളെ മറികടക്കുന്നതിനുള്ള ശേഷി ഈ ബില്ലിനുണ്ടാകും.
7. ആരോഗ്യ സുരക്ഷാ അനുബന്ധ സ്ഥാപനങ്ങളുടെ അംഗീകാരത്തിനുള്ള നടപടികള്‍ സംസ്ഥാന കൗണ്‍സിലുകള്‍ സ്വീകരിക്കും.
8. അന്യായപ്രവൃത്തികള്‍ തടയാനായി ശിക്ഷയും പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
9. ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് കേന്ദ്രത്തിനും, സംസ്ഥാനങ്ങള്‍ക്കും ബില്‍ അധികാരം നല്‍കുന്നുണ്ട്.
10. നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനും, ഷെഡ്യൂളില്‍ വേണ്ട ഭേദഗതികള്‍ വരുന്നതിനും കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കുന്നതിനുള്ള അധികാരം കേന്ദ്ര ഗവണ്‍മെന്റിന് ബില്‍ നല്‍കുന്നുണ്ട്.

ലക്ഷ്യങ്ങള്‍
·     ബില്‍ പാസായി 6 മാസത്തിനുള്ളില്‍ കേന്ദ്ര കൗണ്‍സില്‍ രൂപീകരിക്കുന്നതുവരെ രണ്ടുവര്‍ഷത്തെ കാലാവധിക്ക് ഒരു ഇടക്കാല കൗണ്‍സില്‍ രൂപീകരിക്കും.
·    വിവിധ സ്രോതസുകളില്‍ നിന്നും ഫണ്ടുകള്‍ ശേഖരിക്കുന്നതിനും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുമുള്ള സംവിധാനമായിട്ടായിരിക്കും കേന്ദ്ര-സംസ്ഥാന കൗണ്‍സിലുകള്‍ രൂപീകരിക്കുക.
·    ആവശ്യത്തിന് ഗ്രാന്റുകള്‍ നല്‍കി കൗണ്‍സിലുകളെ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ സഹായിക്കും. സംസ്ഥാന ഗവണ്‍മെന്റ് ശേഷിയില്ലായ്മ അറിയിച്ചാല്‍ ആദ്യഘട്ടത്തിലെ പ്രവര്‍ത്തനത്തിനായി കുറച്ച് ഗ്രാന്റ് കേന്ദ്ര ഗവണ്‍മെന്റ് നല്‍കും.
തൊഴില്‍ സൃഷ്ടിക്കാനുള്ള ശേഷിയുള്‍പ്പെടെയുളള പ്രധാന നേട്ടങ്ങള്‍
1. കൗണ്‍സില്‍ രൂപീകരിച്ച് കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നിലവിലുള്ള എല്ലാ ആരോഗ്യ സുരക്ഷാ അനുബന്ധ മേഖലയിലെയും പ്രൊഫഷണലുകളെ ഇതില്‍ കൊണ്ടുവരാനാകും.
2.  ആരോഗ്യസുരക്ഷാ അനുബന്ധ മേഖലകളില്‍ പ്രൊഫഷണലിസം ഉറപ്പാക്കുന്നതിലൂടെ യോഗ്യതയുള്ള, വളരെയധികം നിപുണതയുള്ള അര്‍ഹതപ്പെട്ട ജോലികള്‍ ആരോഗ്യസംരക്ഷണ മേഖലകളില്‍ സൃഷ്ടിക്കുന്നതിനുള്ള അവസരമൊരുങ്ങും.
3. ആയുഷ്മാന്‍ ഭാരതിന്റെ ദര്‍ശനത്തിന് അനുസൃതമായി  ഡോക്ടര്‍ നിയന്ത്രിത മാതൃകയില്‍ നിന്നും മാറി ടീം അധിഷ്ഠിത മാതൃകയിലൂടെ ഉയര്‍ന്ന ഗുണനിലവാരമുള്ള, മള്‍ട്ടി ഡിസിപ്ലിനറി പരിചരണം.
4. ആഗോളതലത്തില്‍ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ സുരക്ഷാ പ്രവര്‍ത്തന ശക്തിയെ പ്രദാനം ചെയ്യാനുള്ള അവസരമുണ്ടാകും. 
ലോകാര്യോഗസംഘടനയുടെ ആഗോള കര്‍മ്മ സമിതി റിപ്പോര്‍ട്ട് 2030 പ്രകാരം ഓടെ ഏകദേശം 15 ദശലക്ഷം ആരോഗ്യസുരക്ഷാ പ്രൊഫഷണലുകള്‍ വേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ചെലവ്
ആദ്യ നാലുവര്‍ഷത്തേക്ക് ആകെ ചെലവായി 95 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം ബജറ്റിന്റെ അഞ്ചില്‍ നാല് (അതായത് 75 കോടി രൂപ) സംസ്ഥാനങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ചിട്ടുണ്ട്. ബാക്കി ഫണ്ട് കേന്ദ്ര കൗണ്‍സിലിന്റെ 4 വര്‍ഷത്തെ പ്രവര്‍ത്തനത്തിനും, കേന്ദ്ര-സംസ്ഥാന രജിസ്റ്ററുകള്‍ ഉണ്ടാക്കാനും സഹായിക്കും.

ഗുണഭോക്താക്കളുടെ എണ്ണം
ആരോഗ്യ സുരക്ഷാ അനുബന്ധ പ്രൊഫഷണല്‍ ബില്‍ 2018 ഇപ്പോള്‍ ആരോഗ്യ സുരക്ഷ അനുബന്ധ മേഖലയില്‍ നിലവിലുള്ള ഏകദേശം 8- 9 വരെ ലക്ഷംപേര്‍ക്ക് നേരിട്ട് ഗുണം ചെയ്യും. മാത്രമല്ല, ആരോഗ്യ സംവിധാനത്തിന് സംഭാവന നല്‍കുന്നതിനായി പ്രതിവര്‍ഷം കടന്നുവരാനിരിക്കുന്ന മറ്റ് നിരവധി പ്രൊഫഷണല്‍ ബിരുദധാരികള്‍ക്കും ഗുണമുണ്ടാകും. ആരോഗ്യ സുരക്ഷ നല്‍കുന്നത് ശക്തിപ്പെടുത്തുന്നത് ലക്ഷ്യമാക്കിയുള്ളതാണ് ഈ ബില്‍ എങ്കിലും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആരോഗ്യ സുരക്ഷാ മേഖലയ്ക്ക് സമ്പൂര്‍ണ്ണമായും ഈ ബില്ലുകൊണ്ട് ഗുണമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

പശ്ചാത്തലം
1.നിലവിലെ ആരോഗ്യ സുരക്ഷാ സംവിധാനത്തില്‍ തിരിച്ചറിയപ്പെടാത്ത നിയന്ത്രിക്കപ്പെടാത്ത,  വേണ്ടവിധത്തില്‍ ഉപയോഗിക്കാത്ത നിരവധി ആരോഗ്യസുരക്ഷാ അനുബന്ധ പ്രൊഫഷണലുകളുണ്ട്, പരിമിതവിഭാഗങ്ങളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് മുന്നണി പ്രവര്‍ത്തകര്‍( അക്രഡിറ്റഡ് സാമൂഹിക ആരോഗ്യ കര്‍മ്മപ്രവര്‍ത്തകര്‍ അല്ലെങ്കില്‍ ആശാപ്രവര്‍ത്തകര്‍, താല്‍ക്കാലിക നഴ്‌സുമാര്‍, മിഡ്‌വൈഫ്മാര്‍, എ.എന്‍.എമ്മുകള്‍) എന്നിങ്ങനെ പരിമിത വിഭാഗങ്ങളിലെ പ്രൊഫഷണലുകളെ ശക്തിപ്പെടുത്തുന്നതിനാണ് നമ്മുടെ സംവിധാനം വളരെയധികം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എന്നാല്‍ കാലങ്ങളായി മറ്റ് നിരവധി വിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഗ്രാമങ്ങളിലെ എത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ള മേഖലകളില്‍ അവരുടെ ശേഷി ഉപയോഗിച്ച് ഗുണനിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കാം.
2. ആരോഗ്യ സുരക്ഷാ അനുബന്ധ പ്രൊഫഷണലുകള്‍ (എ ആന്റ് എച്ച്.പികള്‍) മനുഷ്യാരോഗ്യ വിഭവശൃംഖലയുടെ ഏറ്റവും സുപ്രധാനമായ കണ്ണിയായി മാറും. ആരോഗ്യ സുരക്ഷാ അനുബന്ധ പ്രൊഫഷണലുകളുടെ കാര്യക്ഷമതയിലൂടെ സുരക്ഷയുടെ ചെലവ് വളരെയധികം കുറയ്ക്കാനും ഗുണനിലവാരമുള്ള ആരോഗ്യ സുരക്ഷാ സേവനത്തിന്റെ ലഭ്യത മെച്ചപ്പെടുത്താനും കഴിയും.
3. ആഗോളതലത്തില്‍ ആരോഗ്യ സുരക്ഷാ അനുബന്ധ പ്രൊഫഷണലുകള്‍ സാധാരണ മൂന്ന് നാലുവര്‍ഷത്തെ  അണ്ടര്‍ഗ്രാജുവേറ്റ് പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. അതില്‍ പലരും  അവരുടെ ബന്ധപ്പെട്ട മേഖലകളില്‍ പിന്നീട് പിഎച്ച്.ഡി യോഗ്യതാ തലം വരെ എത്തിയിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അത്തരത്തില്‍ നല്‍കുന്ന മിക്കവാറും കോഴ്‌സുകള്‍ക്ക് നിലവാരമില്ലായ്മയുണ്ട്.
4. ലോകത്താകമാനമുള്ള ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ഇത്തരം പ്രൊഫഷണലുകളുടെ യോഗ്യതയും കഴിവും അംഗീകരിച്ച് ലൈസന്‍സ് നല്‍കുന്നതിനായി നിയമപരമായ ലൈസന്‍സിംഗ് സംവിധാനവും നിയന്ത്രണ സംവിധാനങ്ങളുമുണ്ട്. പ്രത്യേകിച്ചും നേരിട്ടുള്ള രോഗീപരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ( അതായത് ഫിസിയോ തെറാപ്പിസ്റ്റ്, ന്യൂട്രീഷ്യനിസ്റ്റ് തുടങ്ങിയവര്‍). അല്ലെങ്കില്‍ രോഗി പരിചരണത്തില്‍ നേരിട്ട് ഇടപെടുന്നത് തൊഴിലാക്കിയവര്‍ (അതായത് ലാബ് ടെക്‌നോളജിസ്റ്റ്, ഡോസിമെട്രിസ്റ്റ്‌സ് തുടങ്ങിയവര്‍)
5. നിരവധി പതിറ്റാണ്ടുകളായി ഇന്ത്യന്‍ ആരോഗ്യ സുരക്ഷാ സംവിധാനത്തില്‍ ഇത്തരം പ്രൊഫഷണലുകള്‍ നിലവിലുണ്ട്. എന്നാല്‍ സമഗ്രമായ ഒരു നിയന്ത്രണത്തിനും വിദ്യാഭ്യാസ-പരിശീലന സംവിധാനത്തിന് വേണ്ടത്ര നിലവാരമുണ്ടാക്കാനും ഒരു ചട്ടക്കൂട് ഇല്ലാത്തതുകൊണ്ട് ഈ ആരോഗ്യ സുരക്ഷാ അനുബന്ധമേഖലയില്‍ വലിയൊരു വിടവുണ്ട്.
6. ആരോഗ്യസുരക്ഷാ അനുബന്ധ മേഖലകളിലെ പ്രൊഫഷണലുകള്‍ക്ക് നിലവാരവും നിയന്ത്രണങ്ങളും നിശ്ചയിക്കുന്നതിന് ശക്തമായ ഒരു നിയന്ത്രണ ചട്ടക്കൂട് ഈ ബില്‍ പ്രദാനം ചെയ്യും.