Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് 26 ജൂണ്‍ 2019ന് പ്രധാനമന്ത്രി നടത്തിയ മറുപടിപ്രസംഗം


എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന മന്ത്രത്തോടെയാണ് നാം ആരംഭിച്ചത്; പക്ഷേ അഞ്ചു വര്‍ഷത്തെ തുടര്‍ച്ചയായ സമര്‍പ്പണം കൊണ്ട്, ജനങ്ങള്‍ അതിനോടൊപ്പം ‘എല്ലാവരുടെയും വിശ്വാസം’ എന്ന വിസ്മയകരമായ ഒരു പദം കൂടി കൂട്ടിച്ചേര്‍ത്തു.

ബഹുമാന്യനായ സഭാധ്യക്ഷന്‍,

പുതിയ ജനവിധിക്കു ശേഷം എന്റെ ആശയങ്ങള്‍ ഇതാദ്യമായി ബഹുമാനപ്പെട്ട രാജ്യസഭാംഗങ്ങള്‍ക്കുമുമ്പാകെ അവതരിപ്പിക്കാന്‍ എനിക്ക് ഇന്ന് അവസരം ലഭിച്ചിരിക്കുകയാണ്. വര്‍ധിച്ച വിശ്വാസത്തോടെ ഒരിക്കല്‍ക്കൂടി നമ്മുടെ രാജ്യത്തെ സേവിക്കാനുള്ള അവസരം രാജ്യത്തെ ജനങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയിരിക്കുകയാണ്. അവരോട് എനിക്ക് നന്ദിയുണ്ട്.

ബഹുമാനപ്പെട്ട ഒട്ടേറെ അംഗങ്ങള്‍ അവരുടെ ചിന്തകള്‍ അവരുടേതായ രീതിയില്‍ ഈ സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ തരത്തിലുമുള്ള വികാരങ്ങള്‍ ഇവിടെ അവതരിക്കപ്പെട്ടു. അതില്‍ പുളിപ്പുള്ളതുണ്ടായിരുന്നു, കയ്പുറ്റതുണ്ടായിരുന്നു, പരിഹാസമുണ്ടായിരുന്നു, ദേഷ്യവും സൃഷ്ടിപരമായ ഉപദേശവും ജനങ്ങളില്‍ നിന്നുള്ള അഭിനന്ദനവും ഉണ്ടായിരുന്നു.

ഈ തിരഞ്ഞെടുപ്പ് ഏറെ സവിശേഷമായിരുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം, പൂര്‍ണ ഭൂരിപക്ഷമുള്ള ഒരു ഗവണ്‍മെന്റ് തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ വരുന്നു. രാഷ്ട്രീയ സ്ഥിരതയുടെ പ്രാധാന്യമാണിത് സൂചിപ്പിക്കുന്നത്. ഇത് ഈ തിരഞ്ഞെടുപ്പില്‍ മാത്രമല്ല സംഭവിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്ന എല്ലാ തിരഞ്ഞടുപ്പിലും ഏതൊക്കെ പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നാലും രാഷ്ട്രീയ സ്ഥിരതയ്ക്കാണ് ജനങ്ങള്‍ ഊന്നല്‍ നല്‍കിയതെന്ന് നിരീക്ഷണത്തില്‍ മനസ്സിലാക്കാം. ഇതു കരുത്തുറ്റ ജനാധിപത്യത്തിന്റെ അടയാളമാണ്.

സംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കവേ, ഞാന്‍ നിരവധി തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയും നിരവധി പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിലേക്കു കടന്നു വന്നതിനു ശേഷം സ്വയം മത്സരിക്കാനും മറ്റുള്ളവരെ മത്സരിക്കാന്‍ സഹായിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പക്ഷേ പൊതുജനം തങ്ങളുടേതായി തിരഞ്ഞെടുപ്പിനെ കാണുന്ന അവസരങ്ങള്‍ വളരെക്കുറവാണ്. 2019 ലെ തിരഞ്ഞെടുപ്പില്‍, ഒരു തരത്തില്‍ പാര്‍ട്ടികള്‍ക്കു പകരം ജനങ്ങളാണ് മത്സരിച്ചത്. ഗവണ്‍മെന്റിന്റെ നല്ല പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ മറ്റു മറ്റുള്ളവരിലേക്ക് എത്തിക്കുകയായിരുന്നു. പ്രയോജനമൊന്നും ലഭിക്കാതിരുന്ന ജനങ്ങളും വിശ്വസിച്ചു, മറ്റു വ്യക്തിക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെങ്കില്‍ തങ്ങള്‍ക്കും പ്രയോജനം ലഭിക്കുമെന്ന്. ഈ വിശ്വാസം ഈ തിരഞ്ഞെടുപ്പില്‍ ഒരു സുപ്രധാന പങ്കു വഹിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ജനങ്ങളെ കാണാനും അവരുടെ അനുഗ്രഹം സ്വീകരിക്കാനും എനിക്കു ഭാഗ്യമുണ്ടായി.

ബഹുമാനപ്പെട്ട അധ്യക്ഷന്‍,

ഒരു ജനാധിപത്യ രാഷ്ട്രത്തിന് തിരഞ്ഞെടുപ്പ് എന്നത് തന്നെ ഏറെ നിര്‍ണായകമാണ്. അതിന് ആഗോള മൂല്യമുണ്ട്. ഈ വലിയ ജനവിധിയെ നിങ്ങള്‍ തിരഞ്ഞെടുപ്പ് വിജയിച്ചു, പക്ഷേ രാഷ്ട്രം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്ന് അല്‍പ്പ ചിന്തയോടെയും ചിന്തകളെ വളച്ചൊടിച്ചും വിശേഷിപ്പിക്കുന്നത് ഇന്ത്യയിലെ ജനങ്ങളോടുള്ള അപമാനമാണ്.

ഇതൊതു സാധാരണ പ്രസ്താവനയല്ല, പക്ഷേ ഇത്തരം കാര്യങ്ങള്‍ ജനങ്ങലെ ഗൗരവകരമായി കാര്യങ്ങള്‍ നോക്കിക്കാണാന്‍ പ്രേരിപ്പിക്കും. ജനാധ്യപത്യം തോറ്റു, രാഷ്ട്രം തോറ്റു തുടങ്ങിയ പ്രസാതാവനകള്‍ നടത്തുമ്പോള്‍ ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്- വയനാട്ടില്‍ ഇന്ത്യ തോറ്റുവോ? റായ്ബറേയ്‌ലിയില്‍ അത് പരാജയപ്പെട്ടുവോ? ബെഹ്‌റാംപൂര്‍, തിരുവനന്തപുരം, അമേത്തി എന്നിവിടങ്ങളിലും ഇന്ത്യ പരാജയപ്പെട്ടോ? കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ പരാജയപ്പെട്ടു എന്നു പറയുന്നത് എന്തു തരം വാദമാണ്? രാഷ്ട്രമെന്നത് കോണ്‍ഗ്രസ്സിന് തുല്യമാണോ? അസഹിഷ്ണുതയ്ക്ക് ഒരു പരിധിയുണ്ട്. അവിടെ ഒരു അസഹിഷ്ണുതയും ഉണ്ടാകാന്‍ പാടില്ല. അവിടെ പരിധി സംബന്ധിച്ച ചോദ്യം ഉദിക്കുന്നില്ല. 55-60 വര്‍ഷം രാജ്യം ഭരിച്ച ഒരു പാര്‍ട്ടിക്ക് 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റു പോലും ലഭിച്ചില്ലെന്നതിനെക്കുറിച്ച് ഞാന്‍ അറിയാനാഗ്രഹിക്കുന്നു. രാജ്യം പരാജയപ്പെട്ടു എന്നു നമുക്കങ്ങനെ ലളിതമായി പറയാന്‍ സാധിക്കുമോ? അത്തരമൊരു ഭാഷ ഉപയോഗിക്കുന്നതിലൂടെ നാം വോട്ടര്‍മാരുടെ മനസ്സാക്ഷിയെയാണ് ചോദ്യം ചെയ്യുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിമര്‍ശനത്തെക്കുറിച്ച് ഞാന്‍ ബോധവാനാണ്. ജനാധിപത്യത്തില്‍ അത് സ്വാഗതാര്‍ഹവുമാണ്. പക്ഷേ രാജ്യത്തെ വോട്ടര്‍മാരെ ഇതുപോലെ അപമാനിക്കുന്നത് അത്യന്തം വേദനാജനകമാണ്.

40-45 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്താനായി ജനങ്ങള്‍ നീണ്ട വരി നിന്നു. 80- 90 വയസ്സുള്ള വോട്ടര്‍മാര്‍ തങ്ങളുടെ ഊന്നുവടിയുമായി എത്തി. തങ്ങളുടെ അമ്മമാര്‍ അടുത്തിടെ മരണപ്പെട്ടിട്ടും നിരവധി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കായി എത്തി. നിരവധി ജനങ്ങളുടെ കഠിനാധ്വാനത്തോടെയാണ് ഒരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്. നമ്മളാകട്ടെ നമ്മുടെ രാജ്യത്തെ വോട്ടര്‍മാരെ ഈ വിധം അപമാനിക്കുന്നു.

അപമാനത്തിന്റെ ഈ രാഷ്ട്രീയത്തില്‍ നാം ഏറെ താഴോട്ടു പോയിരിക്കുന്നു. നമ്മുടെ രാജ്യത്തെ കര്‍ഷകരെപ്പോലും അപമാനിച്ചിരിക്കുന്നു. കര്‍ഷകര്‍ക്ക് കൈക്കൂലി നല്‍കിയെന്നുപോലും അവര്‍ പറഞ്ഞു. 2000 രൂപയുടെ പദ്ധതി വഴി കര്‍ഷകരുടെ വോട്ടുകള്‍ വിലയ്ക്കു വാങ്ങിയെന്ന് അവര്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ ഈ വിധത്തില്‍ അപമാനിക്കപ്പെടരുതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്യധ്വാനമുള്ള ജോലിയിലൂടെയും കഠിനാധ്വാനത്തിലൂടെയും ഭക്ഷ്യധാന്യങ്ങള്‍ വിളയിക്കുന്നവരാണ് നമ്മുടെ കര്‍ഷകര്‍. തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ ദരിദ്രനോ പണക്കാരനോ ആണ് കഴിക്കുന്നതെന്ന് അവരെപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ? ഈ കര്‍ഷകരെ സംബന്ധിച്ച് ഇത്തരം ഭാഷ ഉപയോഗിക്കുന്നതിലൂടെ 15 കോടി കര്‍ഷകരെ അപമാനിക്കുകയാണ്.

മാധ്യമങ്ങള്‍ പോലും അധിക്ഷേപിക്കപ്പെട്ടു എന്നതില്‍ എനിക്കതിശയമുണ്ട്. എവിടെയാണ് നാം? മാധ്യമങ്ങള്‍ കാരണമാണോ തിരഞ്ഞെടുപ്പ് വിജയിച്ചത്? അങ്ങനെയെങ്കില്‍ ഇതേ കാര്യം തമിഴ്‌നാട്ടിലും കേരളത്തിലും സംഭവിക്കേണ്ടേ? സഭയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് പ്രധാന്യമുണ്ട്. നാം പറയുന്ന കാര്യങ്ങള്‍ പത്രങ്ങളില്‍ തലക്കെട്ടുകളാകുന്നു. അതേസമയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസ്സും നാം മനസ്സില്‍ കാണണം. ഇന്ത്യയുടെ കീര്‍ത്തി വര്‍ധിപ്പിക്കുന്നതിനുള്ള ഒരു അവസരമാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയ. അത് നാം കളഞ്ഞുകുളിക്കരുത്.

ഈ തിരഞ്ഞെടുപ്പിന്റെ വ്യാപ്തിയെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാം. 10 ലക്ഷം പോളിങ് സ്‌റ്റേഷനുകളും 40 ലക്ഷത്തിലേറെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 650 രാഷ്ട്രീയപ്പാര്‍ട്ടികളും 8000 സ്ഥാനാര്‍ഥികളും! ഈ വസ്തുതകള്‍ നാം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണെങ്കില്‍ ലോകം അദ്ഭുതംകൂറും! ഈ തെരഞ്ഞെടുപ്പില്‍ ഒരു പ്രധാനപ്പെട്ട കാര്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ അഭിനന്ദനാര്‍ഹമായ ഒരൂ കാര്യം ചെയ്തിട്ടുണ്ട്! മുന്‍ തെരഞ്ഞെടുപ്പുകളില്‍ വനിതകളേക്കാള്‍ പുരുഷന്‍മാരാണു വോട്ട് ചെയ്യാറ്. എന്നാല്‍ ഇത്തവണ ഇതാദ്യമായി വോട്ട് ചെയ്ത പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ശതമാനം തുല്യമായിരിക്കുന്നു. ഇതു തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സത്ത. പാര്‍ലമെന്റിലേക്ക് 78 വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നത് ആഹ്ലാദകരമായ കാര്യമാണ്.

ഞാന്‍ എല്ലാ വോട്ടര്‍മാരെയും വണങ്ങുകയും വോട്ടര്‍മാരെ നന്ദി അറിയിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പു നടപടികളുടെ ഭാഗമായിരുന്ന എല്ലാ ഓഫീസര്‍മാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പു കമ്മീഷനെയും ഞാന്‍ അഭിനന്ദിക്കുന്നു.
ബഹുമാനപ്പെട്ട അധ്യക്ഷന്‍,

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് ഇവിടെ ഏറെ ചര്‍ച്ചകള്‍ നടക്കുന്നു. ഇപ്പോള്‍ ഒരു പുതിയ തരംഗം തന്നെയുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ചോദ്യംചെയ്യപ്പെടുന്നു. ഈ സഭയില്‍ ഞങ്ങളുടെ പാര്‍ട്ടിക്കു രണ്ടംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന കാലമുണ്ട്. ഞങ്ങള്‍ പരിഹസിക്കപ്പെട്ടിരുന്നു. യാതനകള്‍ സഹിക്കേണ്ടിവന്നിരുന്നുവെങ്കിലും ഞങ്ങള്‍ക്കു പാര്‍ട്ടി പ്രവര്‍ത്തകരില്‍ വിശ്വാസമുണ്ടായിരുന്നു. ഞങ്ങള്‍ക്കു ലക്ഷ്യത്തില്‍ വിശ്വാസമുണ്ടായിരുന്നു. ഞങ്ങള്‍ക്കു രാജ്യത്തെ ജനങ്ങളില്‍ വിശ്വാസമുണ്ടായിരുന്നു. ഞങ്ങള്‍ കഠിനാധ്വാനം ചെയ്തും ത്യാഗം ചെയ്തും തയ്യാറെടുത്തുവരികയായിരുന്നു. അത്തരമൊരു അസ്വസ്ഥത സൃഷ്ടിക്കുന്ന ആ സാഹചര്യത്തില്‍നിന്നും ഞങ്ങള്‍ പുതിയൊരു വിശ്വാസവുമായി പാര്‍ട്ടിയെ വീണ്ടും കെട്ടിപ്പടുത്തു.

ഞങ്ങള്‍ പോളിങ് ബൂത്തുകളെപ്പറ്റി വിലപിച്ചില്ല. ആത്മവിശ്വാസം ഇല്ലാതെ വരുമ്പോള്‍ ജനങ്ങള്‍ മറ്റു ന്യായങ്ങള്‍ തേടും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ കുറ്റപ്പെടുത്തുന്നതും അതാണു പരാജയത്തിനു കാരണമെന്നും വാദിക്കുന്നതു നമ്മുടെ സഹപ്രവര്‍ത്തരെ ആശ്വസിപ്പിക്കാനും അവരുടെ വിശ്വാസം ഉറപ്പിച്ചുനിര്‍ത്താനുമാണ്.
നമുക്ക് രാഷ്ട്രീയ പ്രവര്‍ത്തകരെ ഈ വഴിയിലേക്ക് നയിക്കാനോ അവരെ അസ്വസ്ഥരാക്കാനോ കഴിയില്ല. അതിന്റെ ആവശ്യമില്ല. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ മുന്നോട്ടുവരൂ. രാഷ്ട്രീയപ്രവര്‍ത്തകരെ സജ്ജരാക്കി വരു, തെരഞ്ഞെടുപ്പില്‍ നേരിടൂ.
ബഹുമാനപ്പെട്ട അധ്യക്ഷന്‍,

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിരന്തരമായ പരിഷ്‌ക്കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1952 കാലഘട്ടത്തിന് ശേഷം, തെരഞ്ഞെടുപ്പ് ഒരു മാസം വരെ നീണ്ടുനിന്നുതുടങ്ങി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബാലറ്റ്‌പെട്ടികളുമായി ഓരോ വില്ലേജിലും പോയിരുന്നു. ആ പ്രക്രിയകളെ പരിഷ്‌ക്കരിച്ച് നാം ഇന്ന് ഇവിടെ എത്തി. ഇതൊരു തുടര്‍പ്രക്രിയയാണ്.

മുമ്പ് തെരഞ്ഞെടുപ്പിന് ശേഷം പത്രമാധ്യമങ്ങളില്‍ ഇത്ര ആളുകള്‍ കൊല്ലപ്പെട്ടു; അതിക്രമത്തിന്റെ തീവ്രത, പിടിച്ചെടുത്ത ബൂത്തുകളുടെ എണ്ണം എന്നിവയൊക്കെ ചൂണ്ടിക്കാട്ടി തലക്കെട്ടുകള്‍ കാണാമായിരുന്നു. ഇന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുള്ളതുകൊണ്ട് വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ച ഒരേ ഒരു തലക്കെട്ട് മാത്രമേയുള്ളു. ഇതൊരു പ്രധാനപ്പെട്ട ഭാവമാണ്. മുമ്പ് ബൂത്തുകള്‍ പിടിച്ചെടുക്കുന്നതും കൊള്ളചെയ്യുന്നതും സ്വാഭാവികമായിരുന്നു. ശക്തിമുഴുവനും അക്രമികളുടെ കൈകളിലായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ കൂടുതല്‍ ജനാധിപത്യപരമായശേഷം ജനങ്ങള്‍ തോല്‍ക്കാന്‍ തുടങ്ങി. അതാണ് അവര്‍ ബാലറ്റ് പെട്ടികളുടെ കാലത്തേയ്ക്ക് പോകണമെന്ന് ആഗ്രഹിക്കാന്‍ കാരണം.
ബഹുമാനപ്പെട്ട അധ്യക്ഷന്‍,

ഇന്ന് ഈ സഭയില്‍ നിന്നുകൊണ്ട്, ആദ്യമായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്ത് തുടങ്ങിയത് 1977ലാണെന്ന് രാജ്യത്തോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ സമയത്ത് ഞങ്ങളൊന്നും രാഷ്ട്രീയത്തില്‍ ഒരിടത്തുമുണ്ടായിരുന്നില്ല. 1982ലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. 1988 വരെ ഞങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ സഭയില്‍ നിന്നുള്ള മഹാന്മാര്‍ അതിന് നിയമപരമായ അംഗീകാരവും നല്‍കി. അവര്‍ നിയമം നിര്‍മിച്ചു. എല്ലാത്തിനുമുപരിയായി 1992ല്‍ കോഗ്രസിന്റെ നേതൃത്വത്തില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും രൂപീകരിക്കുകയും ചെയ്തു. ഞങ്ങള്‍ ഇത് ചെയ്തു, ഞങ്ങള്‍ അത് ചെയ്തു എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതുപോലെ ഇതും നിങ്ങള്‍ തന്നെയാണ് ചെയ്തത്. ഇപ്പോള്‍ നിങ്ങള്‍ പരാജയപ്പെട്ടു. അതുകൊണ്ടാണ് നിങ്ങള്‍ വിലപിക്കുന്നത്.

ഇതുവരെ 113 നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഈ രാജ്യത്ത് നടന്നിട്ടുണ്ട്. ഇവിടെ ഇന്നു സന്നിഹിതരായിട്ടുള്ള മിക്കവാറും എല്ലാ പാര്‍ട്ടികള്‍ക്കും അധികാരത്തില്‍ വരുന്നതിനോ, അല്ലെങ്കില്‍ അധികാരം പങ്കുവയ്ക്കുന്നതിനോ ഈ വോട്ടിംഗ് യന്ത്രങ്ങള്‍ മൂലം കഴിഞ്ഞിട്ടുണ്ട്. ലോക്‌സഭയിലേക്ക് നാല് പൊതുതെരഞ്ഞെടുപ്പും നടന്നു. ആ തെരഞ്ഞെടുപ്പുകളില്‍ പോലും പാര്‍ട്ടികള്‍ മാറുകയും വ്യത്യസ്തരായ ആളുകള്‍ അധികാരത്തില്‍ വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്നു പരാജയപ്പെട്ടശേഷം അവര്‍ അതേ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ കുറ്റപ്പെടുത്തുകയാണ്. 2001ന് ശേഷം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധള്‍പ്പെട്ട് നിരവധി കേസുകള്‍ വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും നടന്നിട്ടുണ്ട്. എല്ലാ പരിശോധനകള്‍ക്കും ശേഷം രാജ്യത്തെ എല്ലാ നിയമസംവിധാനങ്ങളും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെക്കുറിച്ച് ഗുണപരമായ വിധിയാണ് നല്‍കിയത്.

2017ല്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് വലിയ കോലാഹലമുണ്ടായി. അന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുവരികയും പ്രതിഷേധക്കാരോട് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെക്കുറിച്ച് നിലവിളിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് പോയില്ല. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ.) എന്നിവ തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് പോയെങ്കിലും അവര്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ ചോദ്യം ചെയ്തില്ല. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കുന്നുവെന്നത് മാത്രമായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. കുറഞ്ഞപക്ഷം എന്‍.സി.പിയും സി.പി.ഐയും തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് പോയി. സംശയം പ്രകടിപ്പിച്ച മറ്റുള്ളവര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ഷണിച്ചിട്ടുപോലും പോയില്ല.

ചില വിഭാഗങ്ങള്‍ നിക്ഷിപ്തതാല്‍പര്യം വച്ചുകൊണ്ട് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ കോലാഹലം നടത്തുമ്പോള്‍, നമ്മുടെ ജനങ്ങളും ഇലക്‌ട്രോണിക് വോ്ട്ടിംഗ് യന്ത്രങ്ങളില്‍ എന്തോ പ്രശ്‌നങ്ങളുണ്ടെന്നു വിശ്വസിക്കുന്നു. ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ പോലും ചോദ്യം ചെയ്യാന്‍ തുടങ്ങി; എന്നാല്‍ നമ്മള്‍ സത്യസന്ധമായി സത്യം കണ്ടെത്താന്‍ ശ്രമിച്ചു. നമ്മള്‍ക്കും സാങ്കേതികവിദ്യയെക്കുറിച്ച് അറിയേണ്ടതുണ്ടായിരുന്നു. ശരിയായപാതയിലൂടെ നടന്നു.

ബഹുമാനപ്പെട്ട അധ്യക്ഷന്‍,

തുടര്‍ന്ന് വോട്ടര്‍ വെരിഫൈയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പി.എ.ടി) സംവിധാനം ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവതാളത്തിലാക്കാന്‍ ചിലര്‍ വീണ്ടും വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. എല്ലാദിവസവും വൈകുന്നേരം അവര്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പോയി ചില കോലാഹലങ്ങള്‍ ഉണ്ടാക്കുകയും മാധ്യമങ്ങളില്‍ തലക്കെട്ട് നേടുകയും ചെയ്തു. വോട്ടര്‍മാരുടെ മനസില്‍ ഒരു അവിശ്വാസം ഉണ്ടാക്കാനുള്ള പരിശ്രമമായിരുന്നു അത്. വോട്ടര്‍ വെരിഫൈയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയലി(വി.വി.പി.എ.ടി)ന് എന്ത് സംഭവിച്ചു? എല്ലാ ഊഹാപോഹങ്ങള്‍ക്കും ശേഷം വോട്ടര്‍ വെരിഫൈയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പി.എ.ടി.) ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ശക്തി ഒരിക്കല്‍ കൂടി വര്‍ധിപ്പിച്ചു. ഫലം ഇവിടെയുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ച് എനിക്ക് ആശ്ചര്യം തോന്നുകയാണ്. നിങ്ങള്‍ നിരവധി വര്‍ഷം ഭരിച്ചിരുന്നവരാണ്, രാജ്യത്തെ ഒരു മുഖ്യധാരാപാര്‍ട്ടിയായിട്ടുപോലും ഈ വിജയം നിങ്ങള്‍ക്ക് ദഹിക്കുന്നില്ല. നിരവധി വര്‍ഷം വിജയികളായിരുന്നിട്ടുപോലും നിങ്ങള്‍ക്ക് ഈ പരാജയം അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇത് ആരോഗ്യപരമായ വളര്‍ച്ചയുടെ സൂചനയാണെന്നു ഞാന്‍ കരുതുന്നില്ല. ജനാധിപത്യത്തില്‍ ഓരോ പാര്‍ട്ടിക്കും അതിന്റേതായ സ്ഥാനവും പ്രാധാന്യവും ബഹുമാനവുമുണ്ട്. എന്നാല്‍ നാം പരാജയത്തെ ഏറ്റുവാങ്ങാനോ വിജയത്തെ അംഗീകരിക്കാനോ തയ്യാറാകുന്നില്ല. 1952 മുതല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സ്ഥായിയായ പരിഷ്‌ക്കരണങ്ങള്‍ ഉണ്ടാകുന്നുണ്ട്, അത് ഭാവിയില്‍ തുടരുകയും ചെയ്യും.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിനെ ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്നു തുറന്നുപറയുന്നത് ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആദ്യം നമുക്ക് ചര്‍ച്ചചെയ്യാം. ഞാന്‍ നിരവധി എം.പിമാരുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അവരെല്ലാം പറയുന്നത് നമുക്ക് ഈ രോഗത്തില്‍ നിന്നും രക്ഷപ്പെടാമെന്നാണ്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഒരു തെരഞ്ഞെടുപ്പാണ് വേണ്ടത്. തെരഞ്ഞെടുപ്പ് ഉത്സവം രണ്ടുമാസത്തിലൊരിക്കല്‍ നടക്കുകയാണെങ്കില്‍ പതിവുപോലെ എല്ലാവരും അതുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യും.

എല്ലാവരും ഇതേകാര്യം തയൊണ് പറയുന്നത്. എന്നാല്‍ ഇതൊരു ഖ്യാതിയാക്കുന്നത് ബുദ്ധിമുട്ടാണ്. രാജ്യത്ത് ഒരു വോട്ടര്‍പട്ടികയെന്നത് കാലത്തിന്റെ ആവശ്യകതയല്ലേ? എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നിരവധി തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതുകൊണ്ട് ഇവിടെ നിരവധി വോട്ടര്‍പട്ടിികകളും ഉണ്ട്. രാജ്യത്തെ ജനങ്ങളുടെ പണവും കഠിനാദ്ധ്വാനവും ഇതിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

ഓരോ വോട്ടിനും വിലയുള്ളതുകൊണ്ട് ഒരു വോട്ടറെയും നഷ്ടമാകാതെ പഞ്ചായത്ത് തലത്തില്‍ എല്ലാ തെരഞ്ഞെടുപ്പിനും കൂടി വേണ്ടിയുള്ള ഒരു വോട്ടര്‍പട്ടിക സൃഷ്ടിക്കാന്‍ വേണ്ട നിയമത്തിന് കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി രൂപം നല്‍കണം.
വെറും 30-40 വോട്ടുകള്‍ കൊണ്ട് ഒരാള്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. അതുപോലെ വോട്ടര്‍മാരുടെ പോളിംഗ് സ്‌റ്റേഷനുകളും നിശ്ചയിക്കണം അങ്ങനെ വരുമ്പോള്‍ അവനോ/അവള്‍ക്കോ തെരഞ്ഞെടുപ്പ് ദിവസം അത് കണ്ടെത്താനായി ശ്രമിക്കേണ്ടിവരില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പരിഷ്‌ക്കരണങ്ങള്‍ നിര്‍ബന്ധമാണ്. പരിഷ്‌ക്കാരങ്ങള്‍ തുടരണം.

മുമ്പ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം നമ്മുടെ രാജ്യത്തുണ്ടായിരുന്നു, നിങ്ങളെല്ലാവര്‍ക്കും അതിന്റെ ഗുണം ലഭിച്ചതുമാണ്. ചില ആളുകള്‍ നിരത്തുന്ന വാദങ്ങള്‍ക്ക് യാതൊരു യുക്തിയുമില്ല. എങ്ങനെ വോട്ടര്‍മാര്‍ എല്ലാം ഒന്നിച്ച് തീരുമാനിക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്. ഒഡീഷയാണ് ഏറ്റവും നല്ല ഉദാഹരണം. ഒഡീഷ അത്ര വലിയ വികസിതമല്ല. അവിടുത്തെ വോട്ടര്‍മാര്‍ക്ക് രണ്ടു വോട്ടുകള്‍ ചെയ്യേണ്ടതുണ്ട്; ഒന്ന് ലോക്‌സഭയിലേക്കും മറ്റേത് നിയമസഭയിലേക്കും. നമ്മുടെ വോട്ടര്‍മാര്‍ക്ക് ഒരേസമയം രണ്ടു വോട്ടുകള്‍ ചെയ്യാന്‍ കഴിയുമെന്നതാണ് അത് അര്‍ത്ഥമാക്കുന്നത്. അവര്‍ക്ക് അതിനുള്ള ബുദ്ധിയുണ്ട്. നിയമസഭയില്‍ അവിടെ കുറേ സീറ്റുകള്‍ ബിജു ജനതാദളിന് (ബി.ജെ.ഡി) പോയി, അതേസമയം കുറേ ലോക്‌സഭാ സീറ്റുകള്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് (ബി.ജെ.പി)ക്കു ലഭിച്ചു. നമ്മുടെ വോട്ടര്‍മാര്‍ക്ക് അതിനുള്ള പക്വതയുണ്ട്. നമ്മള്‍ അവരെ അപമാനിക്കുകയാണ്.

ഒരേസമയം തെരഞ്ഞെടുപ്പ് നടന്നാല്‍ പ്രാദേശികപാര്‍ട്ടികള്‍ ഇല്ലാതാകുമെന്ന ചില കിംവദന്തികള്‍ പരക്കുന്നുണ്ട്. എവിടെയൊക്കെ ഒരേവേളയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടോ അവിടെയൊക്കെ പ്രാദേശികപാര്‍ട്ടികള്‍ അധികാരത്തില്‍ വന്നിട്ടുമുണ്ട്. നിങ്ങള്‍ക്ക് ചരിത്രം പരിശോധിക്കാം. ആന്ധ്രാപ്രദേശിലും ഒഡീഷയിലും പ്രാദേശികപാര്‍ട്ടികള്‍ അധികാരത്തില്‍ വന്നു. രാജ്യത്തെ വോട്ടര്‍മാരുടെ ബുദ്ധിയില്‍ സംശയം പ്രകടിപ്പിക്കരുത്. എല്ലാ പരിശ്രമങ്ങളും സ്വാഗതം ചെയ്യപ്പെടണം. എല്ലാ പരശ്രമത്തിലും നമ്മള്‍ നമ്മുടെ പങ്ക് നിര്‍വഹിക്കണം. എന്നാല്‍ തുടക്കത്തില്‍ തന്നെ നമ്മള്‍ വാതിലുകള്‍ കൊട്ടിയടച്ചാല്‍ എങ്ങനെ മാറ്റങ്ങള്‍ കൊണ്ടുവരാനാകും? നമ്മുടെ വോട്ടര്‍മാരുടെ ബോധത്തില്‍ നാം സംശയം പ്രകടിപ്പിക്കരുതെന്നാണ് എന്റെ അഭിപ്രായം.

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ മാത്രമേ അവര്‍ എതിര്‍ക്കുന്നുള്ളോയെന്ന് എനിക്ക് ചിലപ്പോള്‍ അത്ഭുതം തോന്നാറുണ്ട്. അല്ല! പ്രതിപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥത്തെ അക്ഷരത്തിലും ഉത്സാഹത്തിലും നാം കാണേണ്ടതുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നാല്‍ എതിര്‍പ്പ് ഉയര്‍ത്തേണ്ട പാര്‍ട്ടികളആണ്. ഡിജിറ്റല്‍ ഇടപാടുകള്‍ ഈ രാജ്യത്ത് സാദ്ധ്യമല്ലെന്ന് ഈ സഭയിലെ ചില പണ്ഡിതാംഗങ്ങള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എങ്ങനെയാണ് പാവപ്പെട്ടവര്‍ക്ക് ഡിജിറ്റലാകാന്‍ കഴിയുക? എങ്ങനെ അവര്‍ മൊബൈല്‍ ഫോണ്‍ പിടിക്കും? ഇവിടെ അങ്ങനെ നിരവധി പ്രസംഗങ്ങളുണ്ടായിരുന്നു. നമ്മള്‍ അതിനെ എതിര്‍ത്തു.

ചില അംഗങ്ങള്‍ ആധാറിനെ എതിര്‍ത്തു. നിങ്ങള്‍ അധികാരത്തിലായിരിക്കുമ്പോള്‍, ആധാര്‍ ഒരു വലിയ സംഭവമാണ്! ഞങ്ങള്‍ ആധാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പ്രശ്‌നമാണ്! അവര്‍ സുപ്രീംകോടതിയെ സമീപിച്ചുകൊണ്ട് ആധാറിനെ നിര്‍ത്താന്‍ ശ്രമിച്ചു. ഒരു നവ ഇന്ത്യയും ‘ആധുനിക ഇന്ത്യയുമായി മാറാന്‍ ആഗ്രഹിക്കുമ്പോള്‍ നമുക്ക് സാങ്കേതികവിദ്യയുമായി അകലംപാലിച്ച് നില്‍ക്കാനാകുമോ? സംരക്ഷണം എത് സാങ്കേതികവിദ്യയുടെ ആവശ്യകതയാണ്, എന്നാല്‍ നമുക്ക് ഈ കാര്യങ്ങളില്‍ നിന്ന് ഓടിയൊളിക്കാനാവില്ല.

ചരക്ക് സേവന നികുതി (ജി.എസ്.ടി), ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍, വി-മാപ്പ് തുടങ്ങി എല്ലാത്തിനെയും എതിര്‍ത്തിരുന്നു. എല്ലാത്തിലും നിഷേധാത്മകത! കഴിഞ്ഞ അഞ്ചുവര്‍ഷം രാജ്യസഭയില്‍ ഗവണ്‍മെന്റിന് തടസങ്ങള്‍ സൃഷ്ടിച്ച എല്ലാ പാര്‍ട്ടികളേയും വോട്ടര്‍മാര്‍ ശിക്ഷിച്ചു. ഇന്നു വോട്ടര്‍മാര്‍ രാജ്യസഭയിലെ എല്ലാ നടപടിക്രമങ്ങളും നിരീക്ഷിക്കുന്നുണ്ട്. വോട്ട് ചെയ്യുമ്പോള്‍ രാജ്യസഭയിലേയും ലോക്‌സഭയിലേയും പാര്‍ട്ടികളുടെ സ്വഭാവം അവര്‍ മനസില്‍ സൂക്ഷിക്കും. ഈ തെരഞ്ഞെടുപ്പില്‍ ഇത് നീരീക്ഷിച്ചതാണ്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് പഠിക്കേണ്ട ഒരു പാഠമാണിത്.

നവ ഇന്തയെ എതിര്‍ക്കുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തി. എന്താണ് കാര്യം? നിങ്ങളുടെ അഞ്ചു പോയിന്റുകള്‍ ശരിയാണെന്നും ബാക്കിയെല്ലാം തെറ്റാണെന്നും നിങ്ങള്‍ ഞങ്ങളോട് പറയുന്നു.

ചിലര്‍ പറയുന്നു നവ ഇന്ത്യ എന്ന ആശയം ഇന്ത്യയുടെ വികസനത്തിന് വേണ്ടിയാണെന്നും എന്നാല്‍ അമേരിക്കയോ മറ്റേതെങ്കിലും രാജ്യങ്ങളോ ഇതൊന്നും ചെയ്യുന്നില്ലെന്നും അതിനാല്‍ നമ്മളും ചെയ്യരുതെന്നാണു ചിലര്‍ പറയുന്നത്. അതുകൊണ്ട് നമ്മള്‍ അതൊന്നും ചെയ്യാന്‍ പാടില്ല. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നുവെന്നത് ഉപേക്ഷിക്കുക. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിന് 5000 വര്‍ഷത്തെ പഴക്കമുണ്ട്. മഹത്തായ പാരമ്പര്യവും മൂല്യങ്ങളുമുള്ള ജനങ്ങളാണ് നമ്മള്‍. മറ്റുള്ളവര്‍ എന്തുചെയ്യുന്നുവെന്നത് കളയുക. ലോകത്തിന് നമുക്ക് ഒരു മാതൃക രൂപീകരിക്കേണ്ടതുണ്ട്.

എന്തുകൊണ്ട് 125 കോടി ജനങ്ങള്‍ക്ക് വലുതായി സ്വപ്നം കണ്ടുകൂടാ? 10 പോയിന്റുകള്‍ ശരിയല്ല, കുറഞ്ഞപക്ഷം അഞ്ചു പോയിന്റുകള്‍ ശരിയാണെന്നു പറയാന്‍ നമുക്ക് കഴിയുന്നു. ആ അഞ്ചിലേക്ക് നമുക്ക് ഒരു പരിശ്രമം നടത്താം. നമ്മുടെ രാജ്യത്തെ ജനങ്ങളെ ആശയറ്റവരാക്കുന്ന തെറ്റ് നമുക്ക് ചെയ്യാതിരിക്കാം. അത് നമുക്ക് മാറ്റാം. എന്നാല്‍ നമുക്ക് പഴയ ഇന്ത്യ മതിയെന്നു തുറന്നുപറയാന്‍ കഴിയുമോ? മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഒരു പത്രസമ്മേളനത്തില്‍ കീറിക്കളയുന്ന പഴയ ഇന്ത്യയാണോ നമുക്ക് വേണ്ടത്? ഇന്ത്യന്‍ നാവികസേനയെ വിനോദയാത്രയ്ക്ക് ഉപയോഗിച്ചിരുന്ന പഴയ ഇന്ത്യന്നയാണോ നമുക്ക് വേണ്ടത്? നാവികസേന, കരസേന, വ്യേമസേന എിവയിലെ അഴിമതികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൊണ്ട് തളര്‍ന്ന, അല്ലെങ്കില്‍ ടുക്കേഡ-ടുക്കേഡഗ്യാംഗിനെ പിന്തുണയ്ക്കുന്ന പഴയ ഇന്ത്യയാണോ വേണ്ടത്? നമുക്ക് ആ ഇന്ത്യയാണോ വേണ്ടത്?

റെയില്‍വേ റിസര്‍വേഷനു വേണ്ടി മണിക്കൂറുകളോളം വരിനില്‍ക്കേണ്ടിവരുന്ന പഴയ ഇന്ത്യയാണോ, അതോ ഇടത്തരക്കാറില്ലാതെ റിസര്‍വേഷന്‍ സാദ്ധ്യമല്ലാത്ത ഇന്ത്യയാണോ നാം ആഗ്രഹിക്കുന്നത്. എം.പിമാരുടെ വീടുകള്‍ക്ക് മുില്‍ പാചകവാത കണക്ഷിന് വേണ്ടി വരിനില്‍ക്കുന്ന, അല്ലെങ്കില്‍ മാസങ്ങളോളം പാസ്‌പോര്‍ട്ടിന് വേണ്ടി കാത്തുനില്‍ക്കുന്ന പഴയ ഇന്ത്യയാണോ നാം ആഗ്രഹിക്കുന്നത്? ഇന്‍സ്‌പെക്ടര്‍ രാജുള്ള പഴയ ഇന്ത്യയോ, അല്ലെങ്കില്‍ പ്യൂ, ഡ്രൈവര്‍മാര്‍, വാച്ചമാന്‍ എന്നീ തസ്തികളിലേക്ക് അഭിമുഖപരീക്ഷനടത്തുകയും അതിന്റെ പേരില്‍ അഴിമതി നടത്തുകയും ചെയ്യുന്ന ഇന്ത്യയാണോ നാം ആഗ്രഹിക്കുന്നത്? രാജ്യത്തെ ജനങ്ങള്‍ക്ക് പഴയകാലത്തേക്കു തിരിച്ചുപോകാന്‍ ആഗ്രഹമില്ല. അവരുടെ സ്വപ്നങ്ങള്‍ക്കായി അവര്‍ നവ ഇന്ത്യയ്ക്കായി കാത്തിരിക്കുകയാണ്. ഓരോ പൗരന്റെയും ഈ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി മൂര്‍ത്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

മുമ്പ്, വിളക്കുതെളിക്കുക, റിബണ്‍ മുറിക്കുക പദ്ധതികള്‍ പ്രഖ്യാപിക്കുക എന്നിവയായിരുന്നു ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളായി കരുതിയിരുന്നത്.

മുമ്പും പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. യു.പി.എ. ഗവണ്‍മെന്റിന്റെ കാലത്ത് വീടുകള്‍ നിര്‍മിക്കാതിരുന്നിട്ടുണ്ടോ? അവര്‍ നിര്‍മിച്ചിട്ടുണ്ട്. ഞങ്ങളും നിര്‍മിച്ചു. എന്താണ് പുതിയതായി സംഭവിച്ചത് എന്ന് നിങ്ങള്‍ ചോദിക്കും. പുതിയ സ്ഥിതി എന്താണെന്നു വച്ചാല്‍- നിങ്ങള്‍ അഞ്ച് വര്‍ഷംകൊണ്ട് 25 ലക്ഷം വീടുകള്‍ നിര്‍മിച്ച സ്ഥാനത്ത് ഞങ്ങള്‍ അഞ്ച് വര്‍ഷംകൊണ്ട് ഒന്നരക്കോടി വീടുകള്‍ നിര്‍മിച്ചു. അതായത്, ഗവണ്‍മെന്റ് സംവിധാനം ഞങ്ങള്‍ ലളിതമാക്കി. സ്വാതന്ത്ര്യത്തിനു നിരവധി വര്‍ഷങ്ങള്‍ക്കു ശേഷവും സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് പിഴവുകളും സ്വാധീനവും സമ്മര്‍ദവും തടസ്സം സൃഷ്ടിക്കുന്നു എന്നാണ് ഞങ്ങള്‍ക്ക് കാണാനായത്. ചിലയാളുകള്‍ വരുത്തിയ കുറവുകളും കുറ്റങ്ങളും സമ്മര്‍ദം കാരണം തെറ്റായ പാതയില്‍ സഞ്ചരിച്ചതും മൂലം ഗവണ്‍മെന്റിനു കുറച്ചു കാര്യങ്ങള്‍ ചെയ്യേണ്ടി വന്നു.

രാജ്യത്തിന്റെ ആരോഗ്യകരമായ വികസനത്തിന് ഗവണ്‍മെന്റ് കുറവുകളേക്കുറിച്ച് ചിന്തിക്കുകതന്നെ വേണം. പക്ഷേ, സ്വാധീനത്തിനും സമ്മര്‍ദത്തിനും കീഴില്‍ സാധാരണ ജനം ഞെരിയാന്‍ പാടില്ല. ഞങ്ങള്‍ അങ്ങനെയൊരു നയം സ്വീകരിക്കുകയും രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും ശാക്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അഞ്ച് വര്‍ഷം മുമ്പ് കോടിക്കണക്കിനു വീടുകളില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല; പാചകവാതകവും കക്കൂസുകളും ഉണ്ടായിരുന്നില്ല. അവര്‍ വലിയ പരിഷ്‌കരണത്തെക്കുറിച്ചു സംസാരിച്ചിരുന്നു. പക്ഷേ, രാജ്യത്ത് ചെറിയ പരിഷ്‌കരണങ്ങളുടെ മാറ്റങ്ങള്‍ മാത്രമാണ് ഉണ്ടായത്. ഞങ്ങള്‍ ചെറിയ കാര്യങ്ങളെക്കുറിച്ചു ലജ്ജിക്കുന്നില്ല. ഞങ്ങള്‍ അഹങ്കാരികളല്ല. സാധാരണക്കാരുള്ള ചെറിയ പ്രദേശത്തു നിന്നാണ് ഞങ്ങള്‍ വരുന്നത്. ആ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെ വലിയ ഫലങ്ങളുണ്ടാക്കാന്‍ കഴിയും. അതുകൊണ്ടാണ് ഞങ്ങള്‍ ഇതു ചെയ്യുന്നത്.

പ്രശസ്തിയും ബോധവല്‍ക്കരണ പ്രചാരണവും നേര്‍ക്കുനേര്‍
ശ്രീ. ആസാദ്, താങ്കള്‍ ആരോഗ്യ മന്ത്രിയായിരുന്ന ആളാണ്. ചിലപ്പോള്‍ നാം പ്രശസ്തിയും ബോധവല്‍ക്കരണ പ്രചാരണവും വെവ്വേറെ മനസ്സിലാക്കണം. പെരുമാറ്റത്തിലെ മാറ്റങ്ങളെക്കുറിച്ചു സംസാരിക്കുന്ന പരസ്യം ഗവണ്‍മെന്റിന്റെ പരസ്യമായി പരിഗണിക്കാനാകില്ല. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകണം എന്ന് കുട്ടികളോടു നിങ്ങള്‍ക്ക് പറയണമെങ്കില്‍ അതിന് നിങ്ങളൊരു പ്രചാരണ പരിപാടി സംഘടിപ്പിക്കണം. ചെലവുകള്‍ ഗവണ്‍മെന്റ് വഹിച്ചാലും അതൊരു ഗവണ്‍മെന്റ് പരസ്യമല്ല. നിങ്ങള്‍ ആരോഗ്യമന്ത്രിയായിരിക്കുമ്പോള്‍ ഒരു പകര്‍ച്ചവ്യാധി പൊട്ടുപ്പുറപ്പെട്ടാല്‍ പകര്‍ച്ചവ്യാധിക്കാലത്ത് തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളു എന്ന് ജനങ്ങളോടു നിങ്ങള്‍ ആവശ്യപ്പെടും. ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ യെ പരസ്യമെന്ന് വിളിക്കുന്നുവെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല.

എംജിഎന്‍ആര്‍ഇജിഎയുടെ പേരില്‍ ആളുകള്‍ ഒരിടത്തു നിന്ന് മണ്ണെടുത്ത് മറ്റൊരിടത്തേക്ക് ഇടുന്നത് കാണുന്നത് ശരിക്കും വേദനാജനകമാണ്. പെരുമാറ്റത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയല്ലെങ്കിലും എംജിഎന്‍ആര്‍ഇജിഎയെ കുറിച്ചു മൂന്നു വര്‍ഷം പരസ്യം ചെയ്തു. അതും പോരാഞ്ഞ് ഒരു നേതാവിനെ സ്ഥാപിച്ചെടുക്കാന്‍ ഗവണ്‍മെന്റ് ചെലവില്‍ പരസ്യം നല്‍കി. രാജ്യം അതു മറക്കില്ല. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകാന്‍ ആവശ്യപ്പെടുന്നത് സ്വഭാവ മാറ്റമാണ്. പ്രശസ്തിയും ബോധവല്‍ക്കരണ പരിപാടിയും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കണം. അല്ലെങ്കില്‍ എങ്ങനെയാണ് രാജ്യത്ത് പരിവര്‍ത്തനമുണ്ടാവുക?

രോഗപ്രതിരോധത്തിന് മുന്‍ഗണന നല്‍കലും സുരക്ഷിത മാതൃത്വവും
ആയുഷ്മാന്‍ ഭാരത് യോജനക്ക് എതിരെയും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തില്‍ ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും എം.പിമാര്‍ എന്നെ അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അവരുടെ മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്ക് സഹായം ചോദിച്ച് അവര്‍ എനിക്ക് എഴുതിയപ്പോഴൊക്കെ ഞാന്‍ പറഞ്ഞത് പാവപ്പെട്ടരുടെ കാര്യത്തില്‍ ചട്ടങ്ങളുടെ പുസ്തകം നോക്കരുതെന്നാണ്. നൂറു ശതമാനം സഹായം അവര്‍ക്കു നല്‍കുകതന്നെ വേണം. ഇതിനു വേണ്ടി മിക്കവാറും എല്ലാ പാര്‍ട്ടികളുടെയും എംപിമാര്‍ എന്റെയടുത്ത് വരാറുണ്ട്.

തങ്ങളുടെ മണ്ഡലത്തിലെ പാവപ്പെട്ടവരെ സഹായിക്കാന്‍വേണ്ടി പ്രധാനമന്ത്രിക്ക് എഴുതുന്ന എംപിമാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജനയുടെ ശക്തി അറിയാം. ഇപ്പോള്‍ എംപിമാര്‍ പ്രധാനമന്ത്രിക്ക് അത്തരം കത്ത് എഴുതുന്നില്ല. കാരണം, പാവങ്ങള്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജനയുടെ നേട്ടം ലഭിക്കുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പോകേണ്ട ആവശ്യം വരില്ല. ഇതൊരു വലിയ മാറ്റമാണ്. ഇതുവരെ 30 ലക്ഷം പേര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജനയുടെ നേട്ടം ലഭിച്ചു.

നാം പൊതുജന പ്രതിനിധികളാണ്. നാം ജനങ്ങളെ കാണുന്നവരാണ്. എന്തെങ്കിലും നിഷേധാത്മക കാര്യമോ കുറവോ ഞാന്‍ അറിയാതെ പോയാല്‍ അതെന്റെ ശ്രദ്ധയില്‍പ്പെടുത്തണം എന്ന് ഞാന്‍ ആളുകളോടു പറയാറുണ്ട്; നമുക്കൊന്നിച്ച് അത് പരിഹരിക്കാം. ആയുഷ്മാന്‍ ഭാരത് യോജന ശക്തമായി കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ അത് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ശരിയായ അര്‍ത്ഥത്തില്‍ സഹായകമാകും. നവ മധ്യവര്‍ഗത്തിലേക്കു നീങ്ങുന്ന ഒരു പാവപ്പെട്ടയാളുടെ ഇരുപത് വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുക്കാന്‍ ഒരു രോഗത്തിനു കഴിയും. ഇതൊരു മനുഷ്യത്വമുള്ള പദ്ധതിയാണ്. അതുകൊണ്ട് ആയുഷ്മാന്‍ ഭാരത് യോജനയെ വിമര്‍ശിക്കുന്നത് ദയവായി നിര്‍ത്തണം.

നാം ഇവിടെ ബിഹാറിലെ മസ്തിഷ്‌കജ്വരത്തെക്കുറിച്ചു ചര്‍ച്ച ചെയ്തു. അത് നമുക്ക് എല്ലാവര്‍ക്കും ലജ്ജാകരവും വേദനിപ്പിക്കുന്നതുമായ കാര്യമാണ്. ഒരു സമൂഹം എന്ന നിലയില്‍, ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ കഴിഞ്ഞ ഏഴ് ദശാബ്ദക്കാലം നാം സാക്ഷ്യം വഹിച്ചത് എന്ത് പരാജയങ്ങളാണെങ്കിലും ഇത് വലിയ പരാജയങ്ങളിലൊന്നാണ് എന്ന് ഞാന്‍ സമ്മതിക്കുന്നു. കിഴക്കന്‍ യുപിയില്‍ കാര്യങ്ങള്‍ കുറേയൊക്കെ ശരിയായതായി കാണുന്നുണ്ടെങ്കിലും ഞാനത് ഒരു അവകാശവാദമായി ഉന്നയിക്കുന്നില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നാം ആഗോള രോഗപ്രതിരോധത്തിലും സുരക്ഷിത മാതൃത്വത്തിലുമാണ് ഊന്നല്‍ കൊടുത്തത്. ഈ വേദനാജനകമായ സാഹചര്യത്തില്‍ ഞാന്‍ സംസ്ഥാന ഗവണ്‍മെന്റുമായി ഉറച്ച ബന്ധത്തിലായിരുന്നു. ഞാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ സംസ്ഥാനത്തേക്ക് അയച്ചു. കേന്ദ്രവത്തിനും സംസ്ഥാനത്തിനും അതുകൊണ്ട് പ്രശ്നം നേരത്തേ തന്നെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. പോഷകാഹാരമാകട്ടെ, സുരക്ഷിത മാതൃത്വമാകട്ടെ, ആയുഷ്മാന്‍ ഭാരത് യോജനയുടെ നേട്ടമാകട്ടെ, നാം കൂടുതല്‍ പ്രചാരണം നല്‍കുമ്പോള്‍ പ്രതിസന്ധി ഒഴിവാക്കാന്‍ നാം കൂടുതല്‍ പ്രാപ്തരാകും. ഇപ്പോള്‍ ഒരു സംസ്ഥാനത്തുണ്ടായ രോഗം നാളെ മറ്റു ചില സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിച്ചേക്കാം. നാം നല്ല നിലയ്ക്കു പ്രവര്‍ത്തിച്ചാല്‍ നമുക്ക് ആളുകളെ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും.

വികസനം കാംക്ഷിക്കുന്ന ജില്ലകളിലെ വികസനത്തിന്‍മേലുള്ള സമ്മര്‍ദം
എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമല്ല. നമ്മുടെ രാജ്യത്തെ ചില മേഖലകള്‍ വികസനകാര്യത്തില്‍ പിന്നിലാണ്. നാം വികസം കാംക്ഷിക്കുന്ന 112 ജില്ലകള്‍ കണ്ടെത്തി. രാഷ്ട്രീയ ശാഠ്യങ്ങള്‍ കാരണം ചില സംസ്ഥാനങ്ങള്‍ അതിനോട് ആശങ്ക പ്രകടിപ്പിച്ചു. ഇതിലെവിടെയാണ് രാഷ്ട്രീയമെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഞാന്‍ ഗുജറാത്തിലായിരിക്കുമ്പോള്‍ ആരെയെങ്കിലും കച്ചിലേക്ക് സ്ഥലംമാറ്റിയാല്‍ അത് ശിക്ഷയാണെന്ന പ്രതിഷേധം മാറ്റപ്പെടുന്നയാള്‍ പ്രകടിപ്പിക്കുമായിരുന്നു. ഉദ്യോഗസ്ഥരാരും അവിടേക്ക് പോകില്ലായിരുന്നു. കച്ച് ഇന്ന് രാജ്യത്തെ അതിവേഗം വികസിക്കുന്ന ജില്ലകളിലൊന്നാണ്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും അത്തരം ഒന്നോ രണ്ടോ ജില്ലകള്‍ ഉണ്ട്. ആ മനശ്ശാസ്ത്രം മാറ്റാന്‍ യുവ ഉദ്യോഗസ്ഥരെ അങ്ങോട്ട് അയയ്ക്കണം. ഞാന്‍ സംസ്ഥാനങ്ങളുമായി സംസാരിച്ചു. യുവ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ഈ 112 ജില്ലകളിലും ദിനംപ്രതി മേല്‍നോട്ടം നടത്തുകയും ചെയ്തു. ചില കാര്യങ്ങള്‍ മെച്ചപ്പെട്ടു. ഏതൊക്കെ ജില്ലകളാണോ പിന്നിലായിപ്പോകുന്നത് എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം പദ്ധതി അവരുടെ ആത്മവിശ്വാസത്തിന്റെ തലം ഉയര്‍ത്തുകയും അവരെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഉന്മേഷം നല്‍കുകയും വേണം.

കഴിഞ്ഞ അഞ്ചു വര്‍ഷം ഞങ്ങള്‍ വടക്കു കിഴക്കന്‍ മേഖലയ്ക്ക് ഊന്നല്‍ നല്‍കി. ഒരു പരിസ്ഥിതി സൃഷ്ടിച്ചു. നമുക്കത് കൂടുതലായി ഊന്നണം. രാഷ്ട്രത്തിനും എനിക്കും വടക്കു കിഴക്കന്‍ മേഖല വളരെ പ്രധാനപ്പെട്ട പ്രദേശമാണ്. അതുകൊണ്ട് കഴിഞ്ഞ അഞ്ചു വര്‍ഷം മന്ത്രിമാര്‍ അവിടെ പോവുക നിര്‍ബന്ധമായിരുന്നു.

സംസ്ഥാനതലസ്ഥാനത്തു മാത്രമല്ല മറ്റേതെങ്കിലും ജില്ലയില്‍ക്കൂടി ഒരു രാത്രി താമസിക്കണമെന്ന് അവരോടു നിര്‍ദേശിച്ചിരുന്നു. ‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം’ എന്നാല്‍ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങള്‍ക്കും ഭൂമിശാസ്ത്രപരമായ വികസനം ഉണ്ടാകണം എന്നതായിരുന്നു അതിനു പിന്നിലെ എന്റെ ആശയം.

അടുത്ത അഞ്ചു വര്‍ഷംകൊണ്ടു ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും
ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഞങ്ങള്‍ കഠിനാധ്വാനത്തിലായിരുന്നു. വന്‍തോതില്‍ അതിന്റെ ഫലവും കണ്ടു. പക്ഷേ, ചെയ്തു കഴിഞ്ഞതിലേറെ ഇനി ചെയ്യാനുണ്ട്. നാം ഭാഗ്യമുള്ളവരാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. രാഷ്ട്രീയമാകട്ടെ, സാമൂഹികമാകട്ടെ, വ്യാവസായികമാവട്ടെ വിദ്യാഭ്യാസപരമോ മറ്റെന്തുമോ ആകട്ടെ, രാജ്യത്തെ മുഴുവന്‍ പൗരന്മാരും അഭിലാഷങ്ങളോടെയാണ് ജീവിക്കുന്നത്. മനുഷ്യര്‍ അഭിലാഷങ്ങള്‍ ഉള്ളവരാകുമ്പോള്‍ നേട്ടങ്ങള്‍ക്ക് ഗതിവേഗം വര്‍ധിക്കുകയും വികസനപ്രക്രിയ വേഗത്തിലായി മാറുകയും ചെയ്യും. ഇവയാണ് ഭാഗ്യവേളകള്‍. സാധാരണക്കാരുടെ അഭിലാഷങ്ങള്‍ക്കനുസരിച്ച് എല്ലാ തീരുമാനങ്ങളും എടുക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

കക്കൂസുകളും ശുചിത്വ സംവിധാനങ്ങളും പോലുള്ളവയുടെ കാര്യത്തില്‍ വര്‍ധിച്ച തോതിലുള്ള നിഷേധാത്മകതയും എതിര്‍പ്പും പരിഹാസ്യമാണ്. ഇന്ത്യയില്‍ നിര്‍മിക്കൂന്ന പദ്ധതിയുടെ കാര്യത്തില്‍ പോലും നിഷേധാത്മക നിലപാടുകള്‍ രാജ്യം കണ്ടിരിക്കുന്നു. വിദേശത്തു പോകുന്നതുപോലെ ഈ കാര്യങ്ങളിലും നാം അഭ്യര്‍ത്ഥനകള്‍ നടത്തേണ്ടിവരുന്നു.

രാജ്യസഭയില്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷമില്ലെന്നു ഞങ്ങള്‍ക്കറിയാം. അതിന്റെ പേരില്‍ ഇന്ത്യയിലെ ജനങ്ങള്‍ എടുത്ത തീരുമാനത്തെ ഞങ്ങളൊരിക്കലും ദൂര്‍വ്യാഖ്യാനം ചെയ്യില്ല.

ആദരണീയനായ അധ്യക്ഷന്‍, കഴിഞ്ഞ അഞ്ചു വര്‍ഷവും ഞങ്ങളിത് സഹിച്ചു. ലോക്സഭയില്‍ പരിപൂര്‍ണ ഭൂരിപക്ഷം നല്‍കിക്കൊണ്ട് ജനങ്ങള്‍ അവരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഞങ്ങളെ ഏല്‍പ്പിക്കുകയാണ് ചെയ്തത്.

അതുകൊണ്ട് ആദരണീയനായ അധ്യക്ഷന്‍, ഞങ്ങള്‍ സംരക്ഷണം വേണം. ഞങ്ങള്‍ സഹായം സ്വീകരിക്കണം എന്നാണ് രാജ്യസഭയുടെ ഫെഡറല്‍ ഘടന പോലും നിര്‍ദേശിക്കുന്നത്. ആയതിനാല്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ നീതിപുലര്‍ത്തണം എന്നാണ് എന്റെ അഭ്യര്‍ത്ഥന.

അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയിലേക്ക് മാറുന്നതിലെ പ്രതീക്ഷകളോടെ നാം പുതിയ ഇന്ത്യയുടെ സ്വപ്നങ്ങളിലേക്ക് മുന്നേറുകയാണ്.

2014 വരെ ഇന്ത്യയുടേതു രണ്ടു ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടന ആയിരുന്നു. ഇന്ന് അത് 2.80 ലക്ഷം കോടിയുടേതായി മാറിയിരിക്കുന്നു. അതായത്, സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ക്കു ശേഷവും അത് രണ്ടു ലക്ഷം കോടിയില്‍ നിന്നെങ്കില്‍ അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയായി. പകുതികൂടി അഞ്ച് വര്‍ഷംകൊണ്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചാല്‍ അതിനടുത്ത അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാനാകുക തന്നെ ചെയ്യും. രണ്ടാമതായി, രാജ്യത്തിന്റെ സമ്പദ്ഘടനയെ അഞ്ച് ലക്ഷം കോടി ഡോളറിന്റേതാക്കി മാറ്റുക എന്ന ലക്ഷ്യം പോലും ഇല്ലാതിരുന്നത് എന്തുകൊണ്ടാണ് എന്ന് ചോദ്യം പോലും നമ്മുടെ മുന്നില്‍ ഇല്ലായിരുന്നു. പക്ഷേ, അതിനേക്കുറിച്ച് ചിന്തിക്കുന്നതിനു പകരം അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയാക്കി മാറ്റുന്നതിനു കൂട്ടായി പ്രവര്‍ത്തിക്കുന്നതിനേക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്.

എവിടെയൊക്കെ നമുക്ക് സംസ്ഥാന ഗവണ്‍മെന്റുകളുണ്ടോ സമ്പദ്ഘടന മെച്ചപ്പെടുത്താന്‍ നാം കഠിനാധ്വാനം ചെയ്തേ പറ്റുകയുള്ളു. നിങ്ങളുടെ സംസ്ഥാന ഗവണ്‍മെന്റുള്ളിടത്ത് നിങ്ങള്‍ അത് ചെയ്യൂ. കഠിന ശ്രമത്തിലൂടെ ഇന്ത്യ വേഗംതന്നെ അഞ്ച് ലക്ഷം കോടി ഡോളര്‍ ക്ലബ്ബില്‍പ്പെടും. എല്ലാവരും അതീവ ആഹ്ലാദത്തിലാകും! അതുകൊണ്ട് പ്രസാദാത്മകമായി ചിന്തിക്കൂ. ഞങ്ങള്‍ നിങ്ങളെ കേള്‍ക്കാനും നി്ങ്ങളുടെ ആശയങ്ങള്‍ സ്വീകരിക്കാനും തയാറാണ്. നിങ്ങളില്‍നിന്നു പഠിക്കാനും ഞങ്ങള്‍ തയാറാണ്, എന്തുകൊണ്ടെന്നാല്‍ നമുക്ക് രാജ്യത്തെ മുന്നോട്ടു കൊണ്ടുപോവുകയും അതിന്റെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും വേണം. അതുകൊണ്ട് ഈ ആശയങ്ങള്‍ക്കൊപ്പം മുന്നോട്ടുപോകണമെന്ന് ഞാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നു.

ചില വിഷയങ്ങള്‍ കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ആള്‍ക്കൂട്ട കൊലയുടെയും ആള്‍ക്കൂട്ട അക്രമങ്ങളുടെയും കേന്ദ്രമായി ഝാര്‍ഖണ്ഡ് മാറിയെന്ന് ഈ സഭയില്‍ പറയുകയുണ്ടായി.

ആദരണീയനായ അധ്യക്ഷന്‍,

യുവാക്കള്‍ കൊല്ലപ്പെടുന്നതില്‍ നാമെല്ലാവരും ആഴത്തില്‍ ദുഖിതരാണ്. കുറ്റവാളികള്‍ക്ക് കഠിന ശിക്ഷതന്നെ നല്‍കണം. പക്ഷേ, ഝാര്‍ഖണ്ഡിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയാണോ? അങ്ങനെയാണെങ്കില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആരെയും അവിടെ കണ്ടെത്താന്‍ കഴിയാതെ വരും. മനുഷ്യാധമന്മാരെ നിര്‍ബന്ധമായും ഒറ്റപ്പെടുത്തുകയും നിയമപരമായി കൈകാര്യം ചെയ്യുകയും വേണം. നമുക്ക് എല്ലാവരെയും കുറ്റപ്പെടുത്തി രാഷ്ട്രീയം കളിക്കാന്‍ സാധിക്കുമെങ്കിലും അതുകൊണ്ട് സാഹചര്യം മാറില്ല. ആയതിനാല്‍ ഝാര്‍ഖണ്ഡിനെ ആക്ഷേപിക്കാന്‍ നമുക്കാര്‍ക്കും അവകാശമില്ല.

ഒരു കുറ്റകൃത്യം സംഭവിച്ചുകഴിഞ്ഞാല്‍ നീതി ഉയര്‍ത്തിപ്പിടിക്കുന്നതിന് ഭരണഘടനയും നിയമവും സംവിധാനങ്ങളും പ്രാപ്തമാണ്.

നല്ല ഭീകരപ്രവര്‍ത്തനവും മോശം ഭീകരപ്രവര്‍ത്തനവും തമ്മിലുള്ള വ്യത്യാസം ലോകത്തിന് ഭയങ്കരമായ ക്ഷതമേല്‍പ്പിച്ചിട്ടുണ്ട്. അക്രമങ്ങളുടെ കാര്യത്തില്‍, അത് ഝാര്‍ഖണ്ഡിലാകട്ടെ, പശ്ചിമ ബംഗാളിലോ കേരളത്തിലോ ആകട്ടെ, ഒരൊറ്റ സമവാക്യം മാത്രമേ പാടുള്ളു. അപ്പോള്‍ മാത്രമാണ് അക്രമങ്ങള്‍ നിര്‍ത്താനും അക്രമങ്ങളുടെ കാരണക്കാരെ പാഠം പഠിപ്പിക്കാനും നമുക്ക് സാധിക്കുക.

ഈ ഒരു ദിശയില്‍ രാഷ്ട്രത്തിനൊരു കരാറുണ്ടായിരിക്കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനേക്കുറിച്ചു ചിന്തിക്കുകയും അവരുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കുകയും വേണം. രാഷ്ടീയ നേട്ടത്തിനു ശ്രമിക്കാന്‍ മറ്റു നിരവധി മേഖലകളുണ്ട്. നമുക്ക് അവ ഉപയോഗിക്കാം. നമ്മുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് നമ്മുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതേസമയംതന്നെ, മാനുഷിക പരിഗണനകളിലൂടെ മുന്നോട്ടു നീങ്ങുക എന്നതും നമ്മുടെ ഉത്തരവാദിത്തമാണ്. നമുക്കത് അതു നിഷേധിക്കാനാകില്ല. ഒരേ വികാരത്തില്‍ നമുക്കു മുന്നേറാം.

എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം എന്ന മന്ത്രത്തിലാണ് നാം തുടങ്ങിയത്; എന്നാല്‍ അഞ്ചു വര്‍ഷത്തെ സുസ്ഥിര സമര്‍പ്പണത്തോടെ ജനങ്ങള്‍ മറ്റൊന്നു കൂടി അതിനൊപ്പം ചേര്‍ത്തു – അതാണ് ‘എല്ലാവരുടെയും വിശ്വാസം’.
പക്ഷേ, നമ്മുടെ ആസാദ് സാഹിബിന് വ്യക്തമായി കാണാന്‍ കഴിയുന്നില്ല. രാഷ്ട്രീയത്തിന്റെ ലെന്‍സില്‍ക്കൂടി നോക്കുമ്പോള്‍ കാര്യങ്ങളെല്ലാം എല്ലായ്പ്പോഴും മങ്ങിയതായിരിക്കും. രാഷ്ട്രീയ ലെന്‍സ് ഒഴിവാക്കി കാര്യങ്ങള്‍ നാം നോക്കാന്‍ തുടങ്ങിയാല്‍ ശോഭനമായ ഒരു ഭാവി കാണാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നിരവധി പ്രസംഗങ്ങള്‍ ഇവിടെ നടന്നു. ചിലപ്പോള്‍ പത്രങ്ങള്‍ ആ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ചത്തെ സമ്മേളന വേളയില്‍ ഞാന്‍ ചില കാര്യങ്ങളിലെ എന്റെ രോഷം പ്രകടിപ്പിച്ചു. കാര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഞങ്ങളുടെ സ്ഥാനാര്‍ഥികളായി മാറിയെന്നും ജയത്തെ അതു സഹായിച്ചെന്നുമുള്ള നിരവധി പരാതികളും കുറ്റാരോപണങ്ങളും ഞങ്ങള്‍ക്കു കിട്ടി. അത് ചില പാര്‍ട്ടികളുടെ ചരിത്രമാണ്. ഇതൊരു വ്യക്തിഗത രാഷ്ട്രീയമാണ്. ബാബാ സാഹെബ് അംബേദ്കറെ തോല്‍പ്പിക്കാന്‍ കൂടിയാണ് അവര്‍ ശ്രമിക്കുന്നത്. അതുകൊണ്ട്, പ്രസംഗിക്കുന്നതിനു മുമ്പ് അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം.

എന്തു കാര്യവും എല്ലാ കാര്യവും പറയാന്‍ സാധിക്കുന്ന വിധം പൊതുജീവിതത്തില്‍ അത്രയ്ക്കു മഹാന്‍മാരൊന്നുമല്ല നാം. ഇത് ഞാന്‍ എന്റെ പാര്‍ട്ടി അംഗങ്ങളോടും പറയാറുണ്ട്. ആരെയും എന്തും പറയാന്‍ നമുക്കൊരു അവകാശവുമില്ല. നാം നമ്മുടെ പരിധിക്കുള്ളില്‍ നില്‍ക്കുകയും പൊതുജീവിതത്തിന്റെ ചട്ടങ്ങള്‍ പാലിക്കുകയും വേണം. അവര്‍ ഏതു പാര്‍ട്ടിയില്‍ നിന്നുള്ളവരായാലും അതുതന്നെയാണു കാര്യം. അങ്ങനെയൊന്നും ചെയ്യുന്നത് ശരിയല്ലെന്ന് ഞാന്‍ എന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രത്യേകമായി പറയാന്‍ ആഗ്രഹിക്കുന്നു.

അസമില്‍ ഒത്തുതീര്‍പ്പിന് രാജീവ് ഗാന്ധി ഗവണ്‍മെന്റ് എന്‍.ആര്‍.സി. സ്വീകരിച്ചിരുന്നു. പിന്നീട് സുപ്രീംകോടതി അതില്‍ ഇടപെടുകയും സുപ്രീം കോടി നിര്‍ദേശപ്രകാരം ഞങ്ങള്‍ അത് നടപ്പാക്കുകയുമായിരുന്നു.ഒത്തുതീര്‍പ്പുകാര്‍ക്ക് യശസ്സ്! നിങ്ങള്‍ക്ക് വോട്ടുകള്‍ ശേഖരിക്കുകയും യശസ്സെടുക്കുകയും കൂടി ചെയ്യാം. എന്നിട്ട് നിങ്ങള്‍ എല്ലാവരോടും പാതിസത്യം മാത്രം പറയുന്നു. ഇത് ചെയ്യാന്‍ പറ്റില്ല. ചില കാര്യങ്ങളെങ്കിലും നിങ്ങള്‍ വ്യക്തമായി പറയണം. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് ആ കാലത്തെടുത്ത തീരുമാനം നടപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വോട്ടുബാങ്ക് രാഷ്ട്രീയമല്ല. ഇത് രാജ്യത്തിന്റെ ഐക്യത്തിന്റെയും ആര്‍ജ്ജവത്തിന്റെയും ശോഭനമായ ഭാവിയുടെയും ചോദ്യമാണ്. നാം അത് നിര്‍വഹിക്കും!

സര്‍ദാര്‍ സാഹിബിനെ കുറിച്ച് ഇവിടെ പരാമര്‍ശിക്കപ്പെട്ടു. എനിക്ക് സന്തോഷം തോന്നി. കോണ്‍ഗ്രസ്സില്‍ നിന്നുള്ളവര്‍ യോജിക്കുകയില്ലെങ്കിലും ഞങ്ങള്‍ എപ്പോഴും വിശ്വസിക്കുന്നത് സര്‍ദാര്‍ സാഹിബ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ കശ്മീര്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല എന്നാണ്. സര്‍ദാര്‍ സാഹിബ് ആദ്യ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ രാജ്യത്തെ ഗ്രാമങ്ങള്‍ ഒരു പ്രശ്‌നവും നേരിടുകയില്ലായിരുന്നുവെന്ന് ഞങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നു. രാജ്യത്തിന് തന്നെ വ്യത്യസ്തമായൊരു പ്രതിഛായ ആയിരിക്കും ഇന്ന് ഉണ്ടാവുക. ഇത് ഞങ്ങളുടെ ആശയമാണ്, അത് തെറ്റാകാം പക്ഷേ കോണ്‍ഗ്രസ് നിയോഗിച്ച രാജ്യത്തെ ആദ്യ ആഭ്യന്തരമന്ത്രിയായ സര്‍ദാര്‍ സാഹിബ് 500ലധികം നാട്ടു രാജ്യങ്ങളെ സംയോജിപ്പിച്ചുവെന്നതില്‍ രണ്ട് അഭിപ്രായമുണ്ടാകില്ല. തന്റെ ജീവിതത്തിലുടനീളം അദ്ദേഹം കോണ്‍ഗ്രസിനായി ജീവിക്കുകയും പൊരുതുകയും ചെയ്തു. അദ്ദേഹം ജീവന്‍ വെടിഞ്ഞതും കോണ്‍ഗ്രസിനായിട്ടാണ്.

ഗുജറാത്തിലെ തിരഞ്ഞെടുപ്പുകളില്‍ സര്‍ദാര്‍ സാഹിബിനെ പോസ്റ്ററുകളില്‍ കാണാമെങ്കിലും ദേശീയ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ എങ്ങും കാണാനാവില്ല. അദ്ദേഹം നിങ്ങളുടെ പാര്‍ട്ടിയിലുള്ള ഒരാളാണ്. അദ്ദേഹവുമായി എന്ത് പ്രശ്‌നമാണ് നിങ്ങള്‍ക്കുള്ളത്? പക്ഷെ ഇന്നു കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് കുറഞ്ഞ പക്ഷം നിങ്ങള്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഏകതാ പ്രതിമയുടെ അടുത്തേക്ക് പോയി സര്‍ദാര്‍ സാഹിബിന് പ്രണാമം അര്‍പ്പിക്കണം. ഗുലാംനബിജി ഏതാനും ദിവസം ഗുജറാത്തില്‍ ചെലവിടണമെന്ന് എനിക്ക് താല്‍പ്പര്യമുണ്ട്.

പഴയ നിയമങ്ങള്‍ ഇവിടെ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നുു എന്നതിനെ കുറിച്ച് വളരെ രസകരമായൊരു കഥ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. ഒരു വിമാനത്താവളമോ അണേെക്കട്ടാ ഉണ്ടെങ്കില്‍ അവിടെ ‘ഫോട്ടോഗ്രാഫി അനുവദിക്കില്ല’ എന്ന ബോര്‍ഡ് കാണാം. വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു ഇരു ചക്രവാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രം ബഹിരാകാശത്തുനിന്ന് എടുക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഇന്നു നമുക്കുണ്ട്. പക്ഷേ പഴയ നിയമങ്ങള്‍ ഇന്നും തുടരുകയാണ്. ദിഗ്വിജയ സിംഗ്ജി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സര്‍ദാര്‍ സരോവര്‍ അണക്കെട്ട് കരകവിഞ്ഞപ്പോള്‍ ജനങ്ങളെ അവിടെ പോകാന്‍ അനുവദിച്ചില്ല. ഞാന്‍ മുഖ്യമന്ത്രി ആയപ്പോള്‍ ഈ നിയമം മാറ്റാന്‍ അവരോട് ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് വന്നു ഫോേട്ടാ എടുക്കാമായിരുന്നു. പിന്നീട് ജനങ്ങള്‍ക്കായി ഒരു നല്ല പാര്‍ക്കിംഗ് സ്ഥലം ഉണ്ടാക്കുന്നതിനായി പ്രവേശന ഫീസ് ഏര്‍പ്പെടുത്തി. സന്ദര്‍ശകരുടെ എണ്ണത്തില്‍ അഞ്ച് ലക്ഷം പൂര്‍ത്തീകരിച്ച വ്യക്തിയെ പിന്നീട് ആദരിച്ചു. അത് ബാരാമുള്ളയില്‍ നിന്നുള്ള നവ ദമ്പതികളായിരുന്നു. അവരെ ഞങ്ങള്‍ ആദരിച്ചു. നോക്കൂ, എങ്ങനെയാണ് കാര്യങ്ങള്‍ മാറിയത്? അതുകൊണ്ടാണ് ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ഒരു യോഗം എപ്പോഴെങ്കിലും ഏകതാ പ്രതിമയില്‍ വച്ച് നടത്താം. നിങ്ങള്‍ക്ക് നല്ല സുഖം തോന്നും. നമ്മുടെ ദേശീയ നേതാക്കളെ നാം പ്രണമിക്കണം. ഞങ്ങള്‍ അത് തുടരുക തന്നെ ചെയ്യും.

ജലസംരക്ഷണത്തില്‍ നിന്നു ജലവൈദ്യുതി :

അടുത്തിടെ ഞാന്‍ ജല സര്‍വേ നടത്തി. ഏകദേശം 226 ജില്ലകള്‍ ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നു. ഞാന്‍ എല്ലാവരെയും ഒരുമിച്ച് കൂട്ടുകയാണ്. ജലസംരക്ഷണത്തില്‍ മാറ്റം വരുത്താന്‍ നിങ്ങള്‍ക്ക് സഹായിക്കാനാകും. എം.പിമാരുടെ പ്രാദേശിക വികസന നിധിയില്‍ ജലത്തിന് നമുക്ക് എങ്ങനെ മുന്‍ഗണന നല്‍കാനാവും? ആ പ്രവൃത്തികള്‍ക്ക് എങ്ങനെ പണം ലഭ്യമാക്കാനാവും? നമുക്ക് ഈ പ്രശ്‌നത്തില്‍നിന്നു രാജ്യത്തെ മുക്തമാക്കാം. ജലവുമായും അതിന്റെ സംരക്ഷണവുമായും ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് നമുക്ക് സമൂഹത്തില്‍ അവബോധമുണ്ടാക്കാം. അതിനാലാണ് ജല സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ ജല ശക്തി മന്ത്രാലയം എന്ന പേരില്‍ ഒരു പുതിയ മന്ത്രാലയം രൂപീകരിച്ചത്.

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, നമുക്ക് രാജ്യത്തെ ഒരു അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്ഘടനയാക്കി മാറ്റേണ്ടതുണ്ട്. ബാങ്കറപ്റ്റ്‌സി നിയമത്തെ കുറിച്ച് ഇവിടെ ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. നിയമം വഴി മൂന്നു ലക്ഷം കോടി രൂപ നമ്മുടെ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നതാണ് പലായനം ചെയ്ത സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെയുള്ള നിയമം, പാപ്പരത്ത നിയമം എന്നിവയുടെ പ്രഭാവം. ഈ പരിസ്ഥിതിയില്‍ സകാരാത്മകമായവയെ കാണുകയും അതിന് പരിഹാരത്തിനായി ശ്രമിക്കുകയും വേണം. നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഈ ഉദ്യമങ്ങള്‍ക്ക് വേഗത്തില്‍ ഫലം കാണാനാകുമെന്നു വിശ്വസിക്കുന്നു. സഹകരണ ഫെഡറലിസത്തെ കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്തതാണ്. ഞാന്‍ വിശ്വസിക്കുന്നത് നമ്മുടെ ഭരണഘടന നിര്‍മ്മിച്ചവര്‍ ദീര്‍ഘദൃഷ്ടിയോടെയാണ് ഈ രേഖ തയ്യാറാക്കിയത് എന്നാണ്. അതിനാല്‍ രാജ്യത്തെ ഒരുമിപ്പിച്ചുകൊണ്ട് നമുക്ക് മുന്നേറാന്‍ കഴിയും.

സഹകരണ മത്സരാധിഷ്ഠിത ഫെഡറലിസം – സംസ്ഥാനങ്ങള്‍ക്കിടയില്‍ മത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. ദേശീയ താല്‍പര്യങ്ങളും പ്രാദേശിക താല്‍പര്യങ്ങളും (എന്‍.എ.ആര്‍.ഐ) എന്ന മന്ത്രവുമായി നമുക്ക് മുന്നേറണം. അഭിപ്രായ ഐക്യമുള്ള അത്തരം വിഷയങ്ങള്‍ ഉണ്ടാവില്ലേ എന്നതാണ് ചോദ്യം. അങ്ങനെ സംഭവിച്ചുകൂടേ? നമുക്ക് എല്ലാം യോജിക്കാവുന്ന വിഷയങ്ങളുടെ ഒരു പരിസ്ഥിതി നമുക്ക് സൃഷ്ടിച്ചുകൂടേ?

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികവും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവും അത്തരത്തിലൊരു അവസരമാണ്. ഈ പരിപാടികളില്‍ നമുക്ക് കൈകോര്‍ത്തുകൂടേ? ഫെഡറല്‍ ഘടനയുടെ ഒരു ഭാഗമല്ലേ രാജ്യസഭയും? നാം ഒരു സ്വതന്ത്ര യൂണിറ്റാണോ? അല്ല! നാം ഒരേ സംവിധാനത്തിന്റെ ഭാഗമാണ്. ലോക്‌സഭ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടതാണ്.

ഞങ്ങള്‍ക്ക് വേണ്ടത്ര അംഗസംഖ്യ ഇവിടെയില്ല എന്നതുകൊണ്ട് നിങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുമോ? ഞങ്ങളെ കളിയാക്കുന്നതു വഴി നിങ്ങള്‍ക്ക് ഉണ്ടാകുന്ന സന്തോഷം ഞാന്‍ മനസിലാക്കുന്നു. പക്ഷേ രാജ്യത്തിന്റെ കാര്യമോ? ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയല്ല, ഞാന്‍ ഒരു വിശകലനം നടത്തുക മാത്രമാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുമ്പ് നിരവധി പ്രവൃത്തികള്‍ ഞങ്ങള്‍ നിര്‍ത്തിവച്ചു. രാജ്യസഭയില്‍ പാസ്സാക്കാന്‍ കഴിയാത്തതു മൂലം റദ്ദായ ബില്ലുകള്‍ ലോകസഭയില്‍ അവതരിപ്പിക്കും. ഒരിക്കല്‍ കൂടി ഈ പ്രക്രിയ നടത്തുന്നത് ഒട്ടേറെ ചെലവു വരുത്തിവെക്കും. നികുതിദായകരുടെ പണം അതിലേ്ക്കു പോവുകയും പാര്‍ലമെന്റിന്റെ ഒട്ടേറെ സമയം പാഴാവുകയും ചെയ്യും. നമ്മുടെ രാജ്യസഭയ്ക്കും ബില്ലുകള്‍ പാസ്സാക്കാം. ആരോഗ്യപരമായ ഫെഡറല്‍ ഘടനയുടെ ഭാഗമാകയാല്‍ ഫെഡറല്‍ സംവിധാനത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടു മുന്നേറേണ്ടതു രാജ്യസഭയുടെ ഉത്തരവാദിത്തം കൂടിയാണ്.

നിങ്ങള്‍ക്കു ഞങ്ങളോട് യോജിക്കുകയോ യോജിക്കാതിരിക്കുകയോ ചെയ്യാം, അതു നിങ്ങളുടെ ഇഷ്ടം. പക്ഷേ, നമ്മുടെ മുന്‍ രാഷ്ട്രപതി പ്രണബ് ദായോട് നാമെല്ലാം യോജിക്കണം. ഞാന്‍ യോജിക്കുന്നു, നിങ്ങളെല്ലാവരും യോജിക്കണം. പ്രണബ്ദാ വളരെ സുപ്രധാനമായ ഒരു കാര്യം പറഞ്ഞിട്ടുണ്ട്: ‘ഭൂരിപക്ഷത്തിന് കിട്ടിയ ജനവിധി ഭരിക്കാനും, ന്യൂനപക്ഷത്തിന് കിട്ടിയ ജനവിധ എതിര്‍ക്കാനുമുള്ളതാണ്’ എന്നതാണത്. ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. മുന്‍ രാഷ്ട്രപതി ഇങ്ങനെയും കൂടി പറഞ്ഞു. – ‘തടയാനുള്ള ജനവിധി ആര്‍ക്കുമില്ല’. ഇതേ മന്ത്രവുമായി മുറേണമെന്നു ഞാന്‍ വിശ്വസിക്കുന്നു. എങ്കില്‍ മാത്രമേ ഫെഡറല്‍ സംവിധാനം അതിന്റെ ശരിയായ അര്‍ഥത്തില്‍ പ്രവര്‍ത്തിക്കൂ. രാജ്യസഭ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യമുള്ള സഭയാണ്. സംസ്ഥാനങ്ങളുടെ അഭിലാഷങ്ങളാണ് നിങ്ങളിലൂടെ പ്രകടമാകുന്നത്. നിങ്ങളുടെ സംസ്ഥാനങ്ങളുടെ ക്ഷേമത്തിനായി നിങ്ങളുടെ കക്ഷികളില്‍നിന്ന് ഉയര്‍ന്നു നിങ്ങള്‍ നിങ്ങളുടെ ശബ്ദം ഉയര്‍ത്തണം.

ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഒരേ സമയം എല്ലാ സംസ്ഥാനങ്ങള്‍ക്കും എല്ലാം കൊടുക്കുക ബുദ്ധിമുട്ടാണ്. ചില സംസ്ഥാനങ്ങള്‍ക്ക് നേരത്തേ ലഭിക്കും, ചില സംസ്ഥാനങ്ങള്‍ക്ക് പിന്നീടാകും. മറ്റ് ചില സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചില്ലെന്നുവരാം. ഇത് സംഭവിക്കുന്നു, മുന്‍പും സംഭവിച്ചിട്ടുണ്ട്. സഭയില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെന്നുള്ളതുകൊണ്ട് സഭാനടപടികള്‍ തടസപ്പെടുത്തുന്നത് ശരിയാണോ? കഴിഞ്ഞ സഭാ സമ്മേളനം സമാപിച്ചപ്പോള്‍ നമുക്ക് എന്തെങ്കിലും ചെയ്യണമെന്ന് ആനന്ദ്ജിയും ഗുലാം നബിജിയും എന്നോട് പറഞ്ഞതാണ്. ചില സംസ്ഥാനങ്ങളുടെ കാര്യമാണ്. ചില സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രശ്‌നങ്ങള്‍ ഉണ്ടെന്നതു നേരാണ്; പക്ഷേ എം.പിമാര്‍ സഭാ നടപടികള്‍ തടസപ്പെടുത്തുന്നത് ശരിയല്ല.

സഭ നടത്തികൊണ്ടുപോകേണ്ടതും, രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടതും നാം ഒരുമിച്ചാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികവും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവും പ്രചോദനത്തിന്റ കേന്ദ്രമാണെന്നു ഞാന്‍ കരുതുന്നു. നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് നേതൃത്വം ഏറ്റെടുക്കാനും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ മുന്നോട്ടുവരാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്യാവുന്ന അവസരമാണത്. ജനങ്ങളില്‍ ഉത്തരവാദിത്തത്തിന്റെയും ചുമതലയുടെയും മനോഭാവം ഉണര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയും. അങ്ങനെ എന്തെങ്കിലും ത്യജിക്കാന്‍ അവരെ സദ്ധരാക്കാം. ഭക്ഷണത്തിന് മുമ്പ് കൈകഴുകണമെന്ന് സ്‌കൂള്‍ കുട്ടികളെ പഠിപ്പിക്കാന്‍ നമുക്കു കഴിയും. ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് നമുക്ക് ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. എന്റെ ജീവിതത്തില്‍ എന്തെങ്കിലും പുതുതായി ചെയ്യാന്‍ ഞാന്‍ തീരുമാനിക്കും. ഞാനൊരു ചെറിയ കുട്ടിയാണ് പക്ഷേ ഭക്ഷണം പാഴാക്കില്ല എന്നതരത്തിലുള്ള പ്രതിജ്ഞയും ചിലര്‍ക്ക് എടുക്കാനാവും.

നമ്മുടെ ഭൂമാതാവിന്റെ ആരോഗ്യത്തിനായി 10% കുറവ് യൂറിയ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നു നമ്മുടെ കര്‍ഷകര്‍ക്ക് തീരുമാനിക്കാം. 1942-1947 കാലഘട്ടം നോക്കൂ. ഇത്തരം ചെറിയ കാര്യങ്ങളില്‍ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കി ഗാന്ധിജി ഏവരെയും മാറ്റി. നമുക്ക് പുതുതായി ഒന്നും ചെയ്യേണ്ടതില്ല. ഗാന്ധിജിയുടെ മാതൃകയുമായി മുന്നേറിയാല്‍ മതി. രാജ്യത്തിനായി എന്തെങ്കിലും ചെയ്യാന്‍ നമുക്ക് തീരുമാനിക്കാം. ഉത്തരവാദിത്ത മനോഭാവം നമുക്ക് ഉണര്‍ത്തിയെടുക്കേണ്ടതുണ്ട്. ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് നമുക്ക് ഓരോരുത്തര്‍ക്കും ഒരു വ്യത്യസ്ത മാതൃക ഉണ്ടാക്കാം. പക്ഷേ പഴയ സമ്പ്രദായത്തില്‍ രാഷ്ട്രത്തെ നിലനിര്‍ത്താനാവില്ല. സ്വപ്നങ്ങളിലെ ഒരു നവ ഇന്ത്യയെ യുവാക്കള്‍ നിര്‍മ്മിക്കണം.

ചര്‍ച്ചയിലെ മികച്ച ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ ക്ഷേമത്തിനായി ചില ചുവടുകള്‍ വയ്ക്കാന്‍ നമുക്ക് കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദിപറയുന്നു. ആദരണീയനായ രാഷ്ട്രപതിക്ക് അദ്ദേഹത്തിന്റെ പ്രസംഗത്തിന് നന്ദി പറയുകയും നിങ്ങള്‍ക്കെല്ലാം നന്ദി പറയുകയും ചെയ്തുകൊണ്ട് ഞാന്‍ എന്റെ പ്രസംഗം നിറുത്തുു.
ഒട്ടേറെ നന്ദി !

*******