Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജമ്മുവിലെയും കശ്മീരിലെയും ലഡാക്കിലെയും ധീരരും ഉല്‍പതിഷ്ണുക്കളുമായ സഹോദരീ സഹോദരന്‍മാരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു


നാഴികക്കല്ലായ, ജമ്മു-കശ്മീരിനെ സംബന്ധിച്ച ബില്ലുകള്‍ പാസായത് പാര്‍ലമെന്ററി ജനാധിപത്യത്തിലെ അതിപ്രധാന മൂഹൂര്‍ത്തമെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ബില്ലുകള്‍ പാസാക്കപ്പെട്ടതിനെ സ്വാഗതം ചെയ്തു.

ഒന്നിലേറെ ട്വീറ്റുകളില്‍ നാം ഒരുമിച്ച് ഉണരുമെന്നും 130 കോടി ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
അദ്ദേഹം പറഞ്ഞു: ‘ധീരതയ്ക്കും ഉല്‍പതിഷ്ണുതയ്ക്കും ജമ്മുവിലെയും കശ്മീരിലെയും ലഡാക്കിലെയും സഹോദരീ സഹോദരന്‍മാരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.’

പ്രധാനമന്ത്രി തുടര്‍ന്നു വ്യക്തമാക്കി: ‘വൈകാരിക ചൂഷണത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന സ്ഥാപിത താല്‍പര്യക്കാരുടെ സംഘങ്ങള്‍ ജനങ്ങളെ ശാക്തീകരിക്കാന്‍ വര്‍ഷങ്ങളായി ഒരിക്കലും ശ്രമിച്ചില്ല.

അത്തരക്കാരുടെ വിലങ്ങുകളില്‍നിന്നു ജമ്മു-കശ്മീര്‍ മുക്തമായിരിക്കുകയാണ്. പുതിയ പ്രഭാതം, ഭേദപ്പെട്ട നാളെ കാത്തിരിക്കുന്നു!’

നരേന്ദ്ര മോദി പറഞ്ഞു: ‘ജമ്മുവിനെയും കശ്മീരിനെയും ലഡാക്കിനെയും സംബന്ധിച്ച ബില്ലുകള്‍ ഏകീകരണവും ശാക്തീകരണവും ഉറപ്പാക്കും. ഈ ചുവടുകള്‍ യുവാക്കളെ മുഖ്യധാരയിലേക്കു കൊണ്ടുവരികയും തങ്ങളുടെ നൈപുണ്യവും പ്രതിഭയും പ്രകടിപ്പിക്കാന്‍ അവര്‍ക്ക് അസംഖ്യം അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും’.

ലഡാക്കിലെ ജനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ‘കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെടുകയെന്ന അവരുടെ ദീര്‍ഘകാലത്തെ ആവശ്യം യാഥാര്‍ഥ്യമാക്കപ്പെട്ടു എന്നതു വളരെയധികം സന്തോഷം പകരുന്ന കാര്യമാണ്. ഈ തീരുമാനം മേഖലയുടെ സര്‍വതോന്മുഖമായ പുരോഗതിക്ക് ഊര്‍ജം പകരുകയും കൂടുതല്‍ വികസന സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും’, അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി പറഞ്ഞു: ‘ഇന്ത്യയുടെ ഐക്യത്തിനായി യത്‌നിച്ച മഹാനായ സര്‍ദാര്‍ പട്ടേലിനും തന്റെ കാഴ്ചപ്പാടുകളാല്‍ അറിയപ്പെടുന്ന ഡോ. ബാബാ സാഹേബ് അംബേദ്കറിനും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി തന്റെ ജീവിതം സമര്‍പ്പിച്ച ഡോ. എസ്.പി.മുഖര്‍ജിക്കുമുള്ള അനുയോജ്യമായ ആദരാഞ്ജലിയാണ് ജമ്മുവിനെയും കശ്മീരിനെയും ലഡാക്കിനെയും സംബന്ധിച്ച ബില്ലുകള്‍.’

അദ്ദേഹം വെളിപ്പെടുത്തി: ‘പാര്‍ലമെന്റില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവസരത്തിനൊത്ത് ഉയരുകയും പ്രത്യയശാസ്ത്രപരമായ ഭിന്നതകള്‍ മാറ്റിവെച്ചു നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അഭിമാനം ഉയര്‍ത്തുംവിധം സമ്പന്നമായ സംവാദത്തില്‍ പങ്കെടുക്കുകയും ചെയ്തു. അതിനു ഞാന്‍ എല്ലാ എം.പിമാരെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും അവയുടെ നേതാക്കളെയും അഭിനന്ദിക്കുന്നു.’

ഒരു പ്രത്യേക ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു: ‘ഈ പ്രദേശങ്ങളുടെ ഭാവിയെക്കുറിച്ചും ഈ പ്രദേശങ്ങളില്‍ ശാന്തിയും പുരോഗതിയും ഉറപ്പാക്കേണ്ടതിനെക്കുറിച്ചും അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ചുകൊണ്ട് ചര്‍ച്ച ചെയ്യാന്‍ എം.പിമാര്‍ തയ്യാറായി എന്നതില്‍ ജമ്മുവിലെയും കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് അഭിമാനിക്കാം. അനുകൂലിച്ചവര്‍ വളരെയധികമായിരുന്നു എന്നതു ബില്ലിനു ലഭിച്ച പിന്‍തുണയില്‍നിന്നു വ്യക്തമാകും. രാജ്യസഭയില്‍ 125:61 എന്നതും ലോക്‌സഭയില്‍ 370:70 എന്നതുമായിരുന്നു വോട്ടിങ് നില.’

അദ്ദേഹം വ്യക്തമാക്കി: ‘സഭാ നടപടികള്‍ വളരെയധികം മെച്ചപ്പെട്ട നിലയില്‍ നടത്തിയ രാജ്യസഭാ ചെയര്‍മാന്‍ എം.വെങ്കയ്യ നായിഡുവും സ്പീക്കര്‍ ഓം ബിര്‍ല കോട ജിയും രാജ്യത്തിന്റെയാകെ അഭിനന്ദനം അര്‍ഹിക്കുന്നു.’

ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ‘നമ്മുടെ ആഭ്യന്തര മന്ത്രി അമിത് ഷാ ജി ജമ്മുവിലെയും കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്കു മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നതിനായി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ ബില്ലുകള്‍ പാസാക്കപ്പെട്ടതില്‍ അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ചുറുചുറുക്കും തെളിഞ്ഞുകാണാം. അമിത് ഭായിയെ പ്രത്യേകം അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു!’

*******