Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിക്ക് അഭിനന്ദന സന്ദേശങ്ങള്‍ ലഭിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. ഇമ്രാന്‍ ഖാന്‍, മാലിദ്വീപ് മുന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. മുഹമ്മദ് നഷീദ്, നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. മാധവ് നേപ്പാള്‍ എന്നിവര്‍ ടെലിഫോണില്‍ ബന്ധപ്പെട്ട്, തെരഞ്ഞെടുപ്പു വിജയത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.
ആശംസകള്‍ നേര്‍ന്നതിനു പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ ശ്രീ. നരേന്ദ്ര മോദി നന്ദി അറിയിച്ചു. ആദ്യം അയല്‍ക്കാര്‍ എന്ന നയം മുന്‍നിര്‍ത്തിയുള്ള തന്റെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ച പ്രധാനമന്ത്രി, ദാരിദ്ര്യത്തെ സംയുക്തമായി നേരിടാമെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്കു മുന്നില്‍ താന്‍ നേരത്തേ വെച്ചിരുന്ന നിര്‍ദേശം ഓര്‍മിപ്പിച്ചു. മേഖലയിലെ സമാധാനം, പുരോഗതി, അഭിവൃദ്ധി എന്നിവയ്ക്കായുള്ള സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതില്‍ പരസ്പര വിശ്വാസം കെട്ടിപ്പടുക്കുന്നതും ഹിംസയും ഭീകരവാദവും ഇല്ലാത്ത പരിസ്ഥിതി നിലനിര്‍ത്തപ്പെടുന്നതും പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രപരമായ ഭൂരിപക്ഷത്തോടെയുള്ള ജനവിധിക്കു പ്രധാനമന്ത്രിയെ അഭിനന്ദിച്ച മുന്‍ പ്രസിഡന്റ് നഷീദ് അടുത്ത കാലത്തായി ഇന്ത്യയും മാലിദ്വീപുമായുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി. മേഖലയിലെ ഭീകരവാദ- മൗലികവാദ ശക്തികള്‍ക്കെതിരെ പോരാടുന്നതില്‍ അടുത്ത സഹകരണത്തിനുള്ള പ്രാധാന്യം അദ്ദേഹം ഉയര്‍ത്തിക്കാട്ടി. പ്രധാനമന്ത്രി ആശംസകള്‍ക്കു നന്ദി പറയുകയും മേഖലയില്‍ സമാധാനവും സുരക്ഷിതത്വും വികസനവും ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തവും പരസ്പരം ഗുണകരമായതും സമസ്ത മേഖലകള്‍ ഉള്‍പ്പെടുന്നതുമായ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള തന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു.
തന്റെ പാര്‍ട്ടിയെയും മുന്നണിയെയും മഹത്തായതും ചരിത്രപരവും അതിഗംഭീരവുമായ വിജയത്തിലേക്കു നയിച്ചതിനു പ്രധാനമന്ത്രിയെ ശ്രീ. മാധവ് നേപ്പാള്‍ അഭിനന്ദിച്ചു. ഒരു ലോകോത്തര ശക്തിയായി ഇന്ത്യ മാറുന്നതു മേഖലയെ ആകെത്തന്നെ മികവുള്ളതാക്കി മാറ്റുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഊഷ്മളമായ ആശംസകള്‍ക്കു ശ്രീ. നേപ്പാളിനെ നന്ദി അറിയിച്ച പ്രധാനമന്ത്രി, ഇന്ത്യയും നേപ്പാളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദവും ബഹുതല ബന്ധവും ശക്തിപ്പെടുത്തുന്നതിനുള്ള തന്റെ എളിയ ആഗ്രഹം പങ്കുവെച്ചു.